Showing posts with label Kottayam. Show all posts
Showing posts with label Kottayam. Show all posts

ഏഴരപ്പൊന്നാന

ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള "ഏഴരപ്പൊന്നാന" പുതുക്കിപ്പണിയണമെന്ന നിർദ്ദേശം സംബന്ധിച്ച് സെപ്തംമ്പർ 21 ന് മാതൃഭൂമിയിലും 22 ന് മനോരമയിലും വാർത്തകൾ കണ്ടു. ഏതൊരു ക്ഷേതത്തിലും രണ്ടുതരം ആരാധനാ വിധാനങ്ങളുണ്ട്. ഒന്ന് അനുഷ്ടാനപരം . രണ്ട് ആചാരപരം . അനുഷ്ഠാന പരമായ ചൈതന്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ എത്രയും പെട്ടെന്ന് അത് പരിഹരിക്കണം എന്നാണ് വിധി.ആചാരപരമായ കാര്യങ്ങൾക്ക് അത് വേണമെന്നില്ല. ഏഴരപ്പൊന്നാന ദേവ വാഹനം പോലും അല്ല എന്ന് പ്രത്യേകം മനസ്സിലാക്കണം . പ്രതിഷഠാ വേളയിൽ ക്ഷേത്രാചാര്യനും , ദൈവജ്ഞനും , ദേശനാഥനും ചേർന്ന് ഒരു ക്ഷേത്രത്തിലേയ്ക്ക് നിശ്ചയിക്കുന്ന ദിവസ മാസ ആട്ട വിശേഷങ്ങളാണ് അവിടുത്തെ അനുഷ്ഠാനങ്ങൾ . പിന്നീട് കാലികമായി വന്നു ഭവിക്കുന്നവയാണ് ആചാരങ്ങൾ. ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന പ്രദർശനം, ഏഴരപ്പൊന്നാന എഴുന്നെള്ളത്ത് എന്നിവ അത്തരത്തിൽ തികച്ചും ആചാരപരമായ കർമ്മങ്ങളാണ്. ഇതിൽ താന്ത്രികമായ ഒരു കർമ്മങ്ങളുമില്ല. ആചാരപ്രാധാന്യം മാത്രമുള്ള സങ്കൽപ്പം പൊളിച്ചു പണിയണമെന്ന നിർദ്ദേശം നൂറ്റാണ്ടുകൾ പഴക്കമുള്ളതും അതീവ ചരിത്ര പ്രാധാന്യമുള്ളതുമായ ഏഴരപ്പൊന്നാനകളോട് ചെയ്യുന്ന അങ്ങേയറ്റത്തെ അനാദരവാണ്‌. ഈ വിഷയത്തിൽ കൃത്യമായ പ്രതികരണം ഭക്ത ജന സമക്ഷത്ത് നിന്നുണ്ടാകു മെന്ന് പ്രതീക്ഷിക്കുന്നു.
ഏഴരപ്പൊന്നാന മാറ്റുന്നതിലും നല്ലത് എല്ലാം മാറ്റാൻ നടക്കുന്ന അഡ്വ.കമ്മീഷനെ മാറ്റുന്നതാണ്. അഥവാ ഏഴരപ്പൊന്നാനകൾക്ക് കേടുപാടുണ്ടെങ്കിൽ അതു പരിശോധിക്കാൻ വിദഗ്ദനായ ഒരു ആശാരിയെ നിയോഗിക്കണമെന്ന് കമ്മീഷന് പറയാം. അല്ലാതെ തുടക്കത്തിൽത്തന്നെ ഒരു പ്രത്യേക വ്യക്തിയെ അദ്ദേഹം നിർദ്ദേശിക്കുന്നത് തികച്ചും സംശയാസ്പദമാണ്. ശബരിമല ധ്വജം നിർമ്മിച്ച പ്രസ്തുത ആചാരി സംഘടിപ്പിച്ച ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും ആചാരിയിൽനിന്ന് പരസ്യമായി ആയിരങ്ങൾ വിലയുള്ള കൊടിമരത്തിന്റെ മാതൃക ഉപഹാരമായി സ്വീകരിക്കുക വഴി ഗുരുതരമായ കൃത്യവിലോപം വരുത്തുകയും ചെയ്തയാളാണ് അഡ്വ.കമ്മീഷൻ. ഇത് ഹൈക്കോടതി ദയവായി ശ്രദ്ധിക്കണം
ഏറ്റുമാരൂരപ്പന്റെ ഏഴര പൊന്നാനയുടെ മഹത്വം, അതിവിടെ എത്തിയതിന്റെ പിന്നിലുള്ള ചരിത്രം എന്നിവ കേട്ടിട്ടില്ലാത്തവർക്കായി ഒരു ചെറുവിവരണം കൂടി ചേർക്കുന്നു:
ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ അനിഴം തിരുനാൾ ശ്രീ മാർത്താണ്ഡ വർമ്മ രാജ്യ വിസ്തൃതി വ്യാപിപ്പിക്കുന്നതിനായി പട യോട്ടം നടത്തി. വടക്കുംകൂർ ആക്രമിച്ചപ്പോൾ ഏറ്റുമാനൂർ ദേശത്തിനും ക്ഷേത്രം വക സ്വത്തിനും സങ്കേതത്തിനും വലിയ നാശ നഷ്ടങ്ങൾ സംഭവിച്ചു. ഇതിന്റെ ഫല മായി മഹാരാജാവിനും കുടുംബത്തിനും അനവധി അനർഥ ങ്ങൾ വന്നു ചേർന്നു .ഇതിന് പരിഹാരമായി ഏറ്റുമാനൂരപ്പന് അഷ്ട ദിഗ് ഗജങ്ങളെ സ്വർണ്ണത്തിൽ തീർത്ത് അവയ്ക്കുള്ള തോട്ടിയും വളറും സഹിതം നടയ്ക്കു വെയ്ക്കാമെന്ന് നേർന്നു. എന്നാൽ വഴിപാട് പൂർത്തീ കരിക്കുന്നതിന് മുൻപ് 1758 ജൂലൈ മാസത്തിൽ അദ്ദേഹം നാട് നീങ്ങി. തുടർന്ന് അധികാരമേറ്റ ധർമ്മ രാജാ ശ്രീ കാർത്തിക തിരുനാൾ മഹാരാജാവിനാണ് വഴിപാട് നടത്തുന്നതിനുള്ള ഭാഗ്യമുണ്ടായത്. 1759 മെയ് മാസം 23 -ആം തീയതി കൊല്ലവർഷം 934 - ആമാണ്ട് ഇടവ മാസം 12 -ആം തീയതി തിങ്കളാഴ്ച ഉച്ച പൂജയ്ക്ക് മുമ്പായിട്ടാണ് പൊന്നാനകളെ നടയ്ക്കു വെച്ചത്. അഷ്ട ദിഗ്ഗജങ്ങളെ പ്രതിനിധാനം ചെയ്യുന്ന എട്ടാനകൾ ഏഴര യായതിനു പിന്നിലും രസകരമായ ഒരു കഥയുണ്ട് . കൌശലമുണ്ട് . ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ഭരണവും എട്ടു മനക്കാർക്കായിരുന്നു . എട്ടുമനയൂരിൽ നിന്നാണ് ഏറ്റുമാനൂർ എന്ന സ്ഥല നാമം നിഷ്പന്നമായതെന്ന് ഉള്ളൂർ "കേരള സാഹിത്യ ചരിത്രത്തിൽ" സൂചിപ്പിക്കുന്നുണ്ട് . ഉണ്ണൂനീലിസന്ദേശത്തിൽപ്പോലും ഈ സ്ഥലനാമം പ്രദിപാദിക്കുന്നുണ്ട് . പുന്നയ്ക്കൽ , അയ്യങ്ങണിക്കൽ , ചിറക്കര , പുളിന്താനം ,പട്ടമന , മംഗലം , ചെന്തിട്ട , എട്ടൊന്നശ്ശേരി ഇവരാണ് എട്ടുമനക്കാർ
ഒരേപോലെ യുള്ള എട്ട് പൊന്നാനകളെ നടയ്ക്കു വെച്ചാൽ എട്ടുമനക്കാരും കൂടി വീതം വെച്ചെടുത്താലോ എന്ന് കുശാഗ്ര ബുദ്ധിയായിരുന്ന രാമയ്യൻ ദളവയ്ക്ക് സംശയമായി . അദ്ദേഹം മുന്നോട്ടു വെച്ച ഉപായമാണ് പൊന്നാനകളെ എഴരയാക്കുക എന്നത് അപ്പോൾ തുല്യമായി വീതിക്കുവാൻ കഴിയാതെ വരും അപ്രകാരം വന്നാൽ അവ ക്ഷേത്ര ത്തിൽ തന്നെ നില നില്ക്കുകയും ചെയ്യും അങ്ങനെ എട്ടാന ഏഴര യായി . രണ്ടടി പൊക്കമുള്ള ഏഴ് ആനകളും ഒരടി പൊക്കമുള്ള ഒരു അരയാനയും . പ്രായശ്ചിത്തമായി ഒരു സ്വർണ പഴുക്കാക്കുല കൂടി ഏറ്റുമാനൂരപ്പന് സമർപ്പിച്ചു . വലിയ ആനകൾ ആനകളോരോന്നിനും ഒരു തുലാം (ഏകദേശം 10 കിലോ ) തൂക്കവും അരയാനയയ്ക്ക് അര തുലാം (ഏകദേശം 5 കിലോ ) തൂക്കവുമാനുള്ളത് ആനകൾക്ക് ഓരോന്നിനും പേരുകളുമുണ്ട് . ദിക്കുകളും
ഐരാവതം - കിഴക്ക് 
പുണ്ഡരീകൻ - തെക്ക് കിഴക്ക് 
വാമനൻ - തെക്ക് (അരയാന)
കുമുദൻ - തെക്ക് പടിഞ്ഞാറ് 
അഞ്ജനൻ - പടിഞ്ഞാറ് 
പുഷ്പദന്തൻ - വടക്ക് പടിഞ്ഞാറ് 
സാർവ്വഭൌമൻ - വടക്ക്
സുപ്രതീകൻ - വടക്ക് കിഴക്ക്
എട്ടാം ഉത്സവത്തിന് ഏഴര പൊന്നാനകളെ ആസ്ഥാനമണ്ഡ പത്തിലും ആറാട്ട് വരവിന് അകമ്പടിയായും എഴുന്നെള്ളിക്കും. പിന്നെ ഒരു കൊല്ലക്കാലം ക്ഷേത്രത്തിലെ സ്ട്രോങ്ങ്‌ റൂമിൽ സുരക്ഷിതം . ശംഭോ മഹാദേവ .
