അഗസ്ത്യാര്‍ വനമേഖലയിലെ കാണിസമൂഹം ആചാരം തെറ്റിക്കാതെ ഇക്കുറിയും കവടിയാര്‍ കൊട്ടാരത്തില്‍ ഓണക്കാഴ്ചയുമായെത്തി. കാടിന്റെ അതിര്‍ത്തി ഭടന്‍മാര്‍ക്ക് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പിന്‍മുറക്കാര്‍ ആദരവും ദക്ഷിണയും നല്‍കി യാത്രയാക്കി. കോട്ടൂരിലെ വിവിധ കാണി സെറ്റില്‍മെന്റില്‍ നിന്നുള്ള കാണിവിഭാഗക്കാര്‍ ചൊവ്വാഴ്ച രാവിലെയാണ് കവടിയാര്‍ കൊട്ടാരത്തില്‍ ഓണക്കാഴ്ചയുമായെത്തിയത്. കോട്ടൂര്‍ മുണ്ടണിമാടന്‍ തമ്പുരാന്‍ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാല്‍നൂറ്റാണ്ടിലേറെയായി ഈ ആചാരം പിന്തുടരുന്നു. ശ്രീചിത്തിരതിരുനാള്‍ രാജാവിന്റെ കാലം വരെ കാണിക്കാര്‍ക്ക് രാജാവിനെ മുഖംകാണിച്ച് പരാതി പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. മുളംകുറ്റിയില്‍ നിറച്ച ചെറുതേന്‍, പെരുംതേന്‍, പുറ്റുതേന്‍, തൂക്കുതേന്‍ എന്നിവയും ജൈവകാര്‍ഷിക വിഭവങ്ങളും കാട്ടുകുന്തിരിക്കം തുടങ്ങിയ വനവിഭവങ്ങളും ഈറ്റ, ചൂരല്‍ നിര്‍മിതമായ കരകൗശലവസ്തുക്കളും ഓണക്കാഴ്ചയിലുണ്ടായിരുന്നു. വസ്ത്രം, ഭക്ഷണം, ദക്ഷിണ എന്നിവ ഓണസമ്മാനമായി കൊട്ടാരത്തില്‍ നിന്നു നല്‍കി. ശ്രീപദ്മനാഭസ്വാമിക്ഷേത്രം, ശംഖുംമുഖം ആറാട്ടുകടവ് എന്നിവ സന്ദര്‍ശിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. കവടിയാര്‍ കൊട്ടാരത്തിലെ പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി, ആദിത്യവര്‍മ, മക്കളായ പ്രഭാവര്‍മ, ഗൗരിവര്‍മ എന്നിവര്‍ കാഴ്ചവസ്തുക്കള്‍ സ്വീകരിച്ചു. കോട്ടൂരിലെ പാറ്റാംപാറ, കുന്നത്തേരി, അണകാല്‍, വ്‌ളാവിള, പൊത്തോട്, പട്ടാണിപ്പാറ, ചെറുമാങ്കല്‍, ആമോട്, മുക്കോതിവയല്‍ എന്നിവിടങ്ങളിലെ കാണിസമൂഹമാണ് കൊട്ടാരത്തിലെത്തിയത്. കാടിന്റെ തനിമയുള്ള ഓണാഘോഷം ഇന്നും സെറ്റില്‍മെന്റില്‍ പതിവാണെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. കാട്ടുവള്ളികള്‍ തല്ലിച്ചതച്ച് നിര്‍മിക്കുന്ന വള്ളിയൂഞ്ഞാല്‍, കാട്ടുപൂക്കള്‍ നിരത്തിയ പൂക്കളം, കലാകായിക വിനോദങ്ങള്‍ എന്നിവ ആഘോഷത്തില്‍ പതിവുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിനാശവും ഓണക്കാലത്തെ ദുരനുഭവമായി അവര്‍ പങ്കുവച്ചു.
