ചേര സാമ്രാജ്യത്തിന്റെ ചരിത്രം

നമ്മുടെ കേരളത്തി്റെ രേഖപെടുത്തിയ ചരിത്രവും സംസ്കാരവും തുടങ്ങുന്നത് പൊതുവർഷത്തിനു ഏതാണ്ട് അഞ്ച് നൂറ്റാണ്ട് മുമ്പ് മുതൽ പൊതുവർഷം മൂന്നാം നൂറ്റാണ്ട് വരെ (500 BCE - 300 CE) നിലനിന്നിരുന്ന തമിഴ് സംഘകാലത്തിലെ ചേര രാജവംശത്തിന്റെ ഉദയത്തോടെയാണ്. കേരളത്തിൽ ശക്തമായി കേന്ദ്രീകരിച്ച സാമ്രാജ്യം, നാഗരികത, വാണിജ്യം, സാഹിത്യം തുടങ്ങിയവ ഏറെയും നിലവിൽ വന്നത് സംഘകാല ചേരൻമാരുടെ കാലത്താണ്. ഈ കാലഘട്ടത്തിനു മുമ്പ് കേരളത്തിലെ ജനങ്ങൾ പല ഗോത്രങ്ങളായി വേട്ടയാടിയും കാലികളെ മേയ്ച്ചും ചെറുകിട കൃഷിയും മറ്റും അനുഷ്ടിച്ചായിരുന്നു ജീവിച്ചിരുന്നത്. തൊപ്പിക്കല്ലുകൾ, കുടക്കല്ലുകൾ, മുനിയറകൾ തുടങ്ങിയ ശിലായുഗ സ്മാരകങ്ങൾ ഈ കാലഘട്ടത്തിലാണ് നിർമ്മിച്ചത്‌. പിന്നീട് സംഘകാല ചേരൻമാരുടെ ഉദയത്തോടെ കേരളത്തിൽ ശിലായുഗത്തിൽ നിന്നും ഒരു ഉയർന്ന കേന്ദ്രികരിച്ച നാഗരികതയിലോട്ട് സാമൂഹിക പുരോഗമനമുണ്ടായി.

സംഘകാലത്തിൽ ചേരന്മാർക്ക് പുറമേ കേരളത്തിൽ വേറെയും ചെറുകിട രാജവംശങ്ങളുണ്ടായിരുന്നു. വടക്കൻ മലബാറിലെ ഏഴിമല കേന്ദ്രീകരിച്ച് ഭരിച്ചിരുന്ന രാജവംശവും (ഈ രാജവംശത്തെ പിന്നീട് ചേരന്മാർ ആക്രമിച്ച് കീഴ്പെടുത്തി ), തെക്കൻ തിരുവതാംകൂർ കേന്ദ്രികരിച്ച് ഭരിച്ചിരുന്ന ആയ് രാജവംശവും ഇവയിൽപ്പെടും. പക്ഷെ ഇവയൊക്കെ ചേരൻമാരെ പോലെ പ്രബലരായിരുന്നില്ല.

കേരളം എന്ന പേര് തന്നെ ചേര സാമ്രാജ്യത്തിന്റെ പേരിൽ നിന്നുമാണ് ഉത്ഭവിച്ചത്‌.
പൊതുവർഷത്തിനു മൂന്നു നൂറ്റാണ്ട് മുമ്പ് (300 BCE) മൌര്യ ചക്രവർത്തിയായിരുന്ന അശോകന്റെ ലിഖിതങ്ങളിൽ ചേര സാമ്രാജ്യത്തെ മറ്റു ദക്ഷിണേന്ത്യൻ സാമ്രാജ്യങ്ങളായിരുന്ന പാണ്ഡ്യ, ചോള തുടങ്ങിയവയോടൊപ്പം 'കേടലപുതോ ' അഥവാ കേരളപുത്ര എന്ന് പരാമർശിക്കുന്നുണ്ട് അശോകന് മുമ്പ് രചികപെട്ട സംസ്കൃത കൃതികളിലും ചേര സാമ്രാജ്യത്തെ കേരളം എന്ന് വിളിക്കുന്നുണ്ട്. പൊതുവർഷം ആദ്യ നൂറ്റാണ്ടുകളിൽ ഗ്രീക്ക്-റോമൻ ലേഖകർ ചേര സാമ്രാജ്യത്തെ 'കേരൊബൊത്ര' 'കേലെബൊത്ര' എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്, ഇത് നേരത്തെ സൂചിപിച്ച അശോക ലിഖിതങ്ങളിൽ പരാമർശിച്ചിട്ടുള്ള കേരളപുത്ര എന്ന സംസ്കൃത വാക്കിനെയാണു സൂചിപ്പിക്കുന്നത്. ഇത് തമിഴിൽ ചേര രാജാക്കന്മാരുടെ രാജകീയ നാമമായ ചേരമാൻ (അല്ലെങ്കിൽ ചേരമകൻ) എന്നതിന്റെ സംസ്കൃത രൂപമാണ്.

കേരളത്തിന്റെ മിക്ക ഭാഗങ്ങളും ചേരന്മാർ ഭരിച്ചിരുന്നുവെങ്കിലും, ഇന്നത്തെ തമിഴ് നാട്ടിലെ കരൂർ എന്ന സ്ഥലത്തായിരുന്നു സംഘകാല ചേര സാമ്രാജ്യത്തിന്റെ 'വഞ്ചി' എന്നറിയപ്പെട്ട തലസ്ഥാനം.

