Showing posts with label peruvanam-arattupuzha pooram. Show all posts
Showing posts with label peruvanam-arattupuzha pooram. Show all posts

ആറാട്ടുപുഴ പെരുവനം പൂരം ഐതിഹ്യം

ആറാട്ടുപുഴ പെരുവനം പൂരം ഐതിഹ്യം....

മഹത്തായ പാരമ്പര്യത്തിന്റെ ഒരുബാക്കിപത്രം ആണ് ഇന്നത്തെ പെരുവനം - ആറാട്ടുപുഴ പൂരങ്ങൾ . ഇരുപത്തിയെട്ടു ദിവസത്തെ ഉത്സവം എന്തോ ചില ദുർനിമിത്തങ്ങൾ കണ്ടത് കൊണ്ട് ഒരു ദിവസത്തെ പൂരം ആക്കി മാറ്റിയതാണ് ഇന്ന് കാണുന്ന പെരുവനം പൂരം  . പഞ്ചാരിയുടെയും, നെറ്റിപട്ടത്തിന്റെയും പരീക്ഷണ വിജയങ്ങളുടെ അവകാശം പെരുവനത്തിനു സ്വന്തം. പ്രസിദ്ധമായ പെരുവനം പൂരത്തിന്റെ ആറാട്ട്‌ ആണ് ആറാട്ടുപുഴയിൽ നടന്നിരുന്നത്.അത്  കാലത്തിന്റെ മാറ്റത്തിൽ ദേവമേളയായി രൂപാന്തരപെട്ട് ഒന്നും കൂടി പ്രസിദ്ധിയാർജ്ജിച്ചു  .അതിന്റെ സ്മരണ നില നിറുത്തുന്നതിനായി  ഇരുപത്തിയെട്ടു ദിവസം മുമ്പ്  ചേർപ്പ്‌ ഭഗവതിക്ഷേത്രത്തിൽ  കൊടിമരം നാട്ടി പിറ്റേദിവസം  തിരുവിള്ളക്കാവ് ക്ഷേത്രത്തിൽ  പൂരത്തിന് കൊടികയറുന്നു.  തൃപ്രയാർ തേവരുടെയും , ചേർപ്പ്‌ ഭഗവതിയുടെയും , ഊരകം അമ്മതിരുവടിയുടെയും മീന മകീരത്തിലെ പൂരം പുറപ്പാടോട് കൂടി തുടങ്ങുന്ന പത്തു ദിവസത്തെ പൂരക്കാലം ആയി പഴയ പെരുവനം പൂരം ചുരുങ്ങി എങ്കിലും അത് പഴയകാല പ്രൗഡിയോടെ തന്നെ നിൽക്കുന്നു.

ശാന്തത കളിയാടി നിൽക്കുന്ന അതികൂറ്റൻ ക്ഷേത്രമതിൽക്കകം, വിസ്മയിപ്പിക്കുന്ന വിളക്കുംമാടം , രാജകീയപ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ക്ഷേത്രം  അതിലേറെ ശാന്തനായ ഇരട്ടയപ്പൻ . അതാണ്‌ പെരുവനം ക്ഷേത്രം .  തികഞ്ഞ ആനകൾ, അതിമാനോഹരങ്ങൾ ആയ ആന ചമയങ്ങൾ, അതിലേറെ തികഞ്ഞ മേളക്കാര് , , മുല്ല മൊട്ട് പോലെ പ്രകാശിക്കുന്ന പന്തങ്ങൾ പൂരത്തിന് മാത്രം ആയി നിർമ്മിച്ചതാണോ എന്ന് തോന്നിക്കുന്ന ഇടവഴി , പ്രൗഡമായിട്ടുള്ള സദസ്സ് , ഇതെല്ലം പെരുവനത്ത് മാത്രം കാണുന്ന ഒരു പൂര കാഴ്ച . വലിയ ആർഭാടങ്ങൾ ഇല്ലാതെ  ഇത്രയും ലളിതമായിട്ടുള്ളതും അതിമനോഹരം ആയ ഒരു  ഒരു പൂരം വേറെയുണ്ടോ എന്ന് തന്നെ സംശയം  .

ഒരു കാലത്ത് മത്സരത്തിനും തമ്മിൽ തമ്മിൽ ഉള്ള വടം വലിക്കും കേളികേട്ട പൂരം കൂടി ആയിരുന്നു. നിബന്ധനകളും നിയമങ്ങളും , അതിലേറെ മത്സരവും ഉള്ളതാണ് പെരുവനം പൂരം.  നെട്ടിശ്ശേരി ശാസ്താവ് വന്നു കയറിയാൽ പിന്നെ ആർക്ക് വേണമെങ്കിലും ചെന്ന് കയറാം , ചേർപ്പ്‌ ഭഗവതി വന്ന് ഇറങ്ങുന്നതിനു മുൻപ് എല്ലാവരും ഇറങ്ങുകയും ചെയ്യണം എന്ന നിബന്ധനയോടെ ആണ് പൂരം തുടങ്ങുന്നതും അവസാനിക്കുന്നതും. വൈകീട്ട് നാല് മണിയോടെ ക്ഷാരിക്കൽ ഭഗവതിയുടെ പഞ്ചാരിയോടെ പെരുവനം പൂരം തുടങ്ങുന്നു . അത് കഴിയുമ്പോഴേക്കും മതിൽക്കകത്ത്‌ ആറാട്ട്‌ പുഴ ശാസ്താവിന്റെ  മേളത്തിന് .കാലമിടുന്നു. പാണ്ടി തുടങ്ങി അവർ നടവഴിയിലേക്ക് ഇറങ്ങുമ്പോൾ മറ്റേ അറ്റത്തു ചാത്തക്കുടം ശാസ്താവ്,തൊട്ടിപ്പാൾ ഭഗവതിയുമായി കൂട്ട് ചേർന്ന് പഞ്ചാരി തുടങ്ങുന്നു. ആദ്യം ആറാട്ട്‌ പുഴയുടെയും, പിന്നെ ചാത്തകുടത്തിന്റെയും മേളം അവസാനിക്കുന്നു . ഇതിനടയിൽ ദേവി ദേവന്മാർ മേളങ്ങൾക്ക് ഇടയിലൂടെ കയറി പോകുന്നതും ഇറങ്ങി പോകുന്നതും കാണാം. പിന്നെ  ചാത്തക്കുടം ശാസ്താവുമായി ചേർന്ന് അമ്മതിരുവടിയുടെ പൂരം. തന്റെ പൂരം കഴിഞ്ഞ  ചാത്തക്കുടം ശാസ്താവ്  തൊട്ടിപ്പാൾ ഭഗവതിയെ ഇരട്ടയപ്പന്റെ അടുത്ത് കൊണ്ടാക്കി തിരിച്ചു വന്ന്  കൂട്ട് നിന്നിട്ടേ അമ്മതിരുവടിക്ക് പൂരം തുടങ്ങാനും നടവഴിയിലേക്ക് കയറാനും പാടുള്ളൂ. പിന്നെ അമ്മതിരുവടിയുടെ  പഞ്ചാരി . ഈ മേളം പകുതി ആവുമ്പോൾ മതികകത്ത് നെട്ടിശ്ശേരി ശാസ്താവിന്റെ നേതൃത്ത്വത്തിൽ പതിനൊന്നു ദേവിദേവന്മാർ കൂട്ടി എഴുന്നെള്ളിച്ചു പഞ്ചാരിയോടെ പെരുവനം വിളക്ക് . ഇതേ സമയം ചേർപ്പ്‌ ഭഗവതി പഞ്ചവാദ്യവും ആയി പെരുവനം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് എത്തിയിട്ടുണ്ടാകും . ചേർപ്പ്‌ പഞ്ചവാദ്യം കഴിഞ്ഞ് അകത്തു വരുമ്പോഴേക്കും മറ്റുള്ളവർ ഇറങ്ങിക്കോളണം. ചേർപ്പ്‌ ഭഗവതി നടവഴിയിൽ പഞ്ചാരി കലാശിപ്പിക്കുന്നത് കാണാൻ തലേന്നു  ആറാട്ട്‌പുഴ ശാസ്താവിന്റെ  മേളത്തിന്  കാലം ഇടുന്നത് കണ്ടു ഉറങ്ങാൻ പോയ സുര്യഭഗവാൻ ഉറക്കച്ചുവടുമായി അങ്ങ് ദൂരെ വന്നുനിൽക്കുന്നുണ്ടാകും.

ഏതു പഞ്ചാരി ആണ് കേമം എന്ന് പറയാൻ  പറ്റാത്ത അത്ര അതിഗംഭീരങ്ങളായ പഞ്ചാരികൾ ആണ് പെരുവനം നടവഴിയിലേത്  . ഇനി ഇതിനേക്കാൾ മറികടക്കുന്നതാണോ നടവഴിയിലെ ആറാട്ട്‌പുഴ ശാസ്താവിന്റെ   ആ  ഒരു പാണ്ടിമേളം എന്നും പറയാൻ വിഷമം ആണ് . എല്ലാം കണ്ടു തീരുമാനിക്കുക തന്നെ വേണം പ്രസിദ്ധങ്ങളായ ആനകൾ തന്നെ ആണ് അവിടെ അണിനിരന്നിരുന്നതും ഇപ്പോൾ നിരക്കുന്നതും . പെരുവനം നടവഴിയിൽ മേളം കൊട്ടിയാലെ  മേളക്കാരൻ ആവുള്ളു .പെരുവനം നടവഴിയിൽ മേള പ്രമാണി ആയാൽ മാത്രേ മേളപ്രമാണിയായി അഗീരിക്കുകയുള്ളൂ. .  മഹാരഥന്മാർ ആയ മേളപ്രമാണിമാർ നിറഞ്ഞാടിയ നടവഴി കൂടി ആണ് പെരുവനം നടവഴി ...

പെരുവനം പൂരത്തിന്റെ ആറാട്ട്‌ എവിടെവേണം എന്നുള്ള പിടിക്ക പറമ്പിൽ ശങ്കരനോട് ചോദിക്കാൻ പോകുന്നു എന്ന സങ്കൽപ്പത്തിൽ ഉള്ള  പിടിക്കപറമ്പ് പൂരവും ആനയോട്ടവും  അത് കഴിഞ്ഞ് ദേവമേള എങ്ങനെ അതിഗംഭീരമാക്കണം ,അതിനു ആരോയൊക്കെ ക്ഷണിക്കണം എന്നുള്ള കൂടിയാലോചനയും എന്ന സങ്കൽപ്പത്തിലുള്ള തറക്കൽ പൂരത്തിനും മാറ്റങ്ങൾ ഒന്നും ഇല്ല്യാതെ നടന്നു വരുന്നു .

തൃപ്രയാർ തേവരുടെ കൂട്ടിയെഴുന്നെള്ളിപ്പാണ് ദേവമേള എന്ന സങ്കൽപ്പത്തിലുള്ള   ആറാട്ടുപുഴ പൂരം. ഭൂലോകവൈകുണ്ഡദർശനം എന്നാണു ഈ കൂട്ടിയെഴുന്നെള്ളിപ്പ് അറിയപ്പെടുന്നത്.ആറാട്ടുപുഴ പൂരം ചരിത്ര പ്രസിദ്ധം ആയത് തന്നെ ഇതുകൊണ്ടാണ് . . തൃപ്രയാർ തേവർക്ക് ആണ് ദേവമേളയുടെ നെടുനായകത്വം.ശ്രീരാമ സങ്കൽപ്പത്തിൽ ആണ് തൃപ്രയാർ തേവരുടെ പ്രതിഷ്ഠ.അതും മഹാരാജാവായിട്ടുള്ള ശ്രീരാമന്റെ.അവിടുത്തെ നിത്യനിതാനപൂജയും മറ്റുള്ള ചടങ്ങുകളും എഴുന്നെള്ളിപ്പും എല്ലാം ഒരു മഹാരാജാവിനു വേണ്ട  രാജകീയപ്രൗഡിയോടെ ആണ്. തേവരുടെ പൂരം പുറപ്പാടും ദേവമേളക്കുള്ള അദ്ധേഹത്തിന്റെ വരവും രാജകീയപ്രൗഡിയിൽ തന്നെ ആണ് .

മീന മാസത്തിലെ മകീരം നാളിൽ ആണ് പൂരത്തിനുള്ള തേവരുടെ പുറപ്പാട് . അതും കർക്കടകം രാശിയിൽ . , വേണ്ടപെട്ടവർ എല്ലാവരും എത്തിയോ , ആരെങ്കിലും പട്ടിണി കിടക്കുന്നുണ്ടോ, സങ്കടക്കാര് ആരെങ്കിലും ഉണ്ടോ എന്നൊക്കെ വിളിച്ചു ചോദിച്ചിട്ടാണ് പാണി കൊട്ടുക .അതുണ്ടെങ്കിൽ അത് മാറ്റിയിട്ടേ പാണി കൊട്ടുള്ളൂ എന്നാണ് പറയുന്നത് . പാണി കൊട്ടി മന്ധപത്തിൽ ഇറക്കി വച്ച് , ബ്രാഹ്മണിയമ്മ പാട്ട്. അത് കഴിഞ്ഞ് മണ്ഡപത്തിൽ പറ . അതിവിശേഷം ആണ് ആ സമയത്ത് മണ്ഡപത്തിൽ പറ നിറക്കുന്നത് . പിന്നെ പ്രസിദ്ധമായ പുറപ്പാട് , രണ്ടു നേരവും ആറാട്ട്‌ പല സ്ഥലങ്ങളിൽ , അതിനിടയിൽ കൃഷിയുമായി ബന്ധപെട്ട ചില കാര്യങ്ങൾ ഒക്കെയായി അങ്ങിനെ പൂരം വരെ .പിന്നെ ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന് എത്തി കൂട്ടി എഴുന്നിള്ളിപ്പും ആറാട്ടും കഴിഞ്ഞ് അടുത്ത പൂരം തിയതി അറിയിച്ച് തൃപ്രയാറിൽ മടങ്ങി ചെന്ന് അവിടെ ഉത്രം വിളക്കോടെ സമാപനം .

.  സന്ധ്യ മുതൽ പാടത്ത്പഞ്ചാരിയോടെ ആദ്യം ആറാട്ടുപുഴ ശാസ്താവിന്റെ പൂരം. പിന്നെ ചെറിയ ഒരു വെടികെട്ട്.അതുകഴിഞ്ഞ് തൊട്ടിപ്പാൾ ഭഗവതിയെ കൂട്ടിയുള്ള ചാത്തകുടം ശാസ്താവിന്റെ പഞ്ചാരി, നെട്ടിശ്ശേരി ശാസ്താവിന്റെ പാണ്ടി, എടക്കുന്നി ഭഗവതിയുടെ പഞ്ചാരി, അന്തിക്കാട് ഭഗവതിയും, ചൂരക്കോട് ഭഗവതിയും ചേർന്നുള്ള പഞ്ചാരി, പൂനിലാർക്കാവ് ഭഗവതിയും,ചാലക്കുടി പിഷാരിക്കൽ ഭഗവതിയും,കടുപ്പശ്ശേരി ഭഗവതിയും ചേർന്നുള്ള പഞ്ചാരി.കോടന്നൂർ,നാംങ്കുളം,ചക്കംകുളം,ചിറ്റിചാത്തകുടം,മേടംകുളം,കല്ലേലി ശാസ്താക്കന്മാരുടെയും,അയ്‌കുന്ന്,തൈക്കാട്ടുശ്ശേരി ഭഗവതിമാരുടെയും നിയമപ്രകാരം ഉള്ള കയറ്റിറക്കങ്ങൾ, ഇതിനടിയിൽ വിഷഹാരിണിയായ കടലാശ്ശേരി പിഷാരിക്കൽ ഭഗവതി പുഴയിൽ പോയി ആറാടി വന്നാൽ പിന്നെ മറ്റുള്ള ഭഗവതിമാർ ഓരോരുത്തരായി പോയി ആറാട്ട്‌.തേവര് വരുമ്പോഴേക്കും ഇതെല്ലം കഴിഞ്ഞിരിക്കും.
 
തൃപ്രയാർ തേവർ തന്റെ ഗുരുവിനെ കാണാൻ വരികയാണ് എന്നുള്ള ഒരു സങ്കല്പം കൂടി ദേവമേളക്കുണ്ട്. ഗുരു കാത്തു നിൽക്കുന്ന വിവരം അറിഞ്ഞത് കൊണ്ട് ആവാം തേവര് തൃപ്രയാറു നിന്ന് ശരവേഗത്തിൽ ആണ് വരിക . ഗുരുവിനെ അധികം കാത്തു നിറുത്താതിരിക്കാനും,മറ്റുള്ളവർ തന്നെ കാത്തു നിൽക്കുകയാണ്‌ എന്നുള്ള വ്യഗ്രതയും ആവാം ഇതിനു പിന്നിൽ ..

ആറാട്ടുപുഴ ശാസ്താവിന്റെ പ്രതിഷ്ഠ  വസിഷ്ഠ ഗുരു എന്ന സങ്കൽപ്പത്തിൽ ആണ് . ശ്രീരാമന്റെ  ഗുരു കൂടി ആണല്ലോ വസിഷ്ഠ മഹർഷി.പൂരത്തിന്റെ ആതിതേഥെയനും കൂടിയായ ആറാട്ടുപുഴ ശാസ്താവ് ശിഷ്യനും, മഹാരാജാവും ആയ ശ്രീരാമനെ സ്വീകരിക്കാൻ എന്ന സങ്കൽപ്പത്തിൽ ആണ് തന്റെ പൂരം കഴിഞ്ഞാൽ നിലപാട് തറക്കൽ നിൽക്കുന്നത്. അതിനടിയിൽ ആറാട്ടുപുഴ ശാസ്താവും , ചാത്തകുടം ശാസ്താവും എടക്കുന്നി ഭഗവതിയും കൂടി തേവര് ആറാട്ടുപുഴയിൽ എത്താറായി എന്ന് എല്ലാവരെയും അറിയിക്കുന്ന പട്ടിണി ശംഖു്എന്ന ചടങ്ങ് ഒരു ചെറിയ കൂട്ടി എഴുന്നെള്ളിപ്പ് രൂപത്തിൽ നടക്കും പിന്നെ എടക്കുന്നി ഭഗവതിയെ സാക്ഷിയാക്കി നിലപാട് നിൽക്കാൻ ചാത്തകുടം ശാസ്താവിനെ ഏൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ്അകത്തു പോകും.  എടക്കുന്നിയുടെ ഉപചാരവും അവിടെ കഴിയും പിന്നെ ആറാട്ട്‌ കഴിഞ്ഞ് സ്വദേശത്തേക്ക് .

തേവർ കൈതവളപ്പിൽ എത്തിയാൽ ആദ്യം ആയിരത്തിയൊന്നു കതിനാവെടികൾ മുഴങ്ങും. അത് കഴിഞ്ഞാൽ കൂട്ടിയെഴുന്നെള്ളിപ്പിനുളള ഒരുക്കങ്ങൾ തുടങ്ങുകയായി. സർവ്വശക്തയും ഭൂമിദേവിയും ആയ ചേർപ്പ്‌ ഭഗവതി നാല്പതോളം ആനകളുടെ അകമ്പടിയോടെ തൃപ്രയാർ തേവരുടെ വലതും, രാജരാജേശ്വരിയും ലക്ഷ്മി ദേവിയും ആയ ഊരകത്തമ്മതിരുവടി, പൂരത്തിന്റെ മുഴുവൻ ചുമതലയും ഉള്ള അതിശക്തനായ ചാത്തകുടം ശാസ്താവിന്റെ കൂടെ അത്രതന്നെ ആനകളുമായി തൃപ്രയാർ തേവരുടെ ഇടതുമായി നിരന്നാൽ കൂട്ടിയെഴുന്നെള്ളിപ്പ് തുടങ്ങായി. പിന്നെ ചേർപ്പിന്റെയും ഊരകത്തിന്റെയും മേള പ്രമാണിമാർ പാണ്ടി മേളത്തിന് കാലമിടുന്നു. മുത്തു കുടകൾ നിവർത്തി വെഞ്ചാമരവും ആലവട്ടവും വീശി പാണ്ടി മേളത്തിന്റെ നാദധാരയിൽ , എൺപതോളം ആനകൾ നിരന്നു നിൽക്കുന്നതിന് മുകളിലേക്ക് ഉദയസൂര്യൻ തന്റെ പൊൻകിരണങ്ങൾ വാരി വിതറുന്നത് അതിമനോഹരമായ ഒരു കാഴ്ച തന്നെയാണ്. അടിവച്ചടിവച്ച് താളത്തിൽ മുന്നേറി പാടവരമ്പ് അവസാനിക്കുന്നിടത്ത് നിന്ന് ദേവിദേവന്മാർ ആറാട്ട്‌ കടവിലേക്ക് നീങ്ങുന്നു .

 മുപ്പത്തിമുക്കോടി ദേവതകളും, അവരുടെ ഭൂതഗണങ്ങളും. യക്ഷികളും, ഗന്ധർവ്വന്മാരും, പിതൃക്കളും, പിതാമഹന്മാരും മനുഷ്യ മഹാസമുദ്രത്തോടൊപ്പം സാക്ഷിയായിട്ടുള്ള ഈ കൂട്ടിയെഴുന്നെള്ളിപ്പ് വന്നു കണ്ടിട്ടാണ്" ഇതാണ് സാക്ഷാൽ വൈകുണ്ഡം"എന്ന്  വില്വമഗലം സ്വാമിയാർ പറഞ്ഞത്.

തേവര് ആറാട്ട്‌ കഴിഞ്ഞു വരുമ്പോഴേക്കും മറ്റുള്ള ദേവിദേവന്മാർ ആറാട്ടുപുഴ ശാസ്താവിനോട് യാത്ര പറഞ്ഞു പോകും തേവര് വന്ന് അടുത്ത കൊല്ലം പൂരം നടത്തേണ്ട തിയ്യതി അറിയിച്ചാൽ ആറാട്ടുപുഴ ശാസ്താവ് എഴുകണ്ടം വരെ അനുഗമിച്ച്തേവരെ യാത്രയാക്കുന്നതോടെ ദേവമേളക്ക് തിരശീല വീഴും.

