ആര്യ വേദത്തിലെ ക്രിസ്തു"
പരമ്പര--ഖണ്ഡം(1)
""""""""""""""""""""""""""""""""""""""""""""""""""
ഏതാണ്ട് കാൽ നൂറ്റാണ്ടു മുമ്പ് സജീവമായിരുന്ന വിഷയമാണ് ഇവിടെ പ്രതിപാദിക്കാൻ ഒരുങ്ങുന്നത്. ചില മത പ്രചാരകർ ഇപ്പോഴും ഈ വിഷയം ഉന്നയിക്കുന്നു എന്നതാണ് ഈ FB Post എഴുതാൻ പ്രേരിപ്പിച്ചത്. കാര്യങ്ങൾ വിശദമായി എഴുതുക ശ്രമകരമായതിനാൽ പരമാവധി ചുരുക്കിയിട്ടുണ്ട്.
ഭാരതീയ സാഹിത്യത്തിലെ കഥാപാത്രങ്ങളെയും ദേവതാ സങ്കല്പത്തെയും തത്വശാസ്ത്രങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കുന്ന പ്രവർത്തനം ഇംഗ്ലീഷ് ഭരണകാലത്തു കൊണ്ടുപിടിച്ചു നടന്നിരുന്നു.
കോഴഞ്ചേരി മാരാമൺ മണൽപ്പുറത്ത് സായ്പന്മാർ വന്ന് ഹിന്ദുക്കളെ ആക്ഷേപിച്ചു പ്രസംഗിച്ചതിൽ മനംനൊന്ത നാട്ടുകാരും സദാനന്ദ സ്വാമിയും കൂടി തുടങ്ങിയതാണ് ചെറുകോൽപ്പുഴ ഹിന്ദുമഹാ മണ്ഡലവും സമ്മേളനവും.
മാരാമണ്ണിലെ എട്ടു ദിവസത്തെ പ്രസംഗങ്ങൾക്ക് എട്ടു ദിവസങ്ങളിലായി മറുപടി പറയലായിരുന്നു ലക്ഷ്യം. ഇപ്പോൾ അതിൻറ്റെ രീതി മാറി.
അടുത്ത കാലത്തായി വേദങ്ങൾ, ഉപനിഷത്തുകൾ, ഇതിഹാസങ്ങൾ തുടങ്ങിയ ഭാരതീയ ധർമ്മ ഗ്രന്ഥങ്ങളുടെ മൂല്യം അറിഞ്ഞവർ അവയെ ബൈബിളുമായി കൂട്ടിക്കെട്ടാൻ പരിശ്രമിക്കുന്നു.
"പ്രാചീന കാലത്ത് ഭാരതത്തിലെ ഋഷിമാർ, പാപമോചകനായ ഒരു രക്ഷകൻ പിറക്കും എന്നു ജ്ഞാനദൃഷ്ടിയിൽ മനസ്സിലാക്കി ആ ദൈവ പുത്രൻറ്റെ വരവും പാർത്ത് അവനാൽ രക്ഷിക്കപ്പെടാനായി പാപ യാഗങ്ങൾ നടത്തി കാത്തിരുന്നു"
"കന്യകയുടെ പുത്രനായി പിറക്കുന്ന യേശുവിലായിരുന്നു അവരുടെ പ്രതീക്ഷ. ഈ രക്ഷകനെ സ്തുതിച്ചു കൊണ്ടു നടത്തിയ പ്രാർത്ഥനകളാണ് വേദങ്ങളും ഉപനിഷത്തുകളും മറ്റും?"
ഏകദേശം കാൽ നൂറ്റാണ്ടിലേറെയായി ഈ പ്രചരണം നടന്നു വരുന്നു. Christ In Ancient Vedas എന്നൊരു പുസ്തകമെഴുതി ജോസഫ് പടിഞ്ഞാറേക്കര എന്നയാൾ Canada Christian College ൽ നിന്നും Doctorate നേടി. റാന്നിക്കാരൻ കോശി ഏബ്രഹാം വലിയൊരു പുസ്തകം തന്നെ രചിച്ചു-- 'ആര്യ വേദാന്തത്തിലെ ക്രിസ്തു'
പോട്ട ധ്യാന കേന്ദ്രത്തിലെ പ്രസംഗകൻ അരവിന്ദാക്ഷ മേനോൻ, യേശുവിനെ വേദത്തിലെ പ്രജാപതിയായി ചിത്രീകരിച്ചു നടത്തിയ പ്രസംഗങ്ങളുടെ സി.ഡികൾ ലോകമെങ്ങും പ്രചരിക്കപ്പെട്ടു.
കൂടാതെ പ്രജാപതിയാഗം എന്ന ക്രൂശീകരണം, മുക്തിമാർഗ്ഗം, തമസോ മാ ജ്യോതിർഗമയ, ഹൈന്ദവ സുവിശേഷീകരണം, സാത്താന്യ ശക്തികൾ തുടങ്ങി നിരവധി പുസ്തകങ്ങളും ലഘുലേഖകളും പല കോണിൽ നിന്നും ഇറങ്ങി.
പെന്തക്കോസ്തൽ പ്രചാരകരും ഇവാൻജലിസ്റ്റുകളും കവല സുവിശേഷകരും എല്ലാം ഈ വിഷയം ആവേശത്തോടെ പ്രസംഗിക്കുകയും ലഘുലേഖകൾ ഇറക്കുകയും ചെയ്തു വന്നു.
ഏതാണ്ടു മൂന്നു പതിറ്റാണ്ടു കാലത്തെ പ്രചരണങ്ങൾ ഇപ്പോൾ അല്പം ഒതുങ്ങിയ മട്ടാണ്, എങ്കിലും വിശ്വാസികളെ, പ്രത്യേകിച്ചും മതം മാറ്റി എടുത്തവരെ ഉറപ്പിച്ചു നിർത്താൻ ഈ പ്രചരണം തുടരുന്നു.
എൻറ്റെ ഒരു പരിചയക്കാരൻ എഴുതിയ പുസ്തകമാണ് 'ഓം ഹരിഹര പുത്രായ നമ:' ഹരിഹര പുത്രൻ എന്നാൽ യേശു-- ഇതാണു പുസ്തകത്തിലെ പ്രതിപാദ്യം.
മാർതോമ്മാ വലിയ മെത്രാപ്പോലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഒരവസരത്തിൽ പെന്തക്കോസ്തൽ വാരികക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു
"ശബരിമലയിലും ഗുരുവായൂരിലും പ്രവർത്തിക്കുന്നതു യേശുക്രിസ്തു"
( മരുപ്പച്ച-- 5.2.1998)
ഇന്ന് എവിടെ ദൈവശക്തി പ്രകടമായി കാണുന്നുവോ അവിടെയെല്ലാം വിളങ്ങുന്നതു യേശുവാണ് എന്നു പറഞ്ഞതു സാധാരണക്കാരനല്ല, മത സൗഹൃദത്തിൻറ്റെ പ്രതീകം എന്ന് ആളുകൾ വാഴ്ത്തുന്ന മാർ ക്രിസോസ്റ്റമാണ് എന്ന കാര്യം ഓർക്കണം.
ഏതാണ്ട് ഈ കാലയളവിൽ മുൻ സൂചിപ്പിച്ച തരത്തിലുള്ള അനവധി പുസ്തകങ്ങളും ലഘുലേഖകളും വേറെയുമിറങ്ങി. ഇന്ത്യയെ ക്രൈസ്തവീകരിക്കുക ലക്ഷ്യമാക്കി നിരവധി സുവിശേഷ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്.
''പ്രിയരേ, ഞങ്ങളുടെ ലക്ഷ്യം വളരെ വലുതാണ്. ഭാരതം എന്തു വിലകൊടുത്തും സുവിശേഷീകരിക്കപ്പെടണം. വടക്കേ ഇന്ത്യയെ സുവിശേഷീകരിക്കാൻ എന്തു ത്യാഗവും സഹിക്കാൻ തയ്യാറുള്ളവർ ഞങ്ങൾക്കെഴുതുക"
ഒരു ഇവാൻജലിക്കൽ സഭയുടെ മാസികയിലെ വരികളാണിത്. റാന്നി കോശി ഏബ്രഹാം ഇറക്കിയ 418 പേജുകളുള്ള "ആര്യവേദാന്തത്തിലെ ക്രിസ്തു" എന്ന പുസ്തകത്തെ അവലംബമാക്കി ചില കാര്യങ്ങൾ ചുരുക്കമായി FB- ൽ എഴുതാൻ ഉദ്ദേശിക്കുന്നു.....
(തുടരും)
Prasannan Unnithan
"ആര്യ വേദത്തിലെ ക്രിസ്തു"
പരമ്പര-- ഖണ്ഡം(2)
"""""""""""""""""""""""""""""""""""""""""""'
ആര്യ വേദാന്തത്തിലെ ക്രിസ്തു എന്ന പുസ്തകം അടിസ്ഥാനമാക്കി ചില കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് ലക്ഷ്യം എന്നു പറഞ്ഞുവല്ലോ?
ഈ വിഷയത്തിൽ അക്കാലത്ത് ഇറങ്ങിയ എല്ലാ പുസ്തകങ്ങളും ലഘു ലേഖകളും ഒരേ വാദങ്ങളും ആശയവും ഉള്ളതാകയാൽ ഒരു പുസ്തകം മതിയല്ലോ എല്ലാം വിലയിരുത്താൻ?
ചില കാര്യങ്ങൾ ആമുഖമായി ചിന്തിക്കേണ്ടതുണ്ട്. മറ്റു വിഭാഗങ്ങളിൽ നിന്നും ആളുകളെ സ്വമതത്തിലേക്കു മാറ്റി എടുക്കൽ അവകാശവും ജീവിത ധർമ്മവുമായി സെമിറ്റിക് മതക്കാർ കരുതുന്നു-- പ്രത്യേകിച്ചും ക്രൈസ്തവർ.
അലക്സാണ്ടർ മാർതോമ്മാ മെത്രാപ്പോലീത്താ ഒരിക്കൽ എഴുതി:--
''ദൈവ വചനത്തിൻറ്റെ വെളിച്ചം ഭാരതത്തിൻറ്റെ ഗ്രാമങ്ങളിൽ എത്തിക്കുക എന്നതു നാം ദൗത്യമായി ഏറ്റെടുക്കണം. കൊയ്ത്തു വളരെയുണ്ട്, വേലക്കാരോ ചുരുക്കം. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സുവിശേഷീകരണ പ്രവർത്തനങ്ങൾക്കു ശക്തിയും വ്യാപ്തിയും കൂട്ടേണ്ടതുണ്ട്"
(മാതൃഭൂമി ദിനപ്പത്രം10.2.1998)
ദൈവവചനം എന്നു പറഞ്ഞത് യേശുവിന്റ്റെ വചനം എന്നാണ്. ഉത്തരേന്ത്യൻ ഹിന്ദുക്കളെ മുഴുവൻ മതം മാറ്റി എടുക്കണം, എന്നാണു പറഞ്ഞതിൻറ്റെ പൊരുൾ.
ഈ പ്രസ്ഥാവനയിലെ കൗശലംനിസാരമല്ല. ചില കൊല്ലങ്ങൾക്കു മുമ്പു നടന്ന രണ്ടു സന്ദർഭങ്ങൾ എഴുതാം. കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ച, 'ഓം ഹരിഹര പുത്രായ നമഃ ' എഴുതിയ ഡോക്ടർ എന്നെ സമീപിച്ചു. ആഗമന ലക്ഷ്യം ഇതാണ്:--
മതങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാകുന്ന സന്ദർഭത്തിൽ അവിടെ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ഒരു വേദിയുണ്ടാക്കുക. ഇതിനായി പെന്തക്കോസ്തൽ സഭാ മാസികയുടെ എഡിറ്ററെയും ആര്യസമാജം സെക്രട്ടറിയെയും വിളിച്ചിട്ടുണ്ട്. ഞാൻ പങ്കെടുക്കണം, ഡോക്ടറുമുണ്ട്.
ഇനി RSS ൻറ്റെ പ്രതിനിധിയെ ഞാൻ കണ്ടെത്തിക്കൊടുണം. അപ്പോൾ അഞ്ചായി. തുടക്കത്തിൽ ഈഅഞ്ചു പേരേ ആകാവൂ. ഞാൻ സമ്മതിച്ചു.
ആര്യസമാജ സെക്രട്ടറിക്കൊപ്പം എത്തിയ യുവ ആര്യസമാജിയും അകത്തു കയറി, അങ്ങനെ ആറു പേർ. വിഷയം അവതരിപ്പിച്ചു:--
തങ്ങളുടെ കൺവൻഷൻ നടക്കുമ്പോൾ RSS ൻറ്റെയും മറ്റും ഇടപെടൽ മൂലം ചിലയിടങ്ങളിൽ കശപിശ ഉണ്ടാകുന്നു, അതിനു പരിഹാരം വേണം. യേശുവിൻറ്റെ സുവിശേഷം പ്രചരിപ്പിക്കൽ ക്രിസ്ത്യാനിക്കു ജീവിത ലക്ഷ്യമാണ്. അതിനു തടസ്സം പാടില്ല.
യുവ ആര്യസമാദി ഇതു ചോദ്യം ചെയ്തു. ഏതായാലും കൂട്ടായ്മയുടെ തുടക്കവും ഒടുക്കവും അന്നു തന്നെ കഴിഞ്ഞു. ഹിന്ദുക്കളെ ക്രിസ്തു മതത്തിലേക്കു മാറ്റുന്നതിന് ആര്യസമാജവും RSS ഉം കൂട്ടുനിൽക്കണം എന്നു പറയാതെ പറഞ്ഞു.
നസ്രുദ്ദീൻ ആലുങ്കൽ എന്ന ഇസ്ലാമിക പണ്ഡിതൻറ്റെ ഒരു പരിപാടിയും ഈ കാലത്തു നടന്നു. എൻറ്റെ ചില പരിചയക്കാരെ (ഹിന്ദു- ക്രിസ്ത്യൻ) സമീപിച്ചാണ് ഇതു നടത്തിയത്, കാരണം ആലുങ്കലിൻറ്റെ അനുയായികൾ ആ പ്രദേശത്തില്ല.
പുറം നാട്ടുകാരായ കച്ചവടക്കാർ വന്നു താമസിക്കുന്നു എന്നല്ലാതെ ഏട്ടു കിലോ മീറ്ററിനകത്ത് മുസ്ലീം ഗ്രാമവും പള്ളിയുമില്ല.
പ്രസംഗ വിഷയം 'ഇസ്ലാമികതയിലെ മാനവിക മൂല്യങ്ങൾ'
അദ്ദേഹം പറഞ്ഞതിൻറ്റെ ചുരുക്കം... ലോകത്ത് ഇസ്ലാമിൻറ്റെ പേരിൽ നടക്കുന്ന അക്രമങ്ങളും ഭികര പ്രവർത്തനങ്ങളും ഇസ്ലാമികതയല്ല. ഇസ്ലാമികത മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ആദർശമാണ്. അത് മതത്തിനും മുന്നേ ഉള്ളതാണ്.
അല്ലാഹു എന്നാൽ ഈശ്വരൻ എന്നേയുള്ളു അറബിയിൽ അർത്ഥം, ഒരു മതത്തിന്റ്റെ മാത്രം ദൈവമല്ല, അല്ലാഹു.
സൗഹാർദ്ദപരമായ ചർച്ചയും ചോദ്യോത്തരവും ഉണ്ടായി. ഒരാൾ ചോദിച്ചു:-
അല്ലാഹു എന്നാൽ ഈശ്വരൻ എന്നേ അർത്ഥമുള്ളു എന്നാണല്ലോ? അറബി രാജ്യത്തെ ജനങ്ങൾ അവരുടെ ഭാഷയിൽ ഈശ്വരനെ അല്ലാഹു എന്നു വിളിക്കുന്നു. മലയാളികളായ നാം ആ ഈശ്വരനെ നമ്മുടെ ഭാഷയിൽ വിളിച്ചാൽ പോരേ?
