ശബരിമല ക്ഷേത്ര നിര്‍മ്മാണം

മഹാരാജാവിനോടു കിരാതന്‍ ചോദിച്ചു. ഘോരമായ ഈ കാട്ടില്‍ ആരേയും പേടിയില്ലാതെ രാത്രിയില്‍ നിസ്സാരരായ സേനാഗണത്തോടുകൂടി കിടക്കുന്നതാരാണ്? ഞാന്‍ ഈശ്വരനായിരിക്കുന്ന ഈ വനത്തില്‍ എന്റെ അനുവാദം കൂടാതെ മരങ്ങള്‍ മുറിക്കാനും പാറകള്‍ പൊട്ടിക്കാനും ആരാണ് പറഞ്ഞത്? നിങ്ങളെ താമസം കൂടാതെ ഞാന്‍ കൊല്ലുന്നുണ്ട്. പെട്ടെന്ന് തിരിച്ച് പോകുന്നതാണ് നിങ്ങള്‍ക്കുനല്ലത്. കിരാതന്റെ ദുര്‍വാക്കുകള്‍ കേട്ട് ഭൂപതി പറഞ്ഞു:- നിഷ്ഠൂര വാക്യങ്ങള്‍ ഈ വിധം പറയുന്ന ദുഷ്ടനെ ഞാന്‍ കൊല്ലാതെവിടുമോ? മദ്യപാനം ചെയ്തു മത്തനായി വന്നതാണെങ്കില്‍ ഞാന്‍ തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു. ഞാന്‍ അഭയം തന്നിരിക്കുന്നു. ഉടന്‍ തന്നെ ഇവിടെനിന്നു പോവുക. രാജാവിന്റെ വാക്കുകള്‍കേട്ട് കോപിച്ച ഇന്ദ്രന്‍ വജ്രായുധവുമായി യുദ്ധത്തിനൊരുങ്ങി. അമ്പും വില്ലും ധരിച്ച രാജശേഖരനൃപന്‍ ഉടനെ അസ്ത്രവര്‍ഷം ചൊരിഞ്ഞു. രാജാവ് അയച്ച അസ്ത്രങ്ങളെല്ലാം വജ്രം കൊണ്ട് ഇന്ദ്രന്‍ ഖണ്ഡിച്ചു. പന്തളരാജാവിനെ കൊല്ലാനായി ഇന്ദ്രന്‍ ഉടന്‍തന്നെ വജ്രായുധം എടുത്തു വീശി. കിരാതനെ എതിരിടാന്‍ സാധിക്കില്ല എന്നു മനസ്സിലാക്കിയ മഹാരാജാവ് ഭൂതനാഥന്‍ സമ്മാനിച്ച ഛുരിക പ്രയോഗിച്ചു.

കത്തുന്നതീപോലെ ഛുരിക ഇന്ദ്രനു നേര്‍ക്ക് പാഞ്ഞടുത്തു. വജ്രായുധം നിഷ്ഫലമായതുകണ്ട് ഛുരികയെ ഭയന്ന് ഇന്ദ്രന്‍ ഓടിത്തുടങ്ങി. ഛുരിക ഇന്ദ്രനെ പിന്തുടര്‍ന്നു. ഒടുവില്‍ ഓടിയോടി ഇന്ദ്രന്‍ ഭൂതനാഥസ്വാമിവസിക്കുന്ന സ്വര്‍ണ്ണാലയത്തില്‍ എത്തിച്ചേര്‍ന്നു. ഭൂതനാഥനെ ദണ്ഡനമസ്‌ക്കാരം ചെയ്ത് ഇന്ദ്രന്‍ വന്ദിച്ചു. ഭൂതനാഥന്‍ ഇന്ദ്രനോട് പറഞ്ഞു – ഛുരികായുധം ഞാന്‍ പന്തളരാജാവിനു നല്‍കിയതാണ്. അതിനാല്‍ ആ ആയുധത്തില്‍ ഇപ്പോള്‍ എനിക്ക് ഒരു അധികാരവുമില്ല. ഭൂപതിയുടെ അടുത്തേക്ക് തന്നെ ചെല്ലുക. ഇവിടെ നിന്നാല്‍ അബന്ധം വരുന്നതാണ്. അവിടെത്തന്നെ ചെല്ലുന്നതാണ് നല്ലത്. എന്റെ ഭക്തനായ രാജശേഖരനൃപനു സ്വര്‍ഗ്ഗം വെറും തൃണം(പുല്ല്) പോലെയാണ് ഗംഗാനദീതീരത്തു വസിക്കുന്ന ഒരാള്‍ വെള്ളത്തിനായി കുളം കുഴിക്കുവാന്‍ ഒരുമ്പെടുമോ?