https://www.facebook.com/photo.php?fbid=1487918177909929&set=a.434612063240551.90627.100000752832321&type=3

കോട്ടയം-മറ്റൊരു വിയോജനക്കുറിപ്പ്

സിഎംഎസ്-ഒരു വിയോജനക്കുറിപ്പ് എന്ന തലക്കെട്ടില്‍ മാര്‍ച്ച് 5 ലെ ജന്മഭൂമിയില്‍ വന്ന ലേഖനം കോട്ടയം എന്ന ഹൈന്ദവ നഗരത്തിനുമേല്‍ ക്രൈസ്തവ സഭകള്‍ തീര്‍ത്ത വൈദേശിക മൂടുപടം വലിച്ചുകീറുന്ന ഒന്നായിരുന്നു. അഷ്ടഗന്ധം മാത്രം പുകഞ്ഞിരുന്ന തിരുനക്കരത്തേവരുടെ മണ്ണില്‍ കുന്തിരിക്കപ്പുകയും പരന്നതിന്റെ അറിയാക്കഥകള്‍ ഇനിയുമുണ്ടെന്നതിനാല്‍ പുതിയ തലമുറയുടെ അറിവിലേയ്ക്കായി അവയില്‍ ചിലത് കുറിക്കുന്നു.
ആദായനികുതി വകുപ്പുകാരെ വെട്ടിക്കാന്‍ ചിലര്‍ രണ്ട് കണക്കുപുസ്തകം സൂക്ഷിക്കുന്നതുപോലെ കേരളത്തിലെ ക്രൈസ്തവ സഭകളും തങ്ങളുടെ പാരമ്പര്യത്തെപ്പറ്റി രണ്ട് പുസ്തകം സൂക്ഷിക്കുന്നുണ്ട്. അതിലൊന്ന് മുന്‍പറഞ്ഞപോലെ ഇന്‍കം ടാക്‌സുകാരുടെ കണ്ണില്‍ പൊടിയിടാന്‍ സൂക്ഷിക്കുന്നതുമാതിരി തോമായുടെ ആഗമനകഥയും മേരിയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ തോമാ കുന്നംകുളത്തുനിന്ന് മാലാഖയുടെ മുതുകിലേറി ആകാശമാര്‍ഗ്ഗം യെരുശലേമിലേക്ക് പോയതും നമ്പൂതിരിയെ വിരട്ടാന്‍ മാനത്തേക്ക് ജലപീരങ്കി ചീറ്റിച്ചതുമായ അടിപൊളി ഫലിതകഥകളാണ്. രണ്ടാമതാവട്ടെ ബ്രിട്ടീഷ്, ഫ്രഞ്ച്, പറങ്കി അധിനിവേശ മതംമാറ്റത്തിന്റെയും ബേക്കര്‍-ബെയ്‌ലി- ബുക്കാനന്മാര്‍ നടത്തിയ ഹിന്ദുനശീകരണത്തിന്റെയും നേരായ ചരിത്രവും.
എല്ലാ കേസുകളിലും ഒരു തുമ്പെങ്കിലും അവശേഷിക്കുമെന്നതുപോലെ, തോമാക്കഥയായാലും ബേക്കര്‍ചരിത്രമായാലും ഒറിജിനാലിറ്റിക്കുവേണ്ടി ചില ക്രൈസ്തവര്‍ തന്നെ ഏച്ചുകെട്ടിയ അലങ്കാരങ്ങളാണ് പില്‍ക്കാലത്ത് അവര്‍ക്കുതന്നെ വിനയായി മാറിയതും. ആരാന്റെ മണ്ണും പുറമ്പോക്കും കാടും മലയും കണ്ടാല്‍ ഇല്ലാത്ത ചെപ്പേടുകള്‍ പൊടിതട്ടിയെടുക്കുന്ന സ്വഭാവഗുണം മറ്റൊന്നും.
ചരിത്രകുതുകികളുടെ താല്‍പ്പര്യാര്‍ത്ഥം കോട്ടയം പട്ടണത്തിന്റെ ഭൂതകാല ഭൂമിശാസ്ത്രം ചെറുതായൊന്നു വിവരിക്കാം. അന്നുമിന്നുമെന്നും കോട്ടയത്തിന്റെ കുലദൈവം തിരുനക്കരത്തേവരായ ശ്രീമഹാദേവന്‍ തന്നെ. ഒന്നാം ചേരസാമ്രാജ്യകാലത്ത് കുട്ടനാടിന്റെ ഭാഗമായിരുന്ന കോട്ടയം പിന്നീട് വേമ്പൊലി രാജ്യത്തിന്റെ ഭാഗമായി. വേമ്പൊലിനാട് രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ ഉത്തരഭാഗം ഏറ്റുമാനൂര്‍, പാലാ, വൈക്കം എന്നിവ ചേര്‍ന്ന് വടക്കുംകൂര്‍ രാജ്യമായും ദക്ഷിണഭാഗം ചങ്ങനാശ്ശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, ഇടുക്കി, തൊടുപുഴ, മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നിവ ചേര്‍ന്ന് ബൃഹത്തായ തെക്കുംകൂര്‍ രാജ്യവുമായി മാറി. (മൂവാറ്റുപുഴയും തൊടുപുഴയും കൂത്താട്ടുകുളവും പിന്നീട് വടക്കുംകൂറില്‍ ചേര്‍ക്കപ്പെട്ടു).
നാടിനെ തിരുനക്കരത്തേവരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച് തളിയില്‍ കോട്ടക്കോവിലകം രാജധാനിയാക്കി തെക്കുംകൂര്‍ രാജാക്കന്മാര്‍ ഭരിച്ച ഇക്കാലമാണ് തിരുനക്കര ക്ഷേത്രത്തിന്റെയും കോട്ടയം നഗരത്തിന്റെതന്നെയും സുവര്‍ണകാലവും. തെക്കുംകൂര്‍ ഇല്ലാതായപ്പോള്‍ തിരുവിതാംകൂറില്‍ ചേര്‍ക്കപ്പെട്ട കോട്ടയം അന്ത്യത്തില്‍ ഇന്നത്തെ ഏകീകൃത കേരളത്തിന്റെ ഭാഗമായിത്തീര്‍ന്നു. തിരുനക്കര ക്ഷേത്രത്തെ ചുറ്റിപ്പറ്റി വളര്‍ന്ന പട്ടണമായതുകൊണ്ടാണ് ‘തിരുനക്കരത്തേവരല്ലാതെ മറ്റൊരു ദൈവം കോട്ടയത്തിനില്ല’ എന്നുപറയുന്നതും.
ഹൈന്ദവപൈതൃകം വെടിഞ്ഞ് വൈദേശിക മതവിശ്വാസികളായതുമൂലം സ്വന്തക്കാരായ ഹിന്ദുക്കളാല്‍ ബഹിഷ്‌കൃതരായ ഏതാനും അസംഘടിത ക്രൈസ്തവര്‍ ‘മാര്‍ഗവാസികള്‍’ എന്ന നാമംപേറി കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളില്‍ അപൂര്‍വമായി ഉണ്ടായിരുന്നു. എന്നാല്‍ സ്വന്തമായി പള്ളിയോ പ്രാര്‍ത്ഥിക്കാന്‍ ബൈബിളോ ഇല്ലാതിരുന്നതിനാലും ബ്രഹ്മ-വിഷ്ണു-പരമേശ്വരന്മാരുടെയും പരബ്രഹ്മത്തിന്റെയും പര്യായമായ ‘കര്‍ത്താവ്’ എന്ന സംസ്‌കൃതപദം അന്ന് ഹിന്ദുക്കളുടെ കൈവശം തന്നെയായിരുന്നതിനാലും പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ലാതെ ഉള്ളതുകൊണ്ട് ഓണംകൂടി കഴിയുകയായിരുന്നു അവര്‍. ഈ സ്ഥിതിക്ക് മാറ്റമുണ്ടായതാവട്ടെ 1816 ലെ ബേക്കര്‍-ബെയ്‌ലി വരവിനുശേഷവും.