ഉതിയൻ ചേരലാതൻ, നെടുംചേരലാതൻ, ചെങ്കുട്ടുവൻ ചേരൻ തുടങ്ങിയവരായിരുന്നു സംഘകാല ചേര രാജാക്കന്മാരിൽ ഏറ്റവും പ്രബലർ. ഇതിൽ ഉതിയൻ ചേരലാതൻ മഹാഭാരത യുദ്ധത്തിൽ സൈനികർക്ക് ചോറ് വിളംബി കൊടുത്തുവെന്നും, നെടുംചേരലാതൻ ഭാരതം മുഴുവനും കീഴടക്കി ഹിമാലയം വരെ തന്റെ സാമ്രാജ്യത്തിന്റെ അതിർത്തി നീട്ടിയെന്നും സംഘകാല കൃതികളിൽ പറയുന്നുണ്ട്. പക്ഷെ ഈ വർണ്ണനകളൊക്കെ രാജാക്കന്മാരെ പുകഴ്ത്താൻ വേണ്ടി സംഘകാല കവികൾ എഴുതിക്കൂട്ടിയതാവാം, കാരണം ഇവയ്ക്കൊന്നും ചരിത്രപരമായ തെളിവുകളില്ല.

സംഘകാല ചേര സാമ്രാജ്യത്തിന് ഗ്രീക്ക്, റോം , ഈജിപ്റ്റ്‌ തുടങ്ങിയ മറ്റു പ്രാചീന സംസ്കാരങ്ങളുമായി വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു.
കൊടുങ്ങല്ലൂരിലെ പട്ടണത്തിൽ നിന്നും ഇതിനു ധാരാളം തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. ചിലർ പട്ടണം സംഘകാല കൃതികളിൽ പരാമർശിക്കപെടുന്ന മുസിരി അല്ലെങ്കിൽ മുചിരി എന്ന പേരിൽ അറിയപ്പെട്ട വാണിജ്യ നഗരമായിരുന്നുവെന്നു വാദിക്കുന്നുണ്ട്. കൂടാതെ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കണ്ടെടുത്ത അനേകം ഗ്രീക്ക്-റോമൻ നാണയങ്ങളും കേരളത്തിന്റെ മറ്റു പ്രാചീന സംസ്കാരങ്ങളുമായുള്ള വ്യാപാര ബന്ധത്തിന്റെ തെളിവാണ്. ഇതിനു പുറമെ സംഘകാല കൃതികളിലും യവന (ഗ്രീക്കുകാർ) കച്ചവടക്കാരെ കുറിച്ച് പാരാമാർശങ്ങളുണ്ട്.

യേശുവിന്റെ ശിഷ്യനായിരുന്ന തോമാശ്ലീഹാ പൊതുവർഷം ഒന്നാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിലെ പട്ടണത്തിൽ കപ്പലിറങ്ങി സംഘകാല ചേര സാമ്രാജ്യത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ചതായി ചിലർ വാദിക്കുന്നുണ്ട്. പക്ഷെ ഇതിന്‌ തെളിവുകളൊന്നും തന്നെയില്ല.സംഘകാല കേരളത്തിലെ ലിഖിതങ്ങളിലും സാഹിത്യങ്ങളിലുമൊന്നും ക്രിസ്തുമതം കേരളത്തിൽ നിലനിന്നിരുന്നതിന്റെ സൂചനകളില്ല.

സംഘകാല രാജാക്കന്മാർ വൈദിക യജ്ഞങ്ങളും മറ്റും നടത്തിയ കറകളഞ്ഞ വൈദിക ഹിന്ദുക്കളായിരുന്നുവെന്ന് ചേര രാജാക്കന്മാരെ പുകഴ്ത്തുന്ന പതിറ്റ്രുപ്പത്ത് എന്ന സംഘകാല കൃതിയിലെ ഇരുപത്തിയൊന്നാം പാട്ടിൽ നിന്നും നമുക്ക് മനസിലാക്കാം . ഇതുകൂടാതെ ചിലപ്പതികാരം എന്ന പ്രസിദ്ധ തമിഴ് കൃതിയിലെ നായികയായ കണ്ണകിയുടെ വിഗ്രഹം ചെങ്കുട്ടുവൻ ചേരൻ ഉത്തരേന്ത്യയിൽ പോയി പവിത്രമായ ഗംഗാനദിയിൽ മുക്കിയെന്നും പതിറ്റ്രുപ്പത്തിൽ പരാമർശിക്കുന്നുണ്ട്. ഹിന്ദുക്കൾ ഇന്നും ഗംഗാജലത്തെ പുണ്യമായാണല്ലോ കണക്കാക്കുന്നത്. പിന്നെ സംഘകാല ചേരൻമാരുടെ നാണയങ്ങളിൽ ശൈവാരാധനയെ സൂചിപ്പിക്കുന്ന ത്രിശൂല-മഴു ചിഹ്നങ്ങളുമുണ്ട്.
മാത്രമല്ല, നേരത്തെ സൂചിപിച്ചതുപോലെ ചേര രാജാവായിരുന്ന ഉതിയൻ ചേരലാതൻ മഹാഭാരത യുദ്ധത്തിൽ സൈനികർക്ക് ചോറ് വിളംബി കൊടുത്തുവെന്ന് സംഘകാല കൃതിയായ പുറനാനൂറിലെ രണ്ടാമത്തെ പാട്ടിൽ പറയുന്നുണ്ട്. ഇതിനു ചരിത്രപരമായി തെളിവുകളില്ലെങ്കിലും, മഹാഭാരത കഥകൾ സംഘകാല കവികൾക്കിടയിൽ പ്രസിദ്ധമായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇതിനൊക്കെയർത്ഥം കേരളത്തിന്റെ രേഖപെടുത്തിയ ചരിത്രത്തിന്റെ ആരംഭത്തിൽ തന്നെ വൈദിക-ഹൈന്ദവ സംസ്കാരം ഇവിടെ ശക്തമായി നിലനിന്നിരുന്നുവെന്നാണ്. ഇതുകൊണ്ട് വൈദിക-ഹൈന്ദവ സംസ്കാരത്തെ മറന്നിട്ടുള്ള ഒരു ചരിത്രമോ പൈതൃകമോ കേരളത്തിനില്ല.

