കൌമാരത്തില്‍ തന്നെ ഡബിള്‍ ന്യൂമോണിയ ബാധിച്ച് അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് ജീവിതത്തിന്റെ നല്ലൊരു ഭാഗം അനുഭവിച്ച് തീര്‍ക്കുമ്പോഴും 'ഓസ്തിക്ക് മാവുകുഴച്ചാലെന്നപോലെ ജീവിതം മാര്‍ദവമുള്ളതാവു'മെന്ന പ്രതീക്ഷയും വെച്ച് ഒറ്റചായ്പ് മുറിയില്‍ കിടന്ന് അന്ത്യശ്വാസം വലിച്ച അല്‍ഫോണ്‍സാമ്മ വിശുദ്ധയായി വാഴ്ത്തപ്പെട്ടതും, 'ഊരും പേരുമറിയാതെ' പൊന്നാനി കടപ്പുറത്തടിഞ്ഞ അജ്ഞാത ശവം മുനമ്പത്തെ ബീവിയായി ഉയര്‍ത്തപ്പെട്ട് മുസ്ലിം സ്ത്രീകളുടെ സൂതികര്‍മ്മിണിയായതും, ഒരു കാലില്‍ മന്തും തലക്ക് മുഴു നൊസ്സുമായി 'ജീവിതച്ചുടലക്ക് കാവലിരുന്ന' നാറാണത്തു ഭ്രാന്തന്‍ രായിനല്ലൂരിലെ അശണരരുടെ ആശാകേന്ദ്രമായി മാറിയതുമെല്ലാം കമ്പോളവല്‍കരിക്കപ്പെട്ട ആത്മീയതയ്ക്ക് പൌരോഹിത്യം നല്‍കിയ കയ്യൊപ്പുകളാണ്. പാവപ്പെട്ട മനുഷ്യരുടെ സ്വപ്നം വിറ്റ് ചൂതാടുന്ന ലോട്ടറിയില്‍ നിന്നും, ജീവിതം നശിപ്പിക്കുന്ന മദ്യത്തില്‍ നിന്നും, ജനങ്ങളുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്ന പലിശസ്ഥാപനങ്ങളില്‍ നിന്നും നികുതിപിരിച്ച് 'ജനക്ഷേമം' നടത്തിക്കൊണ്ടിരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഇത്തരം ആത്മീയകേന്ദ്രങ്ങള്‍ക്ക് നിര്‍ലോഭമായ സഹായം കൂടിയാകുമ്പോള്‍ ചൂഷകവൃന്ദത്തിന്റെ ഒന്നാം വൃത്തം പൂര്‍ത്തിയാവുന്നു.
സര്‍ക്കാരും പൌരോഹിത്യവും കച്ചവടക്കാരും കാണിക്കവഞ്ചിയുമെല്ലാം വരച്ചുവെക്കുന്നത് കപട ആത്മീയതയുടെ വര്‍ത്തമാനങ്ങളാണ്. എന്നാല്‍ ഇതിനൊരു ഭൂതകാലം കൂടിയുണ്ട്. ആത്മീയ പുരുഷന്‍മാരുടെയും മക്വ്ബറകളുടെയും ചരിത്രം ചികഞ്ഞാല്‍ ചെന്നെത്തുന്നത് തേജോമയമായ ഒരു പൂര്‍വകാലത്തിലേക്കാണ്. ജീവിച്ചിരിക്കുന്ന കാലത്ത് സ്വപ്നത്തില്‍ പോലും വിശ്വസിക്കാന്‍ കഴിയാത്തത്ര യാഥാര്‍ഥ്യബോധത്തോടെ ജീവിച്ച പല മഹാന്‍മാരും മരണാനന്തരം ജനമനസ്സുകളില്‍ നിന്നിറങ്ങി ചുമരിലേക്കും തുടര്‍ന്ന് തങ്ങളുപേക്ഷിച്ചുപോയ ഏതെങ്കിലും തിരുശേഷിപ്പുകളിലേക്കും ഒതുക്കപ്പെടുകയും ജീവിതകാലത്തെ തങ്ങളുടെ മഹത്വത്തിന്റെ ആയിരമിരട്ടി സൂര്യതേജസ്സോടെ ദിവ്യവല്‍കരിക്കപ്പെടുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. പ്രവാചക പ്രമുഖരായ മേശെയും യേശുവും അഹരോണും തുടങ്ങി അടുത്തകാലത്ത് ജീവിച്ചുമരിച്ചുപോയ മമ്പുറം തങ്ങളും ഗീവര്‍ഗീസ് പുണ്യാളനും ശ്രീനാരായണ ഗുരുവുമെല്ലാം ഇങ്ങനെ ആദരവ് പരിണമിച്ച് ആരാധനയിലേക്ക് വഴിമാറി, ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മധ്യവര്‍ത്തികളാകാന്‍ വിധിക്കപ്പെട്ടവരാണ്.
ഭക്തകോടികളുടെ അധരങ്ങളിലെ ശരണമന്ത്രവും ഹൃദയത്തിലെ വിഗ്രഹവുമായ ശബരിമല അയ്യപ്പനും ഇതുപോലെ വിശുദ്ധവല്‍കരിച്ച് ദൈവമായി മാറിയ ചരിത്രപുരുഷനാണെന്നാണ് രേഖകള്‍ നമ്മോട് പറയുന്നത്. മണ്ഡലകാല വ്രതവും ഇരുമുടിക്കെട്ടും മനസ്സില്‍ ഒരായിരം അഭിലാഷങ്ങളുമായി സന്നിധാനത്തെ പതിനെട്ടാംപടി ചവിട്ടാനിരിക്കുന്ന ഭക്തകോടികളുടെ വികാരത്തെ മാനിച്ചുകൊണ്ടുതന്നെ അല്‍പം അയ്യപ്പപുരാണം വിവരിക്കേണ്ടതുണ്ട്.
ഹൈന്ദവ ദൈവചരിതം
ആത്മീയവൈകല്യങ്ങളുടെ ഈറ്റില്ലമെന്ന അപഖ്യാതി സമ്പാദിച്ച ഭാരതത്തില്‍ ജനിച്ച മതമെന്ന നിലക്ക് ഹൈന്ദവ സംസ്കാരത്തില്‍ ചെറുതും വലുതുമായ നിരവധി ആള്‍ദൈവങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. പ്രകൃതിപ്രതിഭാസങ്ങളെ മഹത്വവല്‍കരിച്ചും മാലാഖമാരിലുള്ള വിശ്വാസം പരിണമിച്ചും ആദരണീയരായ ആളുകളെ വിശുദ്ധവല്‍കരിച്ചും പ്രധാനമായും മൂന്ന് വിധത്തിലാണ് ഇത്തരം ആത്മീയ ദൈവങ്ങള്‍ പിറവിയെടുത്തിട്ടുള്ളത്. ഇതില്‍ അവസാനം പറഞ്ഞ വിഭാഗത്തില്‍ പെടുത്താവുന്നവരാണ് ഇന്ദ്രനും വരുണനും മിത്രനും പര്‍ജന്യനും പൂഷാവും ശബരിമല ശാസ്താവുമെല്ലാം.
ഋഗ്വേദനായകനായ ഇന്ദ്രന്റെ കഥ തന്നെ എടുത്തുനോക്കാം മുഖ്യയോദ്ധാവ് എന്നര്‍ഥമുള്ള 'ഇന്‍' 'ദ്ര' എന്ന ബാബിലോണിയന്‍ പദത്തില്‍ നിന്നാണ് ഇന്ദ്രനെന്ന പദത്തിന്റെ ഉല്‍പത്തി. ആര്യവംശത്തില്‍ ജീവിച്ചിരുന്ന ഒരു പ്രമുഖ യോദ്ധാവായിരുന്നു ഇന്ദ്രന്‍ എന്ന് വെളിപ്പെടുത്തുന്ന നിരവധി തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കും. തദ്ദേശീയരായ ദ്രാവിഡന്മാര്‍ക്കെതിരെ ആര്യന്മാര്‍ നടത്തിയ യുദ്ധങ്ങളുടെയെല്ലാം സൂത്രധാരനും മുന്‍നിരപ്പോരാളിയും ഇന്ദ്രനാണെന്നാണ് ഋഗ്വേദം വായിച്ചാല്‍ ബോധ്യപ്പെടുക. നൂറുകണക്കിനു ശ്ളോകങ്ങള്‍ യോദ്ധാവായ ഇന്ദ്രന്റെ അപദാനങ്ങള്‍ വാഴ്ത്തുന്നവയാണ്. ഈ വീരചരിതങ്ങള്‍ വഴിമാറിയാണ് ഇന്ദ്രന്‍ ദേവേന്ദ്രനായും സഹസ്രലിംഗനായും സഹസ്രാക്ഷനായും മഴദേവനായുമെല്ലാം മാറിയത്. കൊല്ലവര്‍ഷം 800നും 850നും ഇടക്ക് ജനിച്ച അയ്യപ്പന്‍ ശബരിമല ശാസ്താവായതും ജനങ്ങളുടെ ആരാധനാ കഥാപാത്രമായതുമെല്ലാം ഇതുപോലെ അതിരുകടന്ന അപദാനങ്ങളുടെ അകമ്പടിയോടുകൂടിയാണ്.
