കേരളപ്പഴമയും അയ്യപ്പ ചരിത്രവും

മൌലിക പ്രതിഭയുള്ള ചിന്തകരും ചരിത്രകാരന്മാരും അക്കാഡമിക് വാത്മീകങ്ങളില്‍ ഒളിച്ചിരിക്കുന്നതു കൊണ്ടും അവരുടെ സംഭാവനകള്‍ ഒളിപ്പതിവു രൂപത്തില്‍ പരിമിത ചുറ്റുവട്ടങ്ങളില്‍ മാത്രം ചര്‍ച്ചചെയ്യപ്പെടുന്നതു കൊണ്ടും വായനയിലോ ചരിത്രത്തിലോ തത്പരനായ മലയാളിയുടെ ജീവിതത്തില്‍ രംഗപ്രവേശം ചെയ്യപ്പെടാറില്ല. പകരം പഴയ നാടക സങ്കേതത്തിലെന്നതു പോലെ സൂത്രധാരന്മാരാല്‍ നയിക്കപ്പെടുന്ന ബുദ്ധിജീവി ശബ്ദഘോഷം നാടിന്‍റെ അകത്തെ പ്രകമ്പനം കൊള്ളിക്കുന്ന നാടകമായി മാറുന്നു. പ്രൊ.എസ്.കെ. നായര്‍ 1962ല്‍ രചിച്ച കേരളത്തിലെ നാടോടി നാടകങ്ങള്‍ എന്ന രചനയും അങ്ങനെ ശ്രദ്ധയാകര്‍ഷിക്കാതെ പോയ ഒന്നാണ്. സമഗ്രവും പണ്ഡിതോചിതവുമായ ഉള്ളടക്കത്തിനു ശേഷം വിസ്മയിപ്പിച്ചത് ശബരിമല അയ്യപ്പന്‍ എന്ന പേരില്‍ എഴുതപ്പെട്ടിരിക്കുന്ന അനുബന്ധമാണ്.

ശബിരമല ക്ഷേത്ര പ്രതിഷ്ഠയുടെ ഉദ്ദേശ്യം, കാലം, ചരിത്രം, പതിനെട്ടാംപടി, അയ്യപ്പന്‍ വാവര്, കൊച്ചുകടുത്ത തുടങ്ങിയ വിഷയങ്ങളെയും വ്യക്തികളെയും പറ്റി ചെയ്ത ചിരകാലഗവേഷണഫലമായി ലഭിച്ച അറിവിനെയാണ് ചുവടെ ചേര്‍ക്കുന്നതെന്ന അവതരണ വാക്യം വാസ്തവവിരുദ്ധമല്ല. ചരിത്രാഖ്യാനം തുടങ്ങുന്നത് കേരളസൃഷ്ടാവായ പരശുരാമന്‍ കേരളത്തെ പരദേശീയരില്‍ നിന്നും രക്ഷിക്കുന്നതിനായി ധര്‍മ്മ ശാസ്താവ് എന്ന ഭൂതനാഥനെയും വരാഹമൂര്‍ത്തിയെയും പ്രതിഷ്ഠിച്ചിരുന്നു. ശൈവവൈഷ്ണവ സംയോജനവും ശനിഗ്രഹപ്രതിനിധിയുമായ ഈ ദേവന്‍ പത്നികളായ പൂര്‍ണ്ണ, പുഷ്കല എന്നിവര്‍ സമേതം കൈലാസപാര്‍ശ്വത്തിലുള്ള ഗരുഢാദ്രിയില്‍ വസിക്കുന്നുവെന്നു പുരാണം. ഈ ശാസ്താവിനെയയാണ് പരശുരാമന്‍ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി കേരളത്തിന്‍റെ രക്ഷാഭാരം സമര്‍പ്പിച്ചത്.