അതോടെയാണ് തിരുനക്കരത്തേവര്‍ വാഴുന്ന കോട്ടയം നഗരത്തില്‍ കാലുകുത്താനും മറുനാടന്‍ ദൈവങ്ങള്‍ക്ക് കിടപ്പാടമുണ്ടാക്കിക്കൊടുക്കാനും ക്രൈസ്തവര്‍ക്ക് കഴിഞ്ഞത്. മിഷണറിമാര്‍ നടത്തിയ ഹൈന്ദവ നശീകരണത്തിനെതിരെ കോട്ടയത്തെ ഹിന്ദുക്കളില്‍നിന്ന് എതിര്‍പ്പുണ്ടായപ്പോള്‍ മൈസൂറില്‍നിന്ന് എത്തിച്ച അറബിക്കുതിരകളുടെ പുറത്ത് അകമ്പടിക്കാരുമായി പ്രഭാതവ്യായാമത്തിനെന്ന വ്യാജേന ‘ലോയല്‍റ്റി പ്രൊസഷന്‍’ (ബ്രിട്ടീഷ് ഭക്തരുടെ പട്ടണപ്രവേശം) നടത്തിയിരുന്ന ഹെന്റി ബേക്കറുടെയും ജൂണിയര്‍ ബേക്കറുടെയും വീരകഥകള്‍ മണ്‍റോയെപ്പോലുള്ള രാജ്യദ്രോഹികളെ നന്മകളുടെ കെടാദീപമായി അവതരിപ്പിക്കുന്ന ലാപ്‌ടോപ് തലമുറ എങ്ങനെയറിയാന്‍.
ഇനി ബെയ്‌ലിക്ക് കര്‍ത്താവ്, സ്‌തോത്രം, ബലി, പരിശുദ്ധാത്മാവ് തുടങ്ങിയ അര്‍ത്ഥവത്തായ ഹൈന്ദവരാധനാപദങ്ങളുടെ സാരം പകര്‍ന്നുകൊടുത്ത ചാത്തുമേനോനെപ്പറ്റി കേട്ടോളൂ.
പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് ചുനങ്ങാട് സ്വദേശിയായ ചാത്തുമേനോന്‍ ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ചെങ്ങന്നൂര്‍ ആലം സ്വദേശിനിയായ പാര്‍വതിയമ്മ. മക്കളുടെ പേരുകള്‍ ഗോവിന്ദന്‍കുട്ടി മേനോന്‍, കല്യാണി, കാര്‍ത്യായനി, ലക്ഷ്മിക്കുട്ടി, പദ്മനാഭമേനോന്‍, പാര്‍വതിക്കുട്ടി.
ക്രിസ്ത്യാനികളാക്കപ്പെട്ടപ്പോള്‍ ആ കുട്ടികള്‍ക്ക് ബെയ്‌ലി നല്‍കിയ പേരുകള്‍ യഥാക്രമം ബെയ്‌ലി ഫെന്‍, എലിസബത്ത് ഫെന്‍, സാറാ ഫെന്‍, മറിയം ഫെന്‍, ബേക്കര്‍ ഫെന്‍, തെരേസാ ഫെന്‍ എന്നിങ്ങനെയാണ്. ജോസഫ് ഫെന്നിന്റെയും ബഞ്ചമിന്‍ ബെയ്‌ലിയുടെയും കെണിയില്‍ വീണ് 1831 ല്‍ ക്രിസ്ത്യാനിയായ ചാത്തുമേനോന്റെ ശവമടക്കിനെച്ചൊല്ലി ചില വിവാദങ്ങള്‍ ഉണ്ടായത് ഇവിടെ എഴുതുന്നില്ല.
ഇപ്പോഴത്തെ മെത്രാന്‍കായല്‍ വിവാദത്തിനും കോട്ടയത്തെ ക്ഷേത്രങ്ങളുമായി ബന്ധമുള്ളതുകൊണ്ട് അതുംകൂടി കേള്‍ക്കുക: 1789 ല്‍ ടിപ്പുസുല്‍ത്താന്‍ കുന്നംകുളത്തെ ചാട്ടുകുളങ്ങര ക്രിസ്ത്യന്‍ ചര്‍ച്ച് അഗ്നിക്കിരയാക്കുകയും അനേകം ക്രൈസ്തവരെ ദാരുണമായി കൊലപ്പെടുത്തുകയുമുണ്ടായി. പുലിക്കോട്ടില്‍ ജോസഫ് മെത്രാന്‍ എന്ന പേരില്‍ പില്‍ക്കാലത്ത് പ്രസിദ്ധനായ ഇട്ടൂപ്പ് മല്‍പാന്റെ അപേക്ഷപ്രകാരം കൊച്ചി രാജാവിന്റെ മന്ത്രിയായ പാലിയത്തച്ചന്‍ ഈ പള്ളി പുതുക്കിപ്പണിതു നല്‍കി. അതിനുശേഷം സഭയെ വളര്‍ത്താന്‍വേണ്ടി ഇട്ടൂപ്പ് മല്‍പാന്‍ കണ്ടനാട് പടിയോല എന്ന പേരില്‍ ഒരു രൂപരേഖ 1809 ല്‍ ആവിഷ്‌കരിക്കുകയും അതിന്റെ ഭാഗമായി ശെമ്മാശന്മാരെ വാര്‍ത്തെടുക്കുന്നതിന് രണ്ട് സെമിനാരി കോളേജ് അഥവാ പഠിത്ത വീടുകള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തെങ്കിലും പിന്നീടത് കോട്ടയത്ത് ഒരെണ്ണം മാത്രമായി ചുരുക്കി.
ഈ കോളേജിലെ അന്തേവാസികള്‍ക്ക് വച്ചുണ്ണാന്‍ നിത്യേന ധാരാളം അരി സൗജന്യമായി വേണ്ടിയിരുന്നതിനാല്‍ ഇട്ടൂപ്പ് മല്‍പാന്‍ മണ്‍റോയുടെ സഹായത്തോടെ റാണി ലക്ഷ്മിബായിയെ കാണുകയും തത്ഫലമായി തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ ദൈനംദിന ചെലവുകള്‍ നടത്തിയിരുന്ന കുട്ടനാടന്‍ പാഠശേഖരത്തില്‍നിന്ന് നാനൂറേക്കര്‍ സ്ഥലം റാണി മല്‍പാന് നല്‍കുകയും ചെയ്തു. 1815 ല്‍ സെമിനാരി പണിയാന്‍ റാണി ഇട്ടൂപ്പ് മല്‍പാന് സൗജന്യമായി നല്‍കിയ സ്ഥലവും തിരുനക്കരത്തേവരുടെ തന്നെ; എങ്കിലും പള്ളി പണിയാനും പുതുക്കിപ്പണിയാനും അച്ചന്‍പട്ടക്കാര്‍ക്ക് വെച്ചുണ്ണാനുമെല്ലാമുള്ള പണവും ഭൂമിയും നിലവും ഉരുപ്പടികളുമെല്ലാം നല്‍കിയിട്ടും ഹിന്ദുക്കളെ മതംമാറ്റാന്‍ നടന്ന ഇട്ടൂപ്പ് മല്‍പാന്മാരുടെ ദ്വന്ദ്വവ്യക്തിത്വം ഇന്നുമൊരു പ്രഹേളിക തന്നെ.
ജോണ്‍ മണ്‍റോയുടെ പിതാവ് ക്യാപ്റ്റന്‍ ജെയിംസ് മണ്‍റോ ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പുവിന്റെ കുടുംബാംഗങ്ങളോട് ഏറെ ക്രൂരത കാട്ടിയിരുന്നു. ബാല്യത്തിലെ പിതാവിന്റെ ക്രൂരകഥകള്‍ കേട്ട് ആവേശഭരിതനായി വളര്‍ന്ന ജോണ്‍മണ്‍റോയുടെ അറിയപ്പെടാത്ത സ്വഭാവവൈകൃതങ്ങളെപ്പറ്റി എഴുതാതിരിക്കുകയാണ് കൂടുതല്‍ നല്ലത്.
ഏറ്റുമാനൂരില്‍നിന്ന് എംസി റോഡ് വഴി കോട്ടയത്തേക്ക് വന്നാല്‍ കാരിത്താസ്, തെള്ളകം, അടിച്ചിറ, സംക്രാന്തി, ചവിട്ടുവരി, നാഗമ്പടം എന്നീ സ്ഥലങ്ങളെല്ലാം കുമാരനെല്ലൂര്‍ ക്ഷേത്രത്തിന്റെ വകയായിരുന്നു. പാട്ടക്കൃഷിയിലൂടെ കുമാരനല്ലൂരമ്മയുടെ ഭൂമി കൈവശപ്പെടുത്തിയ വറീത്, അവുത, അവുതേപ്പ് തുടങ്ങിയ ക്രിസ്ത്യാനികളെ സംബന്ധിച്ച ദേവസ്വം രേഖകള്‍ കണ്ട് താന്‍ അത്ഭുതപ്പെട്ടതായി പ്രൊഫസര്‍ എസ്.ഗുപ്തന്‍ നായര്‍ ഒരിക്കലെഴുതിയത് ഈ ലേഖകന്‍ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്. പാലായിലെയും ഇടുക്കിയിലെയും കയ്യേറ്റങ്ങള്‍ കണ്‍മുന്നില്‍ ഇന്നുമുണ്ട്. ഇപ്പോള്‍ വാഴ്ത്തപ്പെടാന്‍ പോകുന്ന ചാവറ കുരിയാക്കോസച്ചനും അദ്ദേഹത്തിന്റെ ഉപവികളും കോട്ടയത്തെ ഹിന്ദുസംസ്‌കാരത്തിനേല്‍പ്പിച്ച ആഘാതത്തെപ്പറ്റിയും കൂടുതല്‍ വിസ്തരിക്കുന്നില്ല. ഇപ്പോള്‍ ടിവി സീരിയല്‍ രൂപത്തിലും അദ്ദേഹം ഹിന്ദുക്കളെ അപമാനിച്ചുകൊണ്ടിരിക്കുകയാണല്ലോ.
