Showing posts with label Malabar. Show all posts
Showing posts with label Malabar. Show all posts

ദശാവതര ക്ഷേത്രങ്ങൾ

ദശാവതാര കഥകൾ പറഞ്ഞും കേട്ടും മതിവരാത്തവരായ് ആരുമുണ്ടാവില്ല, എന്നാൽ ദശാവതാര ക്ഷേത്രങ്ങളെല്ലാം ഒരു ദേശത്ത് വെറും 6 കിലോമീറ്റർ ചുറ്റളവിനുള്ളിൽ എന്നത് ആശ്ചര്യവും അതിലുപരി അറിവുമായിരിക്കും.

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ എന്ന സ്ഥലത്താണ് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ഐതിഹ്യവും പവിത്രതയും നിറഞ്ഞു നിൽക്കുന്ന ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്.

ജലസമൃദ്ധവും വറ്റാത്ത നീരുറവകളുമുള്ള പൊൻകുന്ന് മലയുടെ താഴ്വാരങ്ങളിലാണ് ഈ ദശാവതാര ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ഇതിൽ മത്സ്യം, കൽക്കി പ്രതിഷ്ടകൾ മറ്റെവിടെയുമില്ല. ഒരു ശ്രീചക്രം വരച്ചു കഴിഞ്ഞാൽ ഈ പത്ത് ക്ഷേത്രങ്ങളും അതിൽ ഉൾപ്പെടും. കാക്കൂർ എന്ന സ്ഥലപേരിനു പോലും വിഷ്ണുവിന്റെ അവതാരമായ് ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്, കൽക്കി വാഴുന്ന ഊര് എന്ന അർത്ഥത്തിൽ കൽക്കിയൂർ എന്നറിയപ്പെടുകയും പിന്നീട് അത് കാക്കൂർ എന്നായ് മാറിയതുമാണത്രെ. ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണത്തിന്റെയും ഭാഗമായി മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടിരുന്നു, എന്നാൽ ഇന്ന് ഇവയിൽ മിക്കവയും നാട്ടുകാരുടേയും ഭക്തരുടേയും ശ്രമഫലമായി പുനരുദ്ധാരണ പ്രവൃത്തികൾ നടന്നു വരികയാണ്.

1. മത്സ്യം :- പെരുമീൻപുറം ശ്രീ വിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ ഒമ്പതേ അഞ്ചിൽ (9/5) നിന്ന് 500 മീറ്റർ അകലെ പൊൻകുന്ന് മലയുടെ താഴ്വരയി മതസ്യാവതാര ക്ഷേത്രം. ഭഗവാന്റെ പ്രതിഷ്ഠക്കു പുറമെ ഗണപതിയും പത്നീ സമേതനായ ശാസ്താവ്യമുണ്ട്‌. ഇവിടെ വൈശാഖ മാസത്തിൽ മീനൂട്ട് ഉത്സവം നടക്കുന്നു. ദശാവതാര ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനം ഈ ക്ഷേത്രത്തിനാണ്.

2. കൂർമ്മം:- ആമമംഗലം വിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നേ നാലിൽ (11/4) റോഡരികിലാണ് കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം മഹാവിഷ്ണു ക്ഷേത്രം. പ്രധാന ശ്രീകോവിലിന്റെ വശങ്ങളിലായി ഭദ്രകാളി, അയ്യപ്പൻ, ഗണപതി, ദക്ഷിണാമൂർത്തി, ദുർഗാഭഗവതി എന്നീ പ്രതിഷ്ഠകളുണ്ട്. മിഥുന മാസത്തിലെ രോഹിണി നക്ഷത്രത്തിൽ പ്രത്യേക പൂജകൾ നടന്നുവരുന്നു. ആമവാതം പിടിപെട്ട പലരും ദൂരെ ദിക്കിൽ നിന്നും വിശേഷാൽ പൂജകൾക്കും മറ്റുമായി വരാറുണ്ട്.

3. വരാഹം :- പന്ന്യംവള്ളി വാര്യംമഠം മഹാവിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ നന്മണ്ടയിൽ നിന്ന് കുറച്ച് മാറി പൊൻകുന്ന് മലയുടെ കിഴക്കൻ ചെരുവിലാണ് കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന വരാഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വട്ടത്തിലുള്ള ശ്രീകോവിലിൽ ഭഗവാന്റെ പ്രധാന പ്രതിഷ്ഠയും ചുറ്റമ്പലത്തിന് പുറത്തായ് ഗണപതിയുെടേയും ഭഗവതിയുടേയും അയ്യപ്പന്റെയും ഉപപ്രതിഷ്ഠകളുമുണ്ട്. മീനമാസത്തിലെ കറുത്ത പഞ്ചമി നാളിലാണ് വരാഹമൂർത്തി അവതരിച്ചത്, അതുകൊണ്ട് തന്നെ എല്ലാ വർഷവും ഈ ദിവസമാണ് ക്ഷേത്രോത്സവം.

4. നരസിംഹം :- നടുവല്ലുർ തൃക്കോയിക്കൽ ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നാം മൈലിൽ നിന്ന് കുറച്ച് അകലെയായി നടുവല്ലൂരിലാണ് നരസിംഹ ക്ഷേത്രം. ശ്രീകോവിലിനു സമീപത്തായി ഗണപതി, ശിവൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുണ്ട്.

5. വാമനൻ :- തീർഥങ്കര വാമന ക്ഷേത്രം
നരസിംഹ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരെ തീർഥങ്കരയിലാണ് വാമനാവതാരം കുടികൊള്ളുന്നത്.ഗൗതമ മുനിയുടെ ശംഖതീർഥത്തിന്റെ കരയിലായിരുന്നത്രെ പരശുരാമൻ വാമന ക്ഷേത്രം സ്ഥാപിച്ചത് അതുകൊണ്ടാണ് ഈ ക്ഷേത്രം തീർഥങ്കര വാമന ക്ഷേത്രം എന്നറിയപ്പെട്ടത് എന്നാണ് വിശ്വാസം. ഈ ക്ഷേത്രം ഇപ്പോഴും തകർന്നു കിടക്കുകയാണ് ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും ഇവിടെ കാണാനില്ല. പൊൻകുന്നം മലയുടെ ഒരു ഭാഗത്തുള്ള പാലമരത്തിന്റെ ചുവട്ടിൽ ഒരു ഗുഹ മാത്രം അവശേഷിക്കുന്നു. ഗുഹയ്ക്ക് കുറച്ച് അപ്പുറം ചെറിയൊരു വെള്ളച്ചാട്ടമുണ്ട് അതിനു താഴെ വാമനമൂർത്തിയുടെ ചെറിയ ഒരു വിഗ്രഹം ഉണ്ടായിരുന്നു.

6. പരശുരാമൻ:-
ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട ക്ഷേത്രമാണിത്, ഈ ക്ഷേത്രവും ഇപ്പോഴും തകർന്ന് കിടക്കുകയാണ്. ഇന്നും പുനരുദ്ധാരണം നടക്കാതെ കിടക്കുന്ന ഏക ദശാവതാരക്ഷേത്രം ഇതാണ്. ഇപ്പോൾ കാക്കൂർ പോലീസ് സ്റ്റേഷൻ നില നിൽക്കുന്ന പറമ്പിലാണ് പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രത്തിന്റെത് എന്ന് കരുതുന്ന ഒരു തറയും ചതുരക്കിണറും ഇപ്പോഴും സ്റ്റേഷൻ കോമ്പൗണ്ടിലുണ്ട്.