ഭൂതനാഥന്‍ ഇങ്ങനെ അരുളിചെയ്ത സമയമത്രയും ഇന്ദ്രനെ ആക്രമിക്കാതെ മറഞ്ഞുനിന്ന ഛുരിക എണ്ണ ഒഴിച്ചാല്‍ ആളിപ്പടരുന്ന അഗ്നിയെന്നപോലെ കത്തിജ്വലിച്ച് ഇന്ദ്രനെ സമീപിച്ചു. ജംഭാന്തകനായ ഉമ്പര്‍കോന്‍ ഒടുവില്‍ പന്തളേശനെ തന്നെ അഭയം പ്രാപിച്ചു. കാരുണ്യവാനായ രാജാവ് ഇന്ദ്രന് അഭയം നല്‍കി. ഉടന്‍ തന്നെ ശാന്തമായ ഛുരിക രാജാവിന്റെ കൈകളില്‍ മടങ്ങിയെത്തി. നാണവും ക്ഷീണവും പൂണ്ട് ഇന്ദ്രന്‍ ക്ഷോണീപതിയോടു പറഞ്ഞു: ഞാന്‍ ഇന്ദ്രനാണ് എന്നറിയുക. നിന്നുടെ വീര്യം അറിയുവാനായി വന്നതാണ് ഞാന്‍. ഭൂതേശഭക്തന്മാരുടെ മാഹാത്മ്യം ജഗത്രയങ്ങളിലുമുള്ള ഭക്തര്‍ പുകഴ്ത്തട്ടെ. മഹാരാജാവ് വിനീതനായി ഇന്ദ്രനെ വന്ദിച്ചു പറഞ്ഞു: മനുഷ്യരായ ഞങ്ങളോട് വാനവരായ നിങ്ങള്‍ ഈവിധം തുടങ്ങിയാല്‍ അതു ശരിയല്ല എന്നു പറയാന്‍ ഈശ്വരനല്ലാതെ ശക്തരായി മറ്റാരുമില്ല. ഭവാന്‍ എന്നോട് തോറ്റു എന്ന് മനസ്സില്‍ ചിന്തിക്കുന്നതു ന്യായമാവുകയില്ല. സാക്ഷാല്‍ ജഗദീശ്വരനോടു തോല്‍ക്കുകയാണെങ്കില്‍ ആര്‍ക്കും ആക്ഷേപമില്ലല്ലോ?.

രാജാവിന്റെ വാക്കുകള്‍ കേട്ട് ലജ്ജയോടുകൂടി മുഖം കുനിച്ച് ഇന്ദ്രന്‍ പറഞ്ഞു. സംഭവിച്ചതൊക്കെ സംഭവിച്ചു. സഖേ, ഭവാന് ഇനി മേല്‍ക്കുമേല്‍ നല്ലതുവന്നുചേരും. ഭൂതനാഥന്റെ ആലയത്തിനുസ്ഥാനം കാണുവാന്‍ ഞാന്‍ വിശ്വകര്‍മ്മാവിനെ അയയ്ക്കുന്നതാണ്. അങ്ങയുടെകൂടെയുള്ള ശില്പികളില്‍~ഒരാളെപ്പോലെ കൂടെ നിന്ന് വിശ്വകര്‍മ്മാവ് സ്ഥാനം നിര്‍ണ്ണയിക്കുന്നതാണ്. ഇത്രയും പറഞ്ഞ് വൃത്രാരി അപ്രത്യക്ഷനായി. സൂര്യന്‍ ഉദിച്ചുയര്‍ന്നു. ആചാര്യനോടും ബ്രഹ്മണരോടുംകൂടി സ്‌നാനവും നിത്യകര്‍മ്മാദികളും അനുഷ്ഠിച്ച് രാജാവ് ക്ഷേത്രശിലാസ്ഥാപനത്തിന് ഒരുങ്ങി. ഉത്തമമായ ഒരു മുഹൂര്‍ത്തം ആചാര്യന്‍ വിധിച്ചു. നല്ലതുപോലെ മഹാരാജാവ് ദാനങ്ങള്‍ നല്‍കി. മംഗളവാദ്യങ്ങള്‍ മുഴങ്ങി. ദേവവൃന്ദങ്ങള്‍ അത്ഭുതപ്പെട്ട് അനുഗ്രഹം ചൊരിഞ്ഞു. ശില്പിമാരില്‍ ഒരുവനെപ്പോലെ ദേവശില്പി വന്നു ചേര്‍ന്നു. വിശ്വകര്‍മ്മാവിനെ തിരിച്ചറിഞ്ഞ ആചാര്യന്‍ മഹാരാജാവിനു ദേവശില്പിയെ കാണിച്ചുകൊടുത്തു. ആമോദത്തോടെ രാജാവ് വിശ്വകര്‍മ്മാവിനെ വന്ദിച്ചു. വിശ്വകര്‍മ്മാവ് ക്ഷേത്രത്തിനുള്ള സ്ഥാനം നിര്‍ണ്ണയിച്ചു.