ഇതിനു പുറമേ പതിറ്റ്രുപ്പത്തിലെ അറുപത്തിമൂന്നാം പാട്ടിൽ ചേര രാജാക്കന്മാർ ബ്രാഹ്മണരായ ആചാര്യന്മാർക്ക് മുമ്പിൽ മാത്രമായിരുന്നു തലകുനിച്ചിരുന്നതെന്ന് പറയുന്നുണ്ട്. സംഘകാല കൃതികളിൽ ബ്രാഹ്മണർ അന്തണർ, പാർപ്പണർ എന്നൊക്കെയാണ് അറിയപ്പെടുന്നത്. അവർ രാജാക്കന്മാരുടെ ഗുരുക്കന്മാരയും അവർക്ക് വേണ്ടി യജ്ഞങ്ങൾ നടത്തിയും, ഉപദേശങ്ങൾ കൊടുത്തും, അവരെ പുകഴ്ത്തി പാട്ടുകൾ പാടിയും മറ്റും ജീവിച്ചു പോന്നു. കപിലർ എന്ന ബ്രാഹ്മണൻ ചേര രാജാക്കന്മാർക്ക് വേണ്ടി സംഘകാല കൃതികളിൽ പല പാട്ടുകളും രചിച്ചിട്ടുണ്ട്. ഇതിനൊക്കെയർത്ഥം
ബ്രാഹ്മണർക്ക് സംഘാകാലത്തിൽ രാജകീയ പിന്തുണകളുണ്ടായിരുന്നുവെന്നാണ്. ഇതുകൊണ്ട് തന്നെ ബ്രാഹ്മണർ സംഘകാലത്തിനു ശേഷം വന്നവരാണെന്നുള്ള വാദം തെറ്റാണ്.

ബ്രാഹ്മണർക്ക് പുറമെ, ജൈനരും, ബൌദ്ധരും സംഘാകാല കേരളത്തിൽ ജീവിച്ചിരുന്നു. അവർക്ക് വേണ്ടി രാജാക്കന്മാർ ദാനങ്ങൾ നൽകുകയും ചെയ്തിരുന്നു. പക്ഷെ അവർക്കൊന്നും ബ്രാഹ്മണർക്കുണ്ടായിരുന്നയത്ര സ്വാധീനമുണ്ടായിരുന്നില്ല.

സംഘകാലത്തിന്റെ അവസാനത്തോടുകൂടി സംഘകാല ചേരൻമാരുടെ ശക്തി ക്ഷയിച്ചു തുടങ്ങി. ഏതാണ്ട് മൂന്നാം നൂറ്റാണ്ടിൽ സംഘാകാല ചേരസാമ്രാജ്യം അസ്തമിച്ചു. ഈ അസ്തമയത്തിന്റെ കാരണം വ്യക്തമല്ല, ഒരുപക്ഷെ കളഭ്ര, ഗംഗാ, പല്ലവ, കാദംബ, ചാലൂക്യ തുടങ്ങിയ മറ്റു പുതിയ ദക്ഷിണേന്ത്യൻ സാമ്രാജ്യങ്ങളുടെ ഉയർച്ചയാവാം ഇതിനു കാരണം. മൂന്നാം നൂറ്റാണ്ടിനു ശേഷം ഏകദേശം എട്ടാം നൂറ്റാണ്ടോടു കൂടി മാത്രമാണ് ചേരന്മാർ രണ്ടാമത് കേരള ചരിത്രത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. മൂന്നാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനുമിടയിലുള്ള സ്ഥിതിഗതികൾ അത്ര വ്യക്തമല്ല. ഒരുപക്ഷെ മുകളിൽ സൂചിപിച്ച പുതിയ സാമ്രാജ്യങ്ങൾ കേരളത്തെ ആക്രമിച്ച് ഭരിച്ചിരിക്കാം.

എട്ടാം നൂറ്റാണ്ടുമുതൽ കേരളം ഭരിച്ച രണ്ടാം ചേര രാജാക്കന്മാർ പെരുമാക്കന്മാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സംഘകാലത്തിലെ കരൂരിൽ നിന്നും തലസ്ഥാനം മാറ്റി കൊടുങ്ങല്ലൂരിലെ മഹോദയപുരം അല്ലെങ്കിൽ തിരുവഞ്ചികുളം തലസ്ഥാനമാക്കിയാണ് പെരുമാക്കന്മാർ ഭരിച്ചിരുന്നത്. കുലശേഖര ആഴ്‌വാർ, രാജശേഖര വർമ്മ അല്ലെങ്കിൽ ചേരമാൻ പെരുമാൾ നായനാർ, സ്ഥാണു രവിവർമ്മ, ഭാസ്കര രവിവർമ്മ, തുടങ്ങിയവരായിരുന്നു ഏറ്റവും പ്രബലരായ പെരുമാക്കന്മാർ. ഇതിൽ കുലശേഖര ആഴ്‌വാറും , ചേരമാൻ പെരുമാൾ നായനാരും പ്രശസ്തരായ വൈഷ്ണവ-ശൈവ ഭക്തർ ആയിരുന്നു.