7. ശ്രീരാമൻ :- രാമല്ലൂർ ശ്രീരാമക്ഷേത്രം
രാമല്ലൂർ എന്ന സ്ഥലത്താണ് ശ്രീരാമസ്വാമി ക്ഷേത്രമുള്ളത്. രാമല്ലുരിന്റ ദേശക്ഷേത്രമായ് കണക്കാക്കുന്നത് ഈ ശ്രീരാമ ക്ഷേത്രത്തെയാണ്. ചുറ്റമ്പലത്തോട്ടം ബലിക്കൽ പുരയോടും കൂടി പഴയ രീതിയിൽ തന്നെയാണ് ഇന്നും ക്ഷേത്രം നിലനിൽക്കുന്നത്. എല്ലാ വർഷവും കർക്കിട മാസത്തിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും രാമായ പാരായണവും നടത്തി വരുന്നു, കൂടാതെ ശ്രീരാമനവമി ആഘോഷവുമുണ്ട്. പ്രധാന പ്രതിഷ്ഠക്കു പുറമെ ഗണപതി, ശാസ്താവ് എന്നീ ഉപദേവൻമാരേയും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

8. ബലരാമൻ :- കാവിൽ ബലരാമ ക്ഷേത്രം
രണ്ടായിരം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കാലാന്തരത്തിൽ ക്ഷേത്രം ക്ഷയിക്കുകയും വിഗ്രഹം ഉടയുകയും ചെയ്തിരുന്നു. ഇപ്പോൾ ക്ഷേത്രം പുരോഗതിയിലാണ്, നിത്യ പൂജയും തുടങ്ങി. ഏറ്റവും ഒടുവിൽ നിർമ്മിച്ച ക്ഷേത്രമാണിത് ഇനി പുന: പ്രതിഷ്ഠ നടത്തണം.

9. ശ്രീകൃഷ്‌ണൻ :- ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം
കാവിൽ ബലരാമക്ഷേത്രത്തിൽ നിന്നും കുറച്ച് മാറി ഈന്താട് എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രമുള്ളത്. വയലിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബലരാമനും ശ്രീകൃഷ്ണനും സഹോദരൻമാരായതിനാൽ രണ്ടു ക്ഷേത്രവും ഒരേ ദിശയിലാണ് ഉള്ളത്, പരസ്പരം മുഖം നോക്കി നിൽക്കുന്ന ഘടനയിലാണു പ്രതിഷ്ഠകൾ.

10. കൽക്കി :-
ഭഗവാന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ക്ഷേത്രത്തെക്കുറിച്ച് നാട്ടുകാർക്ക് രണ്ടഭിപ്രായമാണ്. അതിൽ ഒന്ന് പെരുമീൻപുറത്തു നിന്ന് കുറച്ചകലെ അമ്പലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു ചതുരക്കിണർ ഉണ്ടായിരുന്നു, അവിടെയാവാം കൽക്കിയുടെ ക്ഷേത്രമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റൊന്ന് കലിയുഗത്തിനൊടുവിൽ മാത്രമെ കൽക്കിയുടെ ക്ഷേത്രം സ്ഥാപിതമാവു എന്നു ചിലർ വിശ്വസിക്കുന്നു.

രാമായണമാസത്തിൽ ഈ ദശാവതാര ക്ഷേത്രങ്ങളിൽ എല്ലാം ഒരേ ദിവസം ദർശനം ലഭിക്കുക എന്നത് പുണ്യമായി കരുതുന്നു.

