Showing posts with label Temple rituals. Show all posts
Showing posts with label Temple rituals. Show all posts

Role of elephants in temples

കേരളത്തിലെ ക്ഷേത്രസങ്കല്പം, ക്ഷേത്രനിര്‍മ്മാണവിധി, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ മറ്റു സംസ്ഥാനങ്ങളിലെ ദേവാലയങ്ങളിലേതിനേക്കാള്‍ വളരെയേറെ വ്യത്യസ്തമാണ്. മറ്റു സംസ്ഥാനങ്ങളിലെ ദേവാലയങ്ങളിലെ ചൈതന്യത്തിന്റെ നിലനില്‍പ്പ്, ആ സ്ഥലത്തിന്റെ പ്രാധാന്യം അവിടെ പ്രതിഷ്ഠ നിര്‍വ്വഹിച്ച സിദ്ധന്റെ തപഃശക്തി എന്നിവയെ ആശ്രയിച്ചു മാത്രമാണ്. എന്നാല്‍ കേരളീയ ക്ഷേത്രങ്ങളിലെ ദേവചൈതന്യത്തിന്റെ നിലനില്‍പ്പ് അവിടങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിലെ പ്രത്യേകിച്ച് നിഷ്‌കര്‍ഷതയുംകൊണ്ട് മാത്രമാണ്.
ആഗമതന്ത്രശാസ്ത്രമനുസരിച്ചുള്ള ക്രിയാദികള്‍ കൃത്യമായും പാലിക്കപ്പെടുന്നതു കേരളത്തില്‍ മാത്രമാണ്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്തുന്നത് ആ നാടിനുതന്നെ ദോഷകരമാണെന്നാണു തന്ത്രശാസ്ത്രം പറയുന്നു.
ക്ഷേത്രങ്ങളില്‍ ദേവീദേവന്മാരെ പുറത്തേക്കെഴുന്നെള്ളിക്കുന്നതിനു വാഹനം വേണം. രഥം, കുതിര, ആന എന്നിവയെയാണു വാഹനമായി
ഉപയോഗിക്കാറുള്ളത്. ഇവയില്‍ ആദ്യം പറഞ്ഞ രണ്ടും കേരളീയ ക്ഷേത്രാചാരങ്ങള്‍ക്കു യോജിക്കുന്നതല്ല. ദേവന്‍ (ദേവത)
എഴുന്നെള്ളുന്നതു നോക്കുന്ന ഭക്തജനത്തിന്റെ ദൃഷ്ടി ആദ്യമായി പതിക്കുന്നതു വിഗ്രഹത്തിന്മേലായിരിക്കണം. കുതിരപ്പുറത്തായിരിക്കുമ്പോള്‍ കുതിരയെ നിയന്ത്രിക്കുന്നവനായിരിക്കും ആദ്യമായി ദൃഷ്ടിയില്‍ പെടുക. പോരാ, കുതിര എത്ര ഇണങ്ങിയതാണെങ്കിലും ശരി ഏതു നിമിഷവും വെകിളി പിടിച്ച് ചാടിക്കളയും. അതു മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ ദേവന്മാര്‍പോലും അശക്തരാണെന്നാണ് ആപ്ത വാക്യം.തിടമ്പ് അശുദ്ധമാവുകയും ചെയ്യും. വീണ് പൊട്ടിപ്പോവാനുള്ള സാദ്ധ്യതയും കൂടുതലാണ്. കേരളീയാചാരമനുസരിച്ചു തിടമ്പ്
അശുദ്ധമാകുന്നതു ഗുരുതരമായ ദോഷമാണ്. ഇനി തേരായാലും മുന്‍പറഞ്ഞപോലെത്തന്നെയാണ്. തേര്‍ വലിക്കുന്നവരോ, സാരഥിയോ
ആണ് ആദ്യമായി ദൃഷ്ടിയില്‍പ്പെടുക. കൂടാതെ ഇവിടെയും അശുദ്ധി സംഭവിക്കുമെന്നുള്ളതു തീര്‍ച്ചതന്നെ.
ആനയാണു വാഹനമെങ്കില്‍ ഭക്തന്റെ ദൃഷ്ടി ആദ്യമായി പതിക്കുന്നത് ആനപ്പുറത്തു കോലത്തിന്മേലിരിക്കുന്ന തിടമ്പിന്മേലായിരിക്കും.ആനയെ നിയന്ത്രിക്കുന്നവന്റെ സ്പര്‍ശംകൊണ്ടുള്ള അശുദ്ധിയേല്ക്കുകയുമില്ല. ആന വിഘ്‌നനിവാരകനായ ഗണപതിയുടെ പ്രതീകമാണ്.അതിനു ദിവ്യത്വമുണ്ട്. കുതിരക്കും തേരിനും ദിവ്യത്വമില്ല. ഐശ്വര്യദേവതയായ മഹാലക്ഷ്മിയുടെ ഇരിപ്പിടമാണു ഗജമസ്തകം.
വാഹനമായി ആന വേണമെന്നു മാത്രമല്ല, കൊമ്പനാന തന്നെയായിരിക്കണം. കരയില്‍ ജീവിക്കുന്ന ജീവികളില്‍വെച്ച് ഏറ്റവും വലുതുഎന്നതിനുമുപരി ആനക്കു പല പ്രത്യേകതകളുമുണ്ട്.
തന്മൂര്‍ദ്ധനി വസേദ് ബ്രഹ്മാ ലലാടേ സ്‌കന്ദ ഏവ ച
മസ്തകേ വീരഭദ്രഃ സ്യാദക്ഷ്‌ണോശ്ച ശശിഭാസ്‌കരൗ
നാസികായാം തു വിഘ്‌നേശോ രുദ്രാശ്ച ശ്വാസ ഏവ ച
മുഖേ ച ഭാഗ്ലക്ഷ്മീസ്തു വീരലക്ഷ്മീ രദദ്വയെ.
ശൃംഗാഗ്രതഃ കൃതാന്തഃ സ്യാന്നരസിംഹഃ കപോലകെ
പാദേഷു വേദാശ്ചത്വാരൊ വിഷ്ണുരസ്യ കരേ സ്ഥിതഃ
നഖാഗ്രേഷ്വഷ്ടമീചന്ദ്രസ്തദ്ഭഗേ മാരുതസ്തഥാ
അഗ്നിര്‍നാഭൗ വിധാതാ ച കുക്ഷൗ മേഢ്രേ പ്രജാപതിഃ
അന്യേഷു നാഗാസ്തിഷ്ഠന്തി സര്‍വ്വേ ലോകധൂരന്ധരാഃ
ആനയുടെ ശിരസ്സില്‍ ബ്രഹ്മാവ്, നെറ്റിമേല്‍ സ്‌കന്ദന്‍, മസ്തകത്തില്‍ വീരഭദ്രന്‍, കണ്ണുകളില്‍ ചന്ദ്രസൂര്യന്മാര്‍, നാസികയില്‍ ഗണപതി,ശ്വാസത്തില്‍ രുദ്രന്മാര്‍, മുഖത്തില്‍ ഭാഗ്യലക്ഷ്മി, ദന്തങ്ങളില്‍ വീരലക്ഷ്മി, കൊമ്പന്റെ അഗ്രങ്ങളില്‍ കൃതാന്തന്‍, കവിള്‍ത്തടത്തില്‍ നരസിംഹം,
കാലുകളില്‍ നാലു വേദങ്ങള്‍, തുമ്പിക്കയ്യില്‍ വിഷ്ണു, നഖാഗ്രങ്ങളില്‍ അഷ്ടമീചന്ദ്രന്‍, വേഗത്തില്‍ വായു, നാഭിയില്‍ അഗ്നി, വയറ്റില്‍
വിധാതാവ്, മേഡ്രത്തില്‍ പ്രജാപതി, മറ്റവയവങ്ങളില്‍ നാഗങ്ങള്‍ എന്നിവര്‍ ആനയുടെ ശരീരത്തില്‍ നിവസിക്കുന്നു. മനുഷ്യരെപ്പോലെകരചരങ്ങള്‍ മടക്കാന്‍ കഴിയുന്ന ജീവിയാണാന. മനുഷ്യരെപ്പോലെ നൂറ്റിയിരുപതു വയസ്സാണ് ആനയുടെ ആയുസ്സ്. അപൂര്‍വ്വം ചിലപ്രത്യേക ക്ഷേത്രങ്ങളില്‍ മാത്രമേ എഴുന്നെള്ളിപ്പിന് ഇത്ര ആനകളുടെ അകമ്പടി വേണമെന്നുള്ളൂ.ചില സംഗതികള്‍ പാലിച്ചാല്‍ ആനകളെക്കൊണ്ടുള്ള ഉപദ്രവങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
1) ആനക്കാര്‍ ഇന്ന് ആനകളെക്കൊണ്ടു
നടക്കുന്നതു കേവലം ഭേദ്യംകൊണ്ടു മാത്രമാണ്. അവര്‍ക്ക് ആനകളെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവ് അല്പമെങ്കിലും
ഉണ്ടാക്കുവാനുള്ള പദ്ധതിയുണ്ടാക്കുക.
2) ആനക്കു വേണ്ടവിധത്തില്‍ ഭക്ഷണം, വെള്ളം എന്നിവ കൊടുക്കുക.
3) ഒരു ദിവസം ഇത്രസമയം
മാത്രമേഎഴുന്നേള്ളിക്കാനുപയോഗിക്കുകയുള്ളൂ എന്നു നിശ്ചയിക്കുക.
4) ആനക്കു വിശ്രമം കൊടുക്കുക.
5) എഴുന്നെള്ളിക്കാന്‍ പറ്റുന്ന
ആനകളെ മാത്രം എഴുന്നെള്ളിപ്പിനുപയോഗിക്കുക
6) ആനയെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്നതു സാധിക്കുമെങ്കില്‍ ഒഴിവാക്കുക.
കടപ്പാട്: പെരുവനം - ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച്Sadhgamaya Foundation പ്രകാശനം ചെയ്ത സ്മരണികയില്‍ ശ്രീ തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട് (തന്ത്രി, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം) എഴുതിയ ലേഖനം...

കൊട്ടിയൂര്‍ മാഹാത്മ്യം

ആചാര വൈവിധ്യത്തിലും ഉപചാര പൊരുളിലും വ്യതിരിക്തത പുലര്‍ത്തുന്ന ശ്രീ കൊട്ടിയൂര്‍ പെരുമാളിന്റെ തിരുസന്നിധിയില്‍ വ്രതശുദ്ധിയുടെ ഉത്സവകാലത്തിന് 31 ന് നീരെഴുന്നളളത്തോട ആരംഭം കുറിയ്ക്കും. കൈലാസനാഥന്റെ ജടപ്പൂക്കള്‍ ഭക്തിസാന്ദ്രമായ വിശ്വാസത്തിന്റെ ചിഹ്നങ്ങളായി സങ്കല്‍പ്പിച്ച് ഓടപ്പൂവ് വാങ്ങി മടങ്ങുന്ന കൊട്ടിയൂരിലെ ഉത്സവം കേരളത്തിലെ മറ്റു ക്ഷേത്ര ഉത്സവസമയങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും ചിട്ടകളില്‍ നിന്നും വിഭിന്നമാണ്. കത്തിയെരിയുന്ന ഗ്രീഷ്മകാലത്തിന്റെ വറുതിയില്‍ നിന്നും ഭക്ത മനസ്സുകളില്‍ ആശ്വാസത്തിന്റെ നിര്‍വൃതിദായകമായ കുളിര്‍ മഴ പെയ്യുന്നതോടെയാണ് പരിപാവനമായ ഈ ചൈതന്യ ഭൂമിയില്‍ പെരുമാളിന്റ മഹോത്സവത്തിന് കൊടിയേറുന്നത്.
ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം. ഭണ്ഡാരം എഴുന്നള്ളത്തുനാള്‍ മുതല്‍ ഉത്രാടം നാളുവരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം. ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍, ദക്ഷന്‍ യാഗം നടത്തിയ സ്ഥലമാണെന്ന് വിശ്വസിച്ചു പോരുന്നു. കേരളത്തില്‍ ശബരിമല കഴിഞ്ഞാല്‍ ഉല്‍സവകാലത്ത് കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂര്‍.
കണ്ണൂര്‍ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേര്‍ന്നാണ് കൊട്ടിയൂര്‍ ദേശം. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്ക്കുന്നു. പുഴയുടെ തെക്കുഭാഗത്താണ് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരില്‍ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടാവില്ല.
മേടമാസം വിശാഖം നാളില്‍ ഉത്സവത്തെക്കുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരില്‍ പ്രാക്കൂഴം ചടങ്ങോടെയാണ് ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. ഇരുപത്തിയെട്ടു ദിവസം നീളുന്ന വൈശാഖ ഉത്സവം തീരുമ്പോള്‍ പൂജകള്‍ മുഴുവനാകരുതെന്നാണ് വൈദികവിധി. ഉത്സവം തുടങ്ങുന്നത് കഴിഞ്ഞ കൊല്ലം മുഴുവനാകാതിരുന്ന പൂജകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ്.
നീരെഴുന്നള്ളത്ത് സംഘം ഇക്കരെ കൊട്ടിയൂരില്‍നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും ഒറ്റപ്പിലാന്‍ എന്ന കുറിച്യസ്ഥാനികന്റെയും നേതൃത്വത്തില്‍ ബാവലിയില്‍ സ്‌നാനം നടത്തി കൂവയിലയില്‍ ബാവലിതീര്‍ഥം ശേഖരിച്ച് അക്കരെ ദേവസ്ഥാനത്ത് എത്തും. ബാവലി തീര്‍ഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും. ഇടവത്തിലെ ചോതി നാളില്‍ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവില്‍ നിന്നു വാള്‍ എഴുന്നള്ളത്ത് ഇക്കരയിലെത്തും.
കുറ്റ്യാടി ജാതിയൂര്‍ മഠത്തില്‍ നിന്നുള്ള അഗ്‌നി ഉപയോഗിച്ച് ചോതി വിളക്ക് തെളിയിക്കും. ഉത്സവം തുടങ്ങുന്നത് അഷ്ടബന്ധം നീക്കികൊണ്ടാണ്, ഉല്‍സവം കഴിഞ്ഞാല്‍ ബിംബം അഷ്ടബന്ധമിട്ട് മൂടുകയാണ് പതിവ്. പിന്നെ അടുത്ത ഉല്‍സവം വരെ 11 മാസം നിത്യപൂജയില്ല. മൂന്നാം ദിവസമായ വൈശാഖത്തില്‍ ഭണ്ഡാരം എഴുന്നെള്ളിപ്പാണ്.
കൊട്ടിയൂരിനടുത്തുള്ള മണത്തണയിലെ കരിമ്പനയ്ക്കല്‍ ഗോപുരത്തില്‍ സൂക്ഷിച്ച ഭണ്ഡാരങ്ങള്‍ വാദ്യമേളങ്ങളോടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരും. ഇതിനുശേഷമാണ് നെയ്യാട്ടം. അതിനുശേഷം മാത്രമേ സ്ത്രീ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉള്ളൂ. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് കൊണ്ടുവരുന്നത്.
നെയ്യാട്ടം കഴിഞ്ഞാല്‍ ഇളനീരാട്ടമാണ്. മലബാറിലെ തിയ്യസമുദായക്കാരാണ് ഇതിനു വേണ്ട ഇളനീരുകള്‍ എത്തിക്കുന്നത്. ഇതിനായി അവര്‍ വിഷു മുതല്‍ വ്രതം ആരംഭിക്കുന്നു. ഭക്തര്‍ ആയിരക്കണക്കിന് ഇളനീരുകള്‍ ശിവലിംഗത്തിനു മുമ്പില്‍ സമര്‍പ്പിക്കും. തൊട്ടടുത്ത ദിവസം മേല്‍ശാന്തി ഇളനീര്‍ ശിവലിംഗത്തിനു മേല്‍ അഭിഷേകം ചെയ്യും. ഇത് ഇളനീരാട്ടം എന്നറിയപ്പെടുന്നു.
ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ശിവന്‍ കോപാകുലനായിരിക്കും, കോപം തണുക്കാനാണ് നീരഭിഷേകം, ഇള നീരഭിഷേകം, കളഭാഭിഷേകം എന്നിവ നിര്‍ത്താതെ ചെയ്യുന്നതെന്നാണ് വിശ്വാസം. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് രോഹിണി ആരാധന അല്ലെങ്കില്‍ ആലിംഗന പുഷ്പാഞ്ജലി. വിഗ്രഹത്തെ ശൈവസാന്ത്വനത്തിനായി പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും.
രണ്ട് ആനകളുടെ പുറത്ത് ശിവനേയും പാര്‍വതിയേയും എഴുന്നള്ളിയ്ക്കുന്ന ചടങ്ങും ഉത്സവത്തിന്റെ ഭാഗമായുണ്ട്. മകം നാള്‍ മുതല്‍ സ്ത്രീകള്‍ക്ക് കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. കലങ്ങള്‍ ഉപയോഗിച്ചാണ് മകം, പൂരം, ഉത്രം നാളുകളിലുള്ള ഗൂഢ കര്‍മ്മങ്ങള്‍ നടക്കുന്നത്. ഇത് കഴിഞ്ഞ് അത്തം നാളില്‍ അഭിഷേക പൂജ. കലശപൂജയും ചിത്തിര നാളില്‍ കലശലാട്ടവും നടക്കും. അതിനു മുമ്പായി ശ്രീകോവില്‍ പൊളിച്ച് മാറ്റും. ഇതിനുശേഷം കളഭാഭിഷേകം എന്നറിയപ്പെടുന്ന തൃക്കലാട്ടത്തോടെ ഉത്സവം സമാപിക്കും.
പിന്നെ അക്കരെ കൊട്ടിയൂരില്‍ അടുത്ത വര്‍ഷത്തെ ഉത്സവം വരെ ആര്‍ക്കും പ്രവേശനമില്ല. കൊട്ടിയൂര്‍ ഉത്സവത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ് ഓടപ്പൂക്കള്‍. ദക്ഷന്റെ താടിയുടെ പ്രതീകമാണ് ഓടപ്പൂ. ഇത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഉത്സവ സ്ഥലത്തെ കടകളില്‍ നിന്നും വില കൊടുത്താല്‍ ലഭ്യമാകും. ഉത്സവത്തിനെത്തി ദേവനെ കണ്ട് വണങ്ങി മടങ്ങുന്നവര്‍ ഇവ വാങ്ങി വീട്ടില്‍ കൊണ്ടുപോയി ഉമ്മറ വാതിലിലോ പൂജാമുറി വാതിലിലോ തൂക്കുന്നത് ഉത്സവ കാലത്തെ പ്രത്യേകതയാണ്. ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം.
പരമശിവനെ, സതി വിവാഹം ചെയ്തത് ഇഷ്ടപ്പെടാതെ പിതാവ്, ദക്ഷന്‍ ശിവനൊഴികെ പതിനാലുലോകത്തെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാന്‍ പോയിയെന്നും അവിടെവച്ച് പരമശിവനെ ദക്ഷന്‍ അവഹേളിച്ചതില്‍ ദുഃഖിതയായ സതീദേവി യാഗാഗ്‌നിയില്‍ ചാടി ജീവനൊടുക്കിയെന്നുമാണ് വിശ്വാസം. കൈലാസത്തിലിരുന്ന പരമശിവന്‍ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചുവെന്നും ഇതില്‍ നിന്നും വീരഭദ്രന്‍ ജനിച്ചുവെന്നും പുരാണകഥകളില്‍ പരാമര്‍ശിക്കുന്നു.
വീരഭദ്രന്‍ യാഗശാലയില്‍ ചെന്ന് ദക്ഷന്റെ താടി പറിച്ചെറിയുകയും ശിരസ് ഛേദിക്കുകയും ചെയ്തു. ശിവന്‍ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മാവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ദക്ഷന്റെ തല അതിനിടയില്‍ ചിതറി പോയതിനാല്‍ ആടിന്റെ തല ചേര്‍ത്ത് ശിവന്‍ ദക്ഷനെ പുനര്‍ജീവിപ്പിച്ചു. യാഗവും പൂര്‍ത്തിയാക്കിയന്നാണ് വിശ്വാസം. പിന്നീട് ആ പ്രദേശം വനമായിമാറി.
മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പര്‍ണ്ണശാലകളും കുടിലുകളും ചേര്‍ന്നതാണ് താല്‍ക്കാലിക ക്ഷേത്ര സമുച്ചയം. ബാവലിയില്‍ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയല്‍ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്. ഉല്‍സവകാലത്ത് 34 താല്‍ക്കാലിക ഷെഡ്ഡുകള്‍ കെട്ടും. അമ്മാറക്കല്ലിന് മേല്‍ക്കൂരയില്ല.
ഒരു ഓലക്കുടയാണ് ഉള്ളത്. പ്രകൃതിയോട് ഇണങ്ങി ചേര്‍ന്ന് നില്‍ക്കുന്ന ഉത്സവം,ഹൈന്ദവ വിശ്വാസികളായ എല്ലാ വിഭാഗക്കാര്‍ക്കും ആചാരപരമായി ചടങ്ങുകളുള്ള ഉത്സവം, വനവാസികള്‍ തൊട്ട് നമ്പൂതിരിമാര്‍ വരെയുള്ള അവകാശികള്‍ ഒന്നിച്ച് ഏകാത്മഭാവത്തോടെ നടത്തുന്ന അപൂര്‍വ്വം ഉത്സവങ്ങളിലൊന്നാണ് കൊട്ടിയൂര്‍ ഉത്സവം.