പെരുമാക്കന്മാരുടെ കാലത്ത് കേരളം പല നാടുകളായി വിഭജിച്ചിരുന്നു. ഈ നാടുകൾ ഭരിച്ചിരുന്നത് സാമന്ത നാടുവാഴി പ്രഭുക്കന്മാരായിരുന്നു. ഇവരുടെ കീഴിൽ പടനായർ എന്നറിയപ്പെട്ടിരുന്ന സൈനികകൂട്ടങ്ങളുമുണ്ടായിരുന്നു. ഇവരുടെയെല്ലാം അധികാരിയായിട്ടാണ് പെരുമാക്കന്മാർ ഭരിച്ചത്.

കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ വളർച്ചയും ഭക്തിപ്രസ്ഥാനവും രണ്ടാം ചേര സാമ്രാജ്യത്തിന്റെ കാലത്ത് അത്യുന്നതയിലെത്തിയിരുന്നു. ചേര പെരുമാളായ കുലശേഖര ആഴ്വാർ വൈഷ്ണവ ഭക്തനായിരുന്നു, രാജശേഖര വർമ്മ അല്ലെങ്കിൽ ചേരമാൻ പെരുമാൾ നായനാരാകട്ടെ, ശൈവ ഭക്തനും. ഇത് കൂടാതെ ആദി ശങ്കരാചാര്യരും ഈ രണ്ടാം ചേര സാമ്രാജ്യത്തിന്റെ കാലത്തായിരുന്നു ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.
ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന ശങ്കരനാരായണനും രണ്ടാം ചേര സാമ്രാജ്യത്തിലായിരുന്നു ജീവിച്ചിരുന്നത്. അദ്ദേഹം അക്കാലത്ത് കൊടുങ്ങല്ലൂരിൽ ഒരു വാനനിലയവും സ്ഥാപിക്കുകയുണ്ടായി.
ഇതിനു പുറമെ അനേകം വേദ പാഠശാലകളും രണ്ടാം ചേര സാമ്രാജ്യത്തിൽ നിലനിന്നിരുന്നു.

ഹൈന്ദവർക്ക് പുറമെ ജൈനരും ബൌദ്ധരും രണ്ടാം ചേര സാമ്രാജ്യത്തുണ്ടായിരുന്നു. പക്ഷെ അവർക്ക് സംഘകാലത്തിലുണ്ടായിരുന്ന പ്രാബല്യമുണ്ടായിരുന്നില്ല.
ഇവരെ കൂടാതെ സംഘകാലത്തിനു ശേഷം കേരളത്തിലോട്ടു കുടിയേറിയ ക്രൈസ്തവരും ജൂതന്മാരും രണ്ടാം ചേര സാമ്രാജ്യത്തിൽ ജീവിച്ചിരുന്നു, പക്ഷെ ഇവർ എണ്ണത്തിൽ കുറഞ്ഞ ഒരു ന്യൂനപക്ഷമായിരുന്നു.

രണ്ടാം ചേരന്മാർക്കു വളരെ ശേഷം രചിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും, കേരളോല്പത്തി പോലെയുള്ള ഗ്രന്ഥങ്ങളിൽ പെരുമാക്കന്മാരുടെ കാലത്തെ കുറിച്ച് വളരെയേറെ പരാമർശങ്ങളുണ്ട്. കേരളത്തിന്റെയും പെരുമാൾ ഭരണത്തിന്റെയും ഉത്ഭവത്തെ കുറിച്ചുള്ള ഐതിഹ്യങ്ങളാണ് ഈ ഗ്രന്ഥങ്ങളിളുള്ളത്. പരശുരാമൻ കേരളത്തെ കടലിൽ നിന്നും വീണ്ടെടുത്ത് ബ്രാഹ്മണർക്ക് ദാനം ചെയ്തുവെന്നും, പിന്നീട് കേരളം ഭരിക്കാൻ ഓരോ പന്ത്രണ്ട് വർഷം കൂടുമ്പോഴും ബ്രാഹ്മണർ മാമാങ്കോത്സവം നടത്തി പെരുമാക്കന്മാരെ നാടുവാഴികളിൽ നിന്നും തിരഞ്ഞെടുത്തുവെന്നും, അല്ലെങ്കിൽ കേരളത്തിന്‌ പുറത്ത് നിന്നും രാജാക്കന്മാരെ കേരളം ഭരിക്കാൻ വേണ്ടി ക്ഷണിച്ച് വരുത്തി പെരുമാക്കന്മാരായി വാഴിച്ചുവെന്നുമൊക്കെയാണ് ഈ ഗ്രന്ഥങ്ങളിൽ പറയുന്നത്. ഇങ്ങനെ കേരളം ഭരിച്ച പെരുമാക്കന്മാരുടെ ഒരു നീണ്ടനിര തന്നെ ഈ ഗ്രന്ഥങ്ങളിലുണ്ട് .