ഈ രക്ഷാ കവചം അസ്വസ്ഥതയുളവാക്കിയ പരദേശികളുടെ ശിഷ്യനായിമാറിയ സമുദായഭ്രഷ്ടനായ പന്നിയൂര്‍ ഗ്രാമക്കാരനായ ഒരു ബ്രാഹ്മണയുവാവിനോട് ഈ രണ്ടു പ്രതിഷ്ഠകളെയും നശിപ്പിക്കാനാവശ്യപ്പെട്ടു. വരാഹമൂര്‍ത്തിയുടെ വിഗ്രഹം അടിച്ചു തകര്‍ക്കുകയും ശാസ്താവിഗ്രഹത്തിന്‍റെ ശക്തി ക്ഷയിപ്പിക്കുന്നതിനായി ക്ഷുദ്രാഭിചാരവിധയമായ ഓട്ടു പാത്രം ഹോമകുണ്ഡത്തില്‍ ചുട്ടുപഴുപ്പിച്ച് വിഗ്രഹത്തില്‍ കമഴ്ത്തുകയും ചെയ്തു.

അയ്യന്‍, അയ്യപ്പന്‍, മണികണ്ഠന്‍ എന്നിവ ശാസ്താവിന്‍റെ പര്യായങ്ങളായി അമരകോശത്തിലോ പുരാണത്തിലോ കാണുന്നില്ല എന്ന പ്രസ്താവനയോടെയാണ് പ്രൊഫ.നായര്‍ അന്വേഷണം ആരംഭിക്കുന്നത്. ഇതിനു പിന്‍ബലമായി പ്രതിപാദിക്കുന്നത് ശങ്കരാചാര്യ വിരചിതമായ ശാസ്താ ശ്ലോകങ്ങളില്‍ പോലും അയ്യപ്പന്‍ എന്നു കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നതാണ്. ആ വാദത്തിന്‍റെ പിന്‍ബലത്തോടെ അയ്യപ്പന്‍ ഉരുത്തിരിയുന്നത് ശങ്കരാചാര്യരുടെ കാലശേഷമാണെന്നു സ്ഥാപിക്കുകയും ഉപോദ്ബലകമായി വാവരുടെ മുസ്ലീം പൈതൃകത്തിന്‍റെ പഴക്കം 1400 വര്‍ഷമാണെന്നതു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. തോമാശ്ലീഹ ശബരിമലയില്‍ വെച്ച് അയ്യപ്പനെ കണ്ടുമുട്ടിയെന്ന മറ്റൊരു ഐതിഹ്യം അദ്ദേഹം ഉദ്ധരിക്കുന്നു.

ബ്രഹ്മാണ്ഡപുരാണത്തെ ഉപജീവിച്ചുണ്ടാക്കിയതെന്നു പറയപ്പെടുന്ന ഭൂതനാഥോത്സവം (രചയിതാവ് -കൃഷ്ണന്‍ കര്‍ത്താ) കിളിപ്പാട്ടാണ് പുതിയ ഐതിഹ്യങ്ങള്‍ക്കു ഹേതുവായതെന്നും പ്രസ്തുത ഉപാഖ്യാനം കണ്ടെത്താന്‍ സാധിച്ചില്ലെന്ന പ്രസ്താവനയോടെ ആ വ്യാഖ്യാനത്തെ ഖണ്ഡിക്കുന്നു. മഹിഷി എന്ന മഹിഷാസുരസഹോദരിയെ രാമയാണമാഹാഭാരതഭാഗവതാദി ഇതിഹാസങ്ങളിലും ശൈവഗാരുഡപുരാണങ്ങളിലും അമരകോശത്തിലും പുരാണനിഘണ്ടുവില്‍ പോലും പ്രതിപാദിക്കുന്നില്ലെന്നാണ് രചയിതാവിന്‍റെ പക്ഷം. കിളിപ്പാട്ട് രചയിതാവിന്‍റെ മഹാഭാരതയുദ്ധാനന്തരം കാലവിളംബമില്ലാതെ പന്തളത്ത് ജനിച്ചുവളര്‍ന്നുവെന്ന യുക്തിയെ പ്രൊഫ. നായര്‍ ഖണ്ഡിക്കുന്നു. തെറ്റുകളോടെയാണെങ്കിലും ഭഗവല്‍കഥ ഭക്തജനങ്ങളുടെ ഇടയില്‍ പ്രചരിക്കുന്നത് നല്ലതെന്നാശ്വസിച്ച് ഭക്തിനിര്‍ഭരമായ പഴയ സ്കൂളിലെ ചിന്തകനായ പ്രൊ.നായര്‍ തന്‍റെ വ്യഖ്യാനത്തിലേക്കു കടക്കുന്നു.