കൊട്ടിയൂര്‍ മാഹാത്മ്യം

ആചാര വൈവിധ്യത്തിലും ഉപചാര പൊരുളിലും വ്യതിരിക്തത പുലര്‍ത്തുന്ന ശ്രീ കൊട്ടിയൂര്‍ പെരുമാളിന്റെ തിരുസന്നിധിയില്‍ വ്രതശുദ്ധിയുടെ ഉത്സവകാലത്തിന് 31 ന് നീരെഴുന്നളളത്തോട ആരംഭം കുറിയ്ക്കും. കൈലാസനാഥന്റെ ജടപ്പൂക്കള്‍ ഭക്തിസാന്ദ്രമായ വിശ്വാസത്തിന്റെ ചിഹ്നങ്ങളായി സങ്കല്‍പ്പിച്ച് ഓടപ്പൂവ് വാങ്ങി മടങ്ങുന്ന കൊട്ടിയൂരിലെ ഉത്സവം കേരളത്തിലെ മറ്റു ക്ഷേത്ര ഉത്സവസമയങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും ചിട്ടകളില്‍ നിന്നും വിഭിന്നമാണ്. കത്തിയെരിയുന്ന ഗ്രീഷ്മകാലത്തിന്റെ വറുതിയില്‍ നിന്നും ഭക്ത മനസ്സുകളില്‍ ആശ്വാസത്തിന്റെ നിര്‍വൃതിദായകമായ കുളിര്‍ മഴ പെയ്യുന്നതോടെയാണ് പരിപാവനമായ ഈ ചൈതന്യ ഭൂമിയില്‍ പെരുമാളിന്റ മഹോത്സവത്തിന് കൊടിയേറുന്നത്.
ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം. ഭണ്ഡാരം എഴുന്നള്ളത്തുനാള്‍ മുതല്‍ ഉത്രാടം നാളുവരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം. ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍, ദക്ഷന്‍ യാഗം നടത്തിയ സ്ഥലമാണെന്ന് വിശ്വസിച്ചു പോരുന്നു. കേരളത്തില്‍ ശബരിമല കഴിഞ്ഞാല്‍ ഉല്‍സവകാലത്ത് കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂര്‍.
കണ്ണൂര്‍ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേര്‍ന്നാണ് കൊട്ടിയൂര്‍ ദേശം. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്ക്കുന്നു. പുഴയുടെ തെക്കുഭാഗത്താണ് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരില്‍ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടാവില്ല.
മേടമാസം വിശാഖം നാളില്‍ ഉത്സവത്തെക്കുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരില്‍ പ്രാക്കൂഴം ചടങ്ങോടെയാണ് ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. ഇരുപത്തിയെട്ടു ദിവസം നീളുന്ന വൈശാഖ ഉത്സവം തീരുമ്പോള്‍ പൂജകള്‍ മുഴുവനാകരുതെന്നാണ് വൈദികവിധി. ഉത്സവം തുടങ്ങുന്നത് കഴിഞ്ഞ കൊല്ലം മുഴുവനാകാതിരുന്ന പൂജകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ്.
നീരെഴുന്നള്ളത്ത് സംഘം ഇക്കരെ കൊട്ടിയൂരില്‍നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും ഒറ്റപ്പിലാന്‍ എന്ന കുറിച്യസ്ഥാനികന്റെയും നേതൃത്വത്തില്‍ ബാവലിയില്‍ സ്‌നാനം നടത്തി കൂവയിലയില്‍ ബാവലിതീര്‍ഥം ശേഖരിച്ച് അക്കരെ ദേവസ്ഥാനത്ത് എത്തും. ബാവലി തീര്‍ഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും. ഇടവത്തിലെ ചോതി നാളില്‍ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവില്‍ നിന്നു വാള്‍ എഴുന്നള്ളത്ത് ഇക്കരയിലെത്തും.
കുറ്റ്യാടി ജാതിയൂര്‍ മഠത്തില്‍ നിന്നുള്ള അഗ്‌നി ഉപയോഗിച്ച് ചോതി വിളക്ക് തെളിയിക്കും. ഉത്സവം തുടങ്ങുന്നത് അഷ്ടബന്ധം നീക്കികൊണ്ടാണ്, ഉല്‍സവം കഴിഞ്ഞാല്‍ ബിംബം അഷ്ടബന്ധമിട്ട് മൂടുകയാണ് പതിവ്. പിന്നെ അടുത്ത ഉല്‍സവം വരെ 11 മാസം നിത്യപൂജയില്ല. മൂന്നാം ദിവസമായ വൈശാഖത്തില്‍ ഭണ്ഡാരം എഴുന്നെള്ളിപ്പാണ്.
കൊട്ടിയൂരിനടുത്തുള്ള മണത്തണയിലെ കരിമ്പനയ്ക്കല്‍ ഗോപുരത്തില്‍ സൂക്ഷിച്ച ഭണ്ഡാരങ്ങള്‍ വാദ്യമേളങ്ങളോടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരും. ഇതിനുശേഷമാണ് നെയ്യാട്ടം. അതിനുശേഷം മാത്രമേ സ്ത്രീ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉള്ളൂ. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് കൊണ്ടുവരുന്നത്.
നെയ്യാട്ടം കഴിഞ്ഞാല്‍ ഇളനീരാട്ടമാണ്. മലബാറിലെ തിയ്യസമുദായക്കാരാണ് ഇതിനു വേണ്ട ഇളനീരുകള്‍ എത്തിക്കുന്നത്. ഇതിനായി അവര്‍ വിഷു മുതല്‍ വ്രതം ആരംഭിക്കുന്നു. ഭക്തര്‍ ആയിരക്കണക്കിന് ഇളനീരുകള്‍ ശിവലിംഗത്തിനു മുമ്പില്‍ സമര്‍പ്പിക്കും. തൊട്ടടുത്ത ദിവസം മേല്‍ശാന്തി ഇളനീര്‍ ശിവലിംഗത്തിനു മേല്‍ അഭിഷേകം ചെയ്യും. ഇത് ഇളനീരാട്ടം എന്നറിയപ്പെടുന്നു.
ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ശിവന്‍ കോപാകുലനായിരിക്കും, കോപം തണുക്കാനാണ് നീരഭിഷേകം, ഇള നീരഭിഷേകം, കളഭാഭിഷേകം എന്നിവ നിര്‍ത്താതെ ചെയ്യുന്നതെന്നാണ് വിശ്വാസം. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് രോഹിണി ആരാധന അല്ലെങ്കില്‍ ആലിംഗന പുഷ്പാഞ്ജലി. വിഗ്രഹത്തെ ശൈവസാന്ത്വനത്തിനായി പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും.
രണ്ട് ആനകളുടെ പുറത്ത് ശിവനേയും പാര്‍വതിയേയും എഴുന്നള്ളിയ്ക്കുന്ന ചടങ്ങും ഉത്സവത്തിന്റെ ഭാഗമായുണ്ട്. മകം നാള്‍ മുതല്‍ സ്ത്രീകള്‍ക്ക് കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. കലങ്ങള്‍ ഉപയോഗിച്ചാണ് മകം, പൂരം, ഉത്രം നാളുകളിലുള്ള ഗൂഢ കര്‍മ്മങ്ങള്‍ നടക്കുന്നത്. ഇത് കഴിഞ്ഞ് അത്തം നാളില്‍ അഭിഷേക പൂജ. കലശപൂജയും ചിത്തിര നാളില്‍ കലശലാട്ടവും നടക്കും. അതിനു മുമ്പായി ശ്രീകോവില്‍ പൊളിച്ച് മാറ്റും. ഇതിനുശേഷം കളഭാഭിഷേകം എന്നറിയപ്പെടുന്ന തൃക്കലാട്ടത്തോടെ ഉത്സവം സമാപിക്കും.
പിന്നെ അക്കരെ കൊട്ടിയൂരില്‍ അടുത്ത വര്‍ഷത്തെ ഉത്സവം വരെ ആര്‍ക്കും പ്രവേശനമില്ല. കൊട്ടിയൂര്‍ ഉത്സവത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ് ഓടപ്പൂക്കള്‍. ദക്ഷന്റെ താടിയുടെ പ്രതീകമാണ് ഓടപ്പൂ. ഇത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഉത്സവ സ്ഥലത്തെ കടകളില്‍ നിന്നും വില കൊടുത്താല്‍ ലഭ്യമാകും. ഉത്സവത്തിനെത്തി ദേവനെ കണ്ട് വണങ്ങി മടങ്ങുന്നവര്‍ ഇവ വാങ്ങി വീട്ടില്‍ കൊണ്ടുപോയി ഉമ്മറ വാതിലിലോ പൂജാമുറി വാതിലിലോ തൂക്കുന്നത് ഉത്സവ കാലത്തെ പ്രത്യേകതയാണ്. ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം.
പരമശിവനെ, സതി വിവാഹം ചെയ്തത് ഇഷ്ടപ്പെടാതെ പിതാവ്, ദക്ഷന്‍ ശിവനൊഴികെ പതിനാലുലോകത്തെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാന്‍ പോയിയെന്നും അവിടെവച്ച് പരമശിവനെ ദക്ഷന്‍ അവഹേളിച്ചതില്‍ ദുഃഖിതയായ സതീദേവി യാഗാഗ്‌നിയില്‍ ചാടി ജീവനൊടുക്കിയെന്നുമാണ് വിശ്വാസം. കൈലാസത്തിലിരുന്ന പരമശിവന്‍ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചുവെന്നും ഇതില്‍ നിന്നും വീരഭദ്രന്‍ ജനിച്ചുവെന്നും പുരാണകഥകളില്‍ പരാമര്‍ശിക്കുന്നു.
വീരഭദ്രന്‍ യാഗശാലയില്‍ ചെന്ന് ദക്ഷന്റെ താടി പറിച്ചെറിയുകയും ശിരസ് ഛേദിക്കുകയും ചെയ്തു. ശിവന്‍ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മാവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ദക്ഷന്റെ തല അതിനിടയില്‍ ചിതറി പോയതിനാല്‍ ആടിന്റെ തല ചേര്‍ത്ത് ശിവന്‍ ദക്ഷനെ പുനര്‍ജീവിപ്പിച്ചു. യാഗവും പൂര്‍ത്തിയാക്കിയന്നാണ് വിശ്വാസം. പിന്നീട് ആ പ്രദേശം വനമായിമാറി.
മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പര്‍ണ്ണശാലകളും കുടിലുകളും ചേര്‍ന്നതാണ് താല്‍ക്കാലിക ക്ഷേത്ര സമുച്ചയം. ബാവലിയില്‍ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയല്‍ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്. ഉല്‍സവകാലത്ത് 34 താല്‍ക്കാലിക ഷെഡ്ഡുകള്‍ കെട്ടും. അമ്മാറക്കല്ലിന് മേല്‍ക്കൂരയില്ല.
ഒരു ഓലക്കുടയാണ് ഉള്ളത്. പ്രകൃതിയോട് ഇണങ്ങി ചേര്‍ന്ന് നില്‍ക്കുന്ന ഉത്സവം,ഹൈന്ദവ വിശ്വാസികളായ എല്ലാ വിഭാഗക്കാര്‍ക്കും ആചാരപരമായി ചടങ്ങുകളുള്ള ഉത്സവം, വനവാസികള്‍ തൊട്ട് നമ്പൂതിരിമാര്‍ വരെയുള്ള അവകാശികള്‍ ഒന്നിച്ച് ഏകാത്മഭാവത്തോടെ നടത്തുന്ന അപൂര്‍വ്വം ഉത്സവങ്ങളിലൊന്നാണ് കൊട്ടിയൂര്‍ ഉത്സവം.


