Showing posts with label Festivals. Show all posts
Showing posts with label Festivals. Show all posts

ആനച്ചമയം

ആനച്ചമയം എന്ന പേരിൽ വളരെ അധികം കോപ്രായങ്ങളും ആര്ഭാടങ്ങളും കാണുന്ന ഈ കാലത്ത് ചമയങ്ങളെ കുറിച്ച്‌ ചെറിയ ഒരു അറിവ് എല്ലാവർക്കുമായി പങ്കുവക്കുന്നു.....!!

ഒരു ആനയെ എഴുന്നെള്ളിപ്പിന് അണിയിച്ചൊരുക്കുമ്പോൾ ഉപയോഗിക്കുന്ന ചമയങ്ങൾ താഴെ പറയുന്നവയാണ്...

1. കോലം
2. തലക്കെട്ട് അഥവാ നെറ്റിപ്പട്ടം
3. വെഞ്ചാമരം
4. ആലവട്ടം
5. കച്ച കയർ
6. കഴുത്തിലെ മണിമാല
7. കാല്മണി
8. പള്ളമണി(വയറിൽ ഇടുന്ന രണ്ട കുടമണികൾ ഉള്ളത്)
9. കുട

ഇതിൽ നെറ്റിപ്പട്ടം 3 തരം ഉണ്ട്.
1. ചൂരപ്പൊളി
2. നാഗപടം
3. വണ്ടോട്

1. ചൂരപ്പൊളി
സാധാരണ തിടമ്പേറ്റുന്ന ആനയെ ആണ് ഈ തരത്തിലുള്ള തലക്കെട്ട് അണിയിക്കുന്നത്. നെറ്റിപ്പത്തിലെ വലിയ കുമിലകൾക്കു ചുറ്റും ചൂരൽ പൊളിച്ചു വച്ച പോലുണ്ടാവും.

ചൂരൽ പൊളി=ചൂരപ്പൊളി

2. നാഗപടം
ചൂരൽ പോളിക്കു പകരം നാഗത്തിന്റെ പടത്തിന്റെ രൂപമാവും ഉണ്ടാവുക. സാധാരണ എഴുന്നെള്ളിപ്പണയുടെ വലതും ഇടതും നിൽക്കുന്ന പറ്റാനാകൾക്കാണ് ഇത് അണിയിക്കാറുള്ളത്.

3. വണ്ടോട്
ബാക്കി ഉള്ള കൂട്ടാനകൾക്ക് സാധാരണ അണിയിക്കുന്ന തലേക്കെട്ടാണ് വണ്ടോട് തലക്കെട്ട്...

ചൂരൽ പൊളിക്കും നാഗപടത്തിനും പകരം വണ്ടിന്റെ രൂപത്തിലുള്ള രൂപമാണ് ഇത്തരം തലക്കെട്ടിൽ ഉണ്ടാവുക...
(ഇന്നത് ഇന്ന ആനക്ക് അണിയിക്കണം എന്നത് നിയമം അല്ല. അത് തുടർന്ന് പോരുന്ന ഒരു കീഴ് വഴക്കമാണ്...)


പെരുവനം ഗ്രാമം

പെരുവനം ഗ്രാമം
ഭാഗം 1
"മഹാനദീതടങ്ങൾ മനുഷ്യസംസ്‌കാരത്തിന്റെ വിളനിലങ്ങൾ! ഓരോപുഴയും ഒഴുകിയെത്തുന്നത്‌ കാടുകളിലൂടെയാണ്‌; ഒഴുകിപോകുന്നത്‌ നാടുകളിലൂടെയാണ്‌. ജീവന്റെ പ്രവാഹമാണ്‌ പുഴ. പുഴയൊഴുകുന്നത്‌ ജനമനസ്സുകളിലൂടെയാണ്‌; ഗ്രാമങ്ങളുടെ വിരിമാറിലൂടെയാണ്‌; സമതലങ്ങളുടെ ആത്മാവിലൂടെയാണ്‌. ജനസംസ്‌കാരം സൃഷ്ടിക്കുന്ന ജീവൽപ്രവാഹമാണ്‌ പുഴ."
- പ്രൊഫ. ടി. ശോഭീന്ദ്രൻ
കരുവന്നൂർ പുഴയൊഴുകും തീരങ്ങൾ: സ്ഥലവും പശ്ചാതലവും
------------------------------------------------------------------
തൃശൂർ ജില്ലയിലെ ചേർപ്പ്‌ ഗ്രാമപഞ്ചായത്തിലെ ഒരു വാർഡാണ്‌ പെരുവനം. ഒരിക്കൽ മദ്ധ്യകേരളത്തിന്റെ പകുതിയിലധികം വിസ്തൃതി കൈക്കൊണ്ടിരുന്ന പ്രദേശത്തിന്റെ പേരാണ്‌ ഇന്ന് ഒരു വാർഡിലേക്ക്‌ ഒതുങ്ങിയത്‌ എന്ന് പറയുമ്പോൾ തന്നെ ആ പരിണാമത്തിനിടയിൽ വലിയൊരു ചരിത്രമുറങ്ങുന്നുണ്ടെന്ന് മനസ്സിലാക്കാം. അധികാരവും സമ്പത്തും രാജഭരണവുമൊക്കെയായി ചരിത്രം വരച്ചിട്ടപാതയിലൂടെ ഈ നാടിന്റെ സാംസ്കാരികമേഖലക്ക്‌ ഊന്നൽ കൊടുത്തുകൊണ്ടാണീ ചരിത്രാന്വേഷണം മുന്നോട്ട്‌ കൊണ്ടുപോയിരിക്കുന്നത്‌. ചരിത്രം എഴുതപ്പെടാത്ത കാലത്തെ കാര്യങ്ങൾ പറയുന്ന അവസരങ്ങളിൽ വാമൊഴിയേയും ഐതിഹ്യങ്ങളേയും കണക്കിലെടുക്കേണ്ടി വന്നിട്ടുണ്ട്‌. അതിൽ യുക്തിസഹവും വിശ്വാസ്യയോഗ്യവുമായ കാര്യങ്ങൾ ഉൾക്കൊള്ളിക്കാനും അല്ലാത്തവയെ തള്ളിക്കളയാനും പരമാവധി ശ്രമിച്ചിട്ടുണ്ട്‌. പല കോണുകളിൽ നിന്നും കിട്ടിയ അറിവുകളെ ചേർത്തുകൊണ്ട്‌ എന്റേതായ വീക്ഷണത്തിലാണ്‌ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്‌. പൂർണ്ണതയോ ശരിയോ അവകാശപ്പെടുന്നില്ല. മാത്രമല്ല അറിഞ്ഞതിനേക്കാൾ എത്രയോ അധികം ഇനിയും അറിയപ്പെടാനായ്‌ കിടക്കുന്നു എന്ന തിരിച്ചറിവ്‌ എന്നെ ഈ അന്വേഷണ പാതയിൽ മുന്നോട്ട്‌ നയിക്കുന്നു. എന്നെങ്കിലും എവിടെയെങ്കിലും വച്ച്‌ പുതിയൊരറിവ്‌ ലഭിക്കുമ്പോൾ അനുഭവപ്പെടുന്ന ആകാംക്ഷയും സന്തോഷവുമാണെന്റെ വേതനം എന്നുകൂടി പറഞ്ഞുകൊണ്ട്‌ വിഷയത്തിലേക്ക്‌ കടക്കട്ടെ.
കേരളത്തിലെ 44 നദികളിൽ ഒന്നായ കരുവന്നൂർപുഴ തൊട്ടുതഴുകി ഒഴുകുന്ന ഭൂപ്രദേശങ്ങളെ കുറിച്ചാണ്‌ ഞാനിവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നത്‌. കേരളത്തിലെ വിവിധ നദികളേയും അവയുടെ കരകളിൽ ഉടലെടുത്ത വിവിധങ്ങളായ സംസ്കാരങ്ങളേയും കുറിച്ചുള്ള പല പഠനങ്ങളും ഇന്ന്‌ ലഭ്യമാണെങ്കിലും കരുവന്നൂർപുഴയുടെ തീരത്തെ പെരുവനം ഗ്രാമത്തിൽ ഉദയംകൊണ്ട അതിപ്രാചീനമായ സംസ്കാര സമന്വയങ്ങളെ പറ്റി പ്രശസ്തമായ പഠനങ്ങൾ ഒന്നും തന്നെ ആധുനിക മലയാളഭാഷയിൽ നടന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. സംസ്കൃതത്തിലും പ്രചീന തമിഴിലുമുള്ള രേഖകളിൽ നിന്നും, വട്ടെഴുത്തിലും കോലെഴുത്തിലുമുള്ള ലഭ്യമായ പുരാലിഖിതങ്ങളിൽ നിന്ന്‌ ചരിത്രകാരന്മാർക്ക്‌ അപഗ്രഥിക്കാൻ സാധിച്ചവയെ ആധാരമാക്കിയും, വാമൊഴിയായ്‌ ലഭിച്ച അറിവുകളും വായിച്ചറിഞ്ഞ ചരിത്രവും ഒരുമിച്ച്‌ ചേർത്തുകൊണ്ടാണിത്‌ എഴുതുന്നത്‌. ഞാനിന്ന്‌ നിൽക്കുന്ന മണ്ണ്‌ ഇന്നലെ എങ്ങിനെയായിരുന്നു. ഇവിടെ ജീവിച്ച്‌ മരിച്ചുപോയവർക്ക്‌ നമ്മോട്‌ പറയാനുണ്ടായിരുന്ന കാര്യങ്ങളെന്തൊക്കെയാണ്‌ എന്നതിലേക്കുള്ള ഒരു തിരികെയാത്ര; ഒരു ചെറിയ പരിശ്രമമാണിത്‌. പരിമിതമാണെന്നറിയാമെങ്കിലും. ഇവിടെ പ്രതിപാദിക്കുന്ന സ്ഥലങ്ങൾ എല്ലാം ഞാൻ നേരിട്ട്‌ സന്ദർശ്ശിച്ചതാണെന്നും പ്രതിപാദിക്കുന്ന സംഭവങ്ങളിൽ ഇന്ന് നിലനിൽക്കുന്നവയ്ക്ക്‌ ഞാൻ ദൃക്‌സാക്ഷിയാണെന്നു കൂടി പറഞ്ഞുകൊള്ളുന്നു. ബ്രാഹ്മണ കേന്ദ്രീകൃതമായ പ്രാചീന കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിയിൽ പല അനാചാരങ്ങളും ചൂഷണങ്ങളും ജാതീയ വേർത്തിരിവുകളും നിലനിന്നിരുന്ന കാലത്ത്‌തന്നെ അത്തരം വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നടങ്കം പങ്കെടുത്തിരുന്ന ആഘോഷങ്ങളായ ഓണം, മാമാങ്കം എന്നിവ പോലെ തന്നെ നടന്നിരുന്ന ഒന്നായിരുന്നു പെരുവനം ഗ്രാമോത്സവം എന്നാണ്‌ ചരിത്രത്തിൽ നിന്ന്‌ ലഭിക്കുന്ന തെളിവുകൾ. അതുതന്നെയാണ്‌ ഈ ചരിത്രാന്വേഷണത്തിന്‌ എന്നെ പ്രേരിപ്പിച്ചതും.
ചിമ്മിനി കാടുകളിലെ 1097 മീറ്റർ ഉയരമുള്ള പൂമലയിൽ നിന്നുൽഭവിക്കുന്ന ചിമ്മിനി പുഴയും, മുപ്ലി പുഴയും കരിക്കുളം എന്ന സ്ഥലത്തിനടുത്ത്‌ വച്ച്‌ ഒന്നിച്ചു ചേർന്നുണ്ടാകുന്ന കുറുമാലിപ്പുഴയും; പീച്ചി വനത്തിൽ 366 മീറ്റർ ഉയരമുള്ള വാണിയമ്പാറ മലമുകളിൽ നിന്നുൽഭവിക്കുന്ന മണലിപ്പുഴയും തൃശൂർ ജില്ലയിലെ കടലാശേരിക്കടുത്ത്‌ പാലക്കടവിൽ ഒന്ന്ചേർന്ന് കരുവന്നൂർപുഴ എന്ന പേരിൽ പടിഞ്ഞാറോട്ട്‌ ഒഴുകുന്നു. തൃശൂർ, മുകുന്ദപുരം, ചാവക്കാട്‌, കൊടുങ്ങല്ലൂർ താലൂക്കുകളിലൂടെ ഒഴുകുന്ന പുഴയിലേക്ക്‌ പിള്ളത്തോടും വന്നു ചേരുന്നുണ്ട്‌. ആറാട്ടുപുഴ, തൃപ്രയാർപുഴ, കനോലിപുഴ എന്നൊക്കെ പ്രാദേശികമായി ഈ പുഴയെ വിളിക്കുമെങ്കിലും ഔദ്യോഗിക നാമം കരുവന്നൂർപുഴ എന്നാണ്‌. രണ്ട്‌ പുഴകളും ഒന്നായിചേർന്നതിന്‌ ശേഷം പുഴ ഒഴുകിയെത്തുന്ന ആദ്യത്തെ ചെറുപട്ടണം കരുവന്നൂർ ആയതിനാലാണ്‌ കരുവന്നൂർപുഴ എന്ന പേര്‌ സിദ്ധിച്ചത്‌. കരുവാന്റെ ഊര്‌ എന്നതിൽ നിന്നുമാണ്‌ കരുവന്നൂർ എന്ന വാക്കുണ്ടായത്‌. പ്രാചീനകാലത്ത്‌ തീവ്രാനദി എന്നാണ്‌ കരുവന്നൂർപുഴ അറിയപ്പെട്ടിരുന്നത്‌. പെരുവനത്തപ്പന്റെ ആറാട്ട്‌ നടന്നിരുന്ന പുഴയായതിനാലാണ്‌ തീവ്രാനദി എന്ന പേരുണ്ടായത്‌ എന്നാണ്‌ പറയപ്പെടുന്നത്‌. കരുവന്നൂർ പുഴയുടെ പോഷക നദിയായ കുറുമാലിപ്പുഴ നന്തിയാർ എന്നാണ്‌ പ്രാചീനകാലത്ത്‌ അറിയപ്പെട്ടിരുന്നത്‌. കോകസന്ദേശത്തിൽ നന്തിയാറിനെക്കുറിച്ചുള്ള പരാമർശം കാണാം. നന്തിപുലം, നന്തിക്കര എന്നീ സ്ഥലങ്ങൾ കുറുമാലിപ്പുഴയുടെ തീരത്താണ്‌. നന്തി എന്ന വാക്ക്‌ പുരാതന ജൈനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ്‌ വിലയിരുത്തൽ. അതിനാൽ ഈ സ്ഥലങ്ങളും പുഴയും ഒരു കാലത്ത്‌ ജൈന സംസ്കാരത്തിന്റെ ഭാഗബാക്കായിരിക്കണം. ഇരിങ്ങാലക്കുട എന്ന സ്ഥലത്തിനും കുറുമാലിപ്പുഴയുമായി ബന്ധമുള്ളതായി കാണാം. പെരുവനം ഗ്രാമത്തിന്റെ അയൽ ഗ്രാമമായ ഇരിങ്ങാലക്കുടയുടെ ആദിമ നാമമായ ഇരു ചാലുക്ക്‌ ഇടൈ എന്നത്‌ ഇരുങ്ങാട്ടികൂടൽ എന്നും പിന്നീട്‌ ഇരിങ്ങാലക്കുട എന്നുമായി മാറി. ഇരു ചാലുക്കിട എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌ രണ്ട്‌ ചാലുകൾക്ക്‌ ഇടയിൽ എന്നാണ്‌. ചാല്‌ എന്നത്‌ പുഴ. അതായത്‌ രണ്ട്‌ പുഴകൾക്കിടയിലുള്ള സ്ഥലം എന്നർത്ഥം. കുറുമാലിപ്പുഴയും ചാലക്കുടിപ്പുഴയുമാണവ.
പഴയ ഇരിങ്ങാലക്കുട ഗ്രാമത്തിന്റെ അതിർത്തിയിലൂടെയാണീ പുഴകൾ ഒഴുകുന്നത്‌. ഗ്രാമാതിർത്തി നിർണ്ണയിക്കുന്ന നദികൾ ആയതിനാൽ ഗ്രാമക്ഷേത്രമായ കൂടൽമാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആറാട്ട്‌ നടക്കുന്നത്‌ ഒന്നിടവിട്ട വർഷങ്ങളിൽ കുറുമാലിപ്പുഴയിലെ രാപ്പാൾ കടവിലും ചാലക്കുടിപുഴയിലെ കൂടപ്പുഴ ആറാട്ട്‌കടവിലുമാണ്‌. ഉണ്ണിയാടീചരിതത്തിൽ പ്രതിപാദിക്കുന്ന പൂർണ്ണാനദി, ചാലക്കുടിപുഴയുടെ പുരാതന നാമമാണ്‌.
വടക്കുംനാഥൻ ഗ്രന്ഥവരിയിലും കേരളോൽപ്പത്തിയിലും കരുമാൻപുഴ എന്ന പേരിൽ പ്രതിപാദിച്ചിരിക്കുന്നത്‌ കരുവന്നൂർപുഴയെയാണ്‌. പ്രാചീന കാലത്തെ പെരുവനം ഗ്രാമോത്സവത്തിൽ പങ്കെടുത്തിരുന്ന ക്ഷേത്രങ്ങളുടേയും ഇന്നത്തെ ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്ന ക്ഷേത്രങ്ങളുടേയും ആറാട്ട്‌ നടക്കുന്നത്‌ കരുവന്നൂർപുഴയിലെ മന്ദാരം കടവിലാണ്‌. മന്ദാരം കടവിനടുത്ത്‌ ശാസ്താംകടവ്‌ എന്നൊരു കടവുമുണ്ട്‌. പഴയ നാടുവാഴികൾ തമ്മിലുള്ള കിടമത്സരത്തിൽ മന്ദാരം കടവിന്റെയും ശാസ്താംകടവിന്റേയും പേരുകൾ കടന്നുവരുന്നുണ്ട്‌. ആറാട്ട്‌ നടക്കുന്ന പുഴ എന്ന അർത്ഥത്തിൽ ആറാട്ടുപുഴ എന്ന പ്രാദേശിക നാമത്തിലും കരുവന്നൂർ പുഴ അറിയപ്പെടുന്നു. പുഴയ്ക്കരികിലെ ക്ഷേത്രത്തിനും ക്ഷേത്രം നിലനിൽക്കുന്ന സ്ഥലത്തിനും അങ്ങനെ ആറാട്ടുപുഴ എന്ന പേർ പൊതുവായി ലഭിച്ചു. കരുവന്നൂർ പുഴയുടെ മറ്റൊരു പ്രാദേശിക നാമമായ തൃപ്രയാർ എന്ന വാക്ക്‌ തിരു പുറൈ ആറിൽ (ക്ഷേത്രത്തിനു പുറത്തുള്ള ആർ) നിന്നാണ്‌ ഉത്ഭവിച്ചത്‌. തിരു പുറൈ ആറിനെക്കുറിച്ച്‌ കോകസന്ദേശത്തിൽ പരാമർശ്ശമുണ്ട്‌. കോകസന്ദേശത്തിലെ സന്ദേശവാഹകൻ തിരു പുറൈ ആറിൽ എത്തുന്നതായി വിവരണമുണ്ട്‌. ഉജ്ജ്വലമായൊരു പൂങ്കാവനമയിട്ടാണ്‌ തൃപ്രയാറിനെ വർണ്ണിച്ചിരിക്കുന്നത്‌. നദിക്കരയിലുള്ള ക്ഷേത്രവും ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലവും പിന്നീട്‌ തൃപ്രയാർ എന്ന് അറിയപ്പെടാൻ തുടങ്ങി.
48 കിലോമീറ്ററാണ്‌ കരുവന്നൂർപുഴയുടെ നീളം. എന്നാൽ പോഷക നദികൾ അടക്കം പുഴയൊഴുകുന്ന ആകെ ദൂരം 64 കിലോമീറ്ററാണ്‌. പടിഞ്ഞാറോട്ടൊഴുകുന്ന നദി പതനത്തിന്‌ മുൻപായി രണ്ടായി പിരിഞ്ഞ്‌ ; ഒന്ന്‌ ആദ്യം ഏനാമാക്കൽ കായലിലും പിന്നീട്‌ ചേറ്റുവ കായലിലും പതിച്ച്‌ അറബിക്കടലിൽ ചേരുന്നു. ഏനാമാക്കൽ കായലിൽ ചേരുന്ന പുഴക്കൽപുഴയുമായി ചേർന്നാണ്‌ കരുവന്നൂർ പുഴ ചേറ്റുവ കായൽ വരെ ഒഴുകുന്നത്‌. രണ്ടാമത്തെ കൈവഴി കൊടുങ്ങല്ലൂരിന്‌ സമീപത്ത്‌ വച്ച്‌ പെരിയാറിൽ പതിച്ച്‌ അറബിക്കടലിൽ ചേരുന്നു. കേരളത്തിലെ 44 നദികളിൽപെട്ട ചാലക്കുടിപുഴയും പെരിയാറിലാണ്‌ പതിക്കുന്നത്‌. തൃശൂരിന്റെ കാർഷിക മുഖങ്ങളായ കോൾ പാടങ്ങളുടെ ജലസ്രോതസ്സ്‌ കൂടിയാണ്‌ ഈ പുഴകൾ.
കോരപ്പുഴയേയും കല്ലായി പുഴയേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട്‌ 11.4 കിലോമീറ്റർ ദൂരത്തിൽ 1848 ൽ അന്നത്തെ മലബാർ കളക്ടർ ആയിരുന്ന എച്ച്‌. വി കനോലി നിർമ്മിച്ച കനോലി കനാൽ പിന്നീട്‌ ചേറ്റുവ വരെ നീട്ടി. കോഴിക്കോട്‌, പൊന്നാനി എന്നീ വടക്കൻ വ്യാപാരകേന്ദ്രങ്ങളെ ചാവക്കാട്‌, കൊടുങ്ങല്ലൂർ, കൊച്ചി എന്നീ കേന്ദ്രങ്ങളുമായി ഈ കനാൽ ബന്ധിപ്പിക്കുന്നു. കരുവന്നൂർപുഴ, പുഴക്കൽപുഴ, ഭാരതപ്പുഴ, തിരൂർപുഴ, കടലുണ്ടിപ്പുഴ, ചാലിയാർപുഴ, കല്ലായിപുഴ, കോരപ്പുഴ എന്നീ നദികളെ കനോലി കനാലുമായി ബന്ധിപ്പിച്ചിരിക്കുന്നു. കേച്ചേരിപ്പുഴയുടെ പതനം ചേറ്റുവ കായലിൽ ആയതുകൊണ്ട്‌ കനോലികനാലുമായുള്ള സൃംഘലയിൽ പെടുത്താവുന്നതാണ്‌.
കരുവന്നൂർപുഴയുടെ നദീതട വിസ്തൃതി 1054 ചതുരശ്ര കിലോമീറ്ററാണ്‌. നദീതടങ്ങളിൽ നെല്ല്‌, ചോളം, തെങ്ങ്‌, കവുങ്ങ്‌, ജാതി, മരച്ചീനി എന്നിവയും നാണ്യവിളയായ റബ്ബറും സമൃദ്ധിയായി വളരുന്നു. ഓട്ടു കമ്പനികൾ, തീപ്പെട്ടിക്കമ്പനികൾ, മരത്തടി വ്യവസായം, ഇഷ്ടിക വ്യവസായം, തുണിമില്ല് എന്നിവ കരുവന്നൂർപുഴയുടെ തീരത്തെ പ്രധാന വ്യവസായങ്ങളാണ്‌. നൂൽനൂൽപ്പ്‌, എണ്ണയാട്ട്‌, മൺപാത്ര നിർമ്മാണം, മൽസ്യബന്ധനം, മുളകൊണ്ടുള്ള വിവിധ വസ്തുക്കൾ ഉണ്ടാക്കൽ എന്നിവയ്ക്കും കരുവന്നൂർപുഴയോരം പ്രസിദ്ധമാണ്‌. പീച്ചി അണക്കെട്ടും ചിമ്മിനി അണക്കെട്ടുമാണ്‌ പ്രധാന അണക്കെട്ടുകൾ. 1958 ൽ പൂർത്തീകരിച്ച പീച്ചി ജലസേചന പദ്ധതിയും പീച്ചി- വാഴാനി വന്യമൃഗസങ്കേതവും ഇതിനനുബന്ധം തന്നെ. ഒന്നാം പഞ്ചവൽസര പദ്ധതിയിൽ ആരംഭിച്ച പീച്ചി അണക്കെട്ടുകൊണ്ട്‌ 20000 ഹെക്ടർ ഭൂമി ജലസേചന യോഗ്യമായിരിക്കുന്നു. ചിമ്മിനി അണക്കെട്ട്‌ ജില്ലയിലെ 13000 ഹെക്‌ടർ കോൾപാടങ്ങളിലേക്ക്‌ ജലസേചനം നടത്തുന്നു. തൃശൂർ, ഒല്ലൂർ, പുതുക്കാട്‌, ആമ്പല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചാവക്കാട്‌, ചേറ്റുവ എന്നിവയാണ്‌ കരുവന്നൂർപുഴയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രധാന വ്യവസായ കേന്ദ്രങ്ങൾ.