ജന്മഭൂമി: http://www.janmabhumidaily.com/news634904#ixzz4kAuznaU7

ഈശ്വരൻ കൃഷി കാണാൻ ഇറങ്ങുമ്പോൾ

കോണ്‍ക്രീറ്റുപാലം വന്നു. വൈക്കത്തുനിന്ന്‌വാഴമനപ്പാടത്തേക്കു പാടത്തൂടെയും ഇന്ന് റോഡുണ്ട്; തോട് കടക്കാന്‍ പാലവും. അപ്പര്‍ കുട്ടനാട്ടിലെ നീരൊഴുക്കുകള്‍ തടസ്സപ്പെടുത്താതെ, എന്നാല്‍ ഓരുവെള്ളം (ഉപ്പുവെള്ളം) കടക്കാതെയും കൃഷി ചെയ്യാനുണ്ടാക്കിയിരുന്ന സംവിധാനങ്ങളായിരുന്നു താല്‍ക്കാലിക ബണ്ടുകള്‍ (ചിറകള്‍). കൃഷിയാവശ്യം കഴിഞ്ഞാല്‍ ബണ്ട് പൊളിച്ചുമാറ്റും, നീരൊഴുക്കു തുടരും. വികസനത്തിന്റെ വഴിയില്‍ കോണ്‍ക്രീറ്റുകൊണ്ടുള്ള സ്ഥിരം റോഡും വഴിയും ചിറയും മറ്റും വന്നതോടെ കുട്ടനാടിന്റെ നീരൊഴുക്ക് തടസപ്പെട്ടു. കൃഷിയുടെ പ്രകൃതി വ്യവസ്ഥ തെറ്റി. അപ്പര്‍ കുട്ടനാട്ടിലും ലോവര്‍ കുട്ടനാട്ടില്‍ കൂടുതലും കൃഷി മുടങ്ങി. ജലാശയങ്ങള്‍ കേടായി, രോഗങ്ങള്‍ പെരുകി. വികസനവും വിശ്വാസങ്ങളും ആചാരങ്ങളും തമ്മിലുള്ള പല സംഘര്‍ഷങ്ങളിലൊന്ന്. കൃഷിയുടെ മഹത്വവും പരമ്പരാഗത രീതിയും ഓര്‍മിപ്പിക്കാന്‍ കുംഭാഷ്ടമിച്ചടങ്ങ് സഹായകമാകും.
ഇന്ന് വൈക്കത്ത് മാശി അഷ്ടമി. കുംഭമാസത്തിലെ അഷ്ടമിയാഘോഷമാണ് മാശി അഷ്ടമി. വൃശ്ചികത്തിലെ കൃഷ്ണപക്ഷ അഷ്ടമിയാണ് ഏറെ പ്രസിദ്ധമായ വൈക്കത്തഷ്ടമി. അന്നദാന പ്രഭുവെന്ന സങ്കല്‍പ്പത്തിലുള്ള ശ്രീപരമേശ്വരന്റെ നാട്ടുകാര്‍, അന്യദേശത്തുനിന്നെത്തുന്നവര്‍ക്കൊരുക്കുന്ന വിരുന്നാഘോഷം കൂടിയാണത് കുംഭത്തിലെ മാശി അഷ്ടമി അന്നാട്ടുകാര്‍ക്കെന്നാണ് പറച്ചില്‍. പക്ഷേ, അതിനെല്ലാമപ്പുറം, ഒരുപക്ഷേ ലോകത്ത് മറ്റൊരു ആരാധനാ ക്രമത്തിലും വിശ്വാസപക്ഷത്തിലുമില്ലാത്ത ഉദാത്തമായ സാമൂഹ്യമാനങ്ങളുണ്ട് കുംഭാഷ്ടമിക്ക്.
ഭഗവാന്‍, വൈക്കത്തപ്പന്‍ കൃഷികാണാനിറങ്ങുന്ന, കൃഷിക്കാരെ കാണാന്‍ ശ്രീകോവില്‍ വിട്ട് കിഴക്കോട്ടിറങ്ങുന്ന ദിവസമാണ് കുംഭാഷ്ടമി. കാര്‍ഷികവൃത്തിക്കും അതില്‍ വ്യാപൃതരാകുന്ന മണ്ണിന്റെ മക്കള്‍ക്കും ഇത്രമാത്രം പ്രാധാന്യം കൊടുത്തുള്ള വിശ്വാസം, ആചാരം മറ്റെങ്ങുമുണ്ടാവില്ല. ഉദയനാപുരത്തപ്പനായ മകന്‍ സുബ്രഹ്മണ്യനെ കൂട്ടി തന്റെ കൃഷിയിടം കാണാന്‍ വൈക്കത്തപ്പ പോകുന്നു എന്നാണ് സങ്കല്‍പ്പം.
ഉദയനാപുരത്തുനിന്ന്, വൈകിട്ട് കര്‍ഷകര്‍ പാടത്തുനിന്നു കയറുന്ന സമയം നോക്കി, മകന്‍ സുബ്രഹ്മണ്യനിറങ്ങും. (ആനപ്രേമികളുടെ ആവശ്യത്തെ തുടര്‍ന്നുള്ള പരിഷ്‌കാരങ്ങളില്‍, വൈകിട്ട് മൂന്നുമണി എന്ന സമയക്രമം ഇപ്പോള്‍ അഞ്ചരയാക്കി). വൈക്കത്ത് മകനെ കാത്ത് അച്ഛന്‍ നില്‍ക്കുന്നുണ്ടാവും. മകനെയും കൂട്ടി കൃഷി ഭൂമിയിലേക്ക്. അവിടെ കൃഷികണ്ടും കര്‍ഷകരെ സന്തോഷിപ്പിച്ചും മടക്കം. അതാണ് വിശ്വാസ സങ്കല്‍പ്പം. ഇതിലെ സാമൂഹ്യ കാഴ്ചപ്പാട് വലുതാണ്. ആചാരത്തിലെയും അനുഷ്ഠാനത്തിലെയും ഇത്തരം സാംസ്‌കാരികതയാണല്ലോ നാട്ടാചാരങ്ങളുടെ സമ്പത്ത്.
നൂറ്റാണ്ടായി തുടരുന്ന ആചാരമാണിത്. 90 വര്‍ഷം കഴിഞ്ഞു വൈക്കത്തമ്പലത്തില്‍ ഹിന്ദുക്കളിലെ അവര്‍ണര്‍ക്കും പ്രവേശനം വേണമെന്നാവശ്യപ്പെട്ട് നടന്ന സത്യഗ്രഹ സമരം വിജയിച്ചിട്ട്. അവര്‍ണരെന്ന് മുദ്രയടിച്ച് അകറ്റിനിര്‍ത്തിയവര്‍ക്ക് ക്ഷേത്ര പ്രവേശന അനുമതി നേടാന്‍, സവര്‍ണര്‍ നടത്തിയ സാമൂഹ്യവിപ്ലവം. ലോകചരിത്രത്തിലെ അസാധാരണ സംഭവങ്ങളിലൊന്നാണല്ലോ അത്. അതിനുമുന്‍പ് പല കാരണങ്ങളാല്‍ അകറ്റിനിര്‍ത്തപ്പെട്ടവര്‍ക്കിടയിലേക്ക് ഈശ്വരന്‍ സ്വയം ഇറങ്ങിച്ചെല്ലുന്നതാണ് കുംഭാഷ്ടമിയിലെ ആചാരം. ഈശ്വരനെ കാണാന്‍ വരുന്നതും ഈശ്വരന്‍ കാണാന്‍ ചെല്ലുന്നതും തമ്മില്‍ വലിയ അന്തരമുണ്ടല്ലോ. പല കാരണങ്ങളാല്‍ ക്ഷേത്രസന്നിധിയില്‍ എത്താന്‍ കഴിയാത്തവര്‍ക്ക്, അവര്‍ക്കിടയിലെത്തുന്ന ഭഗവാനെ കാണാനുള്ള അവസരം. സാമൂഹ്യ അനാചാരങ്ങള്‍ നടപ്പിലാക്കിയവരെന്ന് വിമര്‍ശിക്കപ്പെടുന്നവര്‍ തന്നെയാണ് ഈ അനുഷ്ഠാനവും ഉണ്ടാക്കിയതെന്ന് കൂടി ഓര്‍മ്മിക്കണം.
പതിവ് എഴുന്നള്ളത്തില്‍ നിന്നേറെ വ്യത്യസ്തമാണ് ഈ യാത്രയിലെ അനുഷ്ഠാന മര്യാദകള്‍. നാല് ആനകളുടെ അകമ്പടി. വൈക്കത്തപ്പന്റെ തിടമ്പിനും പ്രത്യേകത, പതിവ് തിടമ്പല്ല. കുംഭാഷ്ടമിയിലെ എഴുന്നള്ളത്തിലെ തിടമ്പില്‍ ഭഗവാന് ഒരു നാട്ടുകാരണവരുടെ ഭാവമാണ്. കൊമ്പന്‍ മീശ വച്ച കരുത്തനായ, അധികാര ഭാവമുള്ള രൂപം.
മകനെ കൂട്ടി, ക്ഷേത്രത്തിന്റെ കിഴക്കു വാതിലിലൂടെ എഴുന്നള്ളി, ഒരുകാലത്ത് ക്ഷേത്രഭൂമിയായിരുന്ന പാടശേഖരങ്ങളിലേക്കാണ് യാത്ര. ഇന്ന് കൃഷി ക്ഷയിച്ചു. ക്ഷേത്രത്തിന്റെ നടത്തിപ്പ് ചെലവിന് പണ്ട് നെല്ലുവിളയിച്ചിരുന്ന വാഴമനപ്പാടത്തേക്കാണ് ഗ്രാമദേവത എത്തുക. വേമ്പനാട്ട് കായലില്‍ നിന്ന് വാഴമനപ്പാടത്തേക്ക് വെള്ളമൊഴുകുന്ന തോട്ടില്‍ ചിറകെട്ടുന്നത് ഭഗവാന് അപ്പുറം കടക്കാനാണ്. അതോടെയാണ് കൃഷിപ്പണിയും തുടങ്ങുന്നത്. കെട്ടുന്ന താല്‍ക്കാലിക ചിറയ്ക്ക് മുകളിലൂടെ വൈക്കത്തപ്പന്‍ കടക്കുന്നതോടെ കൃഷി സംരക്ഷിക്കപ്പെടുന്നുവെന്നാണ് വിശ്വാസം. നാലാന കടന്നുപോകുമ്പോള്‍ ചിറ ഉറയ്ക്കുമെന്നതാവും ശാസ്ത്രീയ വശം. അതിന് ഭഗവാന്റെ സാന്നിദ്ധ്യം കൂടിയാകുമ്പോള്‍ കര്‍ഷകന്റെ ആത്മവിശ്വാസം ഏറും.
ക്ഷേത്രത്തില്‍നിന്നിറങ്ങിയാല്‍ മൂന്നിടത്ത് വൈക്കത്തപ്പന് വിശ്രമമുണ്ട്. വാഴമനക്കൊട്ടാരം, കൂര്‍ക്കച്ചേരി, കള്ളാട്ടുശേരി. ഇവിടങ്ങളില്‍, വലിയ ചെമ്പില്‍ നിവേദ്യമുണ്ടാക്കും. വൈക്കത്തപ്പന്‍ മേല്‍നോട്ടക്കാരന്‍. കര്‍ഷകര്‍ക്കും മറ്റ് ജനാവലിക്കും ‘കാരണവരെ’ കാണാന്‍ അവിടെ അവസരം. വരുന്നവര്‍ക്കെല്ലാം നിവേദ്യം പങ്കുവക്കണമെന്നാണ് ആചാരം. അങ്ങനെ പ്രജകളെ കേട്ട്, പ്രജകളെ കണ്ട് സന്തോഷത്തോടെ മടക്കയാത്ര. അതി ഗംഭീരമാണ് തിരിച്ചെഴുന്നള്ളത്ത്. കൃഷി യഥാവിധി നടക്കുന്നത് അറിഞ്ഞും കര്‍ഷകരെ കണ്ടും ആഹ്ലാദിച്ച്, മകന് ഇവയെല്ലാം പരിചയപ്പെടുത്തി മടക്കം. ഇരുവശവും ദീപങ്ങള്‍ തെളിയിച്ച് വൈക്കത്തെ വിളക്കു സമിതികളും നാട്ടുകാരും ഗ്രാമദേവതയെ തൃപ്തിപ്പെടുത്താന്‍ മത്സരിക്കും.
കൃഷിയിടത്തിലേക്കുള്ള എഴുന്നള്ളത്ത് കിഴക്കേ നടയില്‍ തുടങ്ങുമ്പോള്‍ വിശ്വാസികള്‍ അടിമകിടക്കുന്ന ചടങ്ങുണ്ട്. സാധാരണ മരണാനന്തര ചടങ്ങിലാണ് മുഴുവനായി വാഴയില വെട്ടുന്നതുപോലും. ആഘോഷങ്ങള്‍ക്കും മറ്റ് അനുഷ്ഠാനങ്ങള്‍ക്കും തൂശനിലയാണ് പതിവ്. ഈ ദിവസം മുഴുവന്‍ വാഴയില നിവര്‍ത്തി, അതില്‍ വിശ്വാസത്തോടെ, അച്ഛന്റെയും മകന്റെയും മുന്നില്‍ കിടക്കുന്ന ”അടിമ കിടക്ക”ല്‍ ചടങ്ങ് കുംഭാഷ്ടമിയിലെ പതിവാണ്. ദേവതകള്‍ ഏറ്റവും സന്തോഷിച്ചിരിക്കുന്ന വേളയില്‍ സ്വയം സമര്‍പ്പിക്കുന്നതോടെ ഭഗവാന്മാര്‍ ഇരുവരും ഭക്തരുടെ സംരക്ഷണം ഏറ്റെടുത്തുകൊള്ളുമെന്നാണ് വിശ്വാസം.
ആഘോഷപൂര്‍വം തിരികെ വൈക്കത്തെത്തിക്കഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ മൂന്നു പ്രദക്ഷിണം. പിന്നെ മകനെ യാത്രയാക്കാന്‍ അച്ഛന്‍ വടക്കേനട വരെ അനുയാത്ര. മടക്കയാത്രയും മറ്റും വൃശ്ചികാഷ്ടമിയുടെ ചടങ്ങിലെ ആവര്‍ത്തനം. മകനെ പിരിയുന്നതിലെ ഖേദം. നാഗസ്വരത്തില്‍ ദുഃഖ ഖണ്ഡാരത്തിന്റെ നീട്ടിക്കരച്ചില്‍. വിശ്വാസികള്‍ മുഴുവന്‍ കണ്ണീരണിയും. ഒന്നുരണ്ടു നിമിഷം കടുത്ത മൂകത. പിന്നെ ഇടക്കിടെ തിരിഞ്ഞുനോക്കി നോക്കി അച്ഛന്റെ മടക്കയാത്ര.
ഭഗവാനെ പച്ച മനുഷ്യനാക്കി, മഹാജനാവലിക്ക് മാതൃക കാണിക്കുന്ന സാമൂഹ്യാചാരം കൂടിയാണിതെല്ലാം. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം, കര്‍ഷകനും ഈശ്വരനും തമ്മിലുള്ള ദൃഢബന്ധം. കൃഷി സംരക്ഷിക്കേണ്ടതിന്റെ സന്ദേശം. അത് അടുത്ത തലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതിന്റെ ആവശ്യകതയറിയിക്കല്‍.
കര്‍ഷകനെ കാണാന്‍ ഭഗവാന്‍ എഴുന്നള്ളുന്നതിലെ ഉദാത്തഭാവം. ഭഗവാനെഴുന്നള്ളിയാല്‍ കൃഷി രക്ഷിക്കപ്പെടുമെന്ന വിശ്വാസം ഉറപ്പിക്കല്‍. അങ്ങനെയങ്ങനെ പലതും. ‘അന്ധവിശ്വാസ’ങ്ങള്‍ക്കപ്പുറം അനന്തമായ ആത്മവിശ്വാസം നല്‍കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇങ്ങനെ ഏറെയുണ്ട്. ഒരുപക്ഷേ നാളെകളിലേക്കുള്ള യാത്രകളില്‍ വിശ്വാസപ്പത്തായത്തിലെ ഈ കരുതലുകളൊക്കെയും കൂടി വഴിച്ചോറായേക്കാം.