അയ്യപ്പപുരാണം
പര്‍വതങ്ങളുടെ ഉപദ്രവങ്ങളെ കുറിച്ച് നാരദന്‍ അമരാവതി വാഴുന്ന ദേവേന്ദ്രനോട് പരാതിപ്പെടുകയും ഇന്ദ്രന്‍ പര്‍വതങ്ങളെ ഖണ്ഡിക്കുകയും ചെയ്ത വിസ്തൃതമായ ഐതിഹ്യം തൊട്ടുതുടങ്ങണം അയ്യപ്പന്റെ ചരിത്രം പഠനവിധേയമാക്കാന്‍. ആറു പര്‍വതങ്ങളെ നശിപ്പിക്കേണ്ടതില്ല എന്ന നാരദന്റെ ഉപദേശത്തെ ധിക്കരിച്ച് കൈലാസച്ഛേദത്തിന് മുതിര്‍ന്ന ദേവേന്ദ്രനെ യോഗബലത്താല്‍ നന്ദികേശന്‍ സ്വര്‍ഗത്തിലേക്ക് എടുത്തെറിഞ്ഞു. ഗുരുവായ ബൃഹസ്പതിയെ ഇതിലുള്ള മനോവിഷമം അറിയിച്ചുകൊണ്ടിരിക്കുന്നതിനിടെ ക്ഷിപ്രകോപിയായ ദുര്‍വാസാവ് മഹര്‍ഷി അവിടെ എത്തിച്ചേരുകയും ഇന്ദ്രന്റെ ദുഃഖത്തില്‍ സഹതപിച്ച് അത്യന്തം പരിമളമുള്ള ഒരു മാല അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. ഇന്ദ്രന്‍ തന്റെ വാഹനമായ ഐരാവതമെന്ന ആനയുടെ മസ്തകത്തില്‍ ആ പൂമാല ചാര്‍ത്തി. പൂവില്‍ നിന്ന് സുഗന്ധം പ്രസരിച്ചപ്പോള്‍ കൂട്ടത്തോടെ വണ്ടുകള്‍ വരികയും അത് അസഹ്യമായി അനുഭവപ്പെട്ട ഐരാവതം മാല തുമ്പിക്കൈകൊണ്ട് പറിച്ചെടുത്ത് ചവിട്ടിയരച്ച് നശിപ്പിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ദുര്‍വാസാവ് ഇന്ദ്രനും ദേവഗണങ്ങള്‍ക്കും ജരാനര അനുഭവിക്കട്ടെ എന്ന് ശപിച്ചു. ശാപഗ്രസ്തനായ ഇന്ദ്രനും ഊര്‍വശി മേനക രംഭ തിലോത്തമ തുടങ്ങിയ ദേവഗണങ്ങളുമെല്ലാം വൃദ്ധരും വിരൂപരുമായി മാറി.
ദേവന്‍മാര്‍ക്ക് ഭവിച്ച ദുര്യോഗം ബൃഹസ്പതി സത്യലോകത്ത് ചെന്ന് ബ്രഹ്മാവിനെ ധരിപ്പിക്കുകയും അദ്ദേഹം ശിവനോട് സഹായം അഭ്യര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ഒടുവില്‍ ഇരുവരും കൂടി വിഷ്ണുവിനെ കാണുകയും ചെയ്തു. പാലാഴി കടഞ്ഞുണ്ടാക്കുന്ന അമൃത് ഭക്ഷിച്ചാല്‍ സൌന്ദര്യം തിരികെ കിട്ടുമെന്നറിയിച്ച വിഷ്ണു മാനവന്‍മാരെയും വാനവന്‍മാരെയും യോജിപ്പിച്ച് പാലാഴി മഥനത്തിന് ആളുകളെ കണ്ടെത്താന്‍ ചന്ദ്രചൂഢനെ ഏല്‍പ്പിച്ചു.
ഒടുവില്‍ എല്ലാവരും കൂടി മന്ദരപര്‍വതത്തെ കടകോലാക്കി പാലാഴി കടയുകയും അതില്‍ നിന്ന് വന്ന പല വസ്തുക്കളെയും പങ്കിട്ടെടുക്കുകയും ചെയ്തു. തിരക്കിനിടയില്‍ അമൃതകലശവും തട്ടിയെടുത്ത് അസുരന്‍മാര്‍ കടന്നുകളഞ്ഞു. ദേവന്‍മാര്‍ വിഷണ്ണരായി. ഈ പ്രശ്നങ്ങളെല്ലാം ദേവന്‍മാര്‍ വിഷ്ണുവിനെ അറിയിക്കുകയും അദ്ദേഹം അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ വേഷംകെട്ടുകയും അസുരസമക്ഷം എത്തുകയും ചെയ്തു.
അമൃത് കഴിക്കാനിരിക്കുന്ന അസുരഗണങ്ങള്‍ക്കിടയില്‍ മോഹിനീവേഷധാരിയായ വിഷ്ണുവിനെ കണ്ട് ഓരോരുത്തരും പ്രണയപാരവശ്യരായി. ഓരോ അസുരന്‍മാരും അവളെ തങ്ങളുടെ ഭാര്യയാക്കണമെന്നാഗ്രഹിച്ചു. അവരില്‍ കലഹമുടലെടുത്തപ്പോള്‍ മോഹിനി തന്നെ അതിന് പരിഹാരവും നിര്‍ദേശിച്ചു. എല്ലാവരും കണ്ണടച്ചിരിക്കണമെന്നും മുമ്പിലിരിക്കുന്ന അമൃത് താന്‍ വിളമ്പിത്തരാം എന്നും അവസാനം കണ്ണുതുറക്കുന്ന ആളെ താന്‍ വിവാഹം കഴിക്കുമെന്നുമായിരുന്നു ആ പരിഹാരം. ഇങ്ങനെ കണ്ണടച്ചിരിക്കുന്ന അസുരന്‍മാരെയെല്ലാം വിഡ്ഢികളാക്കി അമൃതകുംഭവുമായി മോഹിനി രക്ഷപ്പെടുകയും ദേവന്‍മാര്‍ക്ക് അമൃത് നല്‍കുകയും അവരുടെ സൌന്ദര്യം തിരിച്ചുകിട്ടുകയും ചെയ്തു.
വിവരമെല്ലാം അറിഞ്ഞ ശിവന് വിഷ്ണുവിന്റെ പെണ്‍വേഷം കാണണമെന്ന് ആഗ്രഹം ജനിക്കുകയും ഒരിക്കല്‍ കൂടി വിഷ്ണു മോഹിനിയായി പുനര്‍ജനിക്കുകയും ചെയ്തു. മോഹിനിയുടെ സൌന്ദര്യത്തില്‍ മതിമറന്ന ശിവന്‍ വികാരതീഷ്ണതയാല്‍ വിഷ്ണുവിനെ വാരിപ്പുണരുകയും തന്റെ ഇംഗിതത്തിന് വിധേയമാക്കുകയും ചെയ്തു. ഈ സംസര്‍ഗത്തില്‍ നിന്നുണ്ടായ കുട്ടിയാണ് ശാസ്താവ് അഥവാ ഹരിഹരപുത്രന്‍ എന്നാണ് സങ്കല്‍പം.
കമ്പരാമായണം ബാലകാണ്ഡത്തിലും, ഭാഗവതം അഷ്ടമസ്കണ്ഡത്തിലും, സ്കന്ദപുരാണം അസുരകാണ്ഡത്തിലുമെല്ലാമുള്ള ഈ കഥയുടെ തുടര്‍ഭാഗങ്ങളിലാണ് അയ്യപ്പന്റെ വളര്‍ച്ചയും വീരചരിതങ്ങളും ശാസ്താവിഗ്രഹത്തിലെ ലയനവുമെല്ലാം വരുന്നത്.
പന്തളം രാജാവ് നായാട്ടിനുപോയ സമയത്ത് പമ്പാനദീതീരത്ത് വെച്ച് അയ്യപ്പനെ കണ്ടെത്തുകയും പന്തളം കൊട്ടാരത്തില്‍ വളര്‍ത്തുകയും ചെയ്തു. ആയുധകലയിലും ഇതര രംഗത്തും അസാമാന്യമായ കഴിവുപ്രകടിപ്പിച്ച അയ്യപ്പനോട് മറ്റു കൊട്ടാരവാസികള്‍ക്ക് കടുത്ത അസൂയ തോന്നിത്തുടങ്ങി. അവര്‍ മഹാറാണിയുമായി രഹസ്യധാരണയുണ്ടാക്കി. രോഗം ബാധിച്ചപോലെ അഭിനയിച്ച മഹാറാണിക്ക് വേണ്ടി കൊട്ടാരംവൈദ്യന്‍ ഹാജരായി. മുന്നായി പാലുണ്ടെങ്കില്‍ മൂന്നേമുക്കാല്‍ നാഴികകൊണ്ട് രോഗം ഭേദമാക്കാമെന്ന് വൈദ്യര്‍ അറിയിച്ചു. പുലിപ്പാല്‍ കൊണ്ടുവരാന്‍ അയ്യപ്പന്‍ തയ്യാറായി. അങ്ങനെ അയ്യപ്പനെ കാട്ടിലയക്കാനുള്ള അവരുടെ കുതന്ത്രം വിജയിച്ചു. വനത്തിലേക്കുള്ള യാത്രാമധ്യേ അയ്യപ്പന്‍ ഒരു ചക്കാലമ്മയും മകളും താമസിക്കുന്ന വീട്ടില്‍ അന്തിയുറങ്ങുകയും നാടിന് ഭീഷണിയായിരുന്ന മഹിഷി എന്ന അസുരസ്ത്രീയെ വധിക്കുകയും ശവം അയുതമേട്ടില്‍ സംസ്കരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള യാത്രയില്‍ വാവര്‍ എന്ന കൊള്ളക്കാരനുമായി യുദ്ധമുണ്ടായി. തുല്യശക്തനായ അയ്യപ്പനുമുമ്പില്‍ വാവര്‍ ആയുധം വെച്ച് കീഴടങ്ങി. ശേഷം കടുത്തയുമായി ഏറ്റുമുട്ടി അദ്ദേഹത്തെയും തോല്‍പിച്ചു. വാവരും കടുത്തയും പിന്നീട് അയ്യപ്പന്റെ ഉറ്റസുഹൃത്തുക്കളായിത്തീര്‍ന്നു.