ഭാഗം 2
"ഒരു നാടിന്റെ ചരിത്രം അവിടെ ആദ്യമായി അധിവാസമുറപ്പിച്ച മനുഷ്യവർഗ്ഗത്തിൽ നിന്ന് ആരംഭിക്കുന്നു. ചരിത്രം ജനിച്ചതിനു ശേഷവും വളരെക്കാലം കഴിഞ്ഞിട്ടാണ്‌ എഴുതപ്പെട്ട ചരിത്രം വരുന്നത്‌. ആകയാൽ, ചരിത്രാതീത കാലത്തിന്റെ അന്ധകാരത്തിൽ വെളിച്ചം പകരുന്ന ഉപാധികളാണ്‌ പുരാവസ്തുക്കളും സ്ഥലനാമങ്ങളും."
- വി വി കെ വാലത്ത്‌
ഐതിഹ്യത്തിൽ നിന്ന് ചരിത്രത്തിലേക്ക്‌
----------------------------------------------------------------
പ്രാചീനകേരളത്തിലെ 64 ഗ്രാമങ്ങളിൽ (32 എണ്ണം തുളുനാട്ടിൽ) പ്രധാന സ്ഥാനമുണ്ടായിരുന്ന ഒന്നായിരുന്നു പെരുവനം ഗ്രാമം. പേരുപോലെത്തന്നെ വന നിബിഡമായ പ്രദേശത്തിനുള്ളിലായിരുന്നു ഗ്രാമക്ഷേത്രമായ പെരുവനം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്‌. നൂറ്റാണ്ടുകൾ പഴക്കമുള്ള, പടർന്നുപന്തലിച്ച വൻ വൃക്ഷങ്ങൾ ഇന്നും ഇവിടെ നമുക്ക് കാണാം. പുരുമഹര്‍ഷി തപസ്സു ചെയ്തിരുന്ന സ്ഥലമാണ് പുരുവനം അഥവാ പെരുവനം എന്നാണ് ഐതിഹ്യം. പുരുമഹർഷി തപസ്സിരുന്ന സമയത്ത് സപ്തര്‍ഷികൾ പുഷ്പവൃഷ്ടി നടത്തിയപ്പോൾ പൂ ചിന്നിയ പ്രദേശങ്ങളാണത്രെ ഇപ്പോഴുള്ള പൂച്ചിന്നിപ്പാടം എന്ന് മറ്റൊരു ഐതിഹ്യമുണ്ട്. പെരുവനം ക്ഷേത്രത്തിൽ പുരുമഹർഷിയുടെ പ്രതിഷ്ഠയും കാണാം. മിക്കഭാഗവും പെരിയ വനമായിരുന്നതിനാലാണ് പെരുവനം എന്ന നാമത്തിന് പ്രചാരം കിട്ടിയതെന്ന് കരുതുന്നതാണ് യുക്തിസഹം. കേരളോൽപത്തി പോലുള്ള പുരാരേഖകളിൽ ചിലതിൽ പെരുമനം എന്നാണ്‌ എഴുതിയിരിക്കുന്നത്‌. അതിപ്രാചീനകാലത്ത് വടക്ക്‌ അകമല ശാസ്താ ക്ഷേത്രവും തെക്ക്‌ കൊടുങ്ങല്ലൂര്‍ ഊഴത്ത് ശാസ്താക്ഷേത്രവും കിഴക്ക്‌ കുതിരാൻ ശാസ്താക്ഷേത്രവും പടിഞ്ഞാറ്‌ എടത്തിരുത്തി ശാസ്താക്ഷേത്രവും അതിരുകളായിരുന്ന പെരുവനം തന്നെയായിരുന്നു വിസ്തൃതിയിൽ ഏറ്റവും വലിയ ഗ്രാമം എന്ന്‌ ചരിത്ര പുസ്തകങ്ങൾ പറയുന്നു. അന്നീ ഗ്രാമത്തില്‍ 42 ദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവത്രെ. ഗ്രാമത്തിനകത്ത് 21 ചേരിക്കലുകളിലായി നാലുലക്ഷം പറ നെല്ല് പാട്ടം പിരിഞ്ഞിരുന്ന നിലങ്ങള്‍ ഈ ക്ഷേത്രം വകയായുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂസ്വത്തുണ്ടായിരുന്നതും വനഭൂമി ഉണ്ടായിരുന്നതും പെരുവനം ക്ഷേത്രത്തിനായിരുന്നു. 32 ഗ്രാമങ്ങളിൽ ഉൾപ്പെട്ടിരുന്ന തൃശ്ശിവപേരൂർ (തൃശൂർ), ഇരിങ്ങാട്ടികൂടൽ (ഇരിങ്ങാലക്കുട), ആവിട്ടിപ്പുത്തൂർ (അവിട്ടത്തൂർ) എന്നിവ പെരുവനം ഗ്രാമത്തിന്റെ ഉപഗ്രാമങ്ങളായിരുന്നു. പെരുവനം ക്ഷേത്രസങ്കേതത്തിന്‌ ഈ ഗ്രാമങ്ങൾക്കുമേൽ പല അധികാരങ്ങളും ഉണ്ടായിരുന്നു എന്നതാണിതിന്‌ കാരണം. മണിപ്രവാളത്തിൽ പെരുവനം ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശ്ശങ്ങളുണ്ട്‌. ചന്ദ്രോത്സവം നടന്നിരുന്നത്‌ തൃശൂരിനടുത്തുള്ള ചിറ്റിലപ്പിള്ളി എന്ന സ്ഥലത്തായിരുന്നെന്നും അതിൽ പെരുവനത്തെ നമ്പൂതിരിമാർ പങ്കെടുത്തിരുന്നു എന്നും കാണാം. ദേവദാസികളുടെ ആഘോഷമായിരുന്നു ചന്ദ്രോത്സവം. അതിന്റെ വിശദാംശങ്ങളിലേക്ക്‌ ഈ അവസരത്തിൽ കടക്കുന്നില്ല. പെരുവനത്തിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഊരകം ഒരു കാലത്ത് നാഗരികാഭിവൃദ്ധിയുടെ കേന്ദ്രമായിരുന്നു. ഊരകം എന്നാൽ ഗ്രാമഹൃദയം എന്നാണർത്ഥം. സമീപത്തുള്ള പെരുവനം, ചേര്‍പ്പ് എന്നീ ഊരുകളേക്കാള്‍ പഴമയും പാരമ്പര്യവും ഇതിനുണ്ടായിരുന്നു എന്നാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. ഇവിടുത്തെ ഭഗവതിക്ഷേത്രം അതിപുരാതനമാണ്. ഉദ്ദണ്ഡശാസ്ത്രികളുടെ കോകിലസന്ദേശത്തിലും വെണ്മണി കൃതിയിലും ഈ ക്ഷേത്രം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മഴമംഗലം നമ്പൂതിരിയുടെ ഭാഷാ നൈഷധം ചമ്പുവിലെ 'അൻപത്തൊന്നക്ഷരാളീ' എന്നു തുടങ്ങുന്ന ആദ്യ ശ്ലോകം ഇവിടുത്തെ ഭഗവതിയെക്കുറിച്ചാണ്‌. "ഒരുവരുണ്ടേ ഭഗവതിമാർ ഒരുവരിലുമഴകിയതോ, അഴകിയതോ ഞാനറിവേൻ ഊരകത്തെ ഭഗവതിപോൽ" എന്ന് മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രത്തിൽ കാണാം. പണ്ട്‌ ഇതൊരു ദേവാലയം മാത്രമല്ല, വഴിയാത്രക്കാരുടെ വിശ്രമകേന്ദ്രവും സമ്മേളനസ്ഥലവും കൂടിയായിരുന്നു എന്നതിന് തെളിവുകളുണ്ട്. കൊച്ചി രാജ്യത്ത്‌ റയിൽവേ വന്നപ്പോൾ രാജാവ്‌ ഊരകം ക്ഷേത്രത്തിലെ ആറ്‌ സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ സംഭാവനയായി നൽകി. ബാക്കിയുള്ള ഒരു സ്വർണ്ണ നെറ്റിപ്പട്ടം ഊരകത്തിന്റെ എഴുന്നള്ളിപ്പിന്‌ ഇന്നും ഉപയോഗിക്കുന്നു. ഊരകം ക്ഷേത്രത്തിൽ നിന്നും ലഭിച്ചിട്ടുള്ള ശിലാ ശാസനങ്ങൾ പ്രാചീന തമിഴിന്റെയും പ്രാചീന മലയാളത്തിന്റെയും ഉള്ളറകളിലേക്കുള്ള കവാടങ്ങളാണ്‌. 'വലയാലമാദിക്കും' എന്ന്‌ തുടങ്ങുന്ന 108 ദുർഗാലയങ്ങളെ കുറിച്ചുള്ള ശ്ലോകത്തിൽ പരാമർശിക്കുന്ന വലയാലം ഊരകം ക്ഷേത്രമാണ്‌. വലയന്നൂർ ഭട്ടതിരി ഉപാസിച്ചിരുന്നതിനാൽ വലയാധീശ്വരി എന്നു കൂടി ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠയായ ദേവി അറിയപ്പെടുന്നു. പൂമുള്ളിമനക്കാർ ഊരാളന്മാരായുള്ള, രാജാവിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ഊരകം ക്ഷേത്രത്തിന്റെയും പ്രബലരായ അഞ്ചു മനകൾ ചേർന്ന് ഭരിച്ചിരുന്ന ചേർപ്പ്‌ ഭഗവതി ക്ഷേത്രത്തിന്റെയും വാശിയുടെയും മത്സരത്തിന്റെയും പഴങ്കഥകൾ ഈ നാട്ടിലെ ഓരോ മണ്‍തരിക്കും പറയാനുണ്ട്‌. ചിറ്റൂർ മനയും കുറുവട്ടവണാവ്‌ മനയും തമ്മിലായിരുന്നു പ്രധാന മത്സരം. കുറുവട്ടവണാവ്‌ ഊരത്തുകാരുടെ പക്ഷക്കാരനാണ്‌. ചേർപ്പ്‌ ഭഗവതി ക്ഷേത്രത്തിന്റെ ഊരാളന്മാരിലൊരാളാണ്‌ ചിറ്റൂർ നമ്പൂതിരി.
മനുഷ്യർക്കിടയിലെ ഈ വാശിയും മത്സരവും ഐതിഹ്യങ്ങളിലും ആചാരങ്ങളിലും ദൈവങ്ങൾക്കിടയിലേക്കും കടന്നു വരുന്നുണ്ട്. കിടമത്സരം മൂലം ഊരകത്തുകാർ ചേർപ്പുകാരെ മന്ദാരക്കടവിൽ ആറാട്ട്‌ നടത്താൻ സമ്മതിക്കാത്ത സ്ഥിതിവിശേഷമുണ്ടായിരുന്നു. പ്രതാപം കൊണ്ടും കായിക ബലം കൊണ്ടും ഊരകത്തുകാരായിരുന്നു മുന്നിൽ. ആറാട്ട്‌ നടത്താൻ സാധിക്കാത്തതിനാൽ ചേർപ്പുകാർ തങ്ങളുടെ ഭഗവതിയുടെ ആറാട്ട്‌ കുറച്ചപ്പുറത്തുള്ള ശാസ്താംകടവിലേക്ക്‌ മാറ്റി. ഈ അടുത്തകാലത്താണ്‌ ചേർപ്പ്‌ വീണ്ടും മന്ദാരം കടവിലെ ആറാട്ട്‌ പുനരാരംഭിച്ചത്‌. എന്നാൽ ചേർപ്പ്‌കാരുടെ മിഥ്യാഭിമാനം മൂലം ഒരുമിച്ചുള്ള ആറാട്ടിൽ നിന്ന് അവർ വിട്ടുപോയി ശാസ്താംകടവിൽ ആറാട്ട്‌ തുടങ്ങിയതാണെന്നാണ്‌ ഊരകംകാരുടെ പക്ഷം. ഊരകത്തമ്മയുടെ കോലത്തിനു മുകളിൽ വയ്ക്കുന്ന സ്വർണ്ണ മകുടം ഒരിക്കൽ പെരുവനത്തെ തെക്കേഗോപുരത്തിനു മുകളിൽ ഒളിച്ചിരുന്ന ഒരു കള്ളൻ കട്ടുകൊണ്ടു പോയി. കട്ടത്‌ ചേർപ്പിന്റെ ഊരാളന്മാരുടെ ആജ്ഞാനുവർത്തികളാണെന്നാണ്‌ ഊരകത്തുകാർ പറയുന്നത്‌. എന്നാൽ ഊരകത്തുകാരുടെ അഹങ്കാരത്തിനുള്ള പ്രതിഫലമായി മാടത്തിലപ്പൻ കൊടുത്ത ശിക്ഷയാണത്‌ എന്നാണ്‌ ചേർപ്പിൽ പറഞ്ഞുകേൾക്കുന്ന കഥ. അതുവരെ തെക്കേഗോപുരം കടന്ന് പെരുവനം പൂരത്തിന്‌ വന്നിരുന്ന ഊരകം ഈ സംഭവത്തോടെ യാത്രയുടെ ഗതി കിഴക്കേ നടവഴിയിലൂടെയാക്കി മാറ്റിയത്രേ. ഇതൊക്കെ ഇരുനൂറിൽപരം വർഷങ്ങൾക്ക്‌ മുൻപ്‌ നടന്ന കാര്യങ്ങളാണ്‌. ഊരകം ക്ഷേത്രത്തിലെ ഗ്രന്ഥവരി ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തന്നെ കത്തിച്ചു കളഞ്ഞതായാണ്‌ അറിവ്‌. പല ചരിത്ര സത്യങ്ങളും വെണ്ണീറായ്‌ തീരേണ്ടത്‌ അവരുടെ ആവശ്യമായിരുന്നിരിക്കണം. പെരുവനം കഴിഞ്ഞാൽ ഗ്രാമത്തിലെ ഏറ്റവും പ്രതാപമുള്ള രണ്ടാമത്തെ ക്ഷേത്രമായിരുന്നു തൃപ്രയാർ. തൃപ്രയാറിലെ ശ്രീരാമക്ഷേത്രത്തിൽ നിന്ന് രണ്ട്‌ വട്ടെഴുത്ത്‌ ശാസനങ്ങൾ കിട്ടുകയുണ്ടായി. ഒരെണ്ണത്തിലെ ലിപികൾ മുക്കാലും അവ്യക്തമായിപോയി. ദുർഗ്രാഹ്യമായ രണ്ടാമത്തെ ഫലകത്തിൽ വായിക്കാൻ കഴിഞ്ഞ വാക്കുകളിൽ ചരിത്ര പ്രസിദ്ധമായ മൂഴിക്കുളം കച്ചത്തെ (ക്ഷേത്ര സ്വത്തുക്കളുടെ ശരിയായ ഭരണനിർവ്വഹണത്തിനു വേണ്ടി ഏർപ്പെടുത്തിയിരുന്ന നിയമം) പറ്റി പരാമർശമുണ്ട്‌. അക്ഷരങ്ങൾ പലതും മാഞ്ഞു പോയതിനാൽ പെരുവനം ക്ഷേത്രത്തിൽ നിന്നു ലഭിച്ച ശിലാശാസനങ്ങൾ മുഴുവനായി വായിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. പെരുവനത്തിനു സമീപമുള്ള തൈക്കാട്ടുശേരി ഒരു വൈദ്യഗ്രാമമാണ്‌. പ്രസിദ്ധ അഷ്ടവൈദ്യ കുടുംബമായ ഇളയിടത്തു തൈക്കാട്ട്‌ ഇല്ലക്കാരുടെ ഊരായ്‌മയിലുള്ള ഇവിടുത്തെ ക്ഷേത്രവും ഭഗവതിയും വൈദ്യവുമായി ബന്ധപ്പെട്ടതാണെന്നാണ്‌ ഐതിഹ്യം.
പരശുരാമനാൽ പ്രതിഷ്ഠ നടത്തപ്പെട്ടതായി പറയപ്പെടുന്ന 108 ശിവക്ഷേത്രങ്ങൾ കേരളത്തിലുണ്ട്‌. അവയിൽ പെടുന്നതാണ്‌ പെരുവനം ശിവക്ഷേത്രം. ക്ഷേത്രത്തിന്റെ പഴക്കം കൃത്യമായി നിർണ്ണയിക്കാൻ ഇതുവരെ ഒരു ചരിത്രകാരനും സാധിച്ചിട്ടില്ല. എ ഡി 9 ആം നൂറ്റാണ്ടിൽ ഈ ക്ഷേത്രം നിലനിന്നിരുന്നു എന്നാണ്‌ പുസ്തകങ്ങളിൽ കാണുന്നത്‌. അതിനും അപ്പുറത്തേക്കുള്ള ചരിത്രം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ശ്രീപാർവ്വതി, ദക്ഷിണാമൂർത്തി, ഗണപതി, പൂരുമഹർഷി, മഹാഗണപതി, രക്തേശ്വരി, മണികണ്‌ഠൻ എന്നീ പ്രതിഷ്ഠകളും ചുറ്റമ്പലത്തിനുള്ളിലുണ്ട്‌. ചുറ്റമ്പലത്തിന്‌ പുറത്തായി ഗോശാലകൃഷ്ണന്റെ പ്രതിഷ്ഠയും കാണാം. ആലിനെ വൃക്ഷരാജനായി ഇവിടെ ആരാധിക്കുന്നു. പെരുവനം ക്ഷേത്രത്തിലെ പ്രധാന ദേവനായ ശിവന്‌ രണ്ട്‌ പ്രതിഷ്ഠകളാണുള്ളത്‌. അവ ഇരട്ടയപ്പൻ എന്നും മാടത്തിലപ്പൻ എന്നും അറിയപ്പെടുന്നു. വലിയ ശിവലിംഗവും തൊട്ടടുത്ത്‌ ചെറിയ ശിവലിംഗവും ചേർന്ന വിഗ്രഹമായതിനാലാണ്‌ ഇരട്ടയപ്പൻ എന്ന പേരുവന്നത്‌. പേരുപോലെ തന്നെ മാടത്തിലപ്പൻ വളരെ ഉയരത്തിൽ പണിത ശ്രീകോവിലിലാണിരിക്കുന്നത്‌. 120 അടിയാണ്‌ മാടത്തിലപ്പന്റെ ശ്രീകോവിലിന്റെ ഉയരം. 3 നിലകളിലായിട്ടാണ്‌ ഇത്‌ നിർമ്മിച്ചിട്ടുള്ളത്‌. ആദ്യത്തെ 2 നിലകളും ഓടുമേഞ്ഞതും ചതുരാകൃതിയുമാണ്‌. മൂന്നാമത്തെ നില അഷ്ടതൃകോണാകൃതിയിൽ അറ്റം കൂർത്ത്‌ ചെമ്പുമേഞ്ഞതാണ്‌. നിലത്ത്‌ നിന്ന് 30 അടി ഉയരത്തിലാണ്‌ പ്രതിഷ്ഠ. ഈ ശ്രീകോവിലിലേക്ക്‌ താഴെ നിന്നും ഇരുവശങ്ങളിലായി 9 പടി വീതവും അവയോജിക്കുന്നിടത്തുനിന്നും നേരെ മുകളിലേക്ക്‌ 18 പടികളുമുണ്ട്‌. മുകളിലത്തെ നിലയുടെ 3 വശങ്ങളിലായി ഭിത്തിയിൽ ഇരിക്കുന്ന വിഷ്ണു, ശിവൻ, ബ്രഹ്മാവ്‌ എന്നീ ദേവന്മാരുടെ ശിൽപങ്ങൾ യഥാക്രമം കാണാം. കൈലാസത്തിൽ നിന്ന് ലഭിച്ച ശിവലിംഗവുമായി ഇതിലേ വന്ന പൂരുമഹർഷി തനിക്ക്‌ തപസ്സുചെയ്യാനായി അനുയോജ്യമായ സ്ഥലമായതിനാൽ ശിവലിംഗം അവിടെയുള്ള ആലിന്റെ കൊമ്പത്ത്‌ വച്ച്‌ സ്നാനം ചെയ്യാനായി കിഴക്കു ഭാഗത്ത്‌ ഇന്ന് കാണുന്ന തൊടുകുളത്തിലേക്ക്‌ പോയി എന്നും തിരിച്ചുവന്ന് ശിവലിംഗം എടുക്കാൻ ശ്രമിച്ചപ്പോൾ അതവിടെ ഉറച്ചുപോയതായി കാണുകയും ചെയ്തു എന്നുമാണ്‌ ഐതിഹ്യം. കേരളത്തിലെ ഏറ്റവും വലിയ ശ്രീകോവിലുള്ള ക്ഷേത്രമായ പെരുവനം ക്ഷേത്രം നിർമിച്ചത്‌ ദേവന്മരാണെന്നാണ്‌ വിശ്വാസം. ക്ഷേത്ര നിർമ്മണത്തിനു ശേഷം ബാക്കിയായ മണ്ണ്‌ തട്ടിയ സ്ഥലമാണത്രെ അയ്യുന്ന്‌ അഥവ അയ്‌കുന്ന്‌. അയ്യുന്ന്‌ ഇന്ന്‌ പാറളം പഞ്ചായത്തിലാണ്‌. അഞ്ച്‌ കുന്നുകൾ നിരന്നു നിൽക്കുന്ന ഇവിടം മനോഹരമായ കാഴ്ചയാണ്‌. അതിൽ ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന അയ്യുന്ന്‌ പാണ്‌ഡവഗിരി ദേവീക്ഷേത്രം പെരുവനം-ആറാട്ടുപുഴ പൂരത്തിലെ ഘടക ക്ഷേത്രമാണ്‌. ഇവിടെ‌ നിന്നു നോക്കിയാൽ തൃശ്ശൂർ പട്ടണം മുഴുവൻ കാണാം. സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ ദേശീയ പ്രസ്ഥന നേതാക്കളുടേയും സ്വാതന്ത്ര്യാനന്തരം നടന്ന കാർഷിക സമരങ്ങളിലും അടിയന്താരവസ്ഥകാലത്തും കമ്യൂണിസ്റ്റ്‌ നേതാക്കളുടേയും ഒളിത്താവളമായിരുന്നു അയ്യുന്ന്‌ താഴ്‌വരകൾ.
ഇന്നത്തെ തൃശ്ശൂർ ജില്ല ഏതാണ്ട്‌ മുഴുവനായി പെരുവനം ഗ്രാമത്തിൽ ഉൾപ്പെട്ടിരുന്നു. ആധുനിക കേരളത്തിൽ പെരുവനം എന്ന പേര്‌ ക്ഷേത്രത്തിനു മാത്രമായി ഒതുങ്ങിയപ്പോൾ ഗ്രാമകേന്ദ്രമായിരുന്ന ചേർപ്പ്‌ എന്ന സ്ഥലനാമത്തിന്‌ പ്രാധാന്യം ലഭിച്ചു. പെരുവനം ഗ്രാമത്തിന്റെ കാതലായിരുന്ന പ്രദേശങ്ങൾ ഇന്നത്തെ ചേർപ്പ്‌, വല്ലച്ചിറ പഞ്ചായത്തുകളിൽ ഉൾപ്പെടുന്നു. പെരുവനത്തിന്റെ ചരിത്രം പറയുമ്പോൾ പൂരത്തെ കുറിച്ച്‌ പറയാതിരിക്കാൻ സാധിക്കില്ല. പല പ്രമുഖ പൂരങ്ങളുടേയും ഉത്ഭവസ്ഥാനമാണ്‌ പെരുവനം എന്നത്‌ വസ്തുതയാണ്‌. അത്‌ വഴിയെ പരിശോധിക്കാം. ഒരു മേളകലാഗ്രാമം കൂടിയാണ്‌ പെരുവനം. അനേകം മേള ചക്രവർത്തിമാരുടെ പ്രതാപങ്ങൾ പറയാനുള്ള ഗ്രാമത്തിൽ ഇന്നും അനേകം അനുഗ്രഹീത കലാകാരന്മാരുണ്ട്‌. പഞ്ചാരി മേളത്തിന്റെ ഈറ്റില്ലം എന്ന്‌ പെരുവനത്തെ വിശേഷിപ്പിക്കുന്നു. പഞ്ചാരിമേളത്തിന്റെ ഉത്ഭവം പെരുവനം ക്ഷേത്ര നടവഴിയിൽ ആയിരുന്നു എന്നതാണിതിനു കാരണം. 500 വർഷങ്ങൾക്ക്‌ മുൻപ്‌ മഴമംഗലം നമ്പൂതിരിയും പണ്ടാരത്തിൽ രാമൻ മാരാരും ചേർന്ന്‌ പെരുവനം പൂരത്തിൽ ഊരകത്തിന്റെ എഴുന്നള്ളിപ്പിന്‌ കൊട്ടാൻ വേണ്ടി ചിട്ടപ്പെടുത്തിയതാണ്‌ ഇന്ന്‌ കാണുന്ന പഞ്ചാരി മേളം. മേളങ്ങൾക്ക്‌ മാത്രമല്ല പെരുവനം ജന്മം നൽകിയിട്ടുള്ളത്‌. കേരളത്തിന്റെ മുഖമുദ്രയായി മാറിയ നെറ്റിപട്ടം ആദ്യമായി നിർമ്മിച്ചതും ഉപയോഗിച്ചതും പെരുവനം പൂരത്തിലായിരുന്നു. 140 വർഷങ്ങൾക്ക്‌ മുൻപ്‌ കിരങ്ങാട്ട്‌ മനയിലെ ശങ്കരൻ നമ്പൂതിരിപ്പാട്‌ സ്വന്തം ക്ഷേത്രമായ ചേർപ്പിന്റെ എഴുന്നള്ളിപ്പിൽ നെറ്റിപട്ടങ്ങൾ ഉപയോഗിച്ചപ്പോൾ അന്നതൊരു വിസ്മയമായിരുന്നു. ശങ്കരൻ നമ്പൂതിരിപ്പാട്‌ രൂപകൽപ്പന ചെയ്ത ചൂരൽപൊളി, നാഗപടം, വണ്ടോട്‌ എന്നിങ്ങനെയുള്ള നെറ്റിപ്പട്ടങ്ങളാണ്‌ ഇന്ന് ഉത്സവങ്ങൾക്ക്‌ ഉപയോഗിക്കുന്നത്‌. കൂടാതെ ആലവട്ടം, വെൺചാമരം, മണിക്കൂട്ടം മുതലായ ആനച്ചമയങ്ങളും നൂതനമായി ആവിഷ്‌കരിച്ചു. തുടർന്നാണ്‌ ചമയങ്ങൾക്ക്‌ കണക്കും കൃത്യതയുമുണ്ടായത്‌. അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങൾക്കപ്പുറം ഒരു മാറ്റവും വന്നിട്ടില്ലെന്ന് പഴമക്കാർ പറയുന്നു.