ഈശ്വരാംശമുള്ള അവതാരങ്ങളെ നിര്‍വചിച്ച നായര്‍ ശാസ്താവിന്‍റെ പുണ്യാവതാരമായി അയ്യപ്പനെ സങ്കല്‍പ്പിക്കുകയും അതിനു പശ്ചാത്തലമായ സാമൂഹിക രാഷ്ട്രീയ സ്ഥിതികള്‍ വിവരിക്കുകയും ചെയ്യുന്നു. ചേരമാന്‍ പെരുമാള്‍ കടല്‍ കടന്നതിനു ശേഷം കേരളത്തിലെ ആഭ്യന്തരസ്ഥിതി സങ്കീര്‍ണ്ണമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു. അറബിക്കടല്‍ കടന്നെത്തുന്ന കടല്‍കൊള്ളക്കാരും കിഴക്കെ മല കടന്നെത്തുന്ന മറവരായ കൊള്ളക്കാരും പെണ്ണ്, പൊന്ന് , നെല്ല്, നാളികേരം തുടങ്ങിയ അപഹരിക്കുന്ന സ്ഥിതിവിശേഷം. ഇവിടെ ശ്രീധരമേനോന്‍റെ നിരീക്ഷണവുമായി താദമ്യം പ്രാപിക്കുന്നു. കേരളത്തില്‍ നിലനിന്നിരുന്ന ബുദ്ധജൈനമതങ്ങള്‍ അഹിംസാത്മകമായതുകൊണ്ടു തന്നെ പ്രതിരോധത്തിലെ പിഴവുകള്‍ക്കും കാരണമായി. ജനതയ്ക്ക് പ്രതിരോധശേഷിയോ അക്രമാസക്തിയോ ഉണ്ടായിരുന്നില്ല.

പാണ്ടിരാജാവിന്‍റെ സാമന്തരായിരുന്ന തെക്കന്‍ കേരളത്തിലെയും മധ്യതിരുവിതാംകൂറിലെയും രാജാക്കന്മാര്‍ക്ക് ഇത്തരം ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കപ്പെട്ടിരുന്നില്ല. മറിച്ച് അവരുടെ താല്‍പ്പര്യം കപ്പത്തിലും അതില്‍ വരുത്തുന്ന വീഴ്ചയിലും മാത്രമായിരുന്നു. തലപ്പാറയിലും അഴുതയിലും കോട്ട കെട്ടി താമസിച്ച (പാണ്ടിത്താവളം എന്ന പേര് ഓര്‍ക്കുക) പാണ്ടിപ്പടയും പ്രതിനിധികളും പണപ്പിരിവിനു വേണ്ടി മാത്രമുള്ളതായിരുന്നു. ഗ്രന്ഥകര്‍ത്താവിന്‍റെ സങ്കല്‍പ്പത്തില്‍ കഥ ആരംഭിക്കുന്നത് പന്തളം രാജകുടുംബത്തിലെ ഒരു യുവതി ഇപ്രകാരം കവര്‍ച്ച ചെയ്യപ്പെട്ടതോടെയാണ്. അഭ്യൂഹങ്ങള്‍ക്കും ജ്യോതിഷ പ്രവചനങ്ങള്‍ക്കും ശേഷം കുമാരി ജീവനോടെ അവശേഷിക്കുന്നുവെന്നും അവര്‍ക്കുണ്ടാകുന്ന പുത്രന്‍ വംശത്തെയും ദേശത്തെയും സംരക്ഷിക്കുമെന്നും കണ്ടെത്തിയെങ്കിലും കുമാരിയെ കണ്ടെത്താന്‍ സാധിച്ചില്ല.