ഒടുവില്‍ അയ്യപ്പന്‍ പുലിക്കൂട്ടങ്ങളുമായി കടുവപ്പുറത്ത് കൊട്ടാരത്തില്‍ തിരിച്ചെത്തി. അദ്ദേഹം സാധാരണ മനുഷ്യനല്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായി. അത്ഭുതചകിതനായ രാജാവിനോട് ഈശ്വരനാണ് തന്റെ അച്ഛനെന്നും ലോകമാണ് തന്റെ ഭവനമെന്നും പറഞ്ഞ് അയ്യപ്പന്‍ മലയാളനാട്ടിലേക്ക് പുറപ്പെട്ടു. വഴിമധ്യേ അദ്ദേഹം പരശുരാമനെ കണ്ടുമുട്ടുകയും കേരളത്തിന്റെ രക്ഷക്ക് വേണ്ടി മലകളിലും കടല്‍തീരത്തും താന്‍ ഏതാനും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും സ്വാമിയെ കണ്ടെത്തിയ ശബരിമലയിലും താന്‍ അത്തരം ഒരു വിഗ്രഹം പ്രതിഷ്ഠിക്കുമെന്നും പരശുരാമന്‍ അറിയിച്ചു. അന്നുമുതല്‍ അയ്യപ്പന്‍ ശബരിമലയില്‍ വാസം തുടങ്ങി.
അതിനിടെ, തന്റെ സ്ഥാവരജംഗമവസ്തുക്കളെല്ലാം വിറ്റ് അയ്യപ്പനെ തേടിയിറങ്ങി, പന്തളത്ത് താമസമാക്കിയ പാണ്ഡ്യരാജാവ് അദ്ദേഹത്തെ സ്വപ്നത്തില്‍ ദര്‍ശിച്ചു. സ്വപ്നത്തില്‍ തന്റെ വാസസ്ഥലം പറഞ്ഞുകൊടുത്ത ഭാഗത്തേക്ക് രാജാവ് എത്തുകയും പരശുരാമന്‍ പ്രതിഷ്ഠിച്ച വിഗ്രഹം കണ്ടെടുക്കുകയും രാജാവ് അവിടെ ക്ഷേത്രം പണികഴിപ്പിക്കുകയും ചെയ്തു. പ്രസിദ്ധ താത്രിയായ താഴമണ്‍ പോറ്റിയെക്കൊണ്ട് കലശം നടത്തിച്ച പ്രസ്തുത സ്ഥലത്ത് മാസംതോറും പൂജ നടത്താനും, മകരസംക്രാന്തി വാര്‍ഷികദിനമായി പ്രഖ്യാപിച്ച് വര്‍ഷത്തില്‍ അഞ്ചുദിവസം ഉത്സവം നടത്താനും തീരുമാനിച്ചു. ഇതാണ് അയ്യപ്പന്റെയും ശബരിമല ആഘോഷത്തിന്റെയും പിന്നിലുള്ള ഐതിഹ്യം.
ചരിത്രകാരന്മാര്‍ക്കിടയിലും ഭക്തന്മാര്‍ക്കിടയിലും അനേകം പാഠഭേദങ്ങളുള്ള ധാരാളം കഥകളും ഉപകഥകളും ഇതല്ലാതെയും പ്രചരിച്ചുകാണാം. പലതും ഇതിലേറെ അതിശയോക്തികളും സാമാന്യബുദ്ധിയെ തരിമ്പും പരിഗണിക്കാത്തവയുമാണ്. കൂടുതല്‍ പേര്‍ ആവര്‍ത്തിച്ചതും ആധികാരികം എന്നു വിളിക്കാവുന്ന ഉറവിടങ്ങളില്‍ നിന്ന് കിട്ടിയതും അല്‍പമെങ്കിലും പൂര്‍വ-പരബന്ധം പുലര്‍ത്തുന്നതുമായ ഉപര്യുക്ത ഐതിഹ്യത്തിലെ നെല്ലും കല്ലും ഒന്ന് വേര്‍തിരിച്ച് പഠിക്കാന്‍ ശ്രമിക്കാം.
ഐതിഹ്യങ്ങളിലെ ധാര്‍മികത
ഹിന്ദു മതത്തിലേതായാലും ക്രൈസ്തവരിലേതായാലും മുസ്ലിം നാമധാരികളുടേതായാലും മനുഷ്യനിര്‍മിതമായ ഐതിഹ്യങ്ങളില്‍ യുക്തി തിരയുന്നത് വിവരക്കേടാണ്. പരസ്പര ബന്ധമില്ലാത്തതും മനുഷ്യബുദ്ധിയെ അബദ്ധത്തില്‍ കൂടി തൃപ്തിപ്പെടുത്താത്തവയുമാണ് അവയിലെ ഓരോ കല്‍പിത കഥകളും. മുകളിലുദ്ധരിച്ച അയ്യപ്പകഥനത്തിന്റെയും അവസ്ഥ അതുതന്നെയാണ്. യുക്തിഭദ്രത അവകാശപ്പെടാനില്ലാത്തപ്പോള്‍ തന്നെയും-ഓരോ ദൈവങ്ങളും ഐതിഹ്യങ്ങളും ലക്ഷ്യംവെക്കുന്നത് വിശ്വാസികളുടെ ആത്മനിര്‍വൃതിക്കുള്ള അവസരം എന്നതാണെങ്കില്‍ കൂടി -അല്‍പമെങ്കിലും ധാര്‍മികത അതില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഭക്തജനങ്ങളുടെ അവകാശമാണ്. ആ അവകാശം പോലും ഹനിക്കുന്നതാണ് അയ്യപ്പപുരാണത്തിന്റെ ഇതിവൃത്തം തന്നെ.
അയ്യപ്പജനനത്തിലെ അധാര്‍മികത മാത്രം വിലയിരുത്തിയാല്‍ ഇക്കാര്യം ബോധ്യപ്പെടും. അസുരന്‍മാരെ പറ്റിക്കാന്‍ സ്ത്രീവേഷം കെട്ടിയ വിഷ്ണുവില്‍ അനുരുക്തനായിട്ടാണ് ശിവന്‍ അയ്യപ്പനെ ജനിപ്പിക്കുന്നത്. ഹൈന്ദവവിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദൈവങ്ങളായ ത്രിമൂര്‍ത്തികളില്‍ പെട്ട രണ്ടാളുകളിലാണ് ഈ ലൈംഗികവൈകൃതം ആരോപിക്കപ്പെട്ടതെന്ന് ഓര്‍ക്കണം. സ്വവര്‍ഗക്കാരുമായുള്ള മനു നിയമപ്രകാരം ജാതിഭ്രഷ്ട് (മനുസ്മൃതി 11:68)ആണ് വിധി. പ്രസ്തുത ശിക്ഷക്കര്‍ഹമായ പ്രവൃത്തിയിലൂടെയാണ് ഭക്ത ജനങ്ങളാരാധിക്കുന്ന ഒരു ദൈവത്തിന്റെ പിറവി എന്നത് ന്യായീകരണാര്‍ഹമാണോ?
ഇത് അവിഹിതമെങ്കിലും സ്വവര്‍ഗ സംഭോഗമല്ലെന്നും മോഹിനി സ്ത്രീ ആയതിനാല്‍ സ്ത്രീ പുരുഷ ബന്ധത്തിലൂടെ തന്നെയാണ് അയ്യപ്പന്റെ ജനനമെന്നും പറയാറുണ്ട്. അത്തരം വാദങ്ങള്‍ കൂടുതല്‍ അബദ്ധങ്ങളുടെ വാതിലുകളാണ് തുറക്കുക. ഒന്നാമതായി വിഷ്ണുവിന്റെ തുട പിളര്‍ന്നാണ് അയ്യപ്പന്‍ ജനിച്ചതെന്നാണ് ഐതിഹ്യം. മോഹിനി ഒരു സ്ത്രീയാണെങ്കില്‍ എന്തിനാണ് തുട പിളര്‍ന്നത്? സുഖപ്രസവം തന്നെ നടക്കാമല്ലോ! ഇനി ഇത് അംഗീകരിച്ചാല്‍ പോലും യഥാര്‍ഥ പ്രശ്നം വീണ്ടും ബാക്കിയാവും. കാരണം കാനനമധ്യത്തില്‍ വെച്ച് അയ്യപ്പന്‍ വധിച്ച മഹിഷിയെക്കുറിച്ചൊരു ഐതിഹ്യമുണ്ട്.
