ഭാഷാഗണിതം

കടപയാദി അഥവാ പരൽപേര്‌ ഉപയോഗിച്ചുകൊണ്ട്‌ കാലഘട്ടങ്ങൾ നിർണ്ണയിക്കുന്നതെങ്ങനെ എന്ന് നോക്കൂ
കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു അക്ഷരസംഖ്യാ സമ്പ്രദായമാണ്‌ പരൽപേര്‌ അഥവാ കടപയാദി സംഖ്യാക്രമം. സംഖ്യകളെ സൂചിപ്പിക്കുവാൻ വാക്കുകൾ ഉപയോഗിക്കുന്ന ഒരു രീതിയാണിത്‌. മലയാളം അക്ഷരങ്ങളെ 0 മുതൽ 9 വരെയുള്ള സംഖ്യാവിലകൾ നൽകി വാക്കുകൾക്ക്‌ വിലനൽകുന്നതാണിതിലെ രീതി. വരരുചിയാണ്‌ ഈ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്‌ എന്നാണ്‌ ഐതിഹ്യം. 1 ൽ തുടങ്ങുന്ന ക, ട, പ, യ എന്നീ അക്ഷരങ്ങളാണ്‌ കടപയാദി എന്ന പേരിന്‌ നിദാനം. പട്ടിക നോക്കുക.
അ മുതൽ അഃ വരെയുള്ള സ്വരങ്ങൾ തനിയെനിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു. അർദ്ധാക്ഷരങ്ങൾക്കും ചില്ലുകൾക്കും അനുസ്വാരത്തിനും വിസർഗ്ഗത്തിനും വിലയില്ല. കൂട്ടക്ഷരത്തിൽ അവസാനത്തെ വ്യഞ്ജനം മാത്രമേ നോക്കേണ്ടതുള്ളൂ. വാക്കുകളെ സംഖ്യകളാക്കി പ്രതിലോമമായി (വലത്തു നിന്ന് ഇടത്തോട്ട്‌ തിരിച്ചെഴുതി) ഉപയോഗിക്കണം. വ്യഞ്ജനാക്ഷരങ്ങളോട്‌ സ്വരം ചേരുമ്പോൾ വ്യഞ്ജനത്തിന്‌ നൽകിയിട്ടുള്ള അക്കത്തിന്‌ മാറ്റമുണ്ടാകുന്നില്ല.
ഉദാ:- ക, കാ, കി, കീ, കു, കൂ, കൃ, കെ, കേ, കൈ, കൊ, കോ, കൗ, കം, ക: എന്നിവയെല്ലാം 1 എന്ന അക്കത്തെ സൂചിപ്പിക്കുന്നു.
സ്വതന്ത്രമായ റ യുടെ വില പൂജ്യവും കൂട്ടക്ഷരത്തിലെ റ യുടെ വില ര എന്ന അക്ഷരത്തിന്റെ വിലയായ 2 ഉം ആണെന്ന് ഓർമ്മിക്കണം.
ഉദാ:- ന്ത = ന്‌+ത = ത = 6
റ = 0
ക്ര = ക്‌+റ = ര = 2
ഒരേ അക്കത്തിന്‌ ഒന്നിലധികം അക്ഷരങ്ങൾ ഉള്ളതിൽ നിന്നും അനുയോജ്യമായത്‌ തിരഞ്ഞെടുത്ത്‌ യോജിച്ച സ്വരം ചേർത്ത്‌ കാവ്യാത്മകമായെഴുതാൻ അൽപം ഭാവനയും ഭാഷാനൈപുണ്യവും ആവശ്യമാണ്‌. ഇത്‌ പരിശീലനത്തിലൂടെ കൈവരിക്കാവുന്നതാണ്‌.
വിദ്യാരംഭത്തിന്‌ "ഹരി ശ്രീ ഗണപതയേ നമ:" എന്ന് ആദ്യമായി എഴുതിയത്‌ എഴുത്തച്ഛനാണെന്നാണ്‌ പറയുന്നത്‌. വിദ്യയുടെ ദേവതയായ സരസ്വതിയെക്കുറിച്ച്‌ ഈ വാക്യത്തിൽ എവിടെയും പറയുന്നില്ല. പകരം ഹരിയും ശ്രീയും ഗണപതിയുമൊക്കെയായതിനു കാരണം ഇപ്രകാരമാണ്‌. ഹരി എന്ന വാക്കിനെ ഒറ്റ ശബ്ദമായാണ്‌ എടുക്കുന്നത്‌. ബാക്കി എല്ലം വേറെ വേറെ ശബ്ദങ്ങളും.