ഭൂതനാഥന്‍ അയച്ച അസ്ത്രം തറച്ചുനില്‍ക്കുന്നതിന്റെ സമീപത്ത് മഹാരാജാവ് ഛുരിക സ്ഥാപിച്ചു. അസ്ത്രത്തിന്റേയും ഛുരികയുടേയും മധ്യത്തില്‍ ക്ഷേത്രത്തിനുള്ള ശിലയിട്ടു. അഗ്നികോണിലേക്ക് മുഖമായി ആ ശിലനില്‍ക്കുന്നതുകണ്ട് നിമിത്തലക്ഷണാദികളില്‍ വിദഗ്ദ്ധനായ ആചാര്യന്‍ പറഞ്ഞു. മഹാരാജാവേ, എന്നെങ്കിലും ഈ ക്ഷേത്രത്തില്‍ അഗ്നിബാധ ഉണ്ടാകുമെന്ന് എനിക്കുതോന്നുന്നു. ഇതുകേട്ട് മഹാരാജാവ് ചോദിച്ചു. ആചാര്യാ, അഗ്നിബാധ ഉണ്ടാകാതിരിക്കാന്‍ എന്താണു ചെയ്യേണ്ടത് എന്ന് പറഞ്ഞാലും. ഈ സമയത്ത് ആകാശത്തു നിന്നും ഒരു അശരീരി (ആകാശവാണി) പുറപ്പെട്ടു. ഘോരനായ കലിയുടെ കാലത്തുവന്നു ചേരുന്ന അശുദ്ധികളെയെല്ലാം കെടുക്കുവാന്‍ അഗ്നിബാധ എനിക്ക് ഇഷ്ടമാണ്. മഹാരാജാവേ, അങ്ങ് ഭഗ്നാശനാവേണ്ടതില്ല. ഇനി വേണ്ടതെല്ലാം ആചാര്യന്‍ പറഞ്ഞുതരുന്നതാണ്. ആലയം പണികഴിപ്പിച്ചുകൊള്ളുക. ആകാശവാണി കേട്ട് ശാന്തചിത്തനായ രാജാവ് ക്ഷേത്രം നിര്‍മ്മിക്കുവാനുള്ള ആജ്ഞ ശില്പികള്‍ക്കു നല്‍കി.

വൃശ്ചികമാസത്തിലെ ഒന്നാം ദിവസമാണ് ഭൂതനാഥക്ഷേത്രനിര്‍മ്മാണത്തിന് പ്രസ്തരസ്ഥാപനം (കല്ലിടല്‍) നടത്തിയത്. കല്ലുകള്‍ ഉയര്‍ത്തിക്കെട്ടി അതില്‍ മണ്ണുകൊണ്ട് മഞ്ച സമാനമായ ആലയം പണിതീര്‍ത്തു. പതിനെട്ട് തത്ത്വസോപാനങ്ങളോടുകൂടിയ ആ ആലയം അസ്ത്രത്തിന്റേയും ചുരികയുടേയും മുകളിലായാണ് നിര്‍മ്മിച്ചത്. ഭൂതനാഥന്റെ ആലയത്തിന്റെ ഇടതുഭാഗത്ത് മഞ്ജമാതാവിനുള്ള ആലയവും മഹാരാജാവ് പണികഴിപ്പിച്ചു. കടുശബ്ദനും (കടുത്ത), ധന്യനായ ഗിരിസത്തമനും ആലയങ്ങള്‍ നിര്‍മ്മിച്ചു. മഞ്ജാംബികയുടെ ആലയത്തിനുസമീപത്ത് മഹാരാജാവിനും, താപസന്മാര്‍ക്കും, ബ്രഹ്മണര്‍ക്കും വിശ്രമിക്കുവാനുള്ള ഒരു ആലയവും പണിതീര്‍ത്തു. ഭൂതനാഥന്റെ വിഗ്രഹം ഏതുവിധത്തില്‍ നിര്‍മ്മിക്കണമെന്ന് ശില്പികള്‍ മഹാരാജാവിനോടും മുനിമാരോടും ബ്രാഹ്മണരോടും ചോദിച്ചു.