ഗാലവന്‍ എന്ന മുനിയുടെ മകളായിരുന്നു പിന്നീട് മഹിഷിയെന്നറിയപ്പെട്ട ലീല. മുനിയുടെ ശിഷ്യനായ ദത്തനില്‍ ലീല അനുരുക്തനാവുകയും പ്രണയം തുറന്നുപറഞ്ഞ ലീലയെ ദത്തന്‍ ശപിച്ച് മഹിഷാസുരന്റെ സഹോദരി മഹിഷിയാക്കുകയുമാണുണ്ടായത്. മഹിഷി ഘോരതപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി സ്ത്രീക്കും പുരുഷനും ജനിച്ച ആരും തന്നെ കൊല്ലെരുതെന്ന് വരം വാങ്ങി. അഹങ്കാരിയായ മഹിഷിയെ വധിക്കാന്‍ ശാസ്താവ് അയ്യപ്പനായി അവതാരമെടുത്തുവെന്നാണ് ഐതിഹ്യം. ഈ അവതാരനിയോഗത്തിന്റെ പൂര്‍ത്തീകരണമാണ് മഹിഷിവധം. ഐതിഹ്യങ്ങള്‍ തമ്മില്‍ യോജിക്കണമെങ്കില്‍ സ്ത്രീപുഷ ബന്ധത്തിലൂടെയല്ലാതെ ജനിച്ച ഒരാളുടെ കൈകൊണ്ടു തന്നെ വേണം മഹിഷി കൊല്ലപ്പെടാന്‍. അങ്ങനെ നോക്കുമ്പോള്‍ ശിവ-വൈഷ്ണവ സംസര്‍ഗത്തിലൂടെയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല തന്നെ!
മാളികപ്പുറത്തമ്മയുമായി ബന്ധപ്പെട്ടും എരുമകൊല്ലിയുമായി ബന്ധപ്പെട്ടും ഉദയനന്റെ വധവുമായി ബന്ധപ്പെട്ടുമെല്ലാം ഇങ്ങനെ പല അരുതായ്മകളും നിലനില്‍ക്കുന്നുണ്ട്. വിസ്താരഭയത്താല്‍ അക്കാര്യം ഇവിടെ പരാമര്‍ശിക്കുന്നില്ല.
കാലഗണനയിലെ വൈരുധ്യങ്ങള്‍
പ്രധാനമായും മൂന്ന് ഐതിഹ്യങ്ങളെ സമജ്ഞസമായി സമ്മേളിപ്പിക്കുകയാണ് ഐതിഹ്യകാരന്‍മാര്‍ അയ്യപ്പന്റെ കാര്യത്തില്‍ ചെയ്തത്. പക്ഷെ ഇതിലെ സ്ഥല-കാല-സമയങ്ങളെക്കുറിച്ച് രചയിതാക്കള്‍ തീരെ ബോധവാന്മാരായിരുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
താഴ്ന്നവിഭാഗത്തില്‍ പെട്ട ആരെങ്കിലും സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തിയാല്‍ അവരുടെ ജനനം ഉന്നതകുലജാതരില്‍ ആരോപിച്ച് ഐതിഹ്യങ്ങള്‍ രചിക്കുന്ന പതിവ് ഭാരതത്തില്‍ നിലവിലുള്ളതാണ്. മഹാകവി തുഞ്ചത്തെഴുത്തച്ഛന്റെയും തിരുവഞ്ചിക്കുളത്ത് ജനിച്ച കുലശേഖര ആള്‍വാറുടെയും കേരള സിംഹനാട് ഭരിച്ചിരുന്ന മാവേലി മന്നന്റെയുമെല്ലാം ജനനം ത്രേതായുഗത്തോളം ചെന്നെത്തിയത് ഇക്കാരണം കൊണ്ടാണ്. ചീരപ്പന്‍ചിറ ലളിത മാളികപ്പുറത്തമ്മയായതും വാവര്‍ ശിവപുത്രനായതും അയ്യപ്പന്‍ മോഹിനീസുതനായതുമെല്ലാം അങ്ങനെതന്നെയാണ്. അതില്‍ അയ്യപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട കാലഗണനയിലെ വൈരുധ്യങ്ങള്‍ പഠനവിധേയമാക്കാം.
ഹൈന്ദവ കാലഗണനയനുസരിച്ച് നാല് യുഗങ്ങളാണ്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണവ. ദശാവതാരവുമായി ബന്ധപ്പെട്ട കാലഗണനയെടുത്ത് അയ്യപ്പന്റെ ജീവിതകാലയളവിനെ താരതമ്യപ്പെടുത്തിയാല്‍ ഇതിലെ വൈരുധ്യങ്ങള്‍ ബോധ്യപ്പെടും.
4800 ദേവവര്‍ഷമാണ് കൃതയുഗത്തിന്റെ ദൈര്‍ഘ്യം. ഒരു ദേവവര്‍ഷമെന്നത് 360 മനുഷ്യവര്‍ഷമാണ്. അങ്ങനെ വരുമ്പോള്‍ 1738000 മനുഷ്യവര്‍ഷമാണ് കൃതയുഗം. കൃതയുഗത്തില്‍ വിഷ്ണുവിന് നാല് അവതാരങ്ങളാണ് കഴിഞ്ഞുപോയിട്ടുള്ളത്. മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം എന്നിവയാണവ. ഇതില്‍ പാലാഴിമഥനത്തില്‍ കടകോലായി ഉപയോഗിച്ച മന്ദരപര്‍വതം താഴ്ന്നുപോവാതിരിക്കാന്‍ ആമയായി അവതരിച്ചതാണ് കൂര്‍മാവതാരം. പാലാഴിമഥനവേളയിലാണ് വിഷ്ണു മോഹിനിയായി വേഷം മാറുന്നതും അതിലൂടെ അയ്യപ്പന്‍ ജനിച്ചതും. സ്വാഭാവികമായും രണ്ടാമത്തെ അവതാരമെന്ന നിലക്ക് കൃതയുഗത്തിന്റെ നേര്‍പകുതിയിലാണ് ഈ സംഭവമെന്ന് നമുക്ക് മനസ്സിലാക്കാം.
ത്രേതായുഗത്തിന്റെ ദൈര്‍ഘ്യം 3600 ദേവവര്‍ഷമാണ്. മൊത്തം 3600*360=1296000 വര്‍ഷം. ത്രേതായുഗത്തില്‍ മൂന്ന് അവതാരങ്ങളാണ് വിഷ്ണുവിന്റേതായി പിറവിയെടുത്തത്. വാമനനും പരശുരാമനും ശ്രീരാമനും. ഇതില്‍ രണ്ടാമത്തെ അവതാരമായ പരശുരാമന്‍ ത്രേതായുഗത്തിന്റെ രണ്ടാം ഘട്ടത്തിലാവണം ജനിച്ചത്. അങ്ങനെ വരുമ്പോള്‍ ചുരുങ്ങിയത് കൃതയുഗം കഴിഞ്ഞ് 648000 വര്‍ഷമെങ്കിലും കഴിഞ്ഞിരിക്കണം പരശുരാമാവതാരം നടന്നിട്ട്. ഈ യാഥാര്‍ഥ്യം മുന്നില്‍ വെച്ച് കൃതയുഗത്തില്‍ മോഹിനീ സുതനായി ജനിച്ച അയ്യപ്പനും ത്രേതായുഗത്തിന്റെ മധ്യത്തില്‍ ജനിച്ച പരശുരാമനും പുലിപ്പാല് തേടിയുള്ള യാത്രാമധ്യേ കണ്ടുമുട്ടിയെന്നും ശബരിമലയില്‍ വിഗ്രഹപ്രതിഷ്ഠ നടത്താമെന്ന് അറിയിച്ചുവെന്നും പറയുന്നതിലെ വൈരുധ്യമൊന്ന് ആലോചിച്ചുനോക്കൂ! നന്നേചുരുങ്ങിയത് ശാസ്താവ് എന്ന അയ്യപ്പന് 1517000 വയസ്സെങ്കിലും കാണും! അന്ധവിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനെങ്കിലും ഈ അക്കങ്ങള്‍ വഴങ്ങുമോ?!
ദ്വാപരയുഗത്തിന്റെ ദൈര്‍ഘ്യം 2400*360=864000 വര്‍ഷമാണ്. ഈ യുഗത്തില്‍ രണ്ട് അവതാരങ്ങള്‍ നടന്നിട്ടുണ്ട്. ബലരാമനും ശ്രീകൃഷ്ണനും. അയ്യപ്പകഥയില്‍ പാണ്ഡ്യരാജാക്കന്മാര്‍കൂടി കടന്നുവരുന്ന സ്ഥിതിക്ക് കലിയുഗരാജാവായ പന്തളരാജാവിന്റെ കാലത്തേക്കും ഐതിഹ്യം തുടരണം.