ജന്മഭൂമി: http://www.janmabhumidaily.com/news634904#ixzz4kAuznaU7

തൃച്ചംബരത്തെ കുട്ടിക്കളികള്‍

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളില്‍ ഒന്നാണ് തൃച്ചംബരത്ത് ഉത്സവം. കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ ആവാസ കേന്ദ്രമായ പെരുംചെല്ലൂര്‍ ഗ്രാമത്തിലെ (ഇന്നത്തെ തളിപ്പറമ്പ്) പുരാതന സംസ്‌കൃതിയുടെ പ്രതീകം കൂടിയാണിത്. ഇത്രമേല്‍ ചിട്ടപ്പെടുത്തിയ എറ്റവും ആദ്യത്തെ ഉത്സവാഘോഷം എന്ന പ്രശസ്തി തൃച്ചംബരം ഉത്സവത്തിനു സ്വന്തമാകും.
ബി.സി. രണ്ടാം നൂറ്റാണ്ടു മുതല്‍ക്കുള്ള രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രമാണ് പെരുംചെല്ലൂര്‍ എന്ന ഇന്നത്തെ തളിപ്പറമ്പ് ദേശത്തിനു ഉള്ളത്. സംഘകാല സാഹിത്യങ്ങളില്‍ പരാമര്‍ശമുള്ള കേരളത്തിലെ ഏക ബ്രാഹ്മണ അധിവാസമേഖല കൂടിയാണ് പെരുംചെല്ലൂര്.. സംഘകാല സാഹിത്യമായ അകനാനൂര്‍ എന്ന തമിഴ് കാവ്യത്തില്‍ പെരുംചെല്ലൂരില്‍ വസന്തകാലത്ത് നടക്കുന്ന ഒരു പ്രസിദ്ധമായ ഉത്സവത്തെ ക്കുറിച്ച് പരാമര്‍ശം ഉണ്ട്. അതി ഗംഭീരമായ ഈ ഉത്സവം കാണാന്‍ നായകന്‍ നായികയെ ക്ഷണിക്കുന്നതാണ് ഈ പരാമര്‍ശം. അതായത് ക്രിസ്തു വര്‍ഷാരംഭത്തിനു മുമ്പേ തമിഴ് മേഖലകളിലും പ്രസിദ്ധിയാര്‍ജ്ജിച്ച മഹോത്സവം.
സംഘകാലത്തിനു ശേഷം തമിഴ് സാഹിത്യ രംഗത്ത് ശക്തി പ്രാപിച്ച മറ്റൊരു ഒരു സാഹിത്യ ശാഖയാണ് അന്താദി പ്രസ്ഥാന കാലം. എ.ഡി. അഞ്ചാം നൂറ്റാണ്ടിനോട് അടുപ്പിച്ച് അന്താദി പ്രസ്ഥാനത്തിന്റെ ആരംഭം. ഒരു ശ്ലോകത്തിന്റെ അവസാന പദം അടുത്ത ശ്ലോകത്തിന്റെ ആദ്യം ആകുന്ന തരത്തില്‍ ആണ് ഈ സാഹിത്യ പ്രസ്ഥാനത്തിലെ കൃതികള്‍ കാണുന്നത്. ഈ ശൈലിയില്‍ ഭക്തിരസത്ത്തിനു പ്രാധാന്യം കൊടുത്ത് കൊണ്ട് രചിക്കപ്പെട്ട കൃതിയാണ് തൃച്ചംബരത്ത് അന്താദി.
കേരളത്തിലെ ഏതെങ്കിലും ഒരു ഉത്സവത്തെക്കുറിച്ച് വര്‍ണ്ണിക്കുന്ന ആദ്യത്തെ കൃതിയായി ഇതിനെ വിശേഷിപ്പിക്കാം. കൊടും തമിഴില്‍ രചിച്ചിട്ടുള്ള ഈ കൃതിയില്‍ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തെക്കുറിച്ചും ഇവിടത്തെ പ്രസിദ്ധമായ ഉത്സവത്തെക്കുറിച്ചും എല്ലാം ആണ് വര്‍ണ്ണിച്ചിരിക്കുന്നത്. ബലഭദ്ര സ്വാമിക്ക് ഒപ്പം കൃഷ്ണനും ഗോപാലകരും നടത്തി വന്ന ബാല ലീലകള്‍ കുഭമാസത്തില് ഇവിടെ അവതരിപ്പിക്കുന്നതിന്റെ സമ്പൂര്‍ണ്ണ വര്‍ണ്ണനകള്‍ കാവ്യ ഭംഗിയോടെ ഈ കൃതിയില്‍ പ്രസ്താവിച്ചിരിക്കുന്നു.
ശങ്കര കവി രചിച്ച സംസ്‌കൃത കാവ്യമായ തൃച്ചംബരേശ സ്തുതി, 12 ാം നൂറ്റാണ്ടില്‍ മലയാളത്തില്‍ രചിച്ച കനക കിരീടം പാട്ട് എന്നിവയിലും തൃച്ചംബരത്തെ ഉത്സവ വര്‍ണ്ണന കാണാം.
ഉത്സവ സമ്പ്രദായങ്ങള്‍
കംസവധം കഴിഞ്ഞ ഭാവത്തില്‍ ആണ് ഇവിടത്തെ ശ്രീകൃഷ്ണ സങ്കല്പ്പം. കൃഷ്ണനെയും ബലരാമനെയും വധിക്കാന്‍ കംസന്‍ നിയോഗിച്ച കുവലയാ പീഠം എന്ന മദയാനയെ കൊന്ന് അതിന്റെ ഊരിയെടുത്ത കൊമ്പുമായി കംസനിഗ്രഹം നടത്തിയ കൃഷ്ണനെയാണ് ഇവിടെ ആരാധിച്ച് വരുന്നത്. അതിനാല്‍ അല്‍പ്പം രൗദ്ര ഭാവത്തില്‍ ആണ് ഇവിടത്തെ പ്രതിഷ്ഠാ ഐതിഹ്യം. ആനയെഴുന്നള്ളത്ത് ഇവിടെ നിഷിദ്ധം. എന്നാല്‍, കുട്ടിക്കളിയുടെ ഭാവത്തില്‍ ഓട്ടവും ബഹളവുമൊക്കെ ഈ ഉത്സവത്തിനു ഉണ്ട്.
