കേരളത്തെയും കേരളീയരെയും സംബന്ധിച്ചിടത്തോളം ‘ഓണം’ വിദൂരഭൂതകാലത്തിലെ എന്നപോലെ തന്നെ വർത്തമാനകാലത്തിലെയും സന്നാഹബഹുലമായ ഒരാഘോഷമാകുന്നു. ഗതകാല പ്രതാപത്തിന്റെയും ജീവിതനന്മകളുടെ സുവർണകാലത്തിന്റെയും ഗൃഹാതുരസ്മരണകൂടിയാണ് ഓണം. നാടിന്റെയും നാട്ടാരുടെയും ആത്മാവിനെ നേരിട്ട് സ്പർശിച്ച് ആശ്ലേഷിച്ച് നിൽക്കുന്ന ഓണനാളുകൾ ലോകത്തെമ്പാടുമുള്ള മലയാളികളുടെ ജീവിതക്രമത്തിലെ ഒരനുഭവ സത്യമാകുന്നു. ഏതൊരു ചടുലമായ യാന്ത്രികസംസ്കാര ജീവിതത്തിനും അതീതമായി നിൽക്കുന്ന സൗമ്യവും ഉത്സാഹഭരിതവും ഊഷ്മളവും ആനന്ദദായകവുമായ വാർഷികാനുഭവം.
ആവർത്തന സ്വഭാവമുള്ളതാണെങ്കിലും ആഹ്ലാദാനുഭവ സത്യം സിരകളിൽ പ്രസരിപ്പിച്ച് നവ്യാനുഭൂതികൾ നൽകുന്ന ഒട്ടേറെ ആഘോഷങ്ങൾ കേരളീയർക്കുണ്ട്. എങ്കിലും ഓണാനുഭവം തികച്ചും വേറിട്ട് നിൽക്കുന്ന ഒന്നാണ്. അതിന്റെ വേരുകൾ തേടിപ്പോകുമ്പോൾ നൂറ്റാണ്ടുകൾക്കപ്പുറത്ത് മനുഷ്യാശ്ലേഷിയായ ഒരു രാഷ്ട്രീയ സിദ്ധാന്തത്തെ നാം കണ്ടെത്തുന്നു. ലോകത്തിലാദ്യമായി ‘മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കണം’ എന്ന് വിളംബരം ചെയ്ത സ്ഥിതി സമത്വസിദ്ധാന്തം. കാഴ്ചവട്ടത്തിന്റെ വ്യാസം കുറഞ്ഞ് ദർശനം സൂക്ഷ്മമാവുമ്പോൾ ആ സിദ്ധാന്തമാവിഷ്കരിച്ച ‘മാവേലി’ എന്ന മന്നരാജനെ നാ കണ്ടെത്തുന്നു. കേരളീയർ ഇപ്പോൾ ആഘോഷിച്ച് വരുന്ന ഏഴ് ദിവസത്തെ ഓണം ഏർപ്പെടുത്തിയ മഹാശയനാണ് മാവേലി.
പതിനഞ്ചാം നൂറ്റാണ്ടിലോ പതിനാറാം നൂറ്റാണ്ടിലോ തൃക്കാക്കരയിലോ അതിന് സീപത്തോ ജീവിച്ചിരുന്നവനും മേറ്റ്ന്തെനെക്കാളും ജനങ്ങളെ സ്നേഹിച്ചവനുമായ ഒരു കവിയുണ്ട്. കേരളീയ കവികളുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത കേരളീയ കവി- ശങ്കരകവി. സകല മലയാളികൾക്കും അറിയാവുന്ന ഒരേയൊരു കവിത രചിച്ചവനാണെങ്കിലും തീർത്തും അജ്ഞാതനായിപ്പോയ പ്രതിഭാശാലി. ആ മനുഷ്യസ്നേഹിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയിൽ നിന്നും ഉയിർകൊണ്ട സങ്കൽപത്തിലെ മാതൃകാ ഭരണകർത്താവാണോ മാവേലി മന്നൻ? ആ സങ്കൽപത്തിലെ മാതൃകാനാടാണോ മാവേലിനാട്? ചരിത്രശക്തിയുടെ പിൻബലത്തിനു വേണ്ടിയാണോ.