ഈ സമയത്ത് സാക്ഷാല്‍ പരശുരാമന്‍ ഒരു അഞ്ജനശാസ്ത്രജ്ഞന്റെ രൂപമെടുത്ത് മഹാരാജാവിന്റെ സമീപത്ത് വന്ന് മന്ദഹാസപൂര്‍വ്വം പറഞ്ഞു. രാജാവേ, ഇവിടെ ഭൂതേശന്‍ ഇരുന്നരുളുന്നത് ഏതു വിധമെന്ന് അഞ്ജനംകൊണ്ട് ഞാന്‍ അങ്ങേയ്ക്ക് തെളിവാര്‍ന്നു കാണിച്ചുതരാം. അപ്രകാരമാവട്ടെ എന്നു രാജാവ് സമ്മതിച്ചു. അഞ്ജനത്തില്‍(മഷിയില്‍) നോക്കിയ രാജാവ് വിസ്മയിച്ചു. ഭട്ടബന്ധത്തോടെ ചിന്മുദ്രായുതനായ അഷ്ടമൂര്‍ത്തിസുതന്റെ എണ്ണമറ്റ വിഗ്രഹങ്ങളും, അസ്ത്രങ്ങളും, ചുരികകളും, കത്തിയക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും മഹാരാജാവ് കണ്ടു. ചിന്മുദ്രയോടുകൂടി കേവലാനന്ദത്തോടെ മണികണ്ഠദേവന്‍ ഇരിക്കുന്നതും മറ്റ് എണ്ണമറ്റ വിസ്മയങ്ങളും കണ്ട് ഭൂപതി അഞ്ജന ശാസ്ത്രജ്ഞനോടു ചോദിച്ചു: എണ്ണമറ്റ ബിംബങ്ങളും, ഛുരികാസ്ത്രങ്ങളും ഇങ്ങനെ ഇവിടെ കാണുവാന്‍ കാരണമെന്താണ്? ധന്യമതേ, അങ്ങ് പറഞ്ഞാലും.