പള്ളിപ്പാനയുടെ ഐതിഹ്യം

ഒരു ജനപദത്തിന്റെ ആധ്യാത്മിക സാംസ്‌കാരിക ചരിത്ര നിക്ഷേപങ്ങളിലേക്ക് വെളിച്ചം വീശുന്ന സവിശേഷമായ കര്‍മമമാണ് പള്ളിപ്പാന. തിരുനടയില്‍ അല്ലെങ്കില്‍ ക്ഷേത്രസന്നിധിയില്‍ പാടുന്ന പാട്ട് എന്നാണ് പള്ളിപ്പാനയുടെ ലളിതമായ അര്‍ത്ഥമെങ്കിലും ആ പാട്ട് ഒരു അനുഷ്ഠാനം എന്നതുപോലെ വിവിധാചാരങ്ങളോടും ക്രിയകളോടും കൂടിയാണ് നിര്‍വഹിക്കപ്പെടുന്നത്. അതാവട്ടെ ഒരു പ്രത്യേക സമുദായത്തിന്റെ അവകാശമായാണ് ഇന്നും അനുഷ്ഠിച്ചുപോരുന്നത്.
കേരളത്തിലെ അടിസ്ഥാനവര്‍ഗത്തില്‍പ്പെട്ട വേലന്‍ സമുദായക്കാരാണ് പള്ളിപ്പാനയിലെ കര്‍മികള്‍. സമൂഹത്തിനും നാടിനും വന്നുപിണയുന്ന ദുരിതങ്ങള്‍ അകറ്റുന്നതിനും സര്‍വജീവജാലങ്ങള്‍ക്കും ദേവതകള്‍ക്കും നിരവധി കാരണങ്ങളാലുണ്ടാകുന്ന ദോഷങ്ങള്‍ നീക്കുന്നതിനും സദുദ്ദേശ്യത്തോടെ ചെയ്യുന്ന പ്രതിവിധികളാണ് പള്ളിപ്പാനയിലെ അടിസ്ഥാനകര്‍മങ്ങള്‍. ആദ്യകാലത്ത് ദിവ്യബലി എന്ന പേരില്‍ 18 ദിവസങ്ങള്‍കൊണ്ട് അനുഷ്ഠിച്ചുവന്ന ഈ കര്‍മം കാലാന്തരത്തില്‍ ‘പള്ളിപ്പാന’ എന്ന പേരില്‍ 12 ദിവസമായിത്തീര്‍ന്നു എന്നൊരുധാരണയുണ്ട്.
എന്നാല്‍ വിധിപ്രകാരം 15 ദിവസങ്ങളിലായാണ് പള്ളിപ്പാന നടത്തുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ പള്ളിപ്പാന 15 ദിവസങ്ങളിലായാണ് നടന്നുവരുന്നത്. അങ്ങനെയുള്ള 12 പള്ളിപ്പാനകള്‍ കൂടുമ്പോള്‍ വിജയബലി എന്ന അത്യപൂര്‍വചടങ്ങും നടത്തുന്നു. അതായത് 144 കൊല്ലത്തിലൊരിക്കല്‍. ഇതെല്ലാം മുറമുട്ടാതെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഇപ്പോഴും നടന്നുവരുന്നത് ആചാരവിധിപ്രകാരമുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ്. പള്ളിപ്പാന തന്നെ ഇവിടെ നടക്കുന്നത് 12 വര്‍ഷത്തിലൊരിക്കലാണ്. അതിനും പ്രത്യേകമായ ഒരു പശ്ചാത്തലമുണ്ട്. എല്ലാ വര്‍ഷവും മലയാളമാസം മകരം ഒന്നുമുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന 12 കളഭവും 12 കളഭം കഴിയുമ്പോള്‍ പള്ളിപ്പാനയും 12 പള്ളിപ്പാനകള്‍ പൂര്‍ത്തിയാകുമ്പോള്‍ വിജയബലിയും നടക്കുന്നു. ഏറ്റവും ഒടുവില്‍ നടന്ന പള്ളിപ്പാന 2002 ലും വിജയബലി 1954 ലും ആയിരുന്നു. അടിസ്ഥാനകഥകള്‍
പാലാഴിമഥനം നടന്ന സന്ദര്‍ഭം. ദുര്‍വാസാവു മഹര്‍ഷിയുടെ ശാപത്താല്‍ ജരാനരബാധിച്ച ദേവന്മാര്‍ ശാപമോചനത്തിനായി പാലാഴി കടഞ്ഞ് അമൃതം സേവിക്കുവാന്‍ തയ്യാറാകുന്നു. ദേവന്മാരും അസുരന്മാരും ചേര്‍ന്ന് വാസുകിയെ കയറായും മന്ദരപര്‍വതത്തെ മത്തായും ഉപയോഗിച്ച് പാലാഴി കടയുകയും അനേകം ദിവ്യവസ്തുക്കള്‍ അതില്‍നിന്ന് പുറത്തുവരികയും ചെയ്തു. ഏറ്റവുമൊടുവില്‍ ദിവ്യമായ അമൃതം ലഭിച്ചു. അസുരന്മാര്‍ ദേവന്മാരില്‍നിന്ന് അമൃതം തട്ടിയെടുത്തു. അമൃതം വീണ്ടെടുക്കുന്നതിനായി മഹാവിഷ്ണു മോഹിനീരൂപത്തില്‍ അസുരന്മാരെ സമീപിച്ച് അവരില്‍നിന്ന് അത് കൗശലപൂര്‍വം കൈവശപ്പെടുത്തി ദേവന്മാര്‍ക്ക് നല്‍കി.
അമൃതം നഷ്ടപ്പെട്ട അസുരന്മാര്‍ ഗുരുവായ ശുക്രാചാര്യരെക്കണ്ട് സങ്കടം ബോധിപ്പിച്ചു. അമൃതം കൈവശപ്പെടുത്തി കടന്നുകളഞ്ഞത് മഹാവിഷ്ണുവാണെന്ന് ദിവ്യദൃഷ്ടിയാലറിഞ്ഞ ശുക്രാചാര്യര്‍ കോപിഷ്ഠനായി വിഷ്ണുവിന് പീഡകള്‍ ഉണ്ടാകാന്‍ ആഭിചാരകര്‍മം നടത്തി. ദുര്‍മന്ത്രവാദവും ആഭിചാരകര്‍മവും അതോടെയാണാരംഭിച്ചതെന്ന് ഒരു വിശ്വാസമുണ്ട്.
ശുക്രന്റെ കര്‍മങ്ങള്‍ മൂലം ഭഗവാന് ആലസ്യവും പാലാഴിയിലെ ജലത്തിന് നീലനിറവും ഉണ്ടായി. അവിടത്തെ ജീവജാലങ്ങള്‍ നശിക്കുകയും ചെയ്തു. ദുര്‍നിമിത്തങ്ങള്‍ കണ്ട് ദേവന്മാരും മഹര്‍ഷിമാരും ഭയവിഹ്വലരായി. പതിനാലുവര്‍ഷം ഭഗവാന്‍ രോഗപീഡയില്‍ വലഞ്ഞു. മഹാവിഷ്ണുവിന് സംഭവിച്ച ദോഷത്തിന് പരിഹാരം കാണുവാന്‍ ദേവന്മാരും നാരദാദി മുനികളും ഒത്തുചേര്‍ന്നു. ഗണപതിയുടെ നിര്‍ദ്ദേശപ്രകാരം സുബ്രഹ്മണ്യന്‍ രാശിപ്രശ്‌നം നടത്തി. (അങ്ങനെയാണ് പ്രശ്‌നവിചാരം തുടങ്ങിയതെന്നും അഭിപ്രായപ്പെടുന്നു.) പ്രശ്‌നചിന്തയില്‍ നവഗ്രഹങ്ങള്‍ മൃത്യുസൂത്രത്തില്‍ (മരണരാശിയില്‍)നിന്നതുകണ്ട് എല്ലാവരും ദുഃഖിതരായി.
ദോഷപരിഹാരം ചെയ്യാന്‍ ഒരു പ്രത്യേക സമുദായത്തിനു മാത്രമേ കഴിയൂ എന്ന് സുബ്രഹ്മണ്യന്‍ വിധിച്ചു. അതു വേല സമുദായമായിരുന്നു. ആ സമുദായത്തെ അന്വേഷിച്ച് ദേവന്മാര്‍ പലയിടങ്ങളിലും അലഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. നിരാശരാവാതെ അവര്‍ നാരദന്റെ ഉപദേശപ്രകാരം കൈലാസത്തിലെത്തി ശക്തിസമേതനായ ശ്രീപരമേശ്വരനെ കണ്ടുവണങ്ങി ഓം നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ജപിച്ചു. സന്തുഷ്ടനായ മഹാദേവന്‍ ദേവന്മാരോട് വിവരമന്വേഷിച്ചു. അവര്‍ മഹാവിഷ്ണുവിന്റെ രോഗവിവരങ്ങള്‍ വിശദമായി ധരിപ്പിക്കുകയും സുബ്രഹ്മണ്യന്‍ നടത്തിയ പ്രശ്‌നവിധയുടെ ചാര്‍ത്ത് വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. എല്ലാം ശ്രദ്ധാപൂര്‍വം കേട്ട മഹാദേവന്‍ ദേവന്മാരെയും മഹര്‍ഷിമാരെയും സമാധാനിപ്പിച്ച് കര്‍മം ചെയ്യാനുള്ള ആചാര്യനെ യഥാസമയം സമാധാനിപ്പിച്ച് കര്‍മം ചെയ്യാനുള്ള ആചാര്യനെ യഥാസമയം എത്തിച്ചുകൊള്ളാമെന്ന് അറിയിച്ചു.
അടുത്ത പ്രഭാതത്തില്‍ത്തന്നെ മഹാദേവന്‍ മഹാവിഷ്ണുവിന്റെ രോഗം മാറ്റുന്നതിന് സ്വയം വേലനായി അവതാരമെടുത്ത് ഗോപുരത്തിന്റെ മുന്നിലെത്തി. വിഷ്ണുഭഗവാനെ സ്തുതിഗീതങ്ങള്‍ പാടി പ്രസാദിപ്പിച്ചു. സ്തുതി കേട്ട് ഭഗവാന്‍ ഉണരുകയും ആഗമനോദ്ദേശ്യം ആരായുകയും ചെയ്തു. മഹാവിഷ്ണുവിന്റെ രോഗപീഡകള്‍ മാറ്റുന്നതിന് ചില കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ടെന്നും അതിനാണ് താനെത്തിയിരിക്കുന്നതെന്നും അറിയിച്ച് അനുജ്ഞവാങ്ങി മഹാദേവന്‍ ആ കര്‍മങ്ങള്‍ യഥാവിധി നിര്‍വഹിച്ചു. ഭഗവാന്റെ ആലസ്യവും പ്രയാസങ്ങളും അതോടെ മാറുകയും പൂര്‍വാധികം ഊര്‍ജസ്വലനായിത്തീരുകയും ചെയ്തുവെന്നാണ് കഥ.
പില്‍ക്കാലത്ത് ശൈവവംശജരായ വേലന്‍ സമുദായക്കാര്‍ ഈ മഹത്കര്‍മ്മം അതിന്റെ വിശുദ്ധി നഷ്ടപ്പെടാതെ അനുഷ്ഠിച്ചുപോരുന്നതാണ് പള്ളിപ്പാന എന്ന വിശ്വാസമാണ് ഇന്ന് പ്രചാരത്തിലുള്ളത്. എന്നാല്‍ പള്ളിപ്പാനയെപ്പറ്റി മറ്റു ചില കേട്ടുകേള്‍വികളും ഐതിഹ്യങ്ങളും നിലവിലുള്ളതുകൂടി ഈ സന്ദര്‍ഭത്തില്‍ അന്വേഷിക്കുന്നത് പ്രസക്തമായിരിക്കും.