കലിയുഗത്തിന്റെ ആകെ ദൈര്‍ഘ്യം 1200 ദേവവര്‍ഷമാണ്. അതായത് 1200*360=432000 വര്‍ഷം. ഇക്കഴിഞ്ഞ മാര്‍ച്ച് 2010 ഓട് കൂടി കലിയുഗം 5111 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. പാണ്ഡ്യരാജാക്കന്മാര്‍ പന്തളത്തുവന്നത് കലിവര്‍ഷം 4271ലാണ്.
മധുരയിലെ പാണ്ഡ്യരാജവംശമായ തിരുമലനായ്ക്കന്റെ വംശത്തില്‍ പെട്ടതാണ് പന്തളരാജാക്കന്‍മാര്‍. കുടുംബവഴക്ക് മൂലം രണ്ടായി തെറ്റിപ്പിരിഞ്ഞ് ഒരു ശാഖ കിഴക്കന്‍ മലകളിലൂടെ സഞ്ചരിച്ച് പൂഞ്ഞാറിലേക്കും മറ്റേ ശാഖ മലായളത്തിലേക്കും (ഇന്നത്തെ കേരളമുള്‍ക്കൊള്ളുന്ന ഭൂപ്രദേശം) യാത്രതിരിച്ചു. യാത്രാമധ്യേ ആദ്യം തെക്കന്‍ കാഞ്ചിയത്തിലും (തെങ്കാശി) പിന്നീട് നിലയ്ക്കലും തുടര്‍ന്ന് അച്ചന്‍കോവിലിലും അവര്‍ താമസമുറപ്പിച്ചു. അച്ചന്‍കോവിലിനു പുറമെ കോന്നിയൂരിലും പന്തളത്തിലും പാണ്ഡ്യന്‍രാജാക്കന്മാര്‍ കോവിലകം കെട്ടി. അക്കാലത്ത് പരക്കെ നടന്ന ക്ഷേത്രക്കൊള്ളയെയും കൊട്ടാരക്കവര്‍ച്ചയേയും വിവരിച്ചുകൊണ്ട് അച്ചന്‍കോവില്‍ക്കലില്‍ നിന്നും എഴുതിയ രേഖയില്‍ നിന്ന് അത് കൊല്ലവര്‍ഷം 345 മീനം 17 ആണെന്ന് മനസ്സിലാക്കാം. ഈ വസ്തുതകളെല്ലാം പ്രശസ്ത ചരിത്രകാരന്‍ ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂര്‍ ചരിത്രത്തില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഈ പന്തളരാജകുടുംബത്തിലെ പിന്‍ഗാമിയായ പന്തളം രാജാവാണ് കാട്ടില്‍വെച്ച് അയ്യപ്പനെ കാണുന്നതും എടുത്തുവളര്‍ത്തുന്നതും. ഇന്ന് കൊല്ലവര്‍ഷം 1186 ആണ്. അപ്പോള്‍ വിഷ്ണുപുത്രന്‍ എന്ന് അവകാശപ്പെടുന്ന അയ്യപ്പന്‍ വെറും 841 വര്‍ഷങ്ങള്‍ക്കുള്ളിലാണ് ജനിച്ചത് എന്നര്‍ഥം!
ഈ വസ്തുത ചരിത്രകാരന്മാര്‍ ശരിവെക്കുന്നതാണ്. കെ. എം മാധവവാര്യര്‍ എഴുതുന്നത് നോക്കുക: "അഖിലഭാരത പ്രശസ്തി ആര്‍ജിച്ചുകഴിഞ്ഞ ഒരു തീര്‍ത്ഥാടനകേന്ദ്രമാണ് ശബരിമല. ആറോ ഏഴോ ശതവര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അയ്യപ്പന്‍ എന്ന ദിവ്യന്റെ നിര്‍വ്വാണപദപ്രാപ്തിക്ക് ആധാരമായ സ്ഥലം എന്ന വൈശിഷ്ട്യമാണ് ശബരിമലക്കുള്ളത്.'' (ഭസ്മതീര്‍ത്ഥം, പേജ്:11, കെ. എം മാധവവാര്യര്‍)
കൃതയുഗത്തില്‍ ജനിച്ച വിഷ്ണുപുത്രനായി അയ്യപ്പനെ പരിചയപ്പെടുത്തുകയാണെങ്കില്‍ പന്തളം രാജാവിന് കിട്ടുമ്പോള്‍ അദ്ദേഹത്തിന് 2160000+864000+4785=3028785 വയസ്സ് വേണം! ചിരഞ്ജീവികളായി ഹൈന്ദവപുരാണം പരിചയപ്പെടുത്തുന്ന അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസന്‍, കൃപാചാര്യര്‍... തുടങ്ങിയവയിലൊന്നും അയ്യപ്പന്‍ ഉള്‍പ്പെടുന്നില്ല എന്നതിനാല്‍ തന്നെ മരണമില്ലാത്തവന്‍ എന്ന സങ്കല്‍പത്തിന്റെ പരിധിയില്‍ കൂടി അദ്ദേഹം വരുന്നില്ല എന്നര്‍ഥം.
അയ്യപ്പന്‍ എന്ന ചരിത്രപുരുഷന്റെ ജീവിതചരിത്രം കുറെകൂടി കൃത്യമായി മനസ്സിലാക്കാനുതകുന്ന ഒരു ചെമ്പുപട്ടയം പന്തളം രാജാവിന്റേതായി കണ്ടെടുത്തിട്ടുണ്ട്. അയ്യപ്പന്റെ സമകാലീകനായ വാവര്‍ സ്വാമിയെ വിശദീകരിക്കുന്നിടത്ത് മേല്‍ പകര്‍പ്പുകള്‍ രേഖപ്പെടുത്താം.
വാവര്‍
ശബരിമല യാത്രാവേളയില്‍ ഭക്തര്‍ക്ക് വിസ്മരിക്കാന്‍ കഴിയാത്ത നാമമാണ് വാവര്‍. അയ്യപ്പന്റെ പുലിപ്പാല്‍ തേടിയുള്ള യാത്രയില്‍ എരുമേലിയില്‍ വെച്ച് കണ്ടു (ഏറ്റു)മുട്ടുകയും പിന്നീട് ഉറ്റസുഹൃത്തുക്കളായി മാറുകയും ചെയ്ത മുസ്ലിം സമുദായംഗമായ വാവരെ കുറിച്ച് ഒരുപാട് ഐതിഹ്യങ്ങളുണ്ട്. ഉദയനുമായുള്ള യുദ്ധത്തില്‍ അയ്യപ്പന്റെ ഉറ്റ സുഹൃത്തായി വര്‍ത്തിച്ചുവെന്നതിനാല്‍ വാവരെ വനദൈവമായി പിന്നീടുള്ളവര്‍ പരിഗണിച്ചു. തീര്‍ഥാടകര്‍ക്കിടയില്‍ അയ്യപ്പനെ വിളിക്കുമ്പോള്‍ സ്വാമിയേ എന്നുകൂടി ഏറ്റുപറയുന്നത് വാവരെ ഉദ്യേശിച്ചാണ്. വാവര്‍ വാവര്‍ സ്വാമിയായതിനുപിന്നില്‍ പ്രധാനമായും രണ്ടു കഥകളാണുള്ളത്.
അറേബ്യയിലെ തകിര്‍തിത്താല്‍ തോട്ടത്തിലാണ് ഐതിഹ്യപ്രകാരം വാവരുടെ ജനനം. പാത്തുമ്മ-സൈതാലി ദമ്പതിമാരുടെ മകനായി ജനിച്ച വാവരുടെ ഒരു കാല്‍ ജന്മനാ വളഞ്ഞതായിരുന്നു.
"വാവരെ പെറ്റകാലം നെല്ലൊന്നും വിളഞ്ഞില്ല-
ഗോതമ്പും തെനയരീം തിന്നു വളര്‍ന്നവനല്ലേ വാവരുണ്ണി.''-എന്നാണ് അക്കാലത്തെ ദാരിദ്യ്രത്തെക്കുറിച്ച് പഴമക്കാര്‍ പാടുന്നത്. മൂന്നാം വയസ്സില്‍ വാവരുടെ മുടിയിറക്കി. ഏഴാം വയസ്സില്‍ എഴുത്തിനിരുത്തി. പത്താം വയസ്സില്‍ പയറ്റിനിറക്കി. മുമ്പും പിമ്പും ചാടിമറിയാനും വെട്ടും പയറ്റും നടത്താനും പഠിച്ച വാവരുണ്ണി കപ്പലോടിച്ച് മറുനാട്ടില്‍ ചെന്ന് മന്ത്രവാദവും ചെപ്പടിവിദ്യയും പഠിച്ചു എന്നാണ് ബ്രാഹ്മണര്‍ എഴുതിവെച്ച ഒന്നാം ഐതിഹ്യം.
അയ്യപ്പന്റേതു പോലെ രണ്ടാമത്തെ ഐതിഹ്യത്തിലാണ് വാവര്‍ ശൈവപുത്രനായി മാറുന്നത്.
