പെരുവനത്തിന്റെ മേളപ്പെരുമ

peruvanamമഹത്തായ പാരമ്പര്യത്തിന്റെ ബാക്കിപത്രമാണ് ഇന്നത്തെ പെരുവനം ആറാട്ടുപുഴ പൂരങ്ങള്‍. ഇരുപത്തിയെട്ടു ദിവസത്തെ ഉത്സവം എന്തോ ചില ദുര്‍നിമിത്തങ്ങള്‍ കണ്ടതുകൊണ്ട് ഒരു ദിവസത്തെ പൂരം ആക്കി മാറ്റിയതാണ് ഇന്ന് കാണുന്ന പെരുവനം പൂരം.
പഞ്ചാരിയുടെയും, നെറ്റിപട്ടത്തിന്റെയും പരീക്ഷണ വിജയങ്ങളുടെ അവകാശം പെരുവനത്തിനു സ്വന്തം. പെരുവനം പൂരത്തിന്റെ ആറാട്ടാണ് ആറാട്ടുപുഴയില്‍ നടന്നിരുന്നത്. അത് കാലത്തിന്റെ മാറ്റത്തില്‍ ദേവമേളയായി രൂപാന്തരപ്പെട്ട് ഒന്നുകൂടി പ്രസിദ്ധിയാര്‍ജ്ജിച്ചു. അതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി 28 ദിവസം മുമ്പ് ചേര്‍പ്പ് ഭഗവതിക്ഷേത്രത്തില്‍ കൊടിമരം നാട്ടി പിറ്റേദിവസം തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ പൂരത്തിന് കൊടികയറുന്നു. തൃപ്രയാര്‍ തേവരുടെയും ചേര്‍പ്പ് ഭഗവതിയുടെയും ഊരകം അമ്മതിരുവടിയുടെയും മീന മകീരത്തിലെ പൂരം പുറപ്പാടോടുകൂടി തുടങ്ങുന്ന പത്തു ദിവസത്തെ പൂരക്കാലമായി പഴയ പെരുവനം പൂരം ചുരുങ്ങി എങ്കിലും അത് പഴയകാല പ്രൗഢിയോടെ തന്നെ നില്‍ക്കുന്നു.
ശാന്തത കളിയാടി നില്‍ക്കുന്ന അതികൂറ്റന്‍ ക്ഷേത്രമതില്‍ക്കകം, വിസ്മയിപ്പിക്കുന്ന വിളക്കുംമാടം, രാജകീയപ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രം. അതിലേറെ ശാന്തനായ ഇരട്ടയപ്പന്‍. അതാണ് പെരുവനം ക്ഷേത്രം. തികഞ്ഞ ആനകള്‍, അതിമാനോഹരങ്ങളായ ആന ചമയങ്ങള്‍, അതിലേറെ തികഞ്ഞ മേളക്കാര്, മുല്ല മൊട്ടുപോലെ പ്രകാശിക്കുന്ന പന്തങ്ങള്‍ പൂരത്തിന് മാത്രമായി നിര്‍മ്മിച്ചതാണോ എന്ന് തോന്നിക്കുന്ന ഇടവഴി, പ്രൗഢമായ സദസ്സ്, ഇതെല്ലം പെരുവനത്ത് മാത്രം കാണുന്ന പൂരകാഴ്ച.
ഒരുകാലത്ത് മത്സരത്തിനും തമ്മില്‍ തമ്മിലുള്ള വടം വലിക്കും കേളികേട്ട പൂരംകൂടി ആയിരുന്നു. നിബന്ധനകളും നിയമങ്ങളും, അതിലേറെ മത്സരവും ഉള്ളതാണ് പെരുവനം പൂരം. നെട്ടിശ്ശേരി ശാസ്താവ് വന്നുകയറിയാല്‍ പിന്നെ ആര്‍ക്ക് വേണമെങ്കിലും ചെന്ന് കയറാം, ചേര്‍പ്പ് ഭഗവതി വന്ന് ഇറങ്ങുന്നതിനുമുന്‍പ് എല്ലാവരും ഇറങ്ങുകയും ചെയ്യണം എന്ന നിബന്ധനയോടെയാണ് പൂരം തുടങ്ങുന്നതും അവസാനിക്കുന്നതും. വൈകീട്ട് നാല് മണിയോടെ ക്ഷാരിക്കല്‍ ഭഗവതിയുടെ പഞ്ചാരിയോടെ പെരുവനം പൂരം തുടങ്ങുന്നു. അത് കഴിയുമ്പോഴേക്കും മതില്‍ക്കകത്ത് ആറാട്ടുപുഴ ശാസ്താവിന്റെ മേളത്തിന് കാലമിടുന്നു. പാണ്ടി തുടങ്ങി അവര്‍ നടവഴിയിലേക്ക് ഇറങ്ങുമ്പോള്‍ മറ്റേ അറ്റത്തു ചാത്തക്കുടം ശാസ്താവ്, തെട്ടിപ്പാള്‍ ഭഗവതിയുമായി കൂട്ടുചേര്‍ന്ന് പഞ്ചാരി തുടങ്ങുന്നു. ആദ്യം ആറാട്ടുപുഴയുടെയും, പിന്നെ ചാത്തകുടത്തിന്റെയും മേളം അവസാനിക്കുന്നു. ഇതിനടയില്‍ ദേവീദേവന്മാര്‍ മേളങ്ങള്‍ക്ക് ഇടയിലൂടെ കയറി പോകുന്നതും ഇറങ്ങി പോകുന്നതും കാണാം. പിന്നെ ചാത്തക്കുടം ശാസ്താവുമായി ചേര്‍ന്ന് അമ്മതിരുവടിയുടെ പൂരം.