19-ാം നൂറ്റാണ്ടില്‍ ഉത്തരകേരളത്തില്‍ ബാസല്‍മിഷനും മധ്യകേരളത്തില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും ദക്ഷിണ കേരളത്തില്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റിയും പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ക്രിസ്തുമതം കേരളത്തില്‍ വളരാന്‍ തുടങ്ങിയത്. അതിനുശേഷം 1905 ല്‍ സ്ഥാപിക്കപ്പെട്ട നാഷണല്‍ മിഷണറി സൊസൈറ്റി ഏഴുവര്‍ഷത്തിനുശേഷം നാഷണല്‍ മിഷണറി കൗണ്‍സിലായി രൂപാന്തരപ്പെട്ടതോടെയാണ് ഭാരതത്തില്‍ തന്നെ ക്രൈസ്തവര്‍ക്ക് ഒരു ഏകീകൃത രൂപമുണ്ടായതും. അപ്പോള്‍ തിരുനക്കരത്തേവരുടെ മണ്ണില്‍ കുന്തിരിക്കപ്പുക ഉയരാന്‍ തുടങ്ങിയതിന്റെ കാലപ്പഴക്കം വായനക്കാര്‍ തന്നെ തീരുമാനിക്കുക.

http://www.janmabhumidaily.com/news393359#ixzz43JqIVb3M

സിഎംഎസ് -ഒരു വിയോജനക്കുറിപ്പ്

great-hallകോട്ടയം സിഎംഎസ് കോളേജിന്റെ ദ്വിശതാബ്ദിയാഘോഷത്തെപ്പറ്റിയുള്ള വാര്‍ത്തകളും ഫീച്ചറുകളും വായിക്കാനിടയായി. ‘കണ്ടുനിന്ന എന്നെക്കാള്‍ നന്നായി കേട്ട ഞാന്‍ പറയാം’ എന്ന മട്ടില്‍ പലരും കലാലയ മുത്തശ്ശിക്ക് ഇരുന്നൂറ് വയസ്സ് എന്ന സത്യം വളരെ ‘ജോളിയായി’ മാലോകരെ ചെണ്ടകൊട്ടി അറിയിച്ചിട്ടുണ്ട്. കോട്ടയത്തെ ഹിന്ദുക്കളെ പ്രത്യേകിച്ച് പുലയവംശത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച സിഎംഎസിനെയും മതപരിവര്‍ത്തന വീരനായ ബഞ്ചമിന്‍ ബെയ്‌ലിയെയും മഹത്വവല്‍ക്കരിക്കാന്‍ ചിലര്‍ നടത്തുന്ന ഇത്തരം കരുനീക്കങ്ങളോടുള്ള വിയോജിപ്പ് അറിയിക്കാതിരിക്കുന്നത് ചരിത്രത്തോടു ചെയ്യുന്ന അനീതിയായിരിക്കും.
തിരുനക്കര മഹാദേവര്‍ ക്ഷേത്രം, കുമാരനെല്ലൂര്‍ ദേവീ ക്ഷേത്രം, കോടിമത പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രം-ഈ മൂന്നുക്ഷേത്രങ്ങളുടെയും വകയായിരുന്ന കോട്ടയത്തിന്റെ ഹൈന്ദവമണ്ണില്‍ 1818 വരെ ക്രൈസ്തവര്‍ക്ക് സ്വന്തമായി കുഴിവെട്ടി മൂടാന്‍പോലും സ്ഥലം ഉണ്ടായിരുന്നില്ല. തെളിച്ചുപറഞ്ഞാല്‍ ഇന്നത്തെ കോട്ടയം നഗരത്തില്‍ സിഎംഎസ് കോളേജ് ഉള്‍പ്പെടുന്ന ചാലുകുന്ന് ഉള്‍പ്പെടെയുള്ള കുമരകം റൂട്ട് തിരുനക്കര ക്ഷേത്രത്തിന്റെയും, പുളിമൂട്ടില്‍ക്കവല-കെഎസ്ആര്‍ടിസിവരെയുള്ള പ്രദേശങ്ങള്‍ കുമാരനല്ലൂര്‍ ക്ഷേത്രത്തിന്റെയും, അവിടെനിന്ന് എംസി റോഡ് വഴി തെക്കോട്ട് കോടിമത-മണിപ്പുഴവരെയുള്ള സ്ഥലങ്ങള്‍ വയസ്‌ക്കര വൈദ്യന്മാരുടെ കുടുംബദേവതയായ പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിന്റെയും വകയായിരുന്നു.
ക്ഷേത്ര സ്വത്തുക്കള്‍ പിടിച്ചെടുത്ത് കേരളത്തെ ക്രിസ്ത്യന്‍ നാടാക്കി മാറ്റാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഉപദേശിച്ച റവ.ഡോ. ക്ലോഡിയസ് ബുക്കാനന്‍, റസിഡന്റ് മണ്‍റോ എന്നീ രണ്ട് കുബുദ്ധികളായ ഉപജാപകവീരന്മാരുടെ തന്ത്രങ്ങളും അവരുടെ വത്സലശിഷ്യരായിരുന്ന ബെയ്‌ലി-ബേക്കര്‍ പ്രഭൃതികളുടെ കുതന്ത്രങ്ങളും കൊണ്ടാണ് കോട്ടയത്തെ ഇക്കാണാവുന്ന ക്ഷേത്രഭൂമികള്‍ മുഴുവന്‍ കയ്യേറി പള്ളിയും പള്ളിക്കൂടങ്ങളും കെട്ടാന്‍ ക്രൈസ്തവര്‍ക്കു കഴിഞ്ഞത്.
കഥകളിയും ഓട്ടന്‍തുള്ളലും മോഹിനിയാട്ടവും പടയണിയും തെയ്യവും തിറയും ശാസ്ത്രീയ സംഗീതവും രാഗ-താള-മേളവാദ്യങ്ങളും വാസ്തുവിദ്യയും ഓണവും വിഷുവുമെല്ലാമുള്ള സമ്പന്നമായ കേരളീയ-ഹൈന്ദവ പൈതൃകം നശിച്ചാല്‍ ആ കുറവ് പരിഹരിക്കാന്‍ ഒരു കോണ്‍ക്രീറ്റ് കുരിശ് മാത്രം മതിയെന്നു ധരിച്ചിരുന്ന (അന്ന് കുരിശേയുള്ളൂ; ബൈബിള്‍ തര്‍ജ്ജമ ചെയ്തിട്ടില്ല) ക്രൈസ്തവ ഭ്രാന്തനായ ബുക്കാനന്‍ എഴുതിയ ‘ക്രിസ്ത്യന്‍ റിസര്‍ച്ചസ് ഇന്‍ ഏഷ്യ’ എന്ന പുസ്തകത്തിലൂടെ കേരളത്തിലെ ഹിന്ദുക്കളെപ്പറ്റിയും അവരില്‍നിന്ന് പറങ്കികളടക്കമുള്ള വിദേശികള്‍ മതപരിവര്‍ത്തനം ചെയ്‌തെടുത്ത സുറിയാനി ക്രിസ്ത്യാനികളെക്കുറിച്ചും വായിച്ചറിഞ്ഞാണ് ഇംഗ്ലണ്ടിലെ സിഎംഎസ് മിഷനറിമാരായ ഹെന്റിബേക്കര്‍, ബഞ്ചമിന്‍ ബെയ്‌ലി, ജോസഫ് ഫെന്‍, തോമസ് നോര്‍ട്ടന്‍ എന്നിവര്‍ 1816-18 കാലഘട്ടത്തില്‍ കേരളത്തിലെത്തിയത്. ഹിന്ദുവിന്റെ ക്ഷേത്രസ്വത്തുക്കള്‍ വെള്ളക്കാരായ നസ്രാണികള്‍ക്ക് വീഞ്ഞുകട തുടങ്ങാനുള്ളതാണെന്നു തെറ്റിദ്ധരിച്ചിരുന്ന ക്രിസ്ത്യന്‍ മതതീവ്രവാദിയായ ജോണ്‍ മണ്‍റോയുടെ ക്ഷണപ്രകാരം ഹൈന്ദവ നശീകരണത്തിനെത്തിയ നാല്‍വര്‍ സംഘത്തിലെ തോമസ് നോര്‍ട്ടന്‍ ആലപ്പുഴയ്ക്ക് വിട്ടപ്പോള്‍ ബെയ്‌ലി ബൈബിള്‍ പരിഭാഷയും ഫെന്‍ പള്ളിക്കാര്യവും ബേക്കര്‍ പള്ളിക്കൂടനിര്‍മാണവും ഏറ്റെടുത്ത് കോട്ടയത്ത് പറ്റിക്കൂടി.