തേവരുടെ കൂട്ടി എഴുന്നെള്ളിപ്പ് കാണുന്നത് വൈകുണ്ഡദർശനത്തിനു സമാനമാണ് എന്നും   പ്രദക്ഷിണം വച്ച് തൊഴുന്നത് സമസ്ത പാപപരിഹാരത്തിന് ഉപകരിക്കുമെന്നും പറയപെടുന്നു...
                               കടപ്പാട്. Fb

പെരുവനം ഗ്രാമം

പെരുവനം ഗ്രാമം
ഭാഗം 1
"മഹാനദീതടങ്ങൾ മനുഷ്യസംസ്‌കാരത്തിന്റെ വിളനിലങ്ങൾ! ഓരോപുഴയും ഒഴുകിയെത്തുന്നത്‌ കാടുകളിലൂടെയാണ്‌; ഒഴുകിപോകുന്നത്‌ നാടുകളിലൂടെയാണ്‌. ജീവന്റെ പ്രവാഹമാണ്‌ പുഴ. പുഴയൊഴുകുന്നത്‌ ജനമനസ്സുകളിലൂടെയാണ്‌; ഗ്രാമങ്ങളുടെ വിരിമാറിലൂടെയാണ്‌; സമതലങ്ങളുടെ ആത്മാവിലൂടെയാണ്‌. ജനസംസ്‌കാരം സൃഷ്ടിക്കുന്ന ജീവൽപ്രവാഹമാണ്‌ പുഴ."
- പ്രൊഫ. ടി. ശോഭീന്ദ്രൻ
കരുവന്നൂർ പുഴയൊഴുകും തീരങ്ങൾ: സ്ഥലവും പശ്ചാതലവും
------------------------------------------------------------------
തൃശൂർ ജില്ലയിലെ ചേർപ്പ്‌ ഗ്രാമപഞ്ചായത്തിലെ ഒരു വാർഡാണ്‌ പെരുവനം. ഒരിക്കൽ മദ്ധ്യകേരളത്തിന്റെ പകുതിയിലധികം വിസ്തൃതി കൈക്കൊണ്ടിരുന്ന പ്രദേശത്തിന്റെ പേരാണ്‌ ഇന്ന് ഒരു വാർഡിലേക്ക്‌ ഒതുങ്ങിയത്‌ എന്ന് പറയുമ്പോൾ തന്നെ ആ പരിണാമത്തിനിടയിൽ വലിയൊരു ചരിത്രമുറങ്ങുന്നുണ്ടെന്ന് മനസ്സിലാക്കാം. അധികാരവും സമ്പത്തും രാജഭരണവുമൊക്കെയായി ചരിത്രം വരച്ചിട്ടപാതയിലൂടെ ഈ നാടിന്റെ സാംസ്കാരികമേഖലക്ക്‌ ഊന്നൽ കൊടുത്തുകൊണ്ടാണീ ചരിത്രാന്വേഷണം മുന്നോട്ട്‌ കൊണ്ടുപോയിരിക്കുന്നത്‌. ചരിത്രം എഴുതപ്പെടാത്ത കാലത്തെ കാര്യങ്ങൾ പറയുന്ന അവസരങ്ങളിൽ വാമൊഴിയേയും ഐതിഹ്യങ്ങളേയും കണക്കിലെടുക്കേണ്ടി വന്നിട്ടുണ്ട്‌. അതിൽ യുക്തിസഹവും വിശ്വാസ്യയോഗ്യവുമായ കാര്യങ്ങൾ ഉൾക്കൊള്ളിക്കാനും അല്ലാത്തവയെ തള്ളിക്കളയാനും പരമാവധി ശ്രമിച്ചിട്ടുണ്ട്‌. പല കോണുകളിൽ നിന്നും കിട്ടിയ അറിവുകളെ ചേർത്തുകൊണ്ട്‌ എന്റേതായ വീക്ഷണത്തിലാണ്‌ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്‌. പൂർണ്ണതയോ ശരിയോ അവകാശപ്പെടുന്നില്ല. മാത്രമല്ല അറിഞ്ഞതിനേക്കാൾ എത്രയോ അധികം ഇനിയും അറിയപ്പെടാനായ്‌ കിടക്കുന്നു എന്ന തിരിച്ചറിവ്‌ എന്നെ ഈ അന്വേഷണ പാതയിൽ മുന്നോട്ട്‌ നയിക്കുന്നു. എന്നെങ്കിലും എവിടെയെങ്കിലും വച്ച്‌ പുതിയൊരറിവ്‌ ലഭിക്കുമ്പോൾ അനുഭവപ്പെടുന്ന ആകാംക്ഷയും സന്തോഷവുമാണെന്റെ വേതനം എന്നുകൂടി പറഞ്ഞുകൊണ്ട്‌ വിഷയത്തിലേക്ക്‌ കടക്കട്ടെ.
കേരളത്തിലെ 44 നദികളിൽ ഒന്നായ കരുവന്നൂർപുഴ തൊട്ടുതഴുകി ഒഴുകുന്ന ഭൂപ്രദേശങ്ങളെ കുറിച്ചാണ്‌ ഞാനിവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നത്‌. കേരളത്തിലെ വിവിധ നദികളേയും അവയുടെ കരകളിൽ ഉടലെടുത്ത വിവിധങ്ങളായ സംസ്കാരങ്ങളേയും കുറിച്ചുള്ള പല പഠനങ്ങളും ഇന്ന്‌ ലഭ്യമാണെങ്കിലും കരുവന്നൂർപുഴയുടെ തീരത്തെ പെരുവനം ഗ്രാമത്തിൽ ഉദയംകൊണ്ട അതിപ്രാചീനമായ സംസ്കാര സമന്വയങ്ങളെ പറ്റി പ്രശസ്തമായ പഠനങ്ങൾ ഒന്നും തന്നെ ആധുനിക മലയാളഭാഷയിൽ നടന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. സംസ്കൃതത്തിലും പ്രചീന തമിഴിലുമുള്ള രേഖകളിൽ നിന്നും, വട്ടെഴുത്തിലും കോലെഴുത്തിലുമുള്ള ലഭ്യമായ പുരാലിഖിതങ്ങളിൽ നിന്ന്‌ ചരിത്രകാരന്മാർക്ക്‌ അപഗ്രഥിക്കാൻ സാധിച്ചവയെ ആധാരമാക്കിയും, വാമൊഴിയായ്‌ ലഭിച്ച അറിവുകളും വായിച്ചറിഞ്ഞ ചരിത്രവും ഒരുമിച്ച്‌ ചേർത്തുകൊണ്ടാണിത്‌ എഴുതുന്നത്‌. ഞാനിന്ന്‌ നിൽക്കുന്ന മണ്ണ്‌ ഇന്നലെ എങ്ങിനെയായിരുന്നു. ഇവിടെ ജീവിച്ച്‌ മരിച്ചുപോയവർക്ക്‌ നമ്മോട്‌ പറയാനുണ്ടായിരുന്ന കാര്യങ്ങളെന്തൊക്കെയാണ്‌ എന്നതിലേക്കുള്ള ഒരു തിരികെയാത്ര; ഒരു ചെറിയ പരിശ്രമമാണിത്‌. പരിമിതമാണെന്നറിയാമെങ്കിലും. ഇവിടെ പ്രതിപാദിക്കുന്ന സ്ഥലങ്ങൾ എല്ലാം ഞാൻ നേരിട്ട്‌ സന്ദർശ്ശിച്ചതാണെന്നും പ്രതിപാദിക്കുന്ന സംഭവങ്ങളിൽ ഇന്ന് നിലനിൽക്കുന്നവയ്ക്ക്‌ ഞാൻ ദൃക്‌സാക്ഷിയാണെന്നു കൂടി പറഞ്ഞുകൊള്ളുന്നു. ബ്രാഹ്മണ കേന്ദ്രീകൃതമായ പ്രാചീന കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിയിൽ പല അനാചാരങ്ങളും ചൂഷണങ്ങളും ജാതീയ വേർത്തിരിവുകളും നിലനിന്നിരുന്ന കാലത്ത്‌തന്നെ അത്തരം വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നടങ്കം പങ്കെടുത്തിരുന്ന ആഘോഷങ്ങളായ ഓണം, മാമാങ്കം എന്നിവ പോലെ തന്നെ നടന്നിരുന്ന ഒന്നായിരുന്നു പെരുവനം ഗ്രാമോത്സവം എന്നാണ്‌ ചരിത്രത്തിൽ നിന്ന്‌ ലഭിക്കുന്ന തെളിവുകൾ. അതുതന്നെയാണ്‌ ഈ ചരിത്രാന്വേഷണത്തിന്‌ എന്നെ പ്രേരിപ്പിച്ചതും.
ചിമ്മിനി കാടുകളിലെ 1097 മീറ്റർ ഉയരമുള്ള പൂമലയിൽ നിന്നുൽഭവിക്കുന്ന ചിമ്മിനി പുഴയും, മുപ്ലി പുഴയും കരിക്കുളം എന്ന സ്ഥലത്തിനടുത്ത്‌ വച്ച്‌ ഒന്നിച്ചു ചേർന്നുണ്ടാകുന്ന കുറുമാലിപ്പുഴയും; പീച്ചി വനത്തിൽ 366 മീറ്റർ ഉയരമുള്ള വാണിയമ്പാറ മലമുകളിൽ നിന്നുൽഭവിക്കുന്ന മണലിപ്പുഴയും തൃശൂർ ജില്ലയിലെ കടലാശേരിക്കടുത്ത്‌ പാലക്കടവിൽ ഒന്ന്ചേർന്ന് കരുവന്നൂർപുഴ എന്ന പേരിൽ പടിഞ്ഞാറോട്ട്‌ ഒഴുകുന്നു. തൃശൂർ, മുകുന്ദപുരം, ചാവക്കാട്‌, കൊടുങ്ങല്ലൂർ താലൂക്കുകളിലൂടെ ഒഴുകുന്ന പുഴയിലേക്ക്‌ പിള്ളത്തോടും വന്നു ചേരുന്നുണ്ട്‌. ആറാട്ടുപുഴ, തൃപ്രയാർപുഴ, കനോലിപുഴ എന്നൊക്കെ പ്രാദേശികമായി ഈ പുഴയെ വിളിക്കുമെങ്കിലും ഔദ്യോഗിക നാമം കരുവന്നൂർപുഴ എന്നാണ്‌. രണ്ട്‌ പുഴകളും ഒന്നായിചേർന്നതിന്‌ ശേഷം പുഴ ഒഴുകിയെത്തുന്ന ആദ്യത്തെ ചെറുപട്ടണം കരുവന്നൂർ ആയതിനാലാണ്‌ കരുവന്നൂർപുഴ എന്ന പേര്‌ സിദ്ധിച്ചത്‌. കരുവാന്റെ ഊര്‌ എന്നതിൽ നിന്നുമാണ്‌ കരുവന്നൂർ എന്ന വാക്കുണ്ടായത്‌. പ്രാചീനകാലത്ത്‌ തീവ്രാനദി എന്നാണ്‌ കരുവന്നൂർപുഴ അറിയപ്പെട്ടിരുന്നത്‌. പെരുവനത്തപ്പന്റെ ആറാട്ട്‌ നടന്നിരുന്ന പുഴയായതിനാലാണ്‌ തീവ്രാനദി എന്ന പേരുണ്ടായത്‌ എന്നാണ്‌ പറയപ്പെടുന്നത്‌. കരുവന്നൂർ പുഴയുടെ പോഷക നദിയായ കുറുമാലിപ്പുഴ നന്തിയാർ എന്നാണ്‌ പ്രാചീനകാലത്ത്‌ അറിയപ്പെട്ടിരുന്നത്‌. കോകസന്ദേശത്തിൽ നന്തിയാറിനെക്കുറിച്ചുള്ള പരാമർശം കാണാം. നന്തിപുലം, നന്തിക്കര എന്നീ സ്ഥലങ്ങൾ കുറുമാലിപ്പുഴയുടെ തീരത്താണ്‌. നന്തി എന്ന വാക്ക്‌ പുരാതന ജൈനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ്‌ വിലയിരുത്തൽ. അതിനാൽ ഈ സ്ഥലങ്ങളും പുഴയും ഒരു കാലത്ത്‌ ജൈന സംസ്കാരത്തിന്റെ ഭാഗബാക്കായിരിക്കണം. ഇരിങ്ങാലക്കുട എന്ന സ്ഥലത്തിനും കുറുമാലിപ്പുഴയുമായി ബന്ധമുള്ളതായി കാണാം. പെരുവനം ഗ്രാമത്തിന്റെ അയൽ ഗ്രാമമായ ഇരിങ്ങാലക്കുടയുടെ ആദിമ നാമമായ ഇരു ചാലുക്ക്‌ ഇടൈ എന്നത്‌ ഇരുങ്ങാട്ടികൂടൽ എന്നും പിന്നീട്‌ ഇരിങ്ങാലക്കുട എന്നുമായി മാറി. ഇരു ചാലുക്കിട എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌ രണ്ട്‌ ചാലുകൾക്ക്‌ ഇടയിൽ എന്നാണ്‌. ചാല്‌ എന്നത്‌ പുഴ. അതായത്‌ രണ്ട്‌ പുഴകൾക്കിടയിലുള്ള സ്ഥലം എന്നർത്ഥം. കുറുമാലിപ്പുഴയും ചാലക്കുടിപ്പുഴയുമാണവ.
പഴയ ഇരിങ്ങാലക്കുട ഗ്രാമത്തിന്റെ അതിർത്തിയിലൂടെയാണീ പുഴകൾ ഒഴുകുന്നത്‌. ഗ്രാമാതിർത്തി നിർണ്ണയിക്കുന്ന നദികൾ ആയതിനാൽ ഗ്രാമക്ഷേത്രമായ കൂടൽമാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആറാട്ട്‌ നടക്കുന്നത്‌ ഒന്നിടവിട്ട വർഷങ്ങളിൽ കുറുമാലിപ്പുഴയിലെ രാപ്പാൾ കടവിലും ചാലക്കുടിപുഴയിലെ കൂടപ്പുഴ ആറാട്ട്‌കടവിലുമാണ്‌. ഉണ്ണിയാടീചരിതത്തിൽ പ്രതിപാദിക്കുന്ന പൂർണ്ണാനദി, ചാലക്കുടിപുഴയുടെ പുരാതന നാമമാണ്‌.
വടക്കുംനാഥൻ ഗ്രന്ഥവരിയിലും കേരളോൽപ്പത്തിയിലും കരുമാൻപുഴ എന്ന പേരിൽ പ്രതിപാദിച്ചിരിക്കുന്നത്‌ കരുവന്നൂർപുഴയെയാണ്‌. പ്രാചീന കാലത്തെ പെരുവനം ഗ്രാമോത്സവത്തിൽ പങ്കെടുത്തിരുന്ന ക്ഷേത്രങ്ങളുടേയും ഇന്നത്തെ ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്ന ക്ഷേത്രങ്ങളുടേയും ആറാട്ട്‌ നടക്കുന്നത്‌ കരുവന്നൂർപുഴയിലെ മന്ദാരം കടവിലാണ്‌. മന്ദാരം കടവിനടുത്ത്‌ ശാസ്താംകടവ്‌ എന്നൊരു കടവുമുണ്ട്‌. പഴയ നാടുവാഴികൾ തമ്മിലുള്ള കിടമത്സരത്തിൽ മന്ദാരം കടവിന്റെയും ശാസ്താംകടവിന്റേയും പേരുകൾ കടന്നുവരുന്നുണ്ട്‌. ആറാട്ട്‌ നടക്കുന്ന പുഴ എന്ന അർത്ഥത്തിൽ ആറാട്ടുപുഴ എന്ന പ്രാദേശിക നാമത്തിലും കരുവന്നൂർ പുഴ അറിയപ്പെടുന്നു. പുഴയ്ക്കരികിലെ ക്ഷേത്രത്തിനും ക്ഷേത്രം നിലനിൽക്കുന്ന സ്ഥലത്തിനും അങ്ങനെ ആറാട്ടുപുഴ എന്ന പേർ പൊതുവായി ലഭിച്ചു. കരുവന്നൂർ പുഴയുടെ മറ്റൊരു പ്രാദേശിക നാമമായ തൃപ്രയാർ എന്ന വാക്ക്‌ തിരു പുറൈ ആറിൽ (ക്ഷേത്രത്തിനു പുറത്തുള്ള ആർ) നിന്നാണ്‌ ഉത്ഭവിച്ചത്‌. തിരു പുറൈ ആറിനെക്കുറിച്ച്‌ കോകസന്ദേശത്തിൽ പരാമർശ്ശമുണ്ട്‌. കോകസന്ദേശത്തിലെ സന്ദേശവാഹകൻ തിരു പുറൈ ആറിൽ എത്തുന്നതായി വിവരണമുണ്ട്‌. ഉജ്ജ്വലമായൊരു പൂങ്കാവനമയിട്ടാണ്‌ തൃപ്രയാറിനെ വർണ്ണിച്ചിരിക്കുന്നത്‌. നദിക്കരയിലുള്ള ക്ഷേത്രവും ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലവും പിന്നീട്‌ തൃപ്രയാർ എന്ന് അറിയപ്പെടാൻ തുടങ്ങി.
48 കിലോമീറ്ററാണ്‌ കരുവന്നൂർപുഴയുടെ നീളം. എന്നാൽ പോഷക നദികൾ അടക്കം പുഴയൊഴുകുന്ന ആകെ ദൂരം 64 കിലോമീറ്ററാണ്‌. പടിഞ്ഞാറോട്ടൊഴുകുന്ന നദി പതനത്തിന്‌ മുൻപായി രണ്ടായി പിരിഞ്ഞ്‌ ; ഒന്ന്‌ ആദ്യം ഏനാമാക്കൽ കായലിലും പിന്നീട്‌ ചേറ്റുവ കായലിലും പതിച്ച്‌ അറബിക്കടലിൽ ചേരുന്നു. ഏനാമാക്കൽ കായലിൽ ചേരുന്ന പുഴക്കൽപുഴയുമായി ചേർന്നാണ്‌ കരുവന്നൂർ പുഴ ചേറ്റുവ കായൽ വരെ ഒഴുകുന്നത്‌. രണ്ടാമത്തെ കൈവഴി കൊടുങ്ങല്ലൂരിന്‌ സമീപത്ത്‌ വച്ച്‌ പെരിയാറിൽ പതിച്ച്‌ അറബിക്കടലിൽ ചേരുന്നു. കേരളത്തിലെ 44 നദികളിൽപെട്ട ചാലക്കുടിപുഴയും പെരിയാറിലാണ്‌ പതിക്കുന്നത്‌. തൃശൂരിന്റെ കാർഷിക മുഖങ്ങളായ കോൾ പാടങ്ങളുടെ ജലസ്രോതസ്സ്‌ കൂടിയാണ്‌ ഈ പുഴകൾ.
കോരപ്പുഴയേയും കല്ലായി പുഴയേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട്‌ 11.4 കിലോമീറ്റർ ദൂരത്തിൽ 1848 ൽ അന്നത്തെ മലബാർ കളക്ടർ ആയിരുന്ന എച്ച്‌. വി കനോലി നിർമ്മിച്ച കനോലി കനാൽ പിന്നീട്‌ ചേറ്റുവ വരെ നീട്ടി. കോഴിക്കോട്‌, പൊന്നാനി എന്നീ വടക്കൻ വ്യാപാരകേന്ദ്രങ്ങളെ ചാവക്കാട്‌, കൊടുങ്ങല്ലൂർ, കൊച്ചി എന്നീ കേന്ദ്രങ്ങളുമായി ഈ കനാൽ ബന്ധിപ്പിക്കുന്നു. കരുവന്നൂർപുഴ, പുഴക്കൽപുഴ, ഭാരതപ്പുഴ, തിരൂർപുഴ, കടലുണ്ടിപ്പുഴ, ചാലിയാർപുഴ, കല്ലായിപുഴ, കോരപ്പുഴ എന്നീ നദികളെ കനോലി കനാലുമായി ബന്ധിപ്പിച്ചിരിക്കുന്നു. കേച്ചേരിപ്പുഴയുടെ പതനം ചേറ്റുവ കായലിൽ ആയതുകൊണ്ട്‌ കനോലികനാലുമായുള്ള സൃംഘലയിൽ പെടുത്താവുന്നതാണ്‌.
കരുവന്നൂർപുഴയുടെ നദീതട വിസ്തൃതി 1054 ചതുരശ്ര കിലോമീറ്ററാണ്‌. നദീതടങ്ങളിൽ നെല്ല്‌, ചോളം, തെങ്ങ്‌, കവുങ്ങ്‌, ജാതി, മരച്ചീനി എന്നിവയും നാണ്യവിളയായ റബ്ബറും സമൃദ്ധിയായി വളരുന്നു. ഓട്ടു കമ്പനികൾ, തീപ്പെട്ടിക്കമ്പനികൾ, മരത്തടി വ്യവസായം, ഇഷ്ടിക വ്യവസായം, തുണിമില്ല് എന്നിവ കരുവന്നൂർപുഴയുടെ തീരത്തെ പ്രധാന വ്യവസായങ്ങളാണ്‌. നൂൽനൂൽപ്പ്‌, എണ്ണയാട്ട്‌, മൺപാത്ര നിർമ്മാണം, മൽസ്യബന്ധനം, മുളകൊണ്ടുള്ള വിവിധ വസ്തുക്കൾ ഉണ്ടാക്കൽ എന്നിവയ്ക്കും കരുവന്നൂർപുഴയോരം പ്രസിദ്ധമാണ്‌. പീച്ചി അണക്കെട്ടും ചിമ്മിനി അണക്കെട്ടുമാണ്‌ പ്രധാന അണക്കെട്ടുകൾ. 1958 ൽ പൂർത്തീകരിച്ച പീച്ചി ജലസേചന പദ്ധതിയും പീച്ചി- വാഴാനി വന്യമൃഗസങ്കേതവും ഇതിനനുബന്ധം തന്നെ. ഒന്നാം പഞ്ചവൽസര പദ്ധതിയിൽ ആരംഭിച്ച പീച്ചി അണക്കെട്ടുകൊണ്ട്‌ 20000 ഹെക്ടർ ഭൂമി ജലസേചന യോഗ്യമായിരിക്കുന്നു. ചിമ്മിനി അണക്കെട്ട്‌ ജില്ലയിലെ 13000 ഹെക്‌ടർ കോൾപാടങ്ങളിലേക്ക്‌ ജലസേചനം നടത്തുന്നു. തൃശൂർ, ഒല്ലൂർ, പുതുക്കാട്‌, ആമ്പല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചാവക്കാട്‌, ചേറ്റുവ എന്നിവയാണ്‌ കരുവന്നൂർപുഴയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രധാന വ്യവസായ കേന്ദ്രങ്ങൾ.