കുംഭം ഒന്നിനു തുടങ്ങുന്ന പടഹാദി എഴുന്നള്ളിപ്പ് ഉത്സവത്തിനു ശേഷം കുംഭം 22ന് കൊടിയേറ്റോടെ ഉത്സവം വലിയ ആഘോഷങ്ങളിലേക്ക് കടക്കും. അര്‍ദ്ധരാത്രിയോടെ മഴൂര്‍ ബലഭദ്രസസ്വാമി അനുജന്നടുത്തേക്ക് എഴുന്നള്ളും. എട്ടു കിലോമീറ്റര്‍ ബലരാമന്റെ തിടമ്പ് തലയിലേന്തി ക്ഷേത്ര മേല്‍ശാന്തി ഓടി എഴുന്നള്ളുന്നതാണ് ഉത്സവത്തിന്റെ ഏറ്റവും ആകര്‍ഷണീയഭാഗം. പിന്നീടങ്ങോട്ടുള്ള 14നാളുകള്‍ തൃച്ചംബരം വൃന്ദാവന സദൃശം. ക്ഷേത്രത്തിന് ഒരുകിലോമീറ്റര്‍ അകലെ പൂക്കോത്ത് നടയിലാണു ഉത്സവ ഘോഷങ്ങള്‍.
തിടമ്പ് നൃത്തത്തിേെപ്പാലെ ദേവന്റെ തിടമ്പ് തലയിലേന്തിയുള്ള ഉത്സവ സമ്പ്രദായമാണ് എങ്കിലും ആ ചിട്ടവട്ടങ്ങളോ സമ്പ്രദായങ്ങളോ ഇവിടെ നടപ്പില്ല. തൃച്ചംബരത്തപ്പനെ (ശ്രീകൃഷ്ണബിബം) എഴുന്നള്ളിക്കുന്ന ക്ഷേത്രം മേല്‍ശാന്തിയുടെ (പാക്കം) മനോധര്‍മ്മംപോലിരിക്കും. ഓടാന്‍ തോന്നിയാല്‍ ഓടാം, താളത്തിനൊപ്പം നൃത്തം ചവിട്ടാന്‍ തോന്നിയാല്‍ അതാവാം, ഇനി എല്ലാം അവസാനിപ്പിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങാന്‍ തോന്നിയാല്‍ അതുമാകാം; എല്ലാം കുട്ടിക്കളിയുടെ ഭാഗം മാത്രം. ഇതൊക്കെ തന്നെയാണ് ഇവിടത്തെ ആകര്‍ഷണിയതയും.
ഗോവിന്ദം വിളിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടി ഈ കുട്ടിക്കളികള്‍ക്ക് മാറ്റു കൂട്ടും. മീനം അഞ്ചിനാണ് ആറാട്ട്. എന്നാല്‍ ഇവിടെ ആറാട്ടും കഴിഞ്ഞ് അടുത്ത ദിവസം മീനം 6 നു കൂടിപ്പിരിയല്‍ ചടങ്ങോടെയാണ് ഉത്സവം തീരുക. കളിയില്‍ ഹരം കയറിയ ജ്യേഷ്ഠാനുജന്മാരുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലെക്കൊന്നും എത്താതായപ്പോള്‍ ലോകത്ത് ആകമാനം അരാജകത്വം തുടങ്ങി എന്നും ഇത് അവസാനിപ്പിക്കാന്‍ ഇരുവരുടെയും ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു.
ക്ഷേത്രത്തിലേക്കുള്ള പാല്‍പായസത്തിനു പാല്‍ എത്തിക്കുന്ന പാലമൃതന്റെ ശിരസ്സില്‍ ഒരു കുടം പാലുമായി ഇവരുടെ കളിസ്ഥലത്തേക്കു പറഞ്ഞുവിട്ടു. നിറഞ്ഞു തുളുമ്പുന്ന പാല്‍ക്കുടവുമായി വരുന്ന പാലമൃതനെ കണ്ടു കളി മറന്നു, ഏട്ടനെ മറന്നു, പാലിന് പിന്നാലെ കുഞ്ഞികൃഷ്ണന്‍ ഓടി എന്നാണു ഐതിഹ്യം. ഇതിന്റെ പുനാവിഷ്‌ക്കാരമാണ് കൂടിപ്പിരിയാല്‍ ചടങ്ങ്. ശിരസില്‍ പാല്‍ക്കുടവുമായി കളിക്കിടയില്‍ വരുന്ന പാലമൃതനെ കണ്ട് ഏട്ടനെ കാക്കാതെ ക്ഷേത്രത്തിലേക്ക് ഓടിപ്പോകുന്ന കൃഷ്ണനും അത് കണ്ടു വിഷണ്ണനായി തിരികെ സ്വക്ഷേത്രത്തിലെക്ക് മടങ്ങുന്ന ബലരാമനും ഈ ഉത്സവത്തിന്റെ പരിസമാപ്തിയാണ് കുറിക്കുന്നത്.
കണ്ടു നില്‍ക്കുന്നവരുടെ പോലും മനസ്സില്‍ വിഷമം ജനിപ്പിച്ച് കൊണ്ടുള്ള ബലഭദ്രസ്വാമിയുടെ മടക്കയാത്ര അടുത്ത ഉത്സവത്തിനായുള്ള കാത്തിരിപ്പിനു കൂടി തുടക്കമിടുകയാണ്. തളിപ്പറമ്പ് ദേശക്കാരുടെ ഒരു വര്‍ഷം ആരംഭിക്കുന്നതും അവസാനിക്കുന്നതും തൃച്ചംബരം ഉത്സവത്തെ അടിസ്ഥാനമാക്കി ആണെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നത് കൂടിയാണ് ആ കാത്തിരിപ്പ്.