ജന്മഭൂമി: http://www.janmabhumidaily.com/news544453#ixzz4Vujn2gnq



പള്ളിപ്പാനയും മഹാവിഷ്ണുവും


പാന രണ്ടുതരത്തിലുണ്ട്. കളിപ്പാനയും പള്ളിപ്പാനയും. പകല്‍ മാത്രം നടത്തുന്ന പാനയെ കളിപ്പാനയെന്നും രാവും പകലും നടത്തുന്നതിനെ പള്ളിപ്പാനയെന്നും പറയുന്നു. അനുഷ്ഠാനപരമായ ദൃശ്യകലയായ പാനപ്പാട്ടിന് വേലന്മാര്‍ സ്ത്രീപുരുഷഭേദമെന്യേ പങ്കെടുക്കുന്നു. നാമദോഷം തീര്‍ക്കല്‍, കണ്ണുദോഷം തീര്‍ക്കല്‍, ശത്രുവൊഴിക്കല്‍, ആധിവ്യാധികള്‍ തീര്‍ക്കല്‍ എന്നിവയാണ് വേലന്മാരുടെ പ്രധാനകര്‍മങ്ങള്‍.
പാന നടത്തണമെങ്കില്‍ വേലന്‍ വേണം. വേലനില്ലാതെ പാനയില്ല. പാന രണ്ടുതരത്തിലുണ്ട്. കളിപ്പാനയും പള്ളിപ്പാനയും. പകല്‍ മാത്രം നടത്തുന്ന പാനയെ കളിപ്പാനയെന്നും രാവും പകലും നടത്തുന്നതിനെ പള്ളിപ്പാനയെന്നും പറയുന്നു. അനുഷ്ഠാനപരമായ ദൃശ്യകലയായ പാനപ്പാട്ടിന് വേലന്മാര്‍ സ്ത്രീപുരുഷഭേദമെന്യേ പങ്കെടുക്കുന്നു. നാമദോഷം തീര്‍ക്കല്‍, കണ്ണുദോഷം തീര്‍ക്കല്‍, ശത്രുവൊഴിക്കല്‍, ആധിവ്യാധികള്‍ തീര്‍ക്കല്‍ എന്നിവയാണ് വേലന്മാരുടെ പ്രധാനകര്‍മങ്ങള്‍. മതപരവും ജാതീയവുമായ ഏതൊരു ജനവിഭാഗത്തിന്റെയും ഉല്‍പത്തിക്ക് നിദാനമായി ദൈവികപരിവേഷമുള്ള ഏതെങ്കിലും കഥകകളും ഉണ്ടായിരിക്കാം. വേലന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ഇതില്‍നിന്ന് ഭിന്നമല്ല.
മഹാവിഷ്ണുവും ലക്ഷ്മിദേവിക്കും ഉണ്ടായ നാവിന്‍ദോഷം തീര്‍ക്കാന്‍ പരമശിവന്‍ വേദന്‍ എന്നൊരു ദേവനെ സൃഷ്ടിച്ചുവെന്നും വേദന്‍ വേദമോതി നാമദോഷം തീര്‍ത്തൂ എന്നും ഒരു കഥയുണ്ട്. വേദന്‍ എന്നതിന്റെ തദ്ഭവമാണ് വേലന്‍ എന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുന്നു. മഹാവിഷ്ണുവിന്റെ നാമദോഷം തീര്‍ത്തശേഷം മടങ്ങുന്ന ശ്രീപരമേശ്വരനോട് ദേവന്മാര്‍ അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായി വെയിലില്‍നിന്ന് ഒരാളെ സൃഷ്ടിച്ചുവെന്നും അതുകൊണ്ട് അയാളെ വെയ്‌ലന്‍ എന്നും വിളിച്ചുവെന്നും വെയിലനാണ് പിന്നീട വേലനായി രൂപാന്തരപ്പെട്ടതെന്നും മറ്റൊരു വിശ്വാസവുമുണ്ട്. പരമ്പരാഗതമായി വായ്ത്താരിപോലെ ചൊല്ലി വന്ന പാട്ടുകളാണ് ഈ ഐതിഹ്യത്തെ ഉള്‍ക്കൊള്ളുന്നത്. അക്കാരണത്താല്‍ കഴിവതും അതിന്റെ തനിമ നഷ്ടപ്പെടാതെ ആ ഐതിഹ്യത്തെ പ്രതിപാദിക്കട്ടെ.
ഭൂമിയെ സുസ്ഥിതിയിലാക്കി മോക്ഷപ്രാപ്തിക്ക് സജ്ജമാക്കി പാലാഴിയില്‍ പള്ളികൊള്ളുന്ന ശ്രീമഹാവിഷ്ണു ഒരിക്കല്‍ മനസ്സില്‍ ഇങ്ങനെ വിചാരിച്ചു: ദേവതൃക്കൂത്തും മണിവിളക്കും കണ്ടിട്ട് വളരെക്കാലമായി. അല്ലെങ്കില്‍ ഒന്നു ദേവതൃക്കൂത്ത് നടിച്ചാലെന്താ? ദേവതൃക്കൂത്ത് ആടുകതന്നെ. തിരുനല്ലൂര്‍ തുറയും ചമയ്ക്കണം. നിശ്ചയമനുസരിച്ച് മഹാവിഷ്ണു എല്ലാ വേഷഭൂഷാദികളും അണിഞ്ഞ് ദേവതൃക്കൂത്തു നടത്തി. ദേവന്മാരും ഋഷികളുമെല്ലാം തൃക്കൂത്തും മണിവിളക്കും കാണാനെത്തിയിരുന്നു. അവര്‍ മടങ്ങുന്ന വഴിക്ക് എവിടെപ്പോയി വരികയാണെന്ന് പാക്കനാര്‍ ചോദിച്ചു. മഹാവിഷ്ണുവിന്റെ തൃക്കൂത്തും മറ്റും കണ്ടു മടങ്ങുകയാണെന്ന് പറഞ്ഞ ദേവന്മാരോട് പാക്കനാര്‍ വീണ്ടും ചോദിച്ചു. തൃക്കൂത്തിന് എന്തെങ്കിലും കുറ്റമോ കുറവോ ഉണ്ടായിരുന്നോ? ഞങ്ങളാരും ഒരു കുറവും കണ്ടില്ല എന്നുപറഞ്ഞ അവരോട് പാക്കനാര്‍ മഹാവിഷ്ണുവിന്റെ കൂത്തിന് കുറവുണ്ടായിരുന്നുവെന്ന് തീര്‍ത്തു പറഞ്ഞു.
എല്ലാവരും കണ്ട് സന്തോഷിച്ചു പ്രശംസിച്ചു മടങ്ങിയിട്ടും തന്റെ കൂത്തിന് കുറവുണ്ടായിരുന്ന എന്ന് പാക്കനാര്‍ പറഞ്ഞതറിഞ്ഞ മഹാവിഷ്ണു പാക്കനാരോട് എന്തായിരുന്നു തന്റെ കൂത്തിനുണ്ടായിരുന്ന കുറവ് എന്ന് ആരാഞ്ഞു. പാക്കനാര്‍ പറഞ്ഞു: വട്ടമുടി, സര്‍വാംഗ കല്‍വി ഇവയെല്ലാമെടുത്തണിഞ്ഞ് വലതുതൃക്കാലില്‍ പന്തീരായിരം പവരില്‍ മുറുകി, ഇടതുതൃക്കാലില്‍ പന്തീരായിരം പവരില്‍ മുറുകി തക്കിട്ടാതമ എന്ന താളം ചവിട്ടുമ്പോള്‍ വലതു തൃക്കാതില്‍ക്കിടന്ന കുണ്ഡലമഴിഞ്ഞ് ഭൂമിയില്‍ വീണു. നിന്നവരാരും അറിയാതെ ഇടതു തൃക്കാലുകൊണ്ട് ചേര്‍ത്തെടുത്ത് വലതു തൃക്കാലില്‍ ഇട്ട് കൂത്ത് നടിക്കുന്നത് കൂത്തിന് കുറവാകുന്നു.
ഇതുകേട്ട മഹാവിഷ്ണു കൂത്തിന് കുറവുണ്ടെങ്കില്‍ നിന്റെ പൂവാടയ്ക്കും കുറവുണ്ടെന്നും അത് തിരുമുല്‍ക്കാഴ്ചയ്ക്ക് കൊള്ളരുതെന്നും പ്രതിവചിച്ചു. തന്റെ പട്ടുവസ്ത്രത്തിന്റെ കുറവ് എന്തെന്ന് അറിയണമെന്നായി പാക്കനാര്‍. മലയില്‍ തറി നാട്ടി കടലില്‍ തിരവളച്ച് തെക്കൊല്ലം വടക്കൊല്ലം മടവീതിയും വച്ച് പൂവാട നെയ്തു തുടങ്ങുംനേരം പൂവാടമേല്‍ നിന്നൊരു നൂല്‍പൊട്ടി ഭൂമിയില്‍ വീണു. നാവില്‍നിന്നും പശതൊട്ടുകൂട്ടി എടുത്ത പൂവാടയ്ക്കും കുറവുണ്ട്. കൊള്ളരുത് അത് തിരുമുല്‍ക്കാഴ്ചയ്ക്ക് എന്ന മഹാവിഷ്ണു മറുപടി നല്‍കി. താഴെ വീണ നൂല്‍ വിരലില്‍ തുപ്പല്‍തൊട്ട് എടുത്തതാകയാല്‍ തന്റെ പട്ടിന് അശുദ്ധി കല്‍പ്പിച്ച് തിരുമുല്‍ക്കാഴ്ചയ്ക്ക് കൊള്ളുകയില്ലെന്ന് പറഞ്ഞതുകേട്ട് പാക്കനാര്‍ക്ക് കോപവും താപവും പ്രതികാരചിന്തയും ഉണ്ടായി.
മഹാവിഷ്ണുവിനോട് എങ്ങനെ പ്രതികാരം ചെയ്യണമെന്ന് ചിന്തിക്കവേ അല്‍പം മായാ ക്ഷുദ്രം വച്ച് മറികടത്തി പകരം വീട്ടാമെന്ന് തീരുമാനിച്ചു. ഇങ്ങനെ മനസ്സിലുറപ്പിച്ച് ദേവന്മാരെക്കണ്ട് ചോദിച്ചു. നാരായണസ്വാമിയുടെ ഉള്ളംകാലില്‍ പൊടിയും വായില്‍ തമ്പലവും തലനാരും കൊണ്ടുവന്നുതരാമോ? തങ്ങള്‍ക്കതാവില്ല എന്നു ദേവന്മാര്‍ പറഞ്ഞപ്പോള്‍ പാക്കനാര്‍ അസുരന്മാരെക്കണ്ട് തന്റെ ആവശ്യമറിയിച്ചു. അവര്‍ നാരായണസ്വാമിയുടെ ഉള്ളംകാലില്‍ പൊടിയും വായില്‍ തമ്പലവും തലനാരും തിരുനാളും കൊണ്ടുവന്ന് പാക്കനാര്‍ക്കു നല്‍കി.
പാക്കനാര്‍ അവയെല്ലാം വാങ്ങിവച്ച് തലയ്ക്ക് പറ്റിയോരിലമരുന്ന് പറിച്ച്, കായ്ക്ക് പറ്റിയൊരു വേരുമരുന്ന് പറിച്ച്, പാച്ചോന്ത്, പറയോന്ത്, ഈര്‍ഷ്യപ്പൊടി, മൂര്‍ച്ഛപ്പൊടി ഇവയെല്ലാം കൂടി ഒരു പുതുകുടത്തിലിട്ടടച്ച് ശ്രീവൈകുണ്ഠത്തില്‍ ചെന്ന് നാരായണസ്വാമിയെ വിളിച്ച് വിളികേള്‍പ്പിച്ച് മായാക്ഷുദ്രം വച്ച് മറികടത്തി. അന്നേരം ഇരുകരകളിലും നിന്നിരുന്ന ദേവന്മാരും അസുരന്മാരും പറഞ്ഞുതുടങ്ങി. ഭൂഭാരം തോറ്റിയ നാരായണസ്വാമിയുടെ കനമോ കരുണയോ ബലമോ വീര്യമോ എന്നറിഞ്ഞില്ല.


ജന്മഭൂമി: http://www.janmabhumidaily.com/news544823#ixzz4Vuk2PYN5


അമ്പലപ്പുഴ ക്ഷേത്രത്തിലെ ആചാരങ്ങള്‍

ampala-puzhaഇത്രത്തോളം ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്ന മറ്റൊരു ക്ഷേത്രം അമ്പലപ്പുഴ ക്ഷേത്രമല്ലാതെ മറ്റൊന്നുണ്ടോ എന്ന കാര്യം സംശയമാണ്. ദേവനാരായണ പരമ്പരയിലെ രാജാക്കന്മാര്‍ എല്ലാം ദേവനുമായി ബന്ധപ്പെട്ട ഓരോ ചടങ്ങുകളും വളരെ കൃത്യമായും നിഷ്ഠയായും ചിട്ടയായും നടത്തിവന്നിരുന്നു എന്നതിന്റെ തെളിവാണ് ക്ഷേത്രചടങ്ങുകള്‍ക്ക് ആവശ്യമായുള്ള വകകള്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തിയിരുന്നു എന്നത്. ക്ഷേത്രത്തിന്റെ നിത്യനിദാനത്തിനാവശ്യമായ നെല്ല് കൃഷി ചെയ്‌തെടുക്കുന്നതിനുള്ള പുഞ്ചനിലങ്ങളും, ക്ഷേത്രത്തിനകത്തും പുറത്തുമായി നടക്കുന്ന പള്ളിപ്പാന, വിജയബലി പോലുള്ള വിശേഷാല്‍ ചടങ്ങുകള്‍ക്ക് ആവശ്യമായ ചടങ്ങുകള്‍, തിരുവുത്സവം, മുളയറ ഭഗവതിയുടെ എഴുന്നള്ളത്ത് എന്നിവ ആചാരമായി നടത്തുന്നതിനുള്ള സ്ഥലങ്ങളും ക്ഷേത്രത്തിന്റെ പേരില്‍തന്നെ രാജാക്കന്മാര്‍ പ്രത്യേകം നീക്കിയിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലും തെക്കേ നടയിലും പടിഞ്ഞാറെ നടയിലും വടക്കേ നടയിലും ആചാരാനുഷ്ഠാനങ്ങള്‍ക്കായി വസ്തുക്കള്‍ ഇനം തിരിച്ച് ക്ഷേത്രം വക വസ്തുക്കള്‍ ആയിത്തന്നെ നീക്കിയിട്ടിട്ടുള്ളത് പഴയ രേഖകളില്‍ കാണാം.
ഉത്സവകാലത്ത് കൊടിയേറ്റിന് തലേനാള്‍ വെടിക്കെട്ട് പരിശോധനയ്ക്കായി പോകുന്ന പുത്തന്‍കുളത്തിന്റെ കരയിലെ വസ്തുക്കളും ഒന്‍പതാം ഉത്സവനാളിലെ ചരിത്രപ്രസിദ്ധമായ നാടകശാല സദ്യയ്ക്കുശേഷം ഭക്തജനങ്ങള്‍ക്ക് വഞ്ചിപ്പാട്ട് പാടി രാജാവിനെ ദര്‍ശിച്ച് പണക്കിഴിയും പഴക്കുലയും സ്വീകരിക്കുവാന്‍ ദേഹശുദ്ധി വരുത്തുന്നതിനും ചെമ്പകശ്ശേരിയിലെ മുപ്പതിനായിരം കുടുംബങ്ങള്‍ക്ക് ക്ഷേത്രത്തില്‍ കുളിച്ചു തൊഴുന്നതിനായി ഉപയോഗിച്ചിരുന്ന പുത്തന്‍ കുളവും ക്ഷേത്രഭൂമിയായി തന്നെ അളന്നുതിരിച്ചിട്ടിരുന്നു. പത്താമുദയനാളില്‍ മുളയറ ഭഗവതിയുടെ ഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന എതിരേല്‍പ്പ് മഹോത്സവത്തിന് പടിഞ്ഞേറെ നടയില്‍ പനച്ചുവട് തറയും (ഇപ്പോഴത്തെ ആല്‍ത്തറ) പുത്തന്‍കുളം വരെയുള്ള റോഡും ക്ഷേത്രം വക വസ്തുക്കളായാണ് മഹാരാജാവ് നീക്കിയിട്ടത്.
ആറാട്ടു തിരികെ വരുമ്പോള്‍ പുത്തന്‍കുളത്തിന്റെ കരയില്‍ മന്ത്രിമാരായിരുന്ന പാറയില്‍ മേനോന്റെയും മണക്കാട്ടംപള്ളി മേനോന്റെയും നേതൃത്വത്തില്‍ നല്‍കിയിരുന്ന ആറാട്ടു സ്വീകരണത്തിന് ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണക്കുടയും വെള്ളിക്കുടകളും ദേവന്റെ വക വസ്തുവില്‍ക്കൂടിതന്നെ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യണമെന്ന് രാജാവ് വ്യവസ്ഥ ചെയ്തിരുന്നതായി രേഖകളില്‍ കാണാം. ഈ ആചാരങ്ങള്‍ ഏതാണ്ട് എല്ലാംതന്നെ ഇന്നും മുറതെറ്റാതെ ഇവിടെ നടന്നുവരുന്നു. പുത്തന്‍കുളത്തിന്റെ കരയിലെ സ്വീകരണത്തിനുശേഷം സ്വര്‍ണക്കുടയും വെള്ളിക്കുടകളും തിരികെ ക്ഷേത്രഭണ്ഡാരത്തില്‍ സുരക്ഷിതമായി എത്തിയെന്ന് ഉറപ്പാക്കിയെങ്കില്‍ മാത്രമേ എഴുന്നള്ളത്ത് കുളത്തിന്റെ കരയില്‍നിന്ന് നീങ്ങാവൂ എന്ന് എഴുന്നള്ളത്തിന്റെ ചുമതലക്കാരനായ ക്ഷേത്രം കോയ്മസ്ഥാനിക്ക് രാജാവ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എഴുന്നള്ളത്ത് വ്യവസ്ഥകളില്‍ വ്യക്തമാക്കിയിരിക്കുന്നത് കാണാം.
പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ ക്ഷേത്രത്തില്‍ നടന്നുവരുന്ന പള്ളിപ്പാന ചടങ്ങുകളിലെ മുഖ്യചടങ്ങുകളില്‍ ഒന്നായ ദിക്കു ബലിക്ക് നാല് സെന്റ് സ്ഥലം വീതം ക്ഷേത്രത്തിന്റെ നാല് അതിരുകളില്‍ (കോലപ്പിള്ളി, വെള്ളാഞ്ഞിലി, മൂലയില്‍ വാടക്കുഴി) ക്ഷേത്രഭൂമിയായി അളന്നുതിരിച്ച് ഇടുകയും, ആ സ്ഥലങ്ങളിലേക്ക് വരുന്നതിനും പോകുന്നതിനുമുള്ള വഴികള്‍ ക്ഷേത്രം വക വസ്തുവായി നിജപ്പെടുത്തുകയും ചെയ്തിരുന്നു. ആരുടെയും തടസ്സം കൂടാതെ ക്ഷേത്രം വക വഴിയിലൂടെ സഞ്ചരിച്ച് ആചാരങ്ങളുടെ ഭാഗമായ ചടങ്ങുകള്‍ നടക്കണമെന്ന് രാജാക്കന്മാര്‍ ചിന്തിച്ചിരിക്കാം. പച്ചോലയില്‍ കെട്ടി കട്ടിലില്‍ വരിഞ്ഞുമുറുക്കി വേലന്മാരെയും എടുത്ത് ബലി കൊടുക്കുന്നതിനായി നാല് ദിക്കുകളിലേക്കും പോകുന്നതിനും, അടവിയുമായി ഉറഞ്ഞുതുള്ളിവരുന്ന വേലന്മാര്‍ക്ക് വഴിയില്‍ തടസ്സങ്ങള്‍ ഉണ്ടാകരുതെന്നുമുള്ള ദീര്‍ഘവീക്ഷണമാകാം വസ്തുവകകളും വഴികളും ക്ഷേത്രഭൂമിയായി തന്നെ അളന്നുതിരിച്ചിടുവാന്‍ രാജാവിനെ പ്രേരിപ്പിച്ചത്. 144 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടക്കുന്ന വിജയബലി ചടങ്ങുകളില്‍ ക്ഷേത്രത്തിന് വെളിയില്‍ നാല് ദിക്കുകളില്‍ മരപ്പാണി കൊട്ടി മുപ്പത്തിമുക്കോടി ദേവഗണങ്ങളെയും ബലി സ്വീകരിക്കുന്നതിന് ക്ഷണിക്കുന്ന ചടങ്ങും ആചാരത്തിന്റെ ഭാഗമായി ഈ ക്ഷേത്രത്തില്‍ നടന്നുവരുന്നുണ്ട്.
മാര്‍ത്താണ്ഡവര്‍മ്മ ചെമ്പകശ്ശേരി രാജ്യം കീഴ്‌പ്പെടുത്തി തിരുവിതാംകൂര്‍ രാജവംശത്തോടു ചേര്‍ത്തശേഷവും ക്ഷേത്രവസ്തുക്കള്‍ അതുപോലെ തന്നെ നിലനിര്‍ത്തിയിരുന്നു. വസ്തുവകകള്‍ അളന്നുതിരിച്ച് കൈവശക്കാരുടെ പേരില്‍ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതോടുകൂടി വസ്തുവകകള്‍ നിലം, പുരയിടം എന്നിങ്ങനെ വേര്‍തിരിക്കുകയും സര്‍വേ നമ്പര്‍ നല്‍കി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ പട്ടയം പിടിച്ച് സെറ്റില്‍മെന്റ് രജിസ്റ്റര്‍ തയ്യാറാക്കുകയും ചെയ്തു. ക്ഷേത്രവസ്തുക്കള്‍, പണ്ടാരവക പാട്ടവസ്തുക്കളോ പുറമ്പോക്ക് വസ്തുക്കളോ ആയി മാറി. പണ്ടാരവക പാട്ടം, സര്‍ക്കാര്‍, ദേവസ്വം പാട്ടം, കണ്ടുകൃഷി പാട്ടം, ബ്രഹ്മസ്വം/ഒറ്റിപ്പാട്ടം, കരമൊഴിവ് വസ്തുക്കള്‍ എന്നിങ്ങനെ തിരിച്ചപ്പോള്‍ ക്ഷേത്രവസ്തുക്കള്‍ എല്ലാം പുറമ്പോക്ക് വസ്തുക്കളായി.
കൊല്ലവര്‍ഷം 1082 ല്‍ (1906) തിരുവിതാംകോട്ട് സംസ്ഥാനത്ത് ആക്ടിങ് സെറ്റില്‍മെന്റ് ദിവാന്‍ പേഷ്‌കാര്‍ എസ്. പത്മനാഭ അയ്യര്‍ തയ്യാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ക്ഷേത്രംവക ഭൂമികള്‍ പുറമ്പോക്ക് വസ്തുക്കളായി രേഖപ്പെടുത്തിക്കാണുന്നുണ്ട്. 1103 ല്‍ (1927) ക്ഷേത്രം വക ഭൂമികള്‍ റവന്യൂ വകുപ്പില്‍നിന്ന് വേര്‍തിരിച്ച് ദേവസ്വം ഭൂമിയായി മാറ്റുകയും ആവശ്യമായ തിരുത്തലുകള്‍ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. സെറ്റില്‍മെന്റ് രജിസ്റ്ററില്‍ 231 ല്‍ 235 വരെയുള്ള സര്‍വെ നമ്പരില്‍പ്പെട്ട വിവിധ സബ്ഡിവിഷനുകളിലായി പന്ത്രണ്ട് ഏക്കര്‍ 90 സെന്റ് സ്ഥലം ക്ഷേത്രം വക വസ്തുക്കളായി തിരിച്ച് നല്‍കിയതില്‍ ക്ഷേത്രം നല്‍കുന്ന എട്ട് ഏക്കര്‍ 20 സെന്റ് സ്ഥലവും സര്‍പ്പക്കാവും പശുക്കൂടും റോഡുകളും ഇടവഴികളും കുളവും ദിക്കുബലി നടത്തുന്നതിനുള്ള സ്ഥലവും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ക്ഷേത്ര ഭരണം നടത്തിയിരുന്ന കാലത്ത് ഈ വസ്തുവകകള്‍ സംരക്ഷിക്കുന്നതിനും തൂപ്പുജോലിക്കുമായി പുറംതൂപ്പ് ലാവണം, നന്ദാവനം വാച്ചര്‍, ഗോശാല വാച്ചര്‍ തുടങ്ങിയ ലാവണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇന്നും ക്ഷേത്രത്തിന്റെ അധീനതയിലുള്ള പടിഞ്ഞാറേ നടയിലെ റോഡ് തൂത്തുവൃത്തിയാക്കുന്നത് അമ്പലപ്പുഴ ദേവസ്വത്തിലെ പുറംതൂപ്പ് ലാവണത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണ്.
ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1968 ല്‍ അമ്പലപ്പുഴ തകഴി റോഡിനായി ദേവസം വക വസ്തുക്കളില്‍ നിന്ന് 37 സെന്റ് സ്ഥലം പൊന്നുംവിലയ്ക്ക് എടുത്തതായും, പശുക്കൂടിന്റെ വടക്കുഭാഗത്ത് പള്ളിപ്പാന ചടങ്ങുകളിലെ പുറക്കളത്തില്‍ ഗുരുതിക്കുള്ള നാല് സെന്റ് സ്ഥലം ഒഴിച്ച് ബാക്കി സ്ഥലം ജനകീയ കവി ആയിരുന്ന കുഞ്ചന്‍ നമ്പ്യാരുടെ പേരില്‍ സ്മാരകം നിര്‍മിക്കുന്നതിനായി നല്‍കിയതായും രേഖകള്‍ വ്യക്തമാക്കുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news514893#ixzz4Qr2uw7RU