കേരളയൂഴിക്കുടയവരാകിയ
കേരള മന്നവൻ മന്നരാജൻ
എന്ന വരച്ച് കാട്ടിയത്? അതെന്തായാലും കേരള മനവനും മന്നരാജനുമാണ് ‘മാവേലി’യെന്ന് ‘മാവേലിചരിത’ കർത്താവായ ശങ്കരകവി തീർത്തും പറയുന്നു. സങ്കൽപത്തിലെ ഭരണകർത്താവായാലും അതല്ല യഥാർഥ ചരിത്രപുരുഷനായാലും ഇന്നേവരെ നമുക്കറിയാൻ കഴിഞ്ഞിട്ടുള്ള ലോകചരിത്രത്തിൽ മേറ്റ്വിടെയും കാണാൻ കഴിയാത്ത അതുല്യനായ ഭരണാധികാരിയാണ് ‘തൃക്കാക്കര മാവേലി.’ പുരാണപുരുഷനായ മഹാബലിക്ക് ഇദ്ദേഹവുമായി യാതൊരു ബന്ധവുമില്ല. മാവേലി കേരളത്തിൽ ഏർപ്പെടുത്തിയ ഓണവുമായി മഹാബലിക്കും ബന്ധമില്ല.
മുന്നൂറ്റി അറുപതിലധികം വരികളുള്ള ഒരു കൃതിയാണ് “മാവേലി ചരിതം’ അല്ലെങ്കിൽ ‘മാവേലിപ്പാട്ട’. അവയിൽ എൺപതോളം വരികൾ മാതൃകാനാടായ മാവേലി നാടിന്റെ വർണനയാണ്. ആ എൺപതു വരികളിൽ അവിടവിടെ നിന്നും ഇല്ല, ഇല്ല, ഇല്ല എന്നാവർത്തിച്ച് വരുന്ന വരികൾ തിരഞ്ഞെടുത്ത് ഇണക്കിച്ചേർത്തതാണ് ഇന്ന് നാം പാടിയാഘോഷിക്കാറുള്ള ‘മാവേലി നാട് വാണീടും കാലം’ ഓണപ്പാട്ട്. മുന്നൂറ്റി അറുപതിലധികം വരികളുണ്ടെങ്കിലും ഇപ്പോൾ ഇത്രയേ പ്രചാരത്തിലുള്ളു.
മാവേലി നാട് വാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധകളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ള പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
ദുഷ്ടരെക്കൺകൊണ്ട് കാണ്മാനില്ല
നിലവരല്ലാതെയില്ലപാരിൽ
മേൽകൊടുത്തിരിക്കുന്ന പന്ത്രണ്ട് വരികളിൽ ഒമ്പത്് ‘ഇല്ല’കളുണ്ട്. മാവേലിയുടെ ഭരണത്തിനു മുമ്പ് നാട്ടിൽ ഉണ്ടായിരുന്നതും മാവേലിയുടെ കാലത്ത് ഇല്ലാതായതുമായ സംഗതികളാണവ.
‘മാവേലിയെ വീണ്ടെടുക്കുക’ എന്ന നിർദേശവാക്യത്തിന്റെ കൊടി നാട്ടുമ്പോൾ ആരിൽ നിന്ന് എന്ന വ്യക്ത്യന്വേഷണ ചോദ്യവും എന്തിൽ നിന്ന് എന്ന കാര്യാന്വേഷണ പ്രശ്നവും ചിന്തകളെ തീക്ഷ്ണമാക്കുന്നവരിൽ നിന്ന് തെറിച്ചുയരുന്നത് സ്വാഭാവികം തന്നെ. ആശയങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ദർശനങ്ങളുടെയും അടിസ്ഥാനാന്തര സ്രോതസ് ചോദ്യങ്ങളും സംശയങ്ങളുമായതിനാൽ അവ ഉത്തരപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്. എന്നാൽ സാധാരണ ചോദ്യങ്ങളിൽ നിന്ന് വ്യത്യസ്തങ്ങളാണ് മാവേലിയെ സംബന്ധിച്ച ചോദ്യങ്ങളും ഉത്തരങ്ങളും.