ജന്മഭൂമി: http://www.janmabhumidaily.com/news555392#ixzz4YBfl7Uzg

കൊച്ചി രാജാവും തിരുമാന്ധാംകുന്ന് ഭഗവതിയും





മാമാങ്കത്തിന്റെ ചരിത്രം

നിലപാട് തറ
കേരളത്തിലെ അതിപ്രധാനമായ ഒരു ദേശീയോത്സവമായിരുന്നല്ലോ മാമാങ്കം. തിരുനാവാമണപ്പുറത്തുവച്ചാണ് ഈ ഉത്സവം ആഘോഷിക്കപ്പെട്ടിരുന്നത്. ഈ ഉത്സവത്തില്‍ മലബാറിലെ മാത്രമല്ല, കേരള സംസ്ഥാനത്തിലെ പല ആഘോഷങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിപ്പോന്നു. കേരളത്തിലെ ഭരണാധിപനെ വാഴിക്കല്‍, വിവിധ മണ്ഡലങ്ങളിലെ കേരളീയകലാകാരന്മാരുടെ മഹല്‍ സമ്മേളനങ്ങള്‍, വാണിജ്യവ്യവസായങ്ങളുടെ പ്രദര്‍ശനം എന്നിവയെല്ലാം അവിടെ ആര്‍ഭാടപൂര്‍വം നടന്നിരുന്നു.
‘മഹാമഘം’ എന്ന സംസ്‌കൃതവാക്ക് ലോപിച്ച് മാമാങ്കം എന്ന പേരുണ്ടായി എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. മാഘമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്ന മകരം നക്ഷത്രം സംബന്ധിച്ചുള്ള അടിയന്തരം എന്നാണ് മാമാങ്കത്തെ മറ്റു ചിലര്‍ വ്യാഖ്യാനിക്കുന്നത്.
ഈ മഹോത്സവം നടത്തുന്നത് മലബാറിലെ മേല്‍ക്കോയ്മയുടെ അധികാരപരിധിയിലായിരുന്നു. മലബാറിലെ മേല്‍ക്കോയ്മക്കാര്‍ വളരെക്കാലത്തേക്ക് പെരുമാക്കന്മാരായിരുന്നു. അതുകൊണ്ട് ഒരു പ്രത്യേകകാലഘട്ടംവരെ ഈ മാമാങ്കം പെരുമാക്കന്മാരുടെ അധീനതയില്‍ നടത്തിപ്പോന്നു. എന്നാല്‍ ഒടുവിലത്തെ പെരുമാള്‍ ഈ അവകാശം അന്ന് പ്രബലനായിരുന്ന വള്ളുവനാട്ടു രാജാവിനെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ വളരെനാള്‍ ഈ മഹോത്സവം ആഘോഷിക്കപ്പെട്ടു. അന്ന് മലബാറില്‍ കച്ചവടത്തിനായി വന്ന മുസല്‍മാന്മാരും പോര്‍ട്ടുഗീസുകാരും ഈ മഹനീയസ്ഥാനം തട്ടിയെടുക്കുന്നതിനുവേണ്ടി കോഴിക്കോട്ട് സാമൂതിരിയെ പ്രേരിപ്പിച്ചു. വിദേശീയരുടെ സഹായത്തോടുകൂടി സാമൂതിരിയുടെ പരിശ്രമം വിജയിക്കുകയും ചെയ്തു. അതോടുകൂടി ഈ മഹോത്സവത്തിന്റെ നടത്തിപ്പില്‍ ചില സമൂലപരിവര്‍ത്തനങ്ങള്‍ സംജാതമായി.
മാമാങ്കത്തിന്റെ അധ്യക്ഷ സ്ഥാനം വീണ്ടെടുക്കുന്നതിനുള്ള വള്ളുവനാടു രാജാവിന്റെ പരിശ്രമങ്ങള്‍ സാമൂതിരിക്ക് ഇഷ്ടപ്പെട്ടില്ല. ഇതു സംബന്ധിച്ച് ഇരുകൂട്ടരും മത്സരമായി. അങ്ങനെ ഇരുകൂട്ടരും നടത്തിയ പോര്‍വിളികളും രക്തച്ചൊരിച്ചിലുകളും മാമാങ്കത്തിന്റെ തന്നെ അവിഭാജ്യഘടകങ്ങളായിത്തീര്‍ന്നു. ഇരുകൂട്ടരും ഒരു നിയമവും ഏര്‍പ്പെടുത്തി. ഒരു വ്യാഴവട്ടം കഴിയുമ്പോള്‍ അധ്യക്ഷപദം ഒഴിയണമെന്നായിരുന്നു മാമാങ്കത്തിന്റെ വ്യവസ്ഥ. അങ്ങനെ 12 വര്‍ഷം കഴിയുമ്പോള്‍ സാമൂതിരി വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. പല തന്ത്രങ്ങളും പ്രയോഗിച്ച് അദ്ദേഹം വീണ്ടും മാമാങ്കത്തിന്റെ നേതാവായി. കാലക്രമത്തില്‍ സാമൂതിരിയുടെ ശക്തി വീണ്ടും വര്‍ധിച്ചു. പാശ്ചാത്യശക്തിയായ പോര്‍ട്ടുഗീസുകാരെപ്പോലും മലബാറില്‍നിന്നും ഓടിക്കുവാന്‍ സാമൂതിരി ശക്തനായി. ടിപ്പു സുല്‍ത്താന്റെ ആക്രമണകാലമായ എ.ഡി.1788 വരെ സാമൂതിരിയുടെ ഈ നിലപാടു തുടര്‍ന്നു. എന്നാല്‍ തന്റെ ഈ സ്ഥാനം ഉറപ്പിക്കുന്നതിനുവേണ്ടി അദ്ദേഹത്തിന് പലതും ചെയ്യേണ്ടിവന്നു. ആ ദിവസങ്ങളിലായിരുന്നു മാമാങ്കത്തിന്റെ ഭീകരരൂപം പ്രത്യക്ഷപ്പെട്ടതും.
ഈ മാമാങ്കോത്സവത്തിന്റെ സ്ഥാനം തിരുനാവായമണപ്പുറമാണെന്ന് പറഞ്ഞുവല്ലോ. അത് എവിടെയാണ്? തിരൂര്‍ താലൂക്കില്‍ക്കൂടി ഒഴുകുന്ന ഭാരതപ്പുഴയുടെ ഒരു വശത്തായി ചരിത്രപ്രസിദ്ധമായ തിരുനാവായ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇത് പ്രസിദ്ധമായ ശിവക്ഷേത്രമാണ്. നദീതീരത്തുള്ള വിശാലമായ മണല്‍പ്പുറം പുരാതനകാലംതൊട്ടേ രാഷ്ട്രീയപ്രധാനമായിരുന്നു. ആദികാലത്ത് കേരളത്തില്‍ കുടിയേറിപ്പാര്‍ത്തിരുന്ന നമ്പൂതിരിമാര്‍ സമ്മേളിച്ച് രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് പ്രധാന തീരുമാനങ്ങളെടുത്തിരുന്നത് ഈ മണല്‍പ്പുറത്തുവച്ചായിരുന്നു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തില്‍നിന്ന് അരമൈല്‍ നീളത്തില്‍ പടിഞ്ഞാറോട്ട് വിസ്തൃതമായ ഒരു രാജപാതയുണ്ട്. മാഘമാസത്തിലെ വെളുത്തവാവ് മുതല്‍ 12 ദിവസത്തേക്ക് ഈ സ്ഥലത്ത് അഖിലകേരളാടിസ്ഥാനത്തില്‍ നാടുവാഴികളുടെയും ഇടപ്രഭുക്കന്മാരുടെയും ഒരു സമ്മേളനം നടക്കുക പതിവാണ്. ആ ദിവസങ്ങളിലെല്ലാം പ്രത്യേകം ഒരുക്കപ്പെട്ടിരുന്ന പീഠത്തില്‍ അന്ന് നാടുവാണിരുന്ന കോഴിക്കോട് സാമൂതിരി രാജചിഹ്നങ്ങളോടുകൂടി വലതുകൈയില്‍ വാളുമേന്തി സന്നിഹിതനായിരിക്കും. തലമുറകളായി കോഴിക്കോട് രാജവംശങ്ങള്‍ സൂക്ഷിച്ചുപോരുന്ന ഈ വാള്‍ ചേരമാന്‍പെരുമാളില്‍നിന്ന് ലഭിച്ചതാണെന്ന് വിശ്വസിച്ചുപോരുന്നു. ഈ വാള്‍ കേരള ചക്രവര്‍ത്തിയുടെ അനിഷേധ്യചിഹ്നവും, മാമാങ്കം നടത്താനുള്ള അധികാരപത്രവുമായി കണക്കാക്കപ്പെടുന്നു.
സാമൂതിരിയുടെ ഈ അധികാരത്തെ എതിര്‍ക്കുന്നവരെ വെല്ലുവിളിച്ചുകൊണ്ട് യുദ്ധസന്നദ്ധനായിട്ടാണ് അവിടെ ആസനസ്ഥനായിരിക്കുന്നത്. സമ്മേളത്തില്‍ ഹാജരാകുന്നതിന് സാമൂതിരിപ്പാടിന്റെ ക്ഷണക്കത്തുകള്‍ എല്ലാ നാടുവാഴികള്‍ക്കും നേരത്തെ അയച്ചിരിക്കും. സാമൂതിരിയുടെ ഇരുവശത്തായി അദ്ദേഹത്തിന്റെ ബന്ധുമിത്രാദികള്‍ക്കും സ്ഥാനം തയ്യാറാക്കിയിരിക്കും. സാമൂതിരിക്ക് അംഗരക്ഷകരായി തീയന്മാരും നായന്മാരും ഉള്‍പ്പെടെ ഒരു വലിയ സൈന്യവിഭാഗവും അവിടെ നിരന്നിരിക്കും. ഇവരെയെല്ലാം തോല്‍പ്പിച്ചതിനുശേഷമേ എതിരാളികള്‍ക്ക് സാമൂതിരിപ്പാടിരിക്കുന്ന പീഠത്തെ സമീപിക്കാന്‍ കഴിയുകയുള്ളൂ. ഈ പീഠത്തിന് ‘നിലപാടുതറ’ എന്നായിരുന്നു പേര്.