വൈക്കത്തഷ്ടമി -- Vaikkathashtami





വൈക്കം മഹാദേവക്ഷേത്രം

കോട്ടയം ജില്ലയിലെ ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ്‌ ആ പേരു സിദ്ധിച്ചത്. ഈ ദിവസം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയിൽ പങ്കു ചേർന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. 12 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമിഎഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്. അഷ്ടമി ദിവസം ഉദയനാപുരം, വൈക്കം എന്നിവിടങ്ങളിലെ ദേവന്മാരുടെ എഴുന്നള്ളത്ത് അനേകം ഭക്തന്മാരെ ആകർഷിക്കുന്നു.

ഐതിഹ്യം

വൃശ്ചിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമിയാണിത്. ഈ ദിവസം ശിവൻ ശ്രീ പരമേശ്വരരൂപത്തിൽ ജഗദ് ജനനിയായ പാർവ്വതിദേവിയുമായി വ്യാഘ്രപാദമഹർഷിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട്, അനുഗ്രഹങ്ങൾ നൽകി എന്നാണ് ഐതിഹ്യം. ലോകപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇതിന്റെ ഓർമ്മക്കായി ആഘോഷിക്കുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ വൈക്കം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവന്റെ പുത്രൻ ഉദയനാപുരം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ സുബ്രമണ്യനാണ് വിശ്വസിക്കപ്പെടുന്നു . അതിനാൽ അഷ്ടമിനാളിലെ ഈ ക്ഷേത്രേശന്മാരുടെ കൂടിയെഴുന്നള്ളത്ത് പിതുപുത്ര-സമാഗമമായി കണക്കാക്കുകയും ഇതു ദർശിക്കാൻ നിരവധി ജനങ്ങൾ വൈക്കം ക്ഷേത്രത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.
പുരാതന സംസ്കൃത പുസ്തകങ്ങൾ ആയ ഭാർഗ്ഗവ പുരാണവും സനൽകുമാര സംഹിതയും പറയുന്നത് ,ഈ സ്ഥലം വ്യാഘ്ര ഗേഹം അല്ലെങ്കിൽ വ്യാഘ്രപുരം എന്ന് അറിയപ്പെട്ടിരുന്നു എന്നാണ്. വ്യാഘ്രപാദ മഹർഷിക്കു ശിവ ദർശനം കിട്ടിയത് ഈ സ്ഥലത്തു വച്ചാണെന്നും പറയപ്പെടുന്നു.അതിനാൽ വ്യാഘ്രപാദപുരം എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു.പിന്നീട് തമിഴ് ഭാഷ പ്രചരിച്ചപ്പോൾ അതു 'വൈക്കം' എന്നു മാറിയതാവാം എന്നാണ് ഐതിഹ്യം.

അഷ്ടമി ഉത്സവം

അഷ്ടമി കൊടിയേറ്റ്


അഷ്ടമി ഉത്സവാഘോഷയാത്രയുടെ അവസാനത്തിൽ വൈക്കത്തേയും ഉദയനാപുരത്തേയും എഴുന്നള്ളിച്ചിട്ടുള്ള ആനകൾ "മനസ്സില്ലാ മനസോടെ " യാത്ര ചോദിക്കുന്ന ഹൃദയ സ്പർശിയായ രംഗം പിതു-പുത്ര ബന്ധത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിപുലമായ സദ്യ ഉണ്ടാകാറുണ്ട്. ഈ പന്ത്രണ്ടു ദിവസത്തെ ശുദ്ധമായ ശിവസ്തുതിയും വൈക്കത്തപ്പനെ തൊഴുതു പ്രാർത്ഥിക്കലും പുണ്യമായി കരുതപ്പെടുന്നു. വൃശ്ചിക മാസത്തിലും കുംഭ മാസത്തിലും അഷ്ടമിനാൾ ഉദയനാപുരത്തപ്പനെ എഴുന്നള്ളിച്ച് വൈക്കം പെരുംതൃക്കാവിലേക്ക് കൊണ്ടുവരാറുണ്ട്.

അതുപോലെ പണ്ടു കാലത്ത് ഉദയനാപുരത്തെ ഉത്സവകാലത്ത് വൈക്കത്തപ്പനെ എഴുന്നള്ളിച്ച് അങ്ങോട്ടും കൊണ്ടുപോയിരുന്നു. എന്നാൽ ഒരു തവണ ഊരാണ്മക്കാരിൽ ചിലർ എതിർത്തു.അതു വകവയ്ക്കാതെ മറുഭാഗക്കാർ എഴുന്നള്ളിപ്പിച്ചു.എഴുന്നള്ളത്ത് വടക്കേ ഗോപുരത്തിനു പുറത്തായപ്പോൾ വിരോധികൾ, എഴുന്നള്ളിച്ച ആനയുടെ തുമ്പിക്കൈ വെട്ടി മുറിച്ചു.അങ്ങനെ രണ്ടു ഭാഗക്കാരും തമ്മിൽ കലശലായ ലഹള ആയതിനെത്തുടർന്നു ആ പ്രാവശ്യം വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് ഉണ്ടായില്ല. അന്നു മുതൽ ആ പതിവ് നിർത്തലാക്കിയതായി പറയപ്പെടുന്നു.

ഋഷഭവാഹനം

അഷ്ടമി ഉത്സവത്തിന്റെ ഏഴാംനാളിലാണ് പ്രശസ്തവും അതിമനോഹരവുമായ ഋഷഭവാഹനം എഴുന്നള്ളിപ്പ്. അന്ന്‌, ഭഗവാൻ തന്റെ വാഹനമായ നന്ദിയുടെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നുവെന്നതാണ് വിശ്വാസം. രാത്രി അത്താഴപൂജയും ശ്രീബലിയും ശ്രീഭൂതബലിയും കഴിഞ്ഞ് പതിനൊന്നരയോടെയാണ് ഋഷഭവാഹനത്തിൽ വിളക്കിനെഴുന്നള്ളുന്നത്. സാധാരണ പോലെ ആനപ്പുറത്തെഴുന്നള്ളിക്കുന്നതിന് പകരം കൂറ്റൻ വെള്ളിക്കാളപ്പുറത്ത്, വൈക്കത്തപ്പന്റെ തങ്കവിഗ്രഹം ആടയാഭരണങ്ങൾ, തങ്കനിർമ്മിതമായ ചന്ദ്രക്കല, ഉദരബന്ധം, കട്ടിമാലകൾ, പൂമാലകൾ എന്നിവകൊണ്ട് അലങ്കരിച്ച്, അവകാശികളായ നാല്പതോളം മൂസ്സതുമാർ ചേർന്ന് മുളംതണ്ടിലേറ്റിയാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളത്തിന് നെറ്റിപ്പട്ടം കെട്ടിയ ഒൻപതാനകൾ അകമ്പടിയാകുമ്പോൾ അതിൽ രണ്ടാനകൾക്ക് സ്വർണ്ണത്തിൽ തീർത്ത നെറ്റിപ്പട്ടമാവും അണിയിക്കുക. രണ്ട് തങ്കക്കുടകളും ആലവട്ടവും വെൺചാമരമടക്കമുള്ള മുന്തിയ ആനച്ചമയങ്ങളുമുണ്ടാകും. തെക്കേമുറ്റത്ത് എഴുന്നള്ളി നിൽക്കുമ്പോൾ പ്രദക്ഷിണ വഴിയിൽ ദീപങ്ങൾ നിരക്കും. ഏഴ് പ്രദക്ഷിണങ്ങളുള്ളതിൽ ഓരോന്നിനും ഓരോ തരം വാദ്യങ്ങളാണുപയോഗിക്കുക. അഷ്ടമിയുടെ ഏറ്റവും ആർഭാടപൂർണ്ണമായ എഴുന്നള്ളിപ്പാണിത്.

അഷ്ടമി ദർശനം

പ്രസിദ്ധമായ വൈക്കത്തഷ്ടമി ദർശനം അന്നേ ദിവസം വെളുപ്പിനു നാലര മുതൽ ആരംഭിക്കുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ ആൽച്ചുവട്ടിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്കു പത്നീസമേതനായി ഭഗവാൻ ശ്രീപരമശിവൻ ദർശനം നൽകി അനുഗ്രഹിച്ചുവത്രേ, ആ പുണ്യമുഹൂർത്തത്തിലാണ് അഷ്ടമിദർശനം നടത്തുന്നത്.

ഉദയനാപുരം ക്ഷേത്രം

അഷ്ടമി വിളക്കും ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തും
ഉദയനാപുരത്തപ്പന്റെ വരവാണ്‌ അഷ്ടമി വിളക്കിലെ പ്രധാന ചടങ്ങ്‌. ഇതു രാത്രിയാണ് നടത്തുന്നത്. പുലർച്ചെ ഉദയനാപുരത്തപ്പനെ യാത്രയയപ്പ്‌ നടത്തുകയും ചെയ്യുന്നു. ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും മഹാദേവക്ഷേത്രത്തിലേക്ക് ആഘോഷപൂർവമായ വരവ് നടക്കും. താരകാസുരനെ കൊന്ന് വിജയ ശ്രീലാളിതാനായെത്തുന്ന ദേവസേനാപതിയായ സുബ്രഹ്മണ്യനെ അച്ഛനായ വൈക്കത്തപ്പനും ഉപദേവതമാരും ചേർന്നു സ്വീകരിക്കുന്നു എന്ന സങ്കൽപത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്. വൈക്കത്തെ വലിയ കവല മുതൽ നിലവിളക്കുകൾ കത്തിച്ചുവച്ചും പൂക്കൾ വിതറിയുമാണ് ഉദയനാപുരത്തപ്പനെ ഭക്തജ-നങ്ങൾ എതിരേൽക്കുന്നത്.

വലിയ കാണിക്ക

അഷ്ടമിക്ക് എഴുന്നള്ളി നിൽക്കുന്ന വൈക്കത്ത് പെരുംതൃക്കോവിലപ്പന് ആദ്യമായി കാണിക്ക അർപ്പിക്കാനുള്ള അവകാശം കല്പിച്ച് അനുവദിച്ചിട്ടുള്ളത് കറുകയിൽ കൈമൾക്കാണ്. പാരമ്പര്യത്തിന്റെ സ്മരണയുമായി കറുകയിൽ കൈമൾ വലിയ കാണിക്ക സമർപ്പിക്കുന്നതോടെ മറ്റുള്ളവർക്ക് കാണിക്ക അർപ്പിക്കാം. കറുകയിൽ കൈമൾ പല്ലക്കിലേറിയാണ് കാണിക്ക അർപ്പിക്കാൻ വരുന്നത്. വൈക്കത്തപ്പന്റെ തിരുമുൻപിൽ പ്രഭുത്വം കാണിച്ചുവരുന്ന കൈമളുടെ പാപം ഇല്ലാതാക്കാൻ ആക്ഷേപിച്ച് അയക്കാറുള്ളതും വളരെ പ്രത്യേകതയുള്ളതാണ്. ദർശനം ആരംഭിച്ചു കഴിഞ്ഞാണ് ഉദയനാപുരത്തപ്പന്റെ വരവ് ആരംഭിക്കുന്നത്.

വിട പറച്ചിൽ

ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിച്ചതിനു ശേഷമെത്തുന്ന മകനെ വാദ്യാഘാഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേൽക്കുന്നു. കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു. ഇത് "കൂടി പൂജ' എന്നാണ് അറിയപ്പെടുന്നത്. തുടർന്ന് "വലിയ കാണിക്ക" ആരംഭിക്കുന്നു. കറുകയിൽ വലിയ കൈമളുടെ കാണിക്കയാണാദ്യം. തുടർന്ന് മറ്റാളുകളും കാണിക്കയിടുന്നു. തുടർന്ന് ഉദയനാപുരത്തപ്പന്റെ ഹൃദയസ്പൃക്കായ വിടവാങ്ങൽ നടക്കുന്നു. അകമ്പടിയായി ആ സമയത്ത് വാദ്യങ്ങൾ ഉണ്ടാകാറില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെയും ശോകമൂകമായിരിക്കും ആ സംഗീതം. ഉദയനാപുരത്തപ്പൻ യാത്രപറയുന്ന ചടങ്ങിനെ "വിട പറച്ചിൽ" എന്നാണ് പറയുക. അഷ്ടമി വിളക്കിന്റെ അവസാനം ശിവപെരുമാൾ ശ്രീകോവിലിലേക്കും മകൻ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു. ജഗദീശ്വരനായിട്ടുപോലും പുത്രനായ സുബ്രഹ്മണ്യനെപ്പറ്റിയോർത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം.
ആറാട്ട്

മുക്കുടി നിവേദ്യം

ആറാട്ടിന്റെ പിറ്റേദിവസം, അഷ്ടവൈദ്യരിൽ പെട്ട വെള്ളാട്ടില്ലത്തെ മൂസത് നമ്പൂരി ഔഷധക്കൂട്ടുകൾ അടങ്ങിയ പച്ചമരുന്നുകൾ അരച്ചുരുട്ടി ശ്രീകോവിലിൽ സമർപ്പിക്കുകയും ശാന്തിക്കാരൻ അതെടുത്ത് മുക്കുടിയുണ്ടാക്കി പന്തീരടിപ്പൂജക്ക് ദേവനു നിവേദിച്ചതിനു ശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നു. ഇതാണ് "മുക്കുടി നിവേദ്യം" എന്നറിയപ്പെടുന്നത്. ഇത് ഉദരരോഗങ്ങൾക്ക് നല്ല ഔഷധമാണെന്നാണ് വിശ്വാസം.