പരശുരാമന്‍ പറഞ്ഞു: ഭൂപതേ, പറയാം. അങ്ങയേപ്പോലെയുള്ള പന്തളരാജാക്കന്മാര്‍ മുമ്പും ഭൂമിയില്‍ ഉണ്ടായിരുന്നു. ധന്യരായ അവര്‍ ഭൂമിയില്‍ പ്രതിഷ്ഠിച്ച ബിംബങ്ങളാണ് എണ്ണമറ്റതായി ഭവാന്‍ കണ്ടത് എന്നറിയുക. ദേവേന്ദ്രനെ ജയിക്കുവാന്‍ ഛുരികയും ദേവന്‍ അപ്പോള്‍ അവര്‍ക്കു നല്‍കാറുണ്ട്. ഇന്ദ്രനെ ആദ്യമായി ജയിച്ച രാജാവ് ഞാനാണ് എന്ന് മനസ്സില്‍ വൃഥാ ചിന്തിച്ചു മദിക്കേണ്ട. പരശുരാമന്റെ വാക്കുകള്‍ ശ്രവിച്ച് ലജ്ജയോടുകൂടി രാജശേഖരന്‍ പറഞ്ഞു: കാരുണ്യവാരിധേ, കല്പങ്ങള്‍തോറും ഇതേവിധം സംഭവിക്കുമെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി. ഇന്ദ്രനും ഞാനും തമ്മിലുള്ള പ്രശ്‌നം ഇതുവരെ മറ്റാരും അറിഞ്ഞിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ അതെല്ലാം നിന്തിരുവടി അറിഞ്ഞത് ആശ്ചര്യമായിരിക്കുന്നു. ഭവാന്‍ ആരാണ് എന്നുപറഞ്ഞുതന്നാലും. ഭൂപാലവാക്യം കേട്ട് ഭാര്‍ഗ്ഗവരാമന്‍ ആനന്ദപൂര്‍വ്വം പറഞ്ഞു ‘ഭാര്‍ഗ്ഗവീനായകാ, കേരളം സൃഷ്ടിച്ച ഭാര്‍ഗ്ഗവരാമനാണ് ഞാന്‍ എന്നറിയുക. അഷ്ടാദശപീഠയുക്തനായി കേരളഭൂമിയെ സംരക്ഷിച്ചുകൊള്ളാമെന്ന് ഭൂതനാഥന്‍ എന്നോട് സത്യം ചെയ്തിരിക്കുന്നു. അതില്‍ മുഖ്യമായത് ഇവിടം തന്നെയാണ്. മററ് പതിനേഴു പീഠങ്ങളും സന്തോഷപൂര്‍വ്വം ഞാന്‍ ഉടന്‍തന്നെ പ്രതിഷ്ഠിക്കും. ഇവിടെ പ്രതിഷ്ഠിക്കേണ്ട ബിംബത്തേക്കുറിച്ചു ഞാന്‍ പറയാം. ഭട്ടബന്ധംപൂണ്ട് ചിന്മുദ്രയോടുകൂടിയ ഒരു കരം മുട്ടില്‍ ചേര്‍ത്ത് ഇരിക്കുന്നവിധത്തിലുള്ള വിഗ്രഹമാണ് നിര്‍മ്മിക്കേണ്ടത്. ഈ വാക്കുകള്‍ കേട്ട് എല്ലാവരും ഭാര്‍ഗ്ഗവരാമനെ താണുവണങ്ങി.
… തുടരും

ജന്മഭൂമി: http://www.janmabhumidaily.com/news257261#ixzz4DqGO6xQb

 

ശൗനകമുനിയോടു സൂതന്‍ പിന്നെയും പറഞ്ഞു തുടങ്ങി.

അഗസ്ത്യമഹര്‍ഷി രാജശേഖര മഹാരാജാവിനോടു പറഞ്ഞു:- ഭൂപതേ, ധര്‍മ്മശാസ്താവിന്റെ സഹസ്രനാമവും, അഷ്‌ടോത്തരശതനാമങ്ങളും, കവചവും, സ്‌തോത്രവും, രഹസ്യമായ ലഘുപൂജാവിധിയും ഇനി മറ്റൊരു അവസരത്തില്‍ ഞാന്‍ അങ്ങേയ്ക്ക് പറഞ്ഞുതരുന്നതാണ്. താരകബ്രഹ്മത്തെ പ്രതിഷ്ഠിക്കുവാനുള്ള മനോഹരമായ ക്ഷേത്രം ഉടന്‍ തന്നെ പണികഴിപ്പിക്കുക. സാലപുരാധീശനായ ആചാര്യന്‍ മതി താരകബ്രഹ്മത്തെ പ്രതിഷ്ഠിക്കുവാന്‍ (സാലപുരം എവിടെയാണ് എന്നു വ്യക്തമല്ല. സാലം എന്നതിന് മതില്‍, കോട്ട, വേലി, വൃക്ഷം, മരുത്, തേന്മാവ്, ഒരിനം മത്സ്യം എന്നിങ്ങനെയെല്ലാം അര്‍ത്ഥമുണ്ട്.) മഞ്ജാംബിക(മഞ്ചാംബിക)യ്ക്കു ചഞ്ചലമേതും കൂടാതെ ഒരു മഞ്ചം നിര്‍മ്മിക്കണം. ഭൂതഗണങ്ങളില്‍ മുഖ്യനായ വാപരന്‍ എന്ന ഭൂതത്തിന് മഹിഷീമാരികവനത്തില്‍(എരുമേലിയില്‍) നല്ലൊരു ആലയം ആദ്യമേ പണിതീര്‍ക്കണം. ശില്പികളേയും കൊണ്ട് ക്ഷേത്രനിര്‍മ്മാണത്തിനു പുറപ്പെടുക. അങ്ങേയ്ക്ക് സകലതും സാധിക്കും. ഇത്രയും പറഞ്ഞ് അത്യന്തം രഹസ്യാത്മകമായ ലഘുപൂജാക്രമം മഹാരാജാവിന് അഗസ്ത്യമഹര്‍ഷി ഉപദേശിച്ചു. ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠാസമയത്ത് താന്‍ എത്തിച്ചേര്‍ന്നുകൊള്ളാം എന്നറിയിച്ച് അഗസ്ത്യമഹര്‍ഷി അന്തര്‍ദ്ധാനം ചെയ്തു.