ഭാഗം 3
കടപ്പാട് : ഹരി N G
"ഒരു ജനതയുടെ കൂട്ടായ്‌മയിലാണ്‌ സംസ്‌കാരം കുടികൊള്ളുന്നത്‌. സംസ്‌കാരം ത്രികാലസംബന്ധിയാണ്‌. ഭൂതഭാവിവർത്തമാനങ്ങളുടെ പൈതൃകം സംസ്‌കൃതിയുടെ നാരായവേരാണ്‌. ചരിത്രത്തിന്‌ എക്കാലത്തേതുമായ സംസ്‌കാരമുള്ളതുപോലെ സംസ്‌കാരത്തിനും ഒരു ചരിത്രമുണ്ട്‌."
- എസ്‌ കെ വസന്തൻ


പൂരത്തിന്റെ ചരിത്രം
--------------------------------
കേരളത്തിലെ ആനയെഴുന്നള്ളിപ്പോട്‌ കൂടിയ പൂരങ്ങളുടെ ഉത്ഭവം പെരുവനത്തുനിന്നുമാണ്‌. ഇന്ന് നിലനിൽക്കുന്ന ഏറ്റവും പഴക്കമേറിയ പൂരാഘോഷവും ഇവിടുത്തേത്‌ തന്നെ. ബ്രാഹ്മണാധിപത്യത്തിനും മുൻപ്‌ നിലനിന്നിരുന്ന ബുദ്ധമതക്കാർ ആരംഭിച്ചതാണ്‌ ആനയെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങളും രഥോത്സവങ്ങളും എന്ന് ഡോ കെ സുഗതൻ അഭിപ്രായപ്പെടുന്നു. മാമാങ്കവും ബുദ്ധമതക്കാലത്ത്‌ തുടങ്ങിയതാണെന്നും അദ്ദേഹം വിലയിരുത്തുന്നു. ഏത്‌ സംസ്കാരം തുടങ്ങിവച്ചതാണെങ്കിലും ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന ഉത്സവമാണ്‌ പെരുവനം-ആറാട്ടുപുഴ പൂരം എന്നതിൽ സംശയമില്ല.
ബി സി 1000 മുതൽ എ ഡി 500 വരെ നിലനിന്നിരുന്ന ഇരുമ്പ്‌ യുഗത്തിന്റെ അവസാന കാലഘട്ടത്തിലാണ്‌ സംഘസാഹിത്യമെന്ന് പൊതുവെ അറിയപ്പെടുന്ന പഴംതമിഴ്‌ പാട്ടുകൾ ഉണ്ടാകുന്നത്‌. പെരിയാർ നദിയിൽ നിന്നും രണ്ട്‌ കിലോമീറ്റർ അകലെയാണ്‌ കേരളപുത്രന്റെ രാജധാനി എന്ന് അക്കാലത്തെ കൃതികളിൽ കാണാം. ചേരരാജാവ്‌ ചെങ്കുട്ടവനെ പറ്റി ചിലപ്പതികാരത്തിൽ പരാമർശ്ശിക്കുന്നുണ്ട്‌. രാജ്യ ഭരണത്തെ പറ്റി വ്യക്തമായി അറിയപ്പെടുന്ന ചരിത്രം ആരംഭിക്കുന്നത്‌ എ ഡി 800 മുതലുള്ള പെരുമാൾ ഭരണകൂടത്തോടെയാണ്‌. എന്നാൽ അതിനു മുൻപും രാജഭരണം കേരളത്തിൽ നിലനിന്നിരുന്നു എന്നതിന്‌ തെളിവാണ്‌ സംഘകാല കൃതികൾ. ആധികാരിക ചരിത്ര ഗ്രന്ഥമല്ലെങ്കിലും ഇരുളടഞ്ഞ ഈ കാലഘട്ടത്തിന്റെ ഒരു ഏകദേശ ചിത്രം ലഭിക്കാൻ കേരളോൽപ്പത്തിയെ ആശ്രയിക്കാം. കേരളോൽപ്പത്തി പ്രകാരം ബ്രാഹ്മണർ പരദേശത്തുനിന്ന് 18 രാജാക്കന്മാരെ വീതം ഓരോ 12 കൊല്ലക്കാലത്തേയ്ക്ക്‌ കേരളം ഭരിക്കാനായി കൊണ്ടുവന്നിരുന്നു. ഈ രാജാക്കന്മാരെയെല്ലാം പെരുമാൾ എന്നാണ്‌ വിളിച്ചിരുന്നത്‌. ഇതിനായി അവർ യോഗം കൂടിയിരുന്നത്‌ തിരുനാവായ മണപ്പുറത്തായിരുന്നു. ഇങ്ങനെ രാജാവിനെ തിരഞ്ഞെടുക്കാനായി നടന്നു വന്നിരുന്ന ഗ്രാമാധിപന്മാരുടെ ഒത്തുചേരൽ കേവലം ഒരു യോഗത്തിനുപരി അതൊരുത്സവമാക്കി മാറ്റാനായി തീരുമാനിച്ചു. 12 വർഷം തികയുമ്പോൾ കൂടുന്ന യോഗത്തോടൊപ്പം 28 ദിവസം നീണ്ടുനിൽക്കുന്ന മഹാമക വേല (മാമാങ്കം) എന്ന പേരിൽ ഉത്സവം വേണമെന്ന് നിശ്ചയിച്ചു. മാഘമാസത്തിൽ നടക്കുന്ന ഉത്സവമായ മഹാമാഘം ആണ്‌ മഹാമകവും മാമാങ്കവുമായി മാറിയതെന്ന് പറയപ്പെടുന്നു. ഈ മഹാമക വേലയുടെ ആരംഭവുമായുണ്ടായ തർക്കങ്ങൾ നിമിത്തമോ സ്വന്തം നാട്ടിൽ അതുപോലൊരു വിപുലമായ ഉത്സവം വേണമെന്ന ആഗ്രഹം കാരണമോ മദ്ധ്യകേരളത്തിലെ നാടുവാഴിമാർ യോഗം ചേർന്ന് പെരുവനം നാടുവാഴിയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ്‌ പെരുവനം ഉത്സവം എന്ന നിഗമനത്തിലേക്കാണ്‌ കാലഗണനയും ചരിത്ര പശ്ചാതലങ്ങളും എന്നെ കൊണ്ടെത്തിക്കുന്നത്‌. രാജാവിനെ തിരഞ്ഞെടുക്കലുമായുള്ള ആർഭാടങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു ഇവിടെ ഉത്സവാവിഷ്‌കാരം. അതിനാൽ തന്നെ ഉത്സവം രാഷ്ട്രീയമാനങ്ങൾ കൈക്കൊണ്ടപ്പൊഴും അധികാരവടംവലികൾ നടന്നപ്പോഴും അതിനതീതമായും ഉത്സവം നടന്നുകൊണ്ടിരുന്നു. ഇടയ്ക്ക്‌ നിർത്തിവയ്ക്കപ്പെട്ടെങ്കിലും നൂറ്റാണ്ടുകൾക്ക്‌ ശേഷവും പുനരാരംഭിക്കാൻ സാധിച്ചു. പിന്നേയും അധികാരവടംവലികൾ തുടർന്നെങ്കിലും പൂരം പിന്നേയും തുടർന്നു. ഇന്നും തുടരുന്നു. ഇരുമ്പ്‌ യുഗം അവസാനിച്ചതിനു ശേഷം അധികം വൈകാതെയാണ്‌ പെരുവനം പൂരത്തിന്റെ പുനരാരംഭം എന്ന് കരുതാം.
പെരുവനം ഗ്രാമത്തിനെ ഭൂമിയിലെ ദേവലോകം എന്നുതന്നെ വിശേഷിപ്പിക്കാം. അത്രക്കധികം ക്ഷേത്രങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്‌. ഓരോ ദേശത്തുമുള്ള പ്രധാന ക്ഷേത്രങ്ങളിലെ ദേവീദേവന്മാർ എല്ലാ വർഷവും ഗ്രാമക്ഷേത്രമായ പെരുവനത്ത്‌ ഒത്തുകൂടിയിരുന്നു. 28 ദിവസം നീണ്ടുനിന്നിരുന്ന, 108 ദേവീദേവന്മാർ പങ്കെടുത്തിരുന്ന ആ ക്ഷേത്രോത്സവം നൂറ്റാണ്ടുകൾക്കു മുൻപ്‌ ഏതോ അജ്ഞാത കാരണത്താൽ മുടങ്ങിപോയി എന്ന്‌ ചരിത്ര രേഖകളിൽ കാണാം. ഇത്‌ വസന്തോത്സവം എന്നും അറിയപ്പെട്ടിരുന്നു. ആ ഉത്സവത്തിൽ ഗ്രാമ രക്ഷകനായ പെരുവനത്തപ്പൻ (ഇരട്ടയപ്പൻ) പുറത്തേക്കെഴുന്നള്ളി ജനങ്ങളുടെ ക്ഷേമ വിവരങ്ങൾ അന്വേഷിക്കുകയും പ്രശ്നങ്ങൾക്ക്‌ പരിഹാരം വിധിക്കുകയും ചെയ്തിരുന്നു. ഉത്സവം മുടങ്ങിയതിന്‌ ശേഷം പിന്നീടൊരിക്കലും പെരുവനത്തപ്പൻ പുറത്തേക്കെഴുന്നള്ളിയിട്ടില്ല. പെരുവനത്തപ്പനെ എഴുന്നള്ളിക്കുവാനുള്ള നിഷ്ഠകൾ കഠിനമായിരുന്നു. പൂരം പുനരാരംഭിച്ചപ്പോൾ പെരുവനത്തപ്പൻ ചെയ്തിരുന്ന ക്ഷേമാന്വേഷണങ്ങളും ഗ്രാമരക്ഷക്കായുള്ള ഗ്രാമബലിയും തൃപ്രയാർ തേവർക്കും ആറാട്ടുപുഴ ശാസ്താവിനും ചാത്തക്കുടം ശാസ്താവിനും തിരുവുള്ളക്കാവ്‌ ശാസ്താവിനുമായി വീതിച്ചു നൽകിയത്രേ. അതിന്നും തുടർന്നു വരുന്നു. ശിവരാത്രി ദിവസം പെരുവനത്തെ മറ്റൊരു പ്രതിഷ്ഠയായ ദക്ഷിണാമൂർത്തിയെ ആനപ്പുറത്തെഴുന്നള്ളിച്ച്‌ ക്ഷേത്രമതിൽകെട്ടിനകത്ത്‌ ശിവരാത്രി വിളക്ക്‌ നടത്തുന്ന പതിവ്‌ ഇപ്പോഴുമുണ്ട്‌. എന്നാൽ ഇരട്ടയപ്പനേയോ മാടത്തിലപ്പനേയോ എഴുന്നള്ളിക്കാറില്ല.
മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാൻ (പെരുവനം ഗ്രാമം എന്ന ലേഖനം) പെരുവനം പൂരത്തെ ഇപ്രകാരം വിവരിച്ചിരിക്കുന്നു. 'പെരുവനത്തു പൂരം എന്നു മുൻ കാലങ്ങളിൽ പേര്‌ സിദ്ധിച്ചിട്ടുള്ള വലിയ വിളക്കിനും ആറാട്ടിനും സങ്കേതത്തിൽ പെട്ടതും പെടാത്തതും കൂടി 108 ദേവന്മാരേയും എഴുന്നള്ളിച്ച്‌ പൂരം കഴിച്ചു വന്നിരുന്നു. ഈ കൂട്ടത്തിൽ വെള്ളാരപ്പള്ളിയിൽ നിന്നും ആവണങ്കോട്‌, മാണിക്യമംഗലം മുതലായ ക്ഷേത്രങ്ങളിൽ നിന്നും തൃശ്ശിവപേരൂര്‌ പാറമേക്കാവ്‌, തിരുവമ്പാടി മുതലായ ക്ഷേത്രങ്ങളിൽ നിന്നും ആറാട്ടിന്ന്‌ ആറാട്ടുപുഴക്ക്‌ പൂരം പുറപ്പെട്ടു പോയിരുന്നു. മേൽപറഞ്ഞ അനവധി ദൈവപരിവാരങ്ങളെ മുമ്പിൽ നടത്തിക്കൊണ്ട്‌ ഊരകം, ചേർപ്പ്‌ എന്നീ ഭഗവതിമാരുടെ നടുവിൽ തൃപ്പരാറ്റപ്പൻ അകമ്പടിയായിട്ടാണ്‌ പെരുവനത്ത്‌ ഇരട്ടയപ്പന്റെ ആറാട്ട്‌ കഴിച്ചുവരുന്നത്‌. എഴുന്നള്ളത്ത്‌ ആറാട്ടിന്നു പുറപ്പെടുന്ന പെരുവനത്തു ക്ഷേത്രത്തിന്റെ നടമുതൽക്ക്‌ ആറാട്ടുപുഴ എത്തുന്നതുവരെയുള്ള ഭൂമി മുഴുവനും ചേർപ്പുകാരുടെ വകയാണ്‌. ആ ഭൂമിയിൽ ഇരട്ടയപ്പന്റെ വാഹനം സഞ്ചരിക്കുന്ന ദിക്കിലെല്ലാം വെള്ളയും കരിമ്പടവും വിരിച്ച്‌ അലങ്കരിക്കുന്ന ചുമതല ചേർപ്പുകാർ നിർവ്വഹിച്ചുവന്നിരുന്നു. 42 ദേവീദേവന്മാരാൽ പരിസേവിതനായിട്ടാണ്‌ പെരുവനത്തു നിന്നുള്ള ഇരട്ടയപ്പന്റെ എഴുന്നള്ളത്ത്‌ ആറാട്ടുപുഴക്ക്‌ പോയിരുന്നത്‌. അന്ന്‌ വൈകുംനേരമാണ്‌ ആറാട്ടുപുഴ പൂരം. ആറാട്ടുപുഴ പൂരത്തിനും പിറ്റേദിവസം മന്ദാരക്കടവിൽ ആറാട്ടിനും 108 ക്ഷേത്രങ്ങൾ പങ്കെടുത്തിരുന്നു. അതിനാലാണ്‌ ആറാട്ടുപുഴ പൂരത്തിന്‌ ദേവമേള എന്ന പേർ സിദ്ധിച്ചത്‌.' ഇപ്രകാരം നടന്നുവന്ന പെരുവനത്തുപൂരം ഒരിടക്കാലത്ത്‌ വച്ച്‌ നിലച്ചു. മുടങ്ങിപ്പോയ ഉത്സവം പിന്നീട്‌ പുനരാരംഭിക്കാൻ കഴിഞ്ഞില്ല. ഏകദേശം ഒരുനൂറ്റാണ്ടിലേറെക്കാലം പൂരം മുടങ്ങിക്കിടന്നതായാണ്‌ നിഗമനം. പൂരം മുടങ്ങാൻ ഉണ്ടായ കാരണങ്ങളായി വായിച്ചും കേട്ടും അറിഞ്ഞത്‌ രണ്ട്‌ കാരണങ്ങളാണ്‌. ഒന്നാമത്തേത്‌ തീർത്തും വിശ്വാസയോഗ്യമല്ലാത്തതിനാൽ ഇവിടെ പ്രസ്താവിക്കുന്നില്ല. പൂരം മുടങ്ങാനുള്ള യഥാർത്ഥ കാരണം ഊരാളന്മാർക്കിടയിൽ നിലനിന്നിരുന്ന കിടമത്സരമാണെന്ന അഭിപ്രായത്തോട്‌ യോജിക്കുന്നതാണ്‌ യുക്തി. മാണിച്ചാക്യാരെ കൂത്തിൽ പങ്കെടുപ്പിക്കാൻ കുറുവട്ടവണാവ്‌ നമ്പൂതിരി ശ്രമിച്ചതിനെ മറ്റു ഊരാളന്മാരായ ചിറ്റൂരും അവണാവും നമ്പൂതിരിമാർ എതിർത്തിരുന്നു. ഈ മൂന്ന്‌ ഊരാളന്മാർ തമ്മിലുള്ള കിടമത്സരം പിന്നേയും തുടർന്നു വന്നു. ഇതിനിടയിൽ ചിറ്റൂര്‌ മനയിലെ നമ്പൂതിരിമാർ ഊരകത്തുകരെ ആക്രമിച്ചുവത്രേ. ഊരകത്തുകരുടെ സംരക്ഷണത്തിനായി എത്തിയത്‌ കുറുവട്ടവണാവ്‌ നമ്പൂതിരിമാരാണ്‌. ഇതിന്റെ സ്മരണയായിട്ടാണ്‌ ഊരകത്തമ്മത്തിരുവടിയുടെ കൂടെ കുറുവട്ടവണാവുകാരുടെ ചാത്തക്കുടം ശാസ്താവിനെ ഇപ്പോൾ എഴുന്നള്ളിച്ചുവരുന്നത്‌. എന്നാൽ പെരുവനം ഗ്രന്ഥവരിയിൽ ഈ കാര്യങ്ങൾ പ്രതിപാദിച്ചിട്ടില്ല. ഊരകത്തമ്മയുടെ എഴുന്നള്ളിപ്പിന്‌ സംരക്ഷണം നൽകാനായി കുറുവട്ടവണാവ്‌ നമ്പൂതിരി ചാത്തക്കുടം ശാസ്താവിനൊപ്പം അംഗരക്ഷകരെ കൂടി നൽകി. ഊരകം ക്ഷേത്രം രാജഭരണത്തിൻ കീഴിലായപ്പോൾ അംഗരക്ഷകരായി രാജഭടന്മാരും ഇപ്പോൾ കേരള പോലീസും എഴുന്നള്ളിപ്പിന്‌ സുരക്ഷതീർക്കുന്നു. അതിനാൽ കുറുവട്ടവണാവുകാരുടെ അംഗരക്ഷകരിപ്പോഴില്ല പക്ഷേ ചാത്തക്കുടം ശാസ്താവിന്റെ അകമ്പടി ഇപ്പോഴുമുണ്ട്‌. ചിറ്റൂർ നമ്പൂതിരിപ്പാട്‌ പ്രതാപം കൊണ്ട്‌ ഒട്ടും പുറകിലായിരുന്നില്ല. ഒരു സാമൂതിരി മരിച്ചാൽ അടുത്ത സാമൂതിരിയുടെ അവരോധം വരെ മാമാങ്കത്തിന്‌ നിലപാട്‌ നിൽക്കൽ അടക്കം നെടിയിരിപ്പ്‌ സ്വരൂപം എന്ന കോഴിക്കോടിന്റെ പല അധികാരങ്ങളും ചിറ്റൂർ നമ്പൂതിരിമാർക്കുണ്ടായിരുന്നു. സാമൂതിരിയുമായുള്ള അടുപ്പം പിന്നീട്‌ കൊച്ചിരാജവുമായുള്ള അകൽച്ചയിലേക്കാണ്‌ ചിറ്റൂർ നമ്പൂതിരിയെ നയിച്ചത്‌.
പ്രാചീനകാലത്ത്‌ ഉത്സവത്തിനുപരി 108 ദേശങ്ങളിലെ പ്രതിനിധികളും പ്രജകളും ഇവിടെ വന്ന്‌ ഗ്രാമസഭകൾ ചേരുകയും പ്രശ്നങ്ങൾ വിശകലനം ചെയ്യുകയും വരും വർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തിരുന്നു. സാഹിത്യ സദസുകളും കവിയരങ്ങുകളും അതിന്റെ ഭാഗമായുണ്ടായിരുന്നു. മലബാറിലെ മാമാങ്കത്തിനു സമാനമായ രീതിയിലായിരുന്നു കൊച്ചിരാജ്യത്ത്‌ പെരുവനം ഉത്സവം നടത്തിയിരുന്നത്‌. ആറാട്ടുപുഴയിലെ നിലപാടു തറയ്ക്ക്‌ തിരുനാവായയിലെ നിലപാടു തറയോട്‌ സാദൃശ്യമുണ്ട്‌. നിലപാട്‌ നിൽക്കൽ എന്ന ചടങ്ങ്‌ ആറാട്ടുപുഴയിൽ അഘോഷപൂർവ്വം നടത്തിയിരുന്നത്‌ ഇപ്പോഴും തുടരുന്നുണ്ട്‌. ഇവിടെ രാജാവല്ല മറിച്ച്‌ ഗ്രാമരക്ഷകരായ ശാസ്താക്കന്മാരാണ്‌ നിലപാട്‌ നിൽക്കുന്നതെന്നുമാത്രം. ക്രമേണ അതിന്റെ രാഷ്ട്രീയമായ അർത്ഥതലങ്ങൾ മാഞ്ഞു പോകുകയും ദേവീദേവന്മാരുടെ സമ്മേളനോത്സവമായി മാത്രം അവശേഷിക്കുകയും ചെയ്തു. മാമാങ്കം ചരിത്രത്തിലെ അടഞ്ഞ അദ്ധ്യായങ്ങളിലൊന്നിൽ നിലച്ചുപോയപ്പോൾ പെരുവനം ഉത്സവം; പെരുവനം-ആറാട്ടുപുഴ പൂരം എന്ന പേരിൽ ഇപ്പോഴും നിലനിൽക്കുന്നു. രൂപമാറ്റങ്ങൾ ഏറെ സംഭവിച്ചിട്ടുണ്ടായിരിക്കാം. എങ്കിലും ചരിത്രത്തിന്റെ സുവർണ്ണ ലിപികളിൽ എഴുതിയ അവസാന താളുകളിൽ ഇപ്പോഴും മായാതെ കിടക്കുന്നു. പണ്ട്‌ ഉത്സവകാലമായാൽ ജനങ്ങൾ എല്ലാവരും ഗ്രാമത്തിലേക്ക്‌ മടങ്ങിയെത്തണമെന്നും എല്ലാ കുടുംബങ്ങളും ഉത്സവത്തിൽ പങ്കെടുത്തിരിക്കണമെന്നും നിർബന്ധ നിയമമുണ്ടായിരുന്നു. അല്ലാത്തപക്ഷം ആ വ്യക്തികളെ മരിച്ചവരായി കണക്കാക്കി മരണാനന്തര കർമ്മങ്ങൾ ചെയ്തിരുന്നു. ഗതാഗത വാർത്താവിനിമയങ്ങളൊന്നുമില്ലാത്ത കാലത്ത്‌ ദൂര ദേശങ്ങളിലേക്ക്‌ യാത്രപോയവർ എല്ലാം തന്നെ ഉത്സവത്തിന്‌ എത്തുമെന്നും ഇല്ലാത്ത പക്ഷം അവരെ ഇനി കാത്തിരിക്കേണ്ട എന്നുമായിരിക്കാം ഇതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌. ജാതിവ്യവസ്ഥയും ഉച്ചനീചത്വവും കൊടികുത്തി വാണിരുന്ന കാലത്തും പെരുവനം ഗ്രാമത്തിലെ ഭഗവതിമാരും തേവരും ആറാടിയിരുന്നത്‌ (ശാസ്താക്കന്മാർക്ക്‌ ആറാട്ടില്ല) എല്ലാവിഭാഗം ജനങ്ങൾക്കും ഒപ്പമായിരുന്നു എന്നതും ഇവിടത്തെ മാത്രം സവിശേഷതയാണ്‌. കൊച്ചി മഹാരാജാവ്‌ രാജ്യത്തെ ക്ഷേത്രങ്ങൾ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും തുറന്നുകൊടുക്കുന്നത്‌ വരെ ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങളും നമ്പൂതിരി ഇല്ലങ്ങളിലെ അന്തർജ്ജനങ്ങളും അടക്കം എല്ലാവിഭാഗം ജനങ്ങളേയും കാണാൻ ഈ ദേവീദേവന്മാർ വർഷത്തിലൊരിക്കൽ അവർക്കരികിലേക്ക്‌ ചെന്നിരുന്നു. അതെല്ലാം ഇന്നും ആചാരങ്ങളായി നിലനിൽക്കുന്നത്‌ നമുക്ക്‌ കാണാം. ക്ഷേത്രങ്ങളിൽ ഇന്ന്‌ അഹിന്ദുക്കൾക്ക്‌ പ്രവേശനമില്ലെങ്കിലും പൂരത്തിന്‌ അത്‌ ബാധകമല്ല. എല്ലാ മതസ്തർക്കും പൂരം ദിവസം പെരുവനത്തും വടക്കുംനാഥനിലും കയറുന്നതിന്‌ വിലക്കില്ല. ഇരിങ്ങാലക്കുട കൂടൽമാണിക്യവും ഗുരുവായൂരും