ദുഃഖ ഗാന്ധാരം(ഘണ്ടാരം)

അഷ്ടമി വിളക്ക് കഴിഞ്ഞു ഉദയനാപുരത്തപ്പനെ യാത്രയയച്ചതിനു ശേഷം തിരുവൈക്കത്തപ്പൻ തിരിച്ചു എഴുന്നള്ളിയ സമയത്ത് വായിച്ചത്.










വലിയ കാണിക്ക. ക്ഷേത്രാവകാശിയായ കൈമൾ ക്ഷേത്രമണ്ണിൽ കാല് കുത്താതെ പല്ലക്കിൽ വന്ന് ഭഗവത് ദർശനം നടത്തുന്നു.











കൊട്ടിപ്പാടി സേവ ( സോപാന സംഗീതം )




















Farewell to Thiru Vaikkathappan by Udayanapurathappan 2016

















കൃഷ്ണനാട്ടത്തിൻ്റ ഉത്ഭവം

യതി വര്യനായ സാക്ഷാല്‍ വില്വമംഗലം സ്വാമിയാരും കോഴിക്കോട് സാമൂതിരി കോവിലകത്തെ മാനവേദന്‍ തമ്പുരാനും സമകാലികരും പരസ്പ്പരം ബഹുമാനിക്കുന്നവരും ,ഗുരുവായൂര്‍ കണ്ണന്റെ ഭക്തന്മാരും ആയിരുന്നു ,ഭഗവാന്റെ ദര്‍ശനത്തിനായി ഒരിക്കല്‍ രണ്ടുപേരും ഒരുമിച്ച് ഗുരുവായൂരില്‍ ഒരിക്കല്‍ വന്നു പെട്ടു.!
ഗുരുവായൂരില്‍ ഇന്ന് നാം കാണുന്ന ...കൂത്തമ്പലം സ്ഥിതി ചെയ്യുന്ന സ്ഥാനത്ത് പണ്ട് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു .! അതിനരികിലായി വില്വമംഗലം സ്വാമിയാര്‍ പതിവില്‍ അധികം സന്തോഷത്തോടെ ,ഒട്ടു പരവശനായി ,കണ്ണുനീര്‍ വാര്‍ത്ത് ,ആനന്ദത്തില്‍ ആറാടി അങ്ങനെ ഇരിക്കുകയായിരുന്നു ..! ഈ സമയം ഭഗവത് ദര്‍ശനത്തിനായി അവിടെ എത്തിയ മാനവേദന്‍ തമ്പുരാന്‍ സ്വാമിയാരുടെ ഈ ഇരിപ്പ് കണ്ടു .! അദ്ദേഹം അടുത്തു ചെന്ന് സ്വാമിയാരോട് ചോദിച്ചു "അവിടുന്ന് ഇന്നെന്താ ഇങ്ങനെ ..?"നിത്യ പൂജയ്ക്ക് പോലും ഭഗവാന്റെ സാന്നിധ്യം അനുഭവിക്കുന്ന വില്വമംഗലം ഗദ്ഗദ കണ്ഡനായി പറഞ്ഞു "ദാ..കണ്ടില്ലേ ...കണ്ണന്‍ ഓടി നടന്നു കളിക്കുന്നു "..----"ഉവ്വോ എനിക്ക് കാണുന്നില്ലല്ലോ ഒരു നോക്ക് ദര്‍ശനം തരായെങ്കില്‍ "..മാനവേദന്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ "അത് ഞാന്‍ കണ്ണനോട് ചോദിച്ചിട്ട് പറയാം "എന്നായി സ്വാമിയാര്‍..!
അടുത്ത ദിവസം മാനവേദനെ കണ്ടപ്പോള്‍ സ്വാമിയാര്‍ അറിയിച്ചു "ഭാഗ്യണ്ട് തമ്പുരാന് ....ഭഗവാന്‍ അനുവദിച്ചിരിക്കുന്നു നാളെ കാണാം "..അടുത്ത ദിവസം പതിവുപോലെ ക്ഷേത്രത്തില്‍ എത്തിയ തമ്പുരാന്‍ ഭക്ത്യാദരവോടെ ആകാംക്ഷാ ഭരിതനായി സ്വാമിയാരുടെ സമീപം വന്നു വണങ്ങി നിന്നു..! :"ദാ എന്നെ തൊട്ടു നോക്കൂ "സ്വാമിയാരുടെ നിര്‍ദേശം കേട്ട മാത്രയില്‍ തമ്പുരാന്‍ അപ്രകാരം ചെയ്തു ..! കോരിത്തരിച്ചു പോയി തമ്പുരാന്‍ ....ഒരു കണ്ണന്‍ ചിരട്ടയില്‍ മണ്ണും വാരി പുഞ്ചിരി തൂകി ഉണ്ണിക്കണ്ണന്‍ തൊട്ടരികില്‍ നില്‍ക്കുന്നു ..! ഇത് കണ്ട മാത്രയില്‍ എല്ലാം മറന്ന തമ്പുരാന്‍ ഭക്തിപാരവശ്യത്തോടെ ഓടി ചെന്ന് ഉണ്ണിക്കണ്ണനെ വാരി പുണരാന്‍ ശ്രെമിക്കവേ."ഇത് വില്വ മംഗലം പറഞ്ഞിട്ടില്ലല്ലോ "..എന്നരുളി ചിരിച്ചു കൊണ്ട് ഒരു കള്ള നോട്ടവും നോക്കി കണ്ണന്‍ അപ്രത്യക്ഷനായി .! കണ്ണന്‍ തന്റെ കരവലയത്തിലൂടെ ഊര്‍ന്ന് ഇറങ്ങിയത്‌ പോലെ തോന്നി തമ്പുരാന് ..! അടുത്ത ക്ഷണത്തില്‍ കണ്ണ് ചിമ്മി നോക്കിയപ്പോള്‍ ..എന്തൊരത്ഭുതം ..! തന്റെ കൈത്തണ്ടയില്‍ ഒരു വര്‍ണ്ണ മയില്‍ പീലി കതിര്‍ തൂങ്ങി കിടക്കുന്നു ..! ഇത് ഭഗവാന്റെ ശിരോ അലങ്കാരമായ പിഞ്ച് ചാ ചലത്തില്‍ നിന്നു വീണു കിട്ടിയതെന്ന് ഉറച്ച്...ആ പീലി നിമിത്തം ആക്കികൊണ്ട് അദ്ദേഹം അതി മനോഹരമായ ഒരു കൃഷ്ണ മുടി നിര്‍മ്മിച്ചു.! അത് ശിരസില്‍ അണിഞ്ഞ് നൃത്തം ആടുവാന്‍ തക്കവണ്ണം ഭാഗവതാനുസാരിയായ ശ്രീ കൃഷ്ണ കഥകള്‍ കോര്‍ത്തിണക്കിയ വര്‍ണ്ണാഭമായ രംഗമാലികകള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ രൂപം കൊണ്ടു.!അതിനു അനുയോജ്യമായ ശ്ലോകങ്ങളും സംഗീത സാന്ദ്രമായ പദങ്ങളും മറ്റും ദേവ ഭാഷയായ സംസ്കൃതത്തില്‍ തന്നെ രചിച്ചു .!ഈ കാവ്യമാണ് "കൃഷ്ണ ഗീതി "എന്ന പേരില്‍ ഖ്യാതി നേടിയത്..! ഇതിന്റെ ദൃശ്യാവിഷ്ക്കാരമാണ് നാട്യ കലയായ കൃഷ്ണനാട്ടം.

https://www.facebook.com/bharathasamskaram/posts/1815833618702086:0

തെയ്യം - Theyyam




കലാബോധവും ശാസ്ത്രചിന്തയും ഈശ്വരഭക്തിയും സമ്മേളിച്ച അനുഷ്ഠനകലയാണ് തെയ്യം. ദൈവം എന്ന പദത്തിന്‍റെ ലോപമാണ് "തെയ്യം'.
നാനൂറ്റല്‍പ്പരം തെയ്യങ്ങളുള്ളതായി പറയപ്പെടുന്നു. എന്നാല്‍ നൂറോളം മാത്രമേ കെട്ടിയാടാറുള്ളു. സമുദായത്തിന്‍റെ രക്ഷ, അഭിവൃദ്ധി, ഐശ്വര്യം എന്നിവയ്ക്കാണ് തെയ്യം കെട്ടിയാടിക്കുന്നത്.
ഇതുവഴി രോഗശമനവും ശത്രുനാശവും ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു. തെയ്യത്തിന്‍റെ വാക്കുകള്‍ ദൈവത്തിന്‍റെ വാക്കുകളായാണ് എണ്ണുന്നത്. തെയ്യത്തിന്കളിയാട്ടം എന്നും പേരുണ്ട്.
ചരിത്രം
കോലത്തരചനയാണ് ഈ കലാരൂപത്തിന്‍റെ ഉപജ്ഞാതാവ് . കാസര്‍ഗോഡ് ജില്ലയുടെ തെക്കും കണ്ണൂര്‍ജില്ലയിലും കോഴിക്കോട് ജില്ലയുടെ വടക്കുഭാഗത്തുമാണ് തെയ്യം കെട്ടിയാടാറുള്ളത്.
ത്രിമൂര്‍ത്തികളുടെ അവതാരങ്ങളെയും അംഗങ്ങളെയും വേഷം കെട്ടി ഭക്ത്യാദരപൂര്‍വ്വം ബലികര്‍മ്മങ്ങളോടു കൂടി തെയ്യം അവതരിപ്പിക്കുന്നു. മണ്‍മറഞ്ഞ പൂര്‍വ്വീകരെയും യക്ഷിഗന്ധര്‍വ ഭൂതപ്രേതാദികളെയും വന്ദിച്ചാണ് അനുഷ്ഠാനങ്ങള്‍ ആരംഭിക്കുന്നത്.
വേഷവിധാനം
മുഖംമൂടി, കുരുത്തോല, കമുകിന്‍ പാള, മുഖത്തെഴുത്ത്, നിറപ്പകിട്ടാര്‍ന്ന കിരീടങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് തെയ്യത്തിന്‍റെ വേഷവിധാനങ്ങള്‍.
മരംകൊണ്ടുണ്ടാക്കിയ മുഖം കരി കൊണ്ടു വരച്ച കമുകിന്‍ പാളയും കുരുത്തോല കൊണ്ടുണ്ടാക്കിയ "ഉട'യും ചില ദൈവങ്ങള്‍ക്കുണ്ട്. (കുരുത്തോല കൊണ്ട് പ്രത്യേകരീതിയില്‍ വളച്ചുണ്ടാക്കുന്നതാണ് ഉട) മെയ്ക്കോപ്പുകള്‍ക്കുള്ള പൊതു സംജ്ഞയാണ് "അണിയല്‍'.
വസ്ത്രങ്ങളും ആഭരണങ്ങളും ചായക്കൂട്ടുകളും കൂടുതലും ചുവപ്പാണ്. കറുപ്പ്, പച്ച, വെളുപ്പ് എന്നിവ വിരളമായി ഉപയോഗിക്കുന്നു.
ചെത്തിപ്പൂവ്പ്രധാന ഇനമാണ്. ചിലന്പ്, തലപ്പാളി, പറ്റുംപാടകം, മണിക്കയല്‍, വെളിന്പല്‍, മാര്‍വട്ടം, വെള്ളോട്ടു പട്ടം, ചൂടകം, അരയോട, എകിറ്, കയ്യൊറ, കഴുത്തില്‍ക്കെട്ട് തുടങ്ങിയ വിവിധ ആഭരണങ്ങളും വട്ടമുടി, നീളമുടി, ഭംകാരമുടി, പീലിമുടി, ഓലമുടി, ഏറ്റുമുടി എന്നിങ്ങനെ വിവിധ കിരീടങ്ങളും ഉണ്ട്.
മുഖത്തെഴുത്ത്
മനയോല, ചായില്യം, കരിമഷി, മഞ്ഞള്‍പ്പൊടി, അരിമാവ് എന്നിവ മുഖത്തെഴുത്തിന് പ്രധാനമാണ്. ഓരോ തെയ്യത്തിനും പ്രത്യേകം മുഖത്തെഴുത്തുകാരുണ്ട്. പ്രത്യേകം പേരുകളുള്ള മുപ്പതിലേറെ മുഖത്തെഴുത്തുകളുണ്ട്.
പ്രധാന ഭാഗത്തിന്‍റെ പേരുകളിലാണ് അവ അറിയപ്പെടുന്നത്. രേഖയക്കു മാറ്റം വരുത്താതെ അതിനുള്ളില്‍ ഭാവനയ്ക്കനുസരിച്ച് കലാഭംഗി വരുത്താം.
കലാകാരന്‍
ഉത്തരകേരളത്തില്‍ തെയ്യം കെട്ടുന്നത് വണ്ണാന്‍, മലയന്‍, വേലന്‍ (കോപ്പാളന്‍), മുന്നൂറ്റോന്‍, അഞ്ഞൂറ്റോന്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരാണ്. പുലയ മാവില സമുദായങ്ങളില്‍ അവര്‍ തന്നെയാണ് കോലക്കാര്‍. ഇവരെല്ലാം പട്ടികജാതിക്കാരാണ്.
തെയ്യം കെട്ടിയ കലാകാരനെ "കോലധാരി' എന്നു വിളിക്കുന്നു. ചില കോലങ്ങള്‍ കെട്ടുന്നതിന് വ്രതാനുഷ്ഠാനങ്ങളുണ്ട്. തുളുനാട്ടിലെ ഭൂതസ്ഥാനങ്ങളില്‍ പരവന്‍, നാര്‍ക്കി എന്നീ സമുദായക്കാര്‍ കോലം കെട്ടുന്നു.
നൃത്തം
വാദ്യമേളത്തിന്‍റെ താളത്തിനൊത്ത് തെയ്യം നൃത്തം ചെയ്യുന്നു. ഇതിന് "കലാശം' എന്നു പേര്‍. കലാശങ്ങള്‍ പലവിധം. സൃഷ്ടി സ്ഥിതി സംഹാരങ്ങളും പഞ്ച മുദ്രകളും കലാശത്തില്‍ കൈമുദ്രകളിലൂടെ കാണിക്കുന്നു.
വാദ്യോപകരണങ്ങള്‍
ചെണ്ട, മദ്ദളം, പെരുന്പറ, വീക്ക്, ഇലത്താളം , നാഗസ്വരം, ഇടയ്ക്ക, ശംഖ് എന്നിവയാണ് പ്രഹന വാദ്യോപകരണങ്ങള്‍. ഇവയില്‍ ചെണ്ടയാണ് പ്രധാനം.
ആയുധങ്ങള്‍
ശിക്ഷയ്ക്കും രക്ഷയ്ക്കും അധികാരിയായ ദൈവം ആയുധധാരിയായിരിക്കുന്നു എന്നാണ് സങ്കല്പം. വാള്‍, പരിച, ചുരിക, കത്തി, ശൂലം, വില്ല്, ശരം, വെണ്‍ചാമരം എന്നിവയാണ് പ്രധാന ആയുധങ്ങള്‍. കളിയാട്ടത്തിന് മുന്പായി ആയുധങ്ങള്‍ തേച്ചുമിനുക്കി വയ്ക്കുന്നു.
തോറ്റം
തെയ്യം കെട്ടിയാടുന്നതിനു മുന്പായി തോറ്റം എന്ന ചടങ്ങുണ്ട്. കോലധാരി ലളിതവേഷത്തില്‍ പള്ളിയറയ്ക്കു മുന്പില്‍ വാദ്യമേളങ്ങളോടു കൂടി ദൈവത്തെ വന്ദിക്കുന്നതാണിത്. ഓരോ ദൈവത്തിനും പ്രത്യേകമായുള്ള ചരിത്ര പശ്ഛാത്തലം മുഴുവന്‍ പാട്ടുരൂപത്തില്‍ അവതരിപ്പിക്കുന്നു. ഒടുവില്‍ ദൈവം പ്രത്യക്ഷമായെന്ന സങ്കല്പത്തില്‍ ഉറഞ്ഞു തുള്ളുന്നു.
അനുഗ്രഹം
തെയ്യത്തിന്‍റെ അനുഗ്രഹത്തിന് "ഉരിയാടല്‍' (വാചാല്‍) എന്നു പറയുന്നു. ഓരോ തെയ്യത്തിന്‍റെയും അനുഗ്രഹരീതി വ്യത്യസ്തമാണ്. ഓരോ തെയ്യവും ഓരോ സമുദായത്തെ വ്യത്യസ്ത രീതിയിലാണ് സംബോധനചെയ്യുന്നത്.