ഭാഗം 2
"ഒരു നാടിന്റെ ചരിത്രം അവിടെ ആദ്യമായി അധിവാസമുറപ്പിച്ച മനുഷ്യവർഗ്ഗത്തിൽ നിന്ന് ആരംഭിക്കുന്നു. ചരിത്രം ജനിച്ചതിനു ശേഷവും വളരെക്കാലം കഴിഞ്ഞിട്ടാണ്‌ എഴുതപ്പെട്ട ചരിത്രം വരുന്നത്‌. ആകയാൽ, ചരിത്രാതീത കാലത്തിന്റെ അന്ധകാരത്തിൽ വെളിച്ചം പകരുന്ന ഉപാധികളാണ്‌ പുരാവസ്തുക്കളും സ്ഥലനാമങ്ങളും."
- വി വി കെ വാലത്ത്‌
ഐതിഹ്യത്തിൽ നിന്ന് ചരിത്രത്തിലേക്ക്‌
----------------------------------------------------------------
പ്രാചീനകേരളത്തിലെ 64 ഗ്രാമങ്ങളിൽ (32 എണ്ണം തുളുനാട്ടിൽ) പ്രധാന സ്ഥാനമുണ്ടായിരുന്ന ഒന്നായിരുന്നു പെരുവനം ഗ്രാമം. പേരുപോലെത്തന്നെ വന നിബിഡമായ പ്രദേശത്തിനുള്ളിലായിരുന്നു ഗ്രാമക്ഷേത്രമായ പെരുവനം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്‌. നൂറ്റാണ്ടുകൾ പഴക്കമുള്ള, പടർന്നുപന്തലിച്ച വൻ വൃക്ഷങ്ങൾ ഇന്നും ഇവിടെ നമുക്ക് കാണാം. പുരുമഹര്‍ഷി തപസ്സു ചെയ്തിരുന്ന സ്ഥലമാണ് പുരുവനം അഥവാ പെരുവനം എന്നാണ് ഐതിഹ്യം. പുരുമഹർഷി തപസ്സിരുന്ന സമയത്ത് സപ്തര്‍ഷികൾ പുഷ്പവൃഷ്ടി നടത്തിയപ്പോൾ പൂ ചിന്നിയ പ്രദേശങ്ങളാണത്രെ ഇപ്പോഴുള്ള പൂച്ചിന്നിപ്പാടം എന്ന് മറ്റൊരു ഐതിഹ്യമുണ്ട്. പെരുവനം ക്ഷേത്രത്തിൽ പുരുമഹർഷിയുടെ പ്രതിഷ്ഠയും കാണാം. മിക്കഭാഗവും പെരിയ വനമായിരുന്നതിനാലാണ് പെരുവനം എന്ന നാമത്തിന് പ്രചാരം കിട്ടിയതെന്ന് കരുതുന്നതാണ് യുക്തിസഹം. കേരളോൽപത്തി പോലുള്ള പുരാരേഖകളിൽ ചിലതിൽ പെരുമനം എന്നാണ്‌ എഴുതിയിരിക്കുന്നത്‌. അതിപ്രാചീനകാലത്ത് വടക്ക്‌ അകമല ശാസ്താ ക്ഷേത്രവും തെക്ക്‌ കൊടുങ്ങല്ലൂര്‍ ഊഴത്ത് ശാസ്താക്ഷേത്രവും കിഴക്ക്‌ കുതിരാൻ ശാസ്താക്ഷേത്രവും പടിഞ്ഞാറ്‌ എടത്തിരുത്തി ശാസ്താക്ഷേത്രവും അതിരുകളായിരുന്ന പെരുവനം തന്നെയായിരുന്നു വിസ്തൃതിയിൽ ഏറ്റവും വലിയ ഗ്രാമം എന്ന്‌ ചരിത്ര പുസ്തകങ്ങൾ പറയുന്നു. അന്നീ ഗ്രാമത്തില്‍ 42 ദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവത്രെ. ഗ്രാമത്തിനകത്ത് 21 ചേരിക്കലുകളിലായി നാലുലക്ഷം പറ നെല്ല് പാട്ടം പിരിഞ്ഞിരുന്ന നിലങ്ങള്‍ ഈ ക്ഷേത്രം വകയായുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂസ്വത്തുണ്ടായിരുന്നതും വനഭൂമി ഉണ്ടായിരുന്നതും പെരുവനം ക്ഷേത്രത്തിനായിരുന്നു. 32 ഗ്രാമങ്ങളിൽ ഉൾപ്പെട്ടിരുന്ന തൃശ്ശിവപേരൂർ (തൃശൂർ), ഇരിങ്ങാട്ടികൂടൽ (ഇരിങ്ങാലക്കുട), ആവിട്ടിപ്പുത്തൂർ (അവിട്ടത്തൂർ) എന്നിവ പെരുവനം ഗ്രാമത്തിന്റെ ഉപഗ്രാമങ്ങളായിരുന്നു. പെരുവനം ക്ഷേത്രസങ്കേതത്തിന്‌ ഈ ഗ്രാമങ്ങൾക്കുമേൽ പല അധികാരങ്ങളും ഉണ്ടായിരുന്നു എന്നതാണിതിന്‌ കാരണം. മണിപ്രവാളത്തിൽ പെരുവനം ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശ്ശങ്ങളുണ്ട്‌. ചന്ദ്രോത്സവം നടന്നിരുന്നത്‌ തൃശൂരിനടുത്തുള്ള ചിറ്റിലപ്പിള്ളി എന്ന സ്ഥലത്തായിരുന്നെന്നും അതിൽ പെരുവനത്തെ നമ്പൂതിരിമാർ പങ്കെടുത്തിരുന്നു എന്നും കാണാം. ദേവദാസികളുടെ ആഘോഷമായിരുന്നു ചന്ദ്രോത്സവം. അതിന്റെ വിശദാംശങ്ങളിലേക്ക്‌ ഈ അവസരത്തിൽ കടക്കുന്നില്ല. പെരുവനത്തിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഊരകം ഒരു കാലത്ത് നാഗരികാഭിവൃദ്ധിയുടെ കേന്ദ്രമായിരുന്നു. ഊരകം എന്നാൽ ഗ്രാമഹൃദയം എന്നാണർത്ഥം. സമീപത്തുള്ള പെരുവനം, ചേര്‍പ്പ് എന്നീ ഊരുകളേക്കാള്‍ പഴമയും പാരമ്പര്യവും ഇതിനുണ്ടായിരുന്നു എന്നാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. ഇവിടുത്തെ ഭഗവതിക്ഷേത്രം അതിപുരാതനമാണ്. ഉദ്ദണ്ഡശാസ്ത്രികളുടെ കോകിലസന്ദേശത്തിലും വെണ്മണി കൃതിയിലും ഈ ക്ഷേത്രം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മഴമംഗലം നമ്പൂതിരിയുടെ ഭാഷാ നൈഷധം ചമ്പുവിലെ 'അൻപത്തൊന്നക്ഷരാളീ' എന്നു തുടങ്ങുന്ന ആദ്യ ശ്ലോകം ഇവിടുത്തെ ഭഗവതിയെക്കുറിച്ചാണ്‌. "ഒരുവരുണ്ടേ ഭഗവതിമാർ ഒരുവരിലുമഴകിയതോ, അഴകിയതോ ഞാനറിവേൻ ഊരകത്തെ ഭഗവതിപോൽ" എന്ന് മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രത്തിൽ കാണാം. പണ്ട്‌ ഇതൊരു ദേവാലയം മാത്രമല്ല, വഴിയാത്രക്കാരുടെ വിശ്രമകേന്ദ്രവും സമ്മേളനസ്ഥലവും കൂടിയായിരുന്നു എന്നതിന് തെളിവുകളുണ്ട്. കൊച്ചി രാജ്യത്ത്‌ റയിൽവേ വന്നപ്പോൾ രാജാവ്‌ ഊരകം ക്ഷേത്രത്തിലെ ആറ്‌ സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ സംഭാവനയായി നൽകി. ബാക്കിയുള്ള ഒരു സ്വർണ്ണ നെറ്റിപ്പട്ടം ഊരകത്തിന്റെ എഴുന്നള്ളിപ്പിന്‌ ഇന്നും ഉപയോഗിക്കുന്നു. ഊരകം ക്ഷേത്രത്തിൽ നിന്നും ലഭിച്ചിട്ടുള്ള ശിലാ ശാസനങ്ങൾ പ്രാചീന തമിഴിന്റെയും പ്രാചീന മലയാളത്തിന്റെയും ഉള്ളറകളിലേക്കുള്ള കവാടങ്ങളാണ്‌. 'വലയാലമാദിക്കും' എന്ന്‌ തുടങ്ങുന്ന 108 ദുർഗാലയങ്ങളെ കുറിച്ചുള്ള ശ്ലോകത്തിൽ പരാമർശിക്കുന്ന വലയാലം ഊരകം ക്ഷേത്രമാണ്‌. വലയന്നൂർ ഭട്ടതിരി ഉപാസിച്ചിരുന്നതിനാൽ വലയാധീശ്വരി എന്നു കൂടി ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠയായ ദേവി അറിയപ്പെടുന്നു. പൂമുള്ളിമനക്കാർ ഊരാളന്മാരായുള്ള, രാജാവിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ഊരകം ക്ഷേത്രത്തിന്റെയും പ്രബലരായ അഞ്ചു മനകൾ ചേർന്ന് ഭരിച്ചിരുന്ന ചേർപ്പ്‌ ഭഗവതി ക്ഷേത്രത്തിന്റെയും വാശിയുടെയും മത്സരത്തിന്റെയും പഴങ്കഥകൾ ഈ നാട്ടിലെ ഓരോ മണ്‍തരിക്കും പറയാനുണ്ട്‌. ചിറ്റൂർ മനയും കുറുവട്ടവണാവ്‌ മനയും തമ്മിലായിരുന്നു പ്രധാന മത്സരം. കുറുവട്ടവണാവ്‌ ഊരത്തുകാരുടെ പക്ഷക്കാരനാണ്‌. ചേർപ്പ്‌ ഭഗവതി ക്ഷേത്രത്തിന്റെ ഊരാളന്മാരിലൊരാളാണ്‌ ചിറ്റൂർ നമ്പൂതിരി.
മനുഷ്യർക്കിടയിലെ ഈ വാശിയും മത്സരവും ഐതിഹ്യങ്ങളിലും ആചാരങ്ങളിലും ദൈവങ്ങൾക്കിടയിലേക്കും കടന്നു വരുന്നുണ്ട്. കിടമത്സരം മൂലം ഊരകത്തുകാർ ചേർപ്പുകാരെ മന്ദാരക്കടവിൽ ആറാട്ട്‌ നടത്താൻ സമ്മതിക്കാത്ത സ്ഥിതിവിശേഷമുണ്ടായിരുന്നു. പ്രതാപം കൊണ്ടും കായിക ബലം കൊണ്ടും ഊരകത്തുകാരായിരുന്നു മുന്നിൽ. ആറാട്ട്‌ നടത്താൻ സാധിക്കാത്തതിനാൽ ചേർപ്പുകാർ തങ്ങളുടെ ഭഗവതിയുടെ ആറാട്ട്‌ കുറച്ചപ്പുറത്തുള്ള ശാസ്താംകടവിലേക്ക്‌ മാറ്റി. ഈ അടുത്തകാലത്താണ്‌ ചേർപ്പ്‌ വീണ്ടും മന്ദാരം കടവിലെ ആറാട്ട്‌ പുനരാരംഭിച്ചത്‌. എന്നാൽ ചേർപ്പ്‌കാരുടെ മിഥ്യാഭിമാനം മൂലം ഒരുമിച്ചുള്ള ആറാട്ടിൽ നിന്ന് അവർ വിട്ടുപോയി ശാസ്താംകടവിൽ ആറാട്ട്‌ തുടങ്ങിയതാണെന്നാണ്‌ ഊരകംകാരുടെ പക്ഷം. ഊരകത്തമ്മയുടെ കോലത്തിനു മുകളിൽ വയ്ക്കുന്ന സ്വർണ്ണ മകുടം ഒരിക്കൽ പെരുവനത്തെ തെക്കേഗോപുരത്തിനു മുകളിൽ ഒളിച്ചിരുന്ന ഒരു കള്ളൻ കട്ടുകൊണ്ടു പോയി. കട്ടത്‌ ചേർപ്പിന്റെ ഊരാളന്മാരുടെ ആജ്ഞാനുവർത്തികളാണെന്നാണ്‌ ഊരകത്തുകാർ പറയുന്നത്‌. എന്നാൽ ഊരകത്തുകാരുടെ അഹങ്കാരത്തിനുള്ള പ്രതിഫലമായി മാടത്തിലപ്പൻ കൊടുത്ത ശിക്ഷയാണത്‌ എന്നാണ്‌ ചേർപ്പിൽ പറഞ്ഞുകേൾക്കുന്ന കഥ. അതുവരെ തെക്കേഗോപുരം കടന്ന് പെരുവനം പൂരത്തിന്‌ വന്നിരുന്ന ഊരകം ഈ സംഭവത്തോടെ യാത്രയുടെ ഗതി കിഴക്കേ നടവഴിയിലൂടെയാക്കി മാറ്റിയത്രേ. ഇതൊക്കെ ഇരുനൂറിൽപരം വർഷങ്ങൾക്ക്‌ മുൻപ്‌ നടന്ന കാര്യങ്ങളാണ്‌. ഊരകം ക്ഷേത്രത്തിലെ ഗ്രന്ഥവരി ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തന്നെ കത്തിച്ചു കളഞ്ഞതായാണ്‌ അറിവ്‌. പല ചരിത്ര സത്യങ്ങളും വെണ്ണീറായ്‌ തീരേണ്ടത്‌ അവരുടെ ആവശ്യമായിരുന്നിരിക്കണം. പെരുവനം കഴിഞ്ഞാൽ ഗ്രാമത്തിലെ ഏറ്റവും പ്രതാപമുള്ള രണ്ടാമത്തെ ക്ഷേത്രമായിരുന്നു തൃപ്രയാർ. തൃപ്രയാറിലെ ശ്രീരാമക്ഷേത്രത്തിൽ നിന്ന് രണ്ട്‌ വട്ടെഴുത്ത്‌ ശാസനങ്ങൾ കിട്ടുകയുണ്ടായി. ഒരെണ്ണത്തിലെ ലിപികൾ മുക്കാലും അവ്യക്തമായിപോയി. ദുർഗ്രാഹ്യമായ രണ്ടാമത്തെ ഫലകത്തിൽ വായിക്കാൻ കഴിഞ്ഞ വാക്കുകളിൽ ചരിത്ര പ്രസിദ്ധമായ മൂഴിക്കുളം കച്ചത്തെ (ക്ഷേത്ര സ്വത്തുക്കളുടെ ശരിയായ ഭരണനിർവ്വഹണത്തിനു വേണ്ടി ഏർപ്പെടുത്തിയിരുന്ന നിയമം) പറ്റി പരാമർശമുണ്ട്‌. അക്ഷരങ്ങൾ പലതും മാഞ്ഞു പോയതിനാൽ പെരുവനം ക്ഷേത്രത്തിൽ നിന്നു ലഭിച്ച ശിലാശാസനങ്ങൾ മുഴുവനായി വായിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. പെരുവനത്തിനു സമീപമുള്ള തൈക്കാട്ടുശേരി ഒരു വൈദ്യഗ്രാമമാണ്‌. പ്രസിദ്ധ അഷ്ടവൈദ്യ കുടുംബമായ ഇളയിടത്തു തൈക്കാട്ട്‌ ഇല്ലക്കാരുടെ ഊരായ്‌മയിലുള്ള ഇവിടുത്തെ ക്ഷേത്രവും ഭഗവതിയും വൈദ്യവുമായി ബന്ധപ്പെട്ടതാണെന്നാണ്‌ ഐതിഹ്യം.
പരശുരാമനാൽ പ്രതിഷ്ഠ നടത്തപ്പെട്ടതായി പറയപ്പെടുന്ന 108 ശിവക്ഷേത്രങ്ങൾ കേരളത്തിലുണ്ട്‌. അവയിൽ പെടുന്നതാണ്‌ പെരുവനം ശിവക്ഷേത്രം. ക്ഷേത്രത്തിന്റെ പഴക്കം കൃത്യമായി നിർണ്ണയിക്കാൻ ഇതുവരെ ഒരു ചരിത്രകാരനും സാധിച്ചിട്ടില്ല. എ ഡി 9 ആം നൂറ്റാണ്ടിൽ ഈ ക്ഷേത്രം നിലനിന്നിരുന്നു എന്നാണ്‌ പുസ്തകങ്ങളിൽ കാണുന്നത്‌. അതിനും അപ്പുറത്തേക്കുള്ള ചരിത്രം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ശ്രീപാർവ്വതി, ദക്ഷിണാമൂർത്തി, ഗണപതി, പൂരുമഹർഷി, മഹാഗണപതി, രക്തേശ്വരി, മണികണ്‌ഠൻ എന്നീ പ്രതിഷ്ഠകളും ചുറ്റമ്പലത്തിനുള്ളിലുണ്ട്‌. ചുറ്റമ്പലത്തിന്‌ പുറത്തായി ഗോശാലകൃഷ്ണന്റെ പ്രതിഷ്ഠയും കാണാം. ആലിനെ വൃക്ഷരാജനായി ഇവിടെ ആരാധിക്കുന്നു. പെരുവനം ക്ഷേത്രത്തിലെ പ്രധാന ദേവനായ ശിവന്‌ രണ്ട്‌ പ്രതിഷ്ഠകളാണുള്ളത്‌. അവ ഇരട്ടയപ്പൻ എന്നും മാടത്തിലപ്പൻ എന്നും അറിയപ്പെടുന്നു. വലിയ ശിവലിംഗവും തൊട്ടടുത്ത്‌ ചെറിയ ശിവലിംഗവും ചേർന്ന വിഗ്രഹമായതിനാലാണ്‌ ഇരട്ടയപ്പൻ എന്ന പേരുവന്നത്‌. പേരുപോലെ തന്നെ മാടത്തിലപ്പൻ വളരെ ഉയരത്തിൽ പണിത ശ്രീകോവിലിലാണിരിക്കുന്നത്‌. 120 അടിയാണ്‌ മാടത്തിലപ്പന്റെ ശ്രീകോവിലിന്റെ ഉയരം. 3 നിലകളിലായിട്ടാണ്‌ ഇത്‌ നിർമ്മിച്ചിട്ടുള്ളത്‌. ആദ്യത്തെ 2 നിലകളും ഓടുമേഞ്ഞതും ചതുരാകൃതിയുമാണ്‌. മൂന്നാമത്തെ നില അഷ്ടതൃകോണാകൃതിയിൽ അറ്റം കൂർത്ത്‌ ചെമ്പുമേഞ്ഞതാണ്‌. നിലത്ത്‌ നിന്ന് 30 അടി ഉയരത്തിലാണ്‌ പ്രതിഷ്ഠ. ഈ ശ്രീകോവിലിലേക്ക്‌ താഴെ നിന്നും ഇരുവശങ്ങളിലായി 9 പടി വീതവും അവയോജിക്കുന്നിടത്തുനിന്നും നേരെ മുകളിലേക്ക്‌ 18 പടികളുമുണ്ട്‌. മുകളിലത്തെ നിലയുടെ 3 വശങ്ങളിലായി ഭിത്തിയിൽ ഇരിക്കുന്ന വിഷ്ണു, ശിവൻ, ബ്രഹ്മാവ്‌ എന്നീ ദേവന്മാരുടെ ശിൽപങ്ങൾ യഥാക്രമം കാണാം. കൈലാസത്തിൽ നിന്ന് ലഭിച്ച ശിവലിംഗവുമായി ഇതിലേ വന്ന പൂരുമഹർഷി തനിക്ക്‌ തപസ്സുചെയ്യാനായി അനുയോജ്യമായ സ്ഥലമായതിനാൽ ശിവലിംഗം അവിടെയുള്ള ആലിന്റെ കൊമ്പത്ത്‌ വച്ച്‌ സ്നാനം ചെയ്യാനായി കിഴക്കു ഭാഗത്ത്‌ ഇന്ന് കാണുന്ന തൊടുകുളത്തിലേക്ക്‌ പോയി എന്നും തിരിച്ചുവന്ന് ശിവലിംഗം എടുക്കാൻ ശ്രമിച്ചപ്പോൾ അതവിടെ ഉറച്ചുപോയതായി കാണുകയും ചെയ്തു എന്നുമാണ്‌ ഐതിഹ്യം. കേരളത്തിലെ ഏറ്റവും വലിയ ശ്രീകോവിലുള്ള ക്ഷേത്രമായ പെരുവനം ക്ഷേത്രം നിർമിച്ചത്‌ ദേവന്മരാണെന്നാണ്‌ വിശ്വാസം. ക്ഷേത്ര നിർമ്മണത്തിനു ശേഷം ബാക്കിയായ മണ്ണ്‌ തട്ടിയ സ്ഥലമാണത്രെ അയ്യുന്ന്‌ അഥവ അയ്‌കുന്ന്‌. അയ്യുന്ന്‌ ഇന്ന്‌ പാറളം പഞ്ചായത്തിലാണ്‌. അഞ്ച്‌ കുന്നുകൾ നിരന്നു നിൽക്കുന്ന ഇവിടം മനോഹരമായ കാഴ്ചയാണ്‌. അതിൽ ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന അയ്യുന്ന്‌ പാണ്‌ഡവഗിരി ദേവീക്ഷേത്രം പെരുവനം-ആറാട്ടുപുഴ പൂരത്തിലെ ഘടക ക്ഷേത്രമാണ്‌. ഇവിടെ‌ നിന്നു നോക്കിയാൽ തൃശ്ശൂർ പട്ടണം മുഴുവൻ കാണാം. സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ ദേശീയ പ്രസ്ഥന നേതാക്കളുടേയും സ്വാതന്ത്ര്യാനന്തരം നടന്ന കാർഷിക സമരങ്ങളിലും അടിയന്താരവസ്ഥകാലത്തും കമ്യൂണിസ്റ്റ്‌ നേതാക്കളുടേയും ഒളിത്താവളമായിരുന്നു അയ്യുന്ന്‌ താഴ്‌വരകൾ.
ഇന്നത്തെ തൃശ്ശൂർ ജില്ല ഏതാണ്ട്‌ മുഴുവനായി പെരുവനം ഗ്രാമത്തിൽ ഉൾപ്പെട്ടിരുന്നു. ആധുനിക കേരളത്തിൽ പെരുവനം എന്ന പേര്‌ ക്ഷേത്രത്തിനു മാത്രമായി ഒതുങ്ങിയപ്പോൾ ഗ്രാമകേന്ദ്രമായിരുന്ന ചേർപ്പ്‌ എന്ന സ്ഥലനാമത്തിന്‌ പ്രാധാന്യം ലഭിച്ചു. പെരുവനം ഗ്രാമത്തിന്റെ കാതലായിരുന്ന പ്രദേശങ്ങൾ ഇന്നത്തെ ചേർപ്പ്‌, വല്ലച്ചിറ പഞ്ചായത്തുകളിൽ ഉൾപ്പെടുന്നു. പെരുവനത്തിന്റെ ചരിത്രം പറയുമ്പോൾ പൂരത്തെ കുറിച്ച്‌ പറയാതിരിക്കാൻ സാധിക്കില്ല. പല പ്രമുഖ പൂരങ്ങളുടേയും ഉത്ഭവസ്ഥാനമാണ്‌ പെരുവനം എന്നത്‌ വസ്തുതയാണ്‌. അത്‌ വഴിയെ പരിശോധിക്കാം. ഒരു മേളകലാഗ്രാമം കൂടിയാണ്‌ പെരുവനം. അനേകം മേള ചക്രവർത്തിമാരുടെ പ്രതാപങ്ങൾ പറയാനുള്ള ഗ്രാമത്തിൽ ഇന്നും അനേകം അനുഗ്രഹീത കലാകാരന്മാരുണ്ട്‌. പഞ്ചാരി മേളത്തിന്റെ ഈറ്റില്ലം എന്ന്‌ പെരുവനത്തെ വിശേഷിപ്പിക്കുന്നു. പഞ്ചാരിമേളത്തിന്റെ ഉത്ഭവം പെരുവനം ക്ഷേത്ര നടവഴിയിൽ ആയിരുന്നു എന്നതാണിതിനു കാരണം. 500 വർഷങ്ങൾക്ക്‌ മുൻപ്‌ മഴമംഗലം നമ്പൂതിരിയും പണ്ടാരത്തിൽ രാമൻ മാരാരും ചേർന്ന്‌ പെരുവനം പൂരത്തിൽ ഊരകത്തിന്റെ എഴുന്നള്ളിപ്പിന്‌ കൊട്ടാൻ വേണ്ടി ചിട്ടപ്പെടുത്തിയതാണ്‌ ഇന്ന്‌ കാണുന്ന പഞ്ചാരി മേളം. മേളങ്ങൾക്ക്‌ മാത്രമല്ല പെരുവനം ജന്മം നൽകിയിട്ടുള്ളത്‌. കേരളത്തിന്റെ മുഖമുദ്രയായി മാറിയ നെറ്റിപട്ടം ആദ്യമായി നിർമ്മിച്ചതും ഉപയോഗിച്ചതും പെരുവനം പൂരത്തിലായിരുന്നു. 140 വർഷങ്ങൾക്ക്‌ മുൻപ്‌ കിരങ്ങാട്ട്‌ മനയിലെ ശങ്കരൻ നമ്പൂതിരിപ്പാട്‌ സ്വന്തം ക്ഷേത്രമായ ചേർപ്പിന്റെ എഴുന്നള്ളിപ്പിൽ നെറ്റിപട്ടങ്ങൾ ഉപയോഗിച്ചപ്പോൾ അന്നതൊരു വിസ്മയമായിരുന്നു. ശങ്കരൻ നമ്പൂതിരിപ്പാട്‌ രൂപകൽപ്പന ചെയ്ത ചൂരൽപൊളി, നാഗപടം, വണ്ടോട്‌ എന്നിങ്ങനെയുള്ള നെറ്റിപ്പട്ടങ്ങളാണ്‌ ഇന്ന് ഉത്സവങ്ങൾക്ക്‌ ഉപയോഗിക്കുന്നത്‌. കൂടാതെ ആലവട്ടം, വെൺചാമരം, മണിക്കൂട്ടം മുതലായ ആനച്ചമയങ്ങളും നൂതനമായി ആവിഷ്‌കരിച്ചു. തുടർന്നാണ്‌ ചമയങ്ങൾക്ക്‌ കണക്കും കൃത്യതയുമുണ്ടായത്‌. അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങൾക്കപ്പുറം ഒരു മാറ്റവും വന്നിട്ടില്ലെന്ന് പഴമക്കാർ പറയുന്നു.