പോലുള്ള ക്ഷേത്ര ഉത്സവങ്ങളിൽ മതിൽക്കെട്ടിനുള്ളിലേക്ക്‌ അഹിന്ദുക്കൾക്ക്‌ പ്രവേശനമില്ല. അതാണ്‌ പല ക്ഷേത്രങ്ങൾ ഒത്തുചേരുന്ന പൂരങ്ങളും ഒരു ക്ഷേത്രത്തിൽ മാത്രമായ്‌ ഒതുങ്ങി നിൽക്കുന്ന ക്ഷേത്രോത്സവങ്ങളും തമ്മിലുള്ള വ്യത്യാസം. പൂരം ജനകീയമാണ്‌. ഇന്നത്തെ പ്രശസ്തമായ തൃശൂർ പൂരം, പെരുവനം-ആറാട്ടുപുഴ പൂരത്തിൽ നിന്ന് വിഘടിച്ചുപോയവർ ചേർന്നാരംഭിച്ചതാണ്‌. തൃശൂർ പൂരത്തിന്റെ ചരിത്രം അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങളിലേക്ക്‌ കടക്കുന്നില്ല.
നിലച്ചുപോയ ഉത്സവം അനേക വർഷങ്ങൾക്കു ശേഷം പുനരാരംഭിച്ചപ്പോൾ പല ക്ഷേത്രങ്ങളും പങ്കെടുക്കാൻ തയ്യാറായില്ല . അങ്ങനെ പങ്കാളിത്തത്തിൽ ഗണ്യമായ കുറവുവന്നു. ഉത്സവം പുനരാരംഭിച്ചപ്പോൾ ഘടനയിലും മാറ്റം വന്നു. 42 ദേവീദേവന്മാരുടെ അകമ്പടിയോടെ പെരുവനത്ത്‌ ഇരട്ടയപ്പൻ ആറാട്ടുപുഴക്ക്‌ എഴുന്നള്ളുന്ന സമ്പ്രദായം ഇല്ലാതായി. ആറാട്ടുപുഴ പൂരം പുനരാരംഭിച്ചപ്പോൾ അതിന്റെ നായക സ്ഥാനത്ത്‌ പെരുവനത്തപ്പന്‌ പകരം തൃപ്രയാർ തേവരെയാണ്‌ കാണുന്നത്‌. 28 ദിവസത്തെ ഉത്സവത്തിനു പകരം ഘടകക്ഷേത്രമായ ചേർപ്പ്‌ ഭഗവതി ക്ഷേത്രത്തിൽ 28 ദിവസം മുൻപ്‌ കൊടിയേറ്റവും വലിയ വിളക്ക്‌ ദിവസം പെരുവനം പൂരവും രണ്ടു ദിവസത്തിനു ശേഷം; പൂരം നാളിൽ ആറാട്ടുപുഴ പൂരത്തോടെ ആറാട്ടുപുഴ മന്ദാരക്കടവിൽ ആറാട്ടും, അത്തം നാൾ കൊടികുത്തോടെ സമാപനവും എന്ന രീതിയിലാക്കി. മീനമാസത്തിൽ ഉത്രം നക്ഷത്രം പാതിരാത്രി വരുന്ന ദിവസം ദേവീ ക്ഷേത്രങ്ങളിൽ ഉത്രം പാട്ട്‌. അതിന്റെ തലേനാൾ പൂരം അതാണ്‌ കണക്ക്‌. ഈ ഗ്രാമോത്സവം പുനരാരംഭിച്ചിട്ട് 1433 വർഷങ്ങൾ പിന്നിട്ടു എന്ന് വ്യക്തമായി പറയാവുന്ന രേഖകൾ ലഭ്യമാണ്. അതിനു മുൻപ്‌ നടന്നിരുന്ന ക്ഷേത്രോത്സവം എന്ന് തുടങ്ങി എന്നതിനോ എന്ന് നിന്നുപോയി എന്നതിനോ വ്യക്തമായ തെളിവുകൾ ലഭ്യമല്ല പക്ഷെ അങ്ങിനെ ഒന്ന് നടന്നിരുന്നു എന്നുമാത്രം പറഞ്ഞിരിക്കുന്നു.
പഴയ ഉത്സവം 500 കൊല്ലം തുടർച്ചയായി നടന്നുവെന്നും 500 ആം വർഷം മുതൽ നിന്നുപോയെന്നും ചിറ്റൂർ നമ്പൂതിരിപ്പട്‌ എഴുതിയ ഐതിഹ്യരത്നാകരത്തിൽ കാണാമെങ്കിലും ചരിത്രപരമായി ഉള്ള തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ല. ചിറ്റൂർ നമ്പൂതിരിപ്പാടിന്റെ ഐതിഹ്യം കണക്കിലെടുത്താൽ 500 വർഷം പഴയ ഉത്സവവും 1433 വർഷം ഇന്ന് കാണുന്ന രീതിയിലുള്ള പൂരവും അടക്കം 1933 വർഷങ്ങളിലൂടെ കടന്നുപോയതാണ്‌ പെരുവനം പൂരം. എന്നാൽ ഉത്സവം മുടങ്ങി പൂരം ആരംഭിക്കുന്നതിനിടയിൽ എത്ര വർഷങ്ങൾ ഉണ്ടായിരുന്നു എന്ന് ഐതിഹ്യങ്ങൾക്കുപോലും ഉത്തരമില്ല. ഏകദേശം ഒരു നൂറ്റാണ്ട്‌ ഉത്സവം മുടങ്ങിക്കിടന്നു എന്ന് പലരും എഴുതിയിട്ടുണ്ട്‌. എറ്റവും കുറച്ച്‌ 100 വർഷങ്ങൾ എന്നൊരു കണക്കെടുത്താൽ തന്നെ 2033 വർഷങ്ങളുടെ കഥകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിൽ 1433 വർഷങ്ങളുടെ കണക്കുകൾക്ക്‌ മാത്രമേ ഗ്രന്ഥവരികളുടേയും പുരാരേഖകളുടേയും പിൻബലമുള്ളു. മറ്റുള്ളതെല്ലാം അനുമാനങ്ങൾ മാത്രമാണ്‌. പെരുവനം ഗ്രന്ഥവരിയിലെ രേഖകൾ പ്രകാരം പൂരം പുനരാരംഭിച്ചത്‌ കലിസംഖ്യയായ 3684 മീനം 27നാണ്‌. ഈ സംഖ്യ എ. ഡി. 583 ന്‌ തുല്യമാണ്‌. കൊല്ലവർഷത്തിനു മുൻപുള്ള കലിവർഷത്തിലെ കാലഗണന അളക്കുന്നതിന്‌ പരൽപേര്‌ എന്ന വിദ്യയാണ്‌ സാധാരണ ഉപയോഗിച്ചുകാണുന്നത്‌. വരരുചിയാണ്‌ ഈ വിദ്യയുടെ പ്രചാരകൻ എന്ന്‌ കരുതുന്നു. അക്ഷരങ്ങളെ സംഖ്യകളായി പരിവർത്തനം ചെയുന്ന രീതിയാണിത്‌. ഓരോ അക്ഷരത്തിനും തുല്യമായ സംഖ്യ പരൽപേരിൽ പറയുന്നുണ്ട്‌. അവ യഥാക്രമം എഴുതി കിട്ടുന്ന സംഖ്യയെ അതിന്റെ വിപരീത ദിശയിൽ മറിച്ചെഴുതിയിട്ടൊക്കെയാണ്‌ പരൽപേര്‌ പ്രകാരമുള്ള ഗണിതം. പൂരത്തിന്റെ പുനരാരംഭത്തെ കുറിക്കുന്ന പെരുവനം ഗ്രന്ഥവരിയിലെ ശ്ലോകവും അറാട്ടുപുഴ പൂരം ഉത്ഭവിച്ച വർഷവും പൂരത്തിൽ പങ്കാളികളായ ക്ഷേത്രങ്ങളിലെല്ലാം കരിങ്കല്ലിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
"ആയാതു ശിവലോകം ന
കലാവിതി വിലോകനാൽ
ചിന്തയാ സത്ഭിരാരംഭി
ദേവപൂരമഹോത്സവം"
'കലിയുഗത്തിലും ശിവലോകം
അനുഭവവേദ്യമാക്കണം എന്ന ആഗ്രഹത്തോടെ പൗരന്മാർ ചർച്ച നടത്തുകയും ദൈവീകമായ പൂരം നടത്താൻ തീരുമാനിക്കുകയും ചെയ്തു.'
ആലിലകളും മാവിലകളും ഒന്നിടവിട്ട്‌ കെട്ടിയ കവുങ്ങിൻ തടിയിൽ തീർത്ത താൽക്കാലിക കൊടിമരം ആന കുത്തിമറിച്ചിടുന്നതോടെ ഒരു വർഷത്തെ പൂരാഘോഷങ്ങൾ അവസാനിക്കുന്നു. ഈ ചടങ്ങ്‌ കേരളത്തിൽ പെരുവനം-ആറാട്ടുപുഴ പൂരം, തൃശൂർ പൂരം, കുട്ടനെല്ലൂർ പൂരം എന്നീ പടഹാദി ഉത്സവങ്ങളിലല്ലാതെ മറ്റൊരു സ്ഥലത്തുമുണ്ടാകില്ല. പടഹാദി ഉത്സവം എന്നു വച്ചാൽ കൊടികയറ്റത്തിന്‌ അല്ല പ്രാധാന്യം. എഴുന്നള്ളിപ്പ്‌ കൊട്ടിപ്പുറപ്പെട്ട്‌ പോകുന്ന തരം ഉത്സവങ്ങളാണ്‌. ഉത്സവങ്ങൾ മൂന്നുവിധമാണ്‌ പടഹാദി (കൊട്ടിപ്പുറപ്പെടൽ മുഖ്യമായത്‌), ദ്വജാതി (കൊടിയേറ്റം മുഖ്യമായത്‌), അങ്കുരാതി (മുളയിടൽ മുഖ്യമായത്‌). ആറാട്ടുപുഴ പൂരത്തിന്‌ 28 ദിവസം മുൻപ്‌ ചേർപ്പ്‌ ഭഗവതി ക്ഷേത്രത്തിലും 27 ദിവസം മുൻപ്‌ തിരുവുള്ളക്കാവ്‌ ശാസ്താക്ഷേത്രത്തിലും കൊടികയറ്റം നടക്കുമെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ താന്ത്രിക കർമ്മങ്ങളല്ലാതെ പൂരവുമായി ബന്ധപ്പെട്ട പരിപാടികൾ ഒന്നും തന്നെയില്ല. ചേർപ്പ്‌ ഭഗവതീ ക്ഷേത്രത്തിലെ കൊടികയറ്റത്തിനായി കുംഭമാസത്തിലെ പൂരം നാൾ രാത്രി ഒത്തുകൂടുന്ന നാട്ടുകാരിൽ കാരണവർ ഒരു വടിയെടുത്ത്‌ നിലത്തുനിന്ന് ലംബമായി പിടിച്ച്‌ പിടിവിടുന്നു. വടി ഏതു ദിശയിലാണോ വീഴുന്നത്‌ ആ ദിശയിലേക്ക്‌ ശംഖ്‌ വിളികളുമായി നാട്ടുകാർ നീങ്ങും. ആദ്യം കാണുന്ന വളവില്ലാത്ത ലക്ഷണമൊത്ത കവുങ്ങ്‌ നിലത്ത്‌ വീഴാതെ വെട്ടിക്കൊണ്ടുവരുന്നു. വെട്ടിയുഴിഞ്ഞ്‌ ആലിലയും മാവിലയും ചേർത്ത്‌ കെട്ടി കൊടിമരം നാട്ടി മൂന്ന് തവണ "കാവൽക്കാരേ ഇന്നേക്ക്‌ 28 ആം ദിവസം ആറാട്ടുപുഴ പൂരം" എന്ന് വിളിച്ചു ചൊല്ലും. അന്ന് മുതൽ ആറാട്ടുപുഴ പൂരം കഴിയുന്നത്‌ വരെ പെരുവനം ഗ്രാമത്തിലെ ക്ഷേത്രഗോപുരങ്ങളെല്ലാം തുറന്നിടണം എന്നാണ്‌ നിയമം. പൂരം കഴിഞ്ഞാൽ കവുങ്ങു വെട്ടിയ സ്ഥലത്ത്‌ ഒരു കവുങ്ങിൻ തൈയ്യും കൂവള തൈയ്യും അശോകചെത്തിയും നടുന്ന ചടങ്ങും ഇവിടെയുണ്ട്‌.
1971 ൽ ഭൂപരിഷ്‌കരണ നിയമം വന്നതോടെ സാമ്പത്തിക ബാധ്യതയാൽ ഭൂരിഭാഗം ജന്മികളും ക്ഷേത്രകാര്യങ്ങൾ കൈയ്യൊഴിഞ്ഞു. പൂരം മുടങ്ങിപോകും എന്നൊരു അവസ്ഥ സംജാതമായി. പ്രത്യേകിച്ചും ദൂരദേശങ്ങളിലുള്ള ചെറിയ ക്ഷേത്രങ്ങൾക്ക്‌ തുടർന്നുപോകാനുള്ള താൽപര്യം തീരെയില്ലാതെയായി. ആ അവസരത്തിൽ നാട്ടുകാർ ചേർന്ന് സ്വകാര്യക്ഷേത്രങ്ങൾക്കായി കമ്മറ്റികൾ രൂപീകരിക്കുകയും അവയെ എല്ലാം കോർത്തിണക്കുന്ന പെരുവനം-ആറാട്ടുപുഴ പൂരം സെന്റ്രൽ കമ്മറ്റിക്ക്‌ രൂപം കൊടുക്കുകയും ചെയ്തു. ഈ സെന്റ്രൽ കമ്മറ്റി കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളേയും നാട്ടുകാരുടെ കീഴിലുള്ള സ്വകാര്യ ക്ഷേത്രങ്ങളേയും പൂരത്തിനായി ഒത്തൊരുമിപ്പിക്കുന്നു. സെന്റ്രൽ കമ്മറ്റിയുടെ സമയോജിതമായ രൂപീകരണം നടന്നില്ലായിരുന്നെങ്കിൽ പെരുവനം-ആറാട്ടുപുഴ പൂരം എന്നെന്നേക്കുമായി നിലച്ചുപോകുമായിരുന്നു. ഇന്ന്‌ 24 ക്ഷേത്രങ്ങളാണ്‌ പെരുവനം-ആറാട്ടുപുഴ പൂരങ്ങളിൽ പങ്കെടുക്കുന്നത്‌. തൃപ്രയാർ ശ്രീരാമക്ഷേത്രം, ആറാട്ടുപുഴ ശാസ്താക്ഷേത്രം, ഊരകം അമ്മത്തിരുവടി ക്ഷേത്രം, ചേർപ്പ്‌ ഭഗവതി ക്ഷേത്രം, ചാത്തക്കുടം ശാസ്താക്ഷേത്രം, തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രം, നെട്ടിശേരി ശാസ്താക്ഷേത്രം (മണ്ണൂത്തി), നാങ്കുളം ശാസ്താക്ഷേത്രം (അവിണിശേരി), കോടന്നൂർ ശാസ്താക്ഷേത്രം, എടക്കുന്നി ഭഗവതി ക്ഷേത്രം (ഒല്ലൂർ), അയ്യുന്ന്‌ ഭഗവതി ക്ഷേത്രം (വെങ്ങിണിശേരി), ചക്കംകുളങ്ങര ശാസ്താക്ഷേത്രം (തലോർ), തൈക്കാട്ടുശേരി ഭഗവതി ക്ഷേത്രം, കടലാശേരി പിഷാരിക്കൽ ഭഗവതി ക്ഷേത്രം, ചിറ്റിച്ചാത്തക്കുടം ശാസ്താക്ഷേത്രം (ചിറ്റിശേരി), കല്ലേലി ശാസ്താക്ഷേത്രം (മുപ്ലിയം), മേടംകുളങ്ങര ശാസ്താക്ഷേത്രം (കല്ലൂർ), മാട്ടിൽ ശാസ്താക്ഷേത്രം (വരന്തരപ്പിള്ളി), അന്തിക്കാട്‌ ഭഗവതി ക്ഷേത്രം, ചൂരക്കോട്‌ ഭഗവതി ക്ഷേത്രം (കണ്ടശ്ശാംകടവ്‌), കൊടകര പൂനിലാർകാവ്‌ ഭഗവതി ക്ഷേത്രം, ചാലക്കുടി പിഷാരിക്കൽ ഭഗവതി ക്ഷേത്രം, കടുപ്പശ്ശേരി ഭഗവതി ക്ഷേത്രം, തിരുവുള്ളക്കാവ്‌ ശാസ്താക്ഷേത്രം (ചേർപ്പ്‌) എന്നിവയാണവ. ക്ഷേത്രങ്ങൾക്ക്‌ അടുത്തുള്ള പ്രധാന സ്ഥലങ്ങളാണ്‌ ബ്രാക്കറ്റിൽ നൽകിയത്‌.
മീനമാസത്തിലെ അശ്വതി നാളായാൽ നാട്ടുവഴികളിൽ ദൈവങ്ങൾ ഇറങ്ങുകയായി. എഴുന്നള്ളിച്ച ആനയുടെ ചങ്ങല കിലുക്കങ്ങളോടെ ആയുധ ധാരികളായ പടയാളികളോടു കൂടിയ ദേവതകളും പടയാളികൾ ഇല്ലാത്ത ശാന്ത സ്വരൂപിണികളായ ദേവതകളും കുത്തുവിളക്കിന്റെ വെട്ടത്തിൽ നടന്നുനീങ്ങുന്നത്‌ ഇവിടെ മാത്രം കാണുന്ന മനോഹരമായ ഒരു കാഴ്ച്ചയാണ്‌. ചേർപ്പ്‌ ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയാണ്‌ പെരുവനം-ആറാട്ടുപുഴ പൂരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഉത്സവശ്രേണിയിലെ ആദ്യത്തെ ആഘോഷം. പിന്നെ വരുന്നത്‌ കൊടകര പൂനിലാർക്കാവിലെയും തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രത്തിലേയും കടലാശേരി പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിലേയും കാർത്തിക പുറപ്പാടാണ്‌. ഊരകത്തമ്മത്തിരുവടി ക്ഷേത്രത്തിലെ രോഹിണി വിളക്കാണ്‌ അടുത്തത്‌. എന്നാൽ മകയിരം നാളോടുകൂടി ഈ പൂരമഹോത്സവത്തിൽ പങ്കാളികളായ എല്ലാ ക്ഷേത്രങ്ങളിലും ആഘോഷങ്ങൾ ആരംഭിക്കുകയായി. മകയിരം പുറപ്പാട്‌ എന്നറിയപ്പെടുന്ന ഈ പൂരം പുറപ്പാട്‌ മുതൽ എല്ലാ ഘടക ക്ഷേത്രങ്ങളിലും ആറാട്ടെഴുന്നള്ളിപ്പുകളോ പറയെഴുന്നള്ളിപ്പുകളോ പൂരമോ വിളക്കോ ആയി എന്തെങ്കിലും പരിപാടികൾ ദിവസവും ഉണ്ടാകാറുണ്ട്‌. ഭൂരിഭാഗം ക്ഷേത്രങ്ങളിലും കൊടിമരം നാട്ടൽ മകയിരം നാളിലാണ്‌. തൃപ്രയാർ, അന്തിക്കാട്‌, ചൂരക്കോട്‌, കടുപ്പശേരി, തൊട്ടിപ്പാൾ എന്നിവിടങ്ങളിൽ കൊടികയറ്റമോ കൊടിയിറക്കമോ നടത്താറില്ല. തൊട്ടിപ്പാളിൽ കാർത്തിക നാളിലും മറ്റിടങ്ങളിൽ മകയിരം നാളിലും പൂരം കൊട്ടിപ്പുറപ്പെടുന്നു.