ഇംഗ്ലണ്ടിലെ കോടീശ്വരിയായ ഏലീസ് ഓസ്‌വോണ്‍ എന്ന സ്ത്രീ കൊടുത്ത രണ്ടായിരം പവനുമായി (അന്നത്തെ നിലയ്ക്കുതന്നെ രണ്ടുലക്ഷം ഇന്ത്യന്‍ രൂപ വരും) മതപരിവര്‍ത്തനത്തിനിറങ്ങിയ ഹെന്റി ബേക്കര്‍ ഭാര്യ എമിലിയ, മക്കളായ മേരി, ആനി, ഇസബേല്‍, ജൂണിയര്‍ ബേക്കര്‍ എന്നിവരോടൊത്ത് കൊല്ലത്തെത്തുകയും അവിടെനിന്ന് വലിയ വളവര വള്ളത്തില്‍ കോട്ടയം സെമിനാരിക്കടവില്‍ വന്നിറങ്ങുകയും ചെയ്തു. പിന്നീട് പള്ളത്തെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കാട്ടുമൂലയില്‍ മണ്ണും ഓലയും കൊണ്ട് ‘ചെറ്റപ്പുരപ്പള്ളി’ കെട്ടി പ്രാര്‍ത്ഥന തുടങ്ങിയ ബേക്കര്‍ 1842 ല്‍ കരിമ്പിന്‍ കാലാക്കടവിനു കിഴക്ക് കുമാരനല്ലൂര്‍ ദേവസ്വത്തില്‍നിന്ന് പള്ളിപ്പുറത്തുകാവിലേക്ക് വിട്ടുകൊടുത്ത ഭൂമി കൈയേറി അവിടെ പുത്തന്‍ ബംഗ്ലാവും ബുക്കാനന്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ പേരില്‍ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിപ്പൊക്കി.
മണ്‍റോയുടെ തോക്കിന്റെ ബലത്തില്‍ പുളച്ച ബേക്കറുടെ മുഷ്‌കിനെതിരെ ശബ്ദിക്കാനുള്ള കഴിവ് സ്ഥലമുടമകളായ ക്ഷേത്രക്കാര്‍ക്കുമില്ലായിരുന്നു. കോട്ടയത്തെ ഈഴവരെയും പുലയരെയും ക്രിസ്ത്യാനികളാക്കണമെന്ന ബിഷപ്പ് മൂറിന്റെ ഉഗ്രശാസനം അതേപടി നടപ്പാക്കിയ ബേക്കര്‍ സന്തതി ഇസബേല്‍ ആണ് പഴന്തുണികൊടുത്തും മതംമാറ്റാമെന്ന മഹത്തായ കണ്ടുപിടുത്തത്തിന്റെ ഉപജ്ഞാതാവ്. ബിസ്‌ക്കറ്റും റൊട്ടിയും കൊടുക്കാമെന്നു പ്രലോഭിപ്പിച്ച് പുലയ-ഈഴവക്കുട്ടികളെ തന്റെ ബംഗ്ലാവിലേക്ക് ആകര്‍ഷിച്ചുവരുത്തി മതംമാറ്റിയിരുന്ന ഈ മദാമ്മ 92-ാം വയസ്സില്‍ കോട്ടയത്തുവച്ചാണ് മരിച്ചതും-1939 ല്‍.
സംസ്‌കൃത പണ്ഡിതന്മാരായ വൈദ്യനാഥയ്യര്‍, ചാത്തുമേനോന്‍ എന്നിവരുടെ സഹായത്തോടെ ഹിന്ദുപുരാണങ്ങള്‍ പരിശോധിച്ച് ഹൈന്ദവ ദേവീദേവന്മാരുടെ ഉപാസനാപദങ്ങളായ സ്‌ത്രോത്രം, ബലി തുടങ്ങിയവയെല്ലാം കുത്തിത്തിരുകിയാണ് ബെയ്‌ലി ബൈബിള്‍ പരിഭാഷ ചെയ്തത്. വേദങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി ബൈബിളിന് ക്രിസ്ത്യാനികളുടെ വേദം അഥവാ വേദപുസ്തകം എന്നു സ്വയം പേരിടാനും ബെയ്‌ലി മറന്നില്ല. തന്നെ സംസ്‌കൃതം പഠിപ്പിച്ച ചാത്തുമേനോനെയും ചെങ്ങന്നൂര്‍ ആലാ സ്വദേശിനിയായ ഭാര്യയെയും അവരുടെ ഏഴ് മക്കളെയും മതംമാറ്റി നന്ദിയും ഗുരുഭക്തിയും പ്രദര്‍ശിപ്പിച്ച ബെയ്‌ലി 1850 ല്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതുവരെ കോട്ടയത്തെ ഹിന്ദുനശീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ലോഭം തുടര്‍ന്നു.
നഥാനിയേല്‍ ഫെന്നിന്റെ മകനായി ജനിച്ച ജോസഫ് ഫെന്‍ ഒരു വക്കീലും കൂടിയായിരുന്നു. അപ്പൂപ്പനും ബാങ്കറുമായ തോമസ് ഫെന്നിനെ ലാന്‍ഡ് ടാക്‌സ് നിയമങ്ങളില്‍ സഹായിച്ചിരുന്ന ജോസഫ് ഫെന്നിന്റെ വക്കീല്‍ ബുദ്ധിയും ഭൂനിയമങ്ങളിലുള്ള അറിവും ദേവസ്വത്തിന്റെ ഭൂമി ക്രിസ്ത്യാനികളുടെ കൈകളിലെത്താന്‍ വളരെയേറെ സഹായിച്ചു.
ഇനി’നന്മകളുടെ കെടാദീപ’മായ കേണല്‍ ജോണ്‍ മണ്‍റോയെക്കുറിച്ച്: സ്‌കോട്ട്‌ലന്റുകാരനായ ഇയാള്‍ കോളിന്‍ മക്വിന്‍ലിയ്ക്കുശേഷം 1811-15 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ റസിഡന്റ് ആയിരുന്നു. പിതാവ് ക്യാപ്റ്റന്‍ ജെയിംസ് മണ്‍റോ ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പുവിനെ കീഴടക്കാന്‍ വാട്ടര്‍ലൂ ഫെയിം ഡ്യൂക്ക് ഓഫ് വെല്ലിങ്ടണ്‍ ആര്‍തര്‍ വെല്ലസ്സിയെ(ഗവര്‍ണര്‍ ജനറല്‍ മാര്‍ക്വിസ് വെല്ലസ്ലിയുടെ സഹോദരന്‍) സഹായിച്ചു. റാണി ലക്ഷ്മീബായിയെ ചാക്കിട്ട് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കും നിയമനം നല്‍കിത്തുടങ്ങിയതും തിരുനക്കരത്തേവരുടെ മണ്ണില്‍ പഴയ സെമിനാരി പണിയാന്‍ സ്ഥലവും മരയുരുപ്പടികളും ഒപ്പിച്ചെടുത്തതും ജോണ്‍ മണ്‍റോയുടെ കുടിലബുദ്ധിയായിരുന്നു. ഭാരതവിരുദ്ധനും ഹിന്ദുവിരുദ്ധനുമായിരുന്ന അയാള്‍ക്ക് ‘ക്ഷേത്ര വിധ്വംസക’പ്പട്ടംകൂടി കിട്ടിയത് തിരുവിതാംകൂറിലെ ക്ഷേത്രങ്ങളെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴിലാക്കി അവയുടെ അളവറ്റ സമ്പത്തില്‍ കൈയിട്ടു വാരിയതുകൊണ്ടാണ്.
മെക്കാളെ സുറിയാനി ക്രിസ്ത്യാനികളുടെ പേരില്‍ 1808- ല്‍ നിക്ഷേപിച്ച 10500 രൂപയുടെ പലിശയായ 3360 രൂപയായിരുന്നു സിഎംഎസ് കോളേജ് സ്ഥാപിക്കാനുള്ള പ്രാരംഭമൂലധനമെന്നാണല്ലൊ പറയപ്പെടുന്നത്. പകലോമറ്റ് മാര്‍ ദിവാന്നാസ്യോസ് ഒന്നാമന്‍ എന്ന മാര്‍ത്തോമാ ആറാമന്റെ കാലശേഷം മാര്‍ത്തോമാ ഏഴാമന്‍ മെക്കാളെയുടെ താത്പര്യപ്രകാരം മൂവായിരം പൂവരാഹന്‍ (10500 രൂപ) പ്രതിവര്‍ഷം എട്ടുശതമാനം പലിശയ്ക്ക് ഇംഗ്ലീഷ് കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. പിന്നീട് വരാപ്പുഴ ബിഷപ്പായിരുന്ന റെയ്മണ്ടും മെക്കാളെയുടെ നിര്‍ദ്ദേശപ്രകാരം ഇതുപോലെ മൂവായിരം പൂവരാഹന്‍ 1809 ല്‍ നിക്ഷേപിച്ചിരുന്നു. ഈ തുക രണ്ടും അവിട്ടം തിരുനാളിന്റെ ഖജനാവില്‍നിന്ന് ചങ്ങനാശ്ശേരിക്കാരന്‍ തച്ചില്‍ മാത്തുത്തരകന്‍ കവര്‍ന്നെടുത്തതാണെന്നും പിന്നീട് തരകന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയപ്പോള്‍ അത് സഭകളുടെ കൈവശമെത്തിയെന്നും റോമന്‍ സഭാ ചരിത്രകാരന്മാര്‍ വളരെപ്പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്.