ഭാഗം 3
കടപ്പാട് : ഹരി N G
"ഒരു ജനതയുടെ കൂട്ടായ്‌മയിലാണ്‌ സംസ്‌കാരം കുടികൊള്ളുന്നത്‌. സംസ്‌കാരം ത്രികാലസംബന്ധിയാണ്‌. ഭൂതഭാവിവർത്തമാനങ്ങളുടെ പൈതൃകം സംസ്‌കൃതിയുടെ നാരായവേരാണ്‌. ചരിത്രത്തിന്‌ എക്കാലത്തേതുമായ സംസ്‌കാരമുള്ളതുപോലെ സംസ്‌കാരത്തിനും ഒരു ചരിത്രമുണ്ട്‌."
- എസ്‌ കെ വസന്തൻ


പൂരത്തിന്റെ ചരിത്രം
--------------------------------
കേരളത്തിലെ ആനയെഴുന്നള്ളിപ്പോട്‌ കൂടിയ പൂരങ്ങളുടെ ഉത്ഭവം പെരുവനത്തുനിന്നുമാണ്‌. ഇന്ന് നിലനിൽക്കുന്ന ഏറ്റവും പഴക്കമേറിയ പൂരാഘോഷവും ഇവിടുത്തേത്‌ തന്നെ. ബ്രാഹ്മണാധിപത്യത്തിനും മുൻപ്‌ നിലനിന്നിരുന്ന ബുദ്ധമതക്കാർ ആരംഭിച്ചതാണ്‌ ആനയെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങളും രഥോത്സവങ്ങളും എന്ന് ഡോ കെ സുഗതൻ അഭിപ്രായപ്പെടുന്നു. മാമാങ്കവും ബുദ്ധമതക്കാലത്ത്‌ തുടങ്ങിയതാണെന്നും അദ്ദേഹം വിലയിരുത്തുന്നു. ഏത്‌ സംസ്കാരം തുടങ്ങിവച്ചതാണെങ്കിലും ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന ഉത്സവമാണ്‌ പെരുവനം-ആറാട്ടുപുഴ പൂരം എന്നതിൽ സംശയമില്ല.
ബി സി 1000 മുതൽ എ ഡി 500 വരെ നിലനിന്നിരുന്ന ഇരുമ്പ്‌ യുഗത്തിന്റെ അവസാന കാലഘട്ടത്തിലാണ്‌ സംഘസാഹിത്യമെന്ന് പൊതുവെ അറിയപ്പെടുന്ന പഴംതമിഴ്‌ പാട്ടുകൾ ഉണ്ടാകുന്നത്‌. പെരിയാർ നദിയിൽ നിന്നും രണ്ട്‌ കിലോമീറ്റർ അകലെയാണ്‌ കേരളപുത്രന്റെ രാജധാനി എന്ന് അക്കാലത്തെ കൃതികളിൽ കാണാം. ചേരരാജാവ്‌ ചെങ്കുട്ടവനെ പറ്റി ചിലപ്പതികാരത്തിൽ പരാമർശ്ശിക്കുന്നുണ്ട്‌. രാജ്യ ഭരണത്തെ പറ്റി വ്യക്തമായി അറിയപ്പെടുന്ന ചരിത്രം ആരംഭിക്കുന്നത്‌ എ ഡി 800 മുതലുള്ള പെരുമാൾ ഭരണകൂടത്തോടെയാണ്‌. എന്നാൽ അതിനു മുൻപും രാജഭരണം കേരളത്തിൽ നിലനിന്നിരുന്നു എന്നതിന്‌ തെളിവാണ്‌ സംഘകാല കൃതികൾ. ആധികാരിക ചരിത്ര ഗ്രന്ഥമല്ലെങ്കിലും ഇരുളടഞ്ഞ ഈ കാലഘട്ടത്തിന്റെ ഒരു ഏകദേശ ചിത്രം ലഭിക്കാൻ കേരളോൽപ്പത്തിയെ ആശ്രയിക്കാം. കേരളോൽപ്പത്തി പ്രകാരം ബ്രാഹ്മണർ പരദേശത്തുനിന്ന് 18 രാജാക്കന്മാരെ വീതം ഓരോ 12 കൊല്ലക്കാലത്തേയ്ക്ക്‌ കേരളം ഭരിക്കാനായി കൊണ്ടുവന്നിരുന്നു. ഈ രാജാക്കന്മാരെയെല്ലാം പെരുമാൾ എന്നാണ്‌ വിളിച്ചിരുന്നത്‌. ഇതിനായി അവർ യോഗം കൂടിയിരുന്നത്‌ തിരുനാവായ മണപ്പുറത്തായിരുന്നു. ഇങ്ങനെ രാജാവിനെ തിരഞ്ഞെടുക്കാനായി നടന്നു വന്നിരുന്ന ഗ്രാമാധിപന്മാരുടെ ഒത്തുചേരൽ കേവലം ഒരു യോഗത്തിനുപരി അതൊരുത്സവമാക്കി മാറ്റാനായി തീരുമാനിച്ചു. 12 വർഷം തികയുമ്പോൾ കൂടുന്ന യോഗത്തോടൊപ്പം 28 ദിവസം നീണ്ടുനിൽക്കുന്ന മഹാമക വേല (മാമാങ്കം) എന്ന പേരിൽ ഉത്സവം വേണമെന്ന് നിശ്ചയിച്ചു. മാഘമാസത്തിൽ നടക്കുന്ന ഉത്സവമായ മഹാമാഘം ആണ്‌ മഹാമകവും മാമാങ്കവുമായി മാറിയതെന്ന് പറയപ്പെടുന്നു. ഈ മഹാമക വേലയുടെ ആരംഭവുമായുണ്ടായ തർക്കങ്ങൾ നിമിത്തമോ സ്വന്തം നാട്ടിൽ അതുപോലൊരു വിപുലമായ ഉത്സവം വേണമെന്ന ആഗ്രഹം കാരണമോ മദ്ധ്യകേരളത്തിലെ നാടുവാഴിമാർ യോഗം ചേർന്ന് പെരുവനം നാടുവാഴിയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ്‌ പെരുവനം ഉത്സവം എന്ന നിഗമനത്തിലേക്കാണ്‌ കാലഗണനയും ചരിത്ര പശ്ചാതലങ്ങളും എന്നെ കൊണ്ടെത്തിക്കുന്നത്‌. രാജാവിനെ തിരഞ്ഞെടുക്കലുമായുള്ള ആർഭാടങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു ഇവിടെ ഉത്സവാവിഷ്‌കാരം. അതിനാൽ തന്നെ ഉത്സവം രാഷ്ട്രീയമാനങ്ങൾ കൈക്കൊണ്ടപ്പൊഴും അധികാരവടംവലികൾ നടന്നപ്പോഴും അതിനതീതമായും ഉത്സവം നടന്നുകൊണ്ടിരുന്നു. ഇടയ്ക്ക്‌ നിർത്തിവയ്ക്കപ്പെട്ടെങ്കിലും നൂറ്റാണ്ടുകൾക്ക്‌ ശേഷവും പുനരാരംഭിക്കാൻ സാധിച്ചു. പിന്നേയും അധികാരവടംവലികൾ തുടർന്നെങ്കിലും പൂരം പിന്നേയും തുടർന്നു. ഇന്നും തുടരുന്നു. ഇരുമ്പ്‌ യുഗം അവസാനിച്ചതിനു ശേഷം അധികം വൈകാതെയാണ്‌ പെരുവനം പൂരത്തിന്റെ പുനരാരംഭം എന്ന് കരുതാം.
പെരുവനം ഗ്രാമത്തിനെ ഭൂമിയിലെ ദേവലോകം എന്നുതന്നെ വിശേഷിപ്പിക്കാം. അത്രക്കധികം ക്ഷേത്രങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്‌. ഓരോ ദേശത്തുമുള്ള പ്രധാന ക്ഷേത്രങ്ങളിലെ ദേവീദേവന്മാർ എല്ലാ വർഷവും ഗ്രാമക്ഷേത്രമായ പെരുവനത്ത്‌ ഒത്തുകൂടിയിരുന്നു. 28 ദിവസം നീണ്ടുനിന്നിരുന്ന, 108 ദേവീദേവന്മാർ പങ്കെടുത്തിരുന്ന ആ ക്ഷേത്രോത്സവം നൂറ്റാണ്ടുകൾക്കു മുൻപ്‌ ഏതോ അജ്ഞാത കാരണത്താൽ മുടങ്ങിപോയി എന്ന്‌ ചരിത്ര രേഖകളിൽ കാണാം. ഇത്‌ വസന്തോത്സവം എന്നും അറിയപ്പെട്ടിരുന്നു. ആ ഉത്സവത്തിൽ ഗ്രാമ രക്ഷകനായ പെരുവനത്തപ്പൻ (ഇരട്ടയപ്പൻ) പുറത്തേക്കെഴുന്നള്ളി ജനങ്ങളുടെ ക്ഷേമ വിവരങ്ങൾ അന്വേഷിക്കുകയും പ്രശ്നങ്ങൾക്ക്‌ പരിഹാരം വിധിക്കുകയും ചെയ്തിരുന്നു. ഉത്സവം മുടങ്ങിയതിന്‌ ശേഷം പിന്നീടൊരിക്കലും പെരുവനത്തപ്പൻ പുറത്തേക്കെഴുന്നള്ളിയിട്ടില്ല. പെരുവനത്തപ്പനെ എഴുന്നള്ളിക്കുവാനുള്ള നിഷ്ഠകൾ കഠിനമായിരുന്നു. പൂരം പുനരാരംഭിച്ചപ്പോൾ പെരുവനത്തപ്പൻ ചെയ്തിരുന്ന ക്ഷേമാന്വേഷണങ്ങളും ഗ്രാമരക്ഷക്കായുള്ള ഗ്രാമബലിയും തൃപ്രയാർ തേവർക്കും ആറാട്ടുപുഴ ശാസ്താവിനും ചാത്തക്കുടം ശാസ്താവിനും തിരുവുള്ളക്കാവ്‌ ശാസ്താവിനുമായി വീതിച്ചു നൽകിയത്രേ. അതിന്നും തുടർന്നു വരുന്നു. ശിവരാത്രി ദിവസം പെരുവനത്തെ മറ്റൊരു പ്രതിഷ്ഠയായ ദക്ഷിണാമൂർത്തിയെ ആനപ്പുറത്തെഴുന്നള്ളിച്ച്‌ ക്ഷേത്രമതിൽകെട്ടിനകത്ത്‌ ശിവരാത്രി വിളക്ക്‌ നടത്തുന്ന പതിവ്‌ ഇപ്പോഴുമുണ്ട്‌. എന്നാൽ ഇരട്ടയപ്പനേയോ മാടത്തിലപ്പനേയോ എഴുന്നള്ളിക്കാറില്ല.
മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാൻ (പെരുവനം ഗ്രാമം എന്ന ലേഖനം) പെരുവനം പൂരത്തെ ഇപ്രകാരം വിവരിച്ചിരിക്കുന്നു. 'പെരുവനത്തു പൂരം എന്നു മുൻ കാലങ്ങളിൽ പേര്‌ സിദ്ധിച്ചിട്ടുള്ള വലിയ വിളക്കിനും ആറാട്ടിനും സങ്കേതത്തിൽ പെട്ടതും പെടാത്തതും കൂടി 108 ദേവന്മാരേയും എഴുന്നള്ളിച്ച്‌ പൂരം കഴിച്ചു വന്നിരുന്നു. ഈ കൂട്ടത്തിൽ വെള്ളാരപ്പള്ളിയിൽ നിന്നും ആവണങ്കോട്‌, മാണിക്യമംഗലം മുതലായ ക്ഷേത്രങ്ങളിൽ നിന്നും തൃശ്ശിവപേരൂര്‌ പാറമേക്കാവ്‌, തിരുവമ്പാടി മുതലായ ക്ഷേത്രങ്ങളിൽ നിന്നും ആറാട്ടിന്ന്‌ ആറാട്ടുപുഴക്ക്‌ പൂരം പുറപ്പെട്ടു പോയിരുന്നു. മേൽപറഞ്ഞ അനവധി ദൈവപരിവാരങ്ങളെ മുമ്പിൽ നടത്തിക്കൊണ്ട്‌ ഊരകം, ചേർപ്പ്‌ എന്നീ ഭഗവതിമാരുടെ നടുവിൽ തൃപ്പരാറ്റപ്പൻ അകമ്പടിയായിട്ടാണ്‌ പെരുവനത്ത്‌ ഇരട്ടയപ്പന്റെ ആറാട്ട്‌ കഴിച്ചുവരുന്നത്‌. എഴുന്നള്ളത്ത്‌ ആറാട്ടിന്നു പുറപ്പെടുന്ന പെരുവനത്തു ക്ഷേത്രത്തിന്റെ നടമുതൽക്ക്‌ ആറാട്ടുപുഴ എത്തുന്നതുവരെയുള്ള ഭൂമി മുഴുവനും ചേർപ്പുകാരുടെ വകയാണ്‌. ആ ഭൂമിയിൽ ഇരട്ടയപ്പന്റെ വാഹനം സഞ്ചരിക്കുന്ന ദിക്കിലെല്ലാം വെള്ളയും കരിമ്പടവും വിരിച്ച്‌ അലങ്കരിക്കുന്ന ചുമതല ചേർപ്പുകാർ നിർവ്വഹിച്ചുവന്നിരുന്നു. 42 ദേവീദേവന്മാരാൽ പരിസേവിതനായിട്ടാണ്‌ പെരുവനത്തു നിന്നുള്ള ഇരട്ടയപ്പന്റെ എഴുന്നള്ളത്ത്‌ ആറാട്ടുപുഴക്ക്‌ പോയിരുന്നത്‌. അന്ന്‌ വൈകുംനേരമാണ്‌ ആറാട്ടുപുഴ പൂരം. ആറാട്ടുപുഴ പൂരത്തിനും പിറ്റേദിവസം മന്ദാരക്കടവിൽ ആറാട്ടിനും 108 ക്ഷേത്രങ്ങൾ പങ്കെടുത്തിരുന്നു. അതിനാലാണ്‌ ആറാട്ടുപുഴ പൂരത്തിന്‌ ദേവമേള എന്ന പേർ സിദ്ധിച്ചത്‌.' ഇപ്രകാരം നടന്നുവന്ന പെരുവനത്തുപൂരം ഒരിടക്കാലത്ത്‌ വച്ച്‌ നിലച്ചു. മുടങ്ങിപ്പോയ ഉത്സവം പിന്നീട്‌ പുനരാരംഭിക്കാൻ കഴിഞ്ഞില്ല. ഏകദേശം ഒരുനൂറ്റാണ്ടിലേറെക്കാലം പൂരം മുടങ്ങിക്കിടന്നതായാണ്‌ നിഗമനം. പൂരം മുടങ്ങാൻ ഉണ്ടായ കാരണങ്ങളായി വായിച്ചും കേട്ടും അറിഞ്ഞത്‌ രണ്ട്‌ കാരണങ്ങളാണ്‌. ഒന്നാമത്തേത്‌ തീർത്തും വിശ്വാസയോഗ്യമല്ലാത്തതിനാൽ ഇവിടെ പ്രസ്താവിക്കുന്നില്ല. പൂരം മുടങ്ങാനുള്ള യഥാർത്ഥ കാരണം ഊരാളന്മാർക്കിടയിൽ നിലനിന്നിരുന്ന കിടമത്സരമാണെന്ന അഭിപ്രായത്തോട്‌ യോജിക്കുന്നതാണ്‌ യുക്തി. മാണിച്ചാക്യാരെ കൂത്തിൽ പങ്കെടുപ്പിക്കാൻ കുറുവട്ടവണാവ്‌ നമ്പൂതിരി ശ്രമിച്ചതിനെ മറ്റു ഊരാളന്മാരായ ചിറ്റൂരും അവണാവും നമ്പൂതിരിമാർ എതിർത്തിരുന്നു. ഈ മൂന്ന്‌ ഊരാളന്മാർ തമ്മിലുള്ള കിടമത്സരം പിന്നേയും തുടർന്നു വന്നു. ഇതിനിടയിൽ ചിറ്റൂര്‌ മനയിലെ നമ്പൂതിരിമാർ ഊരകത്തുകരെ ആക്രമിച്ചുവത്രേ. ഊരകത്തുകരുടെ സംരക്ഷണത്തിനായി എത്തിയത്‌ കുറുവട്ടവണാവ്‌ നമ്പൂതിരിമാരാണ്‌. ഇതിന്റെ സ്മരണയായിട്ടാണ്‌ ഊരകത്തമ്മത്തിരുവടിയുടെ കൂടെ കുറുവട്ടവണാവുകാരുടെ ചാത്തക്കുടം ശാസ്താവിനെ ഇപ്പോൾ എഴുന്നള്ളിച്ചുവരുന്നത്‌. എന്നാൽ പെരുവനം ഗ്രന്ഥവരിയിൽ ഈ കാര്യങ്ങൾ പ്രതിപാദിച്ചിട്ടില്ല. ഊരകത്തമ്മയുടെ എഴുന്നള്ളിപ്പിന്‌ സംരക്ഷണം നൽകാനായി കുറുവട്ടവണാവ്‌ നമ്പൂതിരി ചാത്തക്കുടം ശാസ്താവിനൊപ്പം അംഗരക്ഷകരെ കൂടി നൽകി. ഊരകം ക്ഷേത്രം രാജഭരണത്തിൻ കീഴിലായപ്പോൾ അംഗരക്ഷകരായി രാജഭടന്മാരും ഇപ്പോൾ കേരള പോലീസും എഴുന്നള്ളിപ്പിന്‌ സുരക്ഷതീർക്കുന്നു. അതിനാൽ കുറുവട്ടവണാവുകാരുടെ അംഗരക്ഷകരിപ്പോഴില്ല പക്ഷേ ചാത്തക്കുടം ശാസ്താവിന്റെ അകമ്പടി ഇപ്പോഴുമുണ്ട്‌. ചിറ്റൂർ നമ്പൂതിരിപ്പാട്‌ പ്രതാപം കൊണ്ട്‌ ഒട്ടും പുറകിലായിരുന്നില്ല. ഒരു സാമൂതിരി മരിച്ചാൽ അടുത്ത സാമൂതിരിയുടെ അവരോധം വരെ മാമാങ്കത്തിന്‌ നിലപാട്‌ നിൽക്കൽ അടക്കം നെടിയിരിപ്പ്‌ സ്വരൂപം എന്ന കോഴിക്കോടിന്റെ പല അധികാരങ്ങളും ചിറ്റൂർ നമ്പൂതിരിമാർക്കുണ്ടായിരുന്നു. സാമൂതിരിയുമായുള്ള അടുപ്പം പിന്നീട്‌ കൊച്ചിരാജവുമായുള്ള അകൽച്ചയിലേക്കാണ്‌ ചിറ്റൂർ നമ്പൂതിരിയെ നയിച്ചത്‌.
പ്രാചീനകാലത്ത്‌ ഉത്സവത്തിനുപരി 108 ദേശങ്ങളിലെ പ്രതിനിധികളും പ്രജകളും ഇവിടെ വന്ന്‌ ഗ്രാമസഭകൾ ചേരുകയും പ്രശ്നങ്ങൾ വിശകലനം ചെയ്യുകയും വരും വർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തിരുന്നു. സാഹിത്യ സദസുകളും കവിയരങ്ങുകളും അതിന്റെ ഭാഗമായുണ്ടായിരുന്നു. മലബാറിലെ മാമാങ്കത്തിനു സമാനമായ രീതിയിലായിരുന്നു കൊച്ചിരാജ്യത്ത്‌ പെരുവനം ഉത്സവം നടത്തിയിരുന്നത്‌. ആറാട്ടുപുഴയിലെ നിലപാടു തറയ്ക്ക്‌ തിരുനാവായയിലെ നിലപാടു തറയോട്‌ സാദൃശ്യമുണ്ട്‌. നിലപാട്‌ നിൽക്കൽ എന്ന ചടങ്ങ്‌ ആറാട്ടുപുഴയിൽ അഘോഷപൂർവ്വം നടത്തിയിരുന്നത്‌ ഇപ്പോഴും തുടരുന്നുണ്ട്‌. ഇവിടെ രാജാവല്ല മറിച്ച്‌ ഗ്രാമരക്ഷകരായ ശാസ്താക്കന്മാരാണ്‌ നിലപാട്‌ നിൽക്കുന്നതെന്നുമാത്രം. ക്രമേണ അതിന്റെ രാഷ്ട്രീയമായ അർത്ഥതലങ്ങൾ മാഞ്ഞു പോകുകയും ദേവീദേവന്മാരുടെ സമ്മേളനോത്സവമായി മാത്രം അവശേഷിക്കുകയും ചെയ്തു. മാമാങ്കം ചരിത്രത്തിലെ അടഞ്ഞ അദ്ധ്യായങ്ങളിലൊന്നിൽ നിലച്ചുപോയപ്പോൾ പെരുവനം ഉത്സവം; പെരുവനം-ആറാട്ടുപുഴ പൂരം എന്ന പേരിൽ ഇപ്പോഴും നിലനിൽക്കുന്നു. രൂപമാറ്റങ്ങൾ ഏറെ സംഭവിച്ചിട്ടുണ്ടായിരിക്കാം. എങ്കിലും ചരിത്രത്തിന്റെ സുവർണ്ണ ലിപികളിൽ എഴുതിയ അവസാന താളുകളിൽ ഇപ്പോഴും മായാതെ കിടക്കുന്നു. പണ്ട്‌ ഉത്സവകാലമായാൽ ജനങ്ങൾ എല്ലാവരും ഗ്രാമത്തിലേക്ക്‌ മടങ്ങിയെത്തണമെന്നും എല്ലാ കുടുംബങ്ങളും ഉത്സവത്തിൽ പങ്കെടുത്തിരിക്കണമെന്നും നിർബന്ധ നിയമമുണ്ടായിരുന്നു. അല്ലാത്തപക്ഷം ആ വ്യക്തികളെ മരിച്ചവരായി കണക്കാക്കി മരണാനന്തര കർമ്മങ്ങൾ ചെയ്തിരുന്നു. ഗതാഗത വാർത്താവിനിമയങ്ങളൊന്നുമില്ലാത്ത കാലത്ത്‌ ദൂര ദേശങ്ങളിലേക്ക്‌ യാത്രപോയവർ എല്ലാം തന്നെ ഉത്സവത്തിന്‌ എത്തുമെന്നും ഇല്ലാത്ത പക്ഷം അവരെ ഇനി കാത്തിരിക്കേണ്ട എന്നുമായിരിക്കാം ഇതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌. ജാതിവ്യവസ്ഥയും ഉച്ചനീചത്വവും കൊടികുത്തി വാണിരുന്ന കാലത്തും പെരുവനം ഗ്രാമത്തിലെ ഭഗവതിമാരും തേവരും ആറാടിയിരുന്നത്‌ (ശാസ്താക്കന്മാർക്ക്‌ ആറാട്ടില്ല) എല്ലാവിഭാഗം ജനങ്ങൾക്കും ഒപ്പമായിരുന്നു എന്നതും ഇവിടത്തെ മാത്രം സവിശേഷതയാണ്‌. കൊച്ചി മഹാരാജാവ്‌ രാജ്യത്തെ ക്ഷേത്രങ്ങൾ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും തുറന്നുകൊടുക്കുന്നത്‌ വരെ ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങളും നമ്പൂതിരി ഇല്ലങ്ങളിലെ അന്തർജ്ജനങ്ങളും അടക്കം എല്ലാവിഭാഗം ജനങ്ങളേയും കാണാൻ ഈ ദേവീദേവന്മാർ വർഷത്തിലൊരിക്കൽ അവർക്കരികിലേക്ക്‌ ചെന്നിരുന്നു. അതെല്ലാം ഇന്നും ആചാരങ്ങളായി നിലനിൽക്കുന്നത്‌ നമുക്ക്‌ കാണാം. ക്ഷേത്രങ്ങളിൽ ഇന്ന്‌ അഹിന്ദുക്കൾക്ക്‌ പ്രവേശനമില്ലെങ്കിലും പൂരത്തിന്‌ അത്‌ ബാധകമല്ല. എല്ലാ മതസ്തർക്കും പൂരം ദിവസം പെരുവനത്തും വടക്കുംനാഥനിലും കയറുന്നതിന്‌ വിലക്കില്ല. ഇരിങ്ങാലക്കുട കൂടൽമാണിക്യവും ഗുരുവായൂരും