ഇവിടുത്തെ മുസ്ലീങ്ങൾ അറബി ഭാഷയിലെ പേരു തന്നെ എന്തിനു വിളിക്കുന്നു? മലയാളത്തിൽ ഈശ്വരൻ എന്നോ പരമേശ്വരൻ എന്നോ സർവ്വേശ്വരൻ എന്നൊ ദൈവം എന്നോ പറഞ്ഞാൽ പോരേ? അതിന് ആലുങ്കൽ മുപടി പറഞ്ഞില്ല.
സെമിറ്റിക്ക് മതാനുയായികൾ ശരിയെന്നു തങ്ങൾ ധരിച്ച ഗ്രന്ഥവും ആരാധനയും മറ്റുള്ളവരും സ്വീകരിക്കണമെന്നു വാശി പിടിക്കുന്നു. നേരത്തേ പറഞ്ഞ ഡോക്ടർ സമന്വയ വേദി ഉണ്ടാക്കാൻ തുനിഞ്ഞത് ഈ ലക്ഷ്യത്തിലാണ്. തൻറ്റെ മതത്തിലേക്ക് മറ്റുള്ളവരെയും ചേർക്കാൻ എന്തിനിത്ര ആവേശം?
തുടരും.....
Prasannan Unnithan
"ആര്യ വേദത്തിലെ ക്രിസ്തു"
പരമ്പര--(ഖണ്ഡം-3)
"""""""""""""""""""""""""""""""""""""""""""""
"ക്രിസ്തുവിനെ അറിയൂ" എന്നൊരു കൂട്ടർ, "ഇസ്ലാമിനെ മനസ്സിലാക്കൂ" എന്നു മറ്റൊരു കൂട്ടർ. ഇരുവർക്കും ലക്ഷ്യം ഹിന്ദുക്കളെ മതം മാറ്റൽ.
വൻ പടയുമായി വന്നു ഭരണം പിടിച്ചവർ, കച്ചവടത്തിനു വന്ന് രാജ്യം കയ്ക്കലാക്കിയവർ..... ഇങ്ങനെ വന്നവരെയെല്ലാം ഇരുകയ്യും നീട്ടി നമ്മുടെ പൂർവ്വികർ സ്വീകരിച്ചു.
കടന്നു വന്ന ശകന്മാരും പാഴ്സികളും ഹൂണന്മാരും ദേശീയ ജീവിത ധാരയുടെ ഭാഗമായി, എന്നാൽ മണ്ണിൻറ്റെ മക്കളായ ക്രൈസ്തവരും മുസ്ലീങ്ങളും ചേമ്പിലയിലെ വെള്ളം മാതിരി വേറിട്ടു നിന്നു.
ഭാരതീയ ദർശനം പഠിച്ച് അതിലും മെച്ചപ്പെട്ടതാണ് മറ്റേ മതം എന്നു മനസ്സിലാക്കി മതം മാറിയതല്ല ആരും. ഇതു പഠിച്ചില്ല, അതും പഠിച്ചില്ല, സാഹചര്യം വീഴ്ത്തി അഥവാ പ്രേരിപ്പിച്ചു എന്നു മാത്രം.
മുൻ കാലങ്ങളിൽ പ്രാചീന കൃതികളെയും ഋഷി പരമ്പരയെയും തള്ളിക്കളഞ്ഞ വിഭാഗത്തിൽ പെട്ട കോശിയും പടിഞ്ഞാറെക്കരയും ആ കൂട്ടത്തിൽ പെട്ട മറ്റു കക്ഷികളും ചുവടു മാറ്റി ഭാരതീയ കൃതികളിലേക്കു തിരിഞ്ഞു എന്നതു നല്ല കാര്യം. ഇവയെ ക്രൈസ്തവവൽക്കരിക്കാൻ ശ്രമിക്കുന്നു എന്ന കൗതുകവും കാണാം.
കോശി ഏബ്രഹാം ആ:വേ: ക്രിസ്തുവിൽ ഒരു വേദമന്ത്രം ഉദ്ധരിച്ചിരിക്കുന്നു:-
"സ്ഥാണുരയംഭാരഹാര കിലാഭൂ ദധീത്യ വേദംനവിജാനാതി യോർത്ഥ:"
കോശി തുടർന്നെഴുതി--
"വേദങ്ങളിലെ പദങ്ങളുടെ അർത്ഥവും വിഷയങ്ങളുടെ ആധാരവുമറിയാതെ വേദമന്ത്രങ്ങൾ പഠിച്ചുരുവിട്ടു നടക്കുന്നവർ ഭാരം താങ്ങുന്ന കൽത്തൂണ് അഥവാ വെറും ചുമടുതാങ്ങി മാത്രമാണ്"
നിരവധി വേദ മന്ത്രങ്ങൾ ഉദ്ധരിച്ചിട്ട് അവക്കെല്ലാം ഇതേവരെ കല്പിച്ചിരുന്ന ആശയമല്ല ധരിക്കേണ്ടത്, സഹസ്രാബ്ദങ്ങളായി വേദവിചാരം നടത്തിവന്നവരെല്ലാം വെറും കൽ തൂണുകൾ മാത്രം, വേദ തത്വങ്ങൾ ശരിക്കു പഠിച്ചിട്ടുള്ളതു താനും കുറെ കവല സുവിശേഷകരും മാത്രമാണ് എന്നു കോശി.
ഇതാ ഒരു ഗീതാശ്ലോകവും കോശി വ്യാഖ്യാനവും:-
"തമേവ ശരണംഗഛ
സർവ്വഭാവേന ഭാരത
തത് പ്രസാദാത് പരാംശാന്തിം
സ്ഥാനം പ്രാപ്സ്യസി ശാശ്വതം"
ഞാൻ പിതാവിലും പിതാവ് എന്നിലും ഞങ്ങൾ നിങ്ങളിലുമായ അവസ്ഥയിൽ സർവ്വരുടെയും ഹൃദയങ്ങളിൽ വസിക്കുന്ന ഈശ്വരനെ അറിയുക. ദൈവ ശാസ്ത്ര പരമായ ഗ്രന്ഥങ്ങൾ പഠിച്ചും അറിവുള്ളവരുടെ ഉപദേശങ്ങൾ ശ്രവിച്ചും അവനെ ഹൃദയത്തിൽ ദർശിക്കുക .... അവനെ രക്ഷകനായി സ്വീകരിക്കുക അവൻറ്റെ വഴിയിലൂടെ സഞ്ചരിക്കുക അവന്റ്റെ ഉപദേശങ്ങളനുസരിച്ചു ജീവിക്കുക. അവൻ ഹൃദയത്തിലാണ്, നിയമങ്ങൾ പഠിക്കുന്നവരുടെ അടുക്കൽ പരമാത്മാവും പരിപാലകനും പിതാവും പുത്രനും കൂടെ വസിക്കുന്നു"
കാണണേൽ കേൾക്ക്. അരി എത്രയാ എന്നു ചോദിച്ചതിനു പയറഞ്ഞാഴി എന്നു മറുപടി?
ഹേ, പാർത്ഥാ, ജഗദീശ്വരനെ സർവ്വ പ്രകാരേണയും ശരണം പ്രാപിക്കുക. എന്നാൽ ശാന്തിയും (മോക്ഷം) പരമപദ പ്രാപ്തിയുമുണ്ടാകും. ജനന മരണങ്ങളില്ലാത്ത ശാശ്വത സായുജ്യം ലഭിക്കും.
ഇത്രയും പറഞ്ഞാൽ മതി. അതിനു പകരം എന്തൊക്കെയാണ് കോശി എഴുതി വച്ചത്? മതഭ്രാന്തു തലക്കു കയറിയാലും ഇത്രയൊക്കെ ആകാമോ?
ചക്രത്തിൽ വച്ചിരിക്കുന്ന വസ്തുക്കളെ പോലെ സകല ജീവജാലങ്ങളെയും തൻറ്റെ മായ കൊണ്ടു പ്രവർത്തിപ്പിച്ച് ഈശ്വരൻ എല്ലാറ്റിലും കുടി കൊള്ളുന്നു. ഭൂത വർത്തമാന ഭാവി കാലങ്ങളെല്ലാം സങ്കല്പമാണ്.(ചക്രത്തിൽ വച്ചിരിക്കുന്ന വസ്തുവിനു മുമ്പും പിമ്പും ഇല്ലല്ലോ)
ഇതാണു ഗീത വിശേഷിപ്പിക്കുന്ന ഈശ്വരൻ. അല്ലാതെ 3000 കൊല്ലങ്ങൾക്കു ശേഷം പാലസ്തീനിൽ കല്യാണ നിശ്ചയം കഴിഞ്ഞ ഒരു സ്ത്രീ ഭർത്താവിനെ കൂടാതെ ഗർഭിണിയായി പ്രസവിക്കും എന്ന് ശ്രീകൃഷ്ണൻ മുൻകൂട്ടി പ്രവചിച്ചതല്ല.
തുടരും......
Prasannan Unnithan
"ആര്യ വേദത്തിലെ ക്രിസ്തു"
പരമ്പര-(ഖണ്ഡം-4)
""""""""""""""""""""""""""""""""""""""""""""""
വേദങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ്ഗീത മുതലായവയിലെ ശ്ലോകങ്ങൾക്ക് ഈ രീതിയിൽ അർത്ഥം വലിച്ചു നീട്ടി എഴുതി ഇടക്കിടെ നിത്യജീവൻ, നിത്യത, ആദിസത്യം, ഏകജാതൻ, ആദ്യജാതൽ, പുത്രൻ, പിതാവ്, രക്ഷകൻ, ഉയിർപ്പ്, പരിശുദ്ധാത്മാവ്, പരിപാലകൻ തുടങ്ങിയ ക്രൈസ്തവീകരിച്ച മലയാള പദങ്ങൾ തിരുകിക്കയറ്റിയാണ് പണി നടത്തുന്നത്.
വിഷയത്തിൽ അറിവുള്ളവർ പുഛിച്ചു തള്ളും, സാമാന്യ ജ്ഞാനമുള്ളവർ പ്രതികരിക്കാൻ മെനക്കെടില്ല, അറിവില്ലാത്തവരോ, ഇതു ശരിയാണെന്നു ധരിക്കും. എന്തായാലും കാര്യസാധ്യം സുഗമം.
'ആര്യ വേദാന്തത്തിലെ ക്രിസ്തു' വിൽ കോശി ഉദ്ധരിച്ച ഒരു ഉപനിഷദ് വാക്യം:-
"നിത്യോനിത്യാനാം...... നേതരേഷാം"
(കഠോപനിഷത്ത് 2. 2.13)
അർത്ഥം എഴുതിയതു നോക്കുക- "നശ്വരമായവകളിൽ വച്ച് അനശ്വരമായും ചലിക്കുന്നവയിലെല്ലാം ചൈതന്യമായും വിവിധങ്ങളായി വിശേഷിപ്പിക്കുന്നവയിൽ നിന്നെല്ലാം(ആ മലയിലാണ്, ഈ മരത്തിൻചുവട്ടിലാണ്, കാവിലാണ്, കല്ലിലാണ്) വേറിട്ട് ഏകമായും സ്ഥിതി ചെയ്യുന്ന യാതൊരു ദേവനാണോ പ്രത്യാശാ നിവൃത്തി വരുത്തുന്നത് (ഇമ്മാനുവൽ നമ്മോടു കൂടിയ ദൈവം) അവനെ അപ്രകാരം അറിയുന്നവർക്കു മാത്രമാണ് ശാശ്വത നഗരത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതും ശാശ്വത ശാന്തി അനുഭവിക്കാൻ കഴിയുന്നതും. വേറെ ആർക്കും ഈ അവസരം കിട്ടുകയില്ല. (കാവിലും കല്ലിലും മരത്തിലും മലയിലും ക്ഷേത്രത്തിലും ഗോത്രത്തിലുമെല്ലാം ദേവനെ കുടിയിരുത്തിയിരിക്കുന്നവർക്ക് നിത്യ സമാധാന നഗരത്തിൽ പ്രവേശനമില്ല)"
ഇതാണ് നിത്യ സമാധാന നഗരത്തിൻറ്റെ കാവൽക്കാരൻറ്റെ പരിപാടി. വളച്ചു കെട്ടി ഉപനിഷത്തിനെ യേശുവിലേക്കടുപ്പിച്ചു, ഒപ്പം ഹിന്ദുക്കളെ ഒരു കൊട്ടും കൊട്ടി.
കോശിയുടെ വിശ്വാസത്തിലെ ശാശ്വത നഗരമല്ല, ഉപനിഷദ് തത്വം. മനുഷ്യന് ഒരു ജന്മം മാത്രമേയുള്ളു എന്നാണു ക്രൈസ്തവ വിശ്വാസം. മരിച്ചു കഴിഞ്ഞാൽ കർത്താവിൻറ്റെ സന്നിധിയിലെത്തി വസിക്കാം. എങ്കിലും ഈ പദവിയിലേക്കു പോകുന്നവരുടെ വേർപാടിൽ വിലപിക്കുകയും ചെയ്യുന്നു എന്ന പൊരുത്തക്കേടും കാണാം..
മരണ ദിനാചരണം ഇക്കാലത്ത് പ്രധാന ചടങ്ങാണ്. മരണത്തോടെ എല്ലാം കഴിയുന്നു എന്നു ധരിക്കരുത്. ഭൗതിക ദേഹത്തിന്റ്റെ നാശമാണ് മരണം, ആത്മാവു മരിക്കുന്നില്ല.
"വാസാംസി ജീർണ്ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോ പരാണി
തഥാ ശരീരാണി വിഹായ ജീർണ്ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ"
എന്നു ഭഗവദ് ഗീത(2.22). മനുഷ്യർ വസ്ത്രം മാറും പോലെ ആത്മാവ് പുതിയ പുതിയ ശരീരങ്ങൾ എടുക്കുന്നു. മരണത്തിൽ ദുഖിച്ചു കൂടാ. ആണ്ടോടാണ്ട് മരണ ദിവസം ആചരിക്കുന്ന രീതി ഭാരതീയമല്ല.
അടുത്ത കാലത്ത് ഗാന്ധിജിയുടെയും ശ്രീനാരായണ ഗുരുവിൻറ്റെയും മന്നത്തു പത്മനാഭൻറ്റെയും ഒക്കെ ചരമ ദിനങ്ങൾ ആചരിച്ചു തുടങ്ങിയത് പടിഞ്ഞാറൻ സംസ്കാരത്തിൻറ്റെ സ്വാധീനം മുലമാണ്.
രാമൻറ്റെയും കൃഷ്ണൻറ്റെയും വ്യാസൻറ്റെയും ശങ്കരൻറ്റെയും വിവേകാനന്ദൻറ്റെയും മറ്റും ജന്മദിനം ആഘോഷിക്കുന്നു, മരണ ദിവസം ഓർക്കാറില്ല.
എന്തായാലും യേശുവിൻറ്റെ മാർഗ്ഗം സ്വീകരിച്ച് മരണശേഷം അവനോടൊപ്പം നിത്യ സമാധാന നഗരത്തിൽ പാർക്കാൻ കോശി മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത്, മനുഷ്യന് ഒരു ജന്മം മാത്രമേയുള്ളു എന്നു ധരിച്ചതിനാലാണ്.
നാമെല്ലാം നിരവധി ജന്മങ്ങൾ താണ്ടി ഇവിടെയെത്തി, ഇനിയുമുണ്ട് ജന്മങ്ങൾ. കർമ്മ കടങ്ങൾ ഒടുങ്ങി ജനനവും മരണവും ഇല്ലാത്ത മോക്ഷ പ്രാപ്തി എന്ന അവസ്ഥയാണ് ശാശ്വത പദ പ്രാപ്തി എന്ന ഭാരതീയ സങ്കല്പം.