സൂതന്‍ പറഞ്ഞു: പാലുകൊണ്ട് ബ്രാഹ്മണനും നെയ്യുകൊണ്ട് ക്ഷത്രിയനും തേന്‍കൊണ്ട് വൈശ്യനും ഭൂതനാഥനെ പൂജിക്കാം. മറ്റുള്ള വര്‍ണ്ണങ്ങള്‍ക്ക് അവരവര്‍ ഭക്ഷിക്കുന്ന വസ്തുക്കള്‍കൊണ്ടും കലികാലത്തു പൂജിക്കാം. ധനമില്ലാത്തവനാണെങ്കിലും ഭക്തിമാനാണെങ്കില്‍ ഇലയും (തുളസി, കൂവളം തുടങ്ങിയവ), ജലവും കൊണ്ടു മാത്രവും പൂജിക്കാം. എങ്ങനെ പൂജിച്ചാലും ഭക്തിയോടുകൂടിയവനാണെങ്കില്‍ അവന്റെ പൂജ ഭൂതേശ്വരന്‍ സ്വീകരിക്കും. ഭക്തിയില്ലാതെ സമര്‍പ്പിക്കുന്ന ഉപഹാരങ്ങളൊന്നും ആ മൃത്യുഞ്ജയപുത്രന്‍ നോക്കുകയില്ല. ദേവപൂജയ്ക്ക് അധികാരികളല്ലാത്തവര്‍ ആരൊക്കെയാണ് എന്നു ഞാന്‍ പറഞ്ഞുതരാം. ഡംഭോടുകൂടി ഞാനാണു പൂജകന്‍ എന്നു ഭാവിച്ച്; പൂജയ്‌ക്കൊരുക്കിവെച്ച ദ്രവ്യങ്ങള്‍ പോരാ എന്നു കല്പിച്ച് ശിഷ്യരോട് ശണ്ഠകൂടുന്നവന്‍ ഭൂതനാഥന്റെ പൂജയ്ക്കു യോഗ്യനല്ല. നല്ല വിനയവും ഭൂതനാഥനില്‍ ഭക്തിയും എല്ലാവരോടും ദയയും സന്തോഷവുമുള്ളവന്‍ എങ്ങനെ പൂജിച്ചാലും മുല്ലബാണാരിയുടെ പുത്രന്‍ പ്രസാദിക്കും.

അതൊക്കെ നില്‍ക്കട്ടെ. അല്ലയോ ശൗനകാ, പന്തള മഹാരാജാവ് തുടര്‍ന്ന് ചെയ്ത കാര്യങ്ങള്‍ കേള്‍ക്കുക. കുംഭോത്ഭവനായ അഗസ്ത്യന്‍ മറഞ്ഞതിനുശേഷം സംപ്രീതനായ പന്തള മഹാരാജന്‍ താരകബ്രഹ്മത്തെ പൂജിച്ചു. തുടര്‍ന്ന് ബ്രാഹ്മണരെ കാല്‍കഴുകിച്ച് വഴിപോലെ പൂജിച്ച് അന്നവും, വസ്ത്രവും, ധേനുവും (പശു), സ്വര്‍ണ്ണവുമെല്ലാം ദാനം ചെയ്തു സന്തുഷ്ടരാക്കി. ആര്യതാതന്റെ ഭക്തരില്‍ പ്രധാനിയായ ആചാര്യനേയും വേണ്ടവിധം പൂജിച്ചശേഷം ശില്പിമാരോടും മന്ത്രിയോടും സേനകളോടും കൂടി ക്ഷേത്രനിര്‍മ്മാണത്തിനായി രാജാവ് യാത്രയാരംഭിച്ചു. പുലിക്കൂട്ടത്തെ കൊണ്ടുവരാന്‍ ആര്യതാതനായ മണികണ്ഠന്‍ വനത്തിലേയ്ക്കു പോയപ്പോള്‍ കൊണ്ടുപോയതുപോലുള്ള ഒരു പൊക്കണം(തോള്‍മാറാപ്പ്, സഞ്ചി, ഭാണ്ഡം) എല്ലാവരും തലയിലേന്തുക എന്ന് രാജാവ് കല്പിച്ചു. ഒരു പൊക്കണം രാജാവും ശിരസ്സിലേറ്റി. ആര്യതാതന്റെ നാമങ്ങള്‍ ഉച്ചത്തില്‍ ജപിച്ചുകൊണ്ട് ക്ഷേത്രനിര്‍മ്മാണത്തിനായി അവര്‍ പുറപ്പെട്ടു. യാത്രയ്ക്കു നല്ല ശകുനങ്ങള്‍ കണ്ടുതുടങ്ങി. ദേവകള്‍ സന്തോഷപൂര്‍വ്വം നിലകൊണ്ടു.