മഹാവിഷ്ണു മായകൊണ്ട് കാതി എന്നൊരുമ്മയെ പുണര്‍ന്നു. ശേഷം കാതിക്ക് മാലയിട്ടു. മൂന്നേമുക്കാല്‍ നാഴികകൊണ്ട് കാതി ഗര്‍ഭിണിയായി ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. പാത്തുമ്മ എന്ന ആ പെണ്‍കുട്ടിയുടെ മൊഞ്ചില്‍ പരമശിവന്‍ ആകൃഷ്ടനായി. ശിവന്‍ നാല് യോജന നീളമുള്ള ഒരു വൃക്ഷമായി അവതരിച്ചു. രണ്ട് യോജന തടിയുള്ള അതിന്റെ നാല് കൊമ്പിലും നാല് പൂക്കളുണ്ടായിരുന്നുപോലും. കന്നിരാശിയില്‍ താഴ്ന്നകൊമ്പില്‍ കൈനാറി എന്നൊരു പുഷ്പമുണ്ടായിരുന്നു. അതിന്റെ വാസനയില്‍ ആകൃഷ്ടയായി പാത്തുമ്മ അത് പറിക്കാന്‍ പോയി.
"പോകവേണ്ടാ പാത്തൂ നിയ്യ്
പോകുന്നാകില്‍ ഗര്‍ഭമുണ്ടാവും''- എന്ന കാതിയുമ്മയുടെ താക്കീത് വകവെക്കാതെ പാത്തുമ്മ പൂ പറിക്കാന്‍ പോയി. ഒന്നാമത്തെ പൂ വഴുതിപ്പോയി. രണ്ടാമത്തെ പൂവ് കരിഞ്ഞുംപോയി. മൂന്നാമത്തെ പൂവ് പറിച്ചപ്പോള്‍ പാത്തുമ്മ ഗര്‍ഭിണിയായി. കാതിയുമ്മ പാത്തുമ്മയെ സ്വജാതിയില്‍ നിന്ന് പുറത്താക്കി. 'അങ്ങനെ പരമശിവന് പാത്തുമ്മയിലുണ്ടായ മകനാണ് വാവര്‍. അതുകൊണ്ട് വാവര്‍ നാലാം വേദക്കാരന്‍. ഹിന്ദുതന്നെ!' എന്നാണ് ഡോ. എസ്. കെ നായര്‍ എഴുതിയ 'അയ്യപ്പന്‍' എന്ന പുസ്തകത്തില്‍ പറയുന്നത്. വാവര് അയ്യപ്പന്റെ സുഹൃത്താകണമെങ്കില്‍ ഉന്നതകുലജാതനാകണമെന്ന സാമാന്യതത്ത്വം വളരെ ഭംഗിയായി പുരാണത്തിലൂടെ തന്നെ നിര്‍മിച്ചിരിക്കുന്നു ഐതിഹ്യകാരന്മാര്‍. അതുവഴി ഹരിഹരപുത്രനെന്നുമാത്രമല്ല അയ്യപ്പ സഹോദരനെന്ന പദവി കൂടി അലങ്കരിക്കുന്നു 'വാവരുസ്വാമി'.
എ.ഡി 12ാം നൂറ്റാണ്ടില്‍ മാത്രം ഭാരതത്തിലേക്ക് കടന്നുവന്ന 'ഇസ്ലാം മതാ'നുയായിയുടെ പിതൃത്വം യുഗാദ്യത്തില്‍ ജീവിച്ചിരുന്ന ഒരാളില്‍ ആരോപിക്കുന്നതിലെ യുക്തിയൊന്നും ഐതിഹ്യങ്ങള്‍ക്ക് ബാധകമല്ലല്ലോ. അതിനാല്‍ മുകളില്‍ പറഞ്ഞതത്രയും ഐതിഹ്യം എന്നുതന്നെ ഗണിക്കണം. എന്നാല്‍ അയ്യപ്പന്റെ ചരിത്രം പോലെ ഇതിനും ഒരു മറുവശം കൂടിയുണ്ട്. ഇന്നും നിലനില്‍ക്കുന്ന വാവര്‍ കുടുംബത്തിന്റെ കൃത്യമായ കുടുംബപശ്ചാത്തലമാണത്.
കലിവര്‍ഷം 4441ല്‍ പാണ്ടിനാട്ടില്‍ നിന്ന് വന്നവരാണ് വാവരുടെ പൂര്‍വികര്‍ എന്നാണ് രേഖകള്‍ പറയുന്നത്. അക്കാലത്ത് ചങ്ങനാശേരി താലൂക്കില്‍ പെട്ട കാഞ്ഞിരപ്പയിലെ പിച്ചകപ്പള്ളിമേട്ടംപുറം എന്ന സ്ഥലത്താണ് അവര്‍ ആദ്യം താമസമാക്കിയത്. ഈരാറ്റിട എന്നപേരില്‍ അറിയപ്പെടുന്ന ഇന്നത്തെ ഈരാറ്റുപേട്ട അന്ന് നല്ലൊരു വാണിജ്യകേന്ദ്രമായിരുന്നു. വാണിജ്യാവശ്യങ്ങള്‍ക്കാണ് കിഴക്കന്‍ മലകള്‍ കടന്ന് വാവരുടെ മുന്‍ഗാമികള്‍ ഇവടെ എത്തിയതെന്ന് കരുതുന്നു. കൊല്ലവര്‍ഷം 915ന് ശേഷം ഈ കുടുംബം വായ്പൂര്‍ എന്ന പ്രദേശത്തേക്ക് താമസം മാറ്റി. ഈ കുടുംബത്തിലെ പിന്‍ഗാമികള്‍ ഇന്നും വായ്പൂരില്‍ ജീവിക്കുന്നുണ്ട്. പുന്നക്കോട്ട്, ചില്ലക്കനായിപെട്ടി എന്നീ പ്രദേശങ്ങള്‍ക്ക് കിഴക്കുള്ള അവരാംകോയില്‍ എന്ന സ്ഥലത്ത് താമസിച്ചിരുന്ന കാലത്താണ് വാവര്‍കുടുംബം തിരുവിതാംകൂര്‍ ദേശത്തേക്ക് കുടിയേറിതാമസിച്ചത്. വാവര്‍ എരുമകൊല്ലി (ഇന്നത്തെ എരുമേലി)യിലെ ഒരു അറിയപ്പെട്ട പലഞ്ചരക്ക് വ്യാപാരിയായിരുന്നുവെന്നും കുരുമുളകായിരുന്നു വാവരുടെ പ്രധാനപ്പെട്ട കച്ചവടച്ചരക്കെന്നും വാവര്‍ കുടുംബത്തില്‍ ആയുര്‍വേദ ഭിഷഗ്വരന്മാരുണ്ടായിരുന്നുവെന്നും സാഹചര്യത്തെളിവുകളില്‍ നിന്നും ഗ്രഹിക്കാം.
വീരകഥകളുടെ പ്രചാരണത്തിലും അതിന്റെ കൈമാറ്റത്തിലും പന്തളം രാജാവും പെട്ടിരുന്നുവെന്നാണ് രാജാവ് നല്‍കിയ ചെമ്പുപട്ടയങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. ചെമ്പഴന്നൂരില്‍ നിന്നും 15/01/884ല്‍ വാവര് കുടുംബത്തിന് നല്‍കിയ ചെമ്പുപട്ടയത്തില്‍ ഇങ്ങനെ കാണാം.
"കൊല്ലം 884ാം മാണ്ട് ചിങ്ങം ഞായര്‍ 15നു കാഞ്ഞിരപ്പെള്ളി പ്രവൃത്തിയില്‍ കാഞ്ഞിരപ്പെള്ളി മുറിയല്‍ പള്ളിവീട്ടില്‍ കുടിയിരിക്കും മൊല്ലാമീയാ പമഹദൂരിന്റെ മകന്‍ ആലിക്കുഞ്ഞു മഹദൂര്‍ന് നമ്മുടെ വക കാനംകാലികുന്നിനും തെക്ക് കൈപ്പട്ടൂര്‍ ആറ്റിനും വടക്ക് ബിരുപ്പാച്ചാലിനും കിഴക്ക് തലമലക്കെട്ടിനും മേക്ക് ഇവ നടുവിന്‍ മഹദീയ സംബന്ധമായ കര്‍മ്മാദിഷ്ഠകളും പൂജാചാരങ്ങള്‍ അഞ്ചും ബിലക്കറയും നന്മ തിന്മ ഗുണദോഷാദികളും ചെംകൊമ്പ് മങ്കൊമ്പു പല്ലക്ക് പരവിദാനി പാവാടകേറ്റതും നാക്കാലേ പന്തലും ഇതിനോടും കൂടെ നിലയ്ക്ക താലൂക്കില്‍ ശബരിമല ബാവരു സ്വാമി വകയ്ക്ക് തിരുവമ്പാടി പ്രവര്‍ത്തിയില്‍ എരുമകൊല്ലിപ്പേട്ടയില്‍ ബാവരുസ്വാമി തന്നുടെ പൂജ ആചാരങ്ങളും കാളകെട്ടിക്കയും ഇഞ്ചിപ്പാറ കോട്ടക്കലും കരുമലയും അപ്പാച്ചിമേട്ടുംപ്രത്തും ശബരിമല ബാവരുസ്വാമി നടയിലും മേട്ടുംപ്രത്തും ആരാചന്ദ്രകാലമേ സന്തതിവേഷമെന്നാളും ഈ സ്ഥലത്ത് നിലനില്‍ക്കുന്നതിന് ആയി ഈ തിരുഅടയാള നീട്ടുതന്നിരിക്കുന്നു.