കേരളത്തിലെ പഴയ മലങ്കര സഭയുമായി അടുക്കാന്‍ (ഒതുക്കാന്‍)ബഞ്ചമിന്‍ ബെയ്‌ലിയും സംഘവും ശ്രമിച്ചതിന്റെ ഫലമായി 1818 ല്‍ മാവേലിക്കരവച്ച് ഇരുകൂട്ടരും യോഗംചേര്‍ന്ന് ജോസഫ് ഫെന്നിന്റെ അധ്യക്ഷതയില്‍ ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തിരുന്നു. പക്ഷേ ഈ ബന്ധം തങ്ങളെ ക്ഷീണിപ്പിക്കുകയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ പതിനെട്ടുവര്‍ഷത്തിനുശേഷം ‘മാവേലിക്കര പടിയോല’കൂടി മലങ്കര സഭക്കാര്‍ മിഷനറിമാരുടെ പിടിയില്‍നിന്ന് മോചിതരായി. പക്ഷേ അപ്പോഴേക്കും മധ്യതിരുവിതാംകൂറില്‍ ‘പുലപ്പള്ളി’കളും ‘ചോവപ്പള്ളി’കളും സ്ഥാപിക്കുന്ന സൂത്രവിദ്യ മലങ്കര സഭക്കാരില്‍നിന്ന് മിഷനറിമാര്‍ അടിച്ചെടുത്തുകഴിഞ്ഞിരുന്നു.
1879-89 കാലത്ത് ആദ്യത്തെ തിരു-കൊച്ചി ആംഗ്ലിക്കന്‍ ബിഷപ്പും ഹിന്ദുക്കുട്ടികളെ മതംമാറ്റാന്‍ സണ്‍ഡേ സ്‌കൂളുകള്‍ സ്ഥാപിച്ചയാളുമായ ജെ.എം.സ്പീച്ച്‌ലി, അങ്ങേരുടെ പിന്‍ഗാമിയും ‘ജോണ്‍സ് സുവിശേഷകര്‍’ എന്ന ഉപദേശി സംഘത്തെ അയച്ച് മേലുകാവിലെ മലയരയരെ ക്രിസ്ത്യാനികളാക്കിയ വ്യക്തിയുമായ എ.എന്‍.ഹോഡ്ജസ്, അവര്‍ണരുടെ അപ്പോസ്തലന്‍ എന്ന സ്വയം വിളിപ്പേരുമായി അവശക്രൈസ്തവരെ സൃഷ്ടിച്ചുകൂട്ടിയ റവ.സി.എച്ച്.ഗില്‍, പള്ളത്തും ചിങ്ങവനത്തും കോടിമതയിലും കൂട്ടമതംമാറ്റം നടത്തുകയും സുഖമില്ലാതായതിനാല്‍ പിന്നീട് ഇംഗ്ലണ്ടിലേക്ക് മടങ്ങുകയും ചെയ്ത ലാഷ് ദമ്പതികള്‍, സിഎന്‍ഐ പ്രസിഡന്റായിരുന്ന ഇ.ബല്ലാര്‍ബിയും മദാമ്മയും…. മറുനാട്ടില്‍ നിന്നെത്തി തിരുനക്കരത്തേവരുടെ മണ്ണായ കോട്ടയത്തിന്റെ ഹൈന്ദവ സുഗന്ധം ഇല്ലാതാക്കിയ വെള്ളക്കാരുടെ പട്ടിക എഴുതിത്തീര്‍ക്കാവുന്നതല്ല. അതുകൊണ്ടുതന്നെ അന്യന്റെ പൈതൃകത്തിലും പാരമ്പര്യത്തിലും ആചാരവിശ്വാസങ്ങളിലും കൈകടത്തിയ വിദേശികള്‍ ‘പൊന്നുകൊണ്ട് പുളിശ്ശേരി’ വച്ചവരായാലും ശരി, അവരെ അംഗീകരിക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ട്. കോട്ടയത്തെ പേടിപ്പിക്കുന്ന ഭൂതകാലം എത്രയെഴുതിയാലും തീരുന്നതുമല്ല.
http://www.janmabhumidaily.com/news387767#ixzz43MSqlnuL

ഗൗരിയമ്മക്കേസും കോട്ടയത്തെ മതപരിവര്‍ത്തന പ്രക്ഷോഭണവും

1918 ല്‍ കോട്ടയത്തെ ഹിന്ദുക്കളുടെയിടയില്‍ പ്രക്ഷോഭജനകമായ ഒരു സംഭവം നടന്നു. അതാണ് അന്നത്തെ പത്രപംക്തികളില്‍ വലിയ അക്ഷരങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന 'ഗൗരിയമ്മക്കേസ്.' ഗൗരിയമ്മ എന്നു പേരുള്ള ഒരു നായര്‍യുവതിയെ ക്രിസ്തുമതത്തിലേയ്ക്കു പരിവര്‍ത്തനംചെയ്യിക്കാനുള്ള സംരംഭത്തില്‍നിന്നുണ്ടായ ഒന്നായിരുന്നു ആ കേസ്. നാനാജാതിമതസ്ഥരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോട്ടയം പട്ടണം സമുദായസൗഹാര്‍ദ്ദം പുലര്‍ത്തുന്ന വിഷയത്തിലും ഒട്ടും പിന്നോക്കമല്ല. ഇന്നവിടം വിവിധ സഭാവിഭാഗത്തില്‍ട്ടെ ക്രൈസ്തവരുടെ ഒരു മതപ്രവര്‍ത്തനകേന്ദ്രംകൂടിയാണ്.
വിദ്യാഭ്യാസവിഷയത്തിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. കോട്ടയം സി.എം.എസ്. കോളേജുതന്നെ ആ സഭക്കാരുടെ വകയാണല്ലോ. തിരുവിതാംകൂറിലെന്നല്ല, ഇന്ത്യയുടെ നാനാഭാഗങ്ങളിലും ഇംഗ്ലീഷുവിദ്യാഭ്യാസം പ്രചരിപ്പിക്കുവാനും തൂലം പാശ്ചാത്യപരിഷ്‌കാരം പരത്തുവാനും ആംഗ്ലിക്കന്‍സഭയിലെ പ്രവര്‍ത്തകര്‍ വളരെ പരിശ്രമിച്ചിട്ടുണ്ട്. ആ പരിശ്രമം മിക്കവാറും ഫലിച്ചിട്ടുമുണ്ട്. മുന്‍കാലത്ത് സി.എം.എസ്കാരുടെ വിദ്യാലയങ്ങളിലെ പ്രധാനപ്പെട്ട അദ്ധ്യാപകാരെല്ലാം തന്നെ ക്രിസ്ത്യന്‍ മിഷനറിമാര്‍കൂടിയായിരുന്നു. അവരുടെ പ്രധാന ഉദ്ദേശ്യം ക്രിസ്തുമതം പ്രചരിപ്പിക്കുക എന്നുള്ളതായിരുന്നു. വിദ്യാലയത്തിന്റെ അകത്തും പുറത്തുംവച്ച് ആ ജോലി അവര്‍ നിര്‍വിഘ്‌നം നടത്തിക്കൊണ്ടാണിരുന്നത്. ഹിന്ദുമതത്തില്‍ട്ടെ വിദ്യാര്‍ത്ഥികളില്‍ ക്രിസ്തുമതവിശ്വാസം വളര്‍ത്തുവാന്‍ പ്രത്യക്ഷമായും പരോക്ഷമായും യത്‌നിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള പ്രയത്‌നത്തിന്റെ ഫലമായുണ്ടായതാണ് കോട്ടയത്തെ ഗൗരിയമ്മക്കേസ്. കോട്ടയത്തിനടുത്ത് പള്ളം എന്ന സ്ഥലത്ത് കോണ്‍വെന്റുവക ഒരു ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഉണ്ടായിരുന്നു. ബാലികമാര്‍ക്കു മാത്രമേ അതില്‍ പ്രവേശനമുണ്ടായിരുന്നുള്ളു.