കേരളത്തിന്‍റെ ആദ്യ സ്വാതന്ത്രസമരപശ്ചാത്തലം എന്നു വിശേഷിപ്പിക്കാവുന്ന പശ്ചാത്തല വര്‍ണ്ണനയ്ക്കു ശേഷം രചയിതാവ് നാടക സങ്കേതത്തില്‍ പൊന്നമ്പലമേടിനു സമീപമുള്ള മുനിയറയിലേക്ക് കട്ടു ചെയ്യുന്നു. ഒരു യോഗിയും യോഗിനിയും അവരുടെ പുത്രനായ കുമാരനും ചിത്രത്തിലെത്തുന്നു. കുമാരന്‍ അഷ്ടാംഗയോഗവിദ്യയും പതിവിനു വിപരീതമായ എല്ലാ ദേശത്തിരിവുകളുടെയും ആയോധനകലകളും അഭ്യസിച്ചു. വേഷപ്രശ്ചന്നനായ ദേശാന്തനരഗമനത്തിലൂടെ മറ്റു ദേശങ്ങളിലും ഇതു തുടര്‍ന്നു. ശ്രീപോര്‍ക്കലീദേവിയുടെ ഉപാസകനായി മാറി. ചൈതന്യശൂന്യമാക്കിയ ശാസ്താവിഗ്രഹത്തിന്‍റെ ചൈതന്യം പുനസ്ഥാപിക്കുന്നതിനായി യോഗി മകനെ നിയോഗിക്കുകയും വേഷപ്പകര്‍ച്ചയ്ക്കു വേണ്ടി മുടിനീട്ടിവളര്‍ത്താന്‍ ഉപദേശിക്കുകയും ശത്രുക്കളില്‍ നിന്നുംരക്ഷ പ്രാപിക്കുന്നതിനായി കഴുത്തില്‍ നീലരത്നം ചാര്‍ത്തുകയും ചെയ്തു. സന്ദേശസഹിതം കുമാരനെ പന്തളം രാജാവിന്‍റെ മുന്‍പിലേക്കച്ചെന്നും മറ്റാരും വായിക്കാത്ത സന്ദേശം വായിച്ച രാജാവ് അയ്യനെ അയ്യപ്പനെന്നു വിളിച്ച് ആശ്ളേഷിച്ചെന്നും രചയിതാവ് നാടകസങ്കേതത്തില്‍ പറയുന്നു.


------------------------
കേരളത്തിലെ നാടോടി നാടകങ്ങള്‍ - ഡോ. എസ്. കെ നായര്‍. മലയാള വിഭാഗം തലവന്‍, യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്, 1962


കേരള സംസ്കാരത്തിന്‍റെ തനതായ ദേവതാ സങ്കല്‍പ്പത്തിന്‍റെ വ്യത്യസ്തയാര്‍ന്ന ഒരു പരിപ്രേക്ഷ്യം കണ്ടപ്പോള്‍ തോന്നിയ ഒരു താല്‍പ്പര്യം. കോപ്പിറൈറ്റ് എന്ന ദുര്‍ഭൂതത്തെ പേടിച്ചില്ലായിരുന്നെങ്കില്‍ ലേഖനം അങ്ങനെ തന്നെ നല്‍കി, മറ്റൊരാളുടെ വീക്ഷണത്തിനും ആശയത്തിനും പുനസൃഷ്ടി നല്‍കുന്ന അദ്ധ്വാനത്തില്‍ നിന്നും രക്ഷപെടുമായിരുന്നു. വായിക്കുന്നതു കൊണ്ട് നഷ്ടമൊന്നുമില്ലെന്നു തോന്നിയ ഒരു വ്യാഖ്യാനം.

http://disorderedorder.blogspot.in/2008/01/1.html