അസുരചക്രവർത്തിയും ഒടുവിലത്തെ ദേവാസുരയുദ്ധത്തിൽ സ്വർഗം ജയിച്ച് ഇന്ദ്രപദവിനേടി പിന്നെ ത്രിലോക സാമ്രാജ്യം സ്ഥാപിച്ച് സത്യധർമാദികളിൽ നിന്ന് വ്യതിചലിക്കാതെ ഭരണം നടത്തിയ മഹാബലിയിൽ നിന്ന് എന്നതാണ് ആരിൽ നിന്ന്? എന്ന ചോദ്യത്തിന്റെ ഉത്തരം. ആഘോഷങ്ങൾ വഴിയും പാഠ്യപദ്ധതികൾ മുഖേനയും കാവ്യസാഹിത്യാദികളിലൂടെയും തെറ്റായി പഠിപ്പിക്കപ്പെട്ട ശ്രാവണപാഠങ്ങളിൽ നിന്ന് അല്ലെങ്കിൽ ഓണത്തെ സംബന്ധിച്ച നിലവിലുള്ള ഐതിഹ്യത്തിൽ നിന്ന് എന്നതാണ് രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം. ആര്/എന്ത് എന്നതിലെ കർതൃകർമബന്ധം ചോദ്യത്തിനും ഉത്തരത്തിനും പരഭാഗശോഭ നൽകുന്നു.
ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും ജിജ്ഞാസാതലങ്ങൾ വ്യാപ്തപ്പെടുമ്പോൾ അനുബന്ധങ്ങളായ നിവാരണ മാർഗങ്ങളുടെ കളങ്ങൾ നിറപ്പെട്ടുകാണുന്നുവെങ്കിൽ അത് സത്യത്തിലേക്കുള്ള നേരായ മാർഗങ്ങൾ തന്നെയാണ്. അതിനാൽ ഇവിടെ മഹാബലിയെ പ്രതിഷ്ഠിക്കുന്നു. ആ വിഗ്രഹത്തിൽ നിന്ന് മാവേലിയെ വീണ്ടെടുക്കാനുള്ള പ്രാഥമിക തലത്തിലേക്ക് ചുവടുകൾ വയ്ക്കുന്നു.
പുരാണങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന മഹാബലിയും ശങ്കരകവിയുടെ ‘മാവേലിചരിത’ത്തിൽ ഒതുങ്ങി നിൽക്കുന്ന മാവേലിയും വിദൂരകാലഘട്ടങ്ങളിൽ ഭരണം നടത്തിയിരുന്നവരാണ്. ഭൂമി, സ്വർഗം, പാതാളം എന്നിവ ഉൾപ്പെട്ടതും മഹാബലി സ്ഥാപിച്ചതുമായ ത്രിലോക സാമ്രാജ്യത്തിൽ അന്ന് കടലിന്നടിയിലായുരുന്ന കേരളം ഉൾപ്പെട്ടിരുന്നില്ല. മഹാബലിയുടെ പ്രതിയോഗിയായ വാമനനുശേഷം വന്ന പരശുരാമനാണ് കേരളത്തെ കടലിൽ നിന്നും ഉദ്ധരിച്ച് ജനവാസയോഗ്യമാക്കിത്തീർത്തത്. പരശുരാമക്ഷേത്രം, ഭാർഗവക്ഷേത്രം എന്നിങ്ങനെയുള്ള നമ്മുടെ കേരളോൽപത്തിപ്പഴമയും മറ്റൊന്നല്ല. ഈ വസ്തുത പുരാണങ്ങൾക്കെല്ലാം സമ്മതമായിതിനാൽ “പണ്ട് പണ്ട് മഹാബലി എന്ന അസുര ചക്രവർത്തി കേരളം ഭരിച്ചരുന്നു” എന്ന അസംബന്ധ കഥ എന്നേ അസാധുവാകേണ്ടതായിരുന്നു. കടൽ കയറിക്കിടന്ന ഒരു ഭൂവിഭാഗം മഹാബലി ഭരിക്കുന്നതെങ്ങനെയെന്ന ലളിതമായ ചോദ്യം ശരിയായ വെളിച്ചത്തിലേക്ക് നയിക്കും. എന്നാൽ കേരളീയരുടെ ആവണിയാഘോഷ ബോധത്തിൽ ഇവർ രണ്ട് പേരും ഒന്നായിരിക്കുകയാൽ ‘മാവേലി’ക്ക് വേറിട്ടൊരു