Source: https://www.facebook.com/bharathasamskaram/posts/1790188951266553

കോമരംതുള്ളല്‍



kodungaloorലബാര്‍, മധ്യതിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളില്‍ നടത്തപ്പെടുന്ന അനുഷ്ഠാനപരമായ ചടങ്ങാണ് കോമരംതുള്ളല്‍ അഥവാ വെളിച്ചപ്പാടുതുള്ളല്‍. കോമരം എന്നാല്‍ വെളിച്ചപ്പാട് എന്നാണ്. കോമരം നടത്തുന്ന തുള്ളലായതിനാല്‍ ഈ പേരുണ്ടായി.
ഭഗവതീ ക്ഷേത്രങ്ങളിലാണ് ഇത് നടത്തപ്പെടുന്നത്. വസൂരിരോഗവിമുക്തമായ കുടുംബങ്ങള്‍ വീടുകളിലും നടത്താറുണ്ട്.
അമ്പലങ്ങളില്‍ കോമരം തുള്ളുന്നതിനു നിയുക്തരാകുന്നവര്‍ പൂജയ്ക്കുശേഷമാണ് തുള്ളുന്നത്. അമ്പലമതിലുകളില്‍ വിളക്കുകള്‍ കത്തിച്ചുവയ്ക്കും. വെളിച്ചപ്പാട് കുളി കഴിഞ്ഞ് വെള്ളത്തുണി ധരിച്ച് അതിനു മുകളിലായി മൂന്ന് മീറ്റര്‍ നീളത്തില്‍ ചുവന്ന തുണി ഇടത്തേ തോളിലൂടെ വലത്തേ കൈക്കു താഴെവരെ വിലങ്ങനെ ധരിച്ചിരിക്കും.
അരയില്‍ കിലുങ്ങുന്ന അരമണിയും കഴുത്തില്‍ തെച്ചിപ്പൂമാലയും ഇടതുകൈയില്‍ കങ്കണവും ഇട്ടിരിക്കും. വലതുകൈകൊണ്ട് വാളും ഇടതുകൈകൊണ്ട് ചിലമ്പും പിടിച്ചു നീളത്തിലുള്ള തലമുടി നെറ്റിയിലും പിറകിലുമായി വിരിച്ചിട്ടു ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണംവച്ചു നടയിലെത്തുന്ന കോമരം വാദ്യഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ തുള്ളിച്ചാടുന്നു.
ഭഗവതിയെ തന്നില്‍ ആവാഹിച്ച് കോമരം ഭക്തരുടെ ഭാവികാര്യങ്ങള്‍ പ്രവചിക്കുകയും ചിലപ്പോള്‍ കോമരം വാളുകൊണ്ട് തന്റെതന്നെ ശിരസ്സില്‍ വെട്ടാറുമുണ്ട്. അവസാനം ഭക്തന്മാര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്‍കുന്നു.
രണ്ടിനം കോമരങ്ങളുണ്ട്. ആചാരപ്പെട്ട സ്ഥിരമായ കോമരങ്ങളാണ് ഒന്നാമത്തെ വിഭാഗം. തമ്പുരാക്കന്മാരില്‍നിന്നോ ഇടപ്രഭുക്കന്മാരില്‍നിന്നോ ആചാരം വാങ്ങുന്നവരാണ് ഇക്കൂട്ടര്‍. ആചാരപ്പെട്ടു കഴിഞ്ഞാല്‍ മദ്യമോ മത്സ്യമാംസാദികളോ ഉപയോഗിക്കാന്‍ പാടില്ല. തീയര്‍, വാണിയര്‍, കമ്മാളര്‍ എന്നീ സമുദായങ്ങള്‍ക്ക് ഇത്തരത്തിലുള്ള കോമരങ്ങള്‍ ഉണ്ട്.
സവര്‍ണരുടെ കാവുകളിലും ക്ഷേത്രങ്ങളിലും മറ്റും പാട്ടുത്സവം, തീയാട്ട് എന്നിവ നടത്തുമ്പോള്‍ കോമരം ഇളകിത്തുള്ളുന്ന തെയ്യംപാടികള്‍, തീയ്യാടികള്‍, കുറുപ്പന്മാര്‍ എന്നിവരാണ് രണ്ടാമത്തെ വിഭാഗം. ഇവര്‍ പ്രത്യേകം ആചാരപ്പെട്ടവരല്ല.
കോമരംതുള്ളലിനു പരിശീലനം ആവശ്യമാണ്, കൊട്ടുന്ന വാദ്യത്തിന്റെ താളത്തിനനുസരിച്ചാണ് കോമരം തുള്ളേണ്ടത്. ചെണ്ടയാണ് പ്രധാനവാദ്യം. വടക്കേ മലബാറില്‍ പൂരവേലയോടനുബന്ധിച്ച് അവര്‍ണരുടെ കാവില്‍നിന്ന് കോമരം പുറപ്പെട്ട് ഊരുചുറ്റുന്ന പരിപാടിയുണ്ട്. ‘ഏളത്ത്’ എന്നാണ് ചടങ്ങിന് പേര്. എഴുന്നള്ളത്ത് ലോപിച്ചാണ് ‘ഏളത്ത്’ ആയത്.


ജന്മഭൂമി: http://www.janmabhumidaily.com/news473294#ixzz4JSaVZ8BM

കൊട്ടിപ്പാടിസേവ

ക്ഷേത്രസോപാനങ്ങളിലെ കൊട്ടിപ്പാടി സേവയുടെ ഭക്തിലയങ്ങളെ അനുഭവിക്കാത്തവരില്ല. പ്രസന്നപൂയുടെ നേരത്ത് ഇടയ്ക്കയില്‍ കൊട്ടിപ്പാടുമ്പോള്‍ തൊഴുതുനില്‍ക്കുന്നവരിലേക്ക് ഈശ്വരപ്രഭാവം നാം അറിയാതെ തന്നെ കടന്നുവരും.
kottipattu
കേരളീയ ക്ഷേത്ര കലകളിലെ അന്തര്‍മണ്ഡലത്തിനുള്ളില്‍ ശ്രീകോവിലിനുള്ളില്‍ താന്ത്രികാചാര പ്രകാരമുള്ള വിധി പ്രകാരമുള്ള മന്ത്രങ്ങളെക്കൊണ്ട് പ്രസന്നപൂജകള്‍ നടത്തുമ്പോള്‍ ശ്രീകോവിലിന്റെ തിരുനടയില്‍ (വടക്കുവശം) സോപാനത്തിങ്കല്‍ (വടക്കോട്ട് ദര്‍ശനമുള്ള ക്ഷേത്രമാണെങ്കില്‍ പടിഞ്ഞാറുവശത്ത്) തന്ത്രമന്ത്രങ്ങളുടെ ഭാഗമായി മറ്റൊരു വിധത്തില്‍ നടത്തുന്ന ഗാനോപാസനയാണ് കൊട്ടിപ്പാടി സേവ.
കേരളീയ ക്ഷേത്രങ്ങളിലെ അനുഷ്ഠാന വാദ്യങ്ങളില്‍ ഏറ്റവും വിശിഷ്ടമായ വാദ്യമാണ് ഇടയ്ക്ക. ഓംങ്കാരം ധ്വനിക്കുന്ന ഒരു നേര്‍ത്ത ചര്‍മ്മവാദ്യംകൂടിയാണിത്. ശ്രുതിചേര്‍ത്ത് വായിക്കാനും അന്തരീക്ഷത്തേയും ഭക്തരേയും പൂജാസമയത്ത് ഏകാഗ്രചിത്തരാക്കുവാനും ഈ മന്ത്രമധുരനാദം ഉപയോഗിക്കുന്ന പൂജകള്‍ പ്രധാനമായി മൂന്നുവിധമാണ്.
(1)മൂലമന്ത്രംകൊണ്ടുള്ളത്. (2) ശതപീഠംകൊണ്ടുള്ളത് (3) സപരിവാരം കൊണ്ടുള്ളത്. പീഠ പൂജകഴിഞ്ഞ് നടയടച്ച് അഗ്നിക്ക് തൂവല്‍ കഴിഞ്ഞ് നടതുറന്ന നിവേദ്യം അവസാനിപ്പിച്ച് പ്രസന്ന പൂജക്ക് നടയക്കുമ്പോള്‍ ആണ് കൊട്ടിപ്പാടിസേവ നടത്തുന്നത്. മൂലമന്ത്രംകൊണ്ടുള്ള പൂജക്ക് കുറച്ചുസമയവും ശതപീഠംകൊണ്ടുള്ള കുറച്ചുകൂടി സമയദൈര്‍ഘ്യത്തോടെയും സപരിവാരംകൊണ്ടുള്ളപൂജ ഏറ്റവും ദൈര്‍ഘ്യത്തോടെയുമാണ്.
പൂജാദികള്‍ക്ക് ഓരോസമയത്തുള്ള കൊട്ടിപ്പാടിസേവയ്ക്ക് കീര്‍ത്തനങ്ങല്‍ പാടുമ്പോള്‍ ഇന്ന ഇന്ന രാഗം വേണമെന്ന് പ്രത്യേകം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.


ജന്മഭൂമി: http://www.janmabhumidaily.com/news472742#ixzz4JOf6Tdib

ശീവേലി

sheevaliസാധാരണ ക്ഷേത്രങ്ങളില്‍ ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നീ മൂന്നു പൂജകളാണ് പതിവ്. മഹാക്ഷേത്രങ്ങളില്‍ സുര്യപ്രകാരം ബിബത്തില്‍ തട്ടുമാറ് സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ എതൃത്ത് പൂജയും, പഴയ കാലത്ത് നിഴല്‍ അളന്ന് പന്ത്രണ്ട് അടി വരുന്ന സമയത്ത് (ഉച്ചപൂജയ്ക്കു മുമ്പായി) പന്തിരടി പൂജയും പതിവുണ്ട്. ഇതു കൂടാതെ മൂന്ന് ശീവേലികളും നിത്യവും നടത്തി വരുന്നു.നിത്യശിവേലി എന്നാണിതിനെ പറയുക. പാണി കൊട്ടി ദേവനെ പുറത്തേക്കെഴുന്നള്ളിച്ച് ക്ഷേത്രത്തിനകത്തെ സപ്തമാതൃക്കള്‍ക്കും ദിക് പാലകന്മാര്‍ക്കും ബലിതൂവുമ്പോള്‍ തിമില, വീക്കന്‍ ചെണ്ട, ചേങ്ങില (ഇപ്പോള്‍ ഇലത്താളവും ഉപയോഗിക്കാറുണ്ട്) എന്നിവ കൊട്ടിവരുന്നു.
ദേവനെ അകത്തെ ബലി തൂവല്‍ കഴിഞ്ഞ് പുറത്തേക്കെഴുന്നള്ളിച്ചാല്‍ വലിയ ബലിക്കല്ലിലും പുറത്തെ പ്രദക്ഷിണ വഴിക്കകത്തുള്ള പുറത്തെ ബലിക്കല്ലുകളിലും ബലി തൂവുന്നു. ഒന്നാമത്തെ പ്രദക്ഷിണത്തിന്, തിമില, വീക്കന്‍ചെണ്ട, ചേങ്ങില, ഇലത്താളം, കൊമ്പ് കുഴല്‍ ഇവയും രണ്ടാമത്തെ പ്രദക്ഷിണത്തിന് ഉരുട്ടുചെണ്ടയില്‍ ചെമ്പടയും (കൂടെ വീക്കന്‍, ചേങ്ങില, ഇലത്താളം, കൊമ്പ്, കുഴല്‍) മൂന്നാമത്തെ പ്രദക്ഷിണത്തിന് തിമില, വീക്കന്‍,ചേങ്ങില, ഇലത്താളം, കൊമ്പ് കുഴല്‍ എന്നീ വാദ്യങ്ങളുമുപയോഗിക്കുന്നു. ഇപ്പോള്‍ ഒന്നാമത്തെ പ്രദക്ഷിണത്തിന് ചിലയിടത്ത് നാദസ്വരവും ഉപയോഗിക്കുന്നുണ്ട്. വീക്കന്‍ചെണ്ട, തിമില, ചെണ്ട, ചേങ്ങില ഇവ നിര്‍ബന്ധം, ഇലത്താളവും കൊമ്പും കുഴലും ഉണ്ടെങ്കില്‍ ആവാമെന്നു മാത്രം.
തിമിലയും വീക്കന്‍ചെണ്ടയും ഇലത്താവളവും ചേര്‍ന്ന് പരിഷവാദ്യം എന്ന ഒരു വാദ്യപ്രയോഗവും പതിവുണ്ട്. ഇപ്പോഴും ഇത് തൃപ്പൂണിത്തുറ ചോറ്റാനിക്കര തുടങ്ങിയ ചിലക്ഷേത്രങ്ങളില്‍ തനിമയോടെ നിലനില്‍ക്കുന്നു. ഉത്സവക്കാലത്ത് ശീവേലിക്ക് മൂന്ന് പ്രദക്ഷിണം എന്നതിന് പ്രാദേശികഭേദമനുസരിച്ച് മാറ്റങ്ങള്‍ വരാറുണ്ട.് ഇടയ്ക്കയും നാദസ്വരവും ചേര്‍ന്ന് ഇടയ്ക്ക പ്രദക്ഷിണവും ഉത്സവക്കാലത്ത് ചില ദിക്കില്‍ പതിവുണ്ട്.
പഞ്ചവാദ്യത്തെപ്പറ്റിപ്പറയുമ്പോള്‍ വെങ്കിച്ചന്‍ സ്വാമിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട് ഇന്ന് കേരളീയ വാദ്യമേളങ്ങളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച പഞ്ചവാദ്യത്തെയല്ല ഇവിടെ സ്മരിക്കുന്നത്. ഈ പഞ്ചവാദ്യം രൂപം കൊള്ളുന്നതിന് എത്രയോകാലം മുമ്പ് അനുഷ്ഠാനങ്ങളുടെ ഭാഗമായി ക്രിയാപഞ്ചവാദ്യം ഇവിടെ നിലനിന്നിരുന്നു. ഉത്സവബലിക്ക് സപ്തമാതൃക്കള്‍ക്ക് തുകുമ്പോഴും മറ്റു ചില സവിശേഷ അവസരങ്ങളിലുമുപയോഗിക്കുന്ന ഈ പഞ്ചവാദ്യത്തിലെ വാദ്യങ്ങള്‍ ഇടയ്ക്ക, തിമില, ചേങ്ങില, തൊപ്പി മദ്ദളം, ഇലത്താളം കുറുങ്കുഴല്‍ എന്നിവയാണ്.
ഈ അനുഷ്ഠാനവാദ്യങ്ങള്‍ക്ക് പുറമേ പ്രാദേശികമായി നിരവധി വാദ്യരൂപങ്ങള്‍ അനുഷ്ഠാനങ്ങളോടനുബന്ധിച്ചുണ്ട്.
കലാരൂപങ്ങളെന്നതിനുമുപരി അനുഷ്ഠാനരൂപങ്ങളായ മുടിയേറ്റ്, ഭദ്രകാളി തീയ്യാട്ട്, അയ്യപ്പന്‍ തീയ്യാട്ട് എന്നിവയ്ക്ക് വാദ്യങ്ങളുടെ പങ്ക് വലുതാണ്. അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കേരളത്തിന്റെ അതിബൃഹത്തായ, സൂക്ഷ്മമായ വാദ്യ വൈവിദ്ധ്യങ്ങളെ സംരക്ഷിക്കേണ്ടത് ഓരോ കേരളീയന്റേയും കടമയാണ്. ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കിഴീല്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രകലാപീഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news471264#ixzz4JHy5cZYI

ക്ഷേ​ത്ര​ങ്ങ​ളി​ൽ വേ​ദോ​പാ​സ​ന​ക്കു​ള്ള​ പ്രാ​ധാ​ന്യം


ക്ഷേത്ര ചൈതന്യ വർധനയ്ക്ക് തന്ത്രസമുച്ചയത്തിൽ പറയുന്ന അഞ്ചു പ്രധാന കാര്യങ്ങളിൽ പരമ പ്രധാനമായിട്ടുള്ളതിൽ ആചാര്യന്റെ (തന്ത്രിയുടെയും മേൽശാന്തിയുടെയും) തപശ്ശക്തി കഴിഞ്ഞാൽ രണ്ടാമത്തേതായി പറയുന്നത് വേദോപാസനയാണ്. നിയമം, ഉത്സവം, അന്നദാനം എന്നിവയാണ് മറ്റു മൂന്നുകാര്യങ്ങൾ. ഇവയാണ് ക്ഷേത്രപുരോഗതിക്ക് കാരണമായിട്ടുള്ളത്. ഈ അഞ്ചുകാര്യങ്ങളും വളരെ ഭംഗിയായി നടക്കുന്നതിനാലാണ് ഗുരുവായൂരും ശബരിമലയിലും ക്ഷേത്രങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുന്നത്.

ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങൾകൊണ്ട് മുറജപം, മുറഹോമം, മുറ അഭിഷേകം, വേദപുഷ്പാജ്ഞലി, വാരമിരിക്കൽ മുതലായ വേദോപാസനകൾകൊണ്ട് ദേവപ്രീതിയും ക്ഷേത്രത്തിന് ഐശ്വര്യവും തദ്വാര ഭക്തജനങ്ങൾക്ക് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകും. അതുപോലെ തന്നെയാണ് യാഗം ചെയ്ത് യാഗാഗ്നി കെടാതെ സൂക്ഷിക്കുന്ന കർമ്മികൾക്കുള്ള വെച്ചു നമസ്‌കാരവും, അതുപോലെ തന്നെ ക്ഷേത്രചൈതന്യ വർധനവിന് അത്യാവശ്യമായിട്ടുള്ളതാണ് ഭക്തജനങ്ങളുടെ പ്രാർത്ഥനയും.

വേദസംഹിതമുഴുവൻ ഒരു മുറ ദേവസാന്നിദ്ധ്യത്തിൽ ജപിച്ച് ആ നെയ്യ് നിവേദ്യത്തിൽ ഉപസ്ഥരിച്ച ദേവന് നിവേദ്യവും നടത്തുന്നതാണ് മുറജപം. വേദം സംഹിത, പദം, ക്രമം എന്നതുകളിൽ ക്രമ പാഠമായി വേദത്തിലെ പത്തുഋക്ക് മുഖമണ്ഡപത്തിൽ ഇരുന്ന് ഉറക്കെ സ്വരിച്ചുച്ചൊല്ലി ദേവനെ കേൾപ്പിക്കുന്നതാണ് വാരമിരിക്കൽ.