പക്ഷെ ഇതൊക്കെ വെറും ചരിത്രപരമല്ലാത്ത ഐതിഹ്യങ്ങൾ മാത്രം.
പരശുരാമൻ മഴുവെറിഞ്ഞ് കേരളത്തെ കടലിൽ നിന്നും വീണ്ടെടുത്ത കഥ സംഘകാല സാഹിത്യങ്ങളിലൊന്നും തന്നെ പരാമർശിക്കുന്നില്ല. ഇത് പിന്നീട്
രൂപംകൊണ്ട ഐതിഹ്യമാവാനാണ് വഴി.
പരശുരാമൻ കടലിൽ നിന്നും ഭൂമി വീണ്ടെടുത്തുവെന്നുള്ള ഐതിഹ്യം മഹാരാഷ്ട്ര തൊട്ടു കേരളം വരെ നീണ്ടു കിടക്കുന്ന കടലോര പ്രദേശങ്ങളിലൊക്കെ കാണാം. ഉദാഹരണങ്ങളായി കൊങ്കൺ പ്രദേശത്തും തുളുനാട്ടിലും കേരളിത്തിലെ പോലെ തന്നെ പരശുരാമൻ കടലിൽ നിന്നും ഭൂമി വീണ്ടെടുത്ത്‌ ബ്രാഹ്മണർക്ക് ദാനം നൽകിയെന്നാണ് വിശ്വാസം.

പരശുരാമൻ കടലിൽ നിന്നും വീണ്ടെടുത്ത ഭൂമിയെ അറുപത്തിനാല് ഗ്രാമങ്ങളായാണ് ബ്രാഹ്മണർക്ക് ദാനം നൽകിയത്. ഇതിൽ മുപ്പത്തിരണ്ടെണ്ണം തുളു നാട്ടിലും ബാക്കി മുപ്പത്തിരണ്ട് കേരളത്തിലുമാണ്. ഇത് വച്ച് നോക്കുമ്പോൾ പരശുരാമ ഐതിഹ്യത്തിന്റെ ഉത്ഭവം വടക്കേ ദിക്കുകളിൽ നിന്നുമാണെന്ന് വ്യക്തം. തുളു നാട്ടിൽ നിന്നും പരശുരാമ ഐതിഹ്യം പിന്നെയും വടക്കോട്ട്‌ കൊങ്കൺ പ്രദേശങ്ങളിലോട്ടു പോകുന്നുണ്ട്.
ഒരു പക്ഷെ ഇത് ഡെക്കാൻനിലെ പശ്ചിമ പ്രദേശങ്ങളിൽ കൂടിയുള്ള ഒരു ബ്രാഹ്മണ കുടിയേറ്റത്തെ കുറിച്ചുള്ള സൂചനയാവാം.

തുളു നാട്ടിൽ പരശുരാമ ഐതിഹ്യത്തിനു പുറമെ മൂന്നാം നൂറ്റാണ്ടിൽ കാദംബ രാജവംശം സ്ഥാപിച്ച മയുരവർമ്മനെന്ന രാജാവ് പാഞ്ചാല ദേശത്തെ അഹിഛത്രമെന്ന പ്രദേശത്തിൽ നിന്നും ബ്രാഹ്മണരെ ക്ഷണിച്ചു വരുത്തി പല ഗ്രാമങ്ങളിലായി താമസിപിച്ചുവെന്നുള്ള വേറെയൊരു ഐതിഹ്യവുമുണ്ട്‌. കേരളോല്പത്തിയിലും അഹിഛത്രത്തിൽ നിന്നുമാണ് പരശുരാമൻ ആദ്യം ബ്രാഹ്മണരെ കൂട്ടികൊണ്ടുപോന്നതെന്ന് പറയുന്നുണ്ട്. മയൂരവർമ്മൻ മൂന്നാം നൂറ്റാണ്ടിൽ ഭരിച്ച ചരിത്രപരമായി തെളിവുകളുള്ള കാദംബ രാജാവായതിനാലും കേരളത്തിലെ എടക്കൽ ഗുഹകളിൽ നിന്നും മറ്റും കാദംബ രാജവംശത്തിന്റെ ലിഖിതങ്ങൾ കണ്ടെടുത്തിട്ടുള്ളതിനാലും കാദംബ സാമ്രാജ്യത്തിന്റെ കേരളത്തിലോട്ടുള്ള വികാസത്തിനോടൊപ്പം മയൂരവർമ്മൻ ക്ഷണിച്ച ബ്രാഹ്മണരും കേരളത്തിലോട്ട് സംഘകാലത്തിനു ശേഷം കുടിയേറിയിരിക്കാം. പിന്നീട് ഈ ചരിത്രപരമായ കൂടിയേറ്റം പുതിയ ബ്രാഹ്മണർ കൂടെ കൊണ്ടുവന്ന പരശുരാമ ഐതിഹ്യവുമായി കൂടികലർന്നിട്ടുണ്ടാവാം