മനുഷ്യർക്കു മാത്രമേ ആത്മാവുള്ളു എന്ന ക്രൈസ്തവ വിശ്വാസവും ഇതോടു ചേർത്തു വായിക്കണം.
അർത്ഥം ധരിക്കാതെ വേദം ഉരുവിടുന്നവരെ ഭാരം താങ്ങുന്ന കൽത്തൂണ് എന്നു കോശി വിശേഷിപ്പിച്ചത് അയാൾക്കാണു ചേരുന്നത് എന്നു മനസ്സിലാക്കാൻ ഇതൊക്കെ പോരേ?
ശ്വേതാശ്വര ഉപനിഷത്തിലെ
"നിഷ്കളം നിഷ്ക്രിയം ശാന്തം
നിരവദ്യം നിരഞ്ജനം
അമൃതസ്യ പരം സേതും
ദഗ്ധേന്ധനമിവാനലം" എന്ന വാക്യംഅനേകം പേജുകളിൽ വിവരിച്ചിരിക്കുന്നു. വസ്തുതയിൽ നിന്നും അകന്ന് സ്വപ്നലോകത്തു കോശി ഏബ്രഹാം സഞ്ചരിക്കുന്നു.
നീതിമാൻ, പ്രതികാരം ചെയ്യാത്തവൻ, ദ്രോഹങ്ങൾ സഹിക്കുന്നവൻ, പുനരുജ്ജീവിച്ച പ്രജാപതി മുതലായ പ്രയോഗങ്ങൾ ഉപ്പെടുത്തി എന്തൊക്കെയോ എഴുതിയിരിക്കുന്നു. രസകരമായ നീണ്ട വാചകങ്ങളാണവ. ഏതാനും വരികൾ എഴുതാം
തുടരും...
"ആര്യ വേദത്തിലെ ക്രിസ്തു"
പരമ്പര -ഖണ്ഡം(5)
""""""""""""""""""""""""""""""""""""""""""""""""""
ശ്വേതാശ്വര ഉപനിഷത്തിലെ "നിഷ്കളം നിഷ്ക്രിയം..." എന്ന വാക്യത്തെ കോശി ഏബ്രഹാം ദുരുപയോഗം ചെയ്തതു കണ്ടല്ലോ?
ഈ വാക്യത്തെപ്പറ്റി കോശി ഏബ്രഹാം അനവധി പേജുകളാണ് എഴുതിക്കൂട്ടിയത്. ചില വരികൾ നോക്കാം:-
"നിഷ്കലൻ- കലകളില്ലാത്തവൻ, കളങ്കമില്ലാത്തവൻ, ഊനമില്ലാത്തവൻ, നീതിമാൻ എന്നെല്ലാം അർത്ഥം.
.....നിഷ്കലനായി നീതിമാനും കളങ്കമില്ലത്തവനുമായി ശ്വേതാശ്വരൻ ആത്മാവിൽ ദർശിക്കുന്ന പ്രജാപതി എന്ന ദേവൻറ്റെ കാഴ്ച തന്നെയാണ് നീതിമാനും കളങ്കമില്ലാത്തവനുമായ ക്രിസ്തുവായി വിവിധ തലങ്ങളിലുള്ളവർ കാണുന്നത്.
നിഷ്ക്രിയൻ- ക്രിയകളില്ലാത്തവൻ, കർമ്മങ്ങളില്ലാത്തവൻ, പ്രവർത്തിക്കാത്തവൻ
...... പ്രപഞ്ച സൃഷ്ടിക്കുശേഷം സ്വസ്ഥനായിരിക്കുന്നവൻ
..... അടിക്കുന്നവർക്കു മുതുകും രോമം പറിക്കുന്നവർക്കു കവിളും കാണിച്ചു കൊടുത്തു. മുഖം തുപ്പലിനു മറച്ചതുമില്ല"
ഈ വിധം ശാന്തൻ, നിരവദ്യൻ, നിരഞ്ജനൻ ആദി വിശേഷണങ്ങൾ യേശുവിനെ ഉദ്ദേശിച്ചാണെന്നും മഹർഷി പ്രാർത്ഥിച്ചതു യേശുവിനെയാണെന്നും കോശി എഴുതി.
ഉപനിഷത്ത് വേദാന്തമാണ്, വേദത്തിൻറ്റെ ജ്ഞാന കാണ്ഡമാണ്, ആണിയടിയും രോമം പറിക്കലും വിലാപവും അതിലില്ല.
സത്വ-രജ - തമോ ഗുണങ്ങൾക്കെല്ലാം അതീതനാണു സർവ്വേശ്വരൻ. കർമ്മ ബാധ്യതകളും വികാരങ്ങളും ഈശ്വരനില്ല. ഗുണ രഹിതനും നിസ്സംഗനുമായ പരമേശ്വനാണ് അമൃതത്വത്തിൻറ്റെ പരമാവസ്ഥ. ജ്വലിക്കുന്ന കനൽ പോലെയുള്ള ആ തേജസ് പരമപദപ്രാപ്തിക്കുള്ള പാലമാണ്.
നിഷ്കളം എന്നാൽ കറുത്ത പാടില്ലാത്തവൻ എന്നാണ് ഇക്കൂട്ടരുടെ കണ്ടു പിടുത്തം. യേശുവിൻറ്റെ ശരീരത്തു കറുത്ത പാടില്ലായിരുന്നു പോലും.
"ഇപ്രകാരമൊരു പുരുഷനെ രക്ഷകനായി ലോകാരംഭം മുതലേ വാഗ്ദാനത്തിൽ നിർത്തിയിരിക്കുന്നത് ആര്യജ്ഞാനികൾ ദർശിച്ചു. ഈ വിമോചകൻറ്റെ പ്രത്യക്ഷതക്കായി യുഗങ്ങളായി മനുഷ്യവംശം മുഴുവൻ ഭവ്യതയോടെ കാത്തിരുന്നു
.....ആര്യ ജ്ഞാനികളും എബ്രായ പ്രവാചകരും ജ്ഞാന ദൃഷ്ടിയിൽ ദർശിച്ച രക്ഷകനായ സമഷ്ടി പുരുഷൻ യേശു എന്ന ക്രിസ്തുവായി മനുഷ്യ പുത്രനായി അവതരിച്ചപ്പോൾ അവൻ അവരുടെ ഗ്രന്ഥങ്ങളിലെ നിഗൂഢതയുടെ സാക്ഷാൽക്കാരമാണ് എന്നു മനസിലാക്കത്തക്ക പശ്ചാത്തലമല്ല രണ്ടു വംശങ്ങൾക്കും ഉണ്ടായിരുന്നത്" (ആ: വേ: ക്രിസ്തു)
ഈ വാചകങ്ങൾക്ക് ഉത്തരം നൽകേണ്ടതു വാക്കുകൾ കൊണ്ടല്ല, തഴമ്പുള്ള കൈ കൊണ്ടാണ്. അല്പമെങ്കിലും പൊരുത്തമുണ്ടെങ്കിൽ തിരുത്താം. ഒരു ശ്ലോകമെഴുതിയിട്ട് വെറുതെ കുത്തി വരക്കുന്നതിന് എങ്ങനെയാണു മറുപടി എഴുതുക.
എന്തും സഹിക്കുന്നവരാണ് ഹൈന്ദവർ എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഈ പണി നടത്തിയത്. മറ്റേതെങ്കിലും മത ബിംബത്തെ ഇങ്ങനെ വളച്ചൊടിച്ചാൽ എന്താവും സ്ഥിതി?
കോശിയുടെ മാത്രം അഭിപ്രായമാണ് ഇതെങ്കിൽ സഹിക്കാം. ഊളൻ പാറയിലോ കുതിരവട്ടത്തോ ചികിൽസിക്കാം. എന്നാൽ നാനാ ഭാഗത്തു നിന്നും ഒരേ സമയം ഇതേ വിധത്തിൽ പുസ്തകങ്ങളും ലഘുലേഖകളും പ്രചരിപ്പിച്ചത് സമ്പൂർണ്ണ സുവിശേഷികരണം എന്ന സഭകളുടെ ലക്ഷ്യപൂർത്തിക്കു വേണ്ടിയാണ്.
ആ.വേ.ക്രിസ്തുവിൽ ഭഗവദ് ഗീതയിലെ ഒരു ശ്ലോകം ഉദ്ധരിച്ച് അർത്ഥമെഴുതിയതു നോക്കാം-
"നിയമ ലംഘനത്തിൽ വീണു പോയ മനുഷ്യന് ഒരു ഉദ്ധാരണം ദൈവഹിതമാകയാൽ ആ ജോലിയും പരിപാലനത്തോടൊപ്പം തന്നെ ഈ പുത്രനിൽ ഭരമേൽപ്പിക്കപ്പെടുന്നു. ഈ ഉദ്ധാരണ പരിപാടിയെപ്പറ്റി ഭഗവദ് ഗീതയിൽ ഇപ്രകാരം പറയുന്നു
യദാ യദാഹി ധർമ്മസ്യ
ഗ്ലാനിർ ഭവതി ഭാരത
അഭ്യുത്ഥാന മധർമ്മസ്യ
തദാത്മാനം സൃജാമ്യഹം
നിയമ ലംഘനം മൂലം മനുഷ്യരുടെ ഇടയിൽ നീതിയും ന്യായവും ഇല്ലാതെയാവുകയും അധർമ്മം പെരുകുകയും ചെയ്യുമ്പോൾ മനുഷ്യ ജാതിയുടെ വീണ്ടെടുപ്പിനായി ആദ്യജാതനായ പുരുഷൻ (പുത്രനായ പ്രജാപതി) മനുഷ്യ വേഷത്തിൽ ജനിക്കും"
ധർമ്മത്തിനു ക്ഷയമുണ്ടാകുന്ന അവസരങ്ങളിൽ ധർമ്മരക്ഷക്കായി (ഞാൻ) ഭഗവാൻ അവതരിക്കും എന്നാണു കൃഷ്ണൻ പറഞ്ഞത്.
കാര്യം നേരേ പറഞ്ഞാൽ പോരേ, നിയമ ലംഘനവും വീണ്ടെടുപ്പും എന്തിനാണു കൊണ്ടുവന്നത്? ആദ്യജാതനായ പുരുഷനെയും പുത്രനായ പ്രജാപതിയെയും എവിടെ നിന്നു കിട്ടി?
യഹോവയുടെ വിലക്കു ലംഘിച്ച് ആദാമും ഹവ്വയും പഴം തിന്നു പാപികളായി എന്ന കഥയുമായി ഗീതാ ശ്ലോകത്തെ മുട്ടിക്കാനാണു കോശിയുടെ ശ്രമം.
ധർമ്മം എന്ന പദം ഇവരുടെ നിഘണ്ടുവിലുണ്ടോ? ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാലു പുരുഷാർത്ഥങ്ങൾ ഭാരതീയ ദർശനത്തിൻറ്റെ അടിത്തറയാണ്. ധർമ്മത്തിനും മോക്ഷത്തിനും നിരക്കുന്ന സമാന പദങ്ങൾ പോലും ഇവരുടെ ഗ്രന്ഥങ്ങളിൽ കാണാനില്ല. അർത്ഥ കാമങ്ങൾ മാത്രമാണ് പടിഞ്ഞാറൻ മത സങ്കല്പങ്ങളിലുള്ളത്.
"യദാ യദാഹി" ഉദ്ധരിച്ച് ഈ ഒപ്പിക്കൽ പണി നടത്തിയ കോശി അടുത്ത ശ്ലോകം വായിച്ചോ എന്തോ? അതിൽ തൊട്ടാൽ കൈ പൊള്ളും
"പരിത്രാണായ സാധൂനാം
.... സംഭവാമി യുഗേ യുഗേ"
സജ്ജനങ്ങളെ രക്ഷിക്കാനും ദുഷ്ടതയെ ഒതുക്കാനും അങ്ങനെ ധർമ്മത്തെ ഉദ്ധരിക്കാൻ ഭഗവാൻ അവതരിക്കും എന്നു പറയുന്നു.
കൃഷ്ണൻറ്റെ അവതാര തത്വം ശക്തിയുടെതാണ്, ധർമ്മരക്ഷണത്തിന്റ്റെതാണ്, ദൗർബല്യത്തിൻറ്റെതും വിലാപത്തിൻറ്റെതുമല്ല. ശക്തൻറ്റെ ധർമ്മോപദേശം വിലപ്പെട്ടതാണ്.
അക്രമത്തിനു മുന്നിൽ പ്രതികരിക്കാത്ത ദുർബ്ബലത അനീതിക്കാർക്കു പ്രോൽസാഹനവുമാണ്. അനീതിക്കാണ് അന്തിമ വിജയം എന്ന തെറ്റായ സന്ദേശം ഇതു നൽകും.
തുടരും.......
Prasannan Unnithan
"ആര്യ വേദത്തിലെ ക്രിസ്തു"
പരമ്പര-ഖണ്ഡം(6)
"""""""""""'"""""""""""""""""""""""""""""""""
ഋഗ്വേദത്തിലെ ചില മന്ത്രങ്ങൾ ഉദ്ധരിച്ചു കൊണ്ട്, പ്രാചീന കാലത്ത് ഋഷികൾ നടത്തിയ യാഗങ്ങൾ സഹസ്രാബ്ദങ്ങൾക്കു ശേഷം യേശുവിനെ ക്രൂശിച്ചതിൻറ്റെ നിഴലുകളായിരുന്നു എന്ന് കോശി ഏബ്രഹാം എഴുതിയിരിക്കുന്നു.
കോശി മാത്രമല്ല, ജോസഫ് പടിഞ്ഞാറെക്കരയും പല സുവിശേഷ സംഘങ്ങളും ഈ ആശയത്തിന് വ്യാപകവും സംഘടിതവുമായ പ്രചരണം നടത്തി. കേരളത്തിനു പുറത്ത് കുഗ്രാമങ്ങളിലും പിന്നോക്ക ജനതയുടെ ഇടയിലും ഇതവർക്കു വളരെ ഗുണം ചെയ്തു.
ആദ്യം തന്നെ യേശുവിനു പ്രജാപതി എന്ന പേർ നൽകി, ക്രൂശിക്കൽ പ്രജാപതി യാഗവും. ധ്യാന കേന്ദ്രങ്ങളിലും, മതപഠന ക്യാമ്പുകളിലുംപ്രജാപതിയാഗം പാഠ്യ വിഷയത്തിൽ പെടുത്തി.
പോട്ട ധ്യാന കേന്ദ്രത്തിലെ പ്രഭാഷകൻ അരവിന്ദാക്ഷ മേനോൻറ്റെ പ്രസംഗ സി.ഡി വ്യാപകമായി പ്രചരിപ്പിച്ചു.
ഋഗ്വേദത്തിലെ പുരുഷസൂക്തം (16 മന്ത്രങ്ങൾ) പ്രപഞ്ചോൽപ്പത്തി തത്വമാണ്. ഒന്നാം മന്ത്രം "സഹസ്രശീർഷാ പുരുഷ:
സഹസ്രാക്ഷസ്സഹസ്രപാത്
സഭൂമിം വിശ്വതോവൃത്വാ
ത്യതിഷ്ഠദ്ദശാങ്ഗുലം"
ആയിരമായിരം ശിരസ്സുകളും കണ്ണുകളും പാദങ്ങളുമുള്ള വിരാട് പുരുഷൻ ഈ പ്രപഞ്ചം നിറഞ്ഞും അതിനപ്പുറത്തേക്കും വ്യാപിച്ചിരിക്കുന്നു. പുരുഷൻ ലിംഗ പരമായി ആൺ വർഗ്ഗത്തിൽ പെട്ട വ്യക്തിത്വമല്ല, പ്രപഞ്ചത്തിൻറ്റെ ഊർജ്ജമാണ്, പ്രപഞ്ചം തന്നെയാണ്.