കലയിലൂടെ കളിയാക്കല്‍, കളിയിലെ കല

തൃക്കാരിയൂരിന്റെ മണ്ണില്‍ പിറന്നുവീണതും അന്യം നില്‍ക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നതുമായ, കേരളത്തിന്റെ ചരിത്ര സാമൂഹ്യഘടനകളെല്ലാം ഇഴചേര്‍ന്ന അനുഷ്ഠാന കലാരൂപമായ സംഘക്കളി ചാത്തിരാങ്കം, ശാസ്ത്രക്കളി, പാനേങ്കളി, ശാസ്ത്രാങ്കം, യാത്രകളി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഈ കലാരൂപത്തെക്കുറിച്ച് ഏറെ പഴക്കമുള്ള പറച്ചിലുകളിലൊന്ന് ഇതാണ്. കേരളം വാണിരുന്ന പള്ളിബാണപ്പെരുമാള്‍ ഹിന്ദു-ബുദ്ധമതങ്ങള്‍ക്കായി മത്സരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതില്‍ അവസാനത്തേത് തൃക്കാരിയൂരിലായിരുന്നു. സ്വന്തം ഭാവിയില്‍ പരിഭ്രാന്തരായി നമ്പൂതിരിമാര്‍ തൃക്കാരിയൂരിപ്പന്റെ നടയില്‍ ശരണം പ്രാപിച്ച് പ്രാര്‍ത്ഥന തുടങ്ങി.

ഈ സന്ദര്‍ഭത്തില്‍ ജംഗമ മഹര്‍ഷി ഇവിടെ എത്തുകയും അദ്ദേഹത്തിന്റെ സഹായത്താല്‍ പരദേശബ്രാഹ്മണരെ വരുത്തി വേദ-മത-തത്ത്വ ചിന്തകളില്‍ തീവ്രപരിശീലനം നല്‍കുകയും ചെയ്തു. 41 ദിവസം ഭജനമിരുന്ന നമ്പൂതിരിമാര്‍ക്ക് മഹര്‍ഷി ഒരു മന്ത്രം ഉപദേശിച്ചു കൊടുത്തു. നാല് തിരിയിട്ട വിളക്കിന് ചുറ്റും നാല് നമ്പൂതിരിമാര്‍ പ്രദക്ഷിണം ചെയ്ത് മന്ത്രം ജപിച്ച് പ്രാര്‍ത്ഥിക്കുകയും വാദപ്രതിവാദത്തില്‍ വിജയിക്കുകയും ചെയ്തു. ഇത് നാലുപാദം എന്നറിയപ്പെട്ടു. ക്രമേണ ഇത് അനുഷ്ഠാന കലയായി മാറുകയും വൈവിദ്ധ്യമാര്‍ന്ന മറ്റ് കലാരൂപങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സംഘക്കളിയായി രൂപാന്തരപ്പെടുകയും ചെയ്തു.

കളി നടക്കുന്നിടത്ത് തലേദിവസം തന്നെ വേഷഭൂഷാദികള്‍ അണിഞ്ഞെത്തുന്ന കളിക്കാരെ ചുമതലക്കാരന്‍ വാദ്യഘോഷങ്ങളോടെ എതിരേല്‍ക്കുന്നതോടെ വൈവിദ്ധ്യമാര്‍ന്ന പല ഘട്ടങ്ങളായിട്ടാണ് സംഘക്കളി നടത്തുന്നത്.