ഈ പുതിയതായി വന്ന ബ്രാഹ്മണർ സംഘകാലത്തിൽ കേരളത്തിലുണ്ടായിരുന്ന ബ്രാഹ്മണരുമായി കൂടികലർന്ന് നമ്പൂതിരി സമൂഹത്തിന് രൂപം നൽകിയിട്ടുണ്ടാകാം, കാരണം നമ്പൂതിരിമാർ തലയുടെ മുന്നിലോട്ടു കുടുമ വയ്ച്ചിരുന്ന ബ്രാഹ്മണ സമൂഹമായിരുന്നു. തമിഴ്നാട്ടിലും മുന്നിലോട്ട് കുടുമ വയ്ച്ചിരുന്ന ബ്രാഹ്മണർ ഉണ്ടായിരുന്നു. സംഘകാലത്തെ കൃതികളിലും മുൻപിലോട്ടുള്ള കുടുമയെ കുറിച്ച് പരാമർശമുണ്ട്. പക്ഷെ തമിഴ്നാട്ടിൽ സംഘകാലത്തിനു ശേഷം കുടിയേറിയ ബ്രാഹ്മണർ പിന്നിലോട്ടാണ് കുടുമ വയ്ച്ചിരുന്നത്. ഇതിനർത്ഥം മുന്നിലോട്ട് കുടുമ വയ്ച്ചിരുന്ന ബ്രാഹ്മണർ സംഘകാലം തൊട്ടേയുള്ള ബ്രാഹ്മണരാണെന്നാണ്. നമ്പൂതിരിമാരും ഭാഗികമായി ഇതിൽപ്പെടും, കാരണം അവരും മുന്നിലേയ്ക്കാണല്ലോ കുടുമ വയ്ച്ചിരുന്നത്. പക്ഷെ സംഘകാല കൃതികളിൽ പരശുരാമ ഐതിഹ്യത്തെ കുറിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതിനാലും, പരശുരാമ ഐതിഹ്യം മുമ്പ് സൂചിപ്പിച്ചത് പോലെ വടക്കൻ ഭാഗങ്ങളിൽ നിന്നും ഉത്ഭവിച്ചതിനാലും, സംഘകാലത്തിനു ശേഷം കേരളത്തിൽ പുതിയതായി വന്ന ബ്രാഹ്മണർ സംഘകാല ബ്രാഹ്മണരുമായി കൂടികലർന്ന് നമ്പൂതിരി സമൂഹമായി പരിണാമിച്ചുവെന്നു വിചാരിക്കുന്നതാവും ശരി.

എന്തൊക്കെയായാലും പെരുമാക്കന്മാരുടെ കാലത്ത് രാഷ്ട്രീയമായ കാര്യങ്ങളിൽ ബ്രാഹ്മണർക്ക് സംഘകാലത്തിലുണ്ടായിരുന്നതിനെകാളും സ്വധീനമുണ്ടായിരുന്നു. പക്ഷെ അവർ പെരുമാക്കന്മാരെ മാമാങ്കോത്സവത്തിൽ കൂടി തിരഞ്ഞെടുത്തുവെന്നുള്ള വിശ്വാസം വെറും ഐതിഹ്യമാണ്‌. പെരുമാൾ ഭരണകാലത്തെ ചരിത്രപരമായ ലിഖിതങ്ങളിൽ നിന്നും പെരുമാക്കന്മാർ പന്ത്രണ്ട് വർഷത്തിലേറെ കേരളം ഭരിച്ചുവെന്ന് വ്യക്തമാണ്, ഇത് ഓരോ പെരുമാക്കന്മാരും പന്ത്രണ്ട് വർഷമേ ഭരിച്ചിരുന്നുള്ളുവെന്ന ഐതിഹ്യത്തിന് നിരക്കാത്തതാണ്.
പക്ഷെ ഏകദേശം നാല് നൂറ്റാണ്ട് മുമ്പ് വരെ മാമാങ്കോത്സവം പന്ത്രണ്ട് വർഷം കൂടുമ്പോൾ തിരുനാവായയിൽ നടത്തിപോന്നു. ഒരു പക്ഷെ ഇത് പെരുമാക്കന്മാരുടെ കാലത്ത് ഒരു വിശേഷപ്പെട്ട ഉത്സവം ആയിരുന്നിരിക്കാം.

കേരളോല്പത്തിയിൽ അവസാനത്തെ പെരുമാൾ തന്റെ നിരപരാധിയായ സൈന്യാധിപൻ പടമല നായരെ ശിക്ഷിച്ച കുറ്റബോധത്താൽ മനംനൊന്ത് തന്റെ രാജ്യം നാടുവാഴികൾക്ക് വിഭചിച്ച് കൊടുത്തിട്ട് മക്കയിലോട്ട് പോയി ഇസ്ലാം മതം സ്വീകരിച്ചതായി പരാമർശമുണ്ട് . കേരളത്തിലെ മുസ്ലിംകൾക്കിടയിലും ഇതേ കഥ നിലവിലുണ്ട്. കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്‌ എഴാം നൂറ്റാണ്ടിൽ അറേബ്യയിൽ നിന്നും മതം മാറിയ പെരുമാൾ അയച്ച അറബികൾ നിർമ്മിച്ചതാണെന്നാണ്‌ അവരുടെ വിശ്വാസം.

പക്ഷെ ചരിത്രപരമായി രണ്ടാം ചേര സാമ്രാജ്യം എഴാം നൂറ്റാണ്ടിൽ രേഖപെട്ടിട്ടുപോലുമുണ്ടായിരുന്നില്ല. ആദ്യത്തെ പെരുമാക്കന്മാർ എട്ടാം നൂറ്റാണ്ടിലാണ് രേഖപെട്ടിട്ടുള്ളത്. അവസാനത്തെ പെരുമാളാവട്ടെ, പതിനൊന്നാം-പന്ത്രണ്ടാം നൂറ്റാണ്ടിനിടയ്ക്കും. അപ്പോൾ അവസാനത്തെ പെരുമാൾ എഴാം നൂറ്റാണ്ടിൽ മക്കയിലോട്ടു പോയി ഇസ്ലാം മതം സ്വീകരിച്ചെന്ന കഥ ചരിത്രപരമായ തെളിവുകൾക്ക് നിരക്കാത്തതാണ്.