ആ ഹൈസ്‌കൂളില്‍ 1918ല്‍ മറിയപ്പള്ളി സ്വദേശിനിയായ ഗൗരിയമ്മ എന്നൊരു നായര്‍ വിദ്യാര്‍ത്ഥിനി പഠിച്ചുകൊണ്ടിരുന്നു. കോണ്‍വെന്റിന്റെ നേതൃത്വം വഹിച്ചിരുന്നത് ഒരു മദാമ്മയാണ്. അവര്‍ പലവിധത്തിലുള്ള പ്രലോഭനങ്ങള്‍കൊണ്ട് ഗൗരിയമ്മയെ മാനസാന്തരപ്പെടുത്തി ക്രിസ്തുമതത്തില്‍ ചേര്‍ക്കാന്‍ നല്ലതുപോലെ ശ്രമിച്ചു. മൃദുലമാനസയായ ആ പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ വിടാതെ മദാമ്മ തന്റെകൂടെ താമസിപ്പിച്ച് ക്രിസ്തുമതോപദേശങ്ങള്‍ നല്കിക്കൊണ്ടിരുന്നു. ഈ വിവരമറിഞ്ഞ് സ്ഥലവാസികളായ ഹിന്ദുക്കള്‍ പ്രക്ഷുബ്ധരായി ആ കുട്ടിയെ വീണ്ടെടുക്കുവാന്‍ മുന്‍പോട്ടുവന്നു. അതറിഞ്ഞു മദാമ്മയും കൂട്ടരും ഗൗരിയമ്മയെ കോട്ടയം സി.എം.എസ്. കോളേജിനടുത്തുള്ള ''ആസ്‌ക്വിത്തു'' സായിപ്പിന്റെ ബംഗ്ലാവില്‍കൊണ്ടുചെന്ന് ഗോപ്യമായി താമസിപ്പിച്ചു. ശ്രീ ആസ്‌ക്വിത്തുസായി്പ്പ് അന്ന് കോട്ടയം സി.എം.എസ്. കോളേജില്‍ പ്രിന്‍സിപ്പാളായിരുന്നു. അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ ഗൗരിയമ്മ താമസിക്കുന്ന വിവരം അവളുടെ രക്ഷാകര്‍ത്താക്കള്‍ക്കെങ്ങനെയോ മനസ്സിലായി. അതനുസരിച്ച് ആ രക്ഷാകര്‍ത്താക്കളും ചില ബന്ധുക്കളുംകൂടി ആസ്‌ക്വിത്തിന്റെ സമീപത്തുചെന്ന് ഗൗരിയമ്മയെ തങ്ങളെ ഏല്പിക്കണമെന്ന് അപേക്ഷിച്ചു. പക്ഷേ, ഒരു പാതിരികൂടിയായിരുന്ന ആ ധ്വരവര്യന്‍ അവരുടെ അപേക്ഷയെ അവജ്ഞയോടുകൂടി തിരസ്‌കരിക്കുകയാണുണ്ടായത്. എല്ലാ മാര്‍ഗ്ഗങ്ങളില്‍ക്കൂടിയും ഗൗരിയമ്മയെ വീണ്ടെടുക്കാന്‍ ഹിന്ദുക്കള്‍ തീവ്രമായി പരിശ്രമിച്ചു. തന്നിമിത്തം കോട്ടയത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ അല്പമായി ഒന്നേറ്റുമുട്ടേണ്ടിയും വന്നു.
ആ ഘട്ടത്തില്‍, കോട്ടയത്തെ അഭിഭാഷകപ്രമാണികളായിരുന്ന ശ്രീ എസ്. കൃഷ്ണയ്യര്‍, സാഹിത്യപഞ്ചാനനന്‍ ശ്രീ പി.കെ. നാരായണപിള്ള. ശ്രീ എ. എന്‍ പണിക്കര്‍ മുതലായ മാന്യന്മാര്‍ ഹിന്ദുക്കളുടെ നേതൃത്വം ഏറ്റെടുത്ത് നിയമവശത്തുകൂടി ഗൗരിയമ്മയെ വീണ്ടെടുക്കുവാന്‍ തീരുമാനിച്ചു. അതനുസരിച്ച് ശ്രീ ഗൗരിയമ്മയുടെ പിതാവ് തന്റെ മകളെ വീണ്ടുകിട്ടണമെന്നു കാണിച്ച് മജിസ്‌ട്രേട്ടു മുമ്പാകെ ഒരുഹര്‍ജി സമര്‍പ്പിച്ചു. മതപരിവര്‍ത്തനം നടത്താതെ മൈനറായ ഗൗരിയമ്മയെ തിരിയെകിട്ടണമെന്നായിരുന്നു ആ ഹര്‍ജിയുടെ ചുരുക്കം. കുട്ടി മേജറാണെന്നും സ്വമനസ്സാലെ മതപരിവര്‍ത്തനത്തിനൊരുങ്ങിയതാണെന്നും ആസ്‌ക്വിത്ത് സായി്പ്പ് കോടതിയില്‍ വാദിച്ചു. ആ ഹര്‍ജിയെ സംബന്ധിച്ച് പ്രശസ്തരായ വക്കീലന്മാരുടെ വാദപ്രതിവാദങ്ങള്‍ കേട്ടതിനുശേഷം ഗൗരിയമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുവാന്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടു. എന്നാല്‍, ക്രിസ്ത്യന്‍സമുദായത്തിന്റെ പിന്‍ബലത്തോടുകൂടിയ സായിപ്പിന്റെ സ്വാധീനശക്തി അന്ന് ചില്ലറയൊന്നുമല്ലായിരുന്നു. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ മേല്‍ക്കോയ്മയില്‍ കഴിഞ്ഞിരുന്ന അന്നത്തെ തിരുവിതാംകൂറില്‍ യൂറോപ്യന്മാര്‍ യജമാനഭാവം നടിക്കുന്ന ഗര്‍വ്വിഷ്ഠന്മാര്‍ കൂടിയായിരുന്നു. അതിനാല്‍, ഗൗരിയമ്മയെ എന്തുവന്നാലും വിട്ടുകൊടുക്കയില്ലെന്ന് ആസ്‌ക്വിത്തുസായി്പ്പ് ശഠിച്ചു. അക്കാലത്തു കോട്ടയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നത് സുപ്രസിദ്ധനായ ശ്രീ പിച്ചുവയ്യങ്കാരായിരുന്നു. ധീരനായ അദ്ദേഹത്തിന്റെ സമയോചിതവും നയപരവുമായ നടപടിനിമിത്തം വലിയ കുഴപ്പമൊന്നും കൂടാതെ ഗൗരിയമ്മയെ സായിപ്പിന്റെ ബംഗ്ലാവില്‍നിന്ന് വീണ്ടെടുത്ത് പോലീസ് സംരക്ഷണയില്‍ പാര്‍പ്പിച്ചു. തുടര്‍ന്നുനടന്ന കേസുവിചാരണയുടെ ഫലമായി ഗൗരിയമ്മ മേജറാണെന്നും അവര്‍ക്കിഷ്ടംപോലെ പ്രവര്‍ത്തിക്കുവാന്‍ അധികാരമുണ്ടെന്നും മജിസ്‌ട്രേട്ട് വിധിച്ചു. കോടതിയില്‍ നിന്ന് സ്വതന്ത്രയായി വെളിയിലേയ്ക്കുവരുന്ന ശ്രീ ഗൗരിയമ്മയെ സ്വീകരിക്കുവാന്‍ ആസ്‌ക്വിത്തുസായിപ്പിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യാനികളും ശ്രീ ഇടത്തിറമ്പില്‍ കേശവക്കുറുിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളും തയ്യാറെടുത്തുനിന്നു. ആ സ്വീകരണത്തില്‍ രണ്ടുകൂട്ടരും തങ്ങളുടെ കായബലം നല്ലതുപോലെ പരീക്ഷിച്ചു നോക്കി. ശ്രീ കേശവക്കുറുപ്പിന്റെ സുദീര്‍ഘവും ബലിഷ്ഠവുമായ ശരീരത്തിന്റെ ശക്തിനിമിത്തം ഗൗരിയമ്മയെ ഹിന്ദുക്കള്‍ക്കുതന്നെ സ്വീകരിക്കുവാന്‍ കഴിഞ്ഞു. ഗൗരിയമ്മയെയുംകൊണ്ട് അവരുടെ രക്ഷാകര്‍ത്താക്കളുള്‍പ്പടെ ഹിന്ദുക്കള്‍ ബോട്ടുവഴി കോട്ടയത്തുനിന്ന് ചേര്‍ത്തലവരെ ഒരു ജൈത്രയാത്രനടത്തി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. ആ യാത്രയില്‍,ശ്രീമതി ഗൗരിയമ്മയെ, രാമന്‍പിള്ള എന്നു പേരുള്ള ഒരു കോളേജുവിദ്യാര്‍ത്ഥി ചേര്‍ത്തലവച്ച് വിവാഹം കഴിക്കുകയുണ്ടായി.