ജന്മഭൂമി: http://www.janmabhumidaily.com/news551224#ixzz4XEA62CJq

വള്ളുവനാട് ഹിന്ദുമത പരിഷത്ത്

ഭാരതപ്പുഴയിലെ പുണ്യസ്‌നാനഘട്ടങ്ങളായ തിരുവില്വാമല, തിരുക്കുഴി, തിരുമിറ്റക്കോട്, തൃത്താല, തിരുന്നാവായ എന്നീ പഞ്ചകങ്ങളില്‍ തൃത്താല എല്ലാംകൊണ്ടും സവിശേഷമാണ്. പറയിപെറ്റ പന്തിരുകുലത്തിന്റെ പവിത്ര സ്മരണകളെ അയവിറക്കുന്ന നിളാതടസൈകതത്തില്‍ മേഴത്തോളഗ്നിഹോത്രികളുടെ 99 യാഗങ്ങളാല്‍ പുണ്യപൂരിതമായ യജ്ഞേശ്വരം വീണ്ടും വൈദികമായ പ്രാതഃസൂക്തത്താല്‍ ഉണര്‍ത്തപ്പെടുന്നു:
പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതര്‍മിത്രാ വരുണാ
പ്രാതരശ്വിനാ………….
നിളാതട നിവാസികളുടെ ഹൃദയതടവും ഇതോടെ നിറയുകയായി.
യസ്യാവേദിം പരിഗൃഹ്ണന്തി ഭൂമ്യാം
യസ്യാംയജ്ഞം തത്വതേ വിശ്വകര്‍മണഃ
യസ്യാം മിയന്തേ സ്വരവം പൃഥിവ്യാമൂര്‍ദ്ധ്വാഃ
ശുക്രാ ആഹുത്യാഃ പുരസ്താത്
സാനോ ഭൂമിര്‍ വര്‍ദ്ധയദ് വര്‍ദ്ധമാനാ
(സമ്പൂര്‍ണ കര്‍മങ്ങള്‍ ഉള്‍ക്കൊള്ളുന്ന യജ്ഞം നടത്താന്‍ വേദിയുണ്ടാക്കിയിരിക്കുന്നു. പൃഥ്വിയാണ് ആ വേദി. അവിടെ ആഹൂതി നല്‍കുന്നതിന് മുന്‍പ് യജ്ഞസ്തംഭം നാട്ടിയിരിക്കുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഭൂമിയിലേക്ക് ഞങ്ങളുടെ ബുദ്ധിയെ പ്രവേശിപ്പിച്ചാലും)
2014 ജനുവരി 17, 18, 19 എന്നീ മൂന്നു ദിവസങ്ങളിലായാണ് ആദ്യത്തെ ഹിന്ദുമത പരിഷത് നടന്നത്. അതിന്റെ ഊര്‍ജ്ജത്തില്‍നിന്നും തുടര്‍ച്ചയായി മൂന്നുവര്‍ഷങ്ങള്‍ ഈ ഹൈന്ദവമേള അരങ്ങേറി.
എന്തുകൊണ്ടാണ് ഈ ഭൂമി തന്നെ ഈ യജ്ഞത്തിനായി തിരഞ്ഞെടുത്തത്.
‘യസ്യാം പൂര്‍വ്വേ പൂര്‍വ്വജനാ വിചാകിരേ’
ഇവിടെയാണ് നമ്മുടെ പൂര്‍വികര്‍ അനേകം പുണ്യകര്‍മങ്ങള്‍ ചെയ്തത്. എന്നതുകൊണ്ടുതന്നെ. ‘യസ്യാം ദേവാ അസുരാനഭ്യവര്‍ക്തയന്‍’ ഇവിടെവച്ചു തന്നെ നമ്മുടെ ദേവതുല്യരായ പൂര്‍വീകര്‍ ആസുരികമായ ശക്തികള്‍ക്കെതിരെ പോരാടി ധര്‍മത്തെ നിലനിര്‍ത്തി തങ്ങളുടെ മാതൃഭൂമിയുടെ യശസ്സ് ഉജ്വലമാക്കി.
കേരളത്തിലെ നിളാനദി വിശിഷ്യഭാരതത്തിന് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. പതിനെട്ടു നാടുകളുടെ സംഗമഭൂമിയായി മാമാങ്കത്തെ (മാഘമകം) ആചരിച്ചതും പെരുമാളവരോധം നടത്തി ധര്‍മരാജ്യം സ്ഥാപിച്ചതും നിളയുടെ കരയിലാണ്. ഹൈന്ദവ സമൂഹത്തെ ഒന്നായി യോജിപ്പിച്ച ‘പറയിപെറ്റ പന്തിരുകുല’ത്തിന്റെ കേളിഗൃഹവും നിളാതടമാണ്. മേളത്തോളഗ്നിഹോത്രി മുതല്‍ പന്ത്രണ്ടുപേര്‍ ഇവരത്രേ.
മേളത്തോളഗ്നിഹോത്രി, രജക,
നുളിയന്നൂര്‍ത്തച്ചനും
പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍,
വടുതലമരുവും നായര്‍
കാരക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൊറ്റന്‍,
പെരിയതിരുവര-
ങ്കത്തെഴും പാണനാരും
നേരെ നാരായണഭ്രാന്തനു മുടനകവൂര്‍
ചാത്തനും പാക്കനാരും
പന്തിരുകുലത്തിന്റെ കഥ മിത്തായി കാണുന്നവരുണ്ട്. എന്നാല്‍ ഇവിടെ തൃത്താലക്കാര്‍ക്ക് അത് സത്യമാണ്. യാഥാര്‍ത്ഥ്യമാണ്. തൃത്താലക്കടുത്ത് പട്ടാമ്പി-എടപ്പാള്‍ വീഥിയുടെ വലതുഭാഗത്തായി കുമ്പിടിറോഡിന് സമീപം മേഴത്തോളഗ്നി ഹോത്രികളുടെ ഗൃഹം ഇന്നും സ്ഥിതിചെയ്യുന്നു.