രാജാവും പരിവാരങ്ങളും മഹിഷീമാരികാവനത്തില്‍ എത്തിച്ചേര്‍ന്നു. ശില്പികള്‍ കോട്ടമൊന്നുമില്ലാത്ത ഒരു ക്ഷേത്രം അവിടെ വാപരനുവേണ്ടി പണിതീര്‍ത്തു. വില്ലും ശരങ്ങളും കുത്തിപ്പിടിച്ചു നില്‍ക്കുന്ന രൂപത്തില്‍ വാപരനെ ബ്രാഹ്മണര്‍ അവിടെ പ്രതിഷ്ഠിച്ചു. ആര്യതാതന്റെ വിഗ്രഹം കണ്ടു വണങ്ങാന്‍ പോകുന്ന ഭക്തന്മാരെ ദുഷ്ടമൃഗങ്ങള്‍ ഉപദ്രവിക്കാതെ സംരക്ഷിക്കുന്നത് വാപരസ്വാമിയാണ്. വാപരസ്വാമിയെ പൂജിക്കുന്നതിനുള്ള പൂജാരിമാരേയും മഹാരാജാവ് നിയമിച്ചു. പിന്നീട് അലസാനദി (അഴുതയാറ്) കടന്ന് വന്‍പാപങ്ങളേയും അകറ്റുന്ന പമ്പയില്‍ മഹാരാജാവും പരിവാരങ്ങളും സ്‌നാനം ചെയ്തു. മെല്ലെ സഞ്ചരിച്ച് പുണ്യവതിയായ ശബരി തപസ്സുചെയ്ത ആശ്രമഭൂമിയില്‍ അവര്‍ എത്തിച്ചേര്‍ന്നു.

സന്ധ്യയാകുന്ന പെണ്‍കിടാവു പ്രകാശിച്ചുതുടങ്ങി. ചന്തമേറുന്ന രാഗത്തില്‍ പാടുന്ന അനുരാഗവതിയായ അവള്‍ കോകമിഥുനങ്ങളുടെ അനുരാഗവും ഹരിച്ച് ഇന്ദുവാകുന്ന ചന്ദനപ്പൊട്ടോടെ വിലസി. സന്ധ്യാവന്ദനം നടത്തി ബ്രാഹ്മണരോടൊരുമിച്ച് ഫലങ്ങള്‍ ഭക്ഷിച്ച് മഹാരാജാവും സേനയും വിശ്രമിച്ചു. എല്ലാവരും ഉറങ്ങിയിട്ടും മഹാരാജാവിന് ഉറക്കം വന്നില്ല. ആ സമയത്ത് വീരനായ ഒരു പുരുഷന്‍ വന്ന് രാജാവിനോടു പറഞ്ഞു. സ്വര്‍ണ്ണനിര്‍മ്മിതമായ ആലയത്തില്‍ (പൊന്നമ്പലമേട്ടില്‍) വസിക്കുന്ന ഭൂതേശനാണ് എന്നെ അയച്ചത്. ഞാന്‍ വാപരനാണ്. ധന്യനായ ഭവാനെ കൊണ്ടു ചെല്ലുവാനാണു എന്നെ നിയോഗിച്ചിരിക്കുന്നത്. മഹാരാജാവേ, നാം ഉടന്‍ തന്നെ പുറപ്പെടണം. മറ്റുള്ളവര്‍ ഉണരുന്നതിനു മുമ്പ് പെട്ടെന്നു തന്നെ ദേവനെകണ്ടിട്ടുവരാം ഭൂതനാഥന്റെ അസ്ത്രം അങ്ങയുടെ പരിവാരങ്ങള്‍ക്ക് ഒരാപത്തും വരാതെ കാത്തുരക്ഷിച്ച് ഇവിടെ നിലകൊള്ളും. ഇത്രയും പറഞ്ഞ് മനസ്സിനെ ജയിക്കുന്ന വേഗത്തില്‍ രാജാവിനേയും കൊണ്ട് വാപരന്‍ ഭൂതനാഥ സവിധത്തില്‍ എത്തി.