രാമസുന്ദരകൃഷ്ണന്‍
(അടയാളം ഒപ്പ്)
(ശരിപകര്‍പ്പ്)
(പി. എസ് തെക്കുംഭാഗം എഴുതിയ ശബരിമല ഐതിഹ്യം എന്ന പുസ്തകത്തില്‍ നിന്ന് എടുത്തുചേര്‍ത്തത്.)
കൊല്ലവര്‍ഷം 968 കര്‍ക്കിടകം 15 ഞായറിന് നല്‍കിയ തിരുവടയാള ചെമ്പുപട്ടയത്തിലും ഇതിനു സമാനമായ പരാമര്‍ശങ്ങള്‍ കാണാം. ഇതെല്ലാം സൂചിപ്പിക്കുന്നത് അയ്യപ്പനെപോലെ ചരിത്രത്തിന്റെ തുലാവെളിച്ചത്തില്‍ ജീവിച്ചയാളാണ് വാവരും എന്നുതന്നെയാണ്. അയ്യപ്പനും വാവരും സമകാലീകരായിരുന്നുവെന്നതിനാല്‍ തന്നെ അവരുടെ ജീവിത കാലഘട്ടത്തെ കുറിക്കുന്ന രേഖകള്‍ ഇരുവര്‍ക്കും ഒരുപോലെ ബാധകവും പരസ്പരസഹായ തെളിവുകളും തന്നെയാണ്.
മാളികപ്പുറത്തമ്മയെകുറിച്ചും ഉദയനെകുറിച്ചും കടുത്തയെകുറിച്ചും ഇതുപോലെ ചരിത്രപരമായ ഒരുപാട് വസ്തുതകള്‍ നിലനില്‍ക്കുന്നുണ്ട്. പലരുടെയും പാരമ്പര്യവും ശേഷിപ്പുകളും ഇന്നും ലഭ്യമാണ്. എന്നാല്‍ ഒരു ജനതയുടെ മുഴുവന്‍ വിശ്വാസത്തെ തെറ്റായ മാര്‍ഗത്തിലേക്ക് വ്യതിചലിപ്പിക്കാനും അതുവഴി അന്ധമായ ബഹുദൈവാരാധനയിലേക്ക് നിഷ്ക്രമിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ തടയാന്‍ അവര്‍ ദൈവങ്ങളായി വിശ്വസിക്കുന്ന ഏതാനും ചരിത്ര കഥാപാത്രങ്ങളെ പഠനവിധേയമാക്കിയാല്‍ മതി എന്ന തിരിച്ചറിവില്‍ നിന്നാണ് അയ്യപ്പനെയും വാവരെയും പ്രത്യേകമെടുത്ത് ചര്‍ച്ചചെയ്തത്.
ആള്‍ദൈവ പൂജ ഹൈന്ദവ നിലപാടെന്ത്?
അയ്യപ്പനെയും വാവരെയും ദൈവങ്ങളായി ആരാധിക്കുന്ന ഭക്തരുടെ നിരര്‍ഥകതയാണ് ഇതുവരെ ചര്‍ച്ചചെയ്തത്. അയ്യപ്പനും വാവരുമടക്കം ഹൈന്ദവര്‍ ഇന്ന് വിഗ്രഹമായും ആള്‍ദൈവമായുമെല്ലാം ആരാധിക്കുന്ന ചരിത്രപുരുഷന്മാര്‍ക്ക് യാതൊരു ദൈവികത്വവുമില്ലായെന്നും മലയാളമണ്ണില്‍ ജീവിച്ചുമരിച്ചുപോയ ചില വ്യക്തികള്‍ മാത്രമാണ് അവരെന്നുമാണ് അതിലൂടെ വ്യക്തമായ വസ്തുത. ഇനി മേല്‍പറഞ്ഞ ദൈവികത്വം അവരില്‍ അന്തര്‍ലീനമാണെന്ന് സങ്കല്‍പിച്ചാല്‍കൂടി വിഗ്രഹരൂപത്തിലൂടെയും മറ്റുപൂജകളിലൂടെയും അവര്‍ക്ക് ആരാധനകള്‍ നല്‍കാമോ എന്നതാണ് അടുത്ത ചോദ്യം. പ്രമാണങ്ങള്‍ മനസ്സിലാക്കിയവരാരും ഹിന്ദുമതത്തില്‍ വിഗ്രഹപൂജയോ ആള്‍ദൈവാരാധനയോ നിലനിന്നിരുന്നുവെന്ന് പറയുന്നില്ല. മറിച്ച് ഇത് പ്രമാണവിരുദ്ധവും അര്‍ഥശൂന്യവുമായ നടപടിയാണെന്നാണവര്‍ വിലയിരുത്തുന്നത്. പ്രസ്തുത വിഷയത്തിലേക്ക് വെളിച്ചം വീശുന്ന ഏതാനും തെളിവുകള്‍ കാണുക.
ഹൈന്ദവ പ്രമാണങ്ങളെ ശ്രുതികളെന്നും സ്മൃതികളെന്നും രണ്ടായി തിരിക്കാം. ദൈവിക വചനങ്ങളുടെ സാരാംശം ഗ്രഹിച്ച് ഋഷിമാര്‍ ഓര്‍മയില്‍ നിന്നെടുത്ത് രചിച്ചവയാണ് സ്മൃതികള്‍ എന്നും ദൈവത്തില്‍നിന്ന് നേരിട്ട് കേട്ട് ഋഷിമാര്‍ മുഖേന പകര്‍ത്തിയെഴുതിയ വചനങ്ങളാണ് ശ്രുതികള്‍ എന്നുമാണ് ഹൈന്ദവര്‍ വിശ്വസിക്കുന്നത്.
വേദങ്ങളിലും ഉപനിഷത്തുകളിലും ഏകദൈവത്തെ കുറിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയും. ഏകനായ ദൈവം മാത്രമേ ആരാധനായോഗ്യനായുള്ളൂ എന്നാണ് ഹൈന്ദവവിശ്വാസം. അവനിലാണ് എല്ലാ ദൈവികശക്തികളും കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് വേദങ്ങള്‍ ഉദ്ഘോഷിക്കുന്നത്. അഥര്‍വവേദത്തില്‍ ദൈവത്തെ പരിചയപ്പെടുത്തുന്നത് നോക്കുക: "ഈ ദൈവത്തെ ഏകനായി അറിയുന്നവന്‍ സത്യം മനസ്സിലാക്കിയിരിക്കുന്നു. അവന്‍ രണ്ടെന്നോ മൂന്നെന്നോ നാലെന്നോ അഞ്ചെന്നോ ആറെന്നോ ഏഴെന്നോ എട്ടെന്നോ ഒമ്പതെന്നോ പത്തെന്നോ വിളിക്കപ്പെടുന്നില്ല. ശ്വസിക്കുന്നതും ശ്വസിക്കാത്തതുമായ സകലതിനെയും അവന്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. ഉന്നതമായ ശക്തികളുള്‍ക്കൊള്ളുന്ന അവന്‍ ഏകനാണ്. ഏകന്‍ മാത്രമാണ്. എല്ലാവിധ ദൈവിക ശക്തികളും അവനില്‍ കേന്ദ്രീകരിച്ചുകൊണ്ട് ഐക്യപ്പെട്ടിരിക്കുന്നു'' (അഥര്‍വവേദം 13:5:14-21)
"ഏകനായ അവന്‍ ഏകനായിതന്നെ എന്നെന്നും നിലനില്‍ക്കുന്നവനാണെന്ന് വിശ്വസിക്കുക. രണ്ടാമതൊരു ദൈവം ഇല്ല തന്നെ'' എന്നാണ് അഥര്‍വവേദം 13:5:20,21ല്‍ പറയുന്നത്.
ഉപനിഷത്തുക്കളിലും ഇതിന് സമാനമായ വിശ്വാസം തന്നെയാണ് കാണാന്‍ കഴിയുക. യാതൊന്നാണോ കണ്ണുകൊണ്ട് കാണാന്‍ സാധിക്കാത്തത്, എന്നാല്‍ കണ്ണിന് ദര്‍ശനം ലഭിക്കുന്നതിന് കാരണം യാതൊന്നാണോ, അതിനെത്തന്നെ നീ ബ്രഹ്മമെന്ന് മനസ്സിലാക്കുക. കണ്ണുകൊണ്ട് കാണുന്ന ഏതൊന്നിനെയാണോ മനുഷ്യന്‍ ഉപാസിക്കുന്നത്; അത് ബ്രഹ്മമല്ല.'' എന്നിങ്ങനെയാണ് കേനോപനിഷത് 1:6 ദൈവത്തെ പരിചയപ്പെടുത്തുന്നത്.