കളിയുടെ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന “കണമിരിക്കല്‍’ ഘട്ടം .
ഉച്ചഭക്ഷണത്തിന ശേഷം, കളി നടക്കുന്ന വിവരം എല്ലാവരേയും അറിയിക്കുന്ന വാദ്യഘോഷമാണ് ‘കാഴ്ചകൊട്ട്’ (കഥകളിക്ക് കേളികൊട്ടെന്ന പോലെ). കളി നടക്കുന്ന ദിവസം ഉച്ച സദ്യക്കുശേഷം അരി വെയ്ക്കുന്ന ചെമ്പ് പാത്രം കഴുകാതെ കമഴ്ത്തി വെച്ച് അതിനുമുകളില്‍ വാഴയില നിരത്തി കളിക്കാര്‍ ചുറ്റുമിരുന്ന് കൊട്ടിപ്പാടുന്നു. തുടര്‍ന്ന് ചിരട്ടക്കയില്‍ (തവി) ആയുധമാക്കിയ വെളിച്ചപ്പാടന്‍മാര്‍ രംഗത്ത് വന്ന് നൃത്തം ചെയ്യുകയും അവസാനം കയില്‍ ഒടിച്ച് തേങ്ങയുടച്ച് കൊട്ടയാര്‍ക്കല്‍ അവസാനിപ്പിക്കുന്നു.

സന്ധ്യാവന്ദനത്തിനുശേഷം നാലു വേദങ്ങളിലേയും സ്വരപ്രസ്താരം പ്രാര്‍ത്ഥനയായി ചൊല്ലുന്നു, ഇതാണ് നാലുപാദം. ഇത് ശ്രവിക്കുന്നത് നാലു വേദങ്ങളും അറിഞ്ഞതിന്റെ ഗുണം ചെയ്യും. തുടര്‍ന്ന് ചുമതലക്കാരന്‍ ദക്ഷിണ വച്ച് നമസ്‌ക്കരിക്കുന്നു, ഇത് വെച്ചു നമസ്‌കാരം. വട്ടേല സദ്യ, വിളിച്ചു പറയല്‍, കറിശ്ലോകങ്ങള്‍- സംഘക്കളിയിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് വട്ടേല സദ്യ. സദ്യയുടെ ഇടയില്‍ ഓരോരോ വിഭവങ്ങള്‍ കൊണ്ടുവരാന്‍ വിളിച്ചു പറയുന്ന ചടങ്ങാണ് വിളിച്ചു പറയല്‍. കൂടാതെ കറികളുടെ മാഹാത്മ്യം വിളിച്ചോതുന്ന കറിശ്ലോകങ്ങളും ഉണ്ടാകും.

രാജാക്കന്‍മാര്‍ തമ്മിലും നാടുവാഴികള്‍ തമ്മിലും കൈമാറിക്കൊണ്ടിരുന്ന വാറോലകള്‍ ഹാസ്യരൂപേണ വായിക്കുന്ന വിനോദമാണ് നീട്ടുവായന. ഇതില്‍ ചരിത്രകാരന്‍മാര്‍ മുതല്‍ സമകാലീന കഥാപാത്രങ്ങള്‍ വരെ കടന്നു വരുന്നു.

വട്ടേലസദ്യക്കുശേഷം കാണികളെ രസിപ്പിക്കുന്ന വിവിധ വിഷയങ്ങള്‍ വഞ്ചിപ്പാട്ടുരൂപേണ അവതരിപ്പിക്കപ്പെടുന്നു.

പള്ളിബാണപ്പെരുമാളുടെ വലംകൈ ആയിരുന്ന നാടുവാഴിയും ബ്രാഹ്മണവിരോധിയും ആയിരുന്ന ഇട്ടിക്കണ്ടപ്പന്‍ ആണ് ഇതിലെ ഒരു പ്രധാന കഥാപാത്രം. ഭരണമറിയാത്ത ഭരണാധിപനും യുദ്ധമറിയാത്ത സേനാധിപനുമൊക്കായായ ഒരു വിഡ്ഢി വേഷമാണ് ഇത്. തര്‍ക്കങ്ങളും വാഗ്‌വാദങ്ങളുമായി അരങ്ങുതകര്‍ക്കുന്ന ഇയാള്‍ ഒടുവില്‍ പരാജയപ്പെടുന്നു. ഈ കഥാപാത്രം പണ്ട് തൃക്കാരിയൂരില്‍ നടന്ന സംവാദത്തിന്റെ പ്രതീകമായി പറയപ്പെടുന്നു. രാമായണകഥ മുഖ്യവിഷയമാക്കിക്കൊണ്ടുള്ള ഇയാളുടെ നാടന്‍ ഗാനങ്ങളും നൃത്തരംഗങ്ങളും നല്ലൊരു ഹാസ്യവിനോദാദിയുമാണ്.

തൃക്കണാമതിലകത്തെ നാടുവാഴിയായരുന്ന മരത്തേങ്കോടന്‍ എല്ലാവരും കയ്യൊഴിഞ്ഞ ദരിദ്രനായി മാറുകയും ഒടുവില്‍ മത്സ്യ വില്‍പന നടത്തുന്ന കഥാപാത്രമായാണ് രംഗത്തു വരുന്നത്. കാണികളെ രസിപ്പിക്കുന്നതില്‍ അദ്വിതീയനായ ഈ ദു:ഖകഥാപാത്രം ദേശാധികാരികള്‍ പരസ്പരം പോരാടി നശിക്കുകയും അതിലൂടെ ഒരു ദേശവും ക്ഷേത്രവും (കൊടുങ്ങല്ലൂര്‍) നാശോന്മുഖമാവുകയും ചെയ്യുന്ന കഥപറയുന്ന ഒരു ചരിത്ര പുരുഷന്‍ കൂടിയാണ്.
ദേശത്തെ ഭൂത പ്രേത പിശാചുക്കളേയും മറ്റു ക്ഷുദ്രശക്തികളേയും അകറ്റി നിര്‍ത്തി ദേശവാസികള്‍ക്ക് മംഗളം ഭവിക്കാനായി നടത്തുന്ന ചടങ്ങാണ് ബലിയുഴിച്ചില്‍.

സര്‍വ്വ ചരാചരങ്ങള്‍ക്കും മംഗളം നേര്‍ന്നുകൊണ്ട് ധനാശി ചൊല്ലിയാണ് സംഘക്കളി അവസാനിപ്പിക്കുന്നത്. കൂടാതെ പാന, കുറത്തിയാട്ടം, ആയുധമെടുപ്പ്, മുത്തശ്ശി, ഓതിക്കന്‍, പട്ടര്‍, വിഡ്ഢി, തുടങ്ങി നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ സംഘക്കളിയിലുണ്ട്. സമകാലീന സംഭവവിവകാസങ്ങള്‍ ഹാസ്യാനുകരണങ്ങളിലൂടെ ജനഹൃദയങ്ങളില്‍ അവതരിപ്പിച്ചുകൊണ്ട് ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്നു.

കൊടുങ്ങല്ലൂരിലെ താലപ്പൊലിക്ക് നാലുപാദവും ആയുധമെടുപ്പും പതിവുണ്ട്. തൃക്കാരിയൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നാലുപാദം നടത്തിവരുന്നുണ്ട്. ഈ കലാരൂപം അവതരിപ്പിക്കാന്‍ കഴിയുന്ന ഒന്നോ രണ്ടോ കുടുംബക്കാര്‍ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. തൃക്കാരിയൂരിന്റെ സ്വന്തം അനുഷ്ഠാന കലയെ ഒളി മങ്ങാതെ സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.



ജന്മഭൂമി: http://www.janmabhumidaily.com/news587203#ixzz4c8LdAgH4

തൃച്ചംബരത്തെ കുട്ടിക്കളികള്‍

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളില്‍ ഒന്നാണ് തൃച്ചംബരത്ത് ഉത്സവം. കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ ആവാസ കേന്ദ്രമായ പെരുംചെല്ലൂര്‍ ഗ്രാമത്തിലെ (ഇന്നത്തെ തളിപ്പറമ്പ്) പുരാതന സംസ്‌കൃതിയുടെ പ്രതീകം കൂടിയാണിത്. ഇത്രമേല്‍ ചിട്ടപ്പെടുത്തിയ എറ്റവും ആദ്യത്തെ ഉത്സവാഘോഷം എന്ന പ്രശസ്തി തൃച്ചംബരം ഉത്സവത്തിനു സ്വന്തമാകും.
ബി.സി. രണ്ടാം നൂറ്റാണ്ടു മുതല്‍ക്കുള്ള രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രമാണ് പെരുംചെല്ലൂര്‍ എന്ന ഇന്നത്തെ തളിപ്പറമ്പ് ദേശത്തിനു ഉള്ളത്. സംഘകാല സാഹിത്യങ്ങളില്‍ പരാമര്‍ശമുള്ള കേരളത്തിലെ ഏക ബ്രാഹ്മണ അധിവാസമേഖല കൂടിയാണ് പെരുംചെല്ലൂര്.. സംഘകാല സാഹിത്യമായ അകനാനൂര്‍ എന്ന തമിഴ് കാവ്യത്തില്‍ പെരുംചെല്ലൂരില്‍ വസന്തകാലത്ത് നടക്കുന്ന ഒരു പ്രസിദ്ധമായ ഉത്സവത്തെ ക്കുറിച്ച് പരാമര്‍ശം ഉണ്ട്. അതി ഗംഭീരമായ ഈ ഉത്സവം കാണാന്‍ നായകന്‍ നായികയെ ക്ഷണിക്കുന്നതാണ് ഈ പരാമര്‍ശം. അതായത് ക്രിസ്തു വര്‍ഷാരംഭത്തിനു മുമ്പേ തമിഴ് മേഖലകളിലും പ്രസിദ്ധിയാര്‍ജ്ജിച്ച മഹോത്സവം.
സംഘകാലത്തിനു ശേഷം തമിഴ് സാഹിത്യ രംഗത്ത് ശക്തി പ്രാപിച്ച മറ്റൊരു ഒരു സാഹിത്യ ശാഖയാണ് അന്താദി പ്രസ്ഥാന കാലം. എ.ഡി. അഞ്ചാം നൂറ്റാണ്ടിനോട് അടുപ്പിച്ച് അന്താദി പ്രസ്ഥാനത്തിന്റെ ആരംഭം. ഒരു ശ്ലോകത്തിന്റെ അവസാന പദം അടുത്ത ശ്ലോകത്തിന്റെ ആദ്യം ആകുന്ന തരത്തില്‍ ആണ് ഈ സാഹിത്യ പ്രസ്ഥാനത്തിലെ കൃതികള്‍ കാണുന്നത്. ഈ ശൈലിയില്‍ ഭക്തിരസത്ത്തിനു പ്രാധാന്യം കൊടുത്ത് കൊണ്ട് രചിക്കപ്പെട്ട കൃതിയാണ് തൃച്ചംബരത്ത് അന്താദി.
കേരളത്തിലെ ഏതെങ്കിലും ഒരു ഉത്സവത്തെക്കുറിച്ച് വര്‍ണ്ണിക്കുന്ന ആദ്യത്തെ കൃതിയായി ഇതിനെ വിശേഷിപ്പിക്കാം. കൊടും തമിഴില്‍ രചിച്ചിട്ടുള്ള ഈ കൃതിയില്‍ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തെക്കുറിച്ചും ഇവിടത്തെ പ്രസിദ്ധമായ ഉത്സവത്തെക്കുറിച്ചും എല്ലാം ആണ് വര്‍ണ്ണിച്ചിരിക്കുന്നത്. ബലഭദ്ര സ്വാമിക്ക് ഒപ്പം കൃഷ്ണനും ഗോപാലകരും നടത്തി വന്ന ബാല ലീലകള്‍ കുഭമാസത്തില് ഇവിടെ അവതരിപ്പിക്കുന്നതിന്റെ സമ്പൂര്‍ണ്ണ വര്‍ണ്ണനകള്‍ കാവ്യ ഭംഗിയോടെ ഈ കൃതിയില്‍ പ്രസ്താവിച്ചിരിക്കുന്നു.
ശങ്കര കവി രചിച്ച സംസ്‌കൃത കാവ്യമായ തൃച്ചംബരേശ സ്തുതി, 12 ാം നൂറ്റാണ്ടില്‍ മലയാളത്തില്‍ രചിച്ച കനക കിരീടം പാട്ട് എന്നിവയിലും തൃച്ചംബരത്തെ ഉത്സവ വര്‍ണ്ണന കാണാം.
ഉത്സവ സമ്പ്രദായങ്ങള്‍
കംസവധം കഴിഞ്ഞ ഭാവത്തില്‍ ആണ് ഇവിടത്തെ ശ്രീകൃഷ്ണ സങ്കല്പ്പം. കൃഷ്ണനെയും ബലരാമനെയും വധിക്കാന്‍ കംസന്‍ നിയോഗിച്ച കുവലയാ പീഠം എന്ന മദയാനയെ കൊന്ന് അതിന്റെ ഊരിയെടുത്ത കൊമ്പുമായി കംസനിഗ്രഹം നടത്തിയ കൃഷ്ണനെയാണ് ഇവിടെ ആരാധിച്ച് വരുന്നത്. അതിനാല്‍ അല്‍പ്പം രൗദ്ര ഭാവത്തില്‍ ആണ് ഇവിടത്തെ പ്രതിഷ്ഠാ ഐതിഹ്യം. ആനയെഴുന്നള്ളത്ത് ഇവിടെ നിഷിദ്ധം. എന്നാല്‍, കുട്ടിക്കളിയുടെ ഭാവത്തില്‍ ഓട്ടവും ബഹളവുമൊക്കെ ഈ ഉത്സവത്തിനു ഉണ്ട്.
കുംഭം ഒന്നിനു തുടങ്ങുന്ന പടഹാദി എഴുന്നള്ളിപ്പ് ഉത്സവത്തിനു ശേഷം കുംഭം 22ന് കൊടിയേറ്റോടെ ഉത്സവം വലിയ ആഘോഷങ്ങളിലേക്ക് കടക്കും. അര്‍ദ്ധരാത്രിയോടെ മഴൂര്‍ ബലഭദ്രസസ്വാമി അനുജന്നടുത്തേക്ക് എഴുന്നള്ളും. എട്ടു കിലോമീറ്റര്‍ ബലരാമന്റെ തിടമ്പ് തലയിലേന്തി ക്ഷേത്ര മേല്‍ശാന്തി ഓടി എഴുന്നള്ളുന്നതാണ് ഉത്സവത്തിന്റെ ഏറ്റവും ആകര്‍ഷണീയഭാഗം. പിന്നീടങ്ങോട്ടുള്ള 14നാളുകള്‍ തൃച്ചംബരം വൃന്ദാവന സദൃശം. ക്ഷേത്രത്തിന് ഒരുകിലോമീറ്റര്‍ അകലെ പൂക്കോത്ത് നടയിലാണു ഉത്സവ ഘോഷങ്ങള്‍.
തിടമ്പ് നൃത്തത്തിേെപ്പാലെ ദേവന്റെ തിടമ്പ് തലയിലേന്തിയുള്ള ഉത്സവ സമ്പ്രദായമാണ് എങ്കിലും ആ ചിട്ടവട്ടങ്ങളോ സമ്പ്രദായങ്ങളോ ഇവിടെ നടപ്പില്ല. തൃച്ചംബരത്തപ്പനെ (ശ്രീകൃഷ്ണബിബം) എഴുന്നള്ളിക്കുന്ന ക്ഷേത്രം മേല്‍ശാന്തിയുടെ (പാക്കം) മനോധര്‍മ്മംപോലിരിക്കും. ഓടാന്‍ തോന്നിയാല്‍ ഓടാം, താളത്തിനൊപ്പം നൃത്തം ചവിട്ടാന്‍ തോന്നിയാല്‍ അതാവാം, ഇനി എല്ലാം അവസാനിപ്പിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങാന്‍ തോന്നിയാല്‍ അതുമാകാം; എല്ലാം കുട്ടിക്കളിയുടെ ഭാഗം മാത്രം. ഇതൊക്കെ തന്നെയാണ് ഇവിടത്തെ ആകര്‍ഷണിയതയും.
ഗോവിന്ദം വിളിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടി ഈ കുട്ടിക്കളികള്‍ക്ക് മാറ്റു കൂട്ടും. മീനം അഞ്ചിനാണ് ആറാട്ട്. എന്നാല്‍ ഇവിടെ ആറാട്ടും കഴിഞ്ഞ് അടുത്ത ദിവസം മീനം 6 നു കൂടിപ്പിരിയല്‍ ചടങ്ങോടെയാണ് ഉത്സവം തീരുക. കളിയില്‍ ഹരം കയറിയ ജ്യേഷ്ഠാനുജന്മാരുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലെക്കൊന്നും എത്താതായപ്പോള്‍ ലോകത്ത് ആകമാനം അരാജകത്വം തുടങ്ങി എന്നും ഇത് അവസാനിപ്പിക്കാന്‍ ഇരുവരുടെയും ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു.
ക്ഷേത്രത്തിലേക്കുള്ള പാല്‍പായസത്തിനു പാല്‍ എത്തിക്കുന്ന പാലമൃതന്റെ ശിരസ്സില്‍ ഒരു കുടം പാലുമായി ഇവരുടെ കളിസ്ഥലത്തേക്കു പറഞ്ഞുവിട്ടു. നിറഞ്ഞു തുളുമ്പുന്ന പാല്‍ക്കുടവുമായി വരുന്ന പാലമൃതനെ കണ്ടു കളി മറന്നു, ഏട്ടനെ മറന്നു, പാലിന് പിന്നാലെ കുഞ്ഞികൃഷ്ണന്‍ ഓടി എന്നാണു ഐതിഹ്യം. ഇതിന്റെ പുനാവിഷ്‌ക്കാരമാണ് കൂടിപ്പിരിയാല്‍ ചടങ്ങ്. ശിരസില്‍ പാല്‍ക്കുടവുമായി കളിക്കിടയില്‍ വരുന്ന പാലമൃതനെ കണ്ട് ഏട്ടനെ കാക്കാതെ ക്ഷേത്രത്തിലേക്ക് ഓടിപ്പോകുന്ന കൃഷ്ണനും അത് കണ്ടു വിഷണ്ണനായി തിരികെ സ്വക്ഷേത്രത്തിലെക്ക് മടങ്ങുന്ന ബലരാമനും ഈ ഉത്സവത്തിന്റെ പരിസമാപ്തിയാണ് കുറിക്കുന്നത്.
കണ്ടു നില്‍ക്കുന്നവരുടെ പോലും മനസ്സില്‍ വിഷമം ജനിപ്പിച്ച് കൊണ്ടുള്ള ബലഭദ്രസ്വാമിയുടെ മടക്കയാത്ര അടുത്ത ഉത്സവത്തിനായുള്ള കാത്തിരിപ്പിനു കൂടി തുടക്കമിടുകയാണ്. തളിപ്പറമ്പ് ദേശക്കാരുടെ ഒരു വര്‍ഷം ആരംഭിക്കുന്നതും അവസാനിക്കുന്നതും തൃച്ചംബരം ഉത്സവത്തെ അടിസ്ഥാനമാക്കി ആണെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നത് കൂടിയാണ് ആ കാത്തിരിപ്പ്.


ജന്മഭൂമി: http://www.janmabhumidaily.com/news555392#ixzz4YBfl7Uzg

തിരുവാതിര മാഹാത്മ്യം

മഞ്ഞണിഞ്ഞ ധനുമാസ രാവുകള്‍ക്ക് ലാസ്യഭംഗിയേകി വീണ്ടും ഒരു തിരുവാതിരക്കാലം എത്തുന്നു. ശരത്കാലത്തിനുശേഷം വന്നെത്തുന്ന ഹേമന്ത ഋതുവാണ് മങ്കമാരുടെ വസതന്തോത്സവമായ ആതിര. മണ്ഡല വ്രതക്കാലത്തോടനുബന്ധിച്ചാണ് തിരുവാതിരയും എത്തുന്നത്. മനുഷ്യരുടെ ഒരു വര്‍ഷം ദേവന്മാരുടെ ഒരു ദിവസമാണ്. മണ്ഡലവ്രതം ദേവന്മാരുടെ ബ്രാഹ്മമുഹൂര്‍ത്തമാണ്. മനോനിയന്ത്രണത്തിനും ഇന്ദ്രിയ നിഗ്രഹത്തിനും പറ്റിയ സമയമാണ്. ഈ ധന്യമുഹൂര്‍ത്തത്തില്‍ സ്ത്രീകളും ഒപ്പം ചേരുന്നു.