പൂരം കഴിഞ്ഞ ചാത്തക്കുടം ശാസ്താവ് തൊട്ടിപ്പാള്‍ ഭഗവതിയെ ഇരട്ടയപ്പന്റെ അടുത്തുകൊണ്ടാക്കി തിരിച്ചുവന്ന് കൂട്ടുനിന്നിട്ടേ അമ്മതിരുവടിക്ക് പൂരം തുടങ്ങാനും നടവഴിയിലേക്ക് കയറാനും പാടുള്ളൂ. പിന്നെ അമ്മതിരുവടിയുടെ പഞ്ചാരി. ഈ മേളം പകുതി ആവുമ്പോള്‍ മതില്‍ക്കകത്ത് നെട്ടിശ്ശേരി ശാസ്താവിന്റെ നേതൃത്വത്തില്‍ പതിനൊന്നു ദേവിദേവന്മാര്‍ കൂട്ടിഎഴുന്നെള്ളിച്ചു പഞ്ചാരിയോടെ പെരുവനം വിളക്ക്. ഇതേസമയം ചേര്‍പ്പ് ഭഗവതി പഞ്ചവാദ്യമായി പെരുവനം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് എത്തിയിട്ടുണ്ടാകും. ചേര്‍പ്പ് പഞ്ചവാദ്യം കഴിഞ്ഞ് അകത്തുവരുമ്പോഴേക്കും മറ്റുള്ളവര്‍ ഇറങ്ങിക്കോളണം. ചേര്‍പ്പ് ഭഗവതി നടവഴിയില്‍ പഞ്ചാരി കലാശിപ്പിക്കുന്നത് കാണാന്‍ തലേന്നു ചെമ്പടക്ക് കാലം ഇടുന്നത് കണ്ട് ഉറങ്ങാന്‍ പോയ സൂര്യഭഗവാന്‍ ഉറക്കച്ചുവടുമായി അങ്ങ് ദൂരെ വന്നുനില്‍ക്കുന്നുണ്ടാകും.
ഏതു പഞ്ചാരിയാണ് കേമം എന്നു പറയാന്‍ പറ്റാത്ത അത്ര അതിഗംഭീരങ്ങളായ പഞ്ചാരികളാണ് പെരുവനം നടവഴിയിലേത്. ഇതിനെ മറികടക്കുന്നതാണോ നടവഴിയിലെ പാണ്ടിമേളം എന്നും പറയാന്‍ വിഷമമാണ്. പ്രസിദ്ധങ്ങളായ ആനകള്‍തന്നെയാണ് അവിടെ അണിനിരന്നിരുന്നതും ഇപ്പോള്‍ നിരക്കുന്നതും. പെരുവനം നടവഴിയില്‍ മേള പ്രമാണി ആയാല്‍ മാത്രമേ മേളപ്രമാണിയായി അംഗീരിക്കുകയുള്ളൂ. മഹാരഥന്മാരായ മേളപ്രമാണിമാര്‍ നിറഞ്ഞാടിയ നടവഴിയില്‍ ഇന്ന് പ്രമാണത്തിന്റെ മാഹാമേരുവില്‍ എത്തിനില്‍ക്കുന്ന പെരുവനം കുട്ടന്‍മാരാരും, കിഴക്കൂട്ട് അനിയന്‍മാരാരും, കേളത്ത് അരവിന്ദമാരാരും അവിടേക്ക് എത്തിച്ചേരാന്‍ നില്‍ക്കുന്ന ത്രിമൂര്‍ത്തികള്‍ ആയ പെരുവനം സതീശന്‍, ചെറുശ്ശേരി കുട്ടന്‍, പെരുവനം ശങ്കരനാരായണന്‍ എന്നിവരുടെ മേളങ്ങളെക്കൊണ്ട് നടവഴി ഇരമ്പി മറിഞ്ഞുകൊണ്ടിരിക്കുന്നു.
പെരുവനം പൂരത്തിന്റെ ആറാട്ട് എവിടെവേണം എന്നുപിടിക്ക പറമ്പില്‍ ശങ്കരനോട് ചോദിക്കാന്‍ പോകുന്നു എന്ന സങ്കല്‍പ്പത്തിലുള്ള പിടിക്കപറമ്പ് പൂരവും ആനയോട്ടവും അത് കഴിഞ്ഞ് ദേവമേള എങ്ങനെ അതിഗംഭീരമാക്കണം, അതിനു ആരെയൊക്കെ ക്ഷണിക്കണം എന്നുള്ള കൂടിയാലോചനയും എന്ന സങ്കല്‍പ്പത്തിലുള്ള തറക്കല്‍ പൂരത്തിനും മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ നടന്നുവരുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news504771#ixzz4PJLxXF2u