ഈ പുരുഷനെ പാലസ്തീനിൽ ഒരു സ്ത്രീ പശുത്തൊഴുത്തിൽ പ്രസവിച്ച കുട്ടിയാക്കി ചിത്രീകരിക്കാനാണ് കോശിയും പടിത്താറേക്കരയും മേനോനും ഇവാൻജലിസ്റ്റുകളും ശ്രമിച്ചത്.
സകല ജീവികളുടെയും കർമ്മത്തിനും ഫലാനുഭവത്തിനും വേണ്ടിയാണ് സ്വത്വത്തിൽ നിന്ന് ഈശ്വരൻ ജഗദ് സ്വരൂപമായി അഥവാ നാമരൂപ പ്രപഞ്ചമായി, ദൃശ്യ പ്രപഞ്ചമായി, ചരാചരങ്ങളായി പരിണമിച്ചത്. ഇതാണ് രണ്ടാം മന്ത്രത്തിൻറ്റെ ആശയം.
"പുരുഷഏവേദം സർവ്വം
യദ്ഭൂതം യച്ചഭവ്യം
ഉതാമൃതത്വസ്യേശാനോ
യദന്നേനാതിരോഹതി "
ആര്യ വേദാന്തത്തിലെ ക്രിസ്തുവിൽ ഈ മന്ത്രം വ്യാഖ്യാനിച്ചതു നോക്കൂ--
"ഇരുന്നതിൻറ്റെയും ഇരിക്കുന്നതിൻറ്റെയും വരാനിരിക്കുന്നതിൻറ്റെയും കർത്താവ് ഈ പുരുഷൻ തന്നെ. സകല സൃഷ്ടിക്കും കാരണഭൂതനായ അവിടുന്ന് തിന്നും കുടിച്ചും പ്രവർത്തിച്ചും ജീവിക്കുന്ന കാര്യരൂപമായ പ്രാണികളുടെ ജഗദവസ്ഥ എന്ന മനുഷ്യാവസ്ഥയെ പ്രാപിക്കുന്നു. സത്യത്തിൽ ദൈവ സ്വരൂപനായ അവിടുന്ന് ദാസവേഷമെടുത്ത് ജഗദവസ്ഥയിൽ (മനുഷ്യരൂപത്തിൽ) ആയിത്തീർന്നത് ലോക രക്ഷ എന്ന സ്വേച്ച മൂലമാകുന്നു"
എവിടുന്നു കിട്ടി ഈ തീറ്റിയും കുടിയും? മനുഷ്യ രൂപത്തെ പ്രാപിച്ച് ദാസ വേഷത്തിൽ പുരുഷൻ ജീവിച്ചു എന്നു പുരുഷ സൂക്തത്തിൽ ഇല്ല, ഇതു വൈദിക തത്വത്തിനെതിരാണ്.
'യദന്നേനാതിരോഹതി' യിൽ അന്ന ഗബ്ദം കണ്ടപ്പോൾ തീറ്റിയുടെ കാര്യമാണ് ഇവർ ഓർത്തത്. അന്നേന=കർമ്മഫലം നിമിത്തം. അതിരോഹതി= സ്വന്തം അവസ്ഥയെ മറികടന്ന്.
ആജ്ഞ കൊണ്ട് അതുമിതും സൃഷ്ടിച്ചു എന്നാണ് ഇവരുടെ മത ദർശനം. ഇതല്ല വേദം വെളിവാക്കുന്നത്.
പുരുഷൻ സ്വയം നാമരൂപ പ്രപഞ്ചമായി ഭവിച്ചു. ഇതാണ് സൃഷ്ടിയജ്ഞം. സൃഷ്ടിക്കുള്ള മനോ വ്യാപാരമാണു യജ്ഞം. പുരുഷൻറ്റെ അവയവ രൂപികളായ വസ്തുക്കൾ (ജ്യോതിസ്സുകൾ) യജ്ഞത്തിനുള്ള വസ്തുക്കളായി, അവയുടെ പ്രഭാവം മൂലം വസ്തുക്കൾ പരാണമിച്ചു സൃഷ്ടികളായിത്തീർന്നു.
ആറേഴു ദിവസം കൊണ്ട് 'അതുണ്ടാകട്ടെ', 'ഇതുണ്ടാകട്ടെ' എന്നാജ്ഞാപിച്ച് മനുഷ്യനെ വരെ സൃഷ്ടിച്ച ദൈവം ക്ഷീണം മൂലം വിശ്രമിച്ചു-- 3000 കൊല്ലം.
ബൈബിൾ വംശാവലി പ്രകാരം പ്രപഞ്ചത്തിനു പ്രായം 6000 കൊല്ലം മാത്രം. (ഉൽപത്തി BC 4004 എന്നാണ് ബിഷപ്പ് ലൈറ്റ് ഫുട്ടിൻറ്റെ മതം) ഭാരതീയ കാലഗണന പ്രകാരം പ്രപഞ്ചത്തിൻറെ പ്രായം 196 കോടി കൊല്ലങ്ങളാണ്, മനുഷ്യരാശിയുടെ ഉല്പത്തിക്ക് ലക്ഷക്കണക്കിനും.
വാദത്തിനു വേണ്ടി ബൈബിൾ ഉൽപ്പത്തി അംഗികരിക്കുന്ന പക്ഷം ഒരു ചോദ്യം--
ആദി മനുഷ്യനെ സൃഷ്ടി ച്ച ദൈവം മനുഷ്യരാശിയുടെ രക്ഷകനായി ഒരാളെ നിയോഗിക്കാൻ 4000 കൊല്ലം കാത്തിരുന്നതെന്തിന്? ഇത്രയും നീണ്ട വിശ്രമമോ?
തുടരും.......
Prasannan Unnithan
"ആര്യ വേദത്തിലെ ക്രിസ്തു"
പരമ്പര-ഖണ്ഡം(7)
""""""""""""""""'"""""""""""""""""""""""""""""""
പീലാത്തോസും പാർഷദരും ചേർന്ന് യേശുവിനെ ശിക്ഷിച്ചത് ഭാരതത്തിലെ ഋഷികൾ പ്രതീക്ഷിച്ചു കൊണ്ടിരുന്ന യാഗമായിരുന്നു എന്നു പ്രചരിപ്പിക്കുന്ന ധിക്കാരം മാപ്പർഹിക്കുന്നില്ല.
ഋഗ്വേദ പുരുഷ സൂക്തത്തിലെ ഏഴാം മന്ത്രത്തെപ്പറ്റി ആര്യ വേദാന്തത്തിലെ ക്രിസ്തുവിൽ എങ്ങനെ എന്നു നോക്കാം-
"സർവ്വ സൃഷ്ടിക്കും മുമ്പേ ആദ്യജാതനായി ജനിച്ച പുരുഷനെ യാഗ മൃഗമായി, യുപ ബദ്ധനാക്കി യാഗം ചെയ്തു. ഈ യാഗം ചെയ്തവരെപ്പറ്റി 'സാധ്യാ: ഋഷയശ്ചയേ' എന്നാണു പറഞ്ഞത്. 'പ്രജാപ്രതിപ്രഭൃതയ: തദനുകൂലാ ഋഷയശ്ച' എന്നാണു ഭാഷ്യകാരൻ അർത്ഥം പറയുന്നത്.
പ്രജാപതിപ്രഭൃതയ= ഭരണാധികാരികളായവർ, തദനുകൂലാ= അവരെ അനുകൂലിക്കുന്നവർ, ഋഷയ: മന്ത്രദ്രഷ്ടാര= ഉപദേഷ്ടാക്കളായ മതാചാര്യന്മാർ-- പ്രജാപരിപാലനം നടത്തുന്ന റോമാ ഗവർണറായ പീലാത്തോസിനെയും ഇടപ്രഭുവായ ഹെരോദാവിനെയും ഇവർക്കനുകൂലമായി നിന്ന പ്രഭുക്കന്മാരെയും ഉപദേഷ്ടാക്കളായ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും സൂചിപ്പിക്കുന്നു എന്നു മനസിലാക്കാം"
ഹൊ, ഭയങ്കരം. എത്ര കൗശലത്തോടെയാണ് ഈ കൂട്ടിക്കെട്ടൽ നടത്തിയത്! സംസ്കൃതം ശാസ്ത്രി ക്ലാസ് വരെ കോശി ഏബ്രഹാം പഠിച്ചു എന്നാണറിവ്. സാമാന്യമായി ഇതുമതി, പക്ഷെ വേദത്തിൽ കയറി ചൊറിയാൻ ആളായിട്ടില്ല.
ഈ അല്പജ്ഞാനം വച്ചു നടത്തുന്ന കസർത്തുകളാണ് കാണുന്നത്. ഇതിൻറ്റെ ചുവടു പിടിച്ചാണ് സംസ്കൃതം മണത്തിട്ടു പോലുമില്ലാത്തവരും ഇതേ പണി നടത്തുന്നത്.
ഭരണാധിപനെയാണ് പ്രജാപതി എന്നു പറയുന്നത് എന്നാണ് കോശി ഏബ്രഹാം ധരിച്ചത്. പീലാത്തോസിന്റ്റെയും ഹെരോദാവിൻറ്റെയും കാര്യമല്ല വേദം പറഞ്ഞത്.(പ്രജാപതി എന്തെന്നു പിന്നീടു ചിന്തിക്കാം)
യേശുവിനെ ക്രൂശിച്ചതു യാഗമാക്കി ചിത്രീകരിച്ചു. യാഗം സൃഷ്ടികർമ്മമാണ്. ക്രൂശിക്കൽ കോടതി വിധി നടപ്പാക്കൽ മാത്രമായിരുന്നു, ഒന്നിന്റ്റെയും സൃഷ്ടിക്കുവേണ്ടി നടത്തിയ കർമ്മമല്ല. ഇതിൻറ്റെ ഫലമായി പുതുതായി ഒന്നും ഉണ്ടായതുമില്ല.
യഫ്രദയിൽ ഇതൊരു ചർച്ചാ വിഷയമേ ആയില്ല, കുറെ പേർ നാടുവിട്ടു എന്നു മാത്രം, ഒപ്പം യേശുവും. രക്ഷിക്കൽ കർമ്മം എന്നൊന്ന് നടന്നിട്ടേ ഇല്ല.
ഉണ്ടായതോ, 350 കൊല്ലം കഴിഞ്ഞപ്പോൾ മതമുണ്ടായി. അതു പുതുതായി ഒന്നും സൃഷ്ടിച്ചില്ല, ലോകത്തുണ്ടായിരുന്ന ഒട്ടുമിക്ക സംസ്കാരങ്ങളെയും വിഴുങ്ങിയതു മാത്രം.
"പ്രജാപരിപാലന കർതൃത്വം നൽകപ്പെട്ട് ആദ്യജാതനായി ജനിച്ച പ്രജാപതി (സമഷ്ഠി പുരുഷൻ ) രക്ഷണ്യ കർമ്മത്തിനായി ജഗദവസ്ഥയെ (മനുഷ്യ വേഷത്തെ) പ്രാപിക്കയും ദിവ്യഹിതത്തിനാൽ യാഗമായി അർപ്പിക്കപ്പെട്ട് തേജസ്വരൂപം പ്രാപിച്ച് അഭിഷിക്തനായ രാജാവായി ആകാശത്തിനും ഭൂമിക്കും കാണപ്പെട്ടവയും കാണപ്പെടാത്തവയുമായ സകലതിനും അധിപതിയായി മരണമെന്ന ശത്രുവിനെ ജയിച്ച് സർവ്വാധികാരിയായി സ്വയം പ്രഖ്യാപിച്ച് (മത്താ 28.18 ) ....... ദൃശ്യമാണ് ധ്യാനനിരതനായ ആര്യ മഹർഷി ദർശനത്തിൽ കണ്ടു രേഖപ്പെടുത്തിയിരിക്കുന്നത്"
(ആര്യവേദാന്തത്തിലെ ക്രിസ്തു)
ഏഴാം മന്ത്രം:-
"തംയജ്ഞംബർഹിഷി
.............. ഋഷയശ്ചയേ"
(പ്രജാപതി പ്രഭൃതികളായ സാധ്യമാരെന്ന ദേവന്മാരും അവർക്കനുകൂലികളായ ഋഷിമാരും എല്ലാ സൃഷ്ടിക്കും മുമ്പ് സ്വയമുൽപ്പന്നനായ അവിടുത്തെ പശുത്വം സങ്കൽപ്പിച്ച് യൂപ ബദ്ധനാക്കി മാനസ യജ്ഞത്തിൽ അവിടുത്തെ പ്രോക്ഷിച്ചു.
ആ ദേവന്മാർ പുരുഷരൂപനായ പശുവിനെക്കൊണ്ട് മാനസമായി യാഗം ചെയ്തു)
യഹൂദരുടെ പട്ടാളത്തെ ഭയന്ന് ഒളിച്ചു നടന്ന് ഒടുവിൽ പിടിയിലായി ശിക്ഷിക്കപ്പെട്ടു എന്നല്ലാതെ എന്തഭിഷേകമാണു നടന്നത്? ആരെ രക്ഷിച്ചു?
സൃഷ്ടിയജ്ഞത്തെപ്പറ്റി മൃഡാനന്ദ സ്വാമി എഴുതി
"സാമാന്യ സങ്കല്പത്തിനു ശേഷം കാലാവയവങ്ങളായ വസന്താദി ഋതുക്കളെ ആജ്യാദിവിശേഷ രൂപത്തിലും സങ്കല്പിക്കുന്നു.
വസന്ത കാലത്ത് പുതുതായി തളിർത്തു നിൽക്കുന്ന ഇലകളും പുല്ലുകളും തിന്ന് പശുക്കൾക്കും ആടുകൾക്കും മറ്റും പാൽ ധാരാളമുണ്ടാകുന്നതിനാൽ ആ കാലം യജ്ഞ പുരുഷൻറ്റെ ആഹുതിക്ക് ആജ്യരൂപമായി തീർന്നു.
ഗ്രീഷ്മ ഋതുവിൽ മരങ്ങളും വള്ളികളുമെല്ലാം ഉന്നങ്ങിപ്പോകുന്നതിനാൽ ആ കാലം യാഗാഗ്നി ജ്വലിപ്പിക്കുവാനുള്ള വിറകായി തീർന്നു.
ശരത്കാലത്ത് നെല്ല് മുതലായ ധാന്യങ്ങൾ ധാരാളം ശേഖരിക്കുന്നതിനാൽ ആ കാലം ഹോമദ്രവ്യമായും തീർന്നു.
വ്യഷ്ടി പരമായി നോക്കുമ്പോൾ ശരീരത്തിലെ ഓരോ അവയവത്തിനും ഓരോ അധിദേവതയുണ്ട്. ശരീരാവയവ ദേവതകൾ ബാഹ്യ സാധനാപേക്ഷ കൂടാതെ മനസാ സങ്കല്പിച്ച് ഹൃദയസ്ഥിതനായ സർവ്വേശ്വരനെ ആരാധിക്കുന്നതിനെ ഇവിടെ യജ്ഞാനുഷ്ഠാനമായി പറഞ്ഞിരിക്കുന്നു.
അങ്ങനെ ഈശ്വരാരാധനാ രൂപമായി കർമ്മങ്ങൾ അനുഷ്ടിക്കുവാൻ തുടങ്ങുമ്പോൾ ബാഹ്യങ്ങളായ കാലദേവതകളും അനുകൂലമായി തീരുന്നതാണ്"
തുടരും..........