ഹരി - (8,2) - 28
ശ്രീ - (ശ്‌+റി) - ര - 2
ഗ - 3
ണ - 5
പ - 1
ത - 6
യെ - 1
ന - 0
മ: - 5
--------------------
51
ഹരി ശ്രീ ഗണപതയേ നമ: എന്ന വാക്യം മലയാള അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണമായ 51 നെ കുറിക്കുന്നു. എല്ലാ അക്ഷരങ്ങളും എഴുതുന്നതിന്‌ തുല്യമാണ്‌ ഈ വാക്യം എഴുതുന്നത്‌ എന്ന കാവ്യാർത്ഥത്തിലാണ്‌ എഴുത്തച്ഛൻ ഇതുപയോഗിച്ചത്‌.
നീ 'കമാ'ന്നൊരക്ഷരം മിണ്ടരുത്‌. നമ്മളൊക്കെ ഇടക്കെങ്കിലും പറയുന്നതാണിത്‌. ‘കമ’ എന്നത് ഒരക്ഷരം അല്ല എന്ന് നമുക്കറിയാം. അപ്പോള്‍ എങ്ങനെയാണു ഈ പ്രയോഗം ഉണ്ടായത്? കടപയാദി പട്ടിക അനുസരിച്ച്, ‘ക’ യുടെ വില 1, മ=5, അപ്പോള്‍ ‘കമ' എന്ന് പറഞ്ഞാല്‍ 51. മലയാളത്തിലെ 51 അക്ഷരങ്ങളില്‍ ഒന്നുപോലും ഉരിയാടരുത് എന്നാണതിന്‍റെ അര്‍ത്ഥം.
കലിദിന സംഖ്യ ഉപയോഗിച്ചുള്ള കാലഗണന കണക്കാക്കാനും ഈ വിദ്യ ഉപയോഗിച്ചിരുന്നു. ഇതുപയോഗിച്ച്‌ കൊല്ലവർഷാരംഭം എങ്ങിനെ കണ്ടുപിടിക്കാമെന്ന് നോക്കാം.
കൊല്ലവർഷം ആരംഭിച്ച കലിദിന സംഖ്യ കിട്ടുവാൻ "ആചാര്യ വാഗ്ഭട" എന്ന കടപയാദി സൂത്രമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.
ആചാര്യ വാഗ്ഭട = 0614341=> 1434160
(ര്യ -ര്‌ + യ => യ = 1)
ലഭിച്ച കലിദിന സംഖ്യയെ 365.25 കൊണ്ട്‌ ഹരിച്ചാൽ വർഷം ലഭിക്കും.
കലിവർഷം = 1434160/365.25 = 3926 ലാണ്‌ കൊല്ലവർഷം ആരംഭിച്ചത്‌.
കൊല്ലവർഷത്തോട്‌ 3926 കൂട്ടിയാൽ കലിവർഷം കിട്ടും. കലിവർഷത്തിൽ നിന്ന് 3926 കുറച്ചാൽ കൊല്ലവർഷം ലഭിക്കും.
"കൊല്ലവർഷത്തോട്‌ ശരജം കൂട്ടിയാൽ ക്രിസ്തുവർഷം"
ശ ര ജം -> 5 2 8 -> 825
എ ഡി 825 ൽ ആണ്‌ കൊല്ലവർഷാരംഭം.
ക്രിസ്തുവർഷം = 2016
കൊല്ലവർഷം = 2016-825 = 1191
കലിവർഷം = 1191+3926 = 5117
ഇനി എന്റെ വിഷയത്തിലേക്ക്‌ വരാം.
കേരളത്തിലെ ഏറ്റവും പ്രാചീനമായ ക്ഷേത്രോത്സവമായ പെരുവനം പൂരത്തിന്റെ പുനരാരംഭത്തെകുറിക്കുന്ന കടപയാദി വാക്യമാണ്‌ "ആയാതു ശിവലോകം" എന്നത്‌. ഈ പരൽപേര്‌ എന്താണ്‌ പറയുന്നതെന്ന് നോക്കാം
ആയാതു ശിവലോകം =
0165431=>1345610 ഇതാണ്‌ ആവാക്യത്തിന്റെ കലിദിന സംഖ്യ
ഇനി അതിനെ വർഷത്തിലേക്ക്‌ മാറ്റാം
1345610/365.25 = 3684 ആം കലിവർഷം. അന്ന് കൊല്ലവർഷം ഇല്ല. കാരണം കൊല്ലവർഷാരംഭം കലിവർഷം 3926 ൽ ആണെന്ന് പറഞ്ഞല്ലോ. ഇനി ക്രിസ്തുവർഷം കണ്ടുപിടിക്കാം.
3684-3926+825 = 583 എ ഡി എന്ന് ലഭിക്കും.