അസ്തിത്വത്തിന്റെ നിലപാട് തറയില്ല. അതായത് ‘മനുഷരെല്ലാരുമൊന്നുപോലെ’ എന്ന് വിളംബരം ചെയ്ത തൃക്കാക്കര മാവേലി അസുര ചക്രവർത്തിയായ മഹാബലിയിൽ ലയിച്ച് പോയിരിക്കുന്നു. മാനുഷർ ഒന്നാണെന്ന സ്ഥിതി സമത്വസിദ്ധാന്തവും അത് പ്രയോഗിച്ച് ഫലപ്പെടുത്തി രൂപം കൊടുത്ത മാവേലിനാടും അനുബന്ധ തത്വങ്ങളും ദർശനങ്ങളും പ്രായോഗികഫലവും മാത്രമല്ല ഇവയൊക്കെ ആവിഷ്കരിച്ച് നടപ്പിലാക്കിയ പച്ചയായ മനുഷ്യന്റെ രൂപം പോലും അന്യാധീനമായിപ്പോയിരിക്കുന്നു. ലോകചരിത്രത്തിൽ തന്നെ അപൂർവമായ സമസ്യയാണിത്.
വാസ്തവത്തിൽ മഹാബലിയുടെ ഭരണം അവസാനിപ്പിച്ച് സ്വർഗത്തിന്റെ ആധിപത്യവും ഇന്ദ്രപദവിയും ദേവന്മാർക്ക് നേടിക്കൊടുക്കാൻ വന്ന വാമനന്റെ ജന്മനാൾ ആണ് തിരുവോണം. വാമനമൂർത്തി മഹാബലിയെ ജയിച്ച സംഗതിയെയാണ് അന്നത്തെ ലോകം ഉത്സവമായി കൊണ്ടാടാൻ തുടങ്ങിയ ‘ഓണം’. ഭാഗവത പ്രകാരം
വാമനമൂർത്തി തന്റെ
വിജയമഹോത്സവം
കേമമായാഘോഷിച്ചാർ
സമസ്ത ദിക്കിങ്കലും
എന്ന് രേഖയുള്ളത് കൊണ്ട് വാമനന്റെ വിജയമഹോത്സവമാണ് ഓണമെന്ന കാര്യത്തിൽ തർക്കം വരേണ്ടതില്ല. അത് ഗുജറാത്തിലെ നർമ്മദാ നദിക്കരയിലുള്ള ‘ഭൃഗുകച്ഛ’ (ബറൂച്)ത്തിൽ നിന്ന് തുടങ്ങി മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പരശുരാമൻ കേരളം വീണ്ടെടുത്ത് പഞ്ചനദത്തിൽ നിന്ന് ബ്രാഹ്മണരെക്കൊണ്ട് വന്ന് കുടിയിരുത്തിയപ്പോൾ അവരോട് നിർദേശിച്ച ആചാരവിശേഷങ്ങളിൽ വാമനജയന്തി എന്ന ഓണവും ഉൾപ്പെട്ടിരുന്നു. അങ്ങനെ കേരളത്തിലും ഓണാഘോഷമുണ്ടായി.
കാലാന്തരത്തിൽ കേരളം ഉൾപ്പെടെ സകല ദേശങ്ങളിലും ‘വാമനജയന്തി’ എന്ന നിലയിലുള്ള ഓണാഘോഷം നിലച്ചു. എന്നാൽ ഭരണാധികാരികൾക്കും ജനങ്ങൾക്കും ഓണത്തെക്കുറിച്ച് ഓർമകളുണ്ടായിരുന്നു. ശൈവ-വൈഷ്ണവ മത്സരങ്ങളിൽ ശൈവനായിരുന്ന തൃക്കാക്കര വാണ മാവേലി മന്നൻ തൃക്കാക്കര മഹാദേവന്റെ തിരുനാൾ എന്ന നിലയിൽ കേരളത്തിൽ വീണ്ടും ഓണം ഏർപ്പെടുത്തി. ശിവലിംഗം എഴുന്നള്ളിപ്പായിരുന്നു പ്രധാന ആഘോഷച്ചടങ്ങ്. ആദ്യം കൊട്ടാരപരിസരങ്ങളിലായിരുന്ന ആഘോഷം തൃക്കാക്കര മഹാദേവ സന്നിധിയിലാക്കുകയും തൃക്കാക്കര യാത്ര ജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്നറിഞ്ഞപ്പോൾ അവരവരുടെ വീടുകളിൽ വച്ചാഘാഷിച്ചാൽ മതിയെന്നും കൽപനയുണ്ടായി.