"മുകളില്‍ നിന്നോ, കുറുകെയോ, മധ്യത്തിലോ നിന്ന് ഗ്രഹിക്കാവുന്നതല്ല അത്. മഹത്തായ യശസ്സുള്ള അവന്റ പ്രതിമ ഇല്ല.'' എന്ന് ശ്വേതാശ്വതരോപനിഷത്തിന്റെ 4:19ലും "നാശരഹിതമായ പരമാത്മാവിനെ ഉപാസിക്കുന്നതുകൊണ്ടും നശ്വരങ്ങളായ പിതൃദേവാദികളെ ഉപാസിക്കുന്നതുകൊണ്ടുമുള്ള ഫലം ഭിന്നമാണെന്ന്'' ഈശാവാസ്യോപനിഷത്ത് 13ലും പറയുന്നുണ്ട്. ദൈവത്തെ പ്രതീകത്തില്‍ ദര്‍ശിക്കുന്നവന്‍ പശുക്കള്‍ക്കിടയിലെ കഴുതയാണെന്ന് ഭാഗവത(10:58:13)ത്തിലും, ഈശ്വരന്‍ രൂപരഹിതനും, ജന്മവൃദ്ധാദിരഹിതനുമാണെന്ന് വിഷ്ണുപുരാണ (2:14:29)ത്തിലും, നശ്വരങ്ങളായ-ദേവ പിതൃമാനവാദികളെ ഉപാസിക്കുന്നവന്‍ ഘോരാന്ധകാരത്തില്‍ പതിക്കുമെന്ന് ഈശാവാസ്യോപനിഷത്തിലു(12)മെല്ലാം വിവരിക്കുന്നത് കാണാം. ഇതെല്ലാം വ്യക്തമാക്കുന്നത് ശാസ്താവായാലും അയ്യപ്പനായാലും, മനുഷ്യരൂപം പൂണ്ട ആര്‍ക്കും ദൈവമാവാന്‍ കഴിയില്ല എന്ന് തന്നെയാണ്.
പല ഹൈന്ദവദാര്‍ശനികരും ഇക്കാര്യം ശരി വെച്ചിട്ടുണ്ട്. "ഈശ്വരന്‍ നിരാകാരനും സര്‍വവ്യാപിയുമാണ്. ആ ഈശ്വരന്റെ വിഗ്രഹം നിര്‍മിക്കാനേ സാധ്യമല്ല. വിഗ്രഹത്തിന്റെ ദര്‍ശനമാത്രയില്‍ ഈശ്വരസ്മരണയുണ്ടാകുമെങ്കില്‍ ഈശ്വരന്റെ അത്ഭുതരചനയായ പൃഥി, ജലം, അഗ്നി, വായു, വനവൃക്ഷങ്ങള്‍ മുതലായ അനേകം വസ്തുക്കളും ഈ വകയെല്ലാം ഉള്ള ഭൂമി, പര്‍വതങ്ങള്‍- ഈശ്വരരചിതമായ ഈ മഹാമൂര്‍ത്തികളില്‍ നിന്നാണല്ലോ മനുഷ്യന്‍ വിഗ്രഹങ്ങളുണ്ടാക്കുന്നത്-മുതലായവ കണ്ടാല്‍ ഈശ്വരസ്മരണയുണ്ടാവുകയില്ലേ? ഇല്ലെങ്കില്‍ വിഗ്രഹം കണ്ടാല്‍ ഈശ്വരസ്മരണ വരുമെന്ന് പറയുന്നത് തീര്‍ത്തും മിഥ്യയാണ്.'' എന്നാണ് സത്യാര്‍ഥ പ്രകാശത്തില്‍ സ്വാമി ദയാന്ദസരസ്വതി എഴുതുന്നത്.
ഛന്ദോഗ്യോപനിഷദ് ഭാഷ്യമായ ഉപാസനാലക്ഷണം എന്ന ഗ്രന്ഥത്തില്‍ ഛന്ദോഗ്യേത്തിലെ 7:14ാം വചനത്തെ വിശദീകരിച്ച് കൊണ്ട് "അചേതനമായുള്ളത് ഒരിക്കലും ഫലദായകമല്ല. അതിനാല്‍ അചേതന വസ്തുക്കളെ ഉപാസിക്കരുത്. അസത്യവും അയോഗ്യവുമായതില്‍ നിന്ന് ഉത്തമമായ ഫലം ഒരിക്കലും ഇച്ഛിക്കരുത്.'' എന്നാണ് മാധ്വാചാര്യര്‍ പറയുന്നത്.
ദക്ഷിണഭാരതത്തില്‍ പ്രമാണയോഗ്യമായി കരുതുന്ന തൊല്‍കാപ്പിയത്തില്‍ കല്‍വിഗ്രഹത്തെക്കുറിച്ച്:
"നട്ടകല്ലും പേശുമോ
നാഥനുള്ളിരുകൈയ്യില്‍
ശുട്ട ചട്ടി ചട്ടുകം
കറിച്ചുവൈയറിയുമോ? എന്നാണ് രചയിതാവ് ശിവവാക്യര്‍ ചോദിക്കുന്നത്.
വിഗ്രഹാരാധനയെ പാവകളിയായി പരിഹസിച്ചുകൊണ്ട്:
"നിശ്ചയം പാവളിക്കാരനോര്‍ക്കുകി-
ലിച്ചിത്രമിങ്ങനെ സൃഷ്ടി ചെയ്തോന്‍
ആയതു കേവലം ചിത്രമായ്ക്കാണ്മവ-
രാകെ വിമൂഢരാം തര്‍ക്കമില്ല'' എന്ന് ഡോ. എസ്.കെ. നായര്‍ മലയാള വിവര്‍ത്തനം ചെയ്ത കബീര്‍ദാസിന്റെ പുസ്തകത്തില്‍ കാണാം.
കേരളത്തിലെ ഹൈന്ദവ പരിഷ്കര്‍ത്താക്കളില്‍ പ്രധാനിയായിരുന്ന ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ മോക്ഷപ്രദീപം, ആനന്ദാദര്‍ശം, വിഗ്രഹാരാധനാ ഖണ്ഡനം തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം വിഗ്രഹാരാധനയെ തള്ളിപ്പറയുന്നവയാണ്. "ബിംബ പ്രതിഷ്ഠയെ ചെയ്യുന്ന ആചാര്യന്മാരെയും രോഗാദ്യാരിഷ്ടങ്ങള്‍ പിടിപെട്ട് കാണുന്നു. അവയെ നീക്കാന്‍ അവര്‍ക്ക് ശക്തി കാണുന്നില്ല. അങ്ങനെ ഇരിക്കുന്നവര്‍ പ്രതിഷ്ഠിച്ച കല്ലിന് നിങ്ങളുടെ രോഗാദിപീഡയെ നീക്കുവാനോ സമ്പല്‍പുഷ്ടിയെ ചെയ്യുവാനോ ജ്ഞാനമോക്ഷങ്ങളെ നല്‍കുവാനോ കഴിയുമെന്ന് കരുതി നിങ്ങള്‍ അവരുടെ കല്‍പനയോട് ക്ഷേത്രം കെട്ടി പണം നശിപ്പിക്കുവാന്‍ പുറപ്പെടുന്നത് മഹാഭോഷത്വമല്ലയോ?'' എന്ന് വിഗ്രഹാരാധനാ ഖണ്ഡനം എന്ന ഗ്രന്ഥത്തിന്റെ ആദ്യ പേജുകളില്‍ തന്നെ കാണാം.
ഗുരുനാനാക്ക്, ബാസവേശ്വരന്‍... തുടങ്ങി പല ഹൈന്ദവ നവോത്ഥാന നായകരും വിഗ്രഹാരാധനയെ എതിര്‍ത്തവര്‍ തന്നെയാണ്.
പരാശക്തിയായ പ്രപഞ്ചനാഥനെ ഒഴികെ, ത്രിമൂര്‍ത്തികളെയോ ദേവഗണങ്ങളെയോ പുണ്യ പുരുഷന്മാരെയോ ആരാധിക്കാന്‍ പാടില്ല എന്നും അവരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാന്‍ പാടില്ല എന്നുമാണ് മേലുദ്ധരിച്ച വേദവാക്യങ്ങളില്‍ നിന്നും ഹൈന്ദവദാര്‍ശനികരുടെ ഉദ്ധരണികളില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്. ഇത്തരം നിയമങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍തന്നെ ആധുനികകാലത്ത് ജീവിച്ച് മരിച്ച്പോയ അയ്യപ്പനെയും വാവരെയും മാളികപ്പുറത്തമ്മയെയുമെല്ലാം ആരാധിക്കുകയും വിഗ്രഹം വെച്ച് വണങ്ങുകയും ചെയ്യുന്ന വര്‍ത്തമാനകല ഹൈന്ദവരുടെ ദുഃസ്ഥിതിയില്‍ സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍ പറ്റും?
അയ്യപ്പനെ പുരാണത്തില്‍ നിന്ന് മോചിപ്പിച്ച് ചരിത്രത്തിലേക്ക് കൊണ്ട് വരികയും അദ്ദേഹത്തിന് സമൂഹത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കി ആദരിക്കുകയുമാണ് നിഷ്പക്ഷരായ ചരിത്രകാരന്മാര്‍ ചെയ്യേണ്ടത്. അത്തരം അന്വേഷണങ്ങളും ഗവേഷണങ്ങളുമാണ് വിശ്വാസികളുടെ സാമ്പത്തിക സുസ്ഥിരതക്കും പാരത്രികജീവിതത്തിനും ഏറ്റവും അഭികാമ്യം.
http://samvadammonthly.com/article.php?a=51