Prasannan Unnithan
"ആര്യ വേദത്തിലെ ക്രിസ്തു"
പരമ്പര -ഖണ്ഡം(8)
""""""""""""""""""""""""""""""""""""""""""""""""
ബൈബിളിനു മഹത്വം കൂട്ടാൻ വേദങ്ങളും ഉപനിഷത്തുകളും യേശു സ്തുതികളാണെന്നു പ്രചരിപ്പിക്കുന്നതു ഗുണകരമല്ല എന്നാണ് ടി.എസ് ബാലൻ എന്ന സുവിശേഷ പ്രവർത്തകൻ തൻറ്റെ 'ഹൈന്ദവ സുവിശേഷീകരണ' ത്തിൽ എഴുതിയത്
"കന്യകയുടെ പുത്രനായി ജനിച്ച് തലയിൽ കാട്ടുവളളികൾ ചുറ്റപ്പെട്ട് അസ്ഥികൾ ഒന്നും ഒടിയാതെ മരിക്കുകയും ഉയിർക്കുകയും ചെയ്ത പ്രജാപതിയെക്കുറിച്ചു വർണിക്കുന്നതായി ചിലർ കൊട്ടി ഘോഷിക്കുന്ന പുരുഷ സൂക്തമാണു നാം കണ്ടത്.
പക്ഷെ ഞാൻ എത്ര ശ്രദ്ധിച്ചു നോക്കിയിട്ടും ക്രിസ്തുവിനെ ഈ ഭാഗത്തു കണ്ടില്ല. ഒരു യാഗത്തെക്കുറിച്ചു പറയുന്നു എന്നതു സത്യം തന്നെ. പക്ഷെ ഈ യാഗത്തിനു ക്രിസ്തുവിൻറ്റെ യാഗവുമായി സത്യത്തെക്കാളേറെ വൈരുധ്യങ്ങളാണുള്ളത്
.... ക്രിസ്തുവിൻറ്റെ ക്രൂശു നേരെ നിർത്താൻ പുരുഷ സൂക്തത്തിൻറ്റെയോ വേദത്തിൻറ്റെയോ താങ്ങു വേണ്ടാ.
പ്രജാപതി, പരബ്രഹ്മം, പുരുഷൻ, വിരാട് പുരുഷൻ എന്നിങ്ങനെയുള്ള സങ്കല്പങ്ങളെക്കുറിച്ചു വേദത്തിലും ഉപനിഷത്തിലും പലവിധ വിവരണങ്ങളുമുണ്ട്. ഇങ്ങനെയുള്ളവയെല്ലാം നിർലോപം ഉപയോഗിക്കുകയും ഇടക്കിടക്കു ബൈബിൾ വാക്യങ്ങൾ ഉപയോഗിക്കുകയും ചെയ്ത് ഒരു പ്രയോഗമങ്ങു നടത്തുകയാണ്- മോഡസ് ഓപ്പറാണ്ടി"
Christ In Ancient vedas എഴുതിയ ജോസഫ് പടിഞ്ഞാറെക്കര 'മുക്തിമാർഗ്ഗ' ത്തിൽ എഴുതി:--
"ഈ ഭാഗങ്ങളിൽ വ്യക്തമായി കാണുന്ന ചില കാര്യങ്ങൾ കുറിക്കുന്നു
(1)യാഗമായി അർപ്പിക്കപ്പെടുന്നവൻ പുരുഷനാണ്
(2)ദേവന്മാരും ഋഷിമാരുമാണ് ഈ പുരുഷനെ യാഗം കഴിക്കുന്നത്
.... ഇവിടെ പ്രതിപാദിക്കപ്പെടുന്ന പുരുഷൻ സാക്ഷാൽ പ്രജാപതിയല്ല ദൈവം തന്നെയാണെന്ന് പുരുഷന്റ്റെ വിശേഷണങ്ങളിൽ നിന്നു നമുക്കു വ്യക്തമായി മനസ്സിലാക്കാം
.... ഈ പരമയാഗത്തെ കേന്ദ്രീകരിച്ചാണ് പഴയ നിയമ പുസ്തകം എഴുതപ്പെട്ടത്. പുതിയ നിയമഗ്രന്ഥമാകട്ടെ ദൈവം ഭൂമിയിൽ മനുഷ്യനായി വന്ന് ഈ ദിവ്യകാരുണ്യ ബലി അനുഷ്ഠിച്ചതിന്റ്റെ ചരിത്രവും.
സാക്ഷാൽ പുരുഷ പ്രജാപതിയുടെ പരമയാഗമാണ് സുവിശേഷങ്ങളുടെ പ്രതിപാദ്യ വിഷയം. വേദങ്ങൾ പുരുഷനു കൊടുത്തിരിക്കുന്ന നിർവ്വചനം ക്രിസ്തുവിനു മാത്രമേ ചേരുകയുള്ളു
..... (I)മുമ്പേ ജനിച്ചവൻ പുരുഷൻ
(2)പൂർണതയുള്ളവൻ ആരോ അവൻ പുരുഷൻ
(3)സകലതിനും മുമ്പേ പാപങ്ങളെ ദഹിപ്പിച്ചില്ലാതാക്കുന്നവൻ (പൂർവ്വോ ജാത: പുരുഷ:, പൂർണത്വാദ് പുരുഷ:, സയത് പൂർവ്വോ അസ്മാത് സർവ്വാസ്മാത് സർവ്വാൻ പാപ്മന ഔഷത് തസ്മാത് പുരുഷ:"
അങ്ങനെ അതങ്ങൊപ്പിച്ചു. ടി.എസ് ബാലൻ പറഞ്ഞതിലപ്പുറം എന്തെഴുതാൻ? ആചാര്യ നരേന്ദ്രഭൂഷൺ 'പുരുഷ'നെപ്പറ്റി ആർഷ നാദത്തിൽ വിവരിക്കുന്നു
"ഏതു നിരുക്തി പ്രകാരമാണു പൂർണതയുള്ളവൻ, 'പുരുഷ' നാകുന്നത്?... പൂർണതയുള്ളവൻ പുരുഷൻ എന്നൊരു പദസിദ്ധി സംസ്കൃതത്തിലില്ല
.... മത്തായി എന്ന പേര് മന്ഥര പർവ്വതത്തിൻറ്റെ പര്യായമാണെന്നു പറഞ്ഞാൽ ഇതിലും ചേരും. പാലാഴി മഥനത്തിൽ മന്ഥരമെന്തായി എന്നു ചോദിച്ചപ്പോൾ 'മത്ത്' ആയി എന്നു പറഞ്ഞത് മത്തായി എന്നു കേട്ട് പാലാഴി കടഞ്ഞത് മത്തായിയാണെന്നും അടുത്ത ലക്കത്തിൽ പറഞ്ഞു പിടിപ്പിച്ചേക്കും.
വൈദിക സംസ്കൃതത്തിൽ അഗ്നിക്ക്, തീ എന്ന് അപ്രധാനമായ അർത്ഥമേയുള്ളു. നയിക്കുന്നത്, പ്രകാശപൂർണ്ണമായത് - എല്ലാം അഗ്നിയാണ്. നേതാവും അഗ്രണിയും അഗ്നിയാണ്. ഇതു പോലെ പുരുഷന് ആണെന്നോ പെണ്ണെന്നോ ആത്മാവെന്നോ ഈശ്വരനെന്നോ അർത്ഥം പറയാം, സന്ദർഭം നോക്കിയേ പറയാവൂ. പുരിശേതേ-- പുരിയിൽ ശയിക്കുന്നവൻ-- പുരുഷനാണ്.
അങ്ങനെ സർവ്വ വ്യാപിയായി ഏതെങ്കിലും പുരിയിൽ ശയിക്കുന്ന ചൈതന്യമാണ് പുരുഷൻ. ശരീരത്തിനെ എട്ടു ചക്രങ്ങളും ഒൻപതു ദ്വാരങ്ങളുമുള്ള പുരിയായിട്ടത്രേ വേദം വർണിക്കുന്നത്. അതിനാൽ സർവ്വത്ര വ്യാപിച്ചിരിക്കുന്ന ചൈതന്യമാണ് പുരുഷൻ. അതു ജീവാത്മാവ്. 'പുരുഷഏവേദം സർവ്വം' എന്നു പുരുഷ സൂക്തത്തിൽ പറയുന്ന പുരുഷൻ പരമാത്മാവ്. ജഗത്താകുന്ന പുരിയിൽ സർവ്വത്ര വ്യാപിച്ചിരിക്കുന്നതിനാൽ ഈശ്വരൻ പുരുഷനാകുന്നു ....... പശുവും എരുമയും പോലും, അവരും പൂർണത്വമുണ്ട്-- എരുമ, എരുമ എന്ന നിലക്കു പൂർണം. ഈ പൂർണതയല്ല പുരുഷത്വമെന്നു മനസിലാക്കുക"
പടിഞ്ഞാറെക്കരയുടെ വാചകം വീണ്ടും നോക്കാം.
"സഹസ്രശീർഷ പുരുഷ: എന്നാരംഭിക്കുന്ന പുരുഷസൂക്തം ഉദ്ധരിച്ചുകൊണ്ട് ഈ ഭാഗത്തെ നാംചിന്തിച്ചു കഴിഞ്ഞു. ഭൂമിയിൽ മനുഷ്യ രൂപമെടുത്തു തന്നെത്താൻ താഴ്ത്തിയ യേശുവിൽ പുരുഷന്റ്റെ ഈ സവിശേഷതകൾ മുഴുവനും നിറവേറ്റിയിരിക്കന്നു ..... യാഗമൃഗത്തെ മരത്തോടു ചേർത്തു കെട്ടണമെന്നു പുരുഷ സൂക്തം പറയുന്നു- യേശുവിനെ മരക്കുരിശിൽ തറച്ചു"
മനസ്സാകുന്ന യൂപത്തിൽ പുരുഷനെ ഉറപ്പിച്ചു നിർത്തിക്കൊണ്ട് നടത്തിയ സൃഷ്ടിയജ്ഞത്തെ മുമ്പു വിവരിച്ചുവല്ലോ! ക്രുശിച്ചതു യൂപ ബദ്ധനാക്കലായിരുന്നു എങ്കിൽ- അക്കാലത്ത് തൂണിൽ കെട്ടിയ കുറ്റവാളികളെയും മൃഗങ്ങളെയും വേദത്തിലെ പ്രജാപതിമാർ എന്നു പറയേണ്ടി വരും.
തുടരും.........
Prasannan Unnithan "ആര്യ വേദത്തിലെ ക്രിസ്തു"
പരമ്പര - ഖണ്ഡം(9)
""""""""""""""""""""""""""""""""""""""""""""""""""
കോശി ഏബ്രഹാം, ജോസഫ് പടിഞ്ഞാറെക്കര, പോട്ടയിലെ പ്രഭാഷകൻ അരവിന്ദാക്ഷ മേനോൻ- ഇവർക്കൊപ്പം പലരും ഈ രംഗത്തു സജീവമായിരുന്നു.
ഈ നീക്കം ദോഷം ചെയ്യുമെന്ന തിരിച്ചറിവും ചിലർക്കുണ്ടായി. തിരുവല്ലയിൽ നിന്നും ഇറക്കുന്ന പെന്തക്കോസ്തൽ ദൈവാരികയായ മരുപ്പച്ച ഇതെപ്പറ്റി എഴുതി:
"ഐ.പി.സി യുടെ സൺഡേ സ്കൂൾ പാഠപുസ്തകത്തിൽ പ്രജാപതിയെ ഉൾപ്പെടുത്തിയിരിക്കുന്നതിൽ പ്രതിഷേധം വർദ്ധിക്കുന്നതിനാൽ ഉടൻ തന്നെ പാഠ പുസ്തകത്തിൽ നിന്നും പ്രജാപതിയെ നീക്കംചെയ്തേക്കുമെന്നറിയുന്നു.
സൺഡേ സ്കൂൾ ഉദ്ഘാടന സമ്മേളനത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ.സി.ജോൺ, സൺഡേ സ്കൂൾ പാഠ പുസ്തകത്തിൽ നിന്നും പ്രജാപതിയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതും സൺഡേസ്കൂൾ അസോസിയേഷനെ അസ്വസ്ഥമാക്കി.
സഭാജനങ്ങളുടെ എതിർപ്പു ശക്തിപ്പെട്ടു വരുന്ന സാഹചര്യത്തിൽ പ്രജാപതി വിഷയത്തിൽ എത്രയും പെട്ടെന്നു തീരുമാനമെടുക്കാനുള്ള നീക്കങ്ങളുള്ളതായി അറിയുന്നു"
(മരുപ്പച്ച 5.2.1998)
"സാക്ഷാൽ പ്രജാപതി ആർ?" "ഓം ശ്രീ നാരായണായ നമ:" എന്ന ലഘു ലേഖയുടെ കർത്താവ് ഇവാൻജലിസ്റ്റ് സി.പി ജോസ് തറപ്പിച്ചു പറയുന്നു, വേദത്തിലെ പ്രജാപതി യേശു തന്നെ എന്ന്.
നാരായണൻ എന്നാൽ വെള്ളത്തിൻ മീതേ നടന്നവൻ, അതായത് യേശു. 'നമ:' എന്നു വേണ്ടിടത്ത് 'നമഹ:' എന്നാണു കാണുന്നത്. ഒരിടത്താണെങ്കിൽ അച്ചടിപ്പിശകു പറയാം. തെറ്റുകൾ വേറെയുമുണ്ട്.
സംസ്കൃതത്തിൻറ്റെ കാര്യം നിൽക്കട്ടെ, മലയാളം പോലും അറിയാത്തയാളാണ് ലഘുലേഖ ഇറക്കിയത് എന്നു തോന്നി. കൈ വച്ചതോ? വേദത്തിൽ. ആകാശത്തു പരുന്തു പറക്കുന്നുന്നതു കണ്ട് പിടക്കോഴി പറക്കും പോലെ.
"ഓം ശ്രീ നാരായണായ നമ:= വെള്ളത്തിൻ മീതേ നടന്നവനെ വാഴ്ത്തുക-- യേശു വെള്ളത്തിൻ മീതേ നടന്നു" ഇതാണു ലഘുലേഖയിലെ വാചകം.
വെള്ളത്തിനു മുകളിലൂടെ നടന്ന നിരവധി പേരുടെ കഥകൾ കേട്ടിട്ടുണ്ട്. അവരൊന്നും നാരായണന്മാരല്ല. മാത്രമോ? നാരായണൻ എന്നാൽ വെള്ളത്തിനു മുകളിൽ നടന്നവൻ എന്നല്ല അർത്ഥം.
നാരo (ജലം) ആശ്രയ സ്ഥാനമായവൻ ആണ് നാരായണൻ. പാലാഴിയിൽ അനന്തശയനം ചെയ്യുന്നവനാണു നാരായണൻ.
"സാക്ഷാൽ പ്രജാപതി ആർ? യേശു ക്രിസ്തു" ഇങ്ങനെ ചോദ്യവും ഉത്തരവും അടങ്ങുന്നതാണു ലഘുലേഖ.
പ്രജാപതിയെ പറ്റി നിത്യ ചൈതന്യ യതി എഴുതി
"ഇവിടെ വിശപ്പായി വന്നിരിക്കുന്നത് വ്യക്തിയുടെ വിശപ്പു മാത്രമായിട്ടല്ല, വിശ്വത്തിൻറ്റെ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിശപ്പായിട്ടാണ്. അതുകൊണ്ടതിനെ വൈശ്വാനരാഗ്നി എന്നു വിളിക്കുന്നു. ആ വിശപ്പിൻറ്റെ നിറവേറലായിട്ടാണ് പ്രജാപതി വന്നത്.
ഏതു ജീവ ശരീരത്തെയും പ്രജ എന്നു വിളിക്കാം. പ്രകർഷേണ ജാതമാകുന്നതു പ്രജ. മരണം അതിന്റ്റെ വിശപ്പാകുന്ന വായ തുറക്കുമ്പോഴൊക്കെ ആ വിശപ്പിനെ അടക്കാൻ പ്രജനനം ഉണ്ടാകണം. വിശപ്പിനെ ആഹാരം കൊണ്ടsക്കിയാൽ ആ ആഹാരത്തെ വിശപ്പ് ഇന്ധനമായി എരിച്ചുകളയും. അപ്പോൾ പിന്നെയും വിശപ്പു വരും.