ശൈവ-വൈഷ്ണവ സ്പർദ്ധകൊണ്ടാവാം മാവേലിക്ക് അധികാരം നഷ്ടപ്പെട്ട് അജ്ഞാതകേന്ദ്രത്തിൽ പോകേണ്ടിവന്നു. പിന്നീട് ഭരണാധികാരിയായ വൈഷ്ണവനായ മാധവൻ മാവേലി ഏർപ്പെടുത്തിയ ഓണം നിരോധിച്ചു. ഇതറിഞ്ഞ മാവേലി ജനങ്ങൾക്ക് വേണ്ടി വാദിക്കാനെത്തി. വീണ്ടും ഓണം ഏർപ്പെടുത്താമെന്നും അടുത്ത ചിങ്ങമാസത്തിൽ തിരുവോണനാളിൽ അങ്ങ് വന്നു നോക്കണമെന്നും മാധവൻ അഭ്യർഥിച്ചു. മാവേലി അത് സമ്മതിച്ചു. ചിങ്ങമാസമാകാറായപ്പോൾ മാധവൻ ജനങ്ങളോട്-
ചിങ്ങമാസത്തിലെ തിരുവോണനാൾ
മാവേലി താനും വരുമിവിടെ
പണ്ടേതിനെക്കാൾ മോടിയോടെ
വേണ്ടുന്നതെല്ലാമൊരുക്കിടേണം
മാവേലി കൃത്യമായിത്തന്നെ വന്നു. ജനങ്ങളെല്ലാം ഓണം ആഘോഷിക്കുന്നതുകണ്ട് അദ്ദേഹം സംതൃപ്തനായി. മാവേലി മടങ്ങിപ്പോകാൻ നേരത്ത് കണ്ണീരൊഴുക്കി നിന്നവരോട് താൻ അടുത്ത തിരുവോണത്തിനും വരുമെന്ന് മാവേലി വാക്ക് കൊടുത്തു. ഇപ്രകാരമാണ് മാവേലിയുടെ തിരുവോണ വരവ് തുടങ്ങിയതെന്ന് ‘മാവേലിചരിത’ത്തിലൂടെ ശങ്കരകവി വിശദമായി പറയുന്നു.
പക്ഷേ ഇടയ്ക്ക് ഏതോ ഒരു കാലഘട്ടത്തിൽ ഏതൊ ബുദ്ധിശാലി മാവേലിയുടെ തിരുവോണവരവിനെ മഹാബലിയുടെ തിരുവോണവരവാക്കി മാറ്റി. പുരാണങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ലാത്ത ചവിട്ടിത്താഴ്ത്തൽ അസംബന്ധവും പ്രചരിപ്പിച്ചു. നല്ല നേരം നോക്കി മാറ്റി മറിച്ചതുകൊണ്ട് ഇന്നും മഹാബലി തന്നെ തിരുവോണ നാളിൽ പ്രജകളെ കാണാൻ വരുന്നു. ഇനിയും വൈരുധ്യം തുടരുന്നതു സാംസ്കാരിക കേരളത്തിനും ബൗദ്ധികകേരളത്തിനും യോജിച്ചതല്ല. അതിനാൽ മഹാബലിയിൽ നിന്ന് മാവേലിയെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. കാരണം നാളത്തെ ലോക തത്വശാസ്ത്രം “മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കണം” എന്നതായിരിക്കും.
http://janayugomonline.com/%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%86%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%93%E0%B4%A3-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%BE/