പണ്ട് അമ്പലപ്പുഴ രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തിലും അമ്പലപ്പുഴ രാജ്യം തിരുവിതാംകൂറിലായശേഷം മുറജപം ശുചീന്ദ്രത്തും തുടർന്ന് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലം മുതൽ ആറാറുകൊല്ലം കൂടുമ്പോൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും നടത്തിയിരുന്ന മുറജപം പ്രസിദ്ധമായിരുന്നുവല്ലൊ.

മുറഹോമമാണ് പരമപ്രധാനമായ വേദോപാസന. ഒരു ആചാര്യൻ ഹോമാചാരത്തിൽ അനുജപക്കാരൻ തുടർന്നിരുന്നു വേദം ജപിക്കുകയും ഹോമക്കാരൻ ഋഷിച്ഛന്ദോദേവതകൾ സഹിതം ചൊല്ലി ഋചം പ്രതി (ഓരോഋക്കം) ഹോമിക്കുകയും (ഉദ്ദേശത്യാഗസഹിതം) ഒരാൾ പിഴയ്ക്കാതെ ശ്രദ്ധിക്കുകയും ചെയ്യുന്നതാണ് മുറഹോമം. ഗുരുവായൂരിലെ മമ്മിയൂർ ക്ഷേത്രത്തിൽ എല്ലാക്കൊല്ലവും മുറഹോമം നടത്തി തുടങ്ങിയതുമുതൽ ക്ഷേത്രത്തിന്റെ ഐശ്വര്യം വർധിച്ചിട്ടുണ്ട്.

പണ്ട്-ചോറ്റാനിക്കര ക്ഷേത്രത്തിൽ ഗ്രാമക്കാർ ധനു ഒന്ന് മുതൽ ഈശ്വരസേവ ആയി മുറജപവും ഭഗവതിസേവയും നടത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ കൊച്ചി രാജാവിന്റെ കാലത്ത് ചോറ്റാനിക്കര ക്ഷേത്രം സർക്കാർ ഏറ്റെടുത്തതുമുതലാണ് ഇതെല്ലാം ഇല്ലാതായത്.

അതിനുശേഷം ക്ഷേത്രത്തിനുണ്ടായ മാന്ദ്യം ചെമ്മങ്ങാട് നരസിംഹൻ ഭട്ടത്തിരിപ്പാട് ആയിരം മുറ പുഷ്പാഞ്ജലിയും ആയിരം മുറ അഭിഷേകവും നടത്തിയ ശേഷമാണ് ഇന്ന് കാണുന്ന അഭിവൃദ്ധിയും ഐശ്വര്യവും ചോറ്റാനിക്കര ക്ഷേത്രത്തിന് ഉണ്ടായത് എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. ക്ഷേത്രചൈതന്യം നിലനിർത്താനും അഭിവൃദ്ധിപ്പെടാനും വേദോപാസന പരമപ്രധാനമാണ്.
ഭക്തജന സംഘങ്ങളാൽ ഭരിക്കപ്പെടുന്ന മിക്ക ക്ഷേത്രങ്ങളിൽ നിന്നും ചൈതന്യ സംവർദ്ധകങ്ങളായ ആചാരങ്ങൾ പിൻവാങ്ങിക്കൊണ്ടിരിക്കുന്നതായി കാണുന്നു.

ക്ഷേത്രാചാരങ്ങളെ പറ്റിയും ക്ഷേത്രകലകളെപ്പറ്റിയും ഒരു വിവരവുമില്ലാത്ത പ്രമാണിമാർ ക്ഷേത്രഭരണ കമ്മറ്റിയിലും ഉത്സവകമ്മറ്റികളിലും കയറിക്കൂടി ഉത്സവാഘോഷങ്ങൾ മോടിപിടിപ്പിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവാക്കി കലാപരിപാടികൾ സംഘടിപ്പിക്കുമ്പോൾ ക്ഷേത്രാചാരങ്ങളും ക്ഷേത്രകലകളും മനഃപൂർവം തിരസ്‌കരിക്കപ്പെടുന്നു. ഉത്സവബലി, ബ്രഹ്മകലശം, മുറജപംപോലുള്ള താന്ത്രിക ക്രിയകൾ അന്യമായി കൊണ്ടിരിക്കുന്നതുകൊണ്ട് ക്ഷേത്രചൈതന്യം അനുദിനം നശിക്കുകയും തദ്വാരാ ജനക്ഷേമവും ലോകനന്മയും ലക്ഷ്യമാക്കുന്ന ക്ഷേത്രസങ്കൽപ്പം തന്നെ കീഴ്‌മേൽ മറിയുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ആചാരത്തിൽ അപചയം സംഭവിച്ചാൽ കലഹവും ആയുർനാശം പോലും സംഭവിക്കുമെന്നതറിയാതെയാണ് അബദ്ധ ജഡിലമായി മഹാഭൂരിപക്ഷവും മതാചാരങ്ങൾ അനുഷ്ഠിക്കുന്നത്.
പണ്ടുള്ള ഊരായ്മക്കാരും ക്ഷേത്രഭാരവാഹികളും അറിഞ്ഞോ അറിയാതെയോ ദേവസ്വത്തിന്റെ ഒരു പൈസപോലും അപഹരിച്ചാൽ അടുത്ത മൂന്നു തലമുറയ്‌ക്കെങ്കിലും ദുരിതമാണ് എന്ന് വിശ്വസിച്ചിരുന്നവരാണ്. അങ്ങനെ അപഹരിക്കുന്നവരുടെ അടുത്ത തലമുറകൾ ആ ദുരിതം അനുഭവിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ട്. പക്ഷേ ആരും മുൻഗാമികളുടെ കർമ്മദോഷംകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് അറിയുന്നില്ലെന്നു മാത്രം.



ജന്മഭൂമി: http://www.janmabhumidaily.com/news464928#ixzz4I2CQgRYO

കലശാദിചടങ്ങുകളുടെ ഉദ്ദേശ്യങ്ങള്‍

ആചാര്യവരണം
ക്ഷേത്രത്തിലെ നവീകരണകലശത്തിന്റെ ക്രിയകളെല്ലാം ശാസ്ത്രവിധി പ്രകാരം വേണ്ടവിധം നടത്തിത്തരുന്നതിനായി ക്ഷേത്രം തന്ത്രിയെ ആചാര്യവര്യനായി സ്വീകരിക്കുന്നു. ദേവതയുടെ നടയില്‍ വച്ച് വസ്ത്ര താംബൂലദ്രവ്യവും ദാനം ചെയ്ത് ക്രിയകളെല്ലാം നിര്‍വിഘ്‌നം നിര്‍വഹിക്കേണ്ടതിന്റെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിക്കുന്നു. ആചാര്യന്റെ നിര്‍ദ്ദേശാനുസരണം യഥാവിധി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് ആചാര്യനും നിശ്ചയിച്ച് കലശാദിക്രിയകളുടെ പരിസമാപ്തിക്കായി ദേവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

മുളയിടല്‍
ചുറ്റമ്പലത്തിലുള്ള മുളയറയില്‍ സ്ഥലശുദ്ധിവരുത്തി പതിനാറ് മുളപ്പാലികകള്‍ വച്ച് അതില്‍ പത്തുതരം വിശിഷ്ടമായ വിത്തുകള്‍ മന്ത്രക്രിയാവാദ്യപുരസരം വിതച്ച് ദേവനെ ആവാഹിച്ച് പൂജിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവിടെ ത്രികാലങ്ങളിലും പൂജ നടത്തുന്നു. അഞ്ചാം ദിവസം ജീവകലശം അധിവസിക്കുന്ന ശയ്യക്കു ചുറ്റുമായി ഇവയെ വയ്ക്കുന്നു. പതിനാറ് കലകളോടുകൂടിയ സോമചൈതന്യമാണ് ഈ ജീവാങ്കുരങ്ങളിലുള്ളത്. ക്ഷീരക്ഷാളനം, ഹരിദ്രാജല പ്രോക്ഷണം എന്നീ ഭൗതികശുദ്ധികളാലും തന്ത്രമന്ത്രാദ്ധ്യാത്മിക ശുദ്ധികളാലും സമ്പുഷ്ടമാക്കപ്പെട്ട ഈ ബീജാങ്കുരങ്ങളുടെ സാമീപ്യം ജീവകലശത്തില്‍ ആവാഹിക്കപ്പെട്ടിരിക്കുന്ന ദേവചൈതന്യത്തിന് പുഷ്ടി വരുത്തുന്നതാണ്.

പ്രസാദശുദ്ധി
ദേവചൈതന്യം കുടികൊള്ളുന്ന ശ്രീകോവിലിന്റെ ചൈതന്യഹാനിക്ക് ഇടയായേക്കാവുന്ന ദുര്‍ദേവബന്ധങ്ങളെ അകറ്റി ത്രിഗുണസൂത്രത്താലും പുല്‍കയറുകൊണ്ടും ശ്രീകോവിലിന് രക്ഷവരുത്തി ശുദ്ധീകരിക്കുന്ന ക്രിയയാണിത്.

രക്ഷോഘ്‌നഹോമം
ക്ഷേത്രസങ്കേതത്തിലെ രക്ഷോബാധകളെയെല്ലാം അകറ്റി ശുദ്ധീകരിക്കുന്ന ക്രിയയാണിത്.

വാസ്തുഹോമം,
വാസ്തുബലി
ക്ഷേത്രത്തിന്റെ പരിധിക്കകത്ത് വസിക്കുന്ന വാസ്തുദേവന്റെ തൃപ്തിക്കായി ചെയ്യുന്ന ക്രിയയാണിത്. വാസ്തുവിലുള്ള എല്ലാ ദേവന്മാരെയും സന്തുഷ്ടരാക്കി അവരുടെ ചൈതന്യം ക്ഷേത്രസങ്കേതത്തില്‍ നിലനിര്‍ത്തുന്നു.

ചതുഃശുദ്ധി, ധാര,
പഞ്ചഗവ്യം, പഞ്ചകം
ദേവബിംബത്തില്‍ ബാധിച്ചിരിക്കുന്ന അശുദ്ധികള്‍ മാറാനായി ചെയ്യുന്ന ക്രിയകളാണവ. നാല്‍പ്പാമരത്തൊലികള്‍ ഉണക്കിപ്പൊടിച്ചതുകൊണ്ടും പുറ്റുമണ്ണുകൊണ്ടും ബിംബം വൃത്തിയാക്കുകയും പുണ്യാഹം തളിച്ച് ശുദ്ധമാക്കി വിവിധമന്ത്രങ്ങള്‍ ജപിച്ച് ജലധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നു. ദേവന്റെ രൂപത്തെ മാത്രമല്ല ഭാവത്തേയും ശുദ്ധീകരിക്കുന്നതിനായി പഞ്ചകലശാഭിഷേകം നടത്തുന്നു.

പ്രോക്തഹോമം
ദേവബിംബത്തില്‍ ബാധിച്ചിരിക്കുന്ന ആഭിചാരദോഷബാധാബന്ധങ്ങളെ ഇല്ലാതാക്കാനുവേണ്ടിയുള്ള ഹോമമാണിത്.

പ്രായശ്ചിത്ത ഹോമവും കലശപൂജയും
ക്ഷേത്രപരിസരത്തും നാലമ്പലത്തിനുള്ളിലും വച്ച് ദേവന് ഹിതകരമല്ലാത്ത കാര്യങ്ങള്‍ വാക്കുകൊണ്ടോ മനസ്സുകൊണ്ടോ പ്രവൃത്തികൊണ്ടോ അറിഞ്ഞോ അറിയാതെയോ സംഭവിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പ്രായശ്ചിത്തമായി ദോഷനിവൃത്തിയ്ക്കായി നടത്തുന്ന ഹോമമാണിത്. ഈ ഹോമകലശം ദേവന് അഭിഷേകം ചെയ്യുന്നു.

തത്ത്വഹോമവും
തത്ത്വകലശപൂജയും
പഞ്ചഭൂത നിര്‍മ്മിതമായ ദേവശരീരത്തിലെ കര്‍മേന്ദ്രിയങ്ങളിലും ജ്ഞാനേന്ദ്രിയങ്ങളിലും വന്നിട്ടുള്ള മാറ്റങ്ങളെ അകറ്റി അവയൊക്കെ ചൈതന്യവത്താക്കി മാറ്റേണ്ടതുണ്ട്. ദേവന്റെ ദേവതത്ത്വഭാവത്തിന് ദോഷാധിക്യത്താല്‍ മാറ്റം സംഭവിച്ചിരിക്കാം. അങ്ങനെ വന്നിട്ടുള്ള മാറ്റത്തെ യഥാര്‍ത്ഥ സൃഷ്ടി തത്ത്വഭാവത്തില്‍ ആക്കിത്തീര്‍ക്കുന്നതിനുള്ള ഹോമവും കലശവുമാണിത്. ഇവിടെ ദേവന്റെ അഖിലതത്ത്വങ്ങളും പുഷ്ടി പ്രാപിക്കുന്നു. ഹോമാനന്തരം തത്ത്വകലശാഭിഷേകം നടക്കുന്നു.

മരപ്പാണി
കലശങ്ങള്‍ (തത്ത്വകലശം, ബ്രഹ്മകലശം, നവീകരണകലശം, അഷ്ടബന്ധകലശം, ദ്രവ്യകലശം, സംഹാരതത്ത്വകലശം മുതലായവ) ഉത്സവബലി, പ്രതിഷ്ഠ എന്നീ പ്രധാന ചടങ്ങുകള്‍ക്ക് മുന്നോടിയായി തത്ത്വശാസ്ത്രവിധിപ്രകാരം ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള വാദ്യവാദനപ്രക്രിയയാണ് മരപ്പാണി.

മരം എന്ന വാദ്യോപകരമാണ് മരപ്പാണിയിലെ പ്രധാന വാദ്യം ദേവഗണങ്ങളെ പ്രസ്തുത ചടങ്ങറിയിച്ചുകൊണ്ട് അതിലേക്ക് ആഹ്വാനം ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രണ്ട് തത്ത്വംപാണി ഇങ്ങനെ പല കണക്കിനലും വിവിധ ചടങ്ങുകളോടനുബന്ധിച്ച് മരപ്പാണി ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. വളരെ സങ്കീര്‍ണമാണ് ഇതിന്റെ പ്രയോഗസമ്പ്രദായം. ദീര്‍ഘമായ താളമാത്രകള്‍ പിടിച്ചാണ് മരപ്പാണി കൊട്ടുന്നത്.

അതുകൊണ്ട് പാണിസമയം മറ്റ് ശബ്ദകോലാഹലങ്ങള്‍ ഒഴിവാക്കി നിശബ്ദമായ അന്തരീക്ഷത്തിലാണ് ഈ ചടങ്ങ് നടത്തേണ്ടത്.
കോടിവസ്ത്രംകൊണ്ട് തറ്റുടുത്ത് ഉത്തരീയം ധരിച്ച് ആചാര്യന്റെ അനുവാദം വാങ്ങിയശേഷം വാദനത്തിനുള്ള മരം എന്ന വാദ്യത്തെ ശുദ്ധീകരണപ്രക്രിയ നടത്തി പ്രധാന ദേവന്റെ അനുഗ്രഹവും വാങ്ങിയാണ് മാരാരില്‍ പ്രധാനിയായ ആള്‍ പാണി കൊട്ടുന്നത്.

അനുജ്ഞാകലശപൂജ
ദേവന്റെ ഷട്ത്രിംശതി തത്ത്വങ്ങളെക്കൊണ്ടും സപ്തദശവിധാനമായിരിക്കുന്ന 109 കലശങ്ങളെക്കൊണ്ടും സവിസ്തരമായി ബ്രഹ്മകലശം പൂജിച്ച് ബ്രഹ്മകലശത്തിലും ചുറ്റുമുള്ള പരികലശത്തിലും പഞ്ചഗവ്യം, പാല്‍, രത്‌നങ്ങള്‍ തുടങ്ങിയ പതിനേഴ് ദ്രവ്യങ്ങള്‍ വിന്യസിച്ച് പ്രത്യേക പൂജ നടത്തുന്നു.

അനുജ്ഞാകലശാഭിഷേകം, അനുജ്ഞാപ്രാര്‍ത്ഥന
നവീകരണകലശം നടത്തുന്നതിന് ജീവോദ്ധ്വാസന ചെയ്ത് പുനഃപ്രതിഷ്ഠ നടത്തുന്നതിനായി ദേവന്റെ അനുവാദം വാങ്ങുന്നതിനായുള്ള കലശാഭിഷേകമാണിത്. പൂജിച്ചുവച്ച കലശാഭിഷേകങ്ങളും ബ്രഹ്മകലശവും വാദ്യഘോഷമുഖരിതമായ അന്തരീക്ഷത്തില്‍ ദേവന് അഭിഷേകം ചെയ്യുന്നു. തുടര്‍ന്ന് ആചാര്യന്‍ ദേവചൈതന്യം നവീകരിക്കുന്നതിനായി ദേവപരിവാരങ്ങള്‍ക്ക് ബലിതൂകി അനുജ്ഞാ പ്രാര്‍ത്ഥന നടത്തുന്നു. ഈ സമയമൊക്കെ കരയിലെ ഭക്തജനങ്ങളുടെ കൂട്ടായസാന്നിദ്ധ്യം ക്ഷേത്രത്തില്‍ അനിവാര്യമാണ്.

അത്ഭുതശാന്തിഹോമം
ചൈതന്യവത്തായിട്ടുള്ള ബിംബത്തില്‍ ചൈതന്യഹാനിക്ക് ഇടയാക്കുന്ന ദോഷങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള ഹോമമാണിത്.

ജന്മഭൂമി: http://www.janmabhumidaily.com/news432007#ixzz4CDEJudh3