അങ്ങനെ പ്രപഞ്ച സംവിധാനത്തിനു വിശപ്പും പ്രജനനവും, അതായത് വൈശ്വാനരനും പ്രജാപതിയും ഒന്നിടവിട്ടു വന്നുകൊണ്ടിരിക്കണം. അതു കൊണ്ടു മരണം നിത്യമല്ല, പ്രജനനവും നിത്യമല്ല"
പ്രജാപതി എന്ന പദം കണ്ടപ്പോൾ കുറെ ആളുകളുടെ നേതാവെന്നോ രാജാവെന്നോ ആണ് ഇവരൊക്കെ ധരിച്ചത്.
പ്രജാപതി പ്രപഞ്ച സൃഷ്ടിക്കു കാരണമായ മഹത്തമമാണ്, ഒരു വ്യക്തിയല്ല, പ്രപഞ്ചം ഒടുങ്ങുന്ന അവസ്ഥ വൈശ്വാനരനും. വിശപ്പ്, ആഹാരം, ദഹനം, വീണ്ടും വിശപ്പ്. പ്രപഞ്ച സംവിധാനവുംഇതു തന്നെ.
നാമരൂപങ്ങളുള്ള പ്രപഞ്ചം ഉണ്ടാകുന്നു, വികസിക്കുന്നു, നാമരൂപങ്ങളടങ്ങി ഉപശമിക്കുന്നു. ( ഇല്ലതെയാകുന്നു) ഇതാണ് ബ്രഹ്മാ- വിഷ്ണു- മഹേശ്വര (ത്രിമൂർത്തി) സങ്കല്പവും.
സൃഷ്ടിക്കു മുമ്പ് ഒരു ശക്തി [ഊർജ്ജം] അഥവാ ഈശ്വരൻ മാത്രമേ ഉണ്ടായിരുന്നുള്ളു. സൃഷ്ടിക്കുവേണ്ടിയുള്ള ഇഛ സൃഷ്ടിച്ച കമ്പനം ആ ശക്തിയെ നാമരൂപങ്ങളാക്കി. ഈ കമ്പനത്തെ താണ്ഡവം എന്നോ BlG BANG എന്നോ വിളിക്കാം.
പ്രപഞ്ചം ഉണ്ടായിട്ട് 196 കോടി കൊല്ലങ്ങൾ എന്നാണ് ഭാരതീയ സിദ്ധാന്തം. ആധുനിക ശാസ്ത്രം 250 കോടി വരെ പറയുന്നു, ബൈബിൾ വെറും 6000 കൊല്ലവും.
പ്രപഞ്ച ആയുസ് 1000 ചതുർ യുഗങ്ങളാണ്. ഒരു ചതുർയുഗം= 4320000. ആയിരം ചതുർയുഗം = 4320000000. ഇതിൽ 196 കോടി കഴിഞ്ഞു.
എവിടെയെങ്കിലും ജനിച്ച ഒരു രാജാവോ നേതാവോ നാടുവാഴിയോ അല്ല പ്രജാപതി എന്നാണ് എഴുതിയതിൻറ്റെ താല്പര്യം.
തുടരും......
Prasannan Unnithan
"ആര്യ വേദത്തിലെ ക്രിസ്തു"
പരമ്പര-- ഖണ്ഡം(10)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
തങ്ങൾ ജന്മം കൊണ്ടോ യാദൃശ്ചികമായോ ഉൾപ്പെടുന്ന മതത്തിലേക്കു മറ്റുള്ളവരെയും മാറ്റിയെടുക്കുന്ന കാര്യത്തിൽ സെമിറ്റിക് മതക്കാർ അമിതാവേശം കാണിക്കുന്നു.
ആത്മീയത ഇല്ലാത്തവരെ ബോധവൽക്കരിക്കുന്നതിൽ തെറ്റില്ല. പക്ഷെ മതവിശ്വാസികളെ തന്നെ തങ്ങളുടെ മതത്തിലേക്കു മാറ്റി എടുക്കുക എന്ന നീച കൃത്യമാണു നൂറ്റാണ്ടുകളോളം ലോകമെങ്ങും നടന്നത്, ഇപ്പോഴും നടക്കുന്നത്. കണക്കില്ലാത്തത്ര യുദ്ധങ്ങളും കൂട്ടക്കുരുതികളും ഇതുണ്ടാക്കി.
ഇന്ത്യയിലെ അഹിന്ദുക്കൾ എന്നറിയപ്പെടുന്നവർ എല്ലാം തന്നെ ഇങ്ങനെ മതം മാറ്റപ്പെടവരാണ്. മുഗൾ, ബ്രിട്ടീഷ് വാഴ്ച്ചയുടെ കാലം കഴിഞ്ഞിട്ടും ക്രൈസ്തവ- ഇസ്ലാം വിഭാഗങ്ങൾ മത പരിവർത്തന രംഗത്ത് ഇന്നും സജീവമാണ്.
ലക്ഷ്യ പ്രാപ്തിക്കായി എന്തു കുപ്രചരണം നടത്താനും ഇവർക്കു മടിയില്ല. ഗഹനമായ തത്വങ്ങളും സനാതന മൂല്യങ്ങളും അടങ്ങുന്ന വേദ മന്ത്രങ്ങളും ഉപനിഷത് വാക്യങ്ങളും ഗീതാ ശ്ലോകങ്ങളും യേശുവിനെ മനസ്സിൽ കണ്ടു കൊണ്ടു മഹർഷിമാർ നടത്തിയ പ്രാർത്ഥനകളാണെന്നു നോട്ടീസും പുസ്തകവും കാസറ്റുമിറക്കി പ്രചരിപ്പിക്കാൻ പോലും ഇവർ മടിച്ചില്ല.
ഈ നാട്ടിൽ ജനിച്ചു ജീവിക്കുന്നവർ, എന്തോ കാരണത്താൽ മതം മാറിപ്പോയി എന്നതുകൊണ്ട് പെറ്റ നാടിന്റ്റെ സ്വത്വത്തെയും പൂർവ്വികരെയും മാന ബിന്ദുക്കളെയും വെറുക്കുന്നതു കഷ്ടമാണ്. ഇതിനു 'തന്തയെ തള്ളിപ്പറയുക' എന്നു പറയാറുണ്ട്. ഇതിനു പ്രേരണ ഒരു മതമാണെങ്കിൽ ആ മതം ഒട്ടും മാന്യത അർഹിക്കുന്നില്ല.
ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് ചില സഭകൾ മതപരിവർത്തനം ലക്ഷ്യമാക്കി ഒട്ടേറെ പരിപാടികൾ നടത്തിയിരുന്നു. പ്രധാന ക്ഷേത്രങ്ങളുടെ കവാടത്തിൽ പ്രസംഗവും ലഘുലേഖ വിതരണവും പതിവായിരുന്നു.
പതിനായിരങ്ങൾ കൂടുന്ന ഏറ്റുമാനൂർ ഉത്സവ പറമ്പിൽ ഈ പരിപാടി കണ്ട് ചട്ടമ്പിസ്വാമികൾ ഇടപെട്ട് ഏറ്റുമാനൂരിനു വടക്ക് കാളികാവ് നീലകണ്ഠപ്പിള്ളയെയും തെക്ക് SNDP യോഗം ശമ്പളം നൽകി കരുവാ കൃഷ്ണനാശാനെയും മതപ്രസംഗക്കാക്കി.
ഇക്കാലത്താണ് കുമാരനാശാൻ മതപരിവർത്തന രസവാദം എഴുതിയത്. ഈഴവരുടെ ഇടയിലെ മതം മാറ്റം തടയാൻ യോഗം മുഖപത്രമായ വിവേകോദയത്തിൽ സെക്രട്ടറി കുമാരനാശാൻ ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതി.
"ഇപ്പോൾ ചെങ്ങന്നുർ മുതലായ വടക്കൻ താലൂക്കുകളിൽ ക്രിസ്തീയ സമുദായക്കാർ അഭൂതപൂർവ്വമായ ഉത്സാഹത്തോടുകൂടി പ്രസംഗങ്ങൾ, പ്രാർത്ഥനകൾ, നൃത്തങ്ങൾ മുതലായവ നടത്തി വരുന്നു ...... നമ്മുടെ പാവപ്പെട്ട സഹോദരങ്ങളിൽ പലരും മതപരിവർത്തനം ചെയ്യാൻ നിശ്ചയിച്ചതായും അറിഞ്ഞപ്പോൾ ഞങ്ങൾക്കുണ്ടായ വ്യസനം എത്രമാത്രമാണെന്നു പറഞ്ഞറിയിക്കാൻ പ്രയാസം"
(മുഖപ്രസംഗത്തിൽ നിന്ന്)
"ഞങ്ങൾ വിവരം ഹിന്ദു മത പ്രസംഗകനായ കരുവ കൃഷ്ണനാശാനവർകളെ തെര്യപ്പെടുത്തുകയും അതനുസരിച്ച് അദ്ദഹം ചെങ്ങന്നൂർ എത്തി മത പരിവർത്തനം ചെയ്യാൻ ഉറച്ചിരുന്ന പലരെയും കൃഷ്ണനാശാൻ അവർകൾ പറഞ്ഞതനുസരിച്ച് ഭസ്മം ധരിപ്പിക്കുകയുണ്ടായി എന്നുകൂടി അറിയുന്നത് സമുദായ സ്നേഹികളായ സകലർക്കും സന്തോഷ പ്രദം ആയിരിക്കുമല്ലോ"
(വിവേകോദയം 1084 മേടം- ഇടവം)
"ഇത്തരം ഒരു മതംമാറ്റം പൂഞ്ഞാർ ഇടവകയുടെ കീഴിലുള്ള ഈഴവരുടെ ഇടയിൽ ഉണ്ടാകാൻ പോകുന്നതായി അറിയുന്നതിനാൽ ഞങ്ങൾ വ്യസനിക്കുന്നു. സാമാന്യം സ്വത്തു ശേഷിയുള്ള മുന്നൂറു കുടുംബക്കാർ ക്രിസ്ത്യാനികളാകുവാൻ തീർച്ചയാക്കിയിരിക്കയാണത്രെ"
(വിവേകോദയം 1087 മിഥുനം)
"ചില തറവാടുകളും കരകളും സംഘങ്ങളും ഒന്നായി തന്നെ ക്രിസ്തുമതം സ്വീകരിച്ചതായി എത്രയോ ദൃഷ്ടാന്തങ്ങളുണ്ട്! ഏതായാലും നമ്മുടെ മതത്തെപ്പറ്റി വിവരമായ അറിവുണ്ടെങ്കിൽ ഒരുത്തനും മതം മാറാൻ ധൈര്യപ്പെടുകയില്ലെന്നള്ളതു നിശ്ചയമാണ് "
(വിവേകോദയം1084 മകരം)
നെയ്യാറ്റിൻകര ഭാഗത്ത് ഈഴവരുടെ ഇടയിൽ മതം മാറിയവരും മാറാത്തവരും തമ്മിൽ വഴക്കു പതിവായി. ഈഴവ ക്രിസ്ത്യാനികളുടെ നേതാക്കളെയെല്ലാം നാരായണ ഗുരു സ്വാമികൾ ഇടപെട്ട് വീണ്ടും ഹൈന്ദവ ഈഴവരാക്കി. അദ്ദേഹം അവർക്കായി ക്ഷേത്രങ്ങളും നിർമ്മിച്ചു കൊടുത്തു.
"നെയ്യാറ്റിൻകര താലൂക്കിൻറ്റെ തെക്കും പടിഞ്ഞാറും അതിർത്തികളിലുള്ള ചില ഈഴവ കുടുംബക്കാർ ജാപ്പാണത്തു പിള്ളമാരെ പോലെ ഉള്ളിൽ ക്രിസ്ത്യാനികളും വെളിയിൽ ഹിന്ദുക്കളുമായി നടന്നു വന്നു. അങ്ങനെയുള്ളവരെ മേലിൽ അടിയന്തിരങ്ങളിൽ കൂടി നടത്തുകയില്ല എന്നു നമ്മുടെ യോഗാംഗങ്ങളായ ആ സ്ഥലങ്ങളിലെ യോഗ്യന്മാർ ബലമായി വാദിക്കയും ആ വാദം നടപ്പിൽ കൊണ്ടുവരാൻ ആരംഭിക്കുകയും ചെയ്യുന്നതായി അറിയുന്നു. അന്യ മത വിശ്വാസത്തെ അവർ രേഖാമൂലം ഉപേക്ഷിക്കുന്നതായാൽ കൂടി നടത്തുവാൻ വിരോധമില്ലെന്നാണ് സ്വാമി അവർകളുടെ ഉത്തരവ്"
(വിവേകോദയം ലക്കം 2)
ഇക്കാലത്താണ് ചട്ടമ്പിസ്വാമികൾ 'ക്രിസ്തുമത ഛേദനം' എഴുതിയത്. സന്യാസിയും പരിത്യാഗിയുമായ സ്വാമി യേശുവിനോടോ മതത്തോടോ ശത്രുതയുണ്ടായിട്ട് ഇതെഴുതി എന്നു പറഞ്ഞുകൂടാ. ഇന്നാട്ടുകാർ തന്നെ സ്വന്തം പൈതൃകത്തെ ആക്ഷേപിക്കുന്നതു കണ്ട് സഹികെട്ടുണ്ടായ ധർമ്മ രോഷമാണദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചത്.
തുടരും.......
Prasannan Unnithan
"ആര്യ വേദത്തിലെ ക്രിസ്തു"
പരമ്പര-ഖണ്ഡം(11)
"""""""""""""""""""""""""""""""""""""""""""""""
ക്രിസ്തുമത പ്രചരണത്തിന് ഒരു തോമസ് പുണ്യവാളൻ കേരളത്തിൽ വന്നത് കൊല്ലവർഷം അമ്പതാം ആണ്ടിലാണെന്നു കരുതാം, അതായത് 1040 കൊല്ലം മുമ്പ്.
യേശു ശിഷ്യനായ തോമസ് കേരളത്തിൽ ഏഴര പള്ളികൾ സ്ഥാപിച്ചു എന്നതു വിശ്വാസം മാത്രം, ചരിത്രപരമല്ല. ശ്രദ്ധേയമായ ചില കാര്യങ്ങൾ നോക്കാം
(1)326 ൽ കോൺസ്റ്റൻറ്റയിൻ രാജാവ് നിക്യ സുനഹദോസിൽ വച്ച് സ്വാതന്ത്ര്യം നൽകും വരെ യേശുവിൻറ്റെ അനുയായികൾ ഒളിവിൽ കഴിയുകയായിരുന്നു. അക്കാലത്ത് മതത്തിൻറ്റെതായ ചട്ടക്കൂടോ പള്ളികളോ രൂപപ്പെട്ടിരുന്നില്ല, കുരിശാരാധനയും തുടങ്ങിയില്ല.
(2)അടുത്ത കാലം വരെ--ചിലേടത്ത് ഇപ്പോഴും-- പള്ളികളിൽ കൊല്ല വർഷമാണ് ആഘോഷങ്ങൾക്കും മറ്റും ഉപയോഗിച്ചു വന്നത്. അതായത് ഒന്നാം നൂറ്റാണ്ടിൽ തോമസ് പുണ്യവാളൻ വന്നു എന്ന വിശ്വാസത്തിന് അവലംബം കൊല്ലവർഷം 50 ൽ വന്ന ഒരു തോമസ് പുണ്യവാളൻ ആയിരിക്കണം.