കൂട്ടുകുടുംബങ്ങളായിരുന്നു നമ്മുടേത്. ഇന്ന് അത് മാറി അണുകുടുംബമായി. കുടുംബത്തിലെ ആളുകള്‍ ഒത്തുചേര്‍ന്ന് തിരുവാതിര ആഘോഷിച്ചിരുന്ന കാലഘട്ടത്തില്‍നിന്നും മാറ്റം വന്നിരിക്കുന്നു. ഓണംപോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് തിരുവാതിരയും. വൃശ്ചികമാസത്തിലെ തിരുവാതിര (കൊച്ചുതിരുവാതിര) മുതല്‍ ധനുമാസത്തിലെ തിരുവാതിരവരെ 28 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആതിരമഹോത്സവം സ്ത്രീകളുടെ ഉത്സവം തന്നെയായിരുന്നു. ഭക്തിയും വിനോദവും ഒത്തുചേര്‍ന്ന തിരുവാതിരയുടെ ചടങ്ങുകളും ആചാരങ്ങളും പുരാണകഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദ്യമായി രജസ്വലയാകുന്ന കന്യകമാരും, വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂത്തിരുവാതിരയായി ആഘോഷിക്കുന്നു. പ്രസിദ്ധമായ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ധനുമാസത്തിലെ തിരുവാതിരക്ക് കൊടി കയറി ഇരുപത്തിയെട്ട് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇന്നും നടക്കുന്നത്.

ദക്ഷന്റെ മകളായ സതീദേവി യോഗാഗ്നിയില്‍ ദഹിച്ചശേഷം ഹിമവാന്റെ പുത്രിയായി, പാര്‍വതിയായി ജന്മം എടുക്കുന്നു. ഇഷ്ടപ്രാണേശ്വരനായ ശിവനെ വീണ്ടും തന്റെ ഭര്‍ത്താവായി ലഭിക്കുന്നതിനുവേണ്ടി ഘോരതപസ്സനുഷ്ഠിക്കുന്നു. ശിവന്റെ തപസ്സിന് വിഘ്‌നം വരുത്തിയതിന്റെ ശിക്ഷയായി കാമദേവനെ ഭസ്മീകരിച്ചു. രതീദേവിയുടെ തപസ്സിന്റെ ഫലമായി രതിക്ക് വരദാനവും മന്മഥന് അനംഗത്വവും ദാനം ചെയ്തത് തിരുവാതിര നാളിലാണ്. ഭഗവാന്റെ തിരുക്കല്യാണം നടന്നതും ഈ ദിനത്തിലാണ്. ഭഗവാന്റെ ജന്മനാളായ തിരുവാതിര ദിവസം വ്രതം അനുഷ്ഠിച്ച് പാര്‍വതീ ദേവി സഖിമാരുമൊത്ത് തിരുവാതിര കളിച്ചു. ദേവന്‍ പ്രസാദിച്ച് അനുഗ്രഹിച്ചതായി പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. ഭാഗവതത്തില്‍ കാര്‍ത്യായനീ പൂജ വ്രതത്തെക്കുറിച്ച് പറയുന്നു. ശ്രീകൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ ഗോപസ്ത്രീകള്‍ ആതിരാവ്രതത്തോട് സാമ്യമുള്ള ഒരു വ്രതം നോക്കിയതായി പരാമര്‍ശിക്കപ്പെടുന്നു. തിരുവാതിരയെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്.

ഉത്തരേന്ത്യയില്‍ ചില സ്ഥലങ്ങളില്‍ ഈ ഉത്സവം കൊണ്ടാടുന്നുണ്ട്. ഗംഗാതടങ്ങളില്‍ വസന്തപഞ്ചമിയായും ബംഗാളില്‍ ദോള്‍പൂര്‍ണിമയായും ആഘോഷിക്കുന്നുണ്ട്. ധനുമാസത്തിലെ തിരുവാതിര നാളിലാണ് ശിവന്‍ ദേവിയെ പരിണയിച്ചതെന്ന് പ്രസിദ്ധമാണ്. അന്ന് ദേവസ്ത്രീകള്‍ ആഹ്ലാദചിത്തരായി കൈലാസത്തില്‍ എത്തി ദശപുഷ്പങ്ങള്‍ പറിച്ച് ദേവിയെ ചൂടിച്ച് ആര്‍ദ്രാവ്രതം നോറ്റ് പാടിക്കളിച്ചതായി പറയപ്പെടുന്നു. പ്രസിദ്ധമായ കാമദേവ ദഹനം എന്ന പാട്ടിലും ആര്‍ദ്രാവ്രതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നു.

വൃശ്ചികമാസത്തിലെ തിരുവാതിര മുതല്‍ ധനുമാസത്തിലെ തിരുവാതിരവരെയുള്ള ഇരുപത്തിയെട്ട് ദിവസങ്ങളാണ് പണ്ട് ആചരിച്ചിരുന്നത്. ആദ്യത്തേ പതിനാറ് ദിവസങ്ങളില്‍ സ്ത്രീകളെല്ലാവരും ഒത്തുചേര്‍ന്ന് പകല്‍സമയങ്ങളില്‍ ഉച്ചയൂണ് കഴിഞ്ഞ് തിരുവാതിര കളിക്കുന്നു. ഗണപതി-സരസ്വതി-രാസക്രീഡ പാര്‍വതീസ്വയംവരം, നാലുവൃത്തം തുടങ്ങിയവയാണ് പാടാറുള്ളത്. തിരുവോണം മുതല്‍ രോഹിണിവരെ ഈ പാട്ടുകള്‍ക്ക് പുറമേ പത്തുവൃത്തം കൂടി പാടാറുണ്ട്. ചിലപ്പോള്‍ രാത്രി വരെ ഉണ്ടാകും. ”അര്‍ദ്ധരാത്രി യാവോളം കുളിക്കണം ദിവസവും മത്തഗാമിനീമാരെല്ലാവരും” എന്ന ആചാരം ചില സ്ഥലങ്ങളില്‍ പാലിച്ച് വന്നിരുന്നു. തിരുവോണ ദിവസം മുതല്‍ തിരുവാതിര വരെ പത്മം ഇട്ട് നിവേദ്യം വച്ച് ബ്രാഹ്മണ സ്ത്രീകള്‍ പൂജ ചെയ്യാറുണ്ട്. മറ്റ് സ്ത്രീകള്‍ മകയിരത്തിന്റെ അന്നാണ് പൂജ ചെയ്യുന്നത്. ശിവന്‍ പാര്‍വതി, ഗണപതി എന്നീ ദേവതകള്‍ക്ക് വിളക്കുവച്ച് നിവേദ്യം ഉണ്ട്. എട്ടങ്ങാടി-പാല്‍ കരിക്ക് പായസം ഇവയൊക്കെ നിവേദിക്കും.

തിരുവാതിര നാള്‍ പാര്‍വതീ സ്വയംവരം പാടിക്കളിക്കുന്നതും ദശപുഷ്പം ചൂടുന്നതും പ്രാധാന്യമുള്ളവയാണ്. സീതാസ്വയംവരം ലക്ഷ്മീസ്വയംവരം, ഗജേന്ദ്രമോക്ഷം, ശാകുന്തളം കല്യാണ സൗഗന്ധികം, ദക്ഷയാഗം, കുചേലവൃത്തം, താലോലംപാട്ട് തുടങ്ങി പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥകള്‍ അടുക്കിലും ചിട്ടയിലും ലാളിത്യത്തോടുകൂടിയുള്ള പാട്ടുകളുടെ വലിയ ശേഖരം തന്നെ നമുക്ക് ലഭിച്ചിട്ടുണ്ട്. തിരുവാതിര പക്ഷാരംഭത്തോടുകൂടിയോ അഷ്ടമിയോടുകൂടിയോ ആണ് വ്രതം തുടങ്ങുന്നത്. തിരുവാതിര ഭര്‍ത്താവിനും, മകയിരം മക്കള്‍ക്കും വേണ്ടിയാണ്. അരി ആഹാരം നിഷിദ്ധമാണ്. ചില സ്ഥലങ്ങളില്‍ മകയിരം നാളില്‍ ഉച്ചക്ക് നാലുംകൂട്ടി സദ്യ കഴിക്കുന്നു. രാവിലെ തേച്ച് കുളിക്കണമെന്ന ആചാരമുണ്ട്. രാത്രി എട്ടങ്ങാടി നേദിക്കും. ഇത് കഴിക്കാം. അതോടൊപ്പം കരിക്കും ഏത്തപ്പഴവും.





ജന്മഭൂമി: http://www.janmabhumidaily.com/news540178#ixzz4VGJASReE

എട്ടങ്ങാടി മുതല്‍ ദശപുഷ്പംവരെ





തിരുവാതിരയുടെ തലേന്നാള്‍ മകയിരം നാള്‍ ഉള്ളപ്പോഴാണ് എട്ടങ്ങാടി നേദിക്കേണ്ടത്. മകയിരം നാള്‍ തീരുന്നതിന് മുന്‍പ് നേദ്യം കഴിയണം. ചാണകം മെഴുകിയ തറയില്‍ ഉമി കൂട്ടി തീ കാണിച്ച് കാച്ചില്‍, ചേമ്പ്, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ് നനകിഴങ്ങ്, ഏത്തക്കായ, മാറമ്പ് ഇവ ചുട്ടെടുത്ത് അരിഞ്ഞെടുക്കണം. കൂടുതലായി ആവശ്യമുള്ളപ്പോള്‍ ബാക്കി വേവിച്ചെടുത്ത് ചുട്ടെടുത്തതും ചേര്‍ത്ത് ശര്‍ക്കര പാവു കാച്ചിയതിലേക്ക് ഇടണം. ഇതിനോടൊപ്പം നെയ്യ്-തേന്‍, പഴം, നീലക്കരിമ്പ്-ചോളമലര്‍, ഉണങ്ങിയ നാളികേരം അരിഞ്ഞെടുത്തതും, വന്‍പയര്‍- കടല ഇവ വറുത്തു പൊടിച്ച പൊടിയും കൂട്ടിച്ചേര്‍ത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി. ചില സ്ഥലങ്ങളില്‍ മാറാമ്പ് പൊതിയാക്കിവെക്കും. ചിലയിടങ്ങളില്‍ മാറാമ്പ് വളരെക്കുറിച്ച് അരിഞ്ഞ് ചേര്‍ക്കും (കാലദേശ ഭേദങ്ങള്‍ക്കനുസരിച്ച് ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ട്) തറമെഴുകി കത്തിച്ച വിളക്കിന് മുന്‍പില്‍ മൂന്ന് തൂശനിലകളായി എട്ടങ്ങാടി വച്ച് നേദിക്കുന്നു (ശിവന്‍, ഗണപതി, പാര്‍വതി)എട്ടങ്ങാടിയോടൊപ്പം വെറ്റില, പാക്ക്, കരിക്ക് (നേന്ത്രപ്പഴം-കായ കീറി വറുത്ത (ഉപ്പേരി) പ്രധാനമാണ്). സ്ത്രീകള്‍ ശിവമന്ത്രത്താല്‍ പ്ലാവില കുത്തി കരിക്കിന്‍ വെള്ളം തീര്‍ത്ഥമായെടുത്ത് പൂക്കള്‍ അര്‍പ്പിച്ചാണ് പൂജ ചെയ്യുന്നത്.

തുടിച്ച് കുളി

തിരുവാതിരയുടെ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണ് തുടിച്ചുകുളി. അശ്വതി നാളില്‍ അശ്വമുഖം കാണുംമുന്‍പ്, ഭരണി-ഭര്‍ത്താവുണരും മുന്‍പ്, കാര്‍ത്തിക-കാക്കകരയും മുന്‍പ്, രോഹിണി രോമം കാണും മുന്‍പ്, മകയിരം-മക്കള്‍ ഉണരും മുന്‍പ്, തിരുവാതിര-ഗംഗ ഉണരും മുന്‍പ് ഇതാണ് തുടിച്ച് കുളിക്കേണ്ട സമയം. തുടിച്ചു കുളിക്കുമ്പോള്‍ കുരവ ഇട്ട് ഗംഗാദേവിയെ ഉണര്‍ത്തി വെള്ളത്തിലിറങ്ങി ദേവീദേവന്മാരെ സ്തുതിച്ച് പാടുന്നു.

വെറ്റില മുറുക്ക്

തിരുവാതിരക്ക് വെറ്റിലമുറുക്കാന്‍ സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. 101, 36, 12 ഇതാണ് കണക്ക്. ഹിന്ദുവിന്റെ എല്ലാ സത്കര്‍മങ്ങള്‍ക്കും വെറ്റിലയും പാക്കും ഒഴിച്ചുകൂടാനാവാത്തതാണ്. വെറ്റിലയില്‍ ദേവീദേവന്മാരുടെ സാന്നിധ്യമുണ്ട്. ഔഷധമുള്ളതാണ്, വിഷഹാരിയാണ്, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്ക് നല്ലതാണ് തുടങ്ങി പല ഔഷധഗുണങ്ങളും അടങ്ങിയതാണ് വെറ്റില. വെറ്റിലയുടെ തുമ്പില്‍ ലക്ഷ്മിയും മധ്യത്തില്‍ സരസ്വതിയും ഇടത് പാര്‍വതിയും വലത് ഭൂമിദേവിയും അകത്ത് വിഷ്ണുവും വസിക്കുന്നു. ഞെട്ടില്‍ ജേഷ്ഠയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ വെറ്റിലയുടെ ഞെട്ട് കളഞ്ഞാണ് മുറുക്കാന്‍ ഉപയോഗിക്കുന്നത്.

വ്രതം

കുളിച്ച് പുതുവസ്ത്രങ്ങള്‍ ധരിച്ച് അണിഞ്ഞൊരുങ്ങിയ മങ്കമാര്‍ ശിവക്ഷേത്ര ദര്‍ശനത്തിനുശേഷം കരിക്ക് വെട്ടിക്കുടിക്കും. വെട്ടിക്കുടി എന്ന ഒരു പേര്‍ തന്നെയുണ്ട്. കാലത്ത് കൂവ കുറുക്കി കഴിക്കുന്നു. ശരീരത്തിന് കൂവ നല്ലതാണ്. ഉച്ചക്ക് ചാമയോ, ഗോതമ്പോ, കഞ്ഞിയോ ചോറായോ കഴിക്കുന്നു. ഉപദംശമായി തിരുവാതിരപ്പുഴുക്ക്, കാച്ചിയ പപ്പടം, പായസം തുടങ്ങിയവ (ഉള്ളി ചേര്‍ക്കരുത്) സന്ധ്യ കഴിഞ്ഞാല്‍ കട്ടന്‍ കാപ്പി പഴംനുറുക്ക്, വറുത്ത ഉപ്പേരി ഇവയാണ് കഴിക്കുന്നത്.

തിരുവാതിരകളി

ധനുമാസനിലാവ് ഉദിച്ചുയരുന്നതോടെ മെഴുകിവെടുപ്പാക്കി പന്തലിട്ട മുറ്റത്ത് അഞ്ച് തിരിയിട്ട നിലവിളക്കിനും നിറപറയ്ക്കും ഗണപതി ഒരുക്കിനും ചുറ്റുമായി അണിഞ്ഞൊരുങ്ങിയ മംഗല്യവതിയായ സ്ത്രീകള്‍ കുരവ ഇട്ടശേഷം ഭൂമിദേവിയെ വന്ദിക്കുന്നു.

ഗണപതി, സരസ്വതി, സ്ഥലദേവത എന്നീ ശ്രുതി മധുരമായ പാട്ടുകളോടെ ലാസ്യഭംഗിയോടെ ചുവടുകള്‍ വച്ച് കുളി ആരംഭിക്കുന്നു. പാര്‍വതീ സ്വയംവരം, തിരുവാതിര മാഹാത്മ്യം, കാമദഹനം തുടങ്ങി ആട്ടക്കഥയിലെ പ്രധാനപദങ്ങളും സ്വാതിതിരുനാള്‍,-ഇരയിമ്മന്‍ തമ്പി തുടങ്ങിയവരുടെ പാട്ടുകളും തമിഴ് പാട്ടുകള്‍, തമാശ പാട്ടുകള്‍ തുടങ്ങി പല പാട്ടുകളും പാടിക്കളിക്കുന്നു. പാതിരാപ്പൂ ചൂടുന്നതിന് മുന്‍പ് പത്തുവൃത്തം, നാലുവൃത്തം ഇവയും പാടിക്കളിക്കുന്നു. പാതിരാപ്പൂ ചൂടിക്കഴിഞ്ഞാല്‍ ഗണപതി, സരസ്വതി മംഗലാതിര, താലോലപ്പാട്ട് എന്നിവ പാടണം. രാത്രിയില്‍ ചൂടുന്നതിനാല്‍ ദശപുഷ്പത്തിന് പാതിരപ്പൂവ് എന്നപേര്‍ കൂടി സിദ്ധിച്ചു.

പാതിരാപ്പൂചൂടല്‍, ദശപുഷ്പങ്ങളോടൊപ്പം കമുകിന്‍ പൂക്കില, അടയ്ക്കാമണിയന്‍, ചുവന്ന കൊടുവേലി പൂവ്, എരിക്കില ഇവയും വക്കാറുണ്ട്. ദശ പുഷ്പങ്ങള്‍ പറിച്ചെടുത്ത് ആര്‍പ്പുവിളിയുമായി കളി സ്ഥലത്ത് എത്തി മാഹാത്മ്യത്തെക്കുറിച്ച് പാടി മാല കെട്ടി കന്യകമാരെ ചൂടിച്ചശേഷം താനും തന്റെ ഭര്‍ത്താവും ചൂടുന്നു. ദേവി ദശപുഷ്പങ്ങള്‍ ഭഗവാനേ ചൂടിച്ച കഥയെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്. മംഗലാതിര താലോലപ്പാട്ട് (പൂതനാമോക്ഷമാണ്) ഇവയും പാടിക്കളിക്കും.

ദശപുഷ്പങ്ങള്‍

1) കറുക- ആദിത്യന്‍- ആധിവ്യാധികള്‍ തീരും
2)വിഷ്ണുക്രാന്തി- വിഷ്ണു – വിഷ്ണുപാദത്തില്‍ ചേരും.
3) തിരുതാളി- ഇന്ദിര-ഐശ്വര്യം
4) പൂവാംകുറുന്നല്‍- ബ്രഹ്മാവ്- ദാരിദ്ര്യശമനം
5) കയ്യോന്നി- പഞ്ചബാണന്‍- പഞ്ചപാപനാശം
6) മുക്കുറ്റി-പാര്‍വതി-ഭര്‍തൃപുത്ര സൗഖ്യം
7) നിലപ്പന-ഭൂമിദേവി-ജന്മസാഫല്യം
8) വള്ളി ഉഴിഞ്ഞ- ഇന്ദ്രന്‍-ഇഷ്ടലാഭം
9) ചെറൂള -യമധര്‍മന്‍- ആയുര്‍ദൈര്‍ഘ്യം
10) മുയല്‍ ചെവിയന്‍-കാമദേവന്‍- സൗന്ദര്യം

പ്രഭാതത്തിന് മുന്‍പ് തിരുവാതിര നാള്‍ അവസാനിക്കുമെങ്കില്‍ പുലവൃത്തം പാടിയാണ് ആഘോഷങ്ങള്‍ അവസാനിപ്പിക്കുന്നത്. പുലം എന്ന വാക്കിന് പാടം, നിലം എന്നര്‍ത്ഥം. പാടവുമായി ബന്ധപ്പെട്ട പാട്ടുകളാണ് പുലവൃത്തം. പുലവൃത്തത്തില്‍ രചിക്കപ്പെട്ടതാണ് രുഗ്മിണീ സ്വയംവരം. ഇതു കഴിഞ്ഞാല്‍ വീണ്ടും കുളിക്കണമെന്നാണ് ആചാരം. ആതിരയാഘോഷങ്ങളില്‍ പൂര്‍ത്തിരുവാതിരയ്‌ക്കെത്തുന്ന ഭര്‍ത്താവിനെ ദശപുഷ്പം ചൂടിക്കണമെന്നുണ്ട്. കേരളത്തിന്റെ തനതായ ഈ നാടന്‍ കലാരൂപം പുതിയ തലമുറ വേണ്ടത്ര പ്രതിപത്തി കാണിക്കേണ്ടതാണ്. യുവജനോത്സവങ്ങളിലും സ്‌കൂള്‍ വാര്‍ഷികങ്ങളിലും ഒതുക്കാതെ എല്ലാവരിലും ഇത് എത്താന്‍ സാധിക്കട്ടെ!