വേമഞ്ചേരി മന എന്നാണ് ഈ ഗൃഹത്തിന്റെ നാമധേയം. ബ്രഹ്മദത്തന്‍ എന്നായിരുന്നു അഗ്നിഹോത്രികളുടെ യഥാര്‍ത്ഥ നാമധേയം. ഇന്നും ഈ വംശത്തില്‍ ബ്രഹ്മദത്തന്മാര്‍ ജീവിച്ചിരിപ്പുണ്ട് അങ്ങ് കടമ്പഴിപ്പുറത്തെ ശാഖയില്‍. തൃത്താല ശിവക്ഷേത്രത്തിലെ ഉത്സവത്തിന് തിരുവാതിരനാള്‍ നടത്തുന്ന എഴുന്നള്ളിപ്പിന് അഗ്നിഹോത്രികളാല്‍ പ്രതിഷ്ഠിതനായ തൃത്താലത്തപ്പന്‍ ഈ ഗൃഹം സന്ദര്‍ശിക്കുന്നു.ഇവിടെ അഗ്നിഹോത്രികളുടെ തേവാര മൂര്‍ത്തികളെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരു ക്ഷേത്രംപോലെ ഇവിടം ആചരിക്കുന്നു. കൊടിക്കുന്നത്തമ്മ, (പാണ്ഡികശാല ഭഗവതി) ദുര്‍ഗ്ഗ, ഭദ്രകാളി, കൃഷ്ണകാളി എന്നീ സങ്കല്‍പ്പങ്ങളാണ്. ഇവിടെവച്ചാണ് പറയിപെറ്റ പന്തിരുകുലം മാതാപിതാക്കളുടെ ശ്രാദ്ധം ഊട്ടിയിരുന്നത്.
അഗ്നിഹോത്രികളുടെ 99 യാഗങ്ങള്‍ക്ക് വേദിയായ യജ്ഞേശ്വരം ക്ഷേത്രം ഈ തീരഭൂമിയില്‍ ഇന്നും കാണുന്നു. ‘ഏകോത ശതാകതു’ എന്നാണ് അഗ്നിഹോത്രിയുടെ ബിരുദം. ഒന്നു കുറെ നൂറ് യാഗം ചെയ്ത ആള്‍ എന്നര്‍ത്ഥം. യജ്ഞകുണ്ഡങ്ങളിലാണ് ശിവന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠ നടത്തിയിട്ടുള്ളത്. യജ്ഞേശ്വരനും യാജക പ്രിയനുമാണല്ലോ ഭഗവാന്‍. യജ്ഞമൂര്‍ത്തിയും അവിടുന്നുതന്നെ. യജ്ഞമൂര്‍ത്തിയായ വരാഹപ്രതിഷ്ഠ കുറച്ചുകൂടി പടിഞ്ഞാറായി പന്നിയൂരിലാണ്. അതാകട്ടെ പരശുരാമ പ്രതിഷ്ഠയുമാണ്.
യജ്ഞത്തിന്റെ സ്മരണയെ നിലനിര്‍ത്തുന്ന ഒരു അരയാലും ക്ഷേത്രസമീപത്തായി (തെക്കുവശത്ത്) കാണുന്നു. കേരളത്തില്‍ എവിടെ യാഗം നടത്തുമ്പോഴും ഇതിന്റെ ഒരു ശാഖ അരണി നിര്‍മിക്കാനായി കൊണ്ടുപോകുന്നു. ‘യജ്ഞാഗ്നിവഹം’ എന്നാണതിന് പേര്. യജ്ഞത്തിന് സദ്യ ഉണ്ടാക്കാന്‍ അരി അരിക്കുമ്പോള്‍ കിട്ടിയ കല്ലിരിക്കുന്നു. കഞ്ഞിവെള്ളം ഒഴുക്കിയ കഞ്ഞിത്തോടും ഇവിടെ കാണാം.
കൊടിക്കുന്നു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ പൂരം പടഹാരം നാളില്‍ അഗ്നിഹോത്രികളുടെ ഇല്ലത്തുനിന്ന് പ്രതിനിധിയെത്തുന്നു. ഇപ്രാവശ്യത്തെ പ്രതിനിധി ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടായിരുന്നു. 2008 ല്‍ കൊടിക്കുന്നു ക്ഷേത്രത്തോടനുബന്ധിച്ച് നടന്ന ‘ലളിതാ വിചാര സത്രം’ ഉദ്ഘാടനം ചെയ്തതും ഇദ്ദേഹം തന്നെ.
പഴയ വേമഞ്ചേരി മനയില്‍ നിന്നും വേറിട്ടുണ്ടാക്കിയ പുതിയമനയിലാണ് ഇപ്പോഴത്തെ തലമുറ വസിക്കുന്നത്. മനവളപ്പ് ഇപ്പോഴും ഗതകാല പ്രൗഢിയുടെ ചിഹ്നവും വഹിച്ചുനില്‍ക്കുന്നു.
വേമഞ്ചേരി മനക്കല്‍നിന്നും സ്വല്‍പ്പം വടക്കുകിഴക്കുഭാഗത്തായി പാക്കനാരുടെ കുടുംബഗൃഹങ്ങളും നിലകൊള്ളുന്നു. പാക്കനാര്‍ തോറ്റവും തുള്ളലും ഇപ്പോഴും നിലനില്‍ക്കുന്നു. പാക്കനാരുടെ സമാധിസ്ഥാനമായ കുമ്മട്ടിക്കാവിലാണ് ഇത് അരങ്ങേറുന്നത്. ഭാരതപ്പുഴയുടെ കരയില്‍ തന്നെയാണ് കയ്ക്കാത്ത കാഞ്ഞിരം നിലകൊള്ളുന്ന കുമ്മട്ടിക്കാവ്.
പതിനെട്ടു കുടുംബങ്ങളാണ് പാക്കനാര്‍ കോളണിയില്‍ ഇന്നുള്ളത്. ഇവിടെ ആരെങ്കിലും മരിച്ചാല്‍ (പാക്കനാര്‍ കുടുംബത്തില്‍)വേമഞ്ചേരി മനക്കല്‍ ഇന്നും പുല ആചരിക്കുന്നു. ഹിന്ദു ഐക്യത്തിന്റെ സൂത്രം ഇവിടെ ദൃഢമാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news552651#ixzz4XE9UJNIs