ഭംഗിയേറിയ നവരത്‌നനിര്‍മ്മിതമായ ഉയര്‍ന്ന സാലങ്ങളാല്‍ (വൃക്ഷങ്ങളാല്‍) ചുറ്റപ്പെട്ടതും സൂര്യകോടി പ്രഭയോടുകൂടിയതും താപസന്മാരാലും ദേവഗണങ്ങളാലും പരിസേവിതമായതും താപത്രയരഹിതവുമായ മംഗളകരമായ ഭൂതനാഥപുരം എത്രയും അത്ഭുതാവഹമെന്ന് മൂന്നുലോകങ്ങളിലുമുള്ളവര്‍ പുകഴ്ത്തുന്നു. നാലുവേദങ്ങളും ആറു ശാസ്ത്രങ്ങളും സുന്ദരമൂര്‍ത്തികളായി അവിടെ നില്‍ക്കുന്നു. ബ്രഹ്മചര്യാവ്രതത്തോടുകൂടിയ കന്മഷഹീനരായ അനേകം ഭക്തന്മാര്‍ അവിടെ നില്‍ക്കുന്നു. സത്യധര്‍മ്മം പശു രൂപമെടുത്ത് ഗോപുര കവാടത്തില്‍ കാത്തു നില്‍ക്കുന്നു. സത്യധര്‍മ്മാനുജ്ഞ കിട്ടാതെ യാതൊരുവനും ഭൂതേശപാദങ്ങള്‍ക്കുസമീപം എത്തുകയില്ല. നാലുഭാഗത്തും വളര്‍ന്നുനില്‍ക്കുന്ന നവരത്‌നനിര്‍മ്മിതമായ സാലവൃക്ഷങ്ങള്‍ കാണാം. അവയുടെ പൂര്‍വ്വഭാഗത്തുകൂടി(കിഴക്കുദിക്കിലൂടെ) കടന്നു ചെന്നാല്‍ ധര്‍മ്മശാസ്താവിനെക്കണ്ട് വന്ദിക്കാം. സത്യവും എട്ടുധര്‍മ്മങ്ങളും അവിടെ മൂര്‍ത്തികളായി കാവല്‍ നില്‍ക്കുന്നു. അവരെ സന്തുഷ്ടരാക്കിയാലേ വിഷ്ടപനാഥനെ കണ്ടു വണങ്ങാന്‍ കഴിയൂ. മനഃശുദ്ധി, ആസ്തികചിന്ത(ഈശ്വരവിശ്വാസം), ശമം, ദീനരിലുള്ള കാരുണ്യം, മനഃസ്ഥൈര്യം, ഭക്തി, സന്തോഷം, ഇന്ദ്രിയനിഗ്രഹം എന്നിവയാണ് അഷ്ടധര്‍മ്മങ്ങള്‍. ജ്ഞാനവും വൈരാഗ്യവും കൂടി ധര്‍മ്മങ്ങളില്‍ വേണമെന്നാണ് ചിലരുടെ പക്ഷം. എന്നാല്‍ ഞാന്‍ പറഞ്ഞ എട്ടുധര്‍മ്മങ്ങളില്‍ ജ്ഞാനവും വൈരാഗ്യവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം.

കത്തി ജ്വലിക്കുന്ന അഗ്നിയെപ്പോലെ അതീവശോഭയോടെ പ്രകാശിക്കുന്ന ഭൂതനാഥപുരത്തിലേക്ക് (മകരജ്യോതിപ്രകാശിക്കുന്ന പൊന്നമ്പലമേട്ടിലേക്ക് എന്നു സൂചന) വാപരന്‍ മഹാരാജാവിനെ കൈപിടിച്ചുകൊണ്ടുപോയി.
… തുടരും

ജന്മഭൂമി: http://www.janmabhumidaily.com/news256808#ixzz4DqGl7txh