പോലുള്ള ക്ഷേത്ര ഉത്സവങ്ങളിൽ മതിൽക്കെട്ടിനുള്ളിലേക്ക്‌ അഹിന്ദുക്കൾക്ക്‌ പ്രവേശനമില്ല. അതാണ്‌ പല ക്ഷേത്രങ്ങൾ ഒത്തുചേരുന്ന പൂരങ്ങളും ഒരു ക്ഷേത്രത്തിൽ മാത്രമായ്‌ ഒതുങ്ങി നിൽക്കുന്ന ക്ഷേത്രോത്സവങ്ങളും തമ്മിലുള്ള വ്യത്യാസം. പൂരം ജനകീയമാണ്‌. ഇന്നത്തെ പ്രശസ്തമായ തൃശൂർ പൂരം, പെരുവനം-ആറാട്ടുപുഴ പൂരത്തിൽ നിന്ന് വിഘടിച്ചുപോയവർ ചേർന്നാരംഭിച്ചതാണ്‌. തൃശൂർ പൂരത്തിന്റെ ചരിത്രം അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങളിലേക്ക്‌ കടക്കുന്നില്ല.
നിലച്ചുപോയ ഉത്സവം അനേക വർഷങ്ങൾക്കു ശേഷം പുനരാരംഭിച്ചപ്പോൾ പല ക്ഷേത്രങ്ങളും പങ്കെടുക്കാൻ തയ്യാറായില്ല . അങ്ങനെ പങ്കാളിത്തത്തിൽ ഗണ്യമായ കുറവുവന്നു. ഉത്സവം പുനരാരംഭിച്ചപ്പോൾ ഘടനയിലും മാറ്റം വന്നു. 42 ദേവീദേവന്മാരുടെ അകമ്പടിയോടെ പെരുവനത്ത്‌ ഇരട്ടയപ്പൻ ആറാട്ടുപുഴക്ക്‌ എഴുന്നള്ളുന്ന സമ്പ്രദായം ഇല്ലാതായി. ആറാട്ടുപുഴ പൂരം പുനരാരംഭിച്ചപ്പോൾ അതിന്റെ നായക സ്ഥാനത്ത്‌ പെരുവനത്തപ്പന്‌ പകരം തൃപ്രയാർ തേവരെയാണ്‌ കാണുന്നത്‌. 28 ദിവസത്തെ ഉത്സവത്തിനു പകരം ഘടകക്ഷേത്രമായ ചേർപ്പ്‌ ഭഗവതി ക്ഷേത്രത്തിൽ 28 ദിവസം മുൻപ്‌ കൊടിയേറ്റവും വലിയ വിളക്ക്‌ ദിവസം പെരുവനം പൂരവും രണ്ടു ദിവസത്തിനു ശേഷം; പൂരം നാളിൽ ആറാട്ടുപുഴ പൂരത്തോടെ ആറാട്ടുപുഴ മന്ദാരക്കടവിൽ ആറാട്ടും, അത്തം നാൾ കൊടികുത്തോടെ സമാപനവും എന്ന രീതിയിലാക്കി. മീനമാസത്തിൽ ഉത്രം നക്ഷത്രം പാതിരാത്രി വരുന്ന ദിവസം ദേവീ ക്ഷേത്രങ്ങളിൽ ഉത്രം പാട്ട്‌. അതിന്റെ തലേനാൾ പൂരം അതാണ്‌ കണക്ക്‌. ഈ ഗ്രാമോത്സവം പുനരാരംഭിച്ചിട്ട് 1433 വർഷങ്ങൾ പിന്നിട്ടു എന്ന് വ്യക്തമായി പറയാവുന്ന രേഖകൾ ലഭ്യമാണ്. അതിനു മുൻപ്‌ നടന്നിരുന്ന ക്ഷേത്രോത്സവം എന്ന് തുടങ്ങി എന്നതിനോ എന്ന് നിന്നുപോയി എന്നതിനോ വ്യക്തമായ തെളിവുകൾ ലഭ്യമല്ല പക്ഷെ അങ്ങിനെ ഒന്ന് നടന്നിരുന്നു എന്നുമാത്രം പറഞ്ഞിരിക്കുന്നു.
പഴയ ഉത്സവം 500 കൊല്ലം തുടർച്ചയായി നടന്നുവെന്നും 500 ആം വർഷം മുതൽ നിന്നുപോയെന്നും ചിറ്റൂർ നമ്പൂതിരിപ്പട്‌ എഴുതിയ ഐതിഹ്യരത്നാകരത്തിൽ കാണാമെങ്കിലും ചരിത്രപരമായി ഉള്ള തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ല. ചിറ്റൂർ നമ്പൂതിരിപ്പാടിന്റെ ഐതിഹ്യം കണക്കിലെടുത്താൽ 500 വർഷം പഴയ ഉത്സവവും 1433 വർഷം ഇന്ന് കാണുന്ന രീതിയിലുള്ള പൂരവും അടക്കം 1933 വർഷങ്ങളിലൂടെ കടന്നുപോയതാണ്‌ പെരുവനം പൂരം. എന്നാൽ ഉത്സവം മുടങ്ങി പൂരം ആരംഭിക്കുന്നതിനിടയിൽ എത്ര വർഷങ്ങൾ ഉണ്ടായിരുന്നു എന്ന് ഐതിഹ്യങ്ങൾക്കുപോലും ഉത്തരമില്ല. ഏകദേശം ഒരു നൂറ്റാണ്ട്‌ ഉത്സവം മുടങ്ങിക്കിടന്നു എന്ന് പലരും എഴുതിയിട്ടുണ്ട്‌. എറ്റവും കുറച്ച്‌ 100 വർഷങ്ങൾ എന്നൊരു കണക്കെടുത്താൽ തന്നെ 2033 വർഷങ്ങളുടെ കഥകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിൽ 1433 വർഷങ്ങളുടെ കണക്കുകൾക്ക്‌ മാത്രമേ ഗ്രന്ഥവരികളുടേയും പുരാരേഖകളുടേയും പിൻബലമുള്ളു. മറ്റുള്ളതെല്ലാം അനുമാനങ്ങൾ മാത്രമാണ്‌. പെരുവനം ഗ്രന്ഥവരിയിലെ രേഖകൾ പ്രകാരം പൂരം പുനരാരംഭിച്ചത്‌ കലിസംഖ്യയായ 3684 മീനം 27നാണ്‌. ഈ സംഖ്യ എ. ഡി. 583 ന്‌ തുല്യമാണ്‌. കൊല്ലവർഷത്തിനു മുൻപുള്ള കലിവർഷത്തിലെ കാലഗണന അളക്കുന്നതിന്‌ പരൽപേര്‌ എന്ന വിദ്യയാണ്‌ സാധാരണ ഉപയോഗിച്ചുകാണുന്നത്‌. വരരുചിയാണ്‌ ഈ വിദ്യയുടെ പ്രചാരകൻ എന്ന്‌ കരുതുന്നു. അക്ഷരങ്ങളെ സംഖ്യകളായി പരിവർത്തനം ചെയുന്ന രീതിയാണിത്‌. ഓരോ അക്ഷരത്തിനും തുല്യമായ സംഖ്യ പരൽപേരിൽ പറയുന്നുണ്ട്‌. അവ യഥാക്രമം എഴുതി കിട്ടുന്ന സംഖ്യയെ അതിന്റെ വിപരീത ദിശയിൽ മറിച്ചെഴുതിയിട്ടൊക്കെയാണ്‌ പരൽപേര്‌ പ്രകാരമുള്ള ഗണിതം. പൂരത്തിന്റെ പുനരാരംഭത്തെ കുറിക്കുന്ന പെരുവനം ഗ്രന്ഥവരിയിലെ ശ്ലോകവും അറാട്ടുപുഴ പൂരം ഉത്ഭവിച്ച വർഷവും പൂരത്തിൽ പങ്കാളികളായ ക്ഷേത്രങ്ങളിലെല്ലാം കരിങ്കല്ലിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
"ആയാതു ശിവലോകം ന
കലാവിതി വിലോകനാൽ
ചിന്തയാ സത്ഭിരാരംഭി
ദേവപൂരമഹോത്സവം"
'കലിയുഗത്തിലും ശിവലോകം
അനുഭവവേദ്യമാക്കണം എന്ന ആഗ്രഹത്തോടെ പൗരന്മാർ ചർച്ച നടത്തുകയും ദൈവീകമായ പൂരം നടത്താൻ തീരുമാനിക്കുകയും ചെയ്തു.'
ആലിലകളും മാവിലകളും ഒന്നിടവിട്ട്‌ കെട്ടിയ കവുങ്ങിൻ തടിയിൽ തീർത്ത താൽക്കാലിക കൊടിമരം ആന കുത്തിമറിച്ചിടുന്നതോടെ ഒരു വർഷത്തെ പൂരാഘോഷങ്ങൾ അവസാനിക്കുന്നു. ഈ ചടങ്ങ്‌ കേരളത്തിൽ പെരുവനം-ആറാട്ടുപുഴ പൂരം, തൃശൂർ പൂരം, കുട്ടനെല്ലൂർ പൂരം എന്നീ പടഹാദി ഉത്സവങ്ങളിലല്ലാതെ മറ്റൊരു സ്ഥലത്തുമുണ്ടാകില്ല. പടഹാദി ഉത്സവം എന്നു വച്ചാൽ കൊടികയറ്റത്തിന്‌ അല്ല പ്രാധാന്യം. എഴുന്നള്ളിപ്പ്‌ കൊട്ടിപ്പുറപ്പെട്ട്‌ പോകുന്ന തരം ഉത്സവങ്ങളാണ്‌. ഉത്സവങ്ങൾ മൂന്നുവിധമാണ്‌ പടഹാദി (കൊട്ടിപ്പുറപ്പെടൽ മുഖ്യമായത്‌), ദ്വജാതി (കൊടിയേറ്റം മുഖ്യമായത്‌), അങ്കുരാതി (മുളയിടൽ മുഖ്യമായത്‌). ആറാട്ടുപുഴ പൂരത്തിന്‌ 28 ദിവസം മുൻപ്‌ ചേർപ്പ്‌ ഭഗവതി ക്ഷേത്രത്തിലും 27 ദിവസം മുൻപ്‌ തിരുവുള്ളക്കാവ്‌ ശാസ്താക്ഷേത്രത്തിലും കൊടികയറ്റം നടക്കുമെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ താന്ത്രിക കർമ്മങ്ങളല്ലാതെ പൂരവുമായി ബന്ധപ്പെട്ട പരിപാടികൾ ഒന്നും തന്നെയില്ല. ചേർപ്പ്‌ ഭഗവതീ ക്ഷേത്രത്തിലെ കൊടികയറ്റത്തിനായി കുംഭമാസത്തിലെ പൂരം നാൾ രാത്രി ഒത്തുകൂടുന്ന നാട്ടുകാരിൽ കാരണവർ ഒരു വടിയെടുത്ത്‌ നിലത്തുനിന്ന് ലംബമായി പിടിച്ച്‌ പിടിവിടുന്നു. വടി ഏതു ദിശയിലാണോ വീഴുന്നത്‌ ആ ദിശയിലേക്ക്‌ ശംഖ്‌ വിളികളുമായി നാട്ടുകാർ നീങ്ങും. ആദ്യം കാണുന്ന വളവില്ലാത്ത ലക്ഷണമൊത്ത കവുങ്ങ്‌ നിലത്ത്‌ വീഴാതെ വെട്ടിക്കൊണ്ടുവരുന്നു. വെട്ടിയുഴിഞ്ഞ്‌ ആലിലയും മാവിലയും ചേർത്ത്‌ കെട്ടി കൊടിമരം നാട്ടി മൂന്ന് തവണ "കാവൽക്കാരേ ഇന്നേക്ക്‌ 28 ആം ദിവസം ആറാട്ടുപുഴ പൂരം" എന്ന് വിളിച്ചു ചൊല്ലും. അന്ന് മുതൽ ആറാട്ടുപുഴ പൂരം കഴിയുന്നത്‌ വരെ പെരുവനം ഗ്രാമത്തിലെ ക്ഷേത്രഗോപുരങ്ങളെല്ലാം തുറന്നിടണം എന്നാണ്‌ നിയമം. പൂരം കഴിഞ്ഞാൽ കവുങ്ങു വെട്ടിയ സ്ഥലത്ത്‌ ഒരു കവുങ്ങിൻ തൈയ്യും കൂവള തൈയ്യും അശോകചെത്തിയും നടുന്ന ചടങ്ങും ഇവിടെയുണ്ട്‌.
1971 ൽ ഭൂപരിഷ്‌കരണ നിയമം വന്നതോടെ സാമ്പത്തിക ബാധ്യതയാൽ ഭൂരിഭാഗം ജന്മികളും ക്ഷേത്രകാര്യങ്ങൾ കൈയ്യൊഴിഞ്ഞു. പൂരം മുടങ്ങിപോകും എന്നൊരു അവസ്ഥ സംജാതമായി. പ്രത്യേകിച്ചും ദൂരദേശങ്ങളിലുള്ള ചെറിയ ക്ഷേത്രങ്ങൾക്ക്‌ തുടർന്നുപോകാനുള്ള താൽപര്യം തീരെയില്ലാതെയായി. ആ അവസരത്തിൽ നാട്ടുകാർ ചേർന്ന് സ്വകാര്യക്ഷേത്രങ്ങൾക്കായി കമ്മറ്റികൾ രൂപീകരിക്കുകയും അവയെ എല്ലാം കോർത്തിണക്കുന്ന പെരുവനം-ആറാട്ടുപുഴ പൂരം സെന്റ്രൽ കമ്മറ്റിക്ക്‌ രൂപം കൊടുക്കുകയും ചെയ്തു. ഈ സെന്റ്രൽ കമ്മറ്റി കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളേയും നാട്ടുകാരുടെ കീഴിലുള്ള സ്വകാര്യ ക്ഷേത്രങ്ങളേയും പൂരത്തിനായി ഒത്തൊരുമിപ്പിക്കുന്നു. സെന്റ്രൽ കമ്മറ്റിയുടെ സമയോജിതമായ രൂപീകരണം നടന്നില്ലായിരുന്നെങ്കിൽ പെരുവനം-ആറാട്ടുപുഴ പൂരം എന്നെന്നേക്കുമായി നിലച്ചുപോകുമായിരുന്നു. ഇന്ന്‌ 24 ക്ഷേത്രങ്ങളാണ്‌ പെരുവനം-ആറാട്ടുപുഴ പൂരങ്ങളിൽ പങ്കെടുക്കുന്നത്‌. തൃപ്രയാർ ശ്രീരാമക്ഷേത്രം, ആറാട്ടുപുഴ ശാസ്താക്ഷേത്രം, ഊരകം അമ്മത്തിരുവടി ക്ഷേത്രം, ചേർപ്പ്‌ ഭഗവതി ക്ഷേത്രം, ചാത്തക്കുടം ശാസ്താക്ഷേത്രം, തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രം, നെട്ടിശേരി ശാസ്താക്ഷേത്രം (മണ്ണൂത്തി), നാങ്കുളം ശാസ്താക്ഷേത്രം (അവിണിശേരി), കോടന്നൂർ ശാസ്താക്ഷേത്രം, എടക്കുന്നി ഭഗവതി ക്ഷേത്രം (ഒല്ലൂർ), അയ്യുന്ന്‌ ഭഗവതി ക്ഷേത്രം (വെങ്ങിണിശേരി), ചക്കംകുളങ്ങര ശാസ്താക്ഷേത്രം (തലോർ), തൈക്കാട്ടുശേരി ഭഗവതി ക്ഷേത്രം, കടലാശേരി പിഷാരിക്കൽ ഭഗവതി ക്ഷേത്രം, ചിറ്റിച്ചാത്തക്കുടം ശാസ്താക്ഷേത്രം (ചിറ്റിശേരി), കല്ലേലി ശാസ്താക്ഷേത്രം (മുപ്ലിയം), മേടംകുളങ്ങര ശാസ്താക്ഷേത്രം (കല്ലൂർ), മാട്ടിൽ ശാസ്താക്ഷേത്രം (വരന്തരപ്പിള്ളി), അന്തിക്കാട്‌ ഭഗവതി ക്ഷേത്രം, ചൂരക്കോട്‌ ഭഗവതി ക്ഷേത്രം (കണ്ടശ്ശാംകടവ്‌), കൊടകര പൂനിലാർകാവ്‌ ഭഗവതി ക്ഷേത്രം, ചാലക്കുടി പിഷാരിക്കൽ ഭഗവതി ക്ഷേത്രം, കടുപ്പശ്ശേരി ഭഗവതി ക്ഷേത്രം, തിരുവുള്ളക്കാവ്‌ ശാസ്താക്ഷേത്രം (ചേർപ്പ്‌) എന്നിവയാണവ. ക്ഷേത്രങ്ങൾക്ക്‌ അടുത്തുള്ള പ്രധാന സ്ഥലങ്ങളാണ്‌ ബ്രാക്കറ്റിൽ നൽകിയത്‌.
മീനമാസത്തിലെ അശ്വതി നാളായാൽ നാട്ടുവഴികളിൽ ദൈവങ്ങൾ ഇറങ്ങുകയായി. എഴുന്നള്ളിച്ച ആനയുടെ ചങ്ങല കിലുക്കങ്ങളോടെ ആയുധ ധാരികളായ പടയാളികളോടു കൂടിയ ദേവതകളും പടയാളികൾ ഇല്ലാത്ത ശാന്ത സ്വരൂപിണികളായ ദേവതകളും കുത്തുവിളക്കിന്റെ വെട്ടത്തിൽ നടന്നുനീങ്ങുന്നത്‌ ഇവിടെ മാത്രം കാണുന്ന മനോഹരമായ ഒരു കാഴ്ച്ചയാണ്‌. ചേർപ്പ്‌ ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയാണ്‌ പെരുവനം-ആറാട്ടുപുഴ പൂരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഉത്സവശ്രേണിയിലെ ആദ്യത്തെ ആഘോഷം. പിന്നെ വരുന്നത്‌ കൊടകര പൂനിലാർക്കാവിലെയും തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രത്തിലേയും കടലാശേരി പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിലേയും കാർത്തിക പുറപ്പാടാണ്‌. ഊരകത്തമ്മത്തിരുവടി ക്ഷേത്രത്തിലെ രോഹിണി വിളക്കാണ്‌ അടുത്തത്‌. എന്നാൽ മകയിരം നാളോടുകൂടി ഈ പൂരമഹോത്സവത്തിൽ പങ്കാളികളായ എല്ലാ ക്ഷേത്രങ്ങളിലും ആഘോഷങ്ങൾ ആരംഭിക്കുകയായി. മകയിരം പുറപ്പാട്‌ എന്നറിയപ്പെടുന്ന ഈ പൂരം പുറപ്പാട്‌ മുതൽ എല്ലാ ഘടക ക്ഷേത്രങ്ങളിലും ആറാട്ടെഴുന്നള്ളിപ്പുകളോ പറയെഴുന്നള്ളിപ്പുകളോ പൂരമോ വിളക്കോ ആയി എന്തെങ്കിലും പരിപാടികൾ ദിവസവും ഉണ്ടാകാറുണ്ട്‌. ഭൂരിഭാഗം ക്ഷേത്രങ്ങളിലും കൊടിമരം നാട്ടൽ മകയിരം നാളിലാണ്‌. തൃപ്രയാർ, അന്തിക്കാട്‌, ചൂരക്കോട്‌, കടുപ്പശേരി, തൊട്ടിപ്പാൾ എന്നിവിടങ്ങളിൽ കൊടികയറ്റമോ കൊടിയിറക്കമോ നടത്താറില്ല. തൊട്ടിപ്പാളിൽ കാർത്തിക നാളിലും മറ്റിടങ്ങളിൽ മകയിരം നാളിലും പൂരം കൊട്ടിപ്പുറപ്പെടുന്നു.