ഇനി എട്ടാം നൂറ്റാണ്ടിൽ രണ്ടാം ചേര സാമ്രാജ്യം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ അല്ലെങ്കിൽ രാജശേഖര വർമ്മ എന്ന രാജാവ് ശൈവ ഭക്തനായ സുന്ദരമുർത്തിയോടൊപ്പം കൈലാസത്തിലോട്ടു പോയെന്ന ഒരു ഐതിഹ്യം തമിഴ് ശൈവ ഭക്തർക്കിടയിലുണ്ട്.
ഇവർ രണ്ടുപേരെയും തമിഴ് ശൈവ ഭക്ത ശ്രേഷ്ഠരായ നായനാർ അല്ലെങ്കിൽ നായന്മാരായി (കേരളത്തിലെ നായർ സമൂഹവുമായി തെറ്റിദ്ധരിക്കല്ലേ ! ) കണക്കാക്കുന്നുമുണ്ട്. രണ്ടാം ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തിരുവഞ്ചിക്കുളത്തെ മഹാദേവ ക്ഷേത്രം ചേരമാൻ പെരുമാളുമായും സുന്ദരമുർത്തിയുമായും ബന്ധപെട്ടതാണ്.
മാത്രമല്ല തമിഴ് നാട്ടിൽ ഏതാണ്ട് പത്താം നൂറ്റാണ്ടിൽ ചോളന്മാർ പണിത ബൃഹദീശ്വര ക്ഷേത്രത്തിലെ ചുവർചിത്രത്തങ്ങളിൽ ചേരമാൻ പെരുമാളും സുന്ദരമുർത്തിയും കൂടി കൈലാസതിലോട്ടു തീർഥാടനം നടത്തുന്നത്തിന്റെ ചിത്രവുമുണ്ട്. ഇതിനർഥം ചേരമാൻ പെരുമാൾ നായനാരുടെ കൈലാസയാത്രയെ കുറിച്ചുള്ള കഥ പത്താം നൂറ്റാണ്ടിൽ തന്നെ കേരളത്തിന്‌ പുറത്തും പ്രശസ്തമായിരുന്നുവെന്നാണ്.

ഒരു പക്ഷെ ഈ കഥ പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂർ കേന്ദ്രികരിച്ച് ഭരിച്ച അവസാനത്തെ പെരുമാളായ രാമവർമ്മ കുലശേഖരന്റെയൊപ്പം പരിണാമിച്ച് ബന്ധപ്പെട്ടിട്ടുണ്ടാവാം. ചോളന്മാർ കൊടുങ്ങല്ലൂർ ആക്രമിച്ചപ്പോൾ രാമവർമ്മ കുലശേഖരൻ തെക്കോട്ട്‌ പുറപ്പെട്ട് വേണാട് അഥവാ കൊല്ലം കേന്ദ്രികരിച്ച് ഭരണം നടത്തി. കേരളോല്പത്തിയിൽ പരാമർശിക്കുന്ന പെരുമാളിന്റെ കടൽവഴിയുള്ള മക്കയാത്ര യഥാർത്ഥത്തിൽ ചോളന്മാരുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ രാമവർമ്മ കുലശേഖരൻ കൊടുങ്ങല്ലൂരിൽ നിന്നും കൊല്ലത്തേക്കു നടത്തിയ ഒരു കപ്പൽ യാത്രയുടെ സൂചാനയാവം (കൊടുങ്ങല്ലൂരും കൊല്ലവും തുറമുഖങ്ങളായിരുന്നു ).

ഇനി കേരളോല്പത്തിയിൽ തന്നെ ബുദ്ധമതം സ്വീകരിച്ച പള്ളിബാണ പെരുമാൾ എന്നാ വേറെയൊരു പെരുമാളിനെ കുറിച്ച് പരാമർശമുണ്ട്. പക്ഷെ ഇതിൽ രസകരമായ കാര്യമെന്താണെന്നുവച്ചാൽ ഈ പള്ളിബാണ പെരുമാളും ബുദ്ധ മതം സ്വീകരിച്ച ശേഷം മക്കയിലോട്ടു പോയെന്നാണ് കേരളോല്പത്തി പറയുന്നത്! ബുദ്ധമതവും മക്കയും തമ്മിൽ ഒരു ബന്ധവുമില്ലാത്തതിനാൽ ഈ കഥയും ചേരമാൻ പെരുമാളിന്റെ മക്കയിലോട്ടുള്ള യാത്രയുടെ കഥപോലെ പോലെ ഒരു കെട്ടുകഥയാണെന്ന് പറയേണ്ടതില്ലല്ലോ?

എന്തൊക്കെയായാലും ചോളന്മാരുടെ ആക്രമണത്തെ ചെറുത്തുനിന്നിട്ടും അതിന്റെ പ്രത്യാഘാതമായി രാമവർമ്മ കുലശേഖരന്റെ കാലത്തിനു ശേഷം ചേര സാമ്രാജ്യം ഛിന്നഭിന്നമായി. ചേര സാമ്രാജ്യത്തിന്റെ കീഴിൽ നാടുവാഴികൾ ഭരിച്ചിരുന്ന നാടുകൾ പെരുമാക്കന്മാരുടെ ഭരണത്തിൽ നിന്നും സ്വതന്ത്യ്രമായി. അവസാനത്തെ പെരുമാൾ തന്റെ രാജ്യം വിഭചിച്ചുവെന്ന ഐതിഹ്യത്തിന്റെ യാഥാർത്ഥ്യം ഇതാവാം.