(3)റമ്പാൻ പാട്ടിലെ ചില വരികൾ-
"അറിവിൻ പറവെൻ മിശിഹാക്കാലം
അൻപതു ധനുവം രാശിയതിൽ"
"കപ്പലിൽ യാത്രയവർ ചെയ്തു
തർക്കം കൂടാതമ്പത്തൊന്നാം
ധനുവിൽ മാല്യങ്കരെ വന്നു"
"സ്ഥാപിച്ചു താനവിടത്തിൽ
അമ്പത്തൊമ്പതു കന്നിയുടന്ത്യം
ചോഴൻറ്റാളും വന്നെത്തി"
കൊല്ലവർഷം 50 ലാണ് സുവിശേഷകൻ തോമസ് വന്നതെന്ന് ഈ വരികൾ വിളിച്ചു പറയുന്നു.
കേരളത്തിലെ ആദികാല ക്രൈസ്തവർ പള്ളിയിൽ പോകും, ആരാധന നടത്തും, എന്നാൽ മറ്റു കാര്യങ്ങളിൽ പൊതു സമൂഹത്തിൻറ്റെ ഭാഗമായിരുന്നു. ഉടുപ്പു നടപ്പിലും ജീവിത ക്രമത്തിലും നാട്ടാചാരങ്ങളിലും മൂല്യ ബോധത്തിലും അവരെ തിരിച്ചറിയാൻ പറ്റിയിരുന്നില്ല.
ഈ സമൂഹത്തെ പൊതു ധാരയിൽ നിന്നും അടർത്തി മാറ്റാനാണ് ഉദയംപേരൂർ സുനഹദോസിൽ ശ്രമിച്ചത്. പോർട്ടുഗീസുകാർ ഇവരുടെ പാർത്രിയർക്കീസ് അഹത്തുള്ളയെ വധിച്ചതിനെതിരെ നടത്തിയ ഐതിഹാസികമായ വിളംബരമായിരുന്നു 'കൂനൻ കുരിശു സത്യം'.
മലയാളിയായ ആദ്യത്തെ കർദ്ദിനാളായിരുന്നു ജോസഫ് പാറെക്കാട്ടിൽ തിരുമേനി. ഇന്ത്യൻ ക്രൈസ്തവർ ഭാരതവൽക്കരിക്കണം എന്നദ്ദേഹം ആഹ്വാനം ചെയ്തു.
കത്തോലിക്ക പള്ളികളിൽ ഒട്ടേറെ ചിട്ടകൾ ഇതിനായി അദ്ദേഹം ഏർപ്പെടുത്തി. എന്നാൽ അദ്ദേഹം തുടക്കമിട്ട പരിഷ്കാരം പിന്നാലെ വന്നവർ ഏറ്റെടുത്തില്ല.
ക്രിസ്തുമത പ്രചരണം ഇന്ത്യയിൽ താരതമ്യേന അക്രമ രഹിതമായാണു നടന്നത് എന്നു പറയാം.
(ഗോവയിൽ ക്ഷേത്രങ്ങൾ തകർക്കുകയും, പതിനായിരങ്ങളെ കൊന്നൊടുക്കുകയും ചെയ്ത St: Francis Xaviour നെ മറന്നു എന്നല്ല ഇതിനർത്ഥം)
നയപരമായ ഇടപെടലിലൂടെ ആകർഷിച്ച് മാർഗ്ഗംകൂട്ടി എടുക്കുകയും അങ്ങനെ മാറ്റപ്പെട്ടവരെക്കൊണ്ട് ക്ഷേത്രങ്ങൾ പള്ളികളായി മാറ്റുകയും ചെയ്തിട്ടുണ്ട്.
എല്ലാ ക്ഷേത്രങ്ങളിലും വിദൂര സ്ഥലങ്ങളിൽ നിന്നും ഭക്തജനം എത്തുന്നു, ദേവതയുടെ വ്യത്യാസം നോക്കാതെ എല്ലായിടത്തും അങ്ങോട്ടുമിങ്ങോട്ടും പോകുന്നു, ആരാധന ചെയ്യുന്നു.
എന്നാൽ സാധാരണ ക്രിസ്ത്യൻ പള്ളികളിൽ ഇങ്ങനെ അകലെ നിന്നും ആരാധകർ വരാറില്ല. അതത് ഇടവകയിലെ അംഗങ്ങൾ മാത്രമേ ആരാധനക്കു വരൂ. അന്യ ഇടവകയിലോ മറ്റു സഭയിലോ പെട്ട അയൽവാസി പോലും വരികയില്ല.
എങ്കിലും ദൂരെ നിന്നും ഭക്തരെ ആകർഷിക്കുന്ന ചില പള്ളികളുമുണ്ട്-- എടത്വ, മണർകാട്, പാലയൂർ, കൊരട്ടി, പിറവം, ഇടപ്പള്ളി, മലയാറ്റൂർ, പുതുപ്പള്ളി, അർത്തുങ്കൽ, പരുമല, മഞ്ഞിനിക്കര, വേളാങ്കണ്ണി തുടങ്ങിയവ.
ഇത്തരം ദേവാലയങ്ങളിൽ മുഖ്യ ദേവത യേശുവായിരിക്കില്ല- മുത്തപ്പൻ, മുത്തി, മാതാവ്, പുണ്യവാളൻ, തിരുമേനി- ഇങ്ങനെ സങ്കല്പങ്ങളുള്ളതും വിഗ്രഹ പൂജാരീതി ഉള്ളവയുമായിരിക്കും. അല്ലെങ്കിൽ മരിച്ചു പോയ പുരോഹിതൻറ്റെ പേരിൽ.
'പള്ളിക്കലകളും മറ്റും' എന്ന പുസ്തകം പറയുന്നു:
"ക്ഷേത്രങ്ങൾ പള്ളികളാക്കി മാറ്റിയതിൻറ്റെ ഉദാഹരണങ്ങളും പള്ളിപ്പുരാണങ്ങളിൽ സുലഭമാണ്. പാലയൂർ ശാപക്കാട് പള്ളിയിലും പറവൂർ കോട്ടക്കാവ് പള്ളിയിലുമുള്ള ഹൈന്ദവ പൂജാ വിഗ്രഹങ്ങളും അകപ്പറമ്പ് കുണ്ടറ ഏനാമാവ് പള്ളികളിലെ ലിംഗ യോനികളും ഏനാമാവു പള്ളിയിലെ പ്രണാളവുമൊക്കെ ഈ ഐതിഹ്യങ്ങൾക്കു വിശ്വാസ്യത കൂട്ടുന്നുണ്ട്.
അന്യ മത ദേവാലയങ്ങൾ ക്രൈസ്തവീകരിക്കേണ്ടത് എങ്ങനെയെന്ന് മഹാനായ ഗ്രിഗറി മാർപ്പാപ്പാ അഗസ്റ്റിനെഴുതിയ ഒരെഴുത്തിൽ വിശദീകരിക്കുന്നു.
ക്ഷേത്രങ്ങൾ ഇടിച്ചു നിരത്തരുത്. അവയിലെ വിഗ്രഹങ്ങൾ നശിപ്പിക്കുക, ക്ഷേത്രങ്ങളെ അന്ന വെള്ളം തളിച്ചു ശുദ്ധീകരിക്കുക, തിരുശേഷിപ്പുകൾ സ്ഥാപിച്ച ശേഷം അവയെ സത്യ ദൈവത്തിന്റ്റെ ക്ഷേത്രങ്ങളായി തുടരാൻ അനുവദിക്കുക. ജനങ്ങൾ പതിവായി കൂടിയിരുന്ന സ്ഥലം അങ്ങനെ മാറ്റാതെ കഴിക്കാം" (പള്ളിക്കലകളും മറ്റും: Prof. George Menassery, EiphaI Books Trissur)
ആയിരം കൊല്ലത്തോളം ഭാരതീയർ അടിമകളായിരുന്നു.പല യജമാനന്മാർ മാറി മാറി വന്നു. ഒടുവിലത്തെ യജമാനൻ ബ്രിട്ടീഷുകാർ.
സത്യ ദൈവം, ജീവനുള്ള ദൈവം, രക്ഷാ വഴി തുടങ്ങിയ വാഗ്ദാനങ്ങൾ സാമ്പത്തികമായും ഭരണപരമായും ബൗദ്ധികമായും അടിമ സമൂഹത്തെ സ്വാധീനിച്ചു.
ഭാരതീയ സങ്കല്പത്തിൽ ചിരഞ്ജീവികളാണ് (അമരന്മാർ) അശ്വത്ഥാമാവ്, മഹാബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപാചാര്യർ, പരശുരാമൻ, മാർക്കണ്ഡേയൻ ഇങ്ങനെ എട്ടു പേർ.
നാടു ഭരിക്കുന്ന വെളുവെളുത്ത യജമാനന്മാരും അവരുടെ ഇവിടുത്തെ ഇഷ്ടക്കാരും ജീവനുള്ള ദൈവത്തെ നീട്ടിത്തന്നപ്പോൾ ചിരഞ്ജീവികളെ സൃഷ്ടിച്ച നാട്ടിലെ ശുദ്ധാത്മാക്കൾ ഇരുകയ്യും നീട്ടി വാങ്ങി. ഒന്നു കയ്യിൽ വന്നപ്പോൾ കക്ഷത്തിലിരുന്ന എട്ടെണ്ണം
താഴെപ്പോയി.
തങ്ങൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം(ഇസം) അഥവാ മത ഗ്രന്ഥം മാത്രമാണു ശരിയെന്നും അന്യരുടെ ആചാരങ്ങളും ദർശനങ്ങളും തെറ്റെന്നും ശഠിക്കുന്ന ഭാഷാ പരമോ മതപരമോ സാംസ്കാരികമോ ആയ വിഭാഗത്തെ സെമിറ്റിക് എന്നു പറയുന്നു.
ഇവരുടെ വലയിൽ വീഴുന്നവർ മുൻകാല ജീവിതത്തെ മറക്കുന്നവരും പൈതൃകത്തെ നിന്ദിക്കുന്നവരുമായി തീരുന്നു. ഇതാണ് മതം മാറ്റിപ്പോയ ഭാരത മക്കൾ ഭാരത മാതാവിനെ വെറുക്കുന്നതിനു കാരണം.
തുടരും........
Prasannan Unnithan
"ആര്യ വേദത്തിലെ ക്രിസ്തു"
പരമ്പര- ഖണ്ഡം(12)
"""""""""""""""""""""""""""""""""""""""""""""""""""
പാപം തീരാശാപമായി ലോകാന്ത്യം വരെ മനുഷ്യരാശിയെ പിന്തുടരും എന്നാണു ക്രൈസ്തവ വിശ്വാസം. എല്ലാവരും പാപികളായി ജനിക്കുന്നു, യേശുവിൽ വിശ്വസിക്കുക മാത്രമാണ് ഏക പരിഹാരം.
ഈ വിശ്വാസത്തിൻറ്റെ ബലത്തിലാണ് ഇവർ എന്തിനെയും കാണുന്നത്. ചിരന്തനങ്ങളായ അതി പ്രാചീന കൃതികളെപ്പോലും തള്ളിപ്പറയാൻ മടിക്കാത്തത് ഇതുകൊണ്ടാണ്. കോശി ഏബ്രഹാമിൻറ്റെ ഒരു വാചകം നോക്കാം:-
"യാജ്ഞവൽക്യൻ എന്ന ആര്യ മഹർഷിയുടെ ശുക്ല യജുർവ്വേദത്തിലെ ജ്ഞാന കാണ്ഡമായ ഈശാവാസ്യ ഉപനിഷത്തിൽ ആദ്യ മന്ത്രത്തിൽ ഇങ്ങനെയൊരു നിഷ്കർഷ കാണാം- 'മാഗൃധ: കസ്യസ്വിദ്ധനം'
അന്യൻറ്റെ മുതലിനെ ആഗ്രഹിക്കരുത് എന്നർത്ഥം. സമ്യദ്ധിയുടെ തോട്ടത്തിൽ താമസിക്കാനനുവദിച്ച ശേഷം സ്രഷ്ടാവായ ദൈവം താൻ സൃഷ്ടിച്ച മനുഷ്യനോട് ഇപ്രകാരം പറയുന്നു-
തോട്ടത്തിലെ സകല വ്യക്ഷങ്ങളുടെയും ഫലം നിനക്കു തിന്നാം, എന്നാൽ തോട്ടത്തിനു നടുവിലുള്ള വ്യക്ഷത്തിൻറ്റെ ഫലം തിന്നരുത് "
(ആര്യവേദാന്തത്തിലെ ക്രിസ്തു)
ഈശാവാസ്യ ഉപനിഷത്തിലെ പ്രശസ്തമായ ഈ വാക്യത്തെ ആദമിൻറ്റെ പഴം തീറ്റിയുമായി കൂട്ടിക്കെട്ടാൻ നടത്തിയ ശ്രമം നിസ്സാരമായി തള്ളിക്കൂടാ.
പ്രപഞ്ചം മുഴുവൻ, സകല വസ്തുക്കളിലും ഈശ്വരൻ നിറഞ്ഞു നിൽക്കുന്നു അഥവാ ഈശ്വരൻ തന്നെയാണ് പ്രപഞ്ചം. അതായത് ഈശ്വരനല്ലാതൊന്നുമില്ല എന്നതാണു ഭാരതീയ ദർശനം.
അതിനാൽ സമഷ്ടിയുടെ ഉച്ചിഷ്ടം മാത്രമേ ഭുജിക്കാവൂ എന്നാണു സന്ദേശം. ഒരാൾ ജനിക്കുന്നത് കരയാൻ മാത്രം അറിവോടു കൂടിയാണ്. മറ്റെല്ലാം സമ്പാദിക്കുന്നത് ഇവിടെ നിന്നാണ്. ചാരം മൂടിക്കിടക്കുന്ന സമസ്ത ജ്ഞാനവും കഴിവുകളും പ്രകാശിപ്പിക്കുന്നത് ചുറ്റുപാടാണ്.
പക്ഷി മൃഗാദികൾ ഓരോ വർഗ്ഗത്തിനും അവയ്ക്കു ജനിക്കുമ്പോഴേ സ്വയം സിദ്ധമായ അറിവുകളുണ്ട്. മനുഷ്യ ശിശുവിന് സ്വയം പര്യാപ്തത ഇല്ല. എന്നാൽ പ്രായം കൂടുന്തോറും സമസ്ത ജ്ഞാനവും കൈവരുന്നു.
മുൻ തലമുറകൾ കരുതിവച്ചത് അനുഭവിക്കുന്നതിൻറ്റെ കടം വീട്ടേണ്ടതുണ്ട്. ഈ കടം വീട്ടലാണ് ഉച്ചിഷ്ടം ഭുജിക്കൽ. അതായത് സമൂഹത്തിൻറ്റെ ആവശ്യം കഴിഞ്ഞു ബാക്കി. അതിനാൽ കഴിവിൻറ്റെ പരമാവധി സമൂഹത്തിനു വേണ്ടി തന-മന-ധന പരമായ അർപ്പണം ചെയ്യണം എന്നർത്ഥം.
'മാഗൃധ: കസ്യസ്വിദ്ധനം' എന്ന മഹനീയ തത്വം, ഒരു മരത്തിലെ പഴം തിന്നരുതെന്നു വിലക്കിയ സന്ദർഭത്തിനു തുല്യമല്ല. അന്യൻറ്റെ മുതലിനെ ആഗ്രഹിക്കലല്ലിത്. ഈശ്വരനെ അന്യനായിട്ടാണോ കാണേണ്ടത്?
നന്മ-തിന്മകൾ എന്തെന്നറിയാത്ത പുതു ജന്മങ്ങളോട് ഇതു മാത്രം തിന്നരുത് എന്നു നിർദ്ദേശിച്ചത് അതു തിന്നാൻ പ്രേരണ നൽകലല്ലേ?
ദൈവം അവരെ പരീക്ഷിച്ചതാണ്. പരീക്ഷ, പഠിപ്പിച്ചിട്ടു വേണമായിരുന്നു. അതു മാത്രം തിന്നരുത് എന്നു പറഞ്ഞിരുന്നില്ല എങ്കിൽ അവർ അതു തിന്നില്ലായിരുന്നു.