ജന്മഭൂമി: http://www.janmabhumidaily.com/news540587#ixzz4VGHtZRjo

തൃപ്രയാര്‍ ഏകാദശി

വൃശ്ചികത്തിലെ കൃഷ്ണപക്ഷ ഏകാദശി. തൃപ്രയാറിലെ വിഖ്യാതമായ ഏകാദശിയും ഇത് തന്നെ. വൃശ്ചികമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണിവിടെ ആഘോഷിക്കുക. കൂടാതെ മീനമാസത്തില്‍ പ്രസിദ്ധമായ പൂരംപുറപ്പാടും അതുപോലെ പ്രധാന ആഘോഷമാണ്.
കാണിക്കയര്‍പ്പിക്കലാണ് ഏകാദശി നാളിലെ പ്രധാന ചടങ്ങ്. സംഗീതപരിപാടികളും സംസ്കാരികോത്സവവും അന്ന് നടക്കും . തലേന്ന് സന്ധ്യക്കു ദശമി വിളക്ക് തൊഴാനും ആയിരങ്ങള്‍ എത്തും . നെറ്റിപ്പട്ടം കെട്ടിയ ആനകളും പഞ്ചാരി മേളവും വിളക്ക് ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടും . തൃപ്രയാര്‍ ഭഗവാന് ആടിയ എണ്ണ വാതത്തിനും പിത്തത്തിനും കൈക്കണ്ട ഔഷധമാണെന്നാണ് വിശ്വാസം. പുഴക്കടവിലെ മീനൂട്ട്,കളഭാഭിഷേകം, ഉദയാസ്തമയ പൂജ-,അവല്‍ നിവേദ്യം,തുലാഭാരം എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍. സര്‍വാഭീഷ്ട സിദ്ധിക്കായി മുഖമണ്ഡപത്തില്‍ രാമായണം സുന്ദരകാണ്ഡം പരായണം ചെയ്യാറുണ്ട്. വെടിവഴിപാടും പ്രധാനം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ കൊടിമരമില്ല എന്ന പ്രത്യേകതയും ഉണ്ട്. ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് മൂന്നു കഷണമായ ശ്രീരാമവിഗ്രമാണിവിടെ. ഇപ്പോള്‍ ഗോളക ചാര്‍ത്തിയിരിക്കുക യാണ്. രാവണ നിഗ്രഹത്തിനു ശേഷം പ്രപഞ്ചസംരക്ഷണത്തിനായി കാത്തിരിക്കുന്ന ശ്രീരാമന്‍ എന്നാണ് സങ്കല്‍പം. ക്ഷേത്രത്തില്‍ ശാസ്താവിന്‍റെ പ്രതിഷ്ഠയായിരുന്നു മുമ്പുണ്ടായിരുന്നത് എന്നും പിന്നീടാണ് ശ്രീരാമനെ പ്രതിഷ്ഠിച്ചത് എന്നും വിശ്വസിക്കുന്നു .

കേരള സംസ്ഥാനത്തിലെ പുരാതനമായ ഒരു ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. തൃശ്ശൂർ ജില്ലയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി തൃപ്രയാർ എന്ന സ്ഥലത്ത് തീവ്രാനദി കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദ്വാരക സമുദ്രത്തിൽ മുങ്ങി താണു പോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ‍) സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റെ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും (ലക്ഷ്മണപെരുമാൾ ക്ഷേത്രം, മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മൽ)എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി.

പേരിനു പിന്നിലെ ഐതിഹ്യം

വാമനാവതാരവേളയിൽ ഭഗവാൻ ത്രിവിക്രമനായി വളർന്നുവന്നപ്പോൾ ഭഗവാൻറെ ഒരു പാദം സത്യലോകത്തിലെത്തി. ബ്രഹ്മാവ് പരിഭ്രമിച്ച് തൻറെ കമണ്ഡലുവിലുള്ള തീർത്ഥമെടുത്ത് ഭഗവല്പാദത്തിൽ അഭിഷേകം ചെയ്തു. ആ തീർത്ഥജലം അവിടെ നിന്നൊഴുകിയപ്പോൾ കുറെ ഭാഗം ഭൂമിയിലും പതിച്ചു എന്നാൺ ഐതിഹ്യം. ആ തീർത്ഥജലമാണത്രെ “തൃപ്രയാർ“ ആയത്. “തിരുപാദം കഴുകിയത് ആറായി” തീർന്നപ്പോൾ അത് “തിരുപ്പാദയാറായി” അത് ശോഷിച്ച് തൃപാദയാറും തൃപ്രയാറും ആയി.

തൃപ്രയാറപ്പന് അഭിഷേകത്തിനായി വരുണൻ കൊടുത്തയച്ച തീർത്ഥവുമായെത്തിയ ഗംഗാനദി, അഭിഷേകത്തിനു ശേഷം തിരികെ പോകാൻ വിസമ്മതം പ്രകടിപിച്ച് ഭഗവാനു ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ഈ സമയം ദർശനത്തിനായി വന്ന ഭക്തർക്ക് ക്ഷേത്രത്തിലെത്താൻ തീരെ നിവൃ‌ത്തിയില്ലാതായി. അപ്പോൾ ഭഗവാൻ നദിയുടെ ഗതി തിരിച്ചു വിടുകയും, അങ്ങനെ തിരിച്ചു വിട്ട ആറ് എന്ന അർത്ഥത്തിൽ "തിരു-പുറൈ‌-ആറ്" എന്നു വിശേഷിപ്പിക്കുകയുയും, പിന്നീട് തൃപ്രയാർ ആയി മാറുകയും ചെയ്തു.








വൈക്കത്തഷ്ടമി -- Vaikkathashtami





വൈക്കം മഹാദേവക്ഷേത്രം

കോട്ടയം ജില്ലയിലെ ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ്‌ ആ പേരു സിദ്ധിച്ചത്. ഈ ദിവസം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയിൽ പങ്കു ചേർന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. 12 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമിഎഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്. അഷ്ടമി ദിവസം ഉദയനാപുരം, വൈക്കം എന്നിവിടങ്ങളിലെ ദേവന്മാരുടെ എഴുന്നള്ളത്ത് അനേകം ഭക്തന്മാരെ ആകർഷിക്കുന്നു.

ഐതിഹ്യം

വൃശ്ചിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമിയാണിത്. ഈ ദിവസം ശിവൻ ശ്രീ പരമേശ്വരരൂപത്തിൽ ജഗദ് ജനനിയായ പാർവ്വതിദേവിയുമായി വ്യാഘ്രപാദമഹർഷിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട്, അനുഗ്രഹങ്ങൾ നൽകി എന്നാണ് ഐതിഹ്യം. ലോകപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇതിന്റെ ഓർമ്മക്കായി ആഘോഷിക്കുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ വൈക്കം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവന്റെ പുത്രൻ ഉദയനാപുരം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ സുബ്രമണ്യനാണ് വിശ്വസിക്കപ്പെടുന്നു . അതിനാൽ അഷ്ടമിനാളിലെ ഈ ക്ഷേത്രേശന്മാരുടെ കൂടിയെഴുന്നള്ളത്ത് പിതുപുത്ര-സമാഗമമായി കണക്കാക്കുകയും ഇതു ദർശിക്കാൻ നിരവധി ജനങ്ങൾ വൈക്കം ക്ഷേത്രത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.
പുരാതന സംസ്കൃത പുസ്തകങ്ങൾ ആയ ഭാർഗ്ഗവ പുരാണവും സനൽകുമാര സംഹിതയും പറയുന്നത് ,ഈ സ്ഥലം വ്യാഘ്ര ഗേഹം അല്ലെങ്കിൽ വ്യാഘ്രപുരം എന്ന് അറിയപ്പെട്ടിരുന്നു എന്നാണ്. വ്യാഘ്രപാദ മഹർഷിക്കു ശിവ ദർശനം കിട്ടിയത് ഈ സ്ഥലത്തു വച്ചാണെന്നും പറയപ്പെടുന്നു.അതിനാൽ വ്യാഘ്രപാദപുരം എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു.പിന്നീട് തമിഴ് ഭാഷ പ്രചരിച്ചപ്പോൾ അതു 'വൈക്കം' എന്നു മാറിയതാവാം എന്നാണ് ഐതിഹ്യം.

അഷ്ടമി ഉത്സവം

അഷ്ടമി കൊടിയേറ്റ്


അഷ്ടമി ഉത്സവാഘോഷയാത്രയുടെ അവസാനത്തിൽ വൈക്കത്തേയും ഉദയനാപുരത്തേയും എഴുന്നള്ളിച്ചിട്ടുള്ള ആനകൾ "മനസ്സില്ലാ മനസോടെ " യാത്ര ചോദിക്കുന്ന ഹൃദയ സ്പർശിയായ രംഗം പിതു-പുത്ര ബന്ധത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിപുലമായ സദ്യ ഉണ്ടാകാറുണ്ട്. ഈ പന്ത്രണ്ടു ദിവസത്തെ ശുദ്ധമായ ശിവസ്തുതിയും വൈക്കത്തപ്പനെ തൊഴുതു പ്രാർത്ഥിക്കലും പുണ്യമായി കരുതപ്പെടുന്നു. വൃശ്ചിക മാസത്തിലും കുംഭ മാസത്തിലും അഷ്ടമിനാൾ ഉദയനാപുരത്തപ്പനെ എഴുന്നള്ളിച്ച് വൈക്കം പെരുംതൃക്കാവിലേക്ക് കൊണ്ടുവരാറുണ്ട്.

അതുപോലെ പണ്ടു കാലത്ത് ഉദയനാപുരത്തെ ഉത്സവകാലത്ത് വൈക്കത്തപ്പനെ എഴുന്നള്ളിച്ച് അങ്ങോട്ടും കൊണ്ടുപോയിരുന്നു. എന്നാൽ ഒരു തവണ ഊരാണ്മക്കാരിൽ ചിലർ എതിർത്തു.അതു വകവയ്ക്കാതെ മറുഭാഗക്കാർ എഴുന്നള്ളിപ്പിച്ചു.എഴുന്നള്ളത്ത് വടക്കേ ഗോപുരത്തിനു പുറത്തായപ്പോൾ വിരോധികൾ, എഴുന്നള്ളിച്ച ആനയുടെ തുമ്പിക്കൈ വെട്ടി മുറിച്ചു.അങ്ങനെ രണ്ടു ഭാഗക്കാരും തമ്മിൽ കലശലായ ലഹള ആയതിനെത്തുടർന്നു ആ പ്രാവശ്യം വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് ഉണ്ടായില്ല. അന്നു മുതൽ ആ പതിവ് നിർത്തലാക്കിയതായി പറയപ്പെടുന്നു.

ഋഷഭവാഹനം

അഷ്ടമി ഉത്സവത്തിന്റെ ഏഴാംനാളിലാണ് പ്രശസ്തവും അതിമനോഹരവുമായ ഋഷഭവാഹനം എഴുന്നള്ളിപ്പ്. അന്ന്‌, ഭഗവാൻ തന്റെ വാഹനമായ നന്ദിയുടെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നുവെന്നതാണ് വിശ്വാസം. രാത്രി അത്താഴപൂജയും ശ്രീബലിയും ശ്രീഭൂതബലിയും കഴിഞ്ഞ് പതിനൊന്നരയോടെയാണ് ഋഷഭവാഹനത്തിൽ വിളക്കിനെഴുന്നള്ളുന്നത്. സാധാരണ പോലെ ആനപ്പുറത്തെഴുന്നള്ളിക്കുന്നതിന് പകരം കൂറ്റൻ വെള്ളിക്കാളപ്പുറത്ത്, വൈക്കത്തപ്പന്റെ തങ്കവിഗ്രഹം ആടയാഭരണങ്ങൾ, തങ്കനിർമ്മിതമായ ചന്ദ്രക്കല, ഉദരബന്ധം, കട്ടിമാലകൾ, പൂമാലകൾ എന്നിവകൊണ്ട് അലങ്കരിച്ച്, അവകാശികളായ നാല്പതോളം മൂസ്സതുമാർ ചേർന്ന് മുളംതണ്ടിലേറ്റിയാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളത്തിന് നെറ്റിപ്പട്ടം കെട്ടിയ ഒൻപതാനകൾ അകമ്പടിയാകുമ്പോൾ അതിൽ രണ്ടാനകൾക്ക് സ്വർണ്ണത്തിൽ തീർത്ത നെറ്റിപ്പട്ടമാവും അണിയിക്കുക. രണ്ട് തങ്കക്കുടകളും ആലവട്ടവും വെൺചാമരമടക്കമുള്ള മുന്തിയ ആനച്ചമയങ്ങളുമുണ്ടാകും. തെക്കേമുറ്റത്ത് എഴുന്നള്ളി നിൽക്കുമ്പോൾ പ്രദക്ഷിണ വഴിയിൽ ദീപങ്ങൾ നിരക്കും. ഏഴ് പ്രദക്ഷിണങ്ങളുള്ളതിൽ ഓരോന്നിനും ഓരോ തരം വാദ്യങ്ങളാണുപയോഗിക്കുക. അഷ്ടമിയുടെ ഏറ്റവും ആർഭാടപൂർണ്ണമായ എഴുന്നള്ളിപ്പാണിത്.

അഷ്ടമി ദർശനം

പ്രസിദ്ധമായ വൈക്കത്തഷ്ടമി ദർശനം അന്നേ ദിവസം വെളുപ്പിനു നാലര മുതൽ ആരംഭിക്കുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ ആൽച്ചുവട്ടിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്കു പത്നീസമേതനായി ഭഗവാൻ ശ്രീപരമശിവൻ ദർശനം നൽകി അനുഗ്രഹിച്ചുവത്രേ, ആ പുണ്യമുഹൂർത്തത്തിലാണ് അഷ്ടമിദർശനം നടത്തുന്നത്.

ഉദയനാപുരം ക്ഷേത്രം

അഷ്ടമി വിളക്കും ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തും
ഉദയനാപുരത്തപ്പന്റെ വരവാണ്‌ അഷ്ടമി വിളക്കിലെ പ്രധാന ചടങ്ങ്‌. ഇതു രാത്രിയാണ് നടത്തുന്നത്. പുലർച്ചെ ഉദയനാപുരത്തപ്പനെ യാത്രയയപ്പ്‌ നടത്തുകയും ചെയ്യുന്നു. ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും മഹാദേവക്ഷേത്രത്തിലേക്ക് ആഘോഷപൂർവമായ വരവ് നടക്കും. താരകാസുരനെ കൊന്ന് വിജയ ശ്രീലാളിതാനായെത്തുന്ന ദേവസേനാപതിയായ സുബ്രഹ്മണ്യനെ അച്ഛനായ വൈക്കത്തപ്പനും ഉപദേവതമാരും ചേർന്നു സ്വീകരിക്കുന്നു എന്ന സങ്കൽപത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്. വൈക്കത്തെ വലിയ കവല മുതൽ നിലവിളക്കുകൾ കത്തിച്ചുവച്ചും പൂക്കൾ വിതറിയുമാണ് ഉദയനാപുരത്തപ്പനെ ഭക്തജ-നങ്ങൾ എതിരേൽക്കുന്നത്.

വലിയ കാണിക്ക

അഷ്ടമിക്ക് എഴുന്നള്ളി നിൽക്കുന്ന വൈക്കത്ത് പെരുംതൃക്കോവിലപ്പന് ആദ്യമായി കാണിക്ക അർപ്പിക്കാനുള്ള അവകാശം കല്പിച്ച് അനുവദിച്ചിട്ടുള്ളത് കറുകയിൽ കൈമൾക്കാണ്. പാരമ്പര്യത്തിന്റെ സ്മരണയുമായി കറുകയിൽ കൈമൾ വലിയ കാണിക്ക സമർപ്പിക്കുന്നതോടെ മറ്റുള്ളവർക്ക് കാണിക്ക അർപ്പിക്കാം. കറുകയിൽ കൈമൾ പല്ലക്കിലേറിയാണ് കാണിക്ക അർപ്പിക്കാൻ വരുന്നത്. വൈക്കത്തപ്പന്റെ തിരുമുൻപിൽ പ്രഭുത്വം കാണിച്ചുവരുന്ന കൈമളുടെ പാപം ഇല്ലാതാക്കാൻ ആക്ഷേപിച്ച് അയക്കാറുള്ളതും വളരെ പ്രത്യേകതയുള്ളതാണ്. ദർശനം ആരംഭിച്ചു കഴിഞ്ഞാണ് ഉദയനാപുരത്തപ്പന്റെ വരവ് ആരംഭിക്കുന്നത്.

വിട പറച്ചിൽ

ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിച്ചതിനു ശേഷമെത്തുന്ന മകനെ വാദ്യാഘാഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേൽക്കുന്നു. കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു. ഇത് "കൂടി പൂജ' എന്നാണ് അറിയപ്പെടുന്നത്. തുടർന്ന് "വലിയ കാണിക്ക" ആരംഭിക്കുന്നു. കറുകയിൽ വലിയ കൈമളുടെ കാണിക്കയാണാദ്യം. തുടർന്ന് മറ്റാളുകളും കാണിക്കയിടുന്നു. തുടർന്ന് ഉദയനാപുരത്തപ്പന്റെ ഹൃദയസ്പൃക്കായ വിടവാങ്ങൽ നടക്കുന്നു. അകമ്പടിയായി ആ സമയത്ത് വാദ്യങ്ങൾ ഉണ്ടാകാറില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെയും ശോകമൂകമായിരിക്കും ആ സംഗീതം. ഉദയനാപുരത്തപ്പൻ യാത്രപറയുന്ന ചടങ്ങിനെ "വിട പറച്ചിൽ" എന്നാണ് പറയുക. അഷ്ടമി വിളക്കിന്റെ അവസാനം ശിവപെരുമാൾ ശ്രീകോവിലിലേക്കും മകൻ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു. ജഗദീശ്വരനായിട്ടുപോലും പുത്രനായ സുബ്രഹ്മണ്യനെപ്പറ്റിയോർത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം.
ആറാട്ട്

മുക്കുടി നിവേദ്യം

ആറാട്ടിന്റെ പിറ്റേദിവസം, അഷ്ടവൈദ്യരിൽ പെട്ട വെള്ളാട്ടില്ലത്തെ മൂസത് നമ്പൂരി ഔഷധക്കൂട്ടുകൾ അടങ്ങിയ പച്ചമരുന്നുകൾ അരച്ചുരുട്ടി ശ്രീകോവിലിൽ സമർപ്പിക്കുകയും ശാന്തിക്കാരൻ അതെടുത്ത് മുക്കുടിയുണ്ടാക്കി പന്തീരടിപ്പൂജക്ക് ദേവനു നിവേദിച്ചതിനു ശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നു. ഇതാണ് "മുക്കുടി നിവേദ്യം" എന്നറിയപ്പെടുന്നത്. ഇത് ഉദരരോഗങ്ങൾക്ക് നല്ല ഔഷധമാണെന്നാണ് വിശ്വാസം.



ദുഃഖ ഗാന്ധാരം(ഘണ്ടാരം)

അഷ്ടമി വിളക്ക് കഴിഞ്ഞു ഉദയനാപുരത്തപ്പനെ യാത്രയയച്ചതിനു ശേഷം തിരുവൈക്കത്തപ്പൻ തിരിച്ചു എഴുന്നള്ളിയ സമയത്ത് വായിച്ചത്.










വലിയ കാണിക്ക. ക്ഷേത്രാവകാശിയായ കൈമൾ ക്ഷേത്രമണ്ണിൽ കാല് കുത്താതെ പല്ലക്കിൽ വന്ന് ഭഗവത് ദർശനം നടത്തുന്നു.











കൊട്ടിപ്പാടി സേവ ( സോപാന സംഗീതം )




















Farewell to Thiru Vaikkathappan by Udayanapurathappan 2016