തിരുനായത്തോട് ശിവനാരായണ ക്ഷേത്രവും ഐതിഹ്യങ്ങളും

*ആറാട്ടുപുഴ പൂരത്തിൽ ഇരിങ്ങോൾ ഭഗവതിയും പങ്കെടുക്കാൻ എത്തിയിരുന്നുവത്രേ.*
ഭൂമിയിലെ ഏറ്റവും വലിയ ദേവ മേളയും പൂരങ്ങളുടെ മാതാവുമായ ആറാട്ടുപുഴ പൂരത്തിൽ ഇരിങ്ങോൾ ഭഗവതിയും പങ്കെടുത്തിരുന്നതായി പഴമൊഴി.
'കളഭ 'ത്തിൽ സൂചിപ്പിച്ചിരുന്ന പോലെ എറണാംകുളം ജില്ലയിലെ വേങ്ങൂര് , മാണിക്യമംഗലം, ചെങ്ങൽ, എടാട് ആവണംകോട്, നായത്തോട്, എഴിപ്രം എന്നീ ചരിത്രപ്രസിദ്ധങ്ങളായ ഏഴ് ഭഗവതി ക്ഷേത്രങ്ങളിൽ നിന്നും ആറാട്ടുപുഴക്ക് എഴുന്നെള്ളിച്ചു വന്നിരുന്നുവത്രേ . മീനമാസത്തിൽ രോഹിണി നാളിൽ കൊടികയറി ഉത്രം ആറാട്ടോടുകൂടിയാണ് ഇപ്പോൾ ഈ പൂരങ്ങൾ ആഘോഷിച്ചു വരുന്നത്.
ഈ ഭഗവതി ക്ഷേത്രങ്ങളിലെ പൂര മഹോത്സവങ്ങളോടനുബന്ധിച്ചുള്ള ഒരു വായ്ത്താരി ഇങ്ങിനെയാണ്.
"മുമ്പേ പൂരം വേങ്ങൂര്, പിന്നെ മാണിക്യ മംഗലം, ചെങ്ങൽ, എടാട്, ആവണംകോട്, നായത്തോട്,
എഴിപ്രം , പൂരത്തിൻ നാൾ പൂരം ഇരിങ്ങോൾ പൂരം".
തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ പൂരം കൊടികയറുന്നില്ല. ഏഴു ഭഗവതിമാരുടെ കൂട്ടിയെഴുന്നെള്ളിപ്പാണ് തിരുനായത്തോടപ്പന്റെ സന്നിധിയിൽ നടന്നിരുന്നത്.
ഇപ്പോഴും പൂരം കൊടികയറിയാൽ ഒരു ദിവസം ഈ ക്ഷേത്രങ്ങളിലെല്ലാം "പഷ്ണി പൂജ"യുണ്ട്. അതായത്
ഒരു നേരം മാത്രം പൂജ. ഈ ദേവീ മാർക്കെല്ലാം ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണത്രേ ഒരു നേരം മാത്രം പൂജ കഴിച്ച് നടയടക്കുന്നത്.
*ക്ഷേത്ര മാഹാത്മ്യം*
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ പട്ടണത്തിൽ നിന്നും 3 കിലോമീറ്റർ കിഴക്ക് മാറി മുൻസിപ്പൽ അതിർത്തിക്കുള്ളിൽ ഏകദേശം 50 ഏക്കറോളം ഭൂവിസ്തൃതിയിലുള്ള വനത്തിലാണ് ഇരിങ്ങോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഇരിങ്ങോൾ ക്ഷേത്രം. പട്ടണത്തിന് നടുവിൽ ഇതുപോലൊരു വന പ്രദേശം മറ്റൊരിടത്തും കാണാൻ കഴിയില്ല. ഈ വനത്തിന് 4 കിലോമീറ്റർ ചുറ്റളവിനുള്ളിലുള്ള പ്രദേശമാണ് ഇരിങ്ങോൾ എന്ന പേരിലറിയപ്പെടുന്നത്.
*സ്ഥലനാമം*
ദ്വാപരയുഗത്തിലെ കൃഷ്ണാവതാര കാലഘട്ടത്തിൽ ദേവകി-വസു ദേവന്മാരുടെ എട്ടാമത്തെ പുത്രൻ തന്നെ വധിക്കുമെന്ന് ഭീതിപൂണ്ട കംസൻ ദേവകി-വസുദേവന്മാരെ കാരാഗൃഹത്തിലാക്കി. എട്ടാമത്തെ പുത്രനെയും പ്രതീക്ഷിച്ചിരുന്ന കംസൻ കണ്ടത് ശിശു രൂപത്തിലുള്ള പെൺകുഞ്ഞിനെയാണ്. അഷ്ടമൻ പുത്രനല്ലെന്നറിഞ്ഞിട്ടും കംസൻ ഈ പെൺകുഞ്ഞിനെ കൊല്ലാൻ ഒരുങ്ങിയെങ്കിലും കുഞ്ഞ് ആകാശത്തിൽ അഭൗമ തേജസ്സോടെ ജ്വലിച്ചു നിന്നു. ആകാശത്ത് ജ്വലിച്ചു നിന്ന തേജസ് ഭൂമിയിൽ ആദ്യമായി സ്പർശിച്ച പ്രദേശം *ഇരുന്നോളായി* ക്രമേണ *ഇരിങ്ങോളായി* രൂപാന്തരപ്പെട്ടുവെന്ന് ഐതിഹ്യം.
*നന്ദന വനം*
എല്ലാ ചൈതന്യങ്ങളും ഉൾകൊണ്ട് പരാശക്തിയായ ദേവിയെ ദർശിച്ച് അനുഗ്രഹം നേടാൻ എത്തിയ ദേവഗണങ്ങളാണ് വൃക്ഷങ്ങളായി മാറി ദേവിയെ സദാ സ്തുതിച്ചു കൊണ്ട് ഇവിടെ നില്ക്കുന്നതെന്നാണ് ഭക്തരുടെ സങ്കല്പം. അതു കൊണ്ടാണ് ഇവിടുത്തെ മരങ്ങൾ മുറിക്കുകയോ വീണു കിടക്കുന്ന മരങ്ങൾപ്പോലും മറ്റു ആവശ്യങ്ങൾക്കു എടുക്കുകയോ ചെയ്യാത്തത്. ഏകദേശം 50 ഏക്കറോളം വിസ്തൃതിയിലാണ് പ്രകൃതിദത്തമായ നന്ദനവനം. ഈ വനത്തിൽ ഹിംസ്ര ജന്തുക്കളോ വിഷജീവികളോ എന്തിനേറേ കടന്നൽകൂട്ടങ്ങൾ പോലും ഇല്ല .
സമശീതോഷ്ണ നിലയിലുള്ള ഇരിങ്ങോൾ ക്കാവ് കേരളത്തിലെ ഏറ്റവും വലിയ കാവുകളിൽ ഒന്നാണത്രേ.
*ഹനുമാന് ശാപം*
ഋഷിവര്യനായ തൃണബിന്ദു മഹർഷി ഈ വനത്തിൽ പർണ്ണശാല കെട്ടി താമസിക്കുകയും ക്ഷേത്ര കുളത്തിൽ സ്‌നാനം ചെയ്ത് വേദപഠനം നടത്തി കൊണ്ടിരിക്കെ വേദാഭ്യാസം മറഞ്ഞു നിന്നു വീക്ഷിച്ച ഹനുമാനെ ആളറിയാതെ ആട്ടിയോടിക്കുകയും ചെയ്തുവത്രേ.. സൂര്യദേവന്റെ ശിഷ്യനായി തിരിച്ചെത്തിയ ഹനുമാൻ ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്ന മഹർഷിയെ ഭയപ്പെടുത്തുന്നതിനായി പർണ്ണശാലയുടെ ഇരു വാതിലുകളിലും കൊമ്പനാനയേയും സിംഹത്തേയും കാവൽ നിർത്തി. മഹർഷി ഉണർന്ന് ഇവയെ കണ്ട് ഭയപ്പെടുന്നത് കാണാനായി വനത്തിനുള്ളിലെ ഒരു 'ഇലവ്' മരത്തിന്റെ മുകളിൽ കയറി ഇരിക്കുകയും ചെയ്തു. ദിനചര്യകൾക്കായി ഉണർന്ന മഹർഷി ജ്ഞാന ദൃഷ്ടിയിൽ തൽസ്ഥിതി മനസ്സിലാക്കുകയും ഈ ദുഷ്പ്രവൃത്തി ചെയ്ത ഹനുമാന്റെ അഹന്ത കുറയ്ക്കുന്നതിനു വേണ്ടി ശപിക്കുകയും ചെയ്തു. ശാപം കൊണ്ട് തന്റെ ശക്തിയെ കുറിച്ച് വിസ്മൃതിയിലാണ്ട ഹനുമാനേയും അന്വേഷിച്ച് പിതാവായ വായുദേവൻ കാടു മുഴുവൻ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. വായുദേവൻ എല്ലാ വൃക്ഷങ്ങളും ഇളക്കി നോക്കിയപ്പോൾ ഒരെണ്ണം മാത്രം ഇളകുന്നില്ലാ എന്ന് മനസ്സിലായി . ആ വൃക്ഷത്തിലായിരുന്നു ഹനുമാൻ ഇരുന്നിരുന്നത്. പിന്നീട് ഈ വൃക്ഷം വലിയ ഇലവ് എന്ന പേരിൽ അറിയപ്പെട്ടു.
*ഹനുമാന് ശാപമോക്ഷം*
വായുദേവൻ ഹനുമാനെ മരത്തിൽ നിന്നും വിളിച്ചിറക്കി ശാപവാർത്ത അറിയിക്കുകയും രണ്ടു പേരും കൂടി മഹർഷിയെ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തു. വാനര ബാലന്റെ കുസൃതികൾ ക്ഷമിച്ച് ശാപമോക്ഷം കൊടുക്കണമെന്ന് വായുദേവൻ മഹർഷിയോട് കേണപേക്ഷിച്ചു. ശ്രീരാമാവതാരകാലത്ത് ഹനുമാന്റെ അജയ്യമായ ശക്തി പ്രഭാവത്തെപ്പറ്റി ജാംബവാൻ ഓർമിപ്പിക്കുമെന്നും ആ സമയത്ത് ഹനുമാന്റെ ശക്തി തിരിച്ചു കിട്ടുമെന്നും തുടർന്ന്
ശക്തഹനുമാനായി മാത്രമെ ലോകം അറിയുകയുള്ളുവെന്നും രാമനാമമുള്ള കാലത്തോളം ഹനുമാൻ ചിരഞ്ജീവിയായിരിക്കുമെന്നും മഹർഷി ശാപമോക്ഷം കൊടുത്തു.
*തീർത്ഥക്കുളം*
തൃണബിന്ദു മഹർഷി നിത്യേന ഈ കുളത്തിൽ സ്നാനം ചെയ്താണ് വേദ ഉപദേശങ്ങൾ നടത്തിയിരുന്നത്. അതു കൊണ്ടു തന്നെ ഇവിടുത്തെ കുളം തീർത്ഥകുളമാണ്. ബ്രാഹ്മമുഹൂർത്തത്തിൽ ഈ തീർത്ഥക്കുളത്തിൽ കുളിച്ച് നിശ്ചിത ദിവസം മനസ്സിൽ ധ്യാനിച്ച് പരാശക്തിയായ ഇരിങ്ങോൾ ഭഗവതിയെ ദർശിച്ചാൽ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്നാണ് ഭക്തരുടെ ഉറച്ച വിശ്വാസം.
എം.രാജേന്ദ്രൻ
ആറാട്ടുപുഴ

*****************************************************************************

മീനത്തിലെ ഉത്രം ആറാട്ടുകണക്കാക്കി കേരളത്തില്‍ നിരവധി ഭഗവതിമാര്‍ക്കായി പൂരങ്ങള്‍ കൊടികയറുവാന്‍ ഒരുക്കങ്ങള്‍ നടക്കുകയാണ്. ആറാട്ടുപുഴയില്‍ നൂറ്റെട്ടു ദുര്‍ഗമാരും വന്നുചേര്‍ന്ന് ആറാട്ടുമുങ്ങി പിരിയുന്ന ഒരു ഗതകാലം കേരളത്തില്‍ നിലനിന്നിരുന്നു. അത് പഴയകാലം. ആറാട്ടുപുഴ പൂരദിവസം കാശിയില്‍ നേരത്തേനട അടയ്ക്കും. കാരണം ദേവന് അന്നേദിവസം ആറാട്ടുപുഴയില്‍ എത്തുന്നതിനാണ് ഈസംവിധാനം. ആറാട്ടുപുഴയില്‍ മുങ്ങിയിരുന്ന വിളിപ്പാടകലെയുള്ള പൂരങ്ങളായ തൃശ്ശൂര്‍ ദേശത്തെ ദേവതകളും പെരുമഴകാരണം ആറാട്ടുപുഴയില്‍ വരാതായി, അവര്‍ പിന്നീട് തൃശ്ശൂര്‍ പൂരം തന്നെതീര്‍ക്കുകയായിരുന്നു. എറണാകുളംജില്ലയിലെ ആലുവായ്ക്കും അങ്കമാലിക്കും അടുത്തുള്ള ഏഴുദേവിമാര്‍ ഇതുപോലെ ആറാട്ടുപുഴയില്‍ പോയിരുന്നുവത്രേ. ചാലക്കുടിയിലെ ഏതോ നാട്ടുപ്രഭുക്കള്‍ വഴിമുടക്കിയതിനെ തുടര്‍ന്നാണ് ആയാത്രനിലച്ചത്. ഈഭാഗത്തെദേവതകള്‍ പിന്നീട് സ്വന്തം തട്ടകത്തില്‍ പൂരങ്ങള്‍ നിശ്ചയിച്ചുറപ്പിച്ചു. ആറാട്ടുപുഴപൂരം നിശ്ചയിച്ച പെരുമനത്ത് എല്ലാദേവതമാരും വന്ന് പെരുവനം പൂരം നടത്തുന്നതുമാതിരി, തൃശ്ശൂരില്‍ വടക്കും നാഥനുമുന്നില്‍ വന്ന് ദേശക്കാര്‍ തൃശ്ശൂര്‍പൂരം നടത്തുന്നപോലെ നായത്തോട് ക്ഷേത്രത്തിലും പൂരക്ഷേത്രങ്ങളിലെ ഭഗവതിമാര്‍വന്ന് പൂരം നടത്തിയിരുന്നു. ഇതിനും മാറ്റംവന്നു. ഒരോ ഭഗവതിമാരും അതാതിടത്ത് മാത്രം പൂരം ഒതുക്കി. വേങ്ങൂര്‍, മാണിക്യമംഗലം, ചെങ്ങല്‍, എടനാട,് ആവണംകോട്, എഴുപ്പുറം, ഇരിങ്ങോള്‍ എന്നീക്ഷേത്രങ്ങളിലെ ഭഗവതിമാരും നായത്തോട്ടെ ശിവ നാരായണക്ഷേത്രത്തിലും ക്രമപ്രകാരം ഒരോക്ഷേത്രങ്ങളിലും പൂരം നിലവില്‍വന്നു. നായത്തോട്ട് പൂരത്തിന് പ്രസക്തി നഷ്ടപ്പെട്ടതിനാല്‍ ആ ദിവസം അവിടെ ദീപാരാധന ഗംഭീരമായി നടത്തിവരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ചേര്‍ന്ന് പൂരക്ഷേത്രങ്ങളില്‍ കൊടികയറികിടക്കുന്നകാലത്ത് സപ്തദേവി ശിവനാരായണ ദര്‍ശനം എന്നപേരില്‍ തീര്‍ത്ഥയാത്ര നടത്തുന്നത് സ്ഥിരമാക്കി. ഇതില്‍പെടുന്ന എടാട്ടു ഭഗവതി ആലുവാ മണല്‍പുറത്ത് ആറാട്ടിനെത്തവെയാണ് മണല്‍പുറത്തിന്റെ നായകന്‍ മഹാദേവന് പടഹാദി നിയമപ്രകാരം കൊടികയറിയിരുന്നത്. മഹാദേവനും ഉത്രവിളക്ക് ആഘോഷിക്കും. ഭഗവതിമാര്‍ എല്ലാ ദിവസവും കൊടികയറി ആറാട്ടുദിവസം വരെ ആറാട്ടുകുളിക്കുന്നു.

http://www.janmabhumidaily.com/news391136

************************************************************************************


സപ്തദേവീ ശിവനാരായണദര്‍ശനത്തോടെയുള്ള പൂരസംഗമങ്ങള്‍ ഏഴര പതിറ്റാണ്ടിനുശേഷം വീണ്ടും പുനര്‍ജനിക്കുന്നു. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കൊച്ചിന്‍ ദേവസ്വംബോര്‍ഡ്‌ മെമ്പര്‍ കെ.കുട്ടപ്പനും മറ്റ്‌ ക്ഷേത്രങ്ങളുടെ ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മധ്യകേരളത്തിലെ ഏഴ്‌ ദേവീ ക്ഷേത്രങ്ങളിലെ പൂരങ്ങളെല്ലാം ഒന്നുചേര്‍ന്ന്‌ തിരുനായത്തോട്‌ ശിവനാരായണ ക്ഷേത്രത്തിന്റെ മുമ്പില്‍ സമ്മേളിച്ചിട്ട്‌ 74 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇതിന്റെ സ്മരണ പുതുക്കിക്കൊണ്ടുള്ള സപ്തദേവീ ശിവനാരായണദര്‍ശനത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട്‌ 7ന്‌ വേങ്ങൂര്‍ ശ്രീദുര്‍ഗാ ദേവീ ക്ഷേത്രാങ്കണത്തില്‍ തന്ത്രിസമാജം പ്രസിഡന്റ്‌ വേഴപറമ്പ്‌ കൃഷ്ണന്‍ നമ്പൂതിരിപ്പാട്‌ നിര്‍വഹിക്കും. 

ഏഴ്‌ പൂരങ്ങളില്‍ ആദ്യത്തേത്‌ വേങ്ങൂരും അവസാനത്തേത്‌ ഇരിങ്ങോള്‍ പൂരവുമാണ്‌. ഏഴ്‌ ക്ഷേത്ര ങ്ങളിലെയും പൂരങ്ങള്‍ ഐതിഹ്യപരമായി തിരുനായത്തോട്‌ സംഗമിച്ചിരുന്നു. ഓരോ ക്ഷേത്രങ്ങളിലും പൂരങ്ങള്‍ നടക്കുമ്പോള്‍ മറ്റ്‌ ആറിടങ്ങളിലെ ദേവിമാര്‍ എഴുന്നള്ളിയെത്തി മാറിമാറി സംഗമിക്കുകയും അവസാനം ശിവനാരായണന്മാരുടെ മുമ്പില്‍ സംഗമിക്കുകയുമായിരുന്നു ആചാരം.

28ന്‌ വേങ്ങൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടെ കൂട്ടപൂരങ്ങള്‍ക്ക്‌ തുടക്കമാകും. 29ന്‌ മാണിക്കമംഗലം കാര്‍ത്ത്യായനീദേവീ ക്ഷേത്രത്തിലെ പൂരം. 30ന്‌ ചെങ്ങല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരം. 31ന്‌ എടാട്ട്‌ ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ പൂരം. ഏപ്രില്‍ 1ന്‌ ആവണംകോട്‌ സരസ്വതി ക്ഷേത്രത്തില്‍ പൂരം. ഏപ്രില്‍ 2ന്‌ തിരുനായത്തോട്‌ ശിവനാരായണദര്‍ശനവും പൂരസംഗമവും. ഏപ്രില്‍ 3ന്‌ എഴിപ്രം ഭഗവതി ക്ഷേത്രത്തില്‍ പൂരം. ഏപ്രില്‍ 4ന്‌ ഇരിങ്ങോള്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടെ കൂട്ടപൂരങ്ങള്‍ക്ക്‌ സമാപനമാകും. 

കെ.പി.ഹരി, പി.എന്‍.മുരളീധരന്‍ നായര്‍, പി.കെ.നാരായണന്‍ നായര്‍, എം.എന്‍.കൃഷ്ണന്‍ നമ്പൂതിരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജന്മഭൂമി: http://www.janmabhumidaily.com/news48463#ixzz54qkTCcXY

**********************************************************************************



തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിലെ ഒരു പഴയതരം പൂട്ട്


Thirunayathod Shivanarayana Temple DSC 1560.jpg
By Ranjithsiji - സ്വന്തം സൃഷ്ടി, സി.സി. ബൈ-എസ്.എ. 4.0, Link





ഇന്നത്തെ എറണാകുളം ജില്ലയിലെ കാലടി, നെടുമ്പാശ്ശേരി, പെരുമ്പാവൂർ പ്രദേശങ്ങളിൽ നിന്ന്‌ വേങ്ങൂര്‌, മാണിക്യമംഗലം, ഇരിങ്ങോൾകാവ്‌ തുടങ്ങി എട്ട്‌ ക്ഷേത്രങ്ങൾ പെരുവനം ഗ്രാമോത്സവത്തിൽ പങ്കെടുത്തിരുന്നു. അവ നിന്നുപോകാനുള്ള കാരണങ്ങൾ വ്യക്തമല്ല. ഹൈദരാലിയുടേയും പിന്നീട്‌ ടിപ്പുസുൽത്താന്റെയും പടയോട്ടകാലങ്ങളിൽ ഈ ക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നള്ളിപ്പുകൾ തൽക്കാലത്തേക്ക്‌ നിർത്തി വയ്ക്കുകയും പിന്നീട്‌ പുനരാരംഭിക്കാതെ പോയതുമാണെന്ന്‌ പറയപ്പെടുന്നു. എന്നാൽ ആ കാലഘട്ടത്തിലും മറ്റ്‌ ക്ഷേത്രങ്ങൾ ആറാട്ടുപുഴയിൽ എത്തിയിരുന്നു. പൂരം ഇക്കാലത്ത്‌ മുടങ്ങിയതായി എവിടേയും പറയുന്നില്ല. അന്നത്തെ പല ക്ഷേത്രങ്ങളും ആക്രമണ ഭീതി മൂലം ദൂരയാത്രകൾ ഒഴിവാക്കിയിരിക്കണം. പല ക്ഷേത്രങ്ങളും പൂർണ്ണമായോ ഭാഗിഗമായോ തകർക്കപ്പെട്ടിട്ടുണ്ട്‌. കൊല്ലവർഷം 952 ആം ആണ്ടിലെ ഹൈദറുടെ ആക്രമണത്തെക്കുറിച്ച്‌ വടക്കുംനാഥൻ ഗ്രന്ഥവരിയിൽ പ്രതിപാദിക്കുന്നുണ്ട്‌. ശാസ്ത്രബാഹ്യനായ ബൗദ്ധൻ പെരുവനത്തെ ഇരട്ടയപ്പന്റെ ബിംബം രണ്ടും തച്ചുമുറിച്ച്‌ ഇട്ടിരിക്കുന്നു എന്നാണ്‌ എഴുതിയിരിക്കുന്നത്‌. ശാസ്ത്രബാഹ്യനായ ബൗദ്ധൻ എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌ ഹിന്ദു മതത്തിന്‌ പുറത്തുള്ളവൻ എന്നാണ്‌. ഈ വസ്തുത രേഖപ്പെടുത്തിയിരിക്കുന്ന കാലയളവ്‌ ഹൈദറുടെ പടയോട്ടകാലമായതിനാൽ ഹൈദറാണ്‌ ശാസ്ത്രബാഹ്യനായ ബൗദ്ധൻ എന്നാണ്‌ നിഗമനം. എന്നാൽ വടക്കുംനാഥ ക്ഷേത്ര വളപ്പിൽ തമ്പടിച്ച്‌ യുദ്ധം നയിച്ച ഹൈദറുടെ സൈന്യം വടക്കുംനാഥ ക്ഷേത്രത്തിന്‌ യാതോരു കേടുപാടുകളും വരുത്തിയില്ല എന്ന് ഗ്രന്ഥവരിയിൽ പറഞ്ഞിരിക്കുന്നു. ഹൈദറിനു ശേഷം ടിപ്പുവും തൃശൂർ ആക്രമിച്ചു കീഴ്പ്പെടുത്തി. ടിപ്പുവിനെ ഭയപ്പെട്ട്‌ യോഗാതിരി അടക്കമുള്ളവർ നഗരം വിട്ടുപോയി. പിന്നീട്‌ തിരുവിതാംകൂറിന്റെ സഹായത്താൽ നെടുംകോട്ട യുദ്ധത്തിൽ ടിപ്പുവിനെ തുരത്തി കൊച്ചി തൃശൂർ വീണ്ടെടുത്തു. യഥാർത്ഥത്തിൽ നെടുംകോട്ട ടിപ്പുവിനു മുന്നിൽ വലിയ പ്രതിരോധം തീർത്തെങ്കിലും കോട്ടതകർത്ത്‌ മുന്നേറാൻ മൈസൂർ സൈന്യത്തിനായി. ആസമയം ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ മൈസൂർ ആക്രമണ വാർത്തയറിഞ്ഞ്‌ ടിപ്പു മൈസൂരിലേക്ക്‌ തിരിച്ചുപോകുകയായിരുന്നു. സാമൂതിരിയുടെ ഇടക്കിടെയുള്ള ആക്രമണങ്ങളും കൊച്ചി നേരിടേണ്ടി വന്നിട്ടുണ്ട്‌. രാജ്യത്തിനകത്തുള്ള ചില നാടുവാഴി പ്രമാണിമാർ സാമൂതിരി പക്ഷം ചേർന്നതോടെ കൊച്ചിയുടെ പതനം വേഗത്തിലായി. എന്നാൽ തിരുവിതാംകൂറിന്റെ സഹായത്തോടെ കൊച്ചി സാമൂതിരിയെ പരാജയപ്പെടുത്തിയതോടെ സാമൂതിരിപക്ഷക്കാരായവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും പ്രതികാര നടപടികൾ ആരംഭിക്കുകയും ചെയ്തു. മൈസൂർ സുൽത്താന്മാരെ പോലെതന്നെ തൃശൂരും പരിസരവും സാമൂതിരിയുടെ ആക്രമണകാലത്തും നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്‌. യുദ്ധത്തിൽ തോറ്റോടുന്നതിനിടയിൽ സാമൂതിരി സൈന്യം തൃശിവപേരൂരിലെ വീടുകൾ മുഴുവൻ കത്തിച്ചു കളഞ്ഞതായും വീട്‌ നഷ്ടപ്പെട്ടവർ വടക്കുംനാഥ ക്ഷേത്രത്തിൽ 3 മാസക്കാലം താമസിച്ചതായും യുദ്ധാനന്തരം കൊച്ചി രാജാവ്‌ വീടും സ്വത്തും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചതായും വടക്കുംനാഥൻ ഗ്രന്ഥവരിയിൽ പരാമർശ്ശിക്കുന്നുണ്ട്‌.
ആറാട്ടുപുഴയിൽ വന്നിരുന്ന പെരുമ്പാവൂരിനടുത്തുള്ള ഇരിങ്ങോൾ വനത്തിനുള്ളിലെ ഇരിങ്ങോൾകാവ്‌ ദേവീ ക്ഷേത്രവും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ആവണംകോട്‌ ഭഗവതി (സരസ്വതി) ക്ഷേത്രവും കാലടിക്ക്‌ സമീപ പ്രദേശങ്ങളിലുള്ള ചെങ്ങൽ ഭഗവതി ക്ഷേത്രവും എടാട്ട്‌ ഭഗവതി ക്ഷേത്രവും മാണിക്യമംഗലം ഭഗവതി ക്ഷേത്രവും വേങ്ങൂർ ഭഗവതി ക്ഷേത്രവും ഏഴിപ്പുറം ഭഗവതീ ക്ഷേത്രവും തിരുനായത്തോട്‌ ശിവനാരായണ ക്ഷേത്രവും എറണാകുളം ജില്ലയിലെ പ്രസിദ്ധ ക്ഷേത്രങ്ങളാണ്‌. ഇന്ന്‌ ഈ ക്ഷേത്രങ്ങളിൽ പെരുവനം മാതൃകയിൽ പൂരം നടത്തിവരുന്നു. പെരുവനം-ആറാട്ടുപുഴ പൂരം നടക്കുന്ന അതേ ദിവസങ്ങളിൽ തന്നെയാണ്‌ ഈ ക്ഷേത്രങ്ങളിലെ പൂരങ്ങളും. ആറാട്ടുപുഴ പൂരദിവസം ഈ ക്ഷേത്രങ്ങളിൽ നടക്കുന്ന ഒരു ചടങ്ങാണ്‌ കൊടിമരച്ചുവട്ടിൽ പട്ടിണി ശംഖ്‌ വിളിച്ച്‌ ക്ഷേത്രഗോപുരത്തിന്‌ പുറത്തേക്ക്‌ ഇറങ്ങുക എന്നത്‌. ആറാട്ടുപുഴയിലേക്ക്‌ പോകുന്നു എന്നാണ്‌ വിശ്വാസം. പണ്ട്‌ പോയിരുന്നതിന്റെ സ്മരണ പുതുക്കൽ ആയിട്ടും ഇതിനെ കണക്കാക്കുന്നു. കൊച്ചിരാജ്യത്തിൻ കീഴിലായിരുന്ന ഈ പ്രദേശങ്ങൾ പിന്നീട്‌ തിരുവിതാംകൂറിൽ ഉൾപ്പെട്ടതോടെ പ്രസ്തുത ക്ഷേത്രങ്ങൾ ആറാട്ടുപുഴയ്ക്കുള്ള വരവ്‌ നിർത്തി എന്നും അഭിപ്രായങ്ങളുണ്ട്‌. തിരുനായത്തോട്‌ ഒഴികെയുള്ള ക്ഷേത്രങ്ങൾ 'സപ്ത ദേവീ ക്ഷേത്രങ്ങൾ' എന്നറിയപ്പെടുന്നു. ഈ ദേവികളെല്ലാം സഹോദരിമാരാണെന്നാണ്‌ സങ്കൽപം. 
'പൂരം മുൻപിൽ വേങ്ങൂര്‌
പിന്നെ മാണിക്യമംഗലം
ചെങ്ങൽ എടാട്ട്‌ ആവണംകോട്‌
നായത്തോട്‌ എഴീപുറം'
എന്നൊരു ചൊല്ല് ഈ പൂരങ്ങളെക്കുറിച്ച്‌ പറഞ്ഞു കേൾക്കുന്നുണ്ട്‌. ഇതിൽ അവസാനമാണ്‌ ഇരിങ്ങോൾ. ഈ മുൻ ഗണനാക്രമത്തിലാണ്‌ ഇപ്പോഴും ഈ ക്ഷേത്രങ്ങളിലെ പൂരാഘോഷം നടത്തിവരുന്നത്‌.
പെരുവനം പൂരവുമായി ബന്ധപ്പെട്ടതും ഒരിക്കൽ ബന്ധപ്പെട്ടിരുന്നതുമായ ക്ഷേത്രങ്ങളിലെ ഒരു ചടങ്ങാണ്‌ പട്ടിണി ശംഖ്‌ ഊതൽ. ദേവീദേവന്മാരുടെ യാത്രകൾ ഒരു നിശ്ചിത സ്ഥാനത്ത്‌ എത്തുമ്പോൾ എല്ലാ മേളങ്ങളും നിർത്തും. ഗ്രാമക്കാരായ നമ്പൂതിരിമാർ എഴുന്നള്ളിച്ചു നിൽക്കുന്ന ഭഗവതി അല്ലെങ്കിൽ ശാസ്താവിന്റെ മുൻപിൽ അർദ്ധചന്ദ്രാകൃതിയിൽ മുട്ടുകുത്തി ഇരിക്കുന്നു. അപ്പോൾ മാരാര്‌ സാവകാശമായി ഒമ്പത്‌ പ്രാവശ്യം ശംഖ്‌ നീട്ടിവിളിക്കും. മൂന്നാമത്തേയും ആറാമത്തേയും ഒമ്പതാമത്തേയും ശംഖുവിളിക്കുന്ന സമയങ്ങളിൽ നമ്പൂതിരിമാരെല്ലാവരും ചേർന്ന് തുടർച്ചയായി കൈകൊട്ടിക്കൊണ്ടിരിക്കും. ഇതിനെയാണ്‌ പട്ടിണി ശംഖ്‌ ഊതുക എന്ന് പറയുന്നത്‌.


ഭാരതപ്പുഴക്കും പെരിയാറിനുമിടക്ക്‌ പിന്നെയും എത്രയോ പേർ!! ഒരുപക്ഷേ കരുവന്നൂർപുഴയിലെ ഓളങ്ങൾക്ക്‌ മാത്രം അറിയാവുന്ന ചരിത്രത്തില്ലേക്ക്‌ ഇനിയും കടന്നെത്തുക ദുഷ്ക്കരമാണ്‌. ചരിത്രത്തിന്റെ വാതിലുകൾ അടയുമ്പോൾ ഐതിഹ്യങ്ങളെ കൂട്ട്‌ പിടിക്കേണ്ടി വരും. കാരണം ഐതിഹ്യങ്ങൾ ചരിത്ര പശ്ചാതലത്തിൽ കാൽപനികതയും ഭാവനയും ഭക്തിയും ഭയവും സത്യവും നുണയും അസംബന്ധങ്ങളും എല്ലാം ചേത്ത്‌ രചിക്കപ്പെട്ടവയാണ്‌. അവയിൽ നിന്ന് ചരിത്രവും സത്യവും അരിച്ചെടുക്കുന്നത്‌ ശ്രമകരമാണെങ്കിലും ചില നിഗമനങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുമെന്ന്‌ കരുതാവുന്നതാണ്‌. കേരളം സൃഷ്ടിച്ച പരശുരാമൻ ആ പ്രദേശത്തിന്റെ രക്ഷക്കായ്‌ ഗോകർണ്ണം മുതൽ കന്യാകുമാരി വരെ 108 ശിവാലയങ്ങൾ, 108 ദുർഗാലയങ്ങൾ, 108 ശാസ്താക്ഷേത്രങ്ങൾ എന്നിവ സ്ഥാപിച്ചു എന്നാണ്‌ ഐതിഹ്യം. ഈ ഗണത്തിൽ പെട്ട ക്ഷേത്രങ്ങളിൽ കൂടുതലും കേരളത്തിന്റെ മദ്ധ്യഭാഗത്തായിരുന്നു. ഇതിൽ 108 ശാസ്താ ക്ഷേത്രങ്ങളിലും 108 ദുർഗാലയങ്ങളിലും ഉൾപ്പെടുന്ന ക്ഷേത്രങ്ങളാണ്‌ പെരുവനം-ആറാട്ടുപുഴ പൂരത്തിൽ ഇന്ന്‌ പങ്കെടുക്കുന്നതും മുൻപ്‌ പങ്കെടുത്തിരുന്നതും. തൃപ്രയാർ മാത്രമാണ്‌ ഈ ഗണത്തിൽ പെടാത്ത ഒരേ ഒരു ക്ഷേത്രം. ആയതിനാൽ 108 ദുർഗാലയങ്ങളെക്കുറിച്ചും 108 ശാസ്താ ക്ഷേത്രങ്ങളെക്കുറിച്ചുമുള്ള ശ്ലോകങ്ങളിൽ കാണുന്നവയിൽ മദ്ധ്യകേരളത്തിലെ ക്ഷേത്രങ്ങൾ എല്ലാം തന്നെ പെരുവനം-ആറാട്ടുപുഴ പൂരത്തിലെ അംഗങ്ങളായിരുന്നു എന്ന് കരുതാവുന്നതാണ്‌.


http://aspoak682.blogspot.in/2016/07/5.html


******************************************************************************************************


ഇനി എന്റെ നായത്തോടിന്റെ മണ്ണിലേക്കു തന്നെ വരാം . ചരിത്രഭൂമിയിൽ നിന്നും അടർത്തിയെടുത്തതു പോലെ ' നായത്തോട് ' എന്ന സ്ഥലനാമത്തിനു പിന്നിലും ഒരു കഥയുണ്ട്. 16 -ആം നൂറ്റാണ്ട് ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ രാജാവ് പണികഴിപ്പിച്ചതാണു ഇവിടുത്തെ ഏറെ പ്രത്യേകതകൾ നിറഞ്ഞ തിരുനായത്തോട് ശിവനാരായണ ക്ഷേത്രം. 