അറിവിൻറ്റെ പഴം തീറ്റിച്ചതോ, സാത്താൻ. സാത്താനാണവർക്ക് വിവേകവും ജ്ഞാനവുമുണ്ടാകാൻ കാരണക്കാരൻ.
എന്തുമാകട്ടെ, ഈശാവാസ്യ ഉപനിഷത്തിലെ തത്വത്തോടു ചേർത്തുകെട്ടാൻ പഴം തീറ്റി കഥക്കു നിലവാരം പോരാ.
ഇവാൻജലിസ്റ്റ് CPJose ഇറക്കിയ ലഘു ലേഖയിൽ ഭഗവദ്ഗീതയിലെ ശ്ലോകം (4.36) ഉദ്ധരിച്ച് എഴുതിയിരിക്കുന്നു-
"അപി ചേതസ്യ പാപേഭ്യ: സർവേഭ്യ പാപകൃത്തമ: -- നീ സകല പാപികളിലും വച്ച് ഏറ്റവും പാപം ചെയ്യുന്നവൻ"
നീ എത്രമാത്രം പാപം ചെയ്തവനായാലും പാപമാകുന്ന സമുദ്രത്തെ ജ്ഞാനമാകുന്ന തോണിയിൽ സസുഖം കടക്കും എന്നാണു ഗീത പറയുന്നത്. ജന്മനാ പാപിയാണെന്ന് ഗീതയോ ഉപനിഷത്തോ മാത്രമല്ല ഒരു ഭാരതീയ കൃതിയും ആചാര്യനും പറഞ്ഞിട്ടില്ല.
അജ്ഞാനമാണ് പാപകർമ്മം ചെയ്യാൻ പ്രേരണ. ജ്ഞാനമാണ് പാപകർമ്മത്തിനു പരിഹാരം. ഭാരതീയ ദർശനത്തിനു തികച്ചും വിപരീതമാണ് പാശ്ചാത്യ സിദ്ധാന്തം. ജ്ഞാനക്കനി ഭക്ഷിച്ച് അറിവു ലഭിച്ചപ്പോഴാണ് ശാപവും പാപവുമുണ്ടായത്.
എവിടെയെങ്കിലും പാപം കിട്ടാനുണ്ടോ എന്നു തേടി നടക്കുന്ന ജോസിനെപ്പോള്ള പാപികൾ ഗീതയിലും കൈവെച്ചു.
ആദമിൻറ്റെ വംശത്തിൽ പെട്ട നോഹ ധർമ്മിഷ്ഠനായിരുന്നു. അതിനാൽ പാപമോചിതനായ അദ്ദേഹത്തെയാണ് പ്രളയത്തിൽ നിന്നും ജീവികളെ രക്ഷിക്കാൻ ഭരമേൽപ്പിച്ചത്.
അതായത് പിന്നീട്ടുള്ള തലമുറകളുടെ സ്രഷ്ടാവാണ് നോഹ. അതിനാൽ ആദിപാപം അവിടെ തീർന്നില്ലേ? പക്ഷെ പാപം പോയില്ല! എന്തുകൊണ്ട്?
മനുഷ്യന് ഒരു ജന്മമേയുള്ളു എന്നിവർ വിശ്വസിക്കുന്നു. പുനർജന്മം അംഗീകരിക്കുന്നില്ല. മരിക്കുന്നവർ ദൈവസങ്കേതത്തിൽ ചെന്നെത്തുന്നു. പുതിയ പുതിയ ജന്മങ്ങളാണ് ഉണ്ടാകുന്നത് എങ്കിൽ ആത്മാവ് എവിടെ നിന്നാണ് പാപം കൊണ്ടു വരുന്നത്, ദൈവത്തിൽ നിന്നോ?
യേശുവിൽ വിശ്വസിക്കുമ്പോൾ പാപം പോകുന്നു. അതിനാൽ വിശ്വാസികളുടെ സന്തതികൾ പാപമില്ലാത്തവരാകേണ്ടേ?
ഒരാൾ ചെയ്ത കുറ്റത്തിന് മറ്റൊരാൾ ശിക്ഷിക്കപ്പെട്ടാൽ മതിയോ? സ്വന്തം ആത്മശുദ്ധിക്ക് പ്രാർത്ഥിക്കേണ്ടതും ആ ആൾ തന്നെ, മറ്റൊരാളല്ല.
ജന്മനാ പാപിയെന്ന ചിന്ത കുറ്റം ചെയ്യാനുള്ള പ്രേരണയാണ്, ഏതായാലും നനഞ്ഞു, ഇനി കുളിച്ചു കയറുക തന്നെ. ഇതല്ല ഭാരതീയ ദർശനം- കർമ്മഫല സിദ്ധാന്തമാണത്.
'താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻ താനനുഭവിച്ചീടുകെന്നേവരൂ'
കർമ്മങ്ങൾ ചെയ്യുന്നതു ശരീരമല്ല, ആത്മാവാണ്. ഇജ്ജന്മത്തിൽ അനുഭവം വേണമെന്നില്ല, പുതിയ ശരീരങ്ങൾ സ്വീകരിച്ച് അനുഭവിക്കേണ്ടി വരും. ഈ തത്വം കേട്ടറിഞ്ഞായിരിക്കാം പാപിയായി പിറക്കുന്നു എന്ന വിശ്വാസം ഉൾപ്പെടുത്തിയത്.
തുടരും........
Prasannan Unnithan
"ആര്യ വേദത്തിലെ ക്രിസ്തു"
പരമ്പര- ഖണ്ഡം(13)
""""""""""""""""""""""""""""""""""""""""""""""
ഋഗ്വേദത്തിലെ പ്രജാപതി യേശു തന്നെ എന്നു വ്യാപകമായി പ്രചരിപ്പിച്ച സമയം ഇതിനെതിരെ പ്രതികരിച്ച ടി.എസ്.ബാലൻ എന്ന സുവിശേഷകൻ എഴുതി:-
"പരസ്യ യോഗം, കൺവൻഷൻ, തുടങ്ങിയവയിൽ പ്രജാപതിയെ പറ്റി പ്രസംഗിക്കുന്നത് നിർത്തുകയാണ് ആദ്യം വേണ്ടത്. വല്ല RSS കാരനോ മറ്റോ വേദങ്ങളുമായി വന്ന് തെളിവാവശ്യപ്പെട്ടാൽ പ്രസംഗകൻ കറങ്ങുമെന്നതിനു സംശയമില്ല.
'ഓം ശുദ്ധകന്യായ നമ:' എന്നു തുടങ്ങുന്ന ശ്ലോകം ഞാൻ കേട്ടിട്ടുണ്ട്. ഋഗ്വേദത്തിലുള്ളതാണെന്ന ഭാവത്തിലാണ് ഇത് മിക്കവരും ചെല്ലുന്നത്. എന്നാൽ ഇങ്ങനെ ഒരു ശ്ലോകം വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ തുടങ്ങി ഹൈന്ദവരുടെ ഒരു ഗ്രന്ഥത്തിലും ഞാൻ കണ്ടില്ല"
(ഹൈന്ദവ സുവിശേഷീകരണം)
മതങ്ങൾ ദൈവത്തിലേക്കുള്ള പല വഴികളാണ് എന്നു പറയുന്നു. അപ്പോൾ മതം മാറ്റം വേണ്ടല്ലോ! ഈശ്വര സാക്ഷാൽക്കാരത്തിന് ഒരു മാർഗ്ഗത്തിൽ നിന്നും മറ്റൊന്നിലേക്കു മാറുന്നതു തെറ്റാണ്.
അതിലും നല്ലത് ഇതാണെന്നും ഇതിലും നല്ലത് അതാണെന്നുമുള്ള ചിന്ത ശത്രുതക്കു കാരണമാകും. ഇതാണു ലോകത്തു നടന്നതും നടക്കുന്നതും.
326 ൽ കോൺസ്റ്റൻറ്റയിൻ സ്വാതന്ത്ര്യം നൽകിയതോടെ സഭാ രൂപീകരണം ത്വരിതമായി. മതം വളർത്താനുള്ള വെമ്പലിൽ അക്രമങ്ങളും നടന്നു. പതിനഞ്ചു നൂറ്റാണ്ടോളം നടത്തിയ ക്രൂരതകൾക്കു പകരമായി പോൾ ആറാമൻ മാർപ്പാപ്പാ ലോക ജനതയോടു പൊതു മാപ്പപേക്ഷ നടത്തിയത് 13.3.2000 ത്തിലാണ്.
11,12 നൂറ്റാണ്ടുകളിൽ കുരിശു യുദ്ധങ്ങൾ പലതു നടന്നു. ഇസ്ലാം മതം സ്വീകരിച്ച തുർക്കികൾ റോമാ രാജാവിനെ കീഴടക്കിയതായിരുന്നു യുദ്ധ കാരണം. പോപ്പിൻറ്റെ അനുഗ്രഹവും ആഹ്വാനവും അനുസരിച്ച് പടയാളികൾ ഓരോ കുരിശുമായാണ് യുദ്ധത്തിനു പോയത്.
ഇംഗ്ലീഷുകാർ പിടിച്ചെടുത്ത രാജ്യങ്ങളിൽ അവർ തങ്ങളുടെ അധികാരം നിലനിർത്താൻ മതത്തെ ഉപയോഗിച്ചു, അനവധി സംസ്ക്കാരങ്ങളെ അവർ കടപുഴക്കി.
ക്രിസ്തുവിനു മുമ്പു നിലനിന്ന ഗ്രീസിലെ പാർത്തിനോൺ ക്ഷേത്രത്തെപ്പറ്റി James Edgar Swain എഴുതി:-
"അഞ്ചാം നൂറ്റാണ്ടിൽ പാർത്തിനോൺ കന്യാമറിയത്തിൻറ്റെ പള്ളിയായിത്തീർന്നു. 1640 ൽ അത് ഒരു മുസ്ലീം ദേവാലയമായി മാറി. 1687ൽ തുർക്കികൾ അതിനെ ഒരു വെടിമരുന്നു ശാലയായി ഉപയോഗിച്ചു. അതേ വർഷത്തിൽ തന്നെ ഒരു സ്ഫോടനത്തിൽ അതു മിക്കവാറും നശിപ്പിക്കപ്പെട്ടു.
1801 ൽ എൽജിയൻ പ്രഭു തുർക്കി ഗവണ്മെൻറ്റിന്റ്റെ അനുമതിയോടു കൂടി അവിടെ അവശേഷിച്ചിരുന്ന മിക്ക കൊത്തുപണികളും ഇംഗ്ലണ്ടിലേക്കു നീക്കം ചെയ്തു."
(A History of World Civilisation)
പാർത്തിനോൺ മാത്രമല്ല യവന ഇതിഹാസത്തിലെ ദേവതകളുടെ ക്ഷേത്രങ്ങളായിരുന്ന അക്രോപോളിസുകളുടെ എല്ലാം ഗതി ഇതായിരുന്നു.
ഇംഗ്ലീഷുകാർ അമേരിക്ക കണ്ടത്തുമ്പോൾ ഉന്നതമായ സംസ്കാരം അവിടെ നിലനിന്നിരുന്നു. മെക്സിക്കോ പീഠഭൂമിയിലെ മയന്മാരും പെറുവിലെ ഇൻകകളും ചരിത്രത്തിൽ ഇടം പിടിച്ചില്ല. ഇതെപ്പറ്റി സ്വെയ്ൻ ഇങ്ങനെ എഴുതി:-
"അവരുടെ മതം വളരെ അപരിഷ്കൃതവും വിചിത്രവുമായി തോന്നാം. ക്രിസ്തുമത പ്രചാരകരായ ഉപദേശിമാരിൽ നിന്നുമാണ് അവരെ സംബന്ധിച്ച മിക്ക അറിവുകളും നമുക്കു ലഭിച്ചിട്ടുളളത്.
നാട്ടുകാരുടെ ആചാരങ്ങളെപ്പറ്റി കറുത്ത, വളരെ കറുത്ത ചിത്രം തന്നെ വരച്ചു കാട്ടുവാനാണ് അവരുടെ മത താല്പര്യങ്ങളും വിശ്വാസ പ്രമാണങ്ങളും അവരെ പ്രേരിപ്പിച്ചത്.
അവരുടെ മിക്ക കൃതികളും അവരെ ജയിച്ചു കീഴടക്കിയവർ നശിപ്പിച്ചു കളഞ്ഞു. അവരുടെ കൃതികളെല്ലാം പിശാചിൻറ്റെ സൃഷ്ടികളാണെന്നും റോമൻ കത്തോലിക്കാ മതത്തിലേക്ക് അവരെ പരിവർത്തനം ചെയ്യുന്നതിന് തടസ്സമായി നിൽക്കന്നു എന്നും വിഗ്രഹാരാധനാ സമ്പ്രദായം തുടർന്നും നടത്തിക്കൊണ്ടു പോകുന്നതിന് അവ പ്രേരണ നൽകുന്നു എന്നും സ്പാനിഷ് സൈന്യത്തെ അനുഗമിച്ചിരുന്ന ബിഷപ്പ് ലാൻഡെ വിശ്വസിച്ചിരുന്നു."
(A History of World Civilisation)
മയാ, ഇൻകാ തുടങ്ങിയ വർഗ്ഗങ്ങൾ ഭാരതീയ പൈതൃകവും സംസ്കാരവും ഉള്ളവരായിരുന്നു. ഇവർ Red Indians എന്നറിയപ്പെട്ടു. പാതാള ദേശം അമേരിക്കയാണ്.
പണ്ടു കാലത്ത് ഏഷ്യയിൽ നിന്നും അലാസ്ക വഴി വടക്കേ അമേരിക്കയിലേക്ക് കരമാർഗ്ഗം സഞ്ചാരം സാധിച്ചിരുന്നു.
"അമേരിക്കൻ ജനതയുടെ വർഗ്ഗോൽപ്പത്തി നിർണയിക്കപ്പെട്ടിട്ടില്ല. വടക്കേ അമേരിക്കയെ ഏഷ്യയുമായി ബന്ധിപ്പിച്ചു നിർത്തിയിരുന്ന ഒരു ഭ്രഖണ്ഡം നിലനിന്ന കാലത്ത് ഇന്നത്തെ അമേരിക്കൻ ഇന്ത്യാക്കാരുടെ പൂർവ്വ പിതാക്കന്മാർ ബറിങ് ഇടുക്കു കടന്ന് അമേരിക്കയിൽ എത്തി എന്നും അങ്ങനെ കടന്നു കൂടിയവർ മംഗോളിയൻ വംശ പരമ്പരയിലെ ആദ്യ വർഗ്ഗത്തിൽ പെട്ടവരായിരുന്നു എന്നുമാണ് പൊതുവെ അംഗീകരിക്കപ്പെട്ട സിദ്ധാന്തം"
(Jame Edgar Swain-- A History of World Civilisation)
നരവംശ ശാസ്ത്രജ്ഞനായ ഹീനി ഗോൾഡൻ എഴുതി:-"ദക്ഷിണ പൂർവേഷ്യയിലെ പരിഷ്ക്കാരം ഭാരതീയമാണ് എന്നു പറയുന്ന അതേ അർത്ഥത്തിലും വ്യാപ്തിയിലും, അമേരിക്കയിലെ അത്യുന്നതമായ പൗരാണിക പരിഷ്കാരം ഏഷ്യാറ്റിക് ആയിരുന്നു എന്നു നാം പറയുന്നത് നീതീകരിക്കാനാവുന്നതാണ്"
(Heeni Goldan - Hindu America)
എന്തായാലും മാന്യന്മാരായി ചമയുന്ന ഇന്നത്തെ അമേരിക്കൻ ജനത അഞ്ചു നൂറ്റാണ്ടു മുമ്പ് തദ്ദേശീയരെ കൊന്നൊടുക്കി കടന്നു കയറിയ അക്രമികളുടെ പിന്മുറക്കാരാണ്.
തുടരും.........
Prasannan Unnithan