ഈ സ്വതന്ത്ര്യമായ പുതിയ നാടുകൾ ആധിപത്യത്തിനു വേണ്ടി പരസ്പരം പോരടിക്കുന്ന കാലമായിരുന്നു പെരുമാൾ ഭരണകാലത്തിനു ശേഷം വന്നത്. മലയാളം തമിഴിൽ നിന്നും വ്യത്യസ്തമായ ഭാഷയായി പരിണാമിച്ചതും പെരുമാൾ ഭരണകാലത്തിനു ശേഷമാണ്.

പെരുമാൾ ഭരണത്തിന് ശേഷം സ്വതന്ത്രരായ പല നാടുവാഴികളും സ്വന്തം വംശത്തെ അവസാനത്തെ പെരുമാളുമായി ബന്ധപെടുത്തി പോന്നു.
കൊടുങ്ങല്ലൂർ രാജാക്കന്മാരും പെരുമ്പടപ്പ്‌ (കൊച്ചി) രാജാക്കന്മാരും മുമ്പ് ചേര രാജാക്കന്മാർ ഭരിച്ചിരുന്ന സ്ഥലത്ത് നിന്നുമായതിനാൽ അവർ പെരുമാക്കന്മാരുടെ പിന്‍തുടര്‍ച്ചക്കാരായി സ്വയം കണക്കാക്കി കേരളത്തിലെ പരമോന്നത ക്ഷത്രിയരെന്ന സ്ഥാനം കൈവരിച്ചു.
കോഴിക്കോട്ടെ സാമൂതിരിമാരാകട്ടെ, അവരുടെ പൂർവികർക്കു അവസാനത്തെ പെരുമാൾ "ചത്തും കൊന്നും അടക്കിക്കൊൾക" എന്ന ആജ്ഞയോടെ തന്റെ ഉടവാൾ ഊരിക്കൊടുത്തുവെന്നും പറഞ്ഞ് കേരളം മുഴുവൻ ആക്രമിച്ചു കീഴടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവസാനത്തെ പെരുമാൾ സാമൂതിരിമാരുടെ പൂർവികർക്കു കൊടുത്തുവെന്ന് വിശ്വസിക്കപ്പെടുന്ന ഉടവാൾ ഇപ്പോഴും സാമൂതിരി രാജകുടുംബത്തിന്റെ കയ്യിലുണ്ട്.

അതേസമയം പതിനൊന്ന്-പന്ത്രണ്ടാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിൽ നിന്നും വേണാട്ടിലോട്ടു നീങ്ങിയ ചേരവംശം തെക്കൻ തിരുവിതാംകൂറിൽ തന്നെയുണ്ടായിരുന്ന ആയ് രാജവംശത്തോട് കൂടിച്ചേർന്നു. പിന്നീട് അവകാശികളില്ലാത്തതിനാൽ ഈ കൂടിച്ചേർന്ന ചേര-ആയ്‌ രാജവംശം പതിമൂന്ന്-പതിനാലാം നൂറ്റാണ്ടിനിടയ്ക്കു വടക്കൻ മലബാറിലെ കോലത്തുനാട്ടിൽ നിന്നും രാജകുമാരിമാരെ ദത്തെടുത്ത് മരുമക്കത്തായം (ചേരന്മാർ മക്കത്തായികളായിരുന്നു) സ്വീകരിച്ചെങ്കിലും, ചേര രാജാക്കന്മാരുമായി ബന്ധപ്പെട്ട 'കുലശേഖര പെരുമാൾ' 'വഞ്ചിപാലക ' തുടങ്ങിയ രാജകീയ നാമങ്ങൾ അവർ സ്വന്തം രാജകീയ നാമത്തോടൊപ്പം ചേർത്തുപോന്നു.

തിരുവിതാംകൂർ കിരീടാവകാശികൾ ഇപ്പോഴും ഈ രാജകീയ നാമങ്ങൾ തങ്ങളുടെ പൂർണ്ണനാമത്തോടൊപ്പം ചേർക്കാറുണ്ട്. അങ്ങനെ ഏകദേശം രണ്ടായിരത്തിയഞ്ഞൂറോളം വർഷങ്ങൾ പഴക്കമുള്ള ചേര പാരമ്പര്യം ഈ രാജകീയ സ്ഥാന നാമങ്ങളിലൂടെ തിരുവതാംകൂർ രാജാക്കന്മാർ തുടർന്നു പോരുന്നു. പക്ഷെ തിരുവിതാംകൂർ രാജാക്കന്മാർ അവരുടെ രാജ്യം മുഴുവൻ തൃപ്പടിദാനത്തിലൂടെ ശ്രീ പദ്മനാഭാസ്വാമിക്ക്
സമർപ്പിച്ച് പദ്മനാഭദാസന്മാരായതുകൊണ്ട് ഈ സ്ഥാനങ്ങൾക്ക് യഥാർത്ഥ അവകാശി സാക്ഷാൽ ശ്രീ പദ്മനാഭസ്വാമിയാണ്.



https://www.facebook.com/groups/450064555118899/permalink/534358100022877/