ചേരമാൻ പെരുമാൾ രാജാവിനു തന്റെ ഗുരുവായ യതിവര്യനിൽ നിന്നും അദ്ദേഹത്തിന്റെ സമാധിക്കു മുൻപു നൽകിയ ഒരു ആജ്ഞ നിറവേറ്റാനുണ്ടായിരുന്നു ! പുനർജ്ജന്മത്തിൽ ഗുരു ഒരു നായ ആയി ജന്മംകൊള്ളും. അക്കാലം ഗുരുവായി വരുന്ന നായ അതിന്റെ നൈസർഗ്ഗിക വാസനകളാൽ , അശുദ്ധ ഭക്ഷണങ്ങളും മറ്റും കഴിക്കാൻ ഇടവരാതെ ശ്രദ്ധിച്ചുകൊള്ളണം എന്നുണ്ടായിരുന്നു.
 അങ്ങനെ ആ നായയെ സന്തതസഹചാരിയായി കൂടെക്കൂട്ടിയ രാജനു ഒരിക്കൽ കുതിരപ്പുറത്തു സവാരിചെയ്യുന്ന വേളയിൽ തന്റെ ഗുരുവിന്റെ പുനർജ്ജന്മത്തിലെ ഈ നായ മലിനവസ്തു ഭക്ഷിക്കുന്നത് കണ്ടു തടയാനായി തന്റെ വാളുകൊണ്ട് നായയെ ആഞ്ഞുവെട്ടി ! ആ സംഭവം നടന്നത് ഒരു തോടിനു ചേർന്ന ഭൂമിയിലായിരുന്നു . അങ്ങനെ നായയെ വെട്ടിയ തോട് എന്നത് ലോപിച്ച് നായത്തോട് ആയി എന്നും ഭാഷ്യം!  ഈ നാടിന്റെ ഹൃദയഭൂമി എന്ന് ഇവിടം വിശേഷിപ്പിക്കാം.
വെട്ടിയത് നായയെ ആണെങ്കിലും ഗുരുവിന്റെ പുനർജ്ജന്മം ആയിരുന്നല്ലോ....അങ്ങനെ  ഗുരുഹത്യാ പാപം എന്ന് അലട്ടിയതിനുള്ള ശാന്തിക്കുവേണ്ടി  പാപപരിഹാരാർദ്ധം ചേരമാൻ പെരുമാൾ രാജാവ് പണികഴിപ്പിച്ച ക്ഷേത്രമാണു ഇവിടുത്തെ തിരുനായത്തോട് ശിവനാരായണ ക്ഷേത്രം .
 ചുമർചിത്രങ്ങളും ,നാലമ്പലവും ചെമ്പോടുകൾ കൊണ്ടുള്ള വട്ടശ്രീകോവിലും , ആനമതിൽ എന്നറിയപ്പെടുന്ന പത്താൾ പൊക്കത്തിലുള്ള ചുറ്റുമതിലുമൊക്കെ ഇതിന് സ്വന്തം. ഇന്ന് കേരള  പുരാവസ്തുവകുപ്പിന്റെ കീഴിൽ ചുമർച്ചിത്രങ്ങളും മറ്റും സരക്ഷിച്ചു പോരുന്നുണ്ട്.
 ഇതിന്റെ  പടിഞ്ഞാറേ  ഗോപുരവാതിലിനോട് ചേർന്ന് നിൽക്കുന്ന ഓടിട്ട ഇന്നും കേരളീയ തനിമ നഷ്ടപ്പെടാതെ നിൽക്കുന്ന ഒരു വീടുണ്ട്. മഹാകവി ജി യുടെ ജന്മഗൃഹം! മഹാകവി ശംഖൂതി കൊട്ടിപ്പാടി സേവിച്ചതും ഈ ക്ഷേത്രത്തിന്റെ തിരുമുറ്റത്തു നിന്നുമാണു.ഈ നാടിന്റെ , ജന്മനാടിന്റെ ആത്മാവ് കടം കൊണ്ട് എടുത്തതാണു തന്റെ കവിതകൾ എന്ന് മഹാകവി ജീവചരിത്രത്തിൽ പറയുന്നതും ഈ നായത്തോട് ന്റെ ഹൃദയത്തിൽ തൊട്ടുകൊണ്ടാണു. 
മഹാകവിയുടെ കാലടികൾ പതിഞ്ഞ മണ്ണ് , അദ്ദേഹം നടന്നു തീർത്ത വഴികൾ , കൈകൂപ്പിയ ക്ഷേത്രനടകൾ , മുങ്ങിക്കുളിച്ച ക്ഷേത്രക്കുളങ്ങൾ എല്ലാം എല്ലാം എന്റേതു കൂടിയാണു. ഈ നായത്തോടിന്റെ മണ്ണിൽ ജനിക്കാനായതിൽ ഞാനും അഭിമാനം കൊള്ളുന്നു.. 
നായയെ വെട്ടിയ ആ തോട് എന്ന് പറയുന്നത് പെരിയാറിന്റെ ഒരു കൈവഴിയാണു.ഈ തോടിനെ തുറ എന്നാണു ഇവിടങ്ങളിൽ അറിയുന്നത്. തോടിനോട് ചേർന്ന് ഒരു ശ്രീകൃഷ്ണസ്വാമീ ക്ഷേത്രമുണ്ട് , ഇതിനെ തുറങ്കര ക്ഷേത്രം എന്നാണു അറിയപ്പെടുന്നത്. 
തിരുനായത്തോട് ക്ഷേത്രത്തിനോട്ചുറ്റപ്പെട്ട നാലു കര ഭാഗങ്ങൾ ഉണ്ടു. വയലുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തിന്റെ  തെക്ക് കരയിൽ  അയ്യപ്പക്ഷേത്രവും വടക്കു ശിവക്ഷേത്രവും പടിഞ്ഞാറും കിഴക്കും കൃഷ്ണനുമാണുള്ളത്...വടക്കുപടിഞ്ഞാറു നാടിന്റെ ഗ്രാമലക്ഷ്മി എന്നു പറയാവുന്ന സാക്ഷാൽ ഭദ്രകാളീ ക്ഷേത്രവും നിലകൊള്ളുന്നു.

ശിവനാരായണ ക്ഷേത്രവും, തുറങ്ങര ക്ഷേത്രവും ഒരു പാടശേഖരത്തിന്റെ വിടവ്.

http://mayabalakrishnan.blogspot.in/2017_08_13_archive.html


***********************************************************************************


തിരുനായത്തോട് ശിവനാരായണ ക്ഷേത്രം അപൂർവങ്ങളിൽ അപൂർവങ്ങളായ പ്രതേകതകൾ കൊണ്ട് നിറഞ്ഞതാണ് . തിരുനായത്തോട്‌ ശിവനാരായണ ക്ഷേത്രം സ്ഥാപിതമായിട്ട് 1200 വര്ഷം തികയുകയാണ്. AD 800 മുതൽ 844 വരെ ചേര സാമ്രാജ്യം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ നായനാർ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചദ് .പെരുമാൾ ആദേഹതിൻറെ ഗുരുവിനോട് ചെയ്ത പാപ പരിഹാരാർത്ഥം ആണ് ക്ഷേത്രം പണികഴിപിച്ചത് . കേ രളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന് വ്യത്യസ്തമായി ഇവിടെ ശിവനും വിഷ്ണുവും ഒരേ ബിംബത്തിൽ കുടികൊള്ളുന്നു .സാധാരണ ഒരേ പീഠത്തിൽ ശിവനും വിഷ്ണുവും പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങളിൽ ശങ്കരനാരായണ മൂര്ത്തി ആയിട്ടാണ് കുടികൊള്ളുന്നദ് , അതിൽ നിനും വ്യതസ്തമായി ഇവിടെ ഒരേ പീഠത്തിൽ ശിവനും വിഷ്ണുവും ആയിതന്നെ കുടികൊള്ളുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തെ പൂജാ ക്രമങ്ങളൊക്കെ യും മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യതസ്തമാണ്.ഒരേ ബിംബത്തിൽ ഇരു ദേവന്മാർകും പ്രത്യേകം പ്രത്യേകം പൂജാവിധാനങ്ങളാണ് ഇവിടെ ഉള്ളത് .
ശ്രീ ശങ്കരൻ അദേഹത്തിന്റെ കുട്ടികാലത്ത് അമ്മയോടൊപ്പം ഇവിടെ തൊഴാൻ വന്നിടുണ്ട് , ക്ഷേത്ര മതിലിനോട് ചേർന്നാണ് ജി ശങ്കര കുറുപ്പിന്റെ ജന്മഗ്രിഹം . AD 8 9 നൂറ്റാണ്ടുകളിൽ നിലനിന്ന ജൈന ബുദ്ധ മതങ്ങളെ ഉന്മൂലനം ചെയുക എന്ന ലക്ഷ്യം കൂടി ഈ ക്ഷേത്രനിർമിതിക്ക് ഉണ്ടായിരുന്നു ഏന് പറയപെടുന്നു.പ്രതേകിച്ചു ഇക്കാലത്തെ ശ്രീശങ്കരന്റെ പ്രവര്ത്തനങ്ങളും ഈ ഉദ്ധേശത്തിനു അക്കം കൂട്ടി. AD 8 9 നൂറ്റാണ്ടുകളിൽനൂറ്റാണ്ടുകളിൽ നിര്മിക്കപെട്ട ക്ഷേത്രങ്ങൾക്ക് ഉള്ള എല്ലാ പ്രതേകതകളുo ഈ ക്ഷേത്രത്തിനുണ്ട്, വട്ടശ്രീകൊവിൽ,മുഖമണ്ടപം ചുറ്റംബലും,തിടപിള്ളി,മുളയറ,കൂത്തമ്പലം,വാതില്മാടം എന്നിവ ആണ് അക്കാലത്തെ പൊതുവായ പ്രതേകതകൾ.വട്ട കരിങ്കൽ ശ്രീകോവിലിലെ ചിത്രങ്ങൾ ചുമർ ചിത്ര കലയിലെ പ്രശസ്ത മാതൃകകളാണ്‌
ടിപ്പുവിന്റെ പടയോട്ടകാലത്ത് ക്ഷേത്രത്തിനു സാരമായ നാശനഷ്ടങ്ങൾ വന്നിടുണ്ട്. അദിന്റെ അവശിഷ്ടങ്ങൾ ഇപ്പോളും ഇവിടെ കാണാനാവുന്നതാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്
2 km മാറിയും കാലടി , അങ്കമാലി പ്രദേശങ്ങല്ക് 5 km മാറിയും ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
https://sanathanadarmam.wordpress.com/2015/06/27/തിരുനായത്തോട്-ശിവനാരായണ/

***********************************************************************************


1200 വര്‍ഷം പിന്നിട്ട തിരുനായത്തോട് ശിവനാരായണ ക്ഷേത്രം ചരിത്രസ്മരണകളുടെ ഈറ്റില്ലമാണ്.ആര്‍ഷഭാരത സംസ്‌കൃതിയുടെയും വിശ്വമത സാഹോദര്യത്തിന്റെയും സംഗമ കേന്ദ്രമായി വര്‍ത്തിക്കുന്ന തിരുനായത്തോട് ശിവനാരായണ ക്ഷേത്രം കേരളചരിത്രത്തിലെ തന്നെ സുവര്‍ണ രേഖയാണ്. അദ്വൈതാചാര്യനായ ശ്രീശങ്കരാചാര്യരുടെ വിഭൂതി പതിഞ്ഞ ക്ഷേത്രം നിലകൊള്ളുന്നത് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജന്മഗൃഹത്തോട് ചേര്‍ന്നാണ്. പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരിക്കുന്ന ഈ ക്ഷേത്രം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ആചാരങ്ങളിലും ചടങ്ങുകളിലും വൈവിധ്യം പുലര്‍ത്തുമ്പോഴും ഈശ്വരന്‍ ഒന്നാണെന്ന മഹത്ചിന്തയെ സാര്‍ഥകമാക്കുന്നതാണ് തിരുനായത്തോട് ക്ഷേത്രത്തിന്റെ ചരിത്രം. എ.ഡി. 800 മുതല്‍ 844 വരെ ചേരസാമ്രാജ്യം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ശിവനും വിഷ്ണുവും ഒരേ പീഠത്തില്‍ കുടികൊള്ളുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. മകരസംക്രമത്തില്‍ ഒരു കുഴിയില്‍ സ്ഥാപിക്കുന്ന രണ്ട് കൊടിമരത്തിലാണ് ഉത്സവം കൊടിയേറുന്നത്. നിവേദ്യങ്ങള്‍, മുളയിടല്‍, നവകം, പഞ്ചഗവ്യം തുടങ്ങി എല്ലാ പൂജകളും രണ്ട് ദേവന്‍മാര്‍ക്കും വെവ്വേറെയാണ്.
വട്ടശ്രീകോവില്‍, മുഖമണ്ഡപം, ചുറ്റമ്പലം, തിടപ്പള്ളി, മുളയറ, കൂത്തമ്പലം, വാതില്‍മാടം, ഊട്ടുപുര എന്നിവയെല്ലാം ക്ഷേത്രത്തിലുണ്ട്. ക്ഷേത്രഭിത്തികളിലെ ചിത്രങ്ങള്‍ ഏറെ ആകര്‍ഷകമാണ്. വട്ട കരിങ്കല്‍ ശ്രീകോവിലിന്റെ ഭിത്തിയില്‍ വരച്ചിട്ടുള്ള ചിത്രങ്ങള്‍ ചുമര്‍ചിത്രകലയുടെ പ്രശസ്ത മാതൃകകളാണ്. ഒരു ബിംബത്തില്‍ കുടികൊള്ളുന്ന, ശ്രീധര്‍മ്മശാസ്താവിന്റെ മാതാപിതാക്കളെ ഒരേസമയം കണ്ടുവണങ്ങുന്നതിനായി ശബരിമല ദര്‍ശനത്തിനായി പോകുന്ന അയ്യപ്പഭക്തര്‍ തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിലെത്താറുണ്ട്. പ്രധാന ശ്രീകോവിലിനകത്തുതന്നെയാണ് ഗണപതിയുടെയും, ദക്ഷിണാമൂര്‍ത്തിയുടെയും, സരസ്വതിയുടെയും പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. പ്രതിഷ്ഠാമൂര്‍ത്തി വിവാഹധ്യാന നിരതനായ ശിവനായതിനാല്‍ പാര്‍വതി മംഗല്യമാണ് പ്രധാന വഴിപാട്. മറ്റൊരു പ്രധാന വഴിപാടാണ് എള്ളും തുളസിയും ചേര്‍ത്തുള്ള തുലാഭാരം.
ഞായറാഴ്ച രാവിലെ ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയഹോമം നടക്കും.ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും. മഹാമൃത്യുഞ്ജയഹോമം നടത്തുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ക്ഷേത്രം ഊരാണ്മ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തിരുനായത്തോട് ക്ഷേത്രസമിതിയാണ്. ഫോണ്‍: 9846122033 (പ്രസിഡന്റ്), 9846032039 (സെക്രട്ടറി). 
***********************************************************************
http://thirunayathottappan.blogspot.in


























THIRUNAYATHODE SIVA: NARAYANA TEMPLE...........
Thirunayathode Siva:narayana temple is a unique one of its kind because here both the deities of Siva and Vishnu are consecrated together on a single idol. As per historical records it is more than 1200 years old. It was built by Cheraman Perumal Nayanar who reigned over the Chera empire from AD 800-844 assuming the title "Raja Rajadhiraja Parameswara Bhattaraka RajasekharDewar". He was one of the 64 South Indian shaiva Gurus.

LOCATION # ....The temple is situated at the village of Nayathode in Eranakulam District of Kerala.The place is sanctified by its nearness to KALADY (Only 4 kms) the birth place of Jagadguru Adi Shankaracharya who, along with his mother is believed by the birth of another renowned personality, the great Malayalam poet Mahakavi G Sankarakurup who won the first
"Jnanapeedom Award" for Indian literature. The temple is 2 kms East of the Cochin International Airport. Airport- KALADY road runs very close to it.
MYTHICAL BACKGROUND #......
There is a myth prevailing about the construction of the temple. The Kings Guru on his deathbed told the king that as a result of a curse on him he would be reborn as a dog. He gave the details of the animal and it's birth place and told the king that he should bring him up guarding him against eating the forbidden food i.e human excreta, he would get salvation immediately .After this revelation the Guru passed away.The king then found the animal to its birthplace annually and on one such occasion, the animal chanced upon the forbidden food.The king instantaneously cut off its neck to prevent it from eating it.Though the Guru got salvation the king was heavily weighed down by the sin of killing his teacher ( Guruhathyapaapam ) . As an atonement for it he decided to construct a Siva temple there. But after its completion the consecration ceremony was delayed for some time. Later the eminent Thanthrik,Kovattuadikal, came forward to perform the holy ritual. Being a Vishnu Devtee he consecrated both the deities, Siva and Vishnu for accomplishing the salvation of his Guru. Thus the SIVA: NARAYANA TEMPLE came into being.
HISTORICAL BACKGROUND #....
The temple was built in the 8th
Century AD when many temples were built all over the area which is in the present day Kerala state. All these temples were gifted with thousands of acres of land and thus they became the centre's of the emerging agricultural societies. During the time of the Perumal the temples were the major land owners. It was also a period of transition from the "Yajna Culture" to the temple culture.


തിരുനായത്തോട് ശിവനാരായണ ക്ഷേത്രം , അങ്കമാലി

തിരുനായത്തോട് ശിവനാരായണക്ഷേത്രം ആര്‍ഷഭാരത സംസ്‌കൃതിയുടെയും വിശ്വമത സഹോദര്യത്തിന്റെയും സംഗമകേന്ദ്രമാണ്. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത 1200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. അദൈ്വതാചാര്യനായ ശ്രീശങ്കരാചാര്യരുടെ വിഭൂതി പതിഞ്ഞ ക്ഷേത്രമാണിത്. പ്രഥമ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജന്മഗൃഹം തിരുനായത്തോട് ക്ഷേത്രത്തോടുചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
9-ാം നൂറ്റാണ്ടിലാണ് തിരുനായത്തോട് ക്ഷേത്രം നിര്‍മിച്ചതെന്നാണ് അനുമാനം. കേരളമുള്‍പ്പെട്ട ഭൂ പ്രദേശം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ പാപ പരിഹാരത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി തിരുനായത്തോട് ക്ഷേത്രം നിര്‍മിച്ചു എന്നാണ് ഐതിഹ്യം. ഒരേ ബിംബത്തില്‍ തന്നെ ശിവനെയും വിഷ്ണുവിനെയും പ്രതിഷ്ഠിച്ചിരിക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആചാരങ്ങളിലും ചടങ്ങുകളിലും വൈവിധ്യം പുലര്‍ത്തുമ്പോഴും ഈശ്വരന്‍ ഒന്നാണെന്ന മഹത് ചിന്തയെ സാര്‍ത്ഥകമാക്കുന്നതാണ് തിരുനായത്തോട് ക്ഷേത്രത്തിന്റെ ചരിത്രം.
ചേരമാന്‍ പെരുമാള്‍ തന്റെ ഗുരുവായ യതിവരന്റെ അന്ത്യകാലത്ത് സമീപത്തുണ്ടായിരുന്നു. ഒരു ശാപം മൂലം അടുത്ത ജന്മം താനൊരു നായയായി ജനിക്കുമെന്നും അപ്പോഴത്തെ ആകൃതി പ്രകൃതികളും ജന്മസ്ഥലത്തിന്റെ പ്രത്യേകതകളും ഏത് വിധത്തില്‍ ആയിരിക്കുമെന്നും ഗുരു ശിക്ഷ്യനെ ധരിപ്പിച്ചു. പ്രാകൃത ജീവിയായി കഴിയേണ്ടിവരുന്ന തന്നെ വീണ്ടെടുത്ത് നിഷിധ ഭക്ഷണം കഴിക്കാന്‍ ഇടവരുത്താതെ വളര്‍ത്തുകയാണെങ്കില്‍ ജീവിതാന്ത്യത്തില്‍ മോക്ഷം ലഭിക്കുമെന്ന അന്ത്യാഭിലാഷം പ്രകാശിപ്പിച്ചുകൊണ്ടാണ് ഗുരു ഭൗതികദേഹം വെടിഞ്ഞത്. പെരുമാള്‍ ഗുരുവിന്റെ അഭിലാഷ പൂര്‍ത്തിക്കായി നിര്‍ദിഷ്ട ലക്ഷണങ്ങളോടു കൂടിയ സങ്കേതവും നായ ജന്മം പൂണ്ട ഗുരുവിനെയും കണ്ടെത്തി സ്‌നേഹ പൂര്‍വം പരിപാലിച്ചു. തികഞ്ഞ താന്ത്രികനും മാന്ത്രികനുമായിരുന്ന കോവാട്ടടികള്‍ പെരുമാളിന്റെ ദുരിതപരിഹാരത്തിനായി ശിവപ്രതിഷ്ഠയോടൊപ്പം ഗുരുവിന്റെ സായൂജ്യ പ്രാപ്തിക്കായി വിഷ്ണുവിനെ കൂടി പ്രതിഷ്ഠിക്കാന്‍ നിശ്ചയിച്ചു. ഇപ്രകാരമാണ് ഒരേ ബിംബത്തില്‍ ശിവനെയും ശിവന്റെ വാമഭാഗത്തായി വിഷ്ണുവിനെയും പ്രതിഷ്ഠിച്ചത്. എ. ഡി. 8, 9 നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ക്ക് പൊതുവായി കാണപ്പെടുന്ന എല്ലാ പ്രത്യേകതകളും ഈ ക്ഷേത്രത്തിനുണ്ട്. വട്ടശ്രീകോവില്‍, മുഖമണ്ഡപം, ചുറ്റമ്പലം, തിടപ്പള്ളി, മുളയറ, കൂത്തമ്പലം, വാതില്‍മാടം എന്നിവയെല്ലാം തിരുനായത്തോട് ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തില്‍ ശിവനും വിഷ്ണുവിനും തുല്യപ്രാധാന്യമാണ്.

പ്രധാന ശ്രീകോവിലിനകത്തുതന്നെയാണ് ഗണപതിയുടെയും ദക്ഷിണാമൂര്‍ത്തിയുടെയും സരസ്വതിയുടെയും പ്രതിഷ്ഠ സ്ഥിതിചെയ്യുന്നത് എന്നതാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേക. വട്ടക്കരിങ്കല്‍ ശ്രീകോവിലിന്റെ ഭിത്തിയില്‍ വരച്ചിട്ടുള്ള ചിത്രങ്ങള്‍ ചുമര്‍ചിത്രകലയുടെ പ്രശസ്തമാതൃകകളാണ്. ശങ്കരനാരായണന്മാരുടെ പ്രതിഷ്ഠയെ, അഭിഷേകത്തെ നടയുടെ തെക്കുഭാഗത്തെ പാളിയില്‍ മനോഹരമായി ചിത്രണം ചെയ്തിരിക്കുന്നു. ശിവതാണ്ഡവത്തിന്റെ ആകര്‍ഷകമായ ആലേഖലമാണ് മറ്റൊരു പാളിയില്‍. ഒരു ബിംബത്തില്‍ കുടികൊള്ളുന്ന, ശ്രീധര്‍മശാസ്താവിന്റെ മാതാപിതാക്കളെ ഒരേസയമം കണ്ടുവണങ്ങി അനുഗ്രഹംനേടാന്‍ ശബരിമലയ്ക്കുപോകുന്ന അയ്യപ്പഭക്തര്‍ ഈ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്.


ടിപ്പുവിന്റെ പടയോട്ടകാലത്ത് ക്ഷേത്രത്തിനു സാരമായ നാശനഷ്ടങ്ങൾ വന്നിടുണ്ട്. അദിന്റെ അവശിഷ്ടങ്ങൾ ഇപ്പോളും ഇവിടെ കാണാനാവുന്നതാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് 2 km മാറിയും കാലടി , അങ്കമാലി പ്രദേശങ്ങല്ക് 5 km മാറിയും ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്