ശ്രീമതി ഗൗരിയമ്മ ക്രിസ്തുമതത്തിലേക്കു പോകാതെ വിവാഹിതയായി ഹിന്ദു സമുദായത്തില്‍ത്തന്നെ നില്ക്കാന്‍നിര്‍ബ്ബദ്ധയായെങ്കിലും, അവരുടെ ക്രിസ്തുമതവിശ്വാസം അത്രമാത്രം കൊണ്ടു മാറിയില്ല അവര്‍ വീണ്ടും ക്രിസ്തുമതത്തില്‍ ചേരുമെന്ന് പലരും ആശങ്കിച്ചു. അതുകൊണ്ട്, ഗൗരിയമ്മയുടെ രക്ഷാകര്‍ത്താക്കള്‍ അവരെയുംകൊണ്ട് അന്നു മന്നക്കുന്നത്തുംഗ്ലാവില്‍ വിശ്രമിച്ചിരുന്ന ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികളുടെ സമീപത്തില്‍ ചെന്നുചേര്‍ന്നു. സ്വാമിജിയുടെ കുറച്ചുസമയത്തെ ഉപദേശംകൊണ്ടുതന്നെ ഗൗരിയമ്മയ്ക്ക് ഹിന്ദുമതത്തില്‍ നല്ല വിശ്വാസമുണ്ടായി. മദാമ്മയില്‍നിന്നു കേട്ടുമന സ്സിലാക്കിയിരുന്ന ഹിന്ദുമതത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളെല്ലാം തെറ്റാണെന്നും എല്ലാ മതങ്ങളിലുംവച്ച് പുരാതനവും വിശിഷ്ടവുമായ ഒന്നാണ് തന്റെ ഹിന്ദുമതം എന്നും കൂടി ഗൗരിയമ്മയ്ക്കു മന സ്സിലാക്കിക്കൊടുക്കാന്‍ സ്വാമിജിക്ക് കഴിഞ്ഞു. അവര്‍ പിന്നീട് സ്വാമിജിയെ സന്ദര്‍ശിച്ച് അവിടുത്തെ ഉപദേശങ്ങള്‍ കേട്ടുകൊണ്ടിരുന്നു. സ്വാമിജി അവര്‍ക്കു ചില അനുഷ്ഠാനക്രമങ്ങളും ഉപദേശിച്ചുകൊടുത്തു. സമുദായത്തിന് വരുത്തിയ അപമാനത്തെ പരിഹരിക്കേണ്ടതുണ്ടെന്നും അതിനു സ്വാമിജി തന്നെ വഴികാട്ടണം എന്നും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സ്വാമിജിയുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും കൊണ്ട് സാമുദായികാഭിവൃദ്ധിയോടും ആത്മീയോന്നമനത്തോടുംകൂടി അവര്‍ ജീവിച്ചു. പിന്നീട് ഒരദ്ധ്യാപികയായി ജോലിനോക്കിയതിനുശേഷം പുത്രപൗത്രാദികളോടുകൂടി അവര്‍ സസുഖം ജീവിച്ചു എന്നാണു അറിവ്.
ശ്രീ ഗൗരിയമ്മയുടെ മതപരിവര്‍ത്തനസംരംഭം തിരുവിതാംകൂറിലെ ഹിന്ദുക്കളുടെ ഹൃദയത്തെ ഒന്നു തട്ടി ഉണര്‍ത്തുകതന്നെചെയ്തു. അതിന്റെ ഫലമായി പല സ്ഥലത്തും പ്രതിഷേധപ്രകടനങ്ങളും ഹിന്ദുസാമാന്യത്തിന് മതാഭിമാനം വളര്‍ത്തത്തക്ക പ്രവര്‍ത്തനങ്ങളും തുടങ്ങി. കോട്ടയത്ത് മതാഭിമാനികളായ ശ്രീ എ.എന്‍. പണിക്കര്‍ ബി.എ.ബി.എല്‍. ശ്രീ ഇടത്തിറമ്പില്‍ കേശവക്കുറുപ്പ് തുടങ്ങിയ പ്രമാണികള്‍ മതവിദ്വേഷം വളര്‍ത്തത്തക്കവിധത്തിലുള്ള ക്രിസ്ത്യാനികളുടെ മതപരിവര്‍ത്തന പരിശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിന് പല പദ്ധതികളും തയ്യാറാക്കി. സാമാന്യജനങ്ങളുടെയിടയില്‍ ഹിന്ദുമതബോധം വളര്‍ത്തുവാനുള്ള പരിപാടികള്‍ക്കാണ് അവയില്‍ പ്രാമാണ്യം കല്പിക്കപ്പെട്ടത്. അതിനുവേണ്ടി ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികളെത്തന്നെ ആചാര്യനായി ആ മാന്യന്മാര്‍ വരിച്ചു.
അതനുസരിച്ച്, മതവിഷയകമായ പ്രസംഗപരമ്പരയാണ് സ്വാമിജി നടപ്പില്‍വരുത്തിയത്. തിരുനക്കര അമ്പലത്തിനു മുന്‍വശത്തുണ്ടായിരുന്ന ആല്‍ത്തറയ്ക്കല്‍നിന്ന് പകല്‍ അഞ്ചുമണിമുതല്‍ രണ്ടും മൂന്നും മണിക്കൂര്‍നേരം തുടര്‍ച്ചയായി സ്വാമിജി പ്രസംഗപരമ്പര നടത്തിക്കൊണ്ടിരുന്നു. സ്വാമിജിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കുവാന്‍ സര്‍വമതാവലംബികളും പ്രസംഗരംഗത്തേക്കു വന്നുകൊണ്ടാണിരുന്നത്. അന്ന് ഹിന്ദുമതപ്രഭാഷകന്മാരില്‍ പലരും ക്രിസ്തുമതത്തേയും ക്രിസ്തുമതപ്രഭാഷകന്മാരില്‍ പലരും ഹിന്ദുമതത്തേയും എതിര്‍ത്തും നിന്ദിച്ചുമാണ് സാധാരണ പ്രസംഗം നടത്തിയിരുന്നത്. എന്നാല്‍, സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ ആ രീതിയിലല്ലായിരുന്നു.
എല്ലാ മതങ്ങളുടേയും സാരം ഈശ്വരസാക്ഷാത്ക്കാരമാണെന്നു തെളിയിച്ചുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നത്. ഉപനിഷത്തുകള്‍, ഗീതകള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ മുതലായവയില്‍
നിന്നെന്നപോലെ ബൈബിളില്‍നിന്നും ഖുറാനില്‍ നിന്നും ''ധര്‍മ്മപദ''ത്തില്‍നിന്നും അനേകംവാക്യങ്ങളുദ്ധരിച്ച് സര്‍വ്വമതസാമരസ്യം ശ്രോതാക്കള്‍ക്കദ്ദേഹം തെളിയിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍, എല്ലാ മതക്കാരും മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ദുരാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും അദ്ദേഹം അപലപിക്കുവാന്‍ മടിച്ചിരുന്നില്ല. സ്വസമുദായത്തില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കുവാനുള്ള ക്രിസ്ത്യാനികളുടെ മതപരിവര്‍ത്തനസംരംഭത്തെ ആ പ്രസംഗപരമ്പരയില്‍ സ്വാമിജി നിശിതമായി വിമര്‍ശിക്കുമായിരുന്നു. യഥാര്‍ത്ഥമതപരിവര്‍ത്തനമെന്നു പറയുന്നത് മനുഷ്യമനസ്സ് ഈശ്വരാഭിമുഖമായിത്തീരുകയാണെന്നായിരുന്നു അവിടുത്തെവാദം. അതിനുവേണ്ടി ശ്രമിക്കുവാന്‍ സ്വാമിജി സകല മതക്കാരെയും ആഹ്വാനം ചെയ്യുമായിരുന്നു. മതബോധവും മാനസികസംസ്‌കാരവും ഇല്ലാത്തവരുടെ അന്യമതത്തിലേയ്ക്കുള്ള മാറ്റം മതപരിവര്‍ത്തനമല്ല സമുദായപരിവര്‍ത്തനമാണ് എന്നദ്ദേഹം സയുക്തികം സ്ഥാപിച്ച് പലപ്രഭാഷണങ്ങളും അക്കാലത്ത് നടത്തിയിട്ടുണ്ട്.
സ്വാമിജിയുടെ പ്രസംഗം കേള്‍ക്കുവാന്‍ ഹിന്ദുക്കളെപ്പോലെ തന്നെ ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും വലിയ താത്പര്യമായിരുന്നു. അന്ന് റസല്‍മിഷ്യനിലെ ജോസഫ്, ഉമ്മന്‍ എന്ന രണ്ടു പ്രവര്‍ത്തകന്മാര്‍ സ്വാമിജിയുടെ പ്രഭാഷണം കേള്‍ക്കാന്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. അവര്‍ രണ്ടുപേരും ക്രമേണ സ്വാമിജിയുടെ ആരാധകാരും വേദാന്തികളുമായിത്തീര്‍ന്ന കഥ പ്രസ്താവ്യമാണ്. കൂടാതെ, കോട്ടയത്തുള്ള കോളേജിലും ഹൈസ്‌കൂളുകളിലും പഠിച്ചിരുന്ന ഹിന്ദു വിദ്യാര്‍ത്ഥികള്‍ സ്വാമിജിയുടെ പ്രസംഗസ്ഥലത്ത് ഹാജരായിക്കൊണ്ടിരുന്നു. അവരില്‍ പലരും പില്ക്കാലത്ത് അദ്ദേഹത്തിന്റെ ശിഷ്യാരായിത്തീര്‍ന്നിട്ടുണ്ട്.
ബ്രിട്ടീഷ്‌കാരുടെ കാലത്ത് തന്നെ കേരളത്തില്‍ വിദ്യാര്‍ഥികളില്‍ മതപരിവര്‍ത്തനം ചെയ്യുവാന്‍ പാതിരിമാര്‍ ശ്രമിച്ചതിന്റെ ചരിത്രപരമായ തെളിവാണ് ഗൌരിയമ്മക്കേസ്. അത് അക്കാലത്ത് ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമിജിയുടെ പ്രസംഗങ്ങള്‍ കൊണ്ടും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും ജനങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ മതബോധം ഉണ്ടാക്കുവാനും സഹായിച്ചു എന്നത് പ്രസ്താവ്യമാണ്.
അവലംബം : ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ ജീവചരിത്രം(ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍)

https://www.facebook.com/groups/450064555118899/permalink/492273527